ന്യൂസ് ഡെസ്ക് മലയാളം യുകെ
ആരോഗ്യകരമായ ഒരു ജീവിതശൈലി പിൻ തുടരുന്നതിന് ഭക്ഷണക്രമത്തിൽ പഴങ്ങൾ ഉൾപ്പെടുത്തുന്നത് അത്യന്താപേക്ഷിതമാണ്. ആവശ്യമായ വിറ്റാമിനുകൾ , ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ, നാരുകൾ എന്നിവ അടങ്ങിയ പഴങ്ങൾ ഹൃദയാരോഗ്യത്തിനും മറ്റ് ഒട്ടേറെ രോഗങ്ങളെ പ്രതിരോധിക്കാനും സഹായകരമാണ് . എന്നാൽ ലോകത്തിൽ ഏറ്റവും കൂടുതൽ പഴങ്ങൾ കഴിക്കുന്നവരുടെ പട്ടിക ഔവർ വേൾഡ് ഇൻ ഡേറ്റാ പുറത്തുവിട്ടപ്പോൾ ആ പട്ടികയിൽ യുകെയും യുഎസും ഇല്ല . കരീബിയൻ ദീപായ ഡൊമിനിക്കയിൽ ഉള്ളവരാണ് ലോകത്ത് ഏറ്റവും കൂടുതൽ പഴവർഗ്ഗങ്ങൾ കഴിക്കുന്നത് .ഡൊമിനിക്കയിലെ ജനങ്ങൾ ഒരു വർഷം 387.18 കിലോഗ്രാം പഴങ്ങളാണ് തങ്ങളുടെ ഭക്ഷണത്തിൻറെ ഭാഗമാക്കുന്നത്. ഇത്രയും പഴങ്ങൾ ഒരാൾ കഴിക്കണമെങ്കിൽ ഏകദേശം 1500 ആപ്പിളുകളോ അതുമല്ലെങ്കിൽ 2500 വാഴപ്പഴങ്ങളോ തങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമായി കഴിക്കേണ്ടതായി വരും.
എന്നാൽ 2020 -ലെ കണക്കുകൾ പ്രകാരം യുകെയിലെ ജനങ്ങൾ 86.4 കിലോഗ്രാം പഴങ്ങൾ മാത്രമേ തങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമായി കഴിക്കുന്നുള്ളൂ . നിലവിൽ ഏറ്റവും കൂടുതൽ പഴങ്ങൾ കഴിക്കുന്നവരുടെ പട്ടികയിൽ യുകെ 65-ാം സ്ഥാനത്താണ് ഒരു ശരാശരി അമേരിക്കക്കാരൻ പ്രതി വർഷം 93.8 കിലോഗ്രാം പഴങ്ങൾ കഴിക്കുന്നുണ്ട്. പട്ടികയിൽ യുഎസ് 51-ാം സ്ഥാനത്താണ് . 195 രാജ്യങ്ങളുടെ പട്ടികയാണ് ഔവർ വേൾഡ് ഇൻ ഡേറ്റാ പ്രസിദ്ധീകരിച്ചിരിക്കുന്നത്.ഔവർ വേൾഡ് ഇൻ ഡേറ്റാ പ്രവർത്തിക്കുന്നത് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ പിന്തുണയോടെയാണ്.
പട്ടിക അനുസരിച്ച് ഇന്ത്യയിലെ ജനങ്ങൾ ശരാശരി 62.7 3 കിലോഗ്രാം പഴങ്ങൾ മാത്രമേ ഒരു വർഷം കഴിക്കുന്നുള്ളൂ. പട്ടികയിൽ 113-ാം സ്ഥാനത്താണ് ഇന്ത്യ ഉള്ളത്. പട്ടിക പ്രകാരം ഗ്രീസ് (142 കിലോഗ്രാം), പോർച്ചുഗൽ (130.5 കിലോഗ്രാം), ഇറ്റലി (129.9 കിലോഗ്രാം) എന്നീ രാജ്യങ്ങളാണ് യൂറോപ്പിൽ ഏറ്റവും കൂടുതൽ പഴങ്ങൾ കഴിക്കുന്നത് . ആഗോളതലത്തിൽ ഏറ്റവും കുറവ് പഴങ്ങൾ കഴിക്കുന്നവരുടെ പട്ടികയിൽ ഉള്ളത് സാംബിയ (4.6 കിലോഗ്രാം), ചാഡ് (7.1 കിലോഗ്രാം), ടോഗോ (7.4 കിലോഗ്രാം) എന്നീ രാജ്യങ്ങളാണ് .
യുകെയിലെ ശരാശരി ഒരു വ്യക്തി പ്രതിവർഷം 20.3 കിലോഗ്രാം ഓറഞ്ചും 17.1 കിലോഗ്രാം ആപ്പിളും 13.8 കിലോ ഏത്തപ്പഴവും കഴിക്കുന്നുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത് .

ലോകത്തിലെ ഏറ്റവും കൂടുതൽ പഴം കഴിക്കുന്ന രാജ്യങ്ങളുടെ പട്ടിക
ഡൊമിനിക്ക 387.18 കിലോ
ഡൊമിനിക്കൻ റിപ്പബ്ലിക് 353.04 കി
ഗയാന 294.05 കി
പാപുവ ന്യൂ ഗിനിയ 214.97 കിലോ
സാവോ ടോമും പ്രിൻസിപ്പും 200.98 കി
ഉഗാണ്ട 200.89 കിലോ
അൽബേനിയ 190.80 കി.ഗ്രാം
ഘാന 179.59 കിലോ
മലാവി 174.02 കിലോ
സമോവ 157.71 കിലോ
ഏറ്റവും കുറവ് പഴങ്ങൾ കഴിക്കുന്ന രാജ്യങ്ങളുടെ പട്ടിക
ഗാംബിയ 4.61 കിലോ
സാംബിയ 7.01 കിലോ
ചാഡ് 7.05 കിലോ
ടോഗോ 7.35 കിലോ
എത്യോപ്യ 12.21 കിലോ
മൗറിറ്റാനിയ 12.37 കിലോ
മംഗോളിയ 13.10 കിലോ
കംബോഡിയ 13.76 കിലോ
ഈസ്റ്റ് തിമോർ 13.82 കി
ലെസോത്തോ 14.81 കിലോ
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെ അവസാന ഓപ്പൺകാസ്റ്റ് കൽക്കരി ഖനിയുടെ നടത്തിപ്പുകാർ ലൈസൻസ് ലംഘിച്ചതായി ആരോപണം. ഖനിക്ക് അനുവദനീയമായ സ്ഥലത്തിന് പുറത്ത് ഖനനം നടത്തുന്നതായി ഇൻസ്‌പെക്ടർമാർ കണ്ടെത്തിയതിന് പിന്നാലെയാണിത്. മെർതിർ ടിഡ്ഫിലിൻെറ എഫ്ഫോസ്-വൈ-ഫ്രാൻ ഖനി യുകെയുടെ കൽക്കരിയുടെ മൂന്നിൽ രണ്ട് ഭാഗവും ഉത്പാദിപ്പിക്കുന്നു. കഴിഞ്ഞ സെപ്തംബറിൽ പ്ലാനിംഗ് പെർമിഷൻ കാലാവധി തീരുന്നതിനാൽ ഖനി അടയ്ക്കേണ്ടതായിരുന്നു. കാലാവധിക്ക് ശേഷം 200,000 ടണ്ണിലധികം കൽക്കരി ഖനിയിൽ വേർതിരിച്ചെടുത്തിട്ടുണ്ട്.

ഈ വർഷം ആദ്യം ഖനനം നിർത്താൻ ഉടമയ്ക്ക് ലോക്കൽ അതോറിറ്റി എൻഫോഴ്‌സ്‌മെന്റ് ഉത്തരവ് നൽകിയിരുന്നു. ഇതിൻ പ്രകാരം ജൂലൈ അവസാനത്തോടെ ഉത്പാദനം അവസാനിപ്പിക്കണം. എന്നാൽ ഈ തീരുമാനത്തിനെതിരെ കമ്പനി അപ്പീൽ നൽകി.യുകെയിൽ ലൈസൻസ് നൽകുന്ന കൽക്കരി അതോറിറ്റി ഇപ്പോൾ കമ്പനിക്ക് അന്തിമ എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് അയച്ചിട്ടുണ്ട്. ലൈസൻസ് ഏരിയയ്ക്ക് പുറത്തുള്ള കൽക്കരി ഖനനം ഉടനടി നിർത്തുകയും ഇത് നടന്നതായി അധികാരിയെ അറിയിക്കുകയും വേണമെന്ന് കത്തിൽ പറയുന്നു.

സ്റ്റീൽ വ്യവസായത്തിന് ഖനിയിൽ നിന്നുള്ള കൽക്കരി ആവശ്യമാണെന്ന് വാദിച്ച് 2024 വരെ ലൈസൻസ് നീട്ടാൻ കമ്പനി അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള വെൽഷ് ഗവൺമെന്റ് നയങ്ങൾക്ക് വിരുദ്ധമാണിതെന്ന് ചൂണ്ടിക്കാട്ടി കൗൺസിൽ പ്ലാനിംഗ് ഉദ്യോഗസ്ഥർ ഏപ്രിലിൽ അപേക്ഷ നിരസിച്ചു. അതിനാൽ 16 വർഷത്തെ ഉത്ഖനനത്തിന് ശേഷം എഫ്ഫോസ്-വൈ-ഫ്രാൻ ഖനിയിലെ ഉൽപ്പാദനം അവസാനിക്കും. 2005-ൽ അനുമതി ലഭിച്ച ഖനി ഏകദേശം 11 ദശലക്ഷം ടൺ കൽക്കരി ഖനനം ചെയ്‌തിരുന്നു
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഗ്രീക്ക് ദ്വീപായ റോഡ്‌സിൽ കാട്ടുതീ പടർന്നതിനെ തുടർന്ന് ബ്രിട്ടീഷുകാർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളെ വീടുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും ഒഴിപ്പിച്ചു. രാജ്യത്തെ അഗ്നിശമന സേന ഇതുവരെ നേരിട്ടിട്ടുള്ള ഏറ്റവും ഭയാനകമായ തീപിടുത്തമാണിത്. തീപിടിത്തത്തിന് പിന്നാലെ 3500-ലധികം ആളുകളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിയത്. ആർക്കും പരുക്കുകൾ ഇല്ലെന്ന് ഗ്രീസിലെ സിവിൽ പ്രൊട്ടക്ഷൻ മന്ത്രാലയം അറിയിച്ചു. റോഡ്‌സിലെ ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് സന്ദർശകരെ സുരക്ഷിതമായി ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ദ്വീപിലെ ടൂറിസ്റ്റ് താമസ സൗകര്യത്തിന്റെ 10% കാട്ടുതീയിൽ അകപ്പെട്ടിട്ടുണ്ട്.

അഞ്ച് ഹെലികോപ്റ്ററുകളും 173 അഗ്നിശമന സേനാംഗങ്ങളും പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്. കിയോതാരി പ്രദേശത്തെ മൂന്ന് ഹോട്ടലുകൾക്ക് തീപിടിച്ചതായി റിപ്പോർട്ട് ചെയ്തു. ലാർമ, ലാർഡോസ്, അസ്ക്ലിപിയോ എന്നീ പ്രദേശങ്ങളെയും കാട്ടുതീ ബാധിച്ചു. സഹോദരിക്കും മകൾക്കുമൊപ്പം താൻ താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് ഒഴിപ്പിക്കപ്പെട്ടിരുന്നെന്നും എന്നാൽ പിന്നീട് കടുത്ത ചൂടിൽ നൂറുകണക്കിന് ആളുകളുമായി കടൽത്തീരത്ത് കുടുങ്ങിയെന്നും ഒരു ബ്രിട്ടീഷ് വനിത പറഞ്ഞു.

ഈ വാരാന്ത്യത്തിൽ ഗ്രീസ് കടുത്ത ചൂടിനെയാണ് അഭിമുഖീകരിക്കുന്നത്. താപനില 45C (113F) വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. 50 വർഷത്തിനിടെ ഗ്രീസിലെ ജനങ്ങൾ നേരിടുന്ന ഏറ്റവും ചൂടേറിയ ജൂലൈ വാരാന്ത്യമായി ഇത് മാറുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെട്ടു. ഉയർന്ന താപ നിലയ്ക്ക് പിന്നാലെ രാജ്യത്തൊട്ടാകെ നിരവധി കാട്ടുതീകൾ ഇതിനോടകം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ചൂട് വർദ്ധിക്കുന്നതിനാൽ പുതിയ തീപിടുത്തങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി
ന്യൂസ് ഡെസ്ക് മലയാളം യുകെ
മലേഷ്യ :- പ്രമുഖ പോപ്പ് റോക്ക് ബാൻഡായ 1975 ന് മലേഷ്യൻ സർക്കാർ രാജ്യത്ത് വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. മലേഷ്യയിലെ ക്വാലാലംപൂരിൽ വെള്ളിയാഴ്ച നടന്ന ഒരു ഷോയ്ക്കിടെ, മലേഷ്യയിൽ നിലനിൽക്കുന്ന എൽ ജി ബി റ്റി ക്യു + വിരുദ്ധ നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് ബാൻഡിന്റെ മുന്നണി താരം മാറ്റി ഹെയ്‌ലി സഹതാരമായ റോസ് മക്ഡോണാൾഡുമായി ചുംബനത്തിൽ ഏർപ്പെട്ടതിനെ തുടർന്നാണ് ബാൻഡിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

മലേഷ്യയിൽ നടക്കുന്ന മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ഗുഡ് വൈബ്സ് ഫെസ്റ്റിവൽ ഈ വിവാദങ്ങളെ തുടർന്ന് നിർത്തിവച്ചു. സ്റ്റേജിൽ വച്ച് നടത്തിയ പ്രസംഗത്തിൽ മാറ്റി ഹെയ്‌ലി മലേഷ്യൻ സർക്കാരിന്റെ എൽ ജി ബി റ്റി ക്യു + കമ്മ്യൂണിറ്റി ക്കെതിരെയുള്ള നിയമങ്ങളെയും നിലപാടുകളെയും വിമർശിക്കുകയും, അതോടൊപ്പം തന്നെ മലേഷ്യയിൽ ഷോ നടത്തുവാൻ തീരുമാനിച്ച ബാൻഡിന്റെ തീരുമാനം തെറ്റായിരുന്നു എന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ബാങ്കിനെ സർക്കാർ രാജ്യത്ത് നിന്ന് വിലക്കിയതായി അധികൃതർ അറിയിച്ചിട്ടുണ്ട്.

മലേഷ്യയിൽ സ്വവർഗ ബന്ധങ്ങൾ നിയമവിരുദ്ധവും 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണ്. ഇത്തരം നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ചാണ് മാറ്റി ഹെയ്‌ലി തന്റെ സഹ പുരുഷതാരത്തെ സ്റ്റേജിൽ വച്ച് ചുംബിച്ചത്. ബാൻഡിന്റെ ഭാഗത്ത് നിന്നും ഉണ്ടായ പെരുമാറ്റം തികച്ചും അനാദരവ് നിറഞ്ഞതാണെന്ന് മലേഷ്യയുടെ കമ്മ്യൂണിക്കേഷൻസ് മന്ത്രി ഫഹ്മി ഫഡ്‌സിൽ കുറ്റപ്പെടുത്തി. ഇതിനുമുൻപും ഇത്തരത്തിൽ എൽ ജി ബി റ്റി ക്യു + കമ്മ്യൂണിറ്റികളെ പിന്തുണയ്ക്കുന്ന നിലപാടുകൾ മാറ്റി ഹെയ്‌ലി കൈകൊണ്ടിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വനിതാ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. ടൂർണമെന്റിലെ അരങ്ങേറ്റക്കാരായ ഹെയ്തിക്കെതിരെ ഇംഗ്ലണ്ടിന് മികച്ച പോരാട്ടം കാഴ്ച വയ്ക്കാൻ സാധിച്ചില്ലെങ്കിലും വിജയത്തിൽ ടീം പിടിച്ചുനിന്നു. ജോർജിയ സ്റ്റാൻവേയുടെ രണ്ടാം പെനാൽറ്റി കിക്കാണ് ഇംഗ്ലണ്ടിന് വിജയം നേടിക്കൊടുത്തത്. ഹെയ്തി ഗോൾകീപ്പർ കെർലി തെയസ് പെനാൽറ്റിയുടെ ആദ്യ ശ്രമത്തിൽ നേരത്തെ തന്നെ തന്റെ ലൈനിൽ നിന്ന് മാറിപ്പോയതായി വീഡിയോ അസിസ്റ്റന്റ് റഫറിവിലയിരുത്തിയതിന് പിന്നാലെ രണ്ടാം അവസരം ലഭിക്കുകയായിരുന്നു. 2022 യൂറോയിൽ ഓസ്ട്രിയയ്‌ക്കെതിരായ ഓപ്പണിംഗ് മത്സരത്തിലെ പ്രകടനത്തോടെ സമാനമായിരുന്നു ഇംഗ്ലണ്ടിന്റെ ഇന്നത്തെ കളി.

ലോക റാങ്കിങ്ങിൽ 53-ാം സ്ഥാനക്കാരാണ് ഹെയ്തി. കളിയിൽ ഹെയ്തി നല്ല ഡിഫൻസ് ആണ് കാഴ്ച്ചവച്ചത്. കളിക്കാരിൽ മെൽച്ചി ഡുമോർനെ എന്ന പത്തൊൻപതുകാരിയുടെ പ്രകടനം കാണികളുടെ ശ്രദ്ധ നേടിയിരുന്നു. മെൽച്ചി ഡുമോർനെയുടെ നീക്കങ്ങൾ ഇംഗ്ലണ്ടിനെ പ്രതിരോധത്തിൽ ആക്കിയിരുന്നു. അതേസമയം കാൽമുട്ടിനുള്ള ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ മില്ലി ബ്രൈറ്റ് ബുദ്ധിമുട്ടി.

രണ്ടാം പകുതിയിൽ ലീഡ് ഉയർത്താൻ ഇംഗ്ലണ്ടിന് അവസരങ്ങൾ ലഭിച്ചിരുന്നു. ഇംഗ്ലണ്ട് ഗോൾകീപ്പർ മേരി ഇയർപ്‌സ് മികച്ച സേവിങ്ങിലൂടെ റോസ്‌ലിൻ എലോയ്‌സെയ്‌ന്റിന്റെ സ്‌ട്രൈക്ക് ക്ലോസ് റേഞ്ചിൽ നിന്ന് പുറത്താക്കി. ഏറ്റവും ഒടുവിൽ നടന്ന മത്സരങ്ങളിൽ പോർച്ചുഗലിനും ഓസ്‌ട്രേലിയയ്‌ക്കുമെതിരെ മോശം പ്രകടനം കാഴ്ച്ചവച്ചതിന് പിന്നാലെയാണ് ടീം ഓസ്‌ട്രേലിയയിലെത്തിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : വേനൽക്കാല അവധിയ്ക്കായി സ്കൂളുകൾ അടച്ചതിന് തൊട്ടുപിന്നാലെ നൂറുകണക്കിന് വിദ്യാർത്ഥികൾ മാഞ്ചസ്റ്റർ സിറ്റി സെന്ററിൽ തടിച്ചുകൂടിയത് പരിഭ്രാന്തി പരത്തി. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് സന്നാഹം നിലകൊണ്ടു. അതേസമയം, വിദ്യാർത്ഥികൾ പോലീസിന് നേരെ മുട്ട എറിഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്. മാർക്കറ്റ് സ്ട്രീറ്റിലും പിക്കാഡിലി ഗാർഡനിലും പോലീസുകാർ നിൽക്കുന്നതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളിലും വീഡിയോകളിലും കാണാം.

മാഞ്ചസ്റ്റർ സിറ്റി സെന്ററിൽ വെച്ച് ഒരാൾ സംഗീതം പ്ലേ ചെയ്യാൻ തുടങ്ങിയെന്നും കുട്ടികൾ തടിച്ചുകൂടിയപ്പോൾ പോലീസ് അദ്ദേഹത്തോട് സംഗീതം നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിൽ രോക്ഷം കൊണ്ട വിദ്യാർത്ഥികൾ പോലീസിന് നേരെ തിരിയുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. വിദ്യാർത്ഥികളുടെ ‘പ്രകടനങ്ങൾ’ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

വിദ്യാർത്ഥികൾ കൂട്ടംകൂടിയതിനെ തുടർന്ന് മക്ഡൊണാൾഡ് അതിന്റെ ഗേറ്റുകൾ താൽക്കാലികമായി അടയ്ക്കാൻ നിർബന്ധിതരായി. കടയുടമകൾ വാതിലുകൾ പൂട്ടുകയും സെക്യൂരിറ്റി ഗാർഡുകളെ പുറത്തു നിർത്തുകയും ചെയ്തു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഇത്തരം സംഭവങ്ങൾക്കെതിരെ നടപടി എടുക്കുമെന്ന് മാഞ്ചസ്റ്റർ കൗൺസിലർ പാറ്റ് കർണി പ്രതികരിച്ചു
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- തനിക്ക് 18 വയസ്സായി എട്ടു ദിവസത്തിനു ശേഷമാണ് താൻ ജോലി ചെയ്തിരുന്ന മക്ഡോണാൾഡ്സിലെ ഒരു സഹപ്രവർത്തകൻ തന്നെ ബലാത്സംഗം ചെയ്യുവാൻ ശ്രമിച്ചതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് എലിസബത്ത് എന്ന യുവതി. ഇത്തരത്തിലുള്ള നിരവധി പരാതികളും ആരോപണങ്ങളും മക്ഡോണാൾഡ്സിനെതിരെ ഉയർന്നുവരുന്നതുവരെ താൻ നിശബ്ദയായിരുന്നുവെന്നും, എന്നാൽ ഇത്തരത്തിൽ നിരവധിപേർ മുന്നോട്ടു വന്നപ്പോഴാണ് തനിക്ക് ധൈര്യം ലഭിച്ച് തന്റെ വ്യക്തിത്വം വെളിപ്പെടുത്തുവാൻ തീരുമാനിച്ചതൊന്നും എലിസബത്ത് വ്യക്തമാക്കുന്നു.

പാർട്ട് ടൈം ജോലിയുടെ ഭാഗമായി ആദ്യമായി മക്ഡോണാൾഡ്സിൽ പ്രവർത്തിച്ചപ്പോഴായിരുന്നു തന്നെക്കാൾ ഏറെ പ്രവർത്തി പരിചയം ഉള്ള സഹപ്രവർത്തകൻ തന്നെ ഉപദ്രവിക്കുവാൻ ശ്രമിച്ചതെന്ന് എലിസബത്ത് പറയുന്നു. എന്നാൽ ഇതോടൊപ്പം തന്നെ ഈ സ്ഥാപനത്തിൽ നിലനിന്നിരുന്ന സമ്പ്രദായം ഇത്തരത്തിലുള്ള പരാതികൾ അന്വേഷിക്കാനോ, ജീവനക്കാരെ സഹായിക്കാനോ ഒരിക്കലും ശ്രമിച്ചിരുന്നില്ലെന്നും എലിസബത്ത് തുറന്നു വ്യക്തമാക്കുന്നു. എലിസബത്തിനെ പോലെ നിരവധി പേരാണ് ഈ സ്ഥാപനത്തിന് നേരെ തങ്ങളുടെ പരാതികളുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. ബിബിസി ന്യൂസ് നടത്തിയ അന്വേഷണത്തിൻെറ ഭാഗമായാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ആ സ്ഥാപനത്തിൽ ഇപ്പോൾ ജോലി ചെയ്യുന്നവരും മുൻപ് ജോലി ചെയ്തിരുന്നവരുമായ നിരവധി സ്റ്റാഫുകൾ ആണ് തങ്ങൾക്ക് നേരിട്ട് ദുരനുഭവങ്ങളെ കുറിച്ച് തുറന്നു പറയുവാൻ തയ്യാറായത്. 16,17 വയസ്സുകളിൽ പെട്ട നിരവധി പെൺകുട്ടികൾക്ക് പുരുഷന്മാരിൽ നിന്ന് ലൈംഗികപരമായ അതിക്രമങ്ങൾ നേരിടേണ്ടി വന്നതായി അവർ വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ വംശീയപരമായ അധിക്ഷേപങ്ങളും ജീവനക്കാർക്ക് നേരിടേണ്ടതായി വന്നിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമാക്കുന്നുണ്ട്. മക്ഡോണാൾഡ്സിലെ എല്ലാ ഔട്ട്ലെറ്റുകളിലെയും മാനേജർമാരും സീനിയർ മാനേജർമാരും ആണ് ഇത്തരത്തിൽ ഒരു സ്ഥിതി തുടരുന്നതിന് കാരണമായതെന്നാണ് ഭൂരിഭാഗം പേരും വ്യക്തമാക്കുന്നത്. ഒരു തരത്തിലുള്ള നടപടികളും ഇവരുടെ ഭാഗത്ത് നിന്നും പരാതി ലഭിച്ചാൽ പോലും ഉണ്ടാകുന്നില്ലെന്ന ആരോപണം ഉയർന്നിട്ടുണ്ട്. തങ്ങളുടെ ഭാഗത്തുനിന്നും തെറ്റ് സംഭവിച്ചതായി മക്ഡോണാൾഡ് അധികൃതർ അംഗീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പോലീസിൻെറ ഭാഗത്തുനിന്നും കൂടുതൽ നടപടികൾ ഉണ്ടാകും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ ഇലക്ട്രിക് വാഹന ബാറ്ററി പ്ലാന്റ് നിർമ്മിക്കാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്. ബ്രിട്ടനിലെ ജാഗ്വാർ ലാൻഡ് റോവർ ഫാക്ടറികൾക്ക് ആവശ്യമായ ബാറ്ററി ഉൽപ്പാദനത്തിനാണ് പുതിയ തീരുമാനം. പുതിയ ഫാക്ടറിയുടെ നിർമ്മാണം ഹരിത വ്യവസായങ്ങൾ വികസിപ്പിക്കുന്നതിനുള്ള ബ്രിട്ടന്റെ ഏറ്റവും വലിയ നീക്കത്തെ ആയിരിക്കും അടയാളപ്പെടുത്തുക. 4 ബില്യൺ പൗണ്ട് മുതൽമുടക്കിൽ ഇന്ത്യയ്ക്ക് പുറത്ത് തങ്ങളുടെ ആദ്യത്തെ ജിഗാഫാക്‌ടറി ബ്രിട്ടനിൽ നിർമ്മിക്കുമെന്ന് ടാറ്റ ബുധനാഴ്ച അറിയിച്ചു. പുതിയ ഫാക്ടറി 4,000 തൊഴിലവസരങ്ങൾ വരെ സൃഷ്ടിക്കും. മണിക്കൂറിൽ 40 ജിഗാവാട്ട് പ്രാരംഭ ഉൽപ്പാദനം ആയിരിക്കും ഇതിന് ഉണ്ടാവുക.

രാജ്യത്തിന് ആവശ്യമായ ഇലക്ട്രിക്ക് വാഹന ഉത്പാദന ശേഷിയ്ക്കുള്ള വഴിയാണിതെന്ന് പ്രധനമന്ത്രി ഋഷി സുനക് പ്രതികരിച്ചു. ഇലക്ട്രിക് വെഹിക്കിൾ (ഇവി) ബാറ്ററി ജിഗാഫാക്‌ടറികൾ നിർമ്മിക്കുന്നതിൽ ബ്രിട്ടൻ മറ്റ് യൂറോപ്യൻ രാജ്യങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ്. നിലവിൽ യൂറോപ്യൻ യൂണിയനിൽ ഉടനീളം ഏകദേശം 30-തിലധികം ആസൂത്രണം ചെയ്തതോ നിർമ്മാണത്തിലിരിക്കുന്നതോ ആയ ജിഗാഫാക്‌ടറികൾ ഉണ്ട്.

പുതിയ പ്ലാന്റ് തെക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ സോമർസെറ്റിൽ ആണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. അതേസമയം ജാഗ്വാർ ലാൻഡ് റോവറിന്റെ യുകെ ഫാക്ടറികൾ മധ്യ ഇംഗ്ലണ്ടിലെ ബെർമിംഗ്ഹാമിന് സമീപമാണ്. റേഞ്ച് റോവർ, ഡിഫൻഡർ, ഡിസ്കവറി, ജാഗ്വാർ ബ്രാൻഡുകൾ ഉൾപ്പെടെയുള്ള ജെഎൽആറിന്റെ ഭാവി ബാറ്ററി ഇലക്ട്രിക് മോഡലുകൾ വിതരണം ചെയ്യുന്നതിനായി 2026-ൽ തന്നെ ഉത്പാദനം ആരംഭിക്കും. ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര ചർച്ചകളുടെ നിർണായക ഘട്ടത്തിലാണ് ബ്രിട്ടന്റെ പുതിയ പ്രഖ്യാപനം. പദ്ധതി യുകെയോടുള്ള കമ്പനിയുടെ പ്രതിബദ്ധത ശക്തിപ്പെടുത്തിയെന്നും സർക്കാരിനോട് നന്ദിപറയുന്നെന്നും ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു
ന്യൂസ് ഡെസ്ക് മലയാളം യുകെ
രോഗിയായ ഭാര്യയെ കൊലപ്പെടുത്തിയ ബ്രിട്ടീഷുകാരന് കൊലപതക കുറ്റത്തിൽ നിന്ന് ഇളവ്. 76 കാരനായ ഡേവിഡ് ഹണ്ടറാണ് 2021 ഡിസംബറിൽ സൈപ്രസിലെ വീട്ടിൽ 74 കാരിയായ ജാനിസ് ഹണ്ടറിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഇതിന് ഹണ്ടറിനെതിരെ നരഹത്യയ്ക്ക് ശിക്ഷ വിധിച്ചിരുന്നു. നോർത്തംബർലാൻഡിലെ ആഷിംഗ്ടണിൽ നിന്നുള്ള മുൻ ഖനിത്തൊഴിലാളിയായ ഇയാൾ ബ്ലഡ് ക്യാൻസർ ബാധിച്ച തൻെറ ഭാര്യയുടെ ദുരിതം അവസാനിപ്പിക്കാനുള്ള അഭ്യർത്ഥന മാനിച്ചാണ് കൊലപതാകം നടത്തിയതെന്ന് പറഞ്ഞു. ഡേവിഡിൻെറ ശിക്ഷാ വിധി ജൂലൈ 27നാണ്.

ഗുരുതര രോഗാവസ്ഥയിൽ ആയിരുന്ന ഹണ്ടറിൻെറ ഭാര്യയുടെ വേദന അവസാനിപ്പിക്കാൻ ശ്രമിച്ച ഇയാൾ നടത്തിയത് അസ്സിസ്റ്റഡ് സൂയിസൈഡ് ആണെന്ന് ഹണ്ടറിൻെറ അഭിഭാഷകൻ വാദിച്ചു. ഭാര്യയുടെ ആവശ്യപ്രകാരം കൊലപതാകം നടത്തിയ ഇയാൾ പിന്നീട് സ്വന്തം ജീവനൊടുക്കാൻ ശ്രമിച്ചതായും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കോടതി വിധി തങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും തൻെറ കക്ഷിയുടെ ശിക്ഷ സസ്പെൻഡ് ചെയ്‌ത് ഹണ്ടറിന് യുകെയിലുള്ള തൻെറ മകളോടൊപ്പം ജീവിക്കാനും സാധിക്കുമെന്ന് ഡേവിഡ് ഹണ്ടറിൻെറ അഭിഭാഷകൻ മൈക്കൽ പോളക്ക് പറഞ്ഞു.

ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത ഒരു കൊലപതാകം ആയിരുന്നില്ല. തൻെറ ഭാര്യയെ സഹായിക്കുക മാത്രമാണ് ഡേവിഡ് ചെയ്‌തത്. ഡേവിഡും ജാനിസും വിവാഹിതരായിട്ട് 50 വർഷത്തിൽ ഏറെയായി. കൊലപാതകം നടന്ന ദിവസം രാവിലെ തൻെറ ജീവൻ അവസാനിപ്പിക്കണമെന്ന് ജാനിസ് ഭർത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. ഡേവിഡിനെ പിന്തുണച്ച് കൊണ്ട് ദമ്പതികളുടെ മകൾ ലെസ്ലി കാതോർൺ രംഗത്ത് വന്നു. തൻെറ പിതാവിൻെറ നിരപരാധിത്വം തെളിയിക്കപ്പെടും എന്ന ഉറച്ച വിശ്വാസത്തിലാണ് ലെസ്ലി.
വൈ. ഷെറിൻ , മലയാളം യുകെ ന്യൂസ് ടീം
കോട്ടയം : ജനസാഗരത്തെ സാക്ഷിയാക്കി കേരളത്തിന്റെ ജനനായകൻ മണ്ണിലേക്ക് മടങ്ങി. “ഇല്ല ഇല്ല മരിക്കുന്നില്ല.. ഉമ്മൻ ചാണ്ടി മരിക്കുന്നില്ല..ഉമ്മൻ ചാണ്ടിക്ക് ആയിരം ഉമ്മ” എന്ന് ആയിരങ്ങൾ ഏറ്റുചൊല്ലി. ഔദ്യോഗിക ബഹുമതികൾ ഏതുമില്ലാതെ ജനകീയ ബഹുമതികൾ ഏറ്റുവാങ്ങി ഉമ്മൻ ചാണ്ടി യാത്രയാകുമ്പോൾ കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരദ്ധ്യായം കൂടി അടയുകയാണ്. അടരുവാൻ വയ്യാതെ ജനലക്ഷങ്ങളാണ് പുതുപ്പള്ളി പള്ളിയിൽ തടിച്ചുകൂടിയത്. അതേ, ഉമ്മൻ ചാണ്ടി ഇനി ദീപ്തസ്മരണ.

അതിവൈകാരിക യാത്രയയപ്പ്
രാത്രി 12 ഓടെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ പൂർത്തിയാക്കി. പ്രത്യേക കല്ലറയിൽ മൃതദേഹം സംസ്കരിച്ചു. പള്ളിയിലെ അന്ത്യ ശുശ്രൂഷകൾക്കു ശേഷം ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എല്ലാവർക്കും നന്ദിയറിയിച്ചു. വിലാപഗാനങ്ങളും മുദ്രാവാക്യങ്ങളും തളംകെട്ടി നിന്ന അന്തരീക്ഷത്തിൽ ആയിരങ്ങളാണ് തങ്ങളുടെ ഉമ്മൻ ചാണ്ടിയെ ഒരു നോക്ക് കാണാൻ, ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്.

എത്ര തിരക്കുണ്ടെങ്കിലും എല്ലാ ഞായറാഴ്ചയും മുടങ്ങാതെ എത്തിയിരുന്ന പുതുപ്പള്ളി പള്ളിയിലേക്കുള്ള ഉമ്മൻ ചാണ്ടിയുടെ അവസാന യാത്രയിൽ പതിനായിരങ്ങൾ നിറകണ്ണുകളോടെ അനുഗമിച്ചു. 20 മെത്രാപ്പോലീത്തമാരും നൂറോളം വൈദികരും പങ്കെടുത്ത സംസ്കാര ശുശ്രൂഷയിൽ ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിച്ചു. കർദിനാൾ മാർ ആലഞ്ചേരി ഉൾപ്പെടെയുള്ളവർ ശുശ്രൂഷയിൽ പങ്കെടുത്തു.

അശ്രുപൂജയർപ്പിച്ച് ആയിരങ്ങൾ
വിലാപയാത്ര തുടങ്ങി 35 മണിക്കൂറിനുശേഷം, വൈകിട്ട് ആറേകാലോടെ ഭൗതികശരീരം കുടുംബവീടായ കരോട്ട് വള്ളക്കാലിൽ വീട്ടിലെത്തി. രാപകലില്ലാതെ കാത്തുകാത്തുനിന്ന പ്രിയപ്പെട്ടവർ കണ്ണീർ പൊഴിച്ചു. ആയിരക്കണക്കിന് ആളുകളുടെ പരാതികൾക്ക് പരിഹാരം കണ്ട തറവാട്ടു വീട്ടിലും നിർമാണത്തിലിരിക്കുന്ന പുതിയ വീട്ടിലും പൊതുദർശനവും പ്രാർഥനയും കഴിഞ്ഞശേഷമാണ് പള്ളിയിലേക്കുള്ള വിലാപ യാത്ര ആരംഭിച്ചത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ ഉള്ളവർ വിലാപ യാത്രയിൽ പങ്കെടുത്തു. രാഹുലിനെ കൂടാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ സജി ചെറിയാന്‍, കെ.എന്‍. ബാലഗോപാല്‍, വി.എന്‍. വാസവന്‍, പി. പ്രസാദ്, റോഷി അഗസ്റ്റിന്‍ തുടങ്ങിയവരുമടക്കം പ്രമുഖരുടെ നീണ്ടനിര അന്ത്യോപചാരം അര്‍പ്പിക്കാന്‍ പള്ളിയിലെത്തി.

ഒ.സി ഇനി ഉറങ്ങട്ടെ
ഒരു മനുഷ്യനെ ഇത്രമേൽ സ്നേഹിക്കാൻ എങ്ങനെ കഴിയും? വെയിലും മഴയും ഏറ്റ് ഒരാൾക്ക് വേണ്ടി സമയം നോക്കാതെ കാത്തു നിൽക്കാൻ മലയാളി പഠിച്ചത് എന്നാണ്.. അത് ഉമ്മൻ ചാണ്ടിക്ക് വേണ്ടി ആവുമ്പോൾ സമയം അപ്രസക്തം ആവും. മലയാളക്കര ഇന്നേവരെ കണ്ടിട്ടില്ലാത്ത അന്ത്യാഞ്ജലി ഏറ്റുവാങ്ങിയാണ് ഒ.സി മടങ്ങുന്നത്. കാലം രണ്ടായി പിരിയും; ഉമ്മൻ ചാണ്ടിക്ക് മുമ്പും ശേഷവുമെന്ന നിലയിൽ. പുതുപ്പള്ളിയിൽ തുടങ്ങി പുതുപ്പള്ളിയിൽ ഒടുങ്ങി ജനലക്ഷങ്ങളിലേക്ക് പടർന്നു കയറിയ ഉമ്മൻ ചാണ്ടിയുടെ കല്ലറ സ്നേഹപൂക്കളാൽ നിറഞ്ഞു. വിശ്രമിച്ചാൽ ക്ഷീണിച്ചുപോകുന്ന മനുഷ്യൻ ഇനി ഉറങ്ങട്ടെ.

ആരോ എഴുതി വെച്ച പോലെ “ഉമ്മൻ ചാണ്ടി സ്വർഗ്ഗത്തിലെത്തുമ്പോൾ കർത്താവ് അവിടെ കാത്തുനിൽക്കുന്നുണ്ടാവും; ഉമ്മൻ ചാണ്ടിയെ കണ്ട് ഒരു പരാതി പരിഹരിക്കാൻ…” വിട… മനുഷ്യസ്നേഹിയായ മഹാമനുഷ്യന്.