Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ആശുപത്രിയിലെ കുളിമുറിയിൽ യുവ ഡോക്ടറെ  മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. ഇരുപത്താറുകാരിയായ ജയ്ഡാ ബെന്റോയെയാണ് കഴിഞ്ഞ ജൂൺ 25ന് ബ്രസീലിലെ  ഏണസ്റ്റിന ലോപ്സ് ജെയിം സ്റ്റേറ്റ് ഹോസ്പിറ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് യുവ ഡോക്ടറുടെ സഹപ്രവർത്തകരെ എല്ലാം തന്നെ ചോദ്യം ചെയ്തതായും ഏതെങ്കിലും തരത്തിലുള്ള ആസൂത്രണം  നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിലാണെന്നും പോലീസ് മേധാവി ടിബരിയോ മാർട്ടിൻസ് വ്യക്തമാക്കി.

ഉച്ചയ്ക്ക് 12.40 വരെ രോഗികളെ എല്ലാവരെയും പരിശോധിച്ച ശേഷം പിന്നീട് കാണാതിരുന്ന ജെയ്ഡയെ സഹപ്രവർത്തകരായ ഡോക്ടറും നഴ്സും ചേർന്ന് അന്വേഷിക്കുകയും, പിന്നീട് സെമി- ഇന്റെന്സീവ് ഐസിയുവിന് സമീപമുള്ള മുറിയിൽ മരിച്ച നിലയിൽ  കണ്ടെത്തുകയുമായിരുന്നു. അവർ വാതിൽക്കൽ നിന്ന് ഡോക്ടറെ വിളിച്ചെങ്കിലും ഉത്തരം ലഭിച്ചില്ല. പിന്നീട് ഇവർ ബലം പ്രയോഗിച്ച് അകത്തു കടന്നപ്പോഴാണ് മരണപ്പെട്ട നിലയിൽ ഡോക്ടറെ കണ്ടെത്തിയത്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ മെഡിസിൻ (ഐ‌എം‌എൽ)ന്റെ റിപ്പോർട്ട് അനുസരിച്ച്, മരുന്നുകളുടെ ഉപയോഗം മൂലമുണ്ടായ ശ്വാസതടസ്സം മൂലമാണ് ജെയ്ഡ മരിച്ചിരിക്കുന്നത്. അവളുടെ മൃതശരീരത്തിന് സമീപം ഉറക്കമില്ലായ്മയ്ക്ക് ഉപയോഗിക്കുന്ന മരുന്നും ഒരു സിറിഞ്ചും കണ്ടെത്തിയിരുന്നു. മാനസിക വൈകല്യ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നും ജെയ്ഡയുടെ ശരീരത്തിൽ  കണ്ടെത്തിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- മൂന്ന് മാസം മുമ്പ് യുകെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ബോറിസ് ജോൺസൺ, ലിസ് ട്രസ് രാജി വെച്ചതോടെ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരാൻ സാധ്യതയുള്ളവരിൽ മുൻനിരക്കാരനായി ഉയർന്നിരിക്കുകയാണ്. ബോറിസ് ജോൺസൺ പുറത്താക്കപ്പെട്ട ശേഷം പ്രധാനമന്ത്രി പദത്തിലെത്തിയ ലിസ് ട്രസ് വെറും 45 ദിവസം മാത്രമാണ് പ്രധാനമന്ത്രി കസേരയിൽ ചിലവഴിച്ചത്. അവരെടുത്ത സാമ്പത്തിക നയങ്ങൾക്ക് തിരിച്ചടി നേരിട്ടതോടെയാണ് ലിസ് ട്രസ് രാജിവെക്കുവാൻ നിർബന്ധിതയായത്.

ബോറിസ് ജോൺസന് പുറമെ, റിഷി സുനകിന്റെ പേരും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്. 2019 ൽ നടന്ന ജനറൽ ഇലക്ഷനോടെയാണ് ബോറിസ് ജോൺസൺ പ്രധാനമന്ത്രി പദത്തിലെത്തിയത്. ബ്രിട്ടീഷ് ഭരണഘടന പ്രകാരം അധികാരത്തിലുള്ള പാർട്ടിക്ക് തിരഞ്ഞെടുപ്പില്ലാതെ തന്നെ നേതാവിനെ മാറ്റുവാൻ സാധിക്കും. ഇതിൻ പ്രകാരമാണ് പിന്നീട് ലിസ് ട്രസ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇനി ഒരു തവണ കൂടി ബോറിസ് ജോൺസൺ പ്രധാനമന്ത്രിപദത്തിൽ എത്തിയാൽ അത് ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ വഴിത്തരിവാകും.


ബോറിസ് ജോൺസൻ ഒരിക്കൽ കൂടി നേതൃത്വത്തിൽ എത്തുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നതെന്ന് അദ്ദേഹത്തിന്റെ മുൻ പ്രസ് സെക്രട്ടറി വിൽ വാൾഡൻ സ്കൈ ന്യൂസിനോട് വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തരായ അനുയായികളിൽ ഒരാളായ ബിസിനസ് സെക്രട്ടറി ജേക്കബ് റീസ് മോഗ് അദ്ദേഹത്തെ ഡൗണിംഗ് സ്ട്രീറ്റിലേക്ക് തിരികെ കൊണ്ടുവരാൻ ഒരു സോഷ്യൽ മീഡിയ കാമ്പെയ്‌ൻ ആരംഭിച്ചു കഴിഞ്ഞു. നിരവധി കൺസർവേറ്റീവ് എം പിമാർ ബോറിസ് ജോൺസന് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കൺസർവേറ്റീവ് പാർട്ടിയിലെ സ്വാധീന ശക്തികളിൽ ഒരാളായി കരുതപ്പെടുന്ന പ്രതിരോധ സെക്രട്ടറി ബെൻ വാലസും താൻ ജോൺസണെ പിന്തുണക്കുന്നതിലേക്ക് നീങ്ങുകയാണെന്ന് ബിബിസിയോട് വ്യക്തമാക്കി. ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ നിർണായക നീക്കങ്ങൾ ലോകത്തിൻെറ മുഴുവൻ ശ്രദ്ധയും ക്ഷണിച്ചു കഴിഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ ബ്രിട്ടനെ രക്ഷിക്കാനും തന്റെ നേതൃസ്ഥാനം ഉറപ്പിക്കാനുമുള്ള ശ്രമങ്ങൾ പാഴായി ലിസ് ട്രസ് പടിയിറങ്ങി. ഇനി ആര് എന്നുള്ള പ്രധാന ചോദ്യമാണ് അവശേഷിക്കുന്നത്.

ഋഷി സുനക്

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലിസിനോട് പരാജയപ്പെട്ടെങ്കിലും ഇനിയൊരു തിരഞ്ഞെടുപ്പ് അഭിമുഖീകരിച്ചാലും ആദ്യം ഉയർന്നു കേൾക്കുന്ന പേര് ഋഷി സുനക് എന്ന ഇന്ത്യൻ വംശജന്റേതാണ്. ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങൾ രാജ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ഋഷി പലതവണ മുന്നറിയിപ്പ് നൽകിയതാണ്. ഋഷി സുനക്കിന്റെ കാഴ്ചപ്പാട് ശരിയായിരുന്നു എന്ന് ബ്രിട്ടൺ ജനത സമ്മതിച്ചിരിക്കുകയാണ്. അദ്ദേഹം പറഞ്ഞതു പോലെ നികുതി വെട്ടിക്കുറച്ച നയങ്ങൾ സർക്കാരിന് പിൻവലിക്കേണ്ടി വന്നു. ലിസിനു ശേഷം നേതൃ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്ന ആദ്യ പേരുകളിലൊന്ന് ഋഷി സുനക്കിന്റേതാണ്.

പെന്നി മോർഡണ്ട്

ലിസ് ട്രസിന്റെ പിൻഗാമിയായി ഹൗസ് ഓഫ് കോമൺസ് നേതാവായ പെന്നി മോർഡണ്ടിന്റെ പേരും പുറത്തുവരുന്നുണ്ട്. മുൻ പ്രതിരോധ, വ്യാപാര മന്ത്രിസ്ഥാനം വഹിച്ച ശക്തമായ ജനപ്രീതിയുള്ള വ്യക്തി കൂടിയാണ് പെന്നി. എന്നാൽ കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ നിന്നു തന്നെ പെന്നി ചില എതിർപ്പുകൾ നേരിടുന്ന സാഹചര്യവും നിലനിൽക്കുന്നു. സമീപകാല സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പ്രതിപക്ഷത്തിന്റെ ചോദ്യത്തെ പാർലമെന്റിൽ നേരിട്ടതിനു ശേഷം ചില എതിർപ്പുകൾ പെന്നിക്കെതിരെ ഉയർന്നിരുന്നു.

ബോറിസ് ജോൺസൺ

പാർട്ടിക്കുളിൽ തന്നെ പല ചേരിതിരിവുകൾ ഉടലെടുത്ത സാഹചര്യത്തിൽ നേതൃസ്ഥാനത്തേയ്ക്ക് വീണ്ടും ബോറിസ് ജോൺസണിന്റെ പേര് നിർദ്ദേശിക്കുന്നവരും കുറവല്ല. ശക്തമായ തിരിച്ചുവരവിനുള്ള ശ്രമങ്ങൾ നടത്തുന്നതിന്റെ സൂചനകൾ അദ്ദേഹം തന്നെ നൽകിയിട്ടുണ്ട്. ജനങ്ങൾക്കിടയിലൊരു വിഭാഗം ഇപ്പോഴും അദ്ദേഹത്തെ നേതാവായി കാണാൻ ആഗ്രഹിക്കുന്നു. എന്നാൽ അടുത്തിടെ നടന്ന ഒരു സർവേയിൽ മൂന്നിൽ രണ്ടു പേരും അദ്ദേഹത്തെ പ്രതികൂലിച്ചു എന്നതും ശ്രദ്ധേയമാണ്.

ബെൻ വാലസ്

യുക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തിനു ശേഷമാണ് വാലസ് കൂടുതൽ ശ്രദ്ധ ആകർഷിക്കുന്നത്. ആയുധങ്ങൾ നൽകി കൈവിനെ പിന്തുണയ്ക്കാൻ യുകെ നേരത്തെ തീരുമാനിച്ചിരുന്നു. ബ്രെക്‌സിറ്റിനെ എതിർത്തിട്ടും, വാലസ് ബോറിസ് ജോൺസന്റെ പ്രധാന പിന്തുണക്കാരനാണ്. കൂടാതെ 2019-ൽ അദ്ദേഹത്തിന് ക്യാബിനറ്റ് പദവി ലഭിച്ചു. ജോൺസൺ ഇറങ്ങിയതിന് ശേഷം, വാലസിന് മത്സരിക്കണമെന്ന നിർദ്ദേശങ്ങൾ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ലിസിനെ പിന്തുണച്ചു.

കെമി ബാഡെനോക്ക്

നേതൃമത്സരത്തിലെ അപ്രതീക്ഷിത മുന്നേറ്റ സ്ഥാനാർത്ഥിയായിരുന്നു കെമി. വിജയിച്ചില്ലെങ്കിലും, മത്സരത്തിലൂടെ കൂടുതൽ പ്രശസ്തി നേടാനായി. താരതമ്യേന ജൂനിയർ മന്ത്രിയാണെങ്കിലും, മുതിർന്ന കൺസർവേറ്റീവ് മൈക്കൽ ഗോവിന്റെ പിന്തുണ നേടാനായി. അന്താരാഷ്ട്ര വ്യാപാര വകുപ്പ് മന്ത്രിയായിരുന്നു.

സുവല്ല ബ്രാവർമാൻ

സുവല്ലയുടെ രാജിയാണ് ട്രസിന് മേൽ സമ്മർദം ചെലുത്തിയ പ്രധാന ഘടകം. ബോറിസ് ജോൺസന്റെ സർക്കാരിൽ അറ്റോർണി ജനറലായിരുന്ന ബ്രെക്‌സിറ്റ് അനുകൂലിയാണ് സുവല്ല. പ്രധാനമന്ത്രി പദത്തിലെത്താൻ സാധ്യത കല്പിക്കപ്പെടുന്ന ഒരാളായി സുവല്ലയുടെ പേരും ഉയർന്നുകേൾക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രോഗികൾക്ക് ജി പി മാരിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളിൽ ഹൗസ് ഓഫ് കോമൺസ് ഹെൽത്ത് കമ്മിറ്റി കടുത്ത അസംതൃപ്തി രേഖപ്പെടുത്തി. ഓരോ പ്രാവശ്യവും ഒരു മുൻ പരിചയവും ഇല്ലാത്ത ഊബർ ഡ്രൈവർമാരുടെ സേവനം പോലെയാണ് രോഗികൾക്ക് കിട്ടുന്ന ഡോക്ടർമാരുടെ സേവനമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി . ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കുന്നതിൽ വന്ന വീഴ്ചയാണ് ജി പി പേഷ്യന്റ് ബന്ധങ്ങളിൽ ഇത്രമാത്രം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തൽ .

പരിചയസമ്പന്നരായ ഡോക്ടർമാരുടെയും നേഴ്സുമാരുടെയും കുറവ് എൻഎച്ച്എസിനെ കടുത്ത പ്രതിസന്ധിയിലേയ്ക്കാണ് തള്ളി വിട്ടിരിക്കുന്നത്. പലർക്കും അപ്പോയിൻമെന്റുകൾ ലഭിക്കുന്നത് നീണ്ട കാത്തിരിപ്പിന് ശേഷമാണ്. ജീവനക്കാരുടെ അഭാവം മൂലം അവസാന നിമിഷം അപ്പോയിൻമെന്റുകൾ റദ്ദാക്കുന്ന സംഭവവും വർധിച്ചു വരുകയാണ്.

യഥാസമയത്ത് ജിപിയുടെ സേവനം ലഭിക്കുന്നത് രോഗലക്ഷണങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും ആളുകളുടെ ആശുപത്രി പ്രവേശനം ഒഴിവാക്കുന്നതിനും അത്യന്താപേക്ഷിതമാണെന്ന വിലയിരുത്തലാണ് കമ്മറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 6000 പുതിയ ജി പി മാരെ റിക്രൂട്ട് ചെയ്യാനുള്ള സർക്കാരിൻറെ നീക്കം ഇതുവരെ ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ പണപ്പെരുപ്പം മൂലം ഉണ്ടായ ജീവിത ചെലവുകളുടെ വർദ്ധനവ് മൂലം , ദൈനംദിന ജീവിതത്തിന്റെ ഭാഗമായ  ബില്ലുകൾ പോലും അടയ്ക്കാനാവാതെ ബുദ്ധിമുട്ടുകയാണ് ഏകദേശം  8 മില്യനോളം ജനങ്ങൾ. ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം ഏകദേശം 7.8 മില്യനോളം ജനങ്ങളാണ് ഇപ്പോൾ ബില്ലുകൾ അടയ്ക്കാനാകാതെ ബുദ്ധിമുട്ടുന്നത്. 2020 ലെ കണക്കുകൾ പ്രകാരം ഇത് 5.3 മില്യൻ മാത്രമായിരുന്നു.

ഉക്രൈൻ യുദ്ധം കാരണം കഴിഞ്ഞ ആറ് മാസത്തിനിടെ ഊർജ്ജം, ഭക്ഷണം, ഇന്ധനം എന്നിവയുടെ വില കുത്തനെ ഉയർന്നു. പണപ്പെരുപ്പം കഴിഞ്ഞ 40 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ  10.1 % എന്നതിലേക്ക് കഴിഞ്ഞമാസം എത്തിയതും ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഊർജ്ജ ബില്ലുകളെ കുറിച്ചുള്ള ആശങ്ക മൂലം വീട്ടിൽ ആയിരിക്കുമ്പോൾ താൻ ബ്ലാങ്കറ്റ് പുതച്ചാണ് തണുപ്പകറ്റുന്നതെന്ന് ഗെയ്ൻസ്ബറോയിൽ നിന്നുള്ള നിക്കോൾ മാധ്യമങ്ങളോട് പറഞ്ഞു. മുഴുവൻ സമയം ജോലി ചെയ്തിട്ടും തന്റെ സാലറി ഭേദപ്പെട്ട നിലയിലായിട്ടും തനിക്ക് ഹീറ്ററും, ഓവനും മറ്റും ഉപയോഗിക്കാൻ ഭയമാണെന്ന് അവർ പറഞ്ഞു. ഇതേ അവസ്ഥയിലൂടെയാണ് ബ്രിട്ടനിലെ ഭൂരിഭാഗം ജനങ്ങളും കടന്നു പോകുന്നത്.


ഉക്രൈൻ യുദ്ധം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും, പൗണ്ടിന്റെ വിലയിടിവുമെല്ലാം ഭക്ഷ്യസാധനങ്ങളുടെ ഉൾപ്പെടെ അവശ്യസാധനങ്ങളുടെ വില ക്രമാതീതമായി വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. സെപ്റ്റംബർ വരെയുള്ള കാലയളവിൽ ബ്രിട്ടനിൽ ഭക്ഷ്യസാധനങ്ങളുടെ വിലയിൽ 1980 നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായ 14.6 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടൊപ്പം തന്നെ ഊർജ്ജബില്ലുകളും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി ഗവൺമെന്റ് കുറഞ്ഞത് ആറ് മാസത്തേക്ക് യൂണിറ്റ് വില പരിമിതപ്പെടുത്തിയിട്ടുണ്ട്.  എന്നിരുന്നാൽ തന്നെയും ഈ ശൈത്യകാലത്ത് ദശലക്ഷക്കണക്കിന് ആളുകൾ വർദ്ധിച്ച ബില്ലുകൾ മൂലം  ബുദ്ധിമുട്ടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പ്രധാനമന്ത്രി സ്‌ഥാനത്ത്‌ നിന്ന് ലിസ് ട്രസ് രാജി വച്ചു. തൻെറ വാഗ്ദാനങ്ങൾ നിറവേറ്റാൻ തനിക്ക് ആയില്ലെന്ന് രാജി പ്രസ്‌താവനയിൽ അവർ പറഞ്ഞു. അടുത്ത ആഴ്ച്ചയോടെ കൺസർവേറ്റിവ് പാർട്ടിയുടെ പുതിയ നേതാവിനെ തിരഞ്ഞെടുക്കുമെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത് വരെ സ്‌ഥാനത്ത്‌ തുടരുമെന്നും ലിസ് ട്രസ് അറിയിച്ചു. ഭരണപക്ഷത്തുള്ള കൂടുതൽ എം പിമാർ പ്രധാനമന്ത്രിയുടെ രാജിക്കായി മുറവിളി കൂട്ടിയതിന് പിന്നാലെയാണ് രാജി പ്രഖ്യാപിക്കാൻ നിർബന്ധിതയായത്.

അധികാരമേറ്റ് നാൽപത്തി നാലാം ദിവസമാണ് ബ്രിട്ടൻെറ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായ ലിസ് ട്രസിൻെറ രാജി. തൻെറ പ്രതിയോഗിയായ ഋഷി സുനകിനെ പാർട്ടിതല തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി അധികാരത്തിൽ വന്ന ലിസ് ട്രസിന് തൻെറ വാഗ്ദാനങ്ങൾ ഒന്നും തന്നെ പാലിക്കാനായില്ല. തൻെറ പല മുൻ നിലപാടുകളും അവർക്ക് തിരുത്തേണ്ടതായി വന്നു.

പുതിയ സർക്കാർ അവതരിപ്പിച്ച മിനി ബഡ്ജറ്റിനെ തുടർന്ന് പൗണ്ട് വൻ തകർച്ചയാണ് നേരിട്ടത്. കൂടാതെ ഓഹരി വിപണിയും തകർന്നടിഞ്ഞു. പുതിയ സാമ്പത്തിക നയങ്ങളുടെ പേരിൽ പ്രധാനമന്ത്രി സ്വന്തം പാർട്ടിയിൽ നിന്നും പ്രതിപക്ഷത്തുനിന്നും വൻ വിമർശനങ്ങളാണ് ഏറ്റുവാങ്ങിയത്.

ടാക്സ് വെട്ടി കുറയ്ക്കുന്നതു പോലുള്ള നടപടികളിൽ നിന്ന് പിന്നോക്കം പോയ പ്രധാനമന്ത്രി ഇന്നലെ എംപിമാരുമായുള്ള കൂടിക്കാഴ്ചയിൽ തൻറെ മുൻകാല അബദ്ധങ്ങളുടെ പേരിൽ ക്ഷമ ചോദിച്ചിരുന്നു. എന്നാൽ ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാമർ പ്രധാനമന്ത്രിക്ക് മേൽ വൻ രാഷ്ട്രീയ ആക്രമണമാണ് നടത്തിയത്. തൻറെ വാഗ്ദാനങ്ങളിൽ ഒരാഴ്ച പോലും സ്ഥിരതയില്ലാത്ത പ്രധാനമന്ത്രിക്ക് പദവിയിൽ തുടരാൻ അർഹതയില്ലെന്ന സ്റ്റാമറിന്റെ വിമർശനത്തിന് താൻ ഒരു പോരാളിയാണെന്നായിരുന്നു പ്രധാനമന്ത്രി മറുപടി പറഞ്ഞത് .

ജീവിത ചിലവിന്റെ കടുത്ത ഭാരം എങ്ങനെ താങ്ങാനാവുമെന്ന ആശങ്കയിലാണ് ഭൂരിഭാഗം ജനങ്ങളും. ശൈത്യകാലത്തെ എനർജി ബില്ലുകളുടെ പേടിസ്വപ്നത്തിലാണ് ബ്രിട്ടീഷ് ജനത. ജീവിത ചിലവിലെ കുതിച്ചു കയറ്റവും രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതിയും ഇനിയും മോശമാകുകയാണെങ്കിൽ ലിസ് ട്രസ് സർക്കാരിന് മുന്നോട്ടുള്ള പ്രയാണം ബുദ്ധിമുട്ടുള്ളതാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ നേരത്തെ പ്രവചിച്ചിരുന്നു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: റഷ്യൻ സൈന്യം 22 വയസുള്ള യുവതിയെ നാല് വയസുകാരിയായ മകളുടെ മുന്നിലിട്ട് ക്രൂരമായി ബലാത്സംഗം ചെയ്തു. റഷ്യൻ സൈന്യം ചെർനിഹിവ് മേഖലയിലെ ഒരു ഗ്രാമം കൈവശപ്പെടുത്തിയപ്പോഴായിരുന്നു ദാരുണമായ സംഭവം. പല ഇടങ്ങളിലും ഇതിനു സമാനമായ സംഭവങ്ങളും അരങ്ങേറുന്നുണ്ട്.

കൈവ് മേഖലയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള 56 കാരിയായ ഒരു സ്ത്രീ, മൂന്ന് റഷ്യൻ സൈനികർ തന്റെ വീട്ടിൽ അതിക്രമിച്ചു കയറിയതെങ്ങനെയെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരുന്നു. ഇതിനു സമാനമായി 83 വയസുള്ള സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറി ശാരീരിക വൈകല്യമുള്ള ഭർത്താവിന്റെ മുന്നിലിട്ട് ബലാത്സംഗം ചെയ്തിരുന്നു.

യുക്രൈന്റെ പല ഭാഗങ്ങളിലും ക്രൂരമായ അതിക്രമങ്ങളാണ് റഷ്യൻ സൈന്യം നടത്തികൊണ്ടിരിക്കുന്നത്. അധിനിവേശം ആരംഭിച്ച് എട്ട് മാസം പിന്നിടുമ്പോൾ റഷ്യൻ സൈന്യം ബലാത്സംഗത്തെ യുദ്ധ ആയുധമായിട്ടാണ് കാണുന്നതെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. കിയെവ്, ചെർണിഹിവ്, ഖാർകിവ്, സുമി എന്നീ പ്രദേശങ്ങളിൽ റഷ്യൻ പട്ടാളക്കാർ സംഗ്രഹ വധശിക്ഷകൾ വിചാരണയോ നടപടിക്രമങ്ങളോ ഇല്ലാതെ നടപ്പാക്കിയതെങ്ങനെയെന്നും പുറത്തു വന്ന റിപ്പോർട്ട് വിശദമാക്കുന്നു. ഇതിൽ ഏറ്റവും പ്രായം കുറഞ്ഞ ഇര 14 വയസ്സുള്ള ആൺകുട്ടിയാണ്. റിപ്പോർട്ടിൽ, റഷ്യൻ സായുധ സേനയുടെ അധിനിവേശ പ്രദേശങ്ങളിലെ പീഡനം, മോശമായ പെരുമാറ്റം, നിയമവിരുദ്ധമായി തടവിലാക്കൽ എന്നിവയുടെ മാതൃകകളും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉക്രെയ്നിലെ ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ കമ്മീഷൻ ഓഫ് എൻക്വയറി അംഗങ്ങൾ പറഞ്ഞു, ഇവയെല്ലാം യുദ്ധക്കുറ്റങ്ങൾക്ക് തുല്യമാണെന്നും അവർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- തന്റെ സഹപ്രവർത്തകനായ ഒരു ജീവനക്കാരി നിയമവിരുദ്ധമായി ബോണസ് നേടിയെന്ന് കമ്പനിയെ അറിയിച്ചതിനെ തുടർന്ന് വിവിധ പ്രശ്നങ്ങൾ നേരിടേണ്ടി വന്ന ജീവനക്കാരിക്ക് അനുകൂലമായി കോടതിവിധി. കാം ജൂതി എന്ന വനിതാ ജീവനക്കാരിയുടെ ജീവിതം റോയൽ മെയിൽ കമ്പനി നശിപ്പിച്ചതായി കോടതി ആരോപിച്ചു. അസാധാരണമായ ഒരു വിധിന്യായത്തിൽ, തപാൽ സേവന കമ്പനിയായ റോയൽ മെയിലിന് മാന്യതയുണ്ടെങ്കിൽ കാം ജൂതിക്ക് 100,000 പൗണ്ടിൽ കൂടുതൽ നഷ്ടപരിഹാരമായി വേഗത്തിൽ നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

ഒരു സഹപ്രവർത്തകൻ തന്റെ ബോണസ് നിയമവിരുദ്ധമായി നേടിയെന്ന ആശങ്ക ഉന്നയിച്ചതിന് ശേഷം മീഡിയ സ്പെഷ്യലിസ്റ്റായ ജൂതിയെ അവളുടെ ബോസ് മൈക്ക് വിഡ്മർ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തതായാണ് പരാതി. പിന്നീട് അവളെ ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. എന്നാൽ ഇത് മൂലം അവൾക്ക് കഠിനമായ വിഷാദവും, പോസ്റ്റ് ട്രോമാറ്റിക്സ് സ്‌ട്രെസ്സ് ഡിസോഡർ ബാധിക്കുകയും ആരോഗ്യം വളരെ മോശമായ രീതിയിൽ എത്തുകയും ചെയ്തതായി കോടതി വിലയിരുത്തി.

2013 സെപ്റ്റംബറിലാണ് ലണ്ടനിലെ റോയൽ മെയിലിന്റെ മാർക്കറ്റ് റീച്ച് യൂണിറ്റിൽ പ്രതിവർഷം 50,000 പൗണ്ട് ശമ്പളത്തിന് മീഡിയ സ്‌പെഷ്യലിസ്റ്റായി ജൂതി ജോലി ആരംഭിച്ചത്. അടുത്ത മാസം ഒരു സഹപ്രവർത്തകൻ കമ്പനിയുടെ നയം ലംഘിക്കുകയും നിയമവിരുദ്ധമായി ബോണസ് നേടുകയും ഈ പ്രവർത്തിയെ പരോക്ഷമായി തലവനായിരുന്ന വിഡ്‌മേഴ്‌സ് സുരക്ഷിതമാക്കുകയും ചെയ്തതായി അവൾ കണ്ടെത്തി. ഇത് റിപ്പോർട്ട് ചെയ്തതോടെയാണ് തന്റെ ജീവിതത്തിൽ പ്രതിസന്ധികൾ ആരംഭിച്ചതെന്ന് ജൂതി പറഞ്ഞു. പിന്നീട് നിരവധി തവണ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നതായും അവസാനം തന്നെ കമ്പനിയിൽനിന്ന് പുറത്താക്കുന്ന സാഹചര്യത്തിൽ എത്തിയതായും അവർ വ്യക്തമാക്കി. കമ്പനിയുടെ ഭാഗത്ത് നിന്നുള്ള ഈ പ്രവർത്തിയെ കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. ഒരു ജീവനക്കാരിയുടെ ജീവിതമാണ് കമ്പനി മൂലം ഇല്ലാതായതെന്നും കോടതി വ്യക്തമാക്കി. അതിനാൽ തന്നെ ആവശ്യമായ നഷ്ടപരിഹാര തുക ഉടൻ തന്നെ നൽകണമെന്നും കോടതി നിർദേശിച്ചു.

കെറ്ററിംഗ്‌: യുകെ മലയാളികൾക്ക് വേദന നൽകി യുകെ മലയാളി നഴ്സിന്റെ മരണം. കേറ്ററിങ്ങിൽ കുടുംബസമേതം താമസിച്ചിരുന്ന  മാർട്ടിന ചാക്കോ (40) ആണ് ഇന്ന് മരണമടഞ്ഞത്. കോഴിക്കോട്  സ്വദേശിനിയാണ് പരേത. നമ്പിയാമഠത്തിൽ കുടുംബാംഗം. ഇന്ന് ഉച്ചതിരിഞ്ഞു മൂന്നു മണിയോടെയായിരുന്നു മരണം ഉണ്ടായത്.

മൂന്ന് വർഷത്തോളമായി അർബുദ ചികിത്സയിൽ ആയിരുന്നു മാർട്ടീന. എങ്കിലും ചികിസയുടേതായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും സാധാരണ ജീവിതം നയിച്ചിരുന്ന മാർട്ടിനയുടെ വിയോഗം കെറ്ററിംഗ്‌ മലയാളികളെ മുഴുവൻ ദുഃഖത്തിൽ ആക്കിയിരിക്കുകയാണ്.

ഇന്ന് രാത്രി എട്ട് മണിവരെ ഭവനത്തിൽ പ്രാർത്ഥനകൾ ഉണ്ടായിരിക്കുന്നതാണ് എന്ന് ഇടവക വികാരിയച്ചൻ അറിയിച്ചിട്ടുണ്ട്. സംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് മാതമേ അറിയുവാൻ സാധിക്കുകയുള്ളു.

ലെസ്റ്റര്‍ ഇടവക വികാരിയും സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരി ജനറാളുമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് ചേലക്കല്‍ അച്ചന്‍ മാര്‍ട്ടിനയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് അനുശോചനങ്ങള്‍ അറിയിക്കുകയും സംസ്കാര ചടങ്ങിനും മറ്റുമുള്ള ഒരുക്കങ്ങള്‍ക്ക് എല്ലാ സഹകരണങ്ങളും നല്‍കുകയും ചെയ്തിട്ടുണ്ട്.

കെറ്ററിംഗിൽ സെന്റ് ഫൗസ്റ്റീന പാരിഷ് അംഗമാണ് മാർട്ടിനയും കുടുംബവും. കോട്ടയം മാഞ്ഞൂർ  സ്വദേശിയായ അനീഷ് ചാക്കോയാണ് ഭർത്താവ്. ഇവർക്ക് നാല് കുട്ടികളുണ്ട്. രണ്ടാൺകുട്ടിയും രണ്ട് പെൺകുട്ടിയും അടങ്ങുന്ന കുടുംബം.

കെറ്ററിംഗ്‌ എൻഎച്ച്എസ് ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്തിരുന്ന മാർട്ടിന ചാക്കോ കെറ്ററിംഗ്‌ മലയാളി വെൽഫെയർ അസോസിയേഷൻ അംഗമാണ്. മാർട്ടിനയുടെ നാല് സഹോദരിമാരും ഒരു സഹോദരനും യുകെയിൽ തന്നെയുണ്ട് എന്നാണ് അറിയുന്നത്.

മാർട്ടിന ചാക്കോയുടെ മരണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം, അകാല വേർപാടിൽ  ദുഃഖിക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളുടെയും വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു. കേറ്ററിംഗ് മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് ബെന്നി ജോസഫ്, സെക്രട്ടറി അരുൺ സെബാസ്റ്റിയൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്രിട്ടീഷ് രാഷ്ട്രീയം നാൾക്ക് നാൾ കലങ്ങി മറിയുകയാണ്. പുതിയ പ്രധാനമന്ത്രി ലിസ് ട്രസിന് തൻറെ പല മുൻ നിലപാടുകളും തിരുത്തേണ്ടതായി വന്നു. പുതിയ സർക്കാർ അവതരിപ്പിച്ച മിനി ബഡ്ജറ്റിനെ തുടർന്ന് പൗണ്ടിന് വൻ തകർച്ചയാണ് നേരിട്ടത്. കൂടാതെ ഓഹരി വിപണിയും തകർന്നടിഞ്ഞു. പുതിയ സാമ്പത്തിക നയങ്ങളുടെ പേരിൽ പ്രധാനമന്ത്രി സ്വന്തം പാർട്ടിയിൽ നിന്നും പ്രതിപക്ഷത്തുനിന്നും വൻ വിമർശനങ്ങളാണ് ഏറ്റുവാങ്ങുന്നത്.

ടാക്സ് വെട്ടി കുറയ്ക്കുന്നതു പോലുള്ള നടപടികളിൽ നിന്ന് പിന്നോക്കം പോയ പ്രധാനമന്ത്രി ഇന്ന് എംപിമാരുമായുള്ള കൂടിക്കാഴ്ചയിൽ തൻറെ മുൻകാല അബദ്ധങ്ങളുടെ പേരിൽ ക്ഷമ ചോദിച്ചു . എന്നാൽ ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാമർ പ്രധാനമന്ത്രിക്ക് മേൽ വൻ രാഷ്ട്രീയ ആക്രമണമാണ് നടത്തിയത്. തൻറെ വാഗ്ദാനങ്ങളിൽ ഒരാഴ്ച പോലും സ്ഥിരതയില്ലാത്ത പ്രധാനമന്ത്രിക്ക് പദവിയിൽ തുടരാൻ അർഹതയില്ലെന്ന സ്റ്റാമറിന്റെ വിമർശനത്തിന് താൻ ഒരു പോരാളിയാണെന്നായിരുന്നു പ്രധാനമന്ത്രി മറുപടി പറഞ്ഞത് .

രാജ്യത്തിൻറെ സാമ്പത്തികസ്ഥിരതയിലും പൗണ്ടിന്റെ വില തകർച്ചയിലും യുകെ മലയാളികൾ വളരെ നിരാശയിലാണ് . ജീവിത ചിലവിന്റെ കടുത്ത ഭാരം എങ്ങനെ താങ്ങാനാവുമെന്ന ആശങ്കയിലാണ് ഭൂരിഭാഗം ജനങ്ങളും. ശൈത്യകാലത്തെ എനർജി ബില്ലുകളുടെ പേടിസ്വപ്നത്തിലാണ് ബ്രിട്ടീഷ് ജനത. ജീവിത ചിലവിലെ കുതിച്ചു കയറ്റവും രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതിയും ഇനിയും മോശമാകുകയാണെങ്കിൽ ലിസ് ട്രസ് സർക്കാരിന് മുന്നോട്ടുള്ള പ്രയാണം ബുദ്ധിമുട്ടുള്ളതാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

RECENT POSTS
Copyright © . All rights reserved