Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

റഷ്യക്കെതിരെയുള്ള നടപടികളിൽ ശക്തമായ നിലപാടുമായി ബ്രിട്ടൻ. റഷ്യക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങൾ നീക്കം ചെയ്യുന്നതിനെ കുറിച്ച് യുദ്ധം അവസാനിപ്പിച്ചതിന് ശേഷമേ പരിഗണിക്കുകയുള്ളു എന്ന് യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് പറഞ്ഞു.

യുകെ , യുഎസ് , യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഇതുവരെ 1000 -ത്തിലധികം റഷ്യൻ വ്യക്തികൾക്കും കമ്പനികൾക്കുമാണ് ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. റഷ്യ നടത്തുന്ന സമാധാന ചർച്ചകൾ തുറന്ന മനസ്സോടെയല്ലന്നും പുകമറ സൃഷ്ടിക്കാനുള്ള നടപടികൾ മാത്രമാണെന്നും വിദേശകാര്യ സെക്രട്ടറി കുറ്റപ്പെടുത്തി.

ഇതിനിടെ മരിയുപോളിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. നഗരങ്ങളിൽ ഒരു ലക്ഷത്തിലേറെ പേരാണ് ശേഷിക്കുന്നത്. മരിയുപോൾ തുറമുഖം പൂർണമായി തകർക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് ഉക്രൈൻ പ്രസിഡൻറ് ആരോപിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ അനുദിനം കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. പ്രതിദിന കോവിഡ് വ്യാപനം കൂടുന്നതിനൊപ്പം തന്നെ ആനുപാതികമായി മരണനിരക്കും ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കുതിച്ചുയരുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. നേരത്തെ കോവിഡ് തരംഗങ്ങൾ രാജ്യത്തെ കീഴ്പെടുത്തിയപ്പോൾ ശക്തമായി പോരാടാൻ ലോക്ഡൗൺ നിയന്ത്രണങ്ങളുടെ പിന്തുണ ഉണ്ടായിരുന്നു . പൂർണ്ണമായും നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞ സാഹചര്യത്തിൽ രോഗവ്യാപനത്തേ കുറിച്ച് കടുത്ത ആശങ്കയാണ് ആരോഗ്യവിദഗ്ധർ പങ്കുവയ്ക്കുന്നത്.


രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ രാജ്യത്തെ കോവിഡിൻെറ പുതിയ ജനിതക വകഭേദങ്ങളുടെ ആവിർഭാവത്തിന് ഇടയാക്കിയേക്കാം എന്നുള്ള കടുത്ത ആശങ്കയാണ് ശാസ്ത്രലോകം പങ്കുവയ്ക്കുന്നത്. വാക്സിനുകൾക്ക് പ്രതിരോധിക്കാനാകാത്ത പുതിയ പുതിയ വകഭേദങ്ങളുടെ ആവിർഭാവം അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് ഇൻഡിപെൻഡന്റ് സേജിലെ അംഗമായ പ്രൊഫസർ സൂസൻ മിച്ചി അഭിപ്രായപ്പെട്ടു.

രാജ്യത്ത് ഒമിക്രോണിൻെറ പുതിയ വകഭേദമായ BA .2 പടർന്നു പിടിക്കുകയാണ് . ഇംഗ്ലണ്ടിലെ 16 പേരിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ് ആണെന്നാണ് ഔദ്യോഗിക കണക്കുകൾ കാണിക്കുന്നത്. സൗജന്യ ലാറ്ററൽ ഫ്ലോ ടെസ്റ്റുകളും പി സി ആർ ടെസ്റ്റ് സെന്ററുകളും നിർത്തലാക്കുന്നത് വരും ദിവസങ്ങളിൽ രോഗവ്യാപനതോത് ഉയർത്തുമെന്ന വിമർശനം ശക്തമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വാൽസാൾ : 1.5 മില്യൺ പൗണ്ട് വിലമതിക്കുന്ന വ്യാജ ഉത്പന്നങ്ങൾ വാൽസാലിൽ പിടികൂടി. ട്രേഡിംഗ് സ്റ്റാൻഡേർഡ് ഓഫീസർമാർക്ക് സൂചന ലഭിച്ചതിനെത്തുടർന്ന് ബറോയുടെ തെക്ക് ഭാഗത്തുള്ള സെൽഫ് സ്റ്റോറേജ് ഫെസിലിറ്റിയിൽ നടത്തിയ റെയ്ഡിലാണ് വ്യാജ വസ്ത്രങ്ങളും ചെരുപ്പുകളും ഉൾപ്പടെയുള്ള 7,500-ലധികം ഉത്പന്നങ്ങൾ പിടികൂടിയത്. അഞ്ച് ട്രേഡിംഗ് സ്റ്റാൻഡേർഡ് ഓഫീസർമാരും നാഷണൽ മാർക്കറ്റ് ഗ്രൂപ്പിലെ അഞ്ച് ഓഫീസർമാരും വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസിലെ നാല് ഉദ്യോഗസ്ഥരും ഓപ്പറേഷനിൽ പങ്കെടുത്തു.

പിടിച്ചെടുത്ത വസ്ത്രങ്ങൾ വ്യാജമാണെന്നും ഇത് വിപണിയിൽ എത്തിയാൽ യഥാർത്ഥ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഞങ്ങളുടെ പ്രാദേശിക ബിസിനസുകളെ ബാധിക്കുമെന്നും വാൽസാൽ കൗൺസിലിലെ കമ്മ്യൂണിറ്റി സേഫ്റ്റി ആൻഡ് എൻഫോഴ്‌സ്‌മെന്റ് തലവൻ ഡേവിഡ് എൽറിംഗ്ടൺ പറഞ്ഞു.

വാൽസാലിൽ ഇത് ആവർത്തിക്കരുതെന്നും ഉദ്യോഗസ്ഥരിൽ നിന്ന് ശക്തമായ നിരീക്ഷണം ഉണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യുകെയിലുടനീളമുള്ള കടകളിലേക്കും മറ്റ് ഔട്ട്‌ലെറ്റുകളിലേക്കും എത്തുന്ന വ്യാജ ഉൽപ്പന്നങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ ഫ്ലാഷ് പ്രവർത്തിക്കുന്നത്.

സുജിത് തോമസ്

പാൽ പായസം

ചേരുവകൾ

• ഉണക്കലരി – 6 ടേബിൾ സ്പൂൺ
• പാൽ – 4 കപ്പ്
• വെള്ളം – 2 കപ്പ്
• പഞ്ചസാര -1 കപ്പ് (മധുരം ആവശ്യം അനുസരിച്ച് )
• ഉരുക്കിയ നെയ്യ് – 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

അരി നന്നായി കഴുകി, കുറച്ചു കുതിർത്തു വച്ച ശേഷം വെള്ളം വാർത്തെടുക്കുക

• ഒരു പ്രഷർ കുക്കറിൽ രണ്ട് കപ്പ് വെള്ളം ഒഴിച്ച് ചൂടാക്കുക. ചൂടാകുമ്പോൾ എടുത്ത് വച്ചിരിക്കുന്ന പാലും അരിയും ചേർത്ത് കൊടുക്കുക.
• ശേഷം കുക്കർ അടച്ച് ആവി നന്നായി പുറത്തു വരുമ്പോൾ വിസിൽ ഇടുക.
• ഏകദേശം 40 മിനിറ്റ് ചെറിയ തീയിൽ വേവിക്കണം.
• ആവി പുറത്ത് പോയി കഴിഞ്ഞതിനു ശേഷം അടപ്പ് തുറക്കുക
• ഒരു കപ്പ് പഞ്ചസാരയും ഒരു നുള്ളു ഉപ്പും ചേർക്കുക.
• ശേഷം പ്രഷർ കുക്കറിൽ ആവി നന്നായി വരുമ്പോൾ വിസിൽ ഇട്ട് ചെറിയ തീയിൽ 20 മിനിറ്റ് പാകം ചെയ്യുക. ആവി എല്ലാം പോയശേഷം കുക്കർ തുറക്കാം.
• നെയ്യ് ചേർത്തിളക്കി യോജിപ്പിക്കുക
• ചെറുതീയിൽ ഇളക്കി ഇളം പിങ്ക് നിറത്തിൽ കുറുകി വരുന്നതാണ് ഈ പായസത്തിന്റ ശരിയായ പരുവം.

സുജിത് തോമസ്

 

 

 

 

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഈസ്റ്റ്‌ ഹാം : ഈസ്റ്റ് ഹാമിലെ റെസ്റ്റോറന്റിനുള്ളില്‍ മലയാളി യുവതിക്ക് കുത്തേറ്റതായി റിപ്പോർട്ട്‌. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.20ഓടെയാണ് സംഭവം. ഹൈദരാബാദ് വാല എന്ന റെസ്റ്റോറന്റിലെ ജീവനക്കാരിയാണ് യുവതി. ഇവിടെ വെച്ചുതന്നെയാണ് ആക്രമണം ഉണ്ടായത്. ബാര്‍ക്കിംഗ് റോഡിലെ മെട്രോപൊളിറ്റന്‍ പോലീസ് ഉദ്യോഗസ്ഥരാണ് സംഭവസ്ഥലത്ത് ആദ്യം എത്തിയത്. കേരളത്തില്‍ നിന്നുള്ള ഒരു മലയാളി വിദ്യാര്‍ത്ഥിയാണ് ആക്രമണത്തിന് ഇരയായതെന്ന് ചില സംഘടനാ നേതാക്കൾ വ്യക്തമാക്കി.

ബാര്‍ക്കിംഗ് റോഡിലെ ഇ6ല്‍ കത്തിക്കുത്ത് നടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന് രണ്ട് ആംബുലന്‍സ് ജീവനക്കാരെയും ഡോക്ടറെയും ഒരു ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ഓഫീസറെയും ഉടന്‍ സംഭവ സ്ഥലത്തേക്ക് അയക്കുകയായിരുന്നുവെന്ന് ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് വക്താവ് പറഞ്ഞു. യുവതിയെ ഉടന്‍ തന്നെ ട്രോമ സെന്ററിലേക്ക് മാറ്റി. യുവതി അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്‌.

ആക്രമണത്തിന്റെ ദൃശ്യങ്ങൾ റെസ്റ്റോറന്റിലെ സിസിടിവിയിൽ നിന്ന് ലഭിച്ചു. റെസ്റ്റോറന്റിൽ ഇരുന്ന ഒരാൾ യുവതിയെ കടന്നുപിടിക്കുകയായിരുന്നു. ഭയന്ന് പോയ യുവതിയുടെ കൈകള്‍ ചുറ്റിപ്പിടിച്ച് കഴുത്തിൽ കത്തി കൊണ്ട് വരഞ്ഞു. നിലത്തു വീഴുന്നതിന് മുമ്പ് യുവതിയുടെ കഴുത്തിലും ശരീരത്തിലും മുറിവേല്പിച്ചു. റെസ്റ്റോറന്റിൽ ഇരുന്ന മറ്റാളുകൾ അക്രമിയെ കീഴ് പ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അയാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി. തറയിൽ കിടന്ന യുവതിയെ വീണ്ടും മുറിവേല്പിച്ചതിന് ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ, യുവതിയെ ഗുരുതരമായി പരിക്കേൽപ്പിച്ചതായി സംശയിക്കുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വെയിൽസ് : ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികൾക്കും ജീവപര്യന്തം തടവ്. 2021 ജൂലൈ 20 -ന് കാർഡിഫിലെ ബ്യൂട്ട് പാർക്കിൽ വെച്ചാണ് മൂവർ സംഘം സൈക്യാട്രിസ്റ്റ് ഡോ. ഗാരി ജെങ്കിൻസ് (54) ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം 16 ദിവസങ്ങൾക്ക് ശേഷം ആശുപത്രിയിൽ മരിച്ചു. പ്രതികളായ ജേസൺ എഡ്‌വേർഡ്‌സും (25) ലീ വില്യം സ്‌ട്രിക്‌ലാൻഡും (36) 32 വർഷം ജയിലിൽ കഴിയണം. പതിനേഴുകാരിയായ ഡയോൺ ടിംസ്-വില്യംസിന് 17 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു.

ഡോക്ടറെ പ്രതികൾ പാർക്കിൽ വെച്ച് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം വെയിൽസിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വച്ച് മരിച്ചു. സ്വവർഗ്ഗാനുരാഗികളായ പുരുഷന്മാരെ ലക്ഷ്യമിട്ടുകൊണ്ടാണ് അവർ ആക്രമണം നടത്തിയതെന്ന് ശിക്ഷ വിധിച്ച ജഡ്ജി ഡാനിയൽ വില്യംസ് പറഞ്ഞു. ഇത്തരം കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെടാനുള്ള സാധ്യത കുറവായിരിക്കും എന്നതാണ് കാരണം. സിസിടിവിയിൽ പതിഞ്ഞ ആക്രമണ ശബ്ദത്തിന്റെ ദൈർഘ്യം 28 മിനിറ്റാണ്. ഡോ. ജെങ്കിൻസ് “എന്നെ വെറുതെ വിടൂ”, “എന്നെ വിടൂ” എന്ന് ആവർത്തിച്ച് പറയുന്നത് കേൾക്കാം.

ജെങ്കിൻസിന്റെ മരണം കുടുംബത്തെ വല്ലാതെ ബാധിച്ചുവെന്ന് ഭാര്യ പറഞ്ഞു. രണ്ട് പെൺ മക്കളും പിതാവിന്റെ മരണത്തോടെ തകർന്നുപോയി. ദയയും കരുണയുമുള്ള മനുഷ്യനായിരുന്നു ഡോ. ജെങ്കിൻസ് എന്ന് കോടതി പറഞ്ഞു. കവർച്ചാ ശ്രമത്തിനിടെയാണ് ആക്രമണം നടന്നതെന്നും കോടതി വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- 15 വയസ്സുള്ള കറുത്തവർഗക്കാരിയായ പെൺകുട്ടിയെ വസ്ത്രം ഒഴിവാക്കിയുള്ള പരിശോധനയ്ക്ക് വിധേയമാക്കിയ സംഭവത്തിൽ ഈസ്റ്റ് ലണ്ടൻ സ്കൂൾ അധികൃതർ പരസ്യമായി മാപ്പ് പറഞ്ഞിരിക്കുകയാണ്. ഇങ്ങനെയൊരു സംഭവം നടന്നതായി സ്കൂൾ അധികൃതർ അറിഞ്ഞില്ലെന്നും, സ്റ്റാഫുകൾ ഒന്നും തന്നെ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും ആണ് സ്കൂളിന്റെ വിശദീകരണം. പരീക്ഷ നടന്ന സ്ഥലത്തു നിന്നും പെൺകുട്ടിയെ സ്കൂളിന്റെ മെഡിക്കൽ റൂമിലേക്ക് രണ്ടു വനിതാ മെട്രോപൊളിറ്റൻ പോലീസ് ഓഫീസർമാർ കൊണ്ടുവന്ന ശേഷം വസ്ത്രം ഒഴിവാക്കി മയക്കുമരുന്നോ മറ്റോ ഉണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ വിവരം അറിയിക്കാൻ സ്കൂൾ അധികൃതർ ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. യാതൊരു തരത്തിലുള്ള മയക്കുമരുന്നുകളും പെൺകുട്ടിയിൽ നിന്നും കണ്ടെത്തിയിട്ടില്ല. ഈ വനിതാ പോലീസ് ഓഫീസർമാരുടെ പ്രവർത്തി ഒരിക്കലും അംഗീകരിക്കാൻ ആവുന്നതല്ലെന്ന് മെട്രോപൊളിറ്റൻ പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇനിയും പേര് വെളിപ്പെടുത്താത്ത പെൺകുട്ടിയോടും കുടുംബത്തോടും സ്കൂൾ അധികൃതർ മാപ്പ് പറഞ്ഞതായി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സ്കൂളിനും മെട്രോപൊളിറ്റൻ പോലീസ് അധികൃതർക്കും എതിരെ പെൺകുട്ടിയുടെ കുടുംബം ഹർജി നൽകാൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. കറുത്ത വർഗക്കാരിയാണ് എന്നുള്ള കാരണമാകാം പെൺകുട്ടിയോട് ഇത്തരത്തിലുള്ള പെരുമാറ്റമുണ്ടാകാൻ കാരണമായതെന്നാണ് പൊതുവേയുള്ള കണ്ടെത്തൽ. ഈ സംഭവത്തോട് നിരവധിപേർ തങ്ങളുടെ അതൃപ്തി അറിയിച്ചിട്ടുണ്ട്. നോർത്ത് ഈസ്റ്റ് ലണ്ടനിൽ കഴിഞ്ഞ ആഴ്ച പെൺകുട്ടിക്ക് അനുകൂലമായി നടന്ന പ്രതിഷേധത്തിൽ ലേബർ പാർട്ടി എം പി ഡയൻ അബോട്ട് പങ്കെടുത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുകയാണ് . ഒരാഴ്ചയ്ക്കുള്ളിൽ ഒരു ദശലക്ഷം പേർക്ക് വൈറസ് ബാധിച്ചതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ ഓരോ 16 പേരിൽ ഒരാൾക്ക് രോഗം ബാധിച്ചതായാണ് റിപ്പോർട്ടുകൾ . നിലവിലെ രോഗവ്യാപനത്തിന്റെ പിന്നിൽ BA. 2 എന്ന ഒമിക്രോണിന്റെ ജനിതക വകഭേദമാണെന്ന് കണ്ടെത്തിയിരുന്നു.

ഇംഗ്ലണ്ടിലും വെയിൽസിലും സ്കോട്ട്‌ലൻഡിലും പ്രതിദിന രോഗവ്യാപന നിരക്ക് കൂടിക്കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും വടക്കൻ അയർലൻഡിൽ അണുബാധ കുറയുന്നതിന്റെ സൂചനകൾ കാണിച്ചു തുടങ്ങി . പ്രതിദിന രോഗവ്യാപന നിരക്ക് കൂടുന്നതിന്റെ അനന്തരഫലമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും മരണനിരക്കും ഉയർന്നേക്കാമെന്ന ആശങ്ക ശക്തമാകുകയാണ്. ഭൂരിപക്ഷം പേർക്കും വാക്സിൻ നൽകാനായത് വൈറസ് ബാധിതർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ കുറയ്ക്കുമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മാർച്ച് 24 – ന് 1740 പേരാണ് വൈറസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ തന്നെ പകുതിയോളം പേർ കോവിഡിന് പകരം മറ്റെന്തെങ്കിലും ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ടപ്പോൾ കോവിഡ് സ്ഥിരീകരിച്ചതാകാനും സാധ്യതയുണ്ട്. കോവിഡ് വ്യാപനം എൻഎച്ച്എസിനെ പ്രതിസന്ധിയിൽ ആക്കുകയാണ്. കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനൊപ്പം തന്നെ ജീവനക്കാരിൽ പലർക്കും കോവിഡ് ബാധിച്ചത് പ്രതിസന്ധിയുടെ ആക്കം കൂട്ടിയിട്ടുണ്ട്. കോവിഡ് കാരണം ഇംഗ്ലണ്ടിലെ എൻ എച്ച് എസ് ആശുപത്രികളിൽ ജീവനക്കാരുടെ അഭാവം മാർച്ച് 13 വരെയുള്ള ആഴ്ചയിൽ 31% ആണ് വർധിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുവതിയായ മലയാളി നേഴ്സിനെയും രണ്ടു മക്കളെയും ഓസ്ട്രേലിയയിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ജാസ്മിൻ മക്കളായ എബിലിൻ , കാരലിൻ എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്. മരിച്ച ജാസ്മിന് 30 വയസ്സിന് മുകളിൽ പ്രായമുണ്ടെന്നാണ് പോലീസിൻറെ പ്രാഥമികനിഗമനം. മക്കളായ രണ്ടുപേരും ആറു വയസ്സിൽ താഴെയുള്ള പെൺകുട്ടികളാണ്.

മരിച്ചവരുടെ വിവരങ്ങൾ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കൃഷിയിടത്തോട് ചേർത്ത് നിർത്തിയിട്ട നിലയിൽ ക്രാൻബേൺ വെസ്റ്റിലെ ഹൈവേയിലാണ് കാർ കണ്ടെത്തിയത് .

അപകടത്തിന്റെ യഥാർത്ഥ കാരണത്തെക്കുറിച്ച് ദുരൂഹത തുടരുകയാണ് . കാർ കത്തിയതിന്റെ അപകടകാരണം കണ്ടെത്താനായിട്ടില്ല. മൃതദേഹം ആരുടേതാണെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തിയതിനു ശേഷമായിരിക്കും മൃതദേഹം വിട്ടു നൽകുക.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഭക്ഷണ, ഊർജ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യത്തെ ദരിദ്രരെ സഹായിക്കാൻ ചാൻസലർ റിഷി സുനക് തയ്യാറായില്ലെന്ന് ആരോപണം. കഴിഞ്ഞ ദിവസത്തെ മിനി ബജറ്റിൽ ദരിദ്ര കുടുംബങ്ങൾക്ക് പിന്തുണ നൽകുന്ന പദ്ധതികൾ പ്രഖ്യാപിക്കാൻ അദ്ദേഹം തയ്യാറായില്ല. ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ ചാൻസലർക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാമായിരുന്നുവെന്ന് റെസല്യൂഷൻ ഫൗണ്ടേഷനും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്ക്കൽ സ്റ്റഡീസ് തിങ്ക് ടാങ്കും ആരോപിച്ചു. എന്നാൽ, താൻ പ്രഖ്യാപിച്ച നികുതിയിളവ് കുറഞ്ഞ വേതനത്തിലുള്ളവരെ സഹായിക്കുമെന്ന് സുനക് മറുപടി നൽകി. നാഷണൽ ഇൻഷുറൻസ് അടയ്ക്കാനുള്ള ശമ്പള പരിധി ഉയർത്തിയത് ഇടത്തരക്കാർക്ക് ഗുണം ചെയ്യുമെന്നും സുനക് കൂട്ടിച്ചേർത്തു.

അതിനിടെ, വരും മാസങ്ങളിൽ ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് കൂടുതൽ സഹായം ലഭിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സൂചന നൽകി. ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കുമെന്ന് പ്രധാനമന്ത്രി എൽബിസി റേഡിയോയോട് പറഞ്ഞു. ഇന്ധന തീരുവയിൽ ഒരു വര്‍ഷത്തേക്ക് ലിറ്ററിന് 5 പെന്‍സിന്റെ ഇളവ്, സോളാര്‍ പാനല്‍, ഹീറ്റ് പമ്പ് തുടങ്ങി ഹരിതോർജ്ജവുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ക്ക് വാറ്റ് ഉണ്ടാകില്ല, നാഷണല്‍ ഇന്‍ഷുറന്‍സ് നല്‍കേണ്ട പരിധി 3000 വര്‍ദ്ധിപ്പിച്ച് 12,570 ആക്കി, 2024 ആകുമ്പോഴേക്കും വരുമാന നികുതി നിരക്കില്‍ ഇളവു വരുത്തി 20 ല്‍ നിന്നും 19 ആക്കും എന്നിവയാണ് പ്രധാനപ്പെട്ട ബജറ്റ് പ്രഖ്യാപനങ്ങൾ.


ഈ വര്‍ഷം നേരത്തേ പ്രവചിച്ചിരുന്നത് പോലെ 6 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കാനാകില്ലെന്ന് സുനക് വ്യക്തമാക്കിയിരുന്നു.അത് 3.8 ശതമാനം മാത്രമായിരിക്കും. പണപ്പെരുപ്പം ശരാശരി 7.4 ശതമാനത്തില്‍ തുടരും. എന്നാൽ, വർഷാവസാനത്തോടെ പണപ്പെരുപ്പം 8 ശതമാനത്തിൽ കൂടുതലാകുമെന്നും ചരിത്രത്തിലെ ഏറ്റവും വലിയ ജീവിത നിലവാര തകർച്ചയിലേക്ക് ബ്രിട്ടൻ നീങ്ങുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി.

RECENT POSTS
Copyright © . All rights reserved