Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- എൻഎച്ച്എസിൽ ഉണ്ടാകുന്ന നീണ്ട കാലതാമസം നിരവധി രോഗികളെ ആയിരത്തോളം പൗണ്ടുകൾ ചെലവ് വരുന്ന പ്രൈവറ്റ് ചികിത്സകളിലേക്ക് തിരിയുവാൻ നിർബന്ധിക്കുന്നതായി പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. റിപ്പോർട്ട് പ്രകാരം കഴിഞ്ഞവർഷം അവസാനം മൂന്നുമാസം ഏകദേശം 69000 ത്തോളം സെൽഫ് – ഫണ്ടഡ് ട്രീറ്റ് മെന്റുകളാണ് നടന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 39% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കണക്കുകൾ ജനങ്ങൾ എത്രത്തോളം നിസ്സഹായരാണെന്ന് സൂചിപ്പിക്കുന്നതാണെന്ന് വിദഗ്ധർ വ്യക്തമാക്കി. ജനങ്ങൾ ലോണുകൾ പോലും എടുത്തു പ്രൈവറ്റ് ചികിത്സകൾക്കുള്ള പണം കണ്ടെത്തുന്നതായി ബിബിസി വ്യക്തമാക്കി. പ്രൈവറ്റ് ഹെൽത്ത് കെയർ ഇൻഫർമേഷൻ നെറ്റ്‌വർക്ക് പുറത്തുവിട്ട ഈ കണക്കുകൾ എല്ലാം തന്നെ പ്രൈവറ്റ് ഇൻഷുറൻസ് ഇല്ലാത്ത, ചികിത്സാ ചെലവുകൾ മുഴുവൻ അടയ് ക്കേണ്ടിവരുന്ന രോഗികളുടെ എണ്ണം ആണെന്നത് ആശങ്കാജനകമാണ്. ഏറ്റവും സാധാരണ ഓപ്പറേഷനുകളായ മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കും , ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കുമൊക്കെ തന്നെ 15000 പൗണ്ടിന് മുകളിലാണ് ചെലവ് വരുന്നത്. ഇവിടെയും ഇത്രയും പണം അടയ്ക്കുവാൻ സാധിക്കാത്ത സാധാരണക്കാർക്ക് ചികിത്സകൾ പൂർണ്ണമായും നഷ്ടപ്പെടുന്ന രീതിയിലാണ് സാഹചര്യങ്ങൾ എത്തിനിൽക്കുന്നതെന്ന് ജനങ്ങൾ കുറ്റപ്പെടുത്തുന്നു.

മുട്ടുവേദന മൂലം കിടപ്പിലായ പത്തൊൻപതുകാരി കെയ്റ്റി ഹോപ്പർ തന്റെ അനുഭവം മാധ്യമങ്ങളോട് വ്യക്തമാക്കി. വേദന മൂലം ഒരുതരത്തിലും ജോലിക്ക് പോകാനും ബാസ്കറ്റ്ബോൾ കളിക്കാനുമുള്ള സാഹചര്യത്തിൽ തന്റെ ആരോഗ്യം എത്തിയതായും, എൻ എച്ച് എസിലൂടെ ചികിത്സ ലഭിക്കണമെങ്കിൽ കുറഞ്ഞത് രണ്ടുവർഷം എടുക്കുമെന്ന നിർദ്ദേശമാണ് തനിക്ക് ലഭിച്ചതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെ തുടർന്ന് താൻ പ്രൈവറ്റ് ചികിത്സയെ ആശ്രയിക്കേണ്ടി വന്നതായും, ഇതിനായി വൻ തുക ലോൺ എടുക്കേണ്ടി വന്ന സാഹചര്യവും അവർ വ്യക്തമാക്കി. എന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ തന്റെ സർജറി നടന്നതായും അവർ പറഞ്ഞു. നിലവിൽ ഇംഗ്ലണ്ടിൽ 6.6 മില്യൻ ജനങ്ങളാണ് എൻഎച്ച്എസ് ലിസ്റ്റിലൂടെ ചികിത്സയ്ക്കായി കാത്തിരിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതേ സാഹചര്യമാണ് യുകെയുടെ മറ്റു പല ഭാഗങ്ങളിലും ഉള്ളത്. നിലവിലെ സാഹചര്യങ്ങൾ പരിഹരിക്കുവാൻ വ്യക്തമായ പ്ലാനുകൾ ഉണ്ടെന്നും, അത് ഫലം കണ്ടു വരികയാണെന്നും ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ വക്താവ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : വേനലവധിക്കാലം എത്തിയതോടെ റോഡുകളിൽ തിരക്കേറുമെന്നും യാത്രയ്ക്ക് കാലതാമസം ഉണ്ടാകുമെന്നും മുന്നറിയിപ്പ്. വർഷത്തിലെ ഏറ്റവും തിരക്കേറിയ ദിവസങ്ങളാണ് വരാൻ പോകുന്നതെന്ന് നാഷണൽ ഹൈവേസ് മുന്നറിയിപ്പ് നൽകി. 2014 ന് ശേഷമുള്ള ഏറ്റവും തിരക്കേറിയ അവധി ദിവസങ്ങളിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് ആർഎസി വ്യക്തമാക്കി. ഏറ്റവും തിരക്കേറിയ ദിവസം ശനിയാഴ്ച ആയിരിക്കും.

എം25 ൽ കടുത്ത ഗതാഗത കുരുക്ക് ഉണ്ടാകും. ബ്രോംലിക്കും ഡാർട്ട്‌ഫോർഡ് ക്രോസിംഗിനും ഇടയിലും, മേപ്പിൾ ക്രോസ് മുതൽ എം3 വരെയും, എം23 മുതൽ എം40 വരെയും യാത്രാ തടസ്സം ഉണ്ടാകും. അതേസമയം, ആളുകൾ യാത്രയ്ക്കായി തയ്യാറെടുപ്പുകൾ നടത്തണമെന്നും ധാരാളം വെള്ളവും ലഘുഭക്ഷണവും എടുക്കണമെന്നും എഎയുടെ റോഡ്‌സ് പോളിസി മേധാവി ജാക്ക് കൗസെൻസ് മുന്നറിയിപ്പ് നൽകി.

റെക്കോർഡിലേക്ക് കുതിക്കുന്ന ഇന്ധന വില, വിമാന റദ്ദാക്കലുകൾ, റെയിൽ സമരം എന്നിവയൊക്കെ പൊതുജനങ്ങളെ രൂക്ഷമായി ബാധിക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷമുള്ള വേനൽക്കാലം ആഘോഷമാക്കാൻ ആളുകൾ ഒരുങ്ങുന്നെങ്കിലും സമരങ്ങളും പെട്രോൾ വിലയും കനത്ത തിരിച്ചടിയാകുമെന്ന ആശങ്കയിലാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കൊല്ലം : കൊല്ലത്ത് നീറ്റ് (National Eligibility cum Entrance Test – NEET) പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം അ‍ഴിപ്പിച്ച സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളിൽ വാർത്തയായി. ബ്രിട്ടീഷ് മാധ്യമമായ ഇൻഡിപെൻഡന്റ് ആണ് സംഭവം റിപ്പോർട്ട്‌ ചെയ്തത്. കൊല്ലം ആയൂരിലെ പരീക്ഷാ കേന്ദ്രത്തില്‍ ഞായറാഴ്ച നടന്ന സംഭവത്തില്‍ ശൂരനാട് സ്വദേശിനി റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയിരുന്നു. പരീക്ഷ എഴുതാനായി സെന്ററിന്റെ ഗേറ്റ് കടന്നപ്പോള്‍ ഒരു വനിതാ ഉദ്യോഗസ്ഥ കുട്ടിയെ തടഞ്ഞുനിര്‍ത്തി സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിച്ചു. അടിവസ്ത്രം ഊരി വയ്ക്കണമെന്ന് വിദ്യാര്‍ഥിനിയോട് ആവശ്യപ്പെടുകയും ചെയ്തു.

18 വയസ്സുള്ള കുട്ടിക്ക് ഇത് മാനസികമായി ഉള്‍ക്കൊള്ളാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞുവെന്നും തുടര്‍ന്ന് ഉദ്യോഗസ്ഥ മോശമായിസംസാരിക്കുകയായിരുന്നുവെന്നും രക്ഷിതാവ് പറഞ്ഞു. പരീക്ഷയാണോ ഡ്രസ് അഴിച്ച് പരിശോധിക്കുന്നതാണോ നിനക്ക് വലുത് എന്നായിരുന്നു വിദ്യാര്‍ത്ഥിനിയോട് ഉദ്യോഗസ്ഥ ചോദിച്ചത്. പല പെൺകുട്ടികൾക്കും ഈ ദുരനുഭവം ഉണ്ടായി. അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്കിട്ടാണ് പരീക്ഷ എഴുതിയതെന്നും വിദ്യാർഥിനികൾ പറഞ്ഞു.

അന്വേഷണത്തെ തുടർന്ന്, ഏജൻസി ദിവസ വേതനത്തിന് നിയോഗിച്ച മൂന്ന് ജീവനക്കാരടക്കം അഞ്ചു പേരെ നേരത്തെ പിടികൂടിയിരുന്നു. പരീക്ഷാ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന രണ്ട് അധ്യാപകരെയും അറസ്റ്റ് ചെയ്തു. അഞ്ചു പ്രതികൾക്കും ഇന്നലെ വൈകുന്നേരം ജാമ്യം ലഭിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രാജ്യം വീണ്ടും കോവിഡ് ഭീഷണിയിലാണോ? പുറത്തു വരുന്ന കണക്കുകൾ ആശങ്കാജനകമാണ്. രാജ്യമൊട്ടാകെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കോവിഡിന്റെ വ്യാപനത്തെ നിയന്ത്രിക്കുന്നതിന് പിൻവലിച്ച നിയന്ത്രണങ്ങൾ പുനസ്ഥാപിക്കേണ്ടതായി വരുമോ എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്.

രാജ്യത്തെ 20 പേരിൽ ഒരാൾക്കെങ്കിലും കോവിഡ് ബാധിച്ചിട്ടുണ്ടെന്ന കണക്കുകൾക്ക് പുറകെയാണ് രോഗം ബാധിച്ച് ആശുപത്രി പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വർധിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നത് . രോഗ വ്യാപനത്തിന് തടയിടാൻ മാസ്ക് ധരിക്കുക സാധ്യമായ മേഖലകളിൽ വർക്ക് ഫ്രം ഹോമിലൂടെ ജോലി നിർവഹിക്കാൻ അനുവദിക്കുക തുടങ്ങിയ തീരുമാനങ്ങൾ കൈക്കൊള്ളാൻ വിദഗ്ധർ ഇതിനോടകം മന്ത്രിമാരോട് ആവശ്യപ്പെട്ട് കഴിഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- തന്റെ മകളുടെ യൂണിഫോം ബിൽ തന്നെ കണ്ണീരിലാഴ്ത്തിയതായി തുറന്നു പറഞ്ഞിരിക്കുകയാണ് രണ്ടു കുട്ടികളുടെ മാതാവ്. സപ്പോർട്ട് ഗ്രാന്റ് മതിയാവുന്നില്ലെന്നും അവർ മാധ്യമങ്ങളോട് വെളിപ്പെടുത്തി . തന്നെപ്പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി കുടുംബങ്ങൾക്ക് സെക്കന്ററി സ്കൂൾ കുട്ടികളുടെ യൂണിഫോമും മറ്റും താങ്ങാനാവുന്നതിനപ്പുറം ആണെന്ന് അവർ വ്യക്തമാക്കി. അതിനാൽ തന്നെ അടിയന്തരമായി കൂടുതൽ സഹായങ്ങൾ ഉറപ്പാക്കണമെന്നും അവർ പറഞ്ഞു. അടുത്തിടെ രണ്ട് കുട്ടികൾക്ക് യൂണിഫോം വാങ്ങേണ്ട സാഹചര്യം വന്നുവെന്നും, പ്രൈമറി സ്കൂൾ കുട്ടിയുടെ യൂണിഫോം വില കൈകാര്യം ചെയ്യാനാവുന്നതായിരുന്നുവെന്നും, എന്നാൽ സെക്കന്ററി സ്കൂൾ കുട്ടിയുടെ യൂണിഫോം ബിൽ തന്നെ ബുദ്ധിമുട്ടിച്ചതായും അവർ വ്യക്തമാക്കി. ജീവിത ചിലവുകൾ ക്രമാതീതമായി വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ, എല്ലാ ചിലവുകളും കൂടെ മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കുകയില്ലെന്ന് അവർ തുറന്നു പറഞ്ഞു.

2021/22 വർഷത്തേക്കാൾ 20 ശതമാനം കൂടുതൽ യൂണിഫോം അലവൻസ് 2022/23 -ൽ വർദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് എജുക്കേഷൻ അതോറിറ്റി വക്താവ് അറിയിച്ചത്. നിലവിലെ സാഹചര്യങ്ങൾ സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടെന്നും, അതിനാൽ തന്നെ യൂണിഫോമും മറ്റും മിതമായ നിരക്കിൽ കുട്ടികൾക്ക് ലഭ്യമാക്കണമെന്ന് സ്കൂളുകൾക്ക് നിർദ്ദേശം നൽകി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് സ്കൂൾ അധികൃതർ കൂടുതൽ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പ്രെസ്റ്റൺ : പ്രെസ്റ്റണിൽ നിന്നുള്ള കൊച്ചു മിടുക്കി വീണ്ടും വാർത്തകളിൽ നിറയുകയാണ്. യുദ്ധം സൃഷ്ടിച്ച ഭീകരതയിൽ ജീവൻ നഷ്ടപ്പെടുന്ന കൊച്ചു കുട്ടികൾക്ക് വേണ്ടി റഷ്യൻ പ്രസിഡന്റ് പുടിന് കത്തയച്ച മലയാളി പെൺകുട്ടി കൃപാ തങ്കച്ചൻ, ഇത്തവണ എലിസബത്ത് രാജ്ഞിക്ക് ആശംസകൾ നേർന്നു കത്തയച്ചു. അതിലേറ്റവും പ്രധാനമായ കാര്യം, കൃപയുടെ കത്തിന് എലിസബത്ത് രാജ്ഞി മറുപടിയും അയച്ചു.

രാജസിംഹാസനത്തിൽ എഴുപത് വർഷം പൂർത്തിയാക്കിയ എലിസബത്ത് രാജ്ഞിക്ക് ആശംസകൾ അറിയിച്ചാണ് കൃപ കത്തയച്ചത്. “ബ്രിട്ടീഷ് രാജസിംഹാസനത്തിൽ എഴുപത് വർഷം തികച്ച രാജ്ഞിക്ക് അഭിനന്ദനങ്ങൾ. വൈവിധ്യവും സംസ്കാരവും ഒരുപോലെ നിറയുന്ന രാജ്യത്ത് പ്ലാറ്റിനം ജൂബിലി വർഷാഘോഷങ്ങളിൽ പങ്കുചേരുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. കുട്ടികളും മുതിർന്നവരും ഒരുപോലെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നു. എഴുപത് വർഷമായി രാജ്ഞി നമ്മുടെ അഭിമാനമായി വാഴുന്നു. ഇത് ഭാവി തലമുറകൾക്കും പ്രചോദനമേകും. അവർ രാജസിംഹാസനത്തോട് ആദരവും ബഹുമാനവും പുലർത്തുന്നവരാകും.” കൃപയുടെ മനസ്സിൽ നിന്നുള്ള ഈ വാക്കുകൾ രാജ്ഞിയെ സന്തോഷിപ്പിച്ചു എന്നതിന്റെ സൂചനയാണ് മറുപടി കത്ത്. കൃപയുടെ വാക്കുകൾക്ക് രാജ്ഞി ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. ഏപ്രിൽ 30ന് അയച്ച കത്തിന് കഴിഞ്ഞ വെള്ളിയാഴ്ച മറുപടി ലഭിച്ചു.

മറ്റുള്ളവരുടെ വിഷമങ്ങളിൽ പരിഹാരം കണ്ടെത്താൻ മാത്രമല്ല, വലിയ അംഗീകാരങ്ങൾക്ക് ഹൃദയം നിറഞ്ഞ് അഭിനന്ദനം അറിയിക്കാനും കൃപയ്ക്ക് മടിയില്ല. മാസങ്ങൾക്ക് മുൻപ്, സ്കൂൾ പരിസരത്തെ റോഡുകളുടെ അരികിൽ കിടന്ന ചപ്പുചവറുകൾ നീക്കം ചെയ്യുന്നതിനായി കൗൺസിലിലേക്ക് കത്തയച്ചു കാര്യം സാധിക്കുന്നതിൽ കൃപയും ക്ലാസിലെ കുട്ടികളും വിജയം നേടിയിരുന്നു.

തൊടുപുഴ ചീനിക്കുഴി സ്വദേശിയായ തങ്കച്ചൻ എബ്രഹാം ലിസമ്മ ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണ് കൃപ. പ്രെസ്റ്റൺ സെന്റ് ഗ്രിഗറി കാത്തലിക് പ്രൈമറി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനി. മൂത്ത മകൻ നവീൻ, മറൈൻ എഞ്ചിനീയറിംഗ്, ക്രിസ്റ്റീൻ തങ്കച്ചൻ എ ലെവൽ വിദ്യാർത്ഥിനിയും ആണ്. ലിസമ്മ പ്രെസ്റ്റൺ ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്യുന്നു. 2004 ലിൽ പ്രെസ്റ്റണിൽ എത്തിയ ആദ്യകാല മലയാളികളിൽ തങ്കച്ചനും കുടുംബവും ഉൾപ്പെടുന്നു. മുൻ കേരള പൊലീസ് ഉദ്യോഗസ്ഥനാണ് തങ്കച്ചൻ എബ്രഹാം.

റഷ്യൻ ഉക്രൈൻ യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ താൻ എഴുതിയ കത്തിന് പുടിനിൽ നിന്ന് മറുപടി ലഭിക്കാത്തതിൽ ദുഃഖമുണ്ടെന്ന് കൃപാ തങ്കച്ചൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. റഷ്യൻ ഉക്രൈൻ പ്രശ്നത്തിൽ സമാധാന ദൂതനായി ഇടപെടണമെന്ന് മാർപാപ്പയോട് അഭ്യർത്ഥിക്കുന്ന കത്തെഴുതാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ കൃപ തങ്കച്ചൻ .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കൺസർവേറ്റീവ് പാർട്ടിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിനായി നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ വംശജനായ ഋഷി സുനക് അവസാന റൗണ്ടിലെത്തി. എംപിമാർക്കിടയിൽ നടന്ന 5 -ാം റൗണ്ട് വോട്ടെടുപ്പിൽ ഋഷി സുനക് ആണ് ഏറ്റവും മുന്നിൽ. മുൻ ചാൻസിലർ കൂടിയായ ഋഷി സുനകിന് 137 വോട്ടുകൾ ലഭിച്ചപ്പോൾ രണ്ടാം സ്ഥാനത്തുള്ള ലിസ് ട്രസിന് 113 വോട്ടുകളാണ് ലഭിച്ചത് . 105 വോട്ടുകൾ മാത്രം ലഭിച്ച പെനി മോർഡന്റ് മത്സരത്തിൽ നിന്ന് പുറത്തായി.

പ്രധാനമന്ത്രിപദത്തിനായി മത്സരിച്ചവരിൽ നിന്ന് എംപിമാർക്കിടയിൽ വിവിധ ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്തിയാണ് രണ്ടുപേരിലേയ്ക്ക് സ്ഥാനാർത്ഥി പട്ടിക ചുരുങ്ങിയത്. എം. പിമാർക്കിടയിലെ അവസാന റൗണ്ട് വോട്ടെടുപ്പും പൂർത്തിയായി കഴിഞ്ഞു. അവസാനഘട്ടത്തിൽ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ പോസ്റ്റൽ ബാലറ്റ് വഴി വോട്ടെടുപ്പ് നടത്തിയാണ് ബ്രിട്ടന്റെ 56 -മത്തെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത്.

ബോറിസ് ജോൺസന്റെ പിൻഗാമിയായി ഋഷി സുനക് ജയിച്ചാൽ ആദ്യത്തെ ബ്രിട്ടീഷ് ഏഷ്യൻ പ്രധാനമന്ത്രിയാകും അദ്ദേഹം. ലിസ് ട്രസ് ആണ് തിരഞ്ഞെടുക്കപ്പെടുന്നതെങ്കിൽ ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാകും അവർ. മാർഗരറ്റ് താച്ചറും തെരേസാമേയും ആയിരുന്നു നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിപദം അലങ്കരിച്ചിരുന്ന വനിതകൾ .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ചാൾസ് രാജകുമാരൻ തന്റെ ചാരിറ്റി ഫണ്ടിലേക്ക് സ്വീകരിച്ച 2.5 മില്യൻ പൗണ്ട് തുകയെ സംബന്ധിച്ച് അന്വേഷണം ഉണ്ടാവുകയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചാരിറ്റി കമ്മീഷൻ. നിരവധി തവണകളായി ചാൾസ് രാജകുമാരൻ മുൻ ഖത്തർ പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹമദ് ബിൻ ജാസിം ബിൻ ജാബർ അൽതാനിയിൽ നിന്നും പണം സ്വീകരിച്ചതായും, എന്നാൽ ഒരു പ്രാവശ്യം സ്യൂട്ട്കേസിലും ക്യാരിബാഗിലുമായി പണം സ്വീകരിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. ഇതേ തുടർന്ന് ചാൾസ് രാജകുമാരനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ പണം സംബന്ധിച്ച് യാതൊരുവിധ അന്വേഷണങ്ങളും ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചാരിറ്റി റഗുലേറ്റർ. ഇനി മുതൽ ഇത്തരത്തിലുള്ള വലിയ തുകകൾ പണമായി സ്വീകരിക്കില്ലെന്ന് മുതിർന്ന രാജകുടുംബ വക്താവ് വ്യക്തമാക്കി. ചാരിറ്റി ഓർഗനൈസേഷൻ നൽകിയ വിവരങ്ങൾ വ്യക്തമായി പഠിച്ചതായും, നിലവിൽ ചാരിറ്റി കമ്മീഷന്റെ ഇടപെടലുകൾ ആവശ്യമില്ലെന്നും ചാരിറ്റി കമ്മീഷൻ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ പ്രിൻസ് ഓഫ് വെയിൽസ് ചാരിറ്റബിൾ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് യാതൊരുവിധ ആശങ്കകളും തങ്ങൾക്കില്ലെന്ന് അവർ വ്യക്തമാക്കി.

യാതൊരുവിധ തെറ്റായ നടപടികളും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ സർ ഇയാൻ ചെഷയർ വ്യക്തമാക്കി. 40 വർഷം നീണ്ട തങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങളെ സംശയദൃഷ്ടിയോടെ കാണുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. 2011 മുതൽ 2015 വരെയുള്ള കാലഘട്ടങ്ങളിൽ മൂന്ന് തവണകളായി ചാൾസ് രാജകുമാരൻ പണം കൈപ്പറ്റിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം വേണമോ എന്നതിൽ ചാരിറ്റി കമ്മീഷൻ ഒരു മാസത്തോളം ആലോചനകൾ നടത്തിയെന്നും, നിലവിൽ അന്വേഷണം ആവശ്യമില്ലെന്ന തീരുമാനത്തിലാണ് എത്തിച്ചേർന്നതെന്നും കമ്മീഷൻ അംഗങ്ങൾ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ പണപ്പെരുപ്പം 40 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കണക്കായ 9.4 ശതമാനത്തിലേയ്ക്ക് എത്തിയിരിക്കുകയാണ്. പെട്രോൾ, ഡീസൽ മുതലായ ഇന്ധനങ്ങളുടെയും പാൽ, മുട്ട തുടങ്ങിയ അവശ്യസാധനങ്ങളുടെയും വിലവർധനവാണ് നിലവിലെ സാഹചര്യത്തിലേയ്ക്ക് നയിച്ചിരിക്കുന്നത്. പെട്രോൾ നിരക്കുകൾ ലിറ്ററിന് 18.1 പെൻസ് എന്ന നിലയിലാണ് ജൂണിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ഇതോടൊപ്പം തന്നെ അവശ്യവസ്തുക്കളായ പാൽ, മുട്ട, ചീസ് മുതലായവയ്ക്കും വില വർധന ഉണ്ടായിട്ടുണ്ട്. നിലവിൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പള വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും, ജീവിത ചെലവുകൾ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ശമ്പള വർദ്ധനവ് വേണമെന്ന് യൂണിയനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഉക്രൈൻ യുദ്ധം മുതലാണ് ഇന്ധനങ്ങളുടെ വിലയിൽ ക്രമാതീതമായ വർദ്ധനവ് ആരംഭിച്ചത്. 1990 മുതലുള്ള ഏറ്റവും കൂടുതൽ വിലയായ ലിറ്ററിന് 184 പെൻസ് എന്ന നിലയിലാണ് പെട്രോൾ വിലയെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതോടൊപ്പം തന്നെ വരുന്ന മാസം ഉണ്ടാകുന്ന എനർജി ബില്ലുകളുടെ വർദ്ധനവ് സാഹചര്യത്തെ കൂടുതൽ വഷളാക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

യുകെയിലെ പണപ്പെരുപ്പം മറ്റു രാജ്യങ്ങളേക്കാൾ കൂടുതലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ധന വിലകളുടെ വർദ്ധനവും, ജീവനക്കാരുടെ കുറവുമാണ് പണപ്പെരുപ്പത്തിന്റെ പ്രധാന കാരണങ്ങളെന്ന് പ്രമുഖ എക്കണോമിസ്റ്റ് പോൾ ഡെയിൽസ് വ്യക്തമാക്കി. ബ്രെക്സിറ്റ് മൂലവും കോവിഡ് മൂലവുമാണ് ബ്രിട്ടനിൽ ജോലിക്കാരുടെ ക്ഷാമം ഉണ്ടായിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന തീരുമാനങ്ങൾ നിർണായകമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : റെയിൽവേ, എയർപോർട്ട് ജീവനക്കാർ, ടെലികോം തൊഴിലാളികൾ, തപാൽ ജീവനക്കാർ എന്നിവരുൾപ്പെടെ വിവിധ തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നവർ ഈ വേനൽക്കാലത്ത് പണിമുടക്കിലേക്ക് നീങ്ങുകയാണ്. കോവിഡും കുരങ്ങുപനിയും ഉഷ്ണതരംഗവും കൊണ്ടുവന്ന ദുരിതം താങ്ങാനാവാതെ പൊതുജനങ്ങൾ പാടുപെടുകയാണ്. അതിനൊപ്പമാണ് സമരങ്ങളുടെ ഒരു പരമ്പര തന്നെ ബ്രിട്ടനിൽ ഉണ്ടാകുന്നത്. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിന് അനുസരിച്ച് വേതനം ലഭിക്കുന്നില്ലെന്നും അതിനാൽ, ശമ്പള വർധന ആവശ്യമാണെന്നും യൂണിയനുകൾ പറയുന്നു. പൊതുമേഖലാ തൊഴിലാളികൾക്ക് മാന്യമായ വേതന വർധന ഉറപ്പാക്കണമെന്നും മിനിമം വേതനം 15 പൗണ്ടായി ഉയർത്തണമെന്നും ട്രേഡ്സ് യൂണിയൻ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

ഇപ്പോൾ, മാന്യമായ ശമ്പള വർധനയ്ക്കായി റോയൽ മെയിൽ ജീവനക്കാരും സമരത്തിലേക്ക് കടക്കുകയാണ്. 115,000-ത്തിലധികം റോയൽ മെയിൽ ജീവനക്കാർ പണിമുടക്കിനെ അനുകൂലിച്ചു വോട്ട് ചെയ്തു. സമര തീയതി പ്രഖ്യാപിച്ചിട്ടില്ല. ജീവിതച്ചെലവ് കുതിച്ചുയരുന്നതിനാൽ സമീപ ആഴ്ചകളിൽ പണിമുടക്കിന് ആഹ്വാനം ചെയ്ത യൂണിയനുകളിൽ ഏറ്റവും പുതിയതാണ് കമ്മ്യൂണിക്കേഷൻ വർക്കേഴ്സ് യൂണിയൻ (സിഡബ്ല്യുയു).

റെയിൽവേ, എയർപോർട്ട് ജീവനക്കാരും ശമ്പള പ്രതിസന്ധിയിലാണ്. യുകെയിൽ അവശ്യ സാധനങ്ങളുടെ വില 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. മുതലാളിമാർ 758 മില്യൺ പൗണ്ട് ലാഭം നേടുകയും ഓഹരി ഉടമകൾ 400 മില്യൺ പൗണ്ട് എടുക്കുകയും ചെയ്യുമ്പോൾ, ജീവനക്കാർ കടുത്ത ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നത്. ഇതവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് ജീവനക്കാർ.

RECENT POSTS
Copyright © . All rights reserved