ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: 2008 ന് ശേഷം ജനിച്ചവർക്ക് സിഗരറ്റ് ഉൾപ്പടെയുള്ള ലഹരി പദാർത്ഥങ്ങൾ വിൽക്കരുതെന്ന നിർണായക തീരുമാനത്തെ സ്വാഗതം ചെയ്ത് ഭൂരിപക്ഷം ആളുകളും. യൂഗോവ് നടത്തിയ സർവ്വേയിലാണ് ഇക്കാര്യം പുറത്തുവന്നത്. പുകവലിയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ വാങ്ങുന്നതിൽ നിന്ന് യുവതലമുറയെ തടയുന്നതിനുള്ള നിയമനിർമ്മാണത്തെ 57 ശതമാനം ബ്രിട്ടീഷ് ജനത പിന്തുണയ്ക്കുന്നെന്നാണ് പഠനം ചൂണ്ടികാണിക്കുന്നത്. 2009 ന് ശേഷം ജനിച്ചവർക്ക് പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കാൻ പറ്റില്ലെന്ന ന്യൂസീലാൻഡിൻെറ നിർണായക തീരുമാനത്തിന് പിന്നാലെയാണിത്.

2025 ഓടെ രാജ്യത്ത് സിഗരറ്റിന്റെ ഉപയോഗം പൂർണമായും നിർമാർജനം ചെയ്യാനാണ് പരിശ്രമം. അതിന്റെ ഭാഗമായാണ് പ്രാഥമിക ഘട്ടം എന്ന നിലയിൽ 2008 ന് ശേഷം ജനിച്ചവർക്ക് പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കാൻ പറ്റില്ലെന്ന നിയമം കൊണ്ടുവന്നത്. 2019 ൽ തന്നെ യുകെ സമാനമായ നടപടികൾ കൈകൊണ്ടിട്ടുണ്ട്. പുകയില നിരോധന നിയമങ്ങളും, നിയന്ത്രണങ്ങളും നടപ്പിലാക്കിയിട്ടുണ്ടെങ്കിലും, 2030 ൽ രാജ്യം പൂർണമായും ഇവയിൽ നിന്ന് മോചനം നേടുമെന്ന് അധികൃതർ പറയുന്നു.

കുട്ടികളുടെ മുന്നിൽ നിന്ന് സിഗരറ്റ് വലിക്കുന്നത് നേരത്തെ മുതൽ തന്നെ കുറ്റകരമാണ്. 2008ൽ സിഗരറ്റ് പാക്കറ്റുകൾക്ക് മുകളിൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പുകവലിയിൽ നിന്ന് ജനങ്ങളെ പുറത്ത് കൊണ്ടുവരാൻ ഗവണ്മെന്റ് നടത്തുന്ന ശ്രമങ്ങൾ 2037 ഓടെ പൂർണതയിൽ എത്തുമെന്നാണ് ക്യാൻസർ റിസർച്ച് യുകെ പറയുന്നത്. അതേസമയം, 2021-ൽ, ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് നടത്തിയ പഠനത്തിൽ പ്രായപൂർത്തിയായ എട്ടിൽ ഒരാൾ പുകവലിക്കുന്നുണ്ടെന്നും സാക്ഷ്യപ്പെടുത്തുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: നാല് വർഷം മുമ്പ് പൂച്ചയുടെ കടിയേറ്റ യുവാവിന് ദാരുണാന്ത്യം. ഹെൻറിക് ക്രീഗ്ബോം പ്ലെറ്റ്നർ എന്നയാളാണ് മരണപ്പെട്ടത്. 2018 ലാണ് സംഭവം. പൂച്ചയെയും പൂച്ചക്കുട്ടികളെയും ഇയാളൊരു കേന്ദ്രത്തിൽ നിന്ന് ഏറ്റെടുക്കുകയായിരുന്നു. എന്നാൽ പിന്നീട് കൂട്ടത്തിൽ ഒരാളെ മാറ്റാൻ നടത്തിയ ശ്രമമാണ് ആക്രമണത്തിലേക്ക് നയിച്ചത്. കയ്യിൽ ചൂണ്ടുവിരലിലാണ് പൂച്ച കടിച്ചത്. മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ രക്തത്തിൽ കടന്നതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം.

ആക്രമണത്തിന് ശേഷം വിരൽ തടിച്ചു പൊങ്ങുന്നത് പോലെ തോന്നിയ ഇയാൾ, ഡോക്ടറുമായി ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ ഒരു ദിവസം കാത്തിരിക്കാൻ ഡോക്ടർ പറയുകയാണ് ചെയ്തത്. എന്നാൽ പിന്നീട് ഇയാൾ ഡെൻമാർക്കിലെ കോൾഡിംഗ് ഹോസ്പിറ്റലിൽ എത്തി. ഒരു മാസത്തോളം ആശുപത്രിയിൽ ചികിത്സയുടെ ഭാഗമായി കിടന്ന പ്ലെറ്റ്നർ 15 ഓപ്പറേഷനുകൾക്ക് വിധേയനായി. എന്നാൽ ചികിത്സകൾകൊണ്ട് കാര്യമായ മാറ്റങ്ങൾ ഉണ്ടാവാത്തതിനെ തുടർന്ന് വിരൽ മുറിച്ചു മാറ്റാൻ ഡോക്ടർമാർ തീരുമാനിച്ചു.

എന്നാൽ ഇതെല്ലാം അദ്ദേഹത്തിന്റെ ആരോഗ്യത്തെ തളർത്തി കളഞ്ഞു. മുപ്പത്തിമൂന്നുകാരനായ പ്ലെറ്റ്നർ സന്ധിവാതം, ന്യൂമോണിയ എന്നിങ്ങനെ നിരവധി രോഗങ്ങൾക്ക് കീഴ് പ്പെട്ടുവെന്ന് അദ്ദേഹത്തിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. കടിയേറ്റ ഉടൻ തന്നെ രക്തത്തിൽ പ്രവേശിച്ച ബാക്റ്റീരിയ വ്യാപിക്കാൻ തുടങ്ങിയതാണ് മരണകാരണം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ചരിത്രത്തിലെ ഏറ്റവും വലിയ നേഴ്സിങ് സമരമാണ് ഇന്ന് എൻഎച്ച്എസിൽ അരങ്ങേറുന്നത്. ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിലെ നേഴ്സുമാർ ഇന്ന് രാവിലെ 8 മണി മുതൽ സമരത്തിൽ പങ്കെടുക്കും. ജീവനക്കാരുടെ അഭാവം മൂലം പ്രതിസന്ധി നേരിടുന്ന രാജ്യത്തെ ആരോഗ്യ സംവിധാനത്തിന് ഇന്നത്തെ സമരം കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾക്കാണ് നേഴ്സുമാർ സമര രംഗത്ത് ഇറങ്ങിയിരിക്കുന്നത്. പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനകൾക്കും ആനുപാതികമായുള്ള ശമ്പള വർദ്ധനവാണ് നേഴ്സിങ് യൂണിയനുകൾ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ. എന്നാൽ ജീവനക്കാരുടെ ആവശ്യങ്ങളോട് തികച്ചും പുറംതിരിഞ്ഞു നിൽക്കുന്ന സമീപനമാണ് ഗവൺമെൻറിൻറെ ഭാഗത്തുനിന്ന് സ്വീകരിച്ചിരിക്കുന്നത്. ശമ്പള വർദ്ധനവിനെ കുറിച്ചുള്ള ചർച്ചകൾ പുനരാരംഭിക്കാൻ മന്ത്രിമാർ വിസമ്മതിച്ചതിനെ തുടർന്ന് ജീവനക്കാരുടെ മുന്നിൽ സമരമല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിങ് അറിയിച്ചു. എന്നാൽ 19 % ശമ്പള വർദ്ധനവ് എന്ന യൂണിയനുകളുടെ ആവശ്യം താങ്ങാനാവുന്നതല്ലെന്നാണ് ഗവൺമെന്റിന്റെ വാദം.

യുകെയിലേക്ക് കുടിയേറിയ മലയാളികളിൽ മിക്കവരും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് . അതുകൊണ്ടുതന്നെ സമരത്തിൻറെ മുന്നണി പോരാളികളായി ഒട്ടേറെ യു കെ മലയാളികളും രംഗത്തുണ്ട്. ഇന്നത്തെ സമരത്തിന് ഫലം കണ്ടില്ലെങ്കിൽ ഡിസംബർ 20-ാം തീയതി രണ്ടാംഘട്ട സമരവുമായി മുന്നോട്ടു പോകുമെന്ന് നേഴ്സിങ് യൂണിയനുകൾ അറിയിച്ചിട്ടുണ്ട്
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: മലയാളി യുവതിയെയും കുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടെത്തി. മിഡ്ലാന്‍ഡ്സിലെ കെറ്ററിംഗിലാണ് ദാരുണമായ സംഭവം. ഒരു വർഷം മുൻപാണ് ഇവർ യുകെയിൽ എത്തിയതെന്നും, മരണപ്പെട്ടത് കണ്ണൂർ സ്വദേശികളാണെന്നുമാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. അതേസമയം, ഇന്ന് രാവിലെ പല അപശബ്ദങ്ങളും ഇവരുടെ വീട്ടിൽ നിന്ന് ഉയർന്നിരുന്നതായി സമീപ വാസികൾ പറയുന്നുണ്ട്.
നേഴ്സായ യുവതി രാവിലെ ഡ്യൂട്ടിക്ക് എത്തേണ്ട സമയത്ത് എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണ വിവരം പുറത്ത് വരുന്നത്. രണ്ട് കുട്ടികളാണ് ഇവരോടൊപ്പം ഉണ്ടായിരുന്നത്. ഇതിൽ ആരാണ് മരണപ്പെട്ടത് എന്നതിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. ആശുപത്രിയിൽ നിന്നും ആൾ നേരിട്ടെത്തി നടത്തിയ പരിശോധനയിലാണ് മരണവിവരം പുറത്ത് വന്നത്. സംഭവത്തെ തുടർന്ന് ഓടി രക്ഷപെടാൻ ശ്രമിച്ച ഭർത്താവിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. കേസിലെ നിർണായക വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്ത് വന്നിട്ടില്ല.
ആറും നാലും വയസ് പ്രായമുള്ളവരാണ് കുട്ടികൾ. ഇവരിൽ ഒരാൾക്ക് പുറത്തെത്തിച്ച സമയം ജീവൻ ഉണ്ടായിരുന്നു. തുടർന്ന് ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോൾ നിരീക്ഷണത്തിൽ തുടരുകയാണ്. കൊല്ലപ്പെട്ട യുവതിയെയും കുട്ടിയെയും എയർലിഫ്റ്റിംഗ് മുഖേനയാണ് ആശുപത്രിൽ എത്തിച്ചത്. സംഭവത്തിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
അപ്ഡേറ്റ്… 22:15
യുകെ മലയാളി നഴ്സിന്റെ രണ്ട് കുട്ടികളും ആശുപത്രിയിൽ മരണമടഞ്ഞു എന്ന് അറിയിക്കുന്നു. ആറ് വയസുകാരനും നാല് വയസുള്ള പെൺകുട്ടിയും ആണ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചു എന്ന് ഇപ്പോൾ പോലീസ് അറിയിച്ചിരിക്കുന്നത്. രാത്രി വൈകിയും പോലീസ് അന്വേഷണം തുടരുന്നു… പോലീസ് അറിയിക്കുമ്പോൾ മാത്രമാണ് കൂടുതൽ വിവരങ്ങൾ അറിയിക്കാൻ സാധിക്കുക…
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിക്കുന്നതിനിടെ കുടിയേറ്റ ബോട്ട് മുങ്ങി നാല് പേർ മരിച്ചു. കെന്റിനും ഫ്രാൻസിനും ഇടയിലുള്ള ചാനലിലെ അതിശൈത്യത്തിൽ തണുത്തുറഞ്ഞ വെള്ളത്തിൽ ഒരു വലിയ തിരച്ചിൽ ബുദ്ധിമുട്ടാണെങ്കിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 31 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. ഇന്ന് അതിരാവിലെ ഇംഗ്ലീഷ് ചാനൽ മുറിച്ചുകടന്ന അനധികൃത കുടിയേറ്റ ബോട്ട് തകരാറിലായതിനെ തുടർന്നാണ് ഭാഗികമായി മുങ്ങിയത്.

ഫ്രാൻസിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായിരുന്നു ബോട്ടിൽ. യുകെ കോസ്റ്റ്ഗാർഡ്, ഫ്രഞ്ച് നാവികസേന, എയർ ആംബുലൻസ് എന്നിവയെല്ലാം രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. കെന്റിൽ ഉടനീളം മഞ്ഞുവീഴ്ചയ്ക്കുള്ള യെല്ലോ അലേർട്ട് നിലവിലുണ്ടായിരുന്നു.

ചാനലിൽ കൂടുതൽ മരണങ്ങൾ ഉണ്ടായത് ഹൃദയഭേദകമാണെന്ന് ലേബർ നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. അനധികൃത കുടിയേറ്റം നിർത്താനുള്ള പുതിയ നടപടികൾ പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വെള്ളിക്കും ഞായറിനും ഇടയിൽ 460 പേർ ഫ്രാൻസിൽ നിന്ന് കെന്റിലേക്ക് ചെറിയ ബോട്ടുകളിൽ യാത്ര ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ക്രിസ്‌മസിന് മുന്നോടിയായി രാജ്യത്ത് പണിമുടക്കുകൾ വർധിച്ചുവരികയാണ്. റോയൽ മെയിൽ ജീവനക്കാരും ഡ്രൈവിംഗ് എക്സാമിനർമാരും റെയിൽവേ തൊഴിലാളികളും പണിമുടക്കുകയാണ്. ഇന്നലെ റെയിൽ ജീവനക്കാരുടെ പണിമുടക്ക് കാരണം അഞ്ചിലൊന്ന് സർവീസ് മാത്രമാണ് നടത്തിയത്. സ്കോട്ട്ലൻഡിലെയും വെയിൽസിലെയും ഭൂരിഭാഗം റയിൽവെ ലൈനുകളും ഇന്നും അടച്ചിടും. അതേസമയം, നേഴ്‌സുമാർ നടത്തുന്ന ആദ്യ രാജ്യവ്യാപക പണിമുടക്കും ഈയാഴ്ച ആരംഭിക്കുമെന്ന് സൂചനയുണ്ട്.

റെയിൽവേ തൊഴിലാളികൾ, ബസുകൾ, ബാഗേജ് കൈകാര്യം ചെയ്യുന്നവർ, ഹൈവേ തൊഴിലാളികൾ, ഡ്രൈവിംഗ് എക്സാമിനർമാർ എന്നിവർ വെള്ളിയാഴ്ച പണിമുടക്കിലേക്ക് കടക്കും. സമരങ്ങൾ എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സർക്കാരിന്റെ അടിയന്തര കോബ്ര കമ്മിറ്റി വീണ്ടും ചേരും. റോയൽ മെയിലിന്റെ ഏറ്റവും തിരക്കേറിയ സമയത്താണ് കമ്മ്യൂണിക്കേഷൻ വർക്കേഴ്‌സ് യൂണിയന്റെ (CWU) 115,000 അംഗങ്ങളുടെ സമരം എന്നത് ആശങ്കയുളവാക്കുന്നു.

റോയൽ മെയിലിലെ സമരത്തിന്റെ ഫലമായി, അടുത്ത ദിവസത്തെ ഡെലിവറി സേവനത്തിന് കുറച്ച് സ്ഥലങ്ങളിൽ ചെറിയ കാലതാമസം നേരിടുമെന്ന് ഡിപിഡി ഗ്രൂപ്പ് പറഞ്ഞു. ഈ ആഴ്ച പണിമുടക്കുകൾ നടത്തുന്നതിനൊപ്പം, ഡിസംബർ 23 നും ക്രിസ്മസ് രാവിലും റോയൽ മെയിൽ തൊഴിലാളികൾ സമരത്തിലേക്ക് കടക്കും. വേനൽക്കാലം മുതൽ തർക്കം തുടരുകയാണ്. റെയിൽവേ, എൻഎച്ച്എസ്, അധ്യാപകർ, അതിർത്തി ജീവനക്കാർ, ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർ എന്നിവരെല്ലാം ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടാണ് രംഗത്ത് എത്തിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: മഞ്ഞുവീഴ്ച്ച തുടരുന്നതിനാൽ യുകെയിലുടനീളം പ്രഖ്യാപിച്ച യെല്ലോ അല്ലെർട്ടുകൾ നീട്ടി. വടക്കൻ സ്കോട്ട്‌ലൻഡിനും വടക്ക്-കിഴക്കൻ ഇംഗ്ലണ്ടിന്റെ ഭാഗങ്ങളിലും മഞ്ഞുവീഴ്ച തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ റെയിൽ ഗതാഗതം പൂർണമായി സ്തംഭിച്ചിരിക്കുകയാണ്. കാറുകളെ യാത്രയ്ക്കായി ആശ്രയിക്കുന്നവർ മുൻകൂട്ടി ക്രമീകരണം ചെയ്യണമെന്നും പുതിയ മുന്നറിയിപ്പിൽ പറയുന്നു.

ഷെറ്റ്‌ലൻഡിൽ നിലവിൽ 3800 കുടുംബങ്ങൾ പവർ കട്ട് മൂലം ദുരിതത്തിലാണ്. നിലവിൽ അഭിമുഖീകരിക്കുന്ന പ്രതിസന്ധി മുൻപൊരിക്കലും നേരിടാത്ത വിധമുള്ളതായതിനാൽ വൈദ്യുതി ഈ ഒരാഴ്ചകാലം മുടങ്ങുമെന്നാണ് ഊർജവിതരണ സ്ഥാപനമായ എസ് എസ് ഇ എന്നിലെ എഞ്ചിനീയർമാർ പറയുന്നത്. ലണ്ടൻ, ഇംഗ്ലണ്ടിന്റെ തെക്ക്-കിഴക്ക്, തെക്ക്-പടിഞ്ഞാറ് ഭാഗങ്ങളിൽ യെല്ലോ അലെർട്ടുകൾ ബുധനാഴ്ച വരെ തുടരുമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് നിന്ന് നീങ്ങുന്ന മഴ ഒറ്റരാത്രികൊണ്ട് കരയിലെത്തുമ്പോൾ മഞ്ഞായി മാറാൻ സാധ്യതയുണ്ട്. ഇത് ഡാർട്ട്മൂർ, എക്‌സ്‌മൂർ തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ 10 സെന്റീമീറ്റർ വരെ മഞ്ഞ് കാണാൻ കാരണമാകാൻ ഇടയുണ്ട്. അപകടസാധ്യത നിലനിൽക്കുന്ന ഇടങ്ങളിലെ ആളുകൾക്ക് അടിയന്തിര സേവനങ്ങൾ ഉറപ്പാക്കണമെന്നും കാലാവസ്ഥ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

മഞ്ഞിലൂടെ വാഹനമോടിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക..
* യാത്ര മുൻകൂട്ടി പ്ലാൻ ചെയ്യുക. മഞ്ഞുവീഴ്ച സംഭവിക്കാൻ ഇടയുള്ള പ്രദേശങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കും.
* യാത്ര ആരംഭിക്കുന്നതിന് മുൻപ് തന്നെ വിൻഡോ ഗ്ലാസ്, കണ്ണാടി എന്നിവ വൃത്തിയാക്കി വെക്കുക.
* എമർജൻസി കിറ്റ് നിർബന്ധമായും തയറാക്കിവെക്കുക. അതിൽ ഫോൺ ചാർജർ, കമ്പിളി പുതപ്പ്, ആവശ്യത്തിന് ഭക്ഷണം എന്നിവ കരുതിവെക്കണം.
* മഞ്ഞിൽ തെന്നിവീഴാൻ സാധ്യത ഉള്ളതിനാൽ വാഹനം സെക്കന്റ് ഗിയറിൽ മുന്നോട്ട് നീങ്ങണം
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: വില്യം രാജകുമാരനും കേറ്റ് രാജകുമാരിയും ഫാമിലി ക്രിസ്മസ് കാർഡ് പുറത്തിറക്കി. ഗ്രാമാന്തരീക്ഷത്തിൽ കുട്ടികൾക്കൊപ്പം ഇരുവരും കൈകോർത്തു നിൽക്കുന്ന ചിത്രമാണ് ഇത്തവണത്തെ കാർഡിൽ ഉള്ളത്. കുട്ടികൾ ഷോർട്ട് സ്ലീവ് ടോപ്പും, ഷോർട്സും ധരിച്ചപ്പോൾ, മാതാപിതാക്കൾ ജീൻസാണ് ധരിച്ചിരിക്കുന്നത്. രാജകുടുംബത്തിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറായ മാറ്റ് പോർട്ടിയസാണ് ചിത്രം പകർത്തിയിരിക്കുന്നത്.

വർഷാവസാനങ്ങളിൽ തങ്ങളുടെ പ്രിയപ്പെട്ട ചിത്രങ്ങൾ കാർഡാക്കി പുറത്തിറക്കുന്ന പതിവ് രാജകുടുംബത്തിന് ഉള്ളതാണ്. കുട്ടികളോടൊപ്പമുള്ള ചിത്രം ഉൾപ്പെടുത്തിയ കാർഡ് ഞായറാഴ്ചയാണ് ഇരുവരും ഔദ്യോഗികമായി റിലീസ് ചെയ്തത്. ചാൾസ് രാജാവിന്റെയും കാമിലയുടെയും ഫോട്ടോ അദ്ദേഹം വെയിൽസ് രാജകുമാരനായിരിക്കെ സെപ്റ്റംബർ 3-ന് ബ്രെമർ റോയൽ ഹൈലാൻഡിൽ എടുത്തതാണ്. ഇതിന് അഞ്ചുദിവസത്തിനു ശേഷമാണ് രാജ്ഞി മരണപ്പെട്ടത്.

അതേസമയം, വില്യം രാജകുമാരന്റെയും കാതറിന്റെയും കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് ഫോട്ടോ ജോർദാൻ സന്ദർശിച്ചതിനിടയിൽ എടുത്തതാണ്. എന്നാൽ ഹാരി ആൻഡ് മേഗൻ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വിവാദങ്ങളുടെ പശ്ചാതലത്തിൽ ഈ പ്രാവശ്യത്തെ ക്രിസ്തുമസ് എങ്ങനെയാകുമെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സഹോദരനെ സംരക്ഷിക്കാൻ ബ്രിട്ടീഷ് മാധ്യമങ്ങൽ കള്ളത്തരം പറയുകയാണെന്നാണ് രാജകുടുംബാഗങ്ങളുടെ വാദം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഇപ്‌സ്‌വിച്ചിൽ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ മലയാളി യുവാവ് ഉൾപ്പടെ എട്ട് പേർ പ്രതിപട്ടികയിൽ ഉണ്ടെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. കഴിഞ്ഞ മാസം മുപ്പതിനാണ് പ്രതികളെ പോലീസ് പിടികൂടിയത്. അസ്ഗർ അഷെമി(21), ലോർ അഡെപെറ്റു(22), റേച്ചൽ ക്രിസ്റ്റോഫ്(22), ഫിലിപ്പ് ഒബ്സിനിനിയ(23), ഷംസ് ഹസ്സൻ (22), അലൻ ഫിലിപ്പ് (21),ഡെക്വാൻ ഗ്ലിമിൻ(22) എന്നിവരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്.

ഇവർക്കെതിരെ എ ക്ലാസ് മയക്കുമരുന്ന് വിതരണം ചെയ്യാൻ ഗൂഢാലോചന നടത്തിയതും, ബി ക്ലാസ്സ് മരുന്നുകൾ വിതരണം ചെയ്യാൻ ശ്രമിച്ചതുമുൾ;പ്പെടെ നിരവധി വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. രാജ്യത്ത് സമീപകാലയളവിൽ മയക്കുമരുന്ന് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കേസുകളിൽ പ്രതിയാകുന്നവരിൽ ഏറെയും ചെറുപ്പക്കാരാണ്.

നിലവിൽ പ്രതികൾ റിമാൻഡിലാണ്. ജനുവരി 3ന് ഇവരെ ഇപ്‌സ്‌വിച്ച് ക്രൗൺ കോടതിയിൽ തുടർനടപടികൾക്ക് ഹാജരാക്കും. മലയാളി യുവാവ് പ്രതിപട്ടികയിൽ ഉണ്ടെന്നുള്ള വാർത്ത യുകെയിലെ മലയാളികളെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. പ്രസ്തുത സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയുള്ള ദിവസങ്ങളിൽ പോലീസ് പുറത്തുവിടുമെന്നാണ് കരുതുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ജേഴ്സി : ജേഴ്സിയിലെ ഫ്ലാറ്റിൽ ഉണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഏഴു പേരെ തിരിച്ചറിഞ്ഞു. പീറ്റർ ബൗളർ (72), റെയ്മണ്ട് ബ്രൗൺ (71), റോമിയു ഡി അൽമേഡ (67), ലൂയിസ് ഡി അൽമേഡ (64), ഡെറക് എല്ലിസ് (61), സിൽവിയ എല്ലിസ് (73), ബില്ലി മാർസ്ഡൻ (63) എന്നിവരാണ് മരിച്ചത്. സ്‌ഫോടനം നടക്കുമ്പോൾ ഒമ്പത് പേർ ഫ്‌ളാറ്റിൽ ഉണ്ടായിരുന്നതായി പൊലീസ് കരുതുന്നു. സെന്റ് ഹെലിയറിലെ പിയർ റോഡിലെ മൂന്ന് നിലകളുള്ള ഹൗട്ട് ഡു മോണ്ട് റെസിഡൻഷ്യൽ ബ്ലോക്കിൽ ശനിയാഴ്ച പുലർച്ചെയാണ് വൻസ്ഫോടനം ഉണ്ടായത്. ഡിസംബർ 23-ന് സൂര്യാസ്തമയം വരെ പതാകകൾ പകുതി താഴ്ത്തിക്കെട്ടുമെന്ന് ജേഴ്സി സർക്കാർ അറിയിച്ചു.

വെള്ളിയാഴ്‌ച വൈകുന്നേരം ഗ്യാസിന്റെ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ഫയർഫോഴ്‌സും ഗ്യാസ് എഞ്ചിനീയറും ഫ്‌ളാറ്റിലെത്തി പരിശോധന നടത്തിയിരുന്നതായി ഐലൻഡ് എനർജി അറിയിച്ചു. സ്ഫോടനത്തെ തുടർന്ന് 42 താമസക്കാർക്ക് ബ്ലോക്കിൽ നിന്ന് മാറേണ്ടി വന്നു. മത്സ്യബന്ധന ബോട്ടും ഫെറിയും തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പ്രാദേശിക മത്സ്യത്തൊഴിലാളികളെ കാണാതായ രണ്ട് ദിവസത്തിന് ശേഷമാണ് ഈ ദുരന്തം