ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബര്‍മിംഗ്ഹാം : ബര്‍മിംഗ്ഹാമിലെ റീസൈക്ലിംഗ് പ്ലാന്റിൽ വൻ തീപിടുത്തം. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. നെഷെല്‍സ് മൗണ്ട് സ്ട്രീറ്റിലെ സ്മര്‍ഫിറ്റ് കാപ്പാ റീസൈക്ലിംഗ് സെന്ററില്‍ ഇന്നലെ വൈകുന്നേരമാണ് തീപിടുത്തം ഉണ്ടായത്. വെയര്‍ഹൗസിലെ 8000 ടണ്‍ പേപ്പര്‍, കാര്‍ഡ്‌ബോര്‍ഡ് കൂമ്പാരത്തിനാണ് തീപിടിച്ചത്. വലിയ പുകയും ചാരവും അന്തരീക്ഷത്തിൽ ഉയർന്നതോടെ വീടുകളുടെ ജനലും, വാതിലും അടച്ചിടാന്‍ പ്രദേശവാസികൾക്ക് നിർദേശം നൽകി. സംഭവത്തിൽ ഇതുവരെ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഞായറാഴ്ച രാത്രി 7.40-ഓടെയാണ് ബര്‍മിംഗ്ഹാം നെഷെല്‍സിലെ മൗണ്ട് സ്ട്രീറ്റില്‍ തീപിടുത്തമുണ്ടായതായി വിവരം ലഭിച്ചതെന്ന് ഫയര്‍ സര്‍വ്വീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 110 ജീവനക്കാർ തീ അണയ്ക്കാനായി പരിശ്രമിക്കുകയാണെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ഫയർ സർവീസ് ഏരിയ കമാൻഡർ സാം ബർട്ടൺ അറിയിച്ചു. തീ പടരുന്നത് തടയാനായി സമീപത്തെ കനാലിൽ നിന്ന് മിനിറ്റിൽ 8000 ലിറ്റർ വെള്ളമാണ് പമ്പ് ചെയ്യുന്നത്. ഏഴ് ഏക്കർ വരുന്ന സെന്ററിൽ തീപിടുത്തം ഉണ്ടായതിന് പിന്നാലെ പ്രദേശത്തെ റോഡുകള്‍ അടച്ചിട്ടു.

പോലീസ്, ആംബുലന്‍സ് ജീവനക്കാര്‍ക്കൊപ്പവും, എന്‍വയോണ്‍മെന്റ് ഏജന്‍സി, സെവേണ്‍ ട്രെന്റ് വാട്ടര്‍, ഓണ്‍-സൈറ്റ് സ്റ്റാഫ് എന്നിവര്‍ക്കൊപ്പവും ചേര്‍ന്ന് പ്രവര്‍ത്തിച്ച് സുരക്ഷിതമായി തീ കെടുത്താനാണ് ശ്രമിക്കുന്നതെന്ന് ഫയര്‍ സര്‍വ്വീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഉക്രൈൻ സായുധസേനയ്ക്ക് വേണ്ടി പോരാടിയ മുൻ ബ്രിട്ടീഷ് സൈനികൻ യുദ്ധത്തിൽ കൊല്ലപ്പെട്ടതായുള്ള വാർത്തകൾ പുറത്തുവന്നു. മാർച്ചിൽ ബ്രിട്ടീഷ് സൈന്യത്തിലെ ജോലിയിൽനിന്ന് വിട്ട് ഉക്രയിനിലേയ്ക്ക് പോയ ജോർദാൻ ഗാറ്റ്‌ലിയാണ് വീരമൃത്യു വരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ പോരാട്ടം നടന്ന ഉക്രയിന്റെ കിഴക്കൻ നഗരമായ സെവെറോഡോനെറ്റ്‌സ്‌കിനായുള്ള പോരാട്ടത്തിലാണ് അദ്ദേഹം മരിച്ചത്.

അദ്ദേഹത്തിൻറെ പിതാവ് തൻെറ മകനെ ഹീറോ എന്നാണ് വിശേഷിപ്പിച്ചത്. ഉക്രൈൻ യുദ്ധത്തിൽ മരിച്ച ബ്രിട്ടീഷുകാരൻെറ കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് വിദേശകാര്യ ഓഫീസ് അറിയിച്ചു. ഉക്രൈയിനിലെ പ്രാദേശിക സേനയെ പരിശീലിപ്പിക്കാൻ ജോർദാൻ സഹായിച്ചു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ജോർദാൻ ഗാറ്റ്‌ലി യഥാർത്ഥ ഹീറോ ആയിരുന്നുവെന്ന് ഉക്രേനിയൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കിയുടെ ഉപദേശകൻ ട്വീറ്റ് ചെയ്തു . ഉക്രൈയിനിലേയ്ക്ക് പോകുന്നതിന് മുമ്പ് എഡിൻബർഗ് ആസ്ഥാനമായുള്ള റൈഫിൾസിന്റെ മൂന്നാം ബറ്റാലിയനൊപ്പം ബ്രിട്ടീഷ് സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയായിരുന്നു മരിച്ച സൈനികൻ .
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : മതനിന്ദ ആരോപിച്ച് ‘ദി ലേഡി ഓഫ് ഹെവൻ’ എന്ന സിനിമയ്‌ക്കെതിരായി നടന്ന പ്രതിഷേധത്തെ പിന്തുണച്ച ഇമാമിനെ സർക്കാർ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് മാറ്റി. 44 കാരനായ ഖാരി അസിമിനെയാണ് ഇസ്‌ലാമോഫോബിയ കൺസൾട്ടന്റ് സ്ഥാനത്ത് നിന്ന് നീക്കിയത്. പ്രവാചകൻ മുഹമ്മദ് നബിയുടെ മകളെക്കുറിച്ചുള്ള സിനിമയായ ‘ദി ലേഡി ഓഫ് ഹെവൻ’ എന്ന സിനിമയുടെ പ്രദർശനം തടയണമെന്ന പ്രചാരണത്തിന് അദ്ദേഹം പിന്തുണ നൽകിയിരുന്നു. മതനിന്ദ നിറഞ്ഞ സിനിമയുടെ പ്രദർശനം നിർത്തിവെക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ജൂബിലി വാരാന്ത്യത്തിലാണ് യുകെയിൽ ഈ സിനിമ റിലീസ് ചെയ്തത്.

ബ്രാഡ്‌ഫോർഡ്, ബോൾട്ടൺ, ബർമിംഗ്ഹാം , ഷെഫീൽഡ് എന്നിവിടങ്ങളിലെ സിനിമ തിയേറ്ററിന് പുറത്ത് ശക്തമായ പ്രതിഷേധം നടന്നു. മുസ്ലീങ്ങൾക്ക് വളരെയധികം വേദനയും നിന്ദയും ഉണ്ടാക്കുന്ന സിനിമയാണ് ‘ദ ലേഡി ഓഫ് ഹെവൻ’ എന്ന് അസിം പറഞ്ഞതായി ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. ലീഡ്‌സിലെ മക്ക മസ് ജിദിലെ പ്രധാന ഇമാമാണ് ഖാരി അസിം.

“വർഗീയ സംഘർഷങ്ങൾക്ക് കാരണമാകുന്ന പ്രചാരണത്തിന് പിന്തുണ നൽകിയത് ഈ സ്ഥാനത്തിന് യോജിച്ചതല്ല. സമുദായ സൗഹാർദ്ദം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാനാണ് ശ്രമിക്കേണ്ടത്. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണ നൽകുന്നത് ഒരു സർക്കാർ ഉപദേഷ്ടാവിന് ചേരുന്നതല്ല.” അസീമിനെ നീക്കം ചെയ്തുകൊണ്ട് ലെവലിംഗ് അപ്, ഹൗസിംഗ് & കമ്മ്യൂണിറ്റീസ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ കത്തിൽ പറയുന്നു.

2019 ൽ ബോറിസ് ജോൺസൺ പ്രധാനമന്ത്രിയാകുന്നതിന് ഒരു ദിവസം മുമ്പാണ് അസിമിനെ സർക്കാർ ഉപദേഷ്ടാവായി നിയമിച്ചത്. അതേസമയം, ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയെ കരുതി സിനിവേൾഡ് രാജ്യവ്യാപകമായി ഈ ചിത്രത്തിന്റെ എല്ലാ പ്രദർശനങ്ങളും റദ്ദാക്കി. ഇസ്‌ലാമിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന ചിത്രമാണിതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബ്രിട്ടനിൽ പെട്രോൾവില അതിരൂക്ഷമായി വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ, നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന ഫ്യൂവൽ ഡ്യൂട്ടിയിലുള്ള കുറവുകൾ പെട്രോൾ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ലഭിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തുവാൻ കോംപറ്റീഷൻ & മാർക്കറ്റ് അതോറിറ്റിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് ബിസിനസ് സെക്രട്ടറി ക്വാസി ക്വർടെങ്. ജനങ്ങൾ വളരെയധികം രോഷാകുലരാണെന്നും വിവിധ പെട്രോൾ സ്റ്റേഷനുകളിൽ വിലകളിൽ വ്യത്യാസമുണ്ടോയെന്ന് കൃത്യമായി കണ്ടെത്തണമെന്നും ബിസിനസ് സെക്രട്ടറി കോമ്പറ്റീഷൻ & മാർക്കറ്റ് അതോറിറ്റിക്ക് എഴുതിയ കത്തിൽ വ്യക്തമാക്കുന്നു. നിലവിൽ ഒരു സാധാരണ വീട്ടിലെ കാർ നിറയ്ക്കുന്നതിന് 100 പൗണ്ട് തുക എന്ന രീതിയിൽ എത്തിച്ചേർന്നിരിക്കുകയാണ് പെട്രോളിന്റെ വില. ഈ വർഷം അവസാനം സാമ്പത്തികമാന്ദ്യം ഉണ്ടാകുമെന്ന ഭീതിയും ബ്രിട്ടണിൽ നിലനിൽക്കുന്നുണ്ട്. പെട്രോൾ വിലകളിൽ സുതാര്യത കൊണ്ടുവരാനുള്ള ഗവൺമെന്റ് നീക്കം അംഗീകരിക്കുന്നതായി പെട്രോൾ റീട്ടെയിലേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. സി എം എ യുടെ എല്ലാം നടപടികളോടും സഹകരിക്കുമെന്നും അവർ അറിയിച്ചിട്ടുണ്ട്.

ഫെബ്രുവരിയിൽ റഷ്യ- ഉക്രൈൻ യുദ്ധം ആരംഭിച്ചതോടെയാണ് ബ്രിട്ടനിൽ പെട്രോൾവില വർദ്ധിക്കുവാൻ ആരംഭിച്ചത്. കഴിഞ്ഞ ആഴ്ചത്തെ കണക്കുകൾ പ്രകാരം 55 ലിറ്റർ ടാങ്ക് നിറയ്ക്കുന്നതിന് പെട്രോളിന് 100.27 പൗണ്ടും, ഡീസലിന് 103.43 പൗണ്ടുമായിരിക്കുകയാണ്. ഫ്യൂവൽ ഡ്യൂട്ടി കുറച്ചിട്ടും പെട്രോൾ വിലയിൽ കാര്യമായ കുറവില്ല എന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിനാൽ തന്നെ പെട്രോൾ സ്റ്റേഷനുകളിൽ കൂടുതൽ ചാർജുകൾ ഈടാക്കുന്നുണ്ടോ എന്ന് വ്യക്തമായി അന്വേഷിക്കണമെന്ന് ബിസിനസ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ ഏഴോടുകൂടി റിപ്പോർട്ട് സമർപ്പിക്കുവാൻ ബിസിനസ് സെക്രട്ടറി ആവശ്യപ്പെട്ടു കഴിഞ്ഞു. മാർച്ചിൽ ഗവൺമെന്റ് ഫ്യൂവൽ ഡ്യൂട്ടിയിൽ കുറവുകൾ വരുത്തിയപ്പോൾ തന്നെ തങ്ങളും അത് പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ടെന്നും, ഹോൾസെയിൽ വിലകളിൽ വരുന്ന വർധനവാണ് ഇപ്പോഴും പെട്രോൾ വിലകൾ കൂടി നിൽക്കാൻ കാരണമെന്ന് പെട്രോൾ റീട്ടെയിലേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. ഇതു സംബന്ധിച്ച് നിരവധി തവണ ബിസിനസ് സെക്രട്ടറിയുമായി കൂടിക്കാഴ്ചകൾ നടത്തുവാൻ തങ്ങൾ ശ്രമിച്ചെങ്കിലും തങ്ങളുടെ അപേക്ഷകൾ കൈക്കൊണ്ടില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ബ്രിട്ടനും എലിസബത്ത് രാജ്ഞിക്കും ഇത് ചരിത്രനിമിഷം. ലോക ചരിത്രത്തിൽ ഏറ്റവുമധികം നാൾ രാജ്യം ഭരിച്ച രണ്ടാമത്തെ ഭരണാധികാരിയായി എലിസബത്ത് രാജ്ഞി. 70 വർഷവും 126 ദിവസവും ഭരണത്തിലിരുന്ന തായ്‌ലൻഡിലെ ഭൂമിബോൾ അതുല്യതേജ് രാജാവിന്റെ റെക്കോർഡാണ് രാജ്ഞി ഇന്ന് മറികടന്നത്. 1946 മുതൽ 2016 ഒക്ടോബറിൽ മരണമടയുന്നതു വരെയായിരുന്നു അദ്ദേഹം ഭരണത്തിലിരുന്നത്. 70-ാം വയസ്സിൽ മരണമടയുന്നതിനുമുൻപ് ഏറ്റവും നീണ്ടകാലം ഭരണത്തിലിരുന്ന ജീവിച്ചിരിക്കുന്ന ഭരണാധികാരി കൂടിയായിരുന്നു അദ്ദേഹം. ലോക ചരിത്രത്തിൽ ഏറ്റവും നീണ്ടകാലം ഒരു രാജ്യം ഭരിച്ചത് 72 വർഷവും 110 ദിവസവും ഫ്രാൻസ് ഭരിച്ച ലൂയിസ് പതിനാലാമനാണ്. 1643 മുതൽ 1715 വരെയായിരുന്നു ലൂയിസ് പതിനാലാമന്റെ ഭരണകാലാവധി.

70 വർഷവും 91 ദിവസവും രാജ്യം ഭരിച്ച ലൈക്ക്ൻസ്റ്റീനിലെ ജൊഹാൻ രണ്ടാമന്റെ റെക്കോർഡ് കഴിഞ്ഞ മാസം രാജ്ഞി മറികടന്നിരുന്നു. 1929-ൽ തന്റെ മരണം വരെ സിംഹാസനത്തിലിരുന്ന വ്യക്തിയാണ് ജൊഹാൻ രണ്ടാമൻ. നിലവിൽ, ഏറ്റവും അധികം കാലം ഒരു രാജ്യം ഭരിച്ച ജീവിച്ചിരിക്കുന്ന ഭരണാധികാരിയായ എലിസബത്ത് രാജ്ഞി ഏറ്റവും അധികം കാലം ബ്രിട്ടൻ ഭരിച്ച വ്യക്തി കൂടിയാണ്. 2015 സെപ്റ്റംബറിൽ തന്നെ തന്റെ മുതുമുത്തശ്ശി വിക്ടോറിയ രാജ്ഞിയുടെ റെക്കോർഡ് എലിസബത്ത് രാജ്ഞി തകർത്തിരുന്നു.

2022 ഫെബ്രുവരി 6-നായിരുന്നു എലിസബത്ത് രാജ്ഞി രാജസിംഹാസനത്തിൽ ഏറിയതിന്റെ പ്ലാറ്റിനം ജൂബിലി പൂർത്തിയാക്കിയത്. അതിന്റെ ആഘോഷങ്ങൾ ജൂൺ ആദ്യവാരം രാജ്യത്ത് പ്രൗഢഗംഭീരമായി നടന്നു. നേരത്തെ, മായൻ രാജ്യമായ പാലെൻക്യു ഭരിച്ചിരുന്ന കിനിക്ക് ജനാബ് പ്കാലിന്റെ 68 വർഷവും 33 ദിവസവും ഭരണത്തിലിരുന്ന റെക്കോർഡ് 2020ൽ രാജ്ഞി തകർത്തിരുന്നു. തന്റെ 12-ാം വയസ്സിലായിരുന്നു പകാൽ രാജ്യഭരണം ഏറ്റെടുക്കുന്നത്. ക്രിസ്ത്വബ്ദം 250 മുതൽ 900 വരെയായിരുന്നു മായൻ സാമ്രാജ്യത്തിന്റെ സുവർണ്ണകാലം. ഇക്കാലത്ത് ഇന്നത്തെ തെക്കൻ മെക്സിക്കോ, ഗ്വാട്ടിമാല, ബെലീസ്, ഹോണ്ടുറാസ് തുടങ്ങിയ സ്ഥലങ്ങൾ അവരുടെ ഭരണത്തിൻ കീഴിലായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബ്രിട്ടണിലെത്തുന്ന അഭയാർഥികളെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്ക് മാറ്റാനുള്ള നടപടിയുമായി ശക്തമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആഭ്യന്തരസെക്രട്ടറി പ്രീതി പട്ടേൽ. കഴിഞ്ഞദിവസം ഗവൺമെന്റിന്റെ ഈ നടപടി തികച്ചും ഭയാനകമാണെന്ന് ചാൾസ് രാജകുമാരൻ പ്രതികരിച്ചിരുന്നു. എന്നാൽ ചാൾസിന്റെ പ്രതികരണത്തെ തള്ളിക്കളഞ്ഞ് പദ്ധതിയുമായി മുന്നോട്ടു പോകുവാൻ തന്നെയാണ് ആഭ്യന്തര സെക്രട്ടറിയുടെ തീരുമാനം. ഇത് സംബന്ധിച്ച അടുത്ത ആഴ്ച സോഷ്യൽ മീഡിയ ക്യാമ്പയിനും നടത്തുവാൻ തീരുമാനമായിട്ടുണ്ട്. എന്നാൽ ഈ നടപടിക്കെതിരെ പ്രീതി പട്ടേലിനെതിരെ കോടതിയിൽ ശക്തമായ കേസുകൾ നിലവിലുണ്ട്. അതിനാൽ തന്നെയാണ് സോഷ്യൽ മീഡിയ ക്യാമ്പയിൻ നടത്താനുള്ള തീരുമാനവും കൈക്കൊണ്ടിരിക്കുന്നത്.

ഗവൺമെന്റിന്റെ ഈ തീരുമാനം തികച്ചും ഭയാനകമാണെന്ന് വെള്ളിയാഴ്ച രാത്രി ചാൾസ് രാജകുമാരൻ പ്രതികരിച്ചിരുന്നു. ഈ മാസം അവസാനം റുവാണ്ടയുടെ തലസ്ഥാനമായ കിഗലിയിൽ വെച്ച് നടക്കുന്ന കോമൺവെൽത്ത് രാജ്യങ്ങളുടെ തലവന്മാരുടെ സമ്മേളനത്തിൽ രാജ്ഞിയെ പ്രതിനിധീകരിച്ച് ചാൾസ് രാജകുമാരൻ പങ്കെടുക്കാനിരിക്കെ, ഗവൺമെന്റിന്റെ ഈ തീരുമാനം സമ്മേളനത്തിൽ പ്രതിഫലനങ്ങൾ ഉണ്ടാക്കുമെന്ന് ചാൾസ് ഭയക്കുന്നു. അടുത്ത ചൊവ്വാഴ്ചയോടു കൂടി അഭയാർഥികളെയും കൊണ്ട് ആദ്യത്തെ ഫ്ലൈറ്റ് യാത്രയാകും എന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ യാത്രയ്ക്ക് ഹൈക്കോടതി അനുമതി നൽകിയെന്നാണ് ഏറ്റവും പുതിയ വാർത്തകൾ വ്യക്തമാക്കുന്നത്. ഹൈക്കോടതിയുടെ ഈ വിധിയെ സ്വാഗതം ചെയ്യുന്നതായി അഭ്യന്തര സെക്രട്ടറി മാധ്യമങ്ങളോട് വ്യക്തമാക്കി.

പുതിയ മൈഗ്രേഷൻ പാർട്ട്ണർഷിപ്പ് പ്രകാരം യു കെ ഏകദേശം 120 മില്യൻ പൗണ്ടോളം ആണ് റുവാണ്ടയിൽ ചിലവാക്കുന്നത്. ബ്രിട്ടനിൽ നിന്നും എത്തുന്ന അഭയാർഥികളെ താമസിപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനായാണ് മുഖ്യമായും ഈ തുക ചിലവാക്കുക. അഭയാർഥികളുടെ ജീവനും ജീവിതവും സംരക്ഷിക്കുന്നതിനായാണ് ഈ നടപടി എന്നാണ് ഗവൺമെന്റിന്റെ വിശദീകരണം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മാഞ്ചസ്റ്റർ : വീട്ടിൽ അതിക്രമിച്ചുകടന്നയാളിൽ നിന്ന് അമ്മയെ രക്ഷിക്കുന്നതിടെ പതിനഞ്ചുകാരനായ മകൻ കുത്തേറ്റു മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം മാഞ്ചസ്റ്ററിലെ മൈൽസ് പ്ലാറ്റിംഗിലായിരുന്നു ഈ ദാരുണമായ സംഭവം. കത്തിയുമായി വന്ന ആക്രമിയിൽ നിന്ന് അമ്മയെ രക്ഷിക്കുന്നതിനിടെയാണ് ജാക്കൂബ് സിമാൻസ്‌കി കുത്തേറ്റു മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അമ്മ കറ്റാർസിന ബാസ്റ്റേക്കിനെ (40) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ വെള്ളിയാഴ്ച രാത്രി 250 മൈൽ അകലെയുള്ള കെന്റിൽ നിന്ന് അറസ്റ്റ് ചെയ്തതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് റിപ്പോർട്ട് ചെയ്തു.

വ്യാഴാഴ്‌ച രാത്രി 9.30 ഓടെ കുത്തേറ്റ ജാക്കൂബിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു മണിക്കൂറിന് ശേഷം മരിച്ചു. കുടുംബത്തിന് വേണ്ടി പോരാടി മരിച്ച ഹീറോയാണ് ജാക്കൂബെന്ന് അയൽവാസികൾ വിശേഷിച്ചു. “ഒരു നല്ല ഭാവി മുന്നിലുണ്ടായിരുന്ന കൗമാരക്കാരനെയാണ് നഷ്ടമായിരിക്കുന്നത്. മകന്റെ മരണത്തിൽ അമ്മ കടുത്ത ദുഃഖം അനുഭവിക്കുന്നു. ആ ആഘാതത്തിൽ നിന്ന് അവർ കരകയറിയിട്ടില്ല.” – ജിഎംപിയുടെ മേജർ ഇൻസിഡന്റ് ടീമിൽ നിന്നുള്ള ഡിറ്റക്റ്റീവ് ചീഫ് ഇൻസ്പെക്ടർ അലിസിയ സ്മിത്ത് പറഞ്ഞു. കറ്റാർസിനയുടെ നാല് മക്കളിൽ ഒരാളാണ് ജാക്കൂബ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
രണ്ട് കൂട്ട വെടിവെപ്പിൻെറ പശ്ചാത്തലത്തിൽ തോക്ക് നിയമങ്ങൾ കർശനമാക്കണമെന്ന ആവശ്യവുമായി യുഎസിൽ ഉടനീളം റാലി നടത്തി പതിനായിരക്കണക്കിന് പ്രതിഷേധക്കാർ. എനിക്ക് വെടി ഏൽക്കുന്നതിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്ന മുദ്രാവാക്യങ്ങളുയർത്തി നൂറുകണക്കിന് മാർച്ചുകളാണ് യുഎസിൽ നടന്നത്. യുഎസ് പ്രസിഡൻറ് ജോ ബൈഡൻ പ്രതിഷേധങ്ങളെ പിന്തുണച്ചുകൊണ്ട് എല്ലാവർക്കും ഒരേപോലെ ബാധകമായ തോക്ക് സുരക്ഷാ നിയമം പാസാക്കണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെട്ടു.

തോക്ക് നിയമങ്ങൾ കർശനമാക്കണമെന്ന ശക്തമായ ആവശ്യമാണ് മുന്നോട്ട് വരുന്നതെങ്കിലും നിയമപരമായ മാറ്റത്തിനുള്ള സാധ്യത റിപ്പബ്ലിക്കൻ പാർട്ടി റദ്ദാക്കാനാണ് സാധ്യത. മെയ് 24-ന് ടെക്‌സാസിലെ ഉവാൾഡിലെ റോബ് എലിമെന്ററിയിൽ നടന്ന വെടിവെപ്പിൽ 19 കുട്ടികളും രണ്ട് മുതിർന്നവരും കൊല്ലപ്പെട്ടിരുന്നു. ന്യൂയോർക്കിലെ ബഫല്ലോയിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു. തുടർച്ചയായ ഈ ആക്രമണങ്ങളാണ് യുഎസിൽ തോക്ക് നിയന്ത്രണത്തിനുള്ള നടപടികളിൽ മാറ്റങ്ങൾ ഉടൻ സ്വീകരിക്കണമെന്ന പ്രതിഷേധം ഉയർത്തിയത്.

ശനിയാഴ്ച, ഫ്ലോറിഡയിലെ പാർക്ക്‌ലാൻഡ് സ്‌കൂൾ വെടിവയ്പിൽ നിന്ന് രക്ഷപ്പെട്ടവർ സ്ഥാപിച്ച ഗൺ സേഫ്റ്റി ഗ്രൂപ്പായ മാർച്ച് ഫോർ ഔർ ലൈവ്സ് വാഷിംഗ്ടൺ ഡിസി, ന്യൂയോർക്ക്, ലോസ് ഏഞ്ചൽസ്, ചിക്കാഗോ എന്നിവയുൾപ്പെടെ രാജ്യത്തുടനീളം 450 റാലികൾ നടത്തും എന്ന് അറിയിച്ചു. സംഭവത്തെ കുറിച്ച് ഒരു നടപടി എടുക്കുന്നതുവരെ തങ്ങൾ പ്രതിഷേധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
റോഡിലെ ഡിവൈഡറില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 27 കാരനായ മലയാളി ഡോക്ടറായ ജോയലാണ് മരണമടഞ്ഞത്. ജോലിയിൽ പ്രവേശിച്ച് ഒരു വർഷം മാത്രം ആയിട്ടുള്ളൂ. ലിവർപൂൾ മലയാളി അസോസിയേഷനിലെ സജീവ പ്രവർത്തകനായിരുന്നു മരണമടഞ്ഞ ജോയൽ. കുട്ടനാട് സ്വദേശിയായ ജോജപ്പൻ – ജെസ്സി ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്ത ആളാണ് പരേതനായ ജോയൽ. ലിവർപൂളിൾ സെന്റ് ഹെലെൻസിലാണ് താമസം. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു മടങ്ങവേ രാവിലെ 06.47am ന് അപകടം ഉണ്ടായത്. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തു വിട്ടിട്ടില്ല. ആംബുലൻസ്, ഫയർ സർവീസ്, പോലീസ് സംഭവസ്ഥലത്തു എത്തിയിരുന്നു. 6.47 am ആണ് എമർജൻസി കാൾ വന്നത് എന്നാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചു വാർത്തകൾ പുറത്തുവന്നിരിക്കുന്നത്.
ജോയൽ ഓടിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ചു മറിയുകയും തീ പിടിക്കുകയുമായിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
അതേസമയം അപകടത്തിൽ മരിച്ചയാളുടെ മാതാപിതാക്കൾ വന്ന് സ്‌ഥിരീകരിച്ചാൽ മാത്രമേ പോലീസ് ശരീരം വിട്ടു നൽകു എന്നതിനാൽ പിതാവ് എത്തി മൃതദേഹം തിരിച്ചറിഞ്ഞാൽ മാത്രമേ സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. കേരളത്തിൽ അവധിക്കായി എത്തിയ ജോയലിൻെറ പിതാവ് ജോജപ്പന്‍ അപകടവാർത്ത അറിഞ്ഞു യുകെയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മൃതദേഹം ഇപ്പോൾ മാഞ്ചസ്റ്റര്‍ പോലീസിൻെറ കസ്റ്റഡിയിലാണ് ഉള്ളത്.
പെട്ടെന്നുണ്ടായ തങ്ങളുടെ മകൻെറ വേർപാട് ഉൾക്കൊള്ളാൻ കഴിയാതെ പ്രയാസപ്പെടുകയാണ് ഈ മാതാപിതാക്കൾ. ജോയൽ എല്ലാവരുമായി നല്ല ആത്മബന്ധം നിലനിർത്തിയിരുന്നു അതുകൊണ്ടുതന്നെ ഈ വേർപാട് എല്ലാവരിലും വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.
ജോയലിന്റെ അകാല നിര്യാണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം ദുഃഖാർത്ഥരായ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : സർവ്വകലാശാലയുടെ ‘നിയമവിരുദ്ധ’ സോഷ്യൽ മീഡിയ പോളിസികൾ മാറ്റണമെന്ന ആവശ്യവുമായി ഓക്സ്ഫോഡിലെ അധ്യാപകർ. പോളിസികൾ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. പീഡനം, സമൂഹ മാധ്യമങ്ങൾ എന്നിവയ് ക്കെതിരായ നയങ്ങൾ നിയമപരമായ സംസാരം തടയുന്നുവെന്നും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതുണ്ടെന്നും ഓക്സ്ഫോഡിലെ അക്കാദമിക് വിദഗ്ധർ പറയുന്നു. അക്കാദമിക് കരിയറിനെ ഇത് ദോഷകരമായി ബാധിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം സർവകലാശാലയിൽ ഉണ്ടായ ‘ഹിന്ദുഫോബിയ’ വിവാദത്തിന് പിന്നാലെയാണിത്. പോസ്റ്റ് ഡോക്ടറൽ ഗവേഷകനായ ഡോ. അഭിജിത് സർക്കാർ, താൻ ഓൺലൈനിൽ വധഭീഷണികൾക്കും ബലാത്സംഗ ഭീഷണികൾക്കും വിധേയനായെന്ന് വെളിപ്പെടുത്തിയിരുന്നു. യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് യൂണിയന്റെ (ഒയുഎസ്‌യു) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വിദ്യാർത്ഥിനി രശ്മി സാമന്തിനെ കുറിച്ചുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റിന് പിന്നാലെയാണിത്. ഇൻസ്റ്റാഗ്രാമിൽ വംശീയവും സെമിറ്റിക് വിരുദ്ധവുമായ പോസ്റ്റുകൾ ഇട്ടെന്ന ആരോപണത്തെ തുടർന്ന് 2021 ഫെബ്രുവരിയിൽ രശ്മി ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് യൂണിയന്റെ പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു.

മതത്തിന്റെ പേരിൽ തന്നെ ആക്രമിച്ചെന്ന് ആരോപിച്ച് ഡോ. സർക്കാരിനെതിരെ രശ്മി പരാതി നൽകിയെങ്കിലും തുടർനടപടി ഉണ്ടായില്ല. അതേസമയം, അക്കാദമിക് സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്നത് സർവ്വകലാശാലയുടെ പ്രശസ്തിക്ക് ഗുരുതരമായ അപകടമുണ്ടാക്കുമെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു.