ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

റഷ്യയുടെ ആക്രമണത്തിനിരയായ ഉക്രൈൻ ജനതയ്ക്കുള്ള പിന്തുണ എന്നുമുണ്ടെന്ന് ബ്രിട്ടൻ . ശനിയാഴ്ച ജപ്പാനിലെ ഹിരോഷിമയിൽ ജി-7 ഉച്ചകോടിയുടെ ഭാഗമായി വോളോഡിമർ സെലെൻസ്കിയുമായി പ്രധാനമന്ത്രി റിഷി സുനക് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നലെ ജപ്പാനിൽ വന്നിറങ്ങിയ ഉക്രൈൻ പ്രസിഡൻറ് വോളോഡിമർ സെലെൻസ്കിയ്ക്ക് ഹാർദ്ദവമായ സ്വീകരണമാണ് ലഭിച്ചത്. ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യങ്ങളുടെ കൂട്ടായ്മയുമായിട്ടുള്ള ചർച്ചകൾക്കായാണ് ഉക്രൈൻ പ്രസിഡന്റ് ജപ്പാനിൽ എത്തിച്ചേർന്നത്.

ഉക്രൈന് എഫ് – 16 വിമാനങ്ങൾ നൽകാൻ യുഎസ് തീരുമാനിച്ചതിന് തൊട്ടു പിന്നാലെയാണ് ഉക്രൈൻ പ്രസിഡൻറ് ജി -7 രാഷ്ട്ര നേതാക്കളുടെ പിന്തുണ ഉറപ്പിക്കാൻ ജപ്പാനിലെത്തിയത്. ഈ യുദ്ധത്തിൽ ജയിക്കാനും സ്വതന്ത്രവും ജനാധിപത്യപരവുമായ രാഷ്ട്രമായി അഭിവൃദ്ധി പ്രാപിക്കാനുമുള്ള നൂതന സൈനിക സഹായങ്ങൾ ഉക്രൈന് നൽകാൻ ജി – 7 രാജ്യങ്ങൾ തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്ന് റിഷി സുനക് ഒരു പ്രസ്താവനയിൽ പറഞ്ഞു .

ജി-7 നേരത്തെ ജി – 8 ആയിരുന്നു. എന്നാൽ ക്രിമയയെ ആക്രമിച്ച് കീഴടക്കിയതിനെ തുടർന്ന് റഷ്യയെ 2014 -ൽ ജി – 8 -ൽ നിന്ന് പുറത്താക്കിയതിനെ തുടർന്നാണ് അംഗ രാജ്യങ്ങളുടെ എണ്ണം 7 ആയി ചുരുങ്ങിയത്. ദീർഘദൂര മിസൈലുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും സായുധസേനയെ പരിശീലിപ്പിക്കുന്നതുൾപ്പെടെയുള്ള സഹായങ്ങളും ഉക്രൈന് തുടർന്നും നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.