ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്ലാക്ക്‌ബേണ്‍: ക്യാൻസറിനോട് ധീരമായ് പോരാടി യുകെ മലയാളികൾക്ക് മാതൃകയായ ഷിജി (46) ഒടുവിൽ മരണത്തിനു കീഴടങ്ങി. ബ്ലാക്ക്‌ബേണ്‍ ഹോസ്പിറ്റല്‍ നേഴ്സായ ഷിജിയുടെ മരണം ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു. രണ്ടു പതിറ്റാണ്ടായി യുകെയിൽ കഴിഞ്ഞ ഡോക്ടര്‍ ഫ്‌ലെമിങും ഭാര്യ ഷിജിയും മനോധൈര്യത്തിന്റെയും ഉറച്ച വിശ്വാസത്തിന്റെയും ആൾരൂപങ്ങളായിരുന്നു. നാല് വര്‍ഷമായി ക്യാൻസർ ബാധിതയായിരുന്ന ഷിജിയുടെ മരണം പ്രിയപ്പെട്ടവർക്കെല്ലാം തീരാവേദനയാണ്. കോട്ടയം സ്വദേശിയായ ഷിജിയുടെ സംസ്‌കാരം യുകെയിൽ നടക്കും. രണ്ടു പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമാണ് ദമ്പതികൾക്ക്. മൂവരും വിദ്യാർഥികളാണ്. കുടുംബത്തിന് പൂർണ്ണ പിന്തുണയുമായി ബ്ലാക്ക്‌ബേണ്‍ മലയാളി സമൂഹം ഒപ്പമുണ്ട്.
രോഗം മൂർച്ഛിച്ചതോടെ ഒരാഴ്ച മുന്‍പ് ആശുപത്രിയില്‍ പ്രവേശിച്ച ഷിജി പിന്നീട് വീട്ടിലേക്ക് മടങ്ങിയിരുന്നു. വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ആരോഗ്യ സംവിധാനങ്ങൾക്കൊന്നും തന്നെ രക്ഷിക്കാൻ കഴിയില്ലെന്ന് മനസിലാക്കിയ ഷിജി, ദൈവത്തിൽ ആശ്രയം വച്ചാണ് മുന്നോട്ട് നീങ്ങിയത്. പെന്തക്കോസ്ത് വിശ്വാസികളായ കുടുംബം സ്ഥിരമായി പ്രാര്‍ത്ഥന കൂട്ടായ്മയിലും പങ്കെടുത്തിരുന്നു. പ്രാര്‍ത്ഥന കൂട്ടായ്മയിലെ ഗായിക കൂടിയായിരുന്നു ഷിജി.
ഭർത്താവ് ഫ്ലെമിങ്ങ്, ബ്ലാക്‌ബേണ്‍ ഹോസ്പിറ്റലിലെ ഡോക്ടറാണ്. ഫ്‌ലെമിങ്ങിന്റെ കരുതലും പരിചരണവും ഏറ്റുവാങ്ങിയാണ് ഷിജി യാത്രയായത്. വിശ്വാസത്തിൽ അടിയുറച്ച് നീങ്ങിയതോടെ രോഗത്തോട് പരിഭവം ഇല്ലാതെ പുഞ്ചിരിയും സന്തോഷവുമായി ശിഷ്ട കാലം ജീവിക്കാനായെന്ന് ഷിജി വെളിപ്പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍ ഭേദപ്പെട്ട രോഗം മടങ്ങിയെത്തി ഷിജിയെ കൂട്ടിക്കൊണ്ടുപോകുമ്പോൾ ബ്ലാക്ക്‌ബേണ്‍ മലയാളി സമൂഹം ഒന്നടങ്കം ദുഃഖത്തിലാണ്.
ഷിജിയുടെ നിര്യാണത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ടിൽ ഇന്നു മുതൽ എല്ലാ കോവിഡ് നിയന്ത്രണങ്ങളും ഇല്ലാതാകും. പ്രതിദിനം നൂറുകണക്കിന് മരണങ്ങൾ ഉണ്ടായിട്ടും ഇന്നുമുതൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലിവിങ് വിത്ത് കോവിഡ് പദ്ധതി നിലവിൽ വന്നു. പ്രധാനമന്ത്രി പ്രഖ്യാപിച്ച ലിവിങ് വിത്ത് കോവിഡിൻ്റെ ഭാഗമായി ഇന്നു മുതൽ സെൽഫ് ഐസോലേഷൻ ഒഴിവാക്കപ്പെടുമെന്നുള്ളതാണ് ഒരു പ്രധാന മാറ്റം. ഇതിനോടൊപ്പം തന്നെ കോവിഡ് ബാധിതർക്കുള്ള ശമ്പളത്തോടൊപ്പമുള്ള വേതനവും ഇന്ന് മുതൽ നിർത്തലാക്കപ്പെടുമെന്ന പ്രത്യേകതകയും ഉണ്ട്.
ഏപ്രിൽ ഒന്നുമുതൽ സൗജന്യ ലാറ്ററൽ ഫ്ലോ ടെസ്റ്റുകളും പിസിആർ ടെസ്റ്റ് സെൻ്ററുകളും നിർത്തലാക്കുമെന്ന പ്രഖ്യാപനത്തിന് ആരോഗ്യ വിദഗ്ധരുടെ ഇടയിൽ നിന്നും പൊതുജനങ്ങളിൽ നിന്നും വൻ പ്രതിഷേധമാണ് ഉയർത്തിയത്. ജനുവരിയിൽ മാത്രം കോവിഡ് പരിശോധനകൾക്കും ടെസ്റ്റുകൾക്കും ഐസോലേഷനുമായി 2 ബില്യൺ പൗണ്ട് ചിലവായതായി പ്രധാനമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുന്നതോടെ ഈ രീതിയിലുള്ള വൻ സാമ്പത്തിക ബാധ്യതയിൽ നിന്ന് സർക്കാരിന് ഒഴിയാനാകും.
യുദ്ധം പൂർണമായി അവസാനിക്കുന്നതിനായി കാത്തിരിക്കുന്നവർ ദീർഘകാലത്തേയ്ക്ക് ബ്രിട്ടീഷ് ജനതയുടെ സ്വാതന്ത്ര്യത്തിനായിരിക്കും കത്തി വയ്ക്കുക എന്ന് പ്രധാനമന്ത്രി പറഞ്ഞു. യുദ്ധം പൂർണമായും വിജയിക്കുന്നതിന് മുമ്പ് വിജയം പ്രഖ്യാപിക്കുന്നതിന് തുല്യമാണ് കോവിഡ് നിയന്ത്രണങ്ങൾ നിലവിലെ സാഹചര്യത്തിൽ ഇളവ് ചെയ്യപ്പെടുന്നതെന്ന് ലേബർ പാർട്ടി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. സ്വന്തം എംപിമാരിൽ നിന്നും പ്രതിപക്ഷത്തു നിന്നും കടുത്ത എതിർപ്പ് നേരിടുന്ന പ്രധാനമന്ത്രിയുടെ മുഖം രക്ഷിക്കാനുള്ള നടപടിയാണ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിൻ്റെ പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. രാജ്യത്തെ അഞ്ച് ലക്ഷം പ്രതിരോധശേഷി കുറഞ്ഞ ജനങ്ങൾ എങ്ങനെ വൈറസിനൊപ്പം ജീവിക്കുമെന്നത് കടുത്ത ആശങ്ക ഉളവാക്കുന്ന കാര്യമാണെന്ന് എംഎസ് സൊസൈറ്റിയുടെ പോളിസി ഹെഡ് ഫിലിപ്പ് ആൻഡേഴ്സൺ മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : വിദ്യാർഥി വായ്പ തിരിച്ചടവിനുള്ള പുതിയ പദ്ധതികളുമായി സർക്കാർ. അടുത്ത വർഷം യൂണിവേഴ്സിറ്റി പഠനം ആരംഭിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ ലോൺ അടച്ചുതീർക്കാൻ സർക്കാർ 40 വർഷത്തെ സമയം നൽകും. നിലവിലെ സംവിധാനമനുസരിച്ച് 30 വർഷത്തിന് ശേഷം വായ്പകൾ എഴുതിത്തള്ളിയിരുന്നു. തിരിച്ചടവ് കാലവധി നീട്ടുന്നതുൾപ്പടെയുള്ള പല നടപടികൾക്കും സർക്കാർ തയ്യാറായിട്ടുണ്ട്. ഒരു സർവ്വകലാശാലയ്ക്ക് പ്രതിവർഷം ഒരു കോഴ്‌സിന് ഈടാക്കാവുന്ന പരമാവധി തുക, രണ്ട് വർഷത്തേക്ക് £9,250 ആയി മരവിപ്പിച്ചു. ഒപ്പം, പ്രതിവർഷം £25,000-ൽ കൂടുതൽ സമ്പാദിക്കുന്ന ബിരുദധാരികൾ അവരുടെ ലോൺ തിരിച്ചടച്ച് തുടങ്ങണം. നേരത്തെ 27,295 പൗണ്ട് സമ്പാദിക്കുമ്പോഴായിരുന്നു തിരിച്ചടവ് ആരംഭിക്കുന്നത്. 2022-23 അധ്യയന വർഷത്തിൽ പഠനം ആരംഭിക്കുന്ന ഇംഗ്ലണ്ടിലെ വിദ്യാർത്ഥികൾക്ക് ഇത് ബാധകമാണ്.
23% വിദ്യാർത്ഥികൾ മാത്രമാണ് അവരുടെ വായ്പ പൂർണ്ണമായും തിരിച്ചടച്ചതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ പുതിയ പദ്ധതി പ്രകാരം വായ്പയെടുക്കുന്നവരിൽ 52% പേരും ലോൺ അടച്ചുതീർക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. 2021 മാർച്ചിലെ കണക്ക് പ്രകാരം വിദ്യാർത്ഥി വായ്പകളിൽ 161 ബില്യൺ പൗണ്ട് തിരിച്ചടച്ചിട്ടില്ല. 2043 ഓടെ ഇത് 500 ബില്യൺ പൗണ്ടായി ഉയരുമെന്നാണ് പ്രവചനം. ഈ കടബാധ്യതയ്ക്ക് ഒരു പരിഹാരം കാണുകയാണ് സർക്കാർ. ഈ മാറ്റങ്ങൾ വിദ്യാർത്ഥികൾക്കും നികുതിദായകർക്കും ഗുണം ചെയ്യുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹാവി പറഞ്ഞു.
ഉയർന്ന വരുമാനമുള്ള ബിരുദധാരികൾ ഓരോ മാസവും കൂടുതൽ തുക തിരിച്ചടയ്ക്കുന്നതിനാൽ അവരുടെ കടം വേഗത്തിൽ തീരും. എന്നാൽ ഇടത്തരം വരുമാനമുള്ള ബിരുദധാരികൾ അവരുടെ ജീവിതത്തിന്റെ ഭൂരിഭാഗവും വായ്പ അടച്ചുതീർക്കാനായി കഷ്ടപ്പെടേണ്ടി വരും. തിരിച്ചടവ് കാലാവധി നീട്ടുന്ന സർക്കാർ തീരുമാന പ്രകാരം, 60 വയസ്സ് വരെ ലോൺ അടയ്‌ക്കേണ്ടി വരുമെന്ന് ചുരുക്കം. കുറഞ്ഞ വരുമാനമുള്ള ബിരുദധാരികളെ ഈ പദ്ധതി കൂടുതൽ ബാധിക്കുമെന്ന് ലേബർ പാർട്ടി ആരോപിച്ചു. പദ്ധതിക്കെതിരെ വിദ്യാർഥികളുടെ ഭാഗത്തുനിന്നും നിരവധി ആരോപണങ്ങൾ ഉയരുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിൽ ആകെ ചർച്ചാവിഷയമായ സാറാ എവറാർഡിൻെറ കൊലപാതകത്തിന്റെ വിചാരണ നടന്ന സമയങ്ങളിൽ സീനിയർ പോലീസ് ഉദ്യോഗസ്ഥൻ പരിഹാസ ചുവയുള്ള സന്ദേശങ്ങൾ സഹപ്രവർത്തകർക്ക് കൈമാറിയതായി പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. ഡോർസറ്റ് പോലീസ് ഉദ്യോഗസ്ഥൻ സർജന്റ് സൈമൺ കെമ്പ്റ്റണിനെതിരെയാണ് ആരോപണങ്ങൾ ഉയർന്നു വന്നിരിക്കുന്നത്. ഇയാൾ സോഷ്യൽ മീഡിയയിലൂടെ സുഹൃത്തുക്കൾക്കും മറ്റും വിചാരണയുടെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കാതെ വിവരങ്ങൾ ചോർത്തി നൽകിയതായാണ് കണ്ടെത്തിയിരിക്കുന്നത്.
എന്നാൽ തന്നോടൊപ്പമുള്ള എക്സിക്യൂട്ടീവ് ടീമംഗങ്ങൾ ഈ വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമായതിനാലാണ് താൻ ഇത്തരത്തിൽ സന്ദേശങ്ങൾ അയച്ചത് എന്ന് അദ്ദേഹം വ്യക്തമാക്കി. ഈ കേസിൽ പ്രതിയായ കൗസെൻസ് തന്റെ ഭാഗം ന്യായീകരിക്കാനായി വിചാരണസമയത്ത് നിരത്തിയ വാദങ്ങളാണ് സൈമൺ സന്ദേശങ്ങളായി തന്റെ സുഹൃത്തുക്കൾക്ക് അയച്ചത്.
എന്നാൽ തന്റെ സന്ദേശങ്ങൾ ഒരുതരത്തിലും ആരെയും വേദനിപ്പിക്കാൻ ഉള്ളതല്ലെന്നും വിവരങ്ങൾ കൈമാറുക മാത്രമാണ് താൻ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ചോർത്താനല്ല താൻ ശ്രമിച്ചതെന്നും, മറിച്ച് തന്റെ കൂടെയുള്ള ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച് വ്യക്തത വരുത്താനാണ് ഇത്തരത്തിൽ സന്ദേശങ്ങൾ അയച്ചതെന്നും സൈമൺ വ്യക്തമാക്കി. എന്നാൽ ഇദ്ദേഹത്തിനെതിരെ ശക്തമായ നടപടി ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2021 മാർച്ചിലാണ് സാറ എവെർറാർഡിനെ പോലീസ് ഉദ്യോഗസ്ഥനായിരുന്ന കൗസെൻസ് കൊലപ്പെടുത്തിയത്. ഇവരെ തട്ടിക്കൊണ്ടുപോയി റേപ്പ് ചെയ്തതിന് ശേഷമായിരുന്നു ഇയാൾ കൊലപ്പെടുത്തിയതെന്ന് പിന്നീട് അന്വേഷണത്തിൽ തെളിഞ്ഞു. ഈ കേസിൽ ഇപ്പോൾ ഇദ്ദേഹം ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യുക്രൈൻ – റഷ്യ സംഘർഷത്തെ ചൊല്ലിയുള്ള ആശങ്ക ആഗോള വിപണിയിൽ എണ്ണ വില കുത്തനെ ഉയരാൻ കാരണമായി. ഇതിനെ തുടർന്ന് യുകെയിൽ പെട്രോൾ, ഡീസൽ വില ഉയർന്നു. ഇന്ന് പെട്രോൾ വില ലിറ്ററിന് 149.30 പെൻസിലെത്തി. അധികം വൈകാതെ പെട്രോൾ വില 1.50 പൗണ്ട് കടക്കുമെന്നാണ് ആർഎസിയുടെ മുന്നറിയിപ്പ്. ഡീസൽ വിലയും ഉയരുകയാണ്. 152.68 പെൻസാണ് ഇന്നത്തെ വില. ഹോൾസെയിൽ ഗ്യാസിന്റെ വില കുതിച്ചുയരുന്നത് ധാരാളം കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കും. റഷ്യയുമായി രാജ്യത്തെ ബന്ധിപ്പിക്കുന്ന പുതിയ ഗ്യാസ് പൈപ്പ്‌ലൈനായ നോർഡ് സ്ട്രീം 2 മരവിപ്പിക്കാനുള്ള ജർമനിയുടെ തീരുമാനത്തെ തുടർന്നാണ് ഹോൾസെയിൽ ഗ്യാസ് വില വർധന.
ഇന്നലെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് മൂന്നു ഡോളർ ഉയർന്ന് നൂറു ഡോളറിനടുത്തെത്തിയിരുന്നു. ഏഴ് വർഷത്തിന് ശേഷം ഇതാദ്യമായാണ് എണ്ണവില ബാരലിന് 99 ഡോളറിലെത്തുന്നത്. യൂറോപ്പിനാവശ്യമായ എണ്ണയുടെ മൂന്നിലൊന്നും നൽകുന്നത് റഷ്യയാണ്. അതിനാൽ യൂറോപ്യൻ മേഖലയിൽ എണ്ണലഭ്യത സംബന്ധിച്ച ആശങ്ക ഉയരുകയാണ്. സൗദി അറേബ്യ കഴിഞ്ഞാൽ ഏറ്റവും അധികം എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യവും ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ഉൽപ്പാദകരും റഷ്യയാണ്.
റഷ്യക്കെതിരെ രാജ്യാന്തര ഉപരോധം വന്നാൽ ആഗോളതലത്തിൽ എണ്ണ ലഭ്യത കുറയുകയും അത് വിലക്കയറ്റത്തിന് കാരണമാകുകയും ചെയ്യും. ഈ ആശങ്കയാണ് യുകെയിലെ പെട്രോൾ, ഡീസൽ വില വർധനയ്ക്ക് കാരണം. യുകെയിലെ ഉയർന്ന ഊർജ വില മലയാളികൾ ഉൾപ്പെടെയുള്ള കുടുംബങ്ങളുടെ നിത്യജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. അതേസമയം, യുക്രൈനിലേക്ക് പൂർണ്ണമായ അധിനിവേശമുണ്ടായാൽ റഷ്യയുടെ മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്ന് യുകെ അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : സ്വതന്ത്ര്യ രാജ്യങ്ങളായി റഷ്യ പ്രഖ്യാപിച്ച യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളിലേക്ക് സൈന്യത്തെ അയച്ച പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ നടപടിക്കെതിരെ ലോകരാജ്യങ്ങൾ. കഴിഞ്ഞ ദിവസമാണ് യുക്രൈനിലെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്ര്യ രാജ്യങ്ങളായി പുടിൻ പ്രഖ്യാപിച്ചത്. 2014 മുതല്‍ റഷ്യന്‍ പിന്തുണയോടെ യുക്രൈന്‍ സൈന്യവുമായി ഏറ്റമുട്ടി കൊണ്ടിരിക്കുന്ന ഡൊണെറ്റ്സ്‌കിനേയും ലുഹാന്‍സ്‌കിനേയുമാണ് റഷ്യ സ്വതന്ത്ര പ്രദേശങ്ങളായി അംഗീകരിച്ചത്. പുടിന്റെ ഈ നടപടി ലോകത്തെ വീണ്ടും യുദ്ധഭീതിയിലാക്കി.
പുടിന്റെ നടപടിയെ തുടർന്ന് റഷ്യയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കി. യുക്രൈനില്‍ റഷ്യ അധിനിവേശം ആരംഭിച്ചുകഴിഞ്ഞതായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ സ്ഥിരീകരിച്ചു. റഷ്യന്‍ കമ്പനികള്‍ക്ക് യുഎസ് ഡോളറും ബ്രിട്ടീഷ് പൗണ്ടും ലഭിക്കുന്നത് ഇല്ലാതാക്കുമെന്നും ലണ്ടനില്‍ വ്യാപാരം നടത്തുന്നതിന് പണം ശേഖരിക്കുന്നത് തടയുമെന്നും ജോൺസൻ വ്യക്തമാക്കി.
മൂന്ന് റഷ്യൻ ശതകോടീശ്വരന്മാർക്കും അഞ്ച് ബാങ്കുകൾക്കുമാണ് ഉപരോധം ഏർപ്പെടുത്തിയത്. യുക്രൈന്റെ പരമാധികാരത്തിന്റെയും അഖണ്ഡതയുടെയും ലംഘനമാണ് പുടിന്റെ തീരുമാനമെന്ന് ജോൺസൻ പാർലമെന്റിൽ പറഞ്ഞു.
2014-ലെയും 15-ലെയും മിൻസ്‌ക് സമാധാന ഉടമ്പടികളുടെ ലംഘനമാണ് പുടിന്റേതെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ എന്നിവർ പറഞ്ഞു. റഷ്യയിൽ നിന്ന് ജർമനി യിലേക്കുള്ള നോർഡ് സ്ട്രീം 2 വാതക പൈപ്പ്ലൈൻ പദ്ധതി ജർമനി ചാൻസലർ ഒലാഫ് ഷോൾസ് മരവിപ്പിച്ചു. ഇത്തരം അധിനിവേശങ്ങളിലൂടെ സമാധാന ശ്രമങ്ങളെ ആട്ടിമറിക്കുകയാണ് റഷ്യയെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലിവിങ് വിത്ത് കോവിഡിൻെറ ഭാഗമായി ബ്രിട്ടനിൽ സൗജന്യ ലാറ്ററൽ ഫ്ലോ ടെസ്റ്റുകളും പിസിആർ ടെസ്റ്റ് സെന്ററുകളും അവസാനിപ്പിക്കാനുള്ള തീരുമാനം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന വിമർശനം ശക്തമാണ് . പ്രധാനമായും കെയർ ഹോമുകൾ സന്ദർശിക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ കോവിഡ് പരിശോധന അവസാനിപ്പിക്കുന്നത് ആത്മഹത്യാപരമായിരിക്കും എന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ രംഗത്തെത്തിക്കഴിഞ്ഞു.
ഏപ്രിൽ മുതൽ ലാറ്ററൽഫ്ലോ ടെസ്റ്റുകൾക്ക് പണം നൽകേണ്ടി വരുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് സ്ഥിരീകരിച്ചിരുന്നു. ഇതിൽനിന്ന് കെയർഹോം സന്ദർശകർക്ക് ഒഴിവില്ലെന്ന് പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു. ഏപ്രിൽ മാസം മുതൽ ലാറ്ററൽഫ്ലോ ടെസ്റ്റുകൾക്ക് ജനങ്ങൾ പണം നൽകേണ്ടതായി വരുന്നതുമൂലം കെയർഹോം സന്ദർശകർ മതിയായ കോവിഡ് ടെസ്റ്റ് ഇല്ലാതെ നടത്തുന്ന സന്ദർശനങ്ങൾ അന്തേവാസികൾക്ക് രോഗവ്യാപനം ഉണ്ടാകാനുള്ള സാധ്യതയിലേയ്ക്കാണ് പലരും വിരൽചൂണ്ടുന്നത്. അതുപോലെതന്നെ തങ്ങളുടെ പ്രിയപ്പെട്ടവരെ വർഷത്തിൽ പല പ്രാവശ്യം സന്ദർശിക്കുന്നതിന് നൂറുകണക്കിന് പൗണ്ട് വിനിയോഗിക്കാൻ നിർബന്ധിക്കുന്നത് അന്യായവും അധാർമികവും ആണെന്ന് ലിബറൽ ഡെമോക്രാറ്റ് നേതാവ് സർ എഡ് ഡേവി പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഹൃദയാഘാതവും സ്ട്രോക്കുമുള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ക്ക് കാരണക്കാരനാണ് അമിത കൊളസ്ട്രോള്‍. എന്നാൽ കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള മരുന്നുകളെ ആശങ്കയോടെയാണ് പലരും കാണുന്നത്. സ്റ്റാറ്റിന്‍ മരുന്നുകളെ പറ്റിയാണ് ആശങ്കകൾ ഏറെയും. എന്നാൽ കൊളസ്ട്രോള്‍ മരുന്നുകളെ പേടിക്കേണ്ടതില്ലെന്ന് പറയുകയാണ് എൻ എച്ച് എസ് ഡോക്ടർമാർ. പരിധിവിട്ട് ഉയരുന്ന കൊളസ്ട്രോളിനെ തടഞ്ഞു, മാരകരോഗങ്ങളില്‍ നിന്നും രക്ഷിക്കാന്‍ മരുന്നു ചികിത്സ കൂടിയേ തീരൂ.
എന്താണ് കൊളസ്ട്രോൾ?
കൊളസ്ട്രോൾ നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഒരു പദാർഥമാണ്. ശരീരപ്രവർത്തനത്തിനാവശ്യമായ ഊർജ്ജം ഉല്പാദിപ്പിക്കുവാനും, കോശങ്ങളുടെ നിർമ്മാണത്തിനും ഉൾപ്പെടെ നിരവധി ശരീരാവശ്യങ്ങൾക്ക് കൊളസ്ട്രോൾ വേണം. നമ്മുടെ ശരീരത്തിനാവശ്യമായ കൊളസ്ട്രോളിൽ 80 ശതമാനവും ശരീരം (കരൾ) തന്നെ നിർമ്മിക്കുന്നു. ശേഷിക്കുന്ന 20 ശതമാനം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ശരീരത്തിലെത്തും. നല്ലതും ചീത്തയുമായ ഘടകങ്ങൾ രക്തത്തിലെ കൊളസ്ട്രോളിലുണ്ട്. ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) എന്ന ചീത്ത കൊളസ്ട്രോളിന്റെ അളവ് ആവശ്യത്തിലേറെയാണെങ്കിൽ അതിനെ കുറയ്ക്കുന്നതിനാണ് പ്രധാനമായും മരുന്നുകഴിക്കുന്നത്. ഒപ്പം നല്ല കൊളസ്ട്രോളായ ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീനിന്റെ (എച്ച്ഡിഎൽ) അളവ് ആവശ്യമായ നിലയിൽ ഉയർത്താനും ഒരു പരിധിവരെ മരുന്നു സഹായിക്കും. അതിന് ഏറ്റവും നല്ലത് വ്യായാമം തന്നെ.
ശരീരത്തിലെ കൊളസ്‌ട്രോൾ ലിറ്ററിന് 5 മില്ലിമോളിൽ താഴെയായിരിക്കണമെന്ന് (mmol/L) എൻ എച്ച് എസ് പറയുന്നു. എച്ച്ഡിഎൽ കൊളസ്‌ട്രോൾ 1 mmol/L ന് മുകളിലും എൽഡിഎൽ (മോശം കൊളസ്ട്രോൾ) 3 mmol/L അല്ലെങ്കിൽ അതിൽ താഴെയും ആയിരിക്കണം.
സ്റ്റാറ്റിൻ മരുന്നുകൾ
കരളില്‍ കൊളസ്ട്രോള്‍ രൂപീകരണത്തിനു സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട എന്‍സൈമാണ് HMG-CoA reductase. ഈ എന്‍സൈമിന്റെ പ്രവര്‍ത്തനം ക്രമീകരിക്കാൻ ഉപയോഗിക്കുന്ന മരുന്നാണ് സ്റ്റാറ്റിൻ. രക്തക്കുഴലിൽ തടസം ഉണ്ടാവുന്നതിനെ തടയുന്നു, രക്തം കട്ടപിടിക്കുന്നതിനെ തടയുന്നു എന്നിവ ഈ മരുന്നിന്റെ സവിശേഷതകളാണ്. സ്റ്റാറ്റിന്‍ മരുന്നുകള്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ 18-55% വരെ കുറയ്ക്കുന്നതായും നല്ല കൊളസ്ട്രോളായ എച്ചഡിഎല്‍ന്റെ അളവ് അഞ്ചു മുതല്‍ 15 ശതമാനം വരെ വര്‍ധിപ്പിക്കുന്നതായും പഠനങ്ങള്‍ പറയുന്നു.
സ്റ്റാറ്റിന്‍ മരുന്നുകളെക്കുറിച്ചുള്ള പ്രധാന ആരോപണം അവ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നുവെന്നാണ്. എന്നാല്‍ അപൂര്‍വം പേരില്‍ മാത്രമേ സ്റ്റാറ്റിന്‍ പാര്‍ശ്വഫലം പ്രകടിപ്പിക്കുകയുള്ളൂ. കരള്‍ രോഗങ്ങള്‍ ഉള്ളവര്‍ സ്റ്റാറ്റിന്‍ മരുന്നുകള്‍ കഴിക്കുവാന്‍ പാടില്ല. ഗര്‍ഭിണികളും പാലൂട്ടുന്നവരും ഈ മരുന്നുകള്‍ കഴിക്കരുത്. സ്റ്റാറ്റിൻ മരുന്നു കഴിക്കുന്നവര്‍ ചിലതരം ആന്റിബയോട്ടിക്കുകളും മരുന്നുകളും കഴിക്കുമ്പോള്‍ പേശീവേദന കൂടുതലാകും. അതിനാല്‍ സ്റ്റാറ്റിന്‍ കഴിക്കുന്ന കാര്യം മറ്റേതു ഡോക്ടറെ കാണുമ്പോഴും പറയാൻ മറക്കരുത്. മരുന്നിലൂടെ മാത്രം കൊളസ്ട്രോളിനെ തടഞ്ഞു നിർത്താൻ ശ്രമിക്കരുത്. അതിന് ചിട്ടയായ വ്യായാമവും ഭക്ഷണ നിയന്ത്രണവും ശീലമാക്കണം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബർമിംഗ്ഹാം: ജനങ്ങളെ പരിഭ്രാന്തരാക്കി ബിര്‍മ്മിംഗ്ഹാമില്‍ ഭൂചലനം. ഇന്നലെ രാത്രി 10:59നാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ബിർമിംഗ്ഹാമിലെയും വെസ്റ്റ് മിഡ്‌ലാൻഡിലെയും നിരവധി കെട്ടിടങ്ങളും വീടുകളും കുലുങ്ങി. ബിർമിംഗ്ഹാം, വോൾവർഹാംപ്ടൺ, വാർവിക്ക്, വാൽസാൽ, സട്ടൺ കോൾഡ്‌ഫീൽഡ്, വെഡ്‌നെസ്‌ബറി, വില്ലൻഹാൾ, ഹാൽസോവൻ, ഡഡ്‌ലി, റുഗെലി, പൂൾ, ടിപ്റ്റൺ, റൗലി റെഗിസ് എന്നീ പ്രദേശങ്ങളിൽ ഭൂചലനം ഉണ്ടായി.
ഭൗമോപരിതലത്തില്‍ നിന്നും 10 കിലോമീറ്റര്‍ താഴെമാത്രമാണ് ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനമെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ പറഞ്ഞു. വാൽസാളിലാണ് ഭൂചലനം കൂടുതൽ ശക്തമായി അനുഭവപ്പെട്ടതെന്ന് ബ്രിട്ടീഷ് ജിയോളജിക്കൽ സർവേ (ബിജിഎസ്) വ്യക്തമാക്കി. ഇവിടെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും റിപ്പോർട്ടുകളുണ്ട്.
ഭൂകമ്പം ഉണ്ടായതിന് പിന്നാലെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ തങ്ങളുടെ അനുഭവം പങ്കുവെച്ചത്. ഡഡ്‌ലി ഈസ്റ്റിലെ പോലീസ് ഇൻസ്‌പെക്ടറായ പീറ്റ് സന്ധു തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചത് ഇങ്ങനെയാണ്; “ഞാൻ കരുതി ജനലിൽ ആരോ മുട്ടുന്നുണ്ടെന്ന്!! ഡഡ്‌ലിയിൽ ഒരു ഭൂകമ്പം ഉണ്ടായി.” ഒരു കാര്‍ തന്റെ വീട്ടിലേക്ക് ഇടിച്ചുകയറി എന്നാണ് വിചാരിച്ചതെന്ന് വെനെസ് ഫീല്‍ഡ് സ്വദേശി പറഞ്ഞു. മൂന്ന് കൊടുങ്കാറ്റുകള്‍ വന്ന് നാശം വിതച്ചതിന് പിന്നാലെ ഒരു ഭൂകമ്പവും ഉണ്ടായിരിക്കുന്നുവെന്ന് നിരവധി പേർ ട്വീറ്റ് ചെയ്തു. ഭൂചലനത്തിൽ കാര്യമായ നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ സ്ഥലങ്ങൾ ഓർത്തിരുന്നോളൂ. ഡ്രൈവിംഗ് ടെസ്റ്റിനായി വർഷങ്ങൾ കാത്തിരിക്കേണ്ടി വരുന്ന ദുരവസ്ഥ നിങ്ങൾക്കുണ്ടാകാതിരിക്കട്ടെ. വാഹനമോടിക്കുന്നത് നിത്യ ജീവിതത്തിന്റെ ഭാഗമാണെന്നിരിക്കെ ഡ്രൈവിംഗ് പഠിച്ച് ലൈസെൻസ് നേടുക എന്നത് പലരുടെയും സ്വപ്നമാണ്. എന്നാൽ അതിന് വിലങ്ങുതടിയാവുന്ന സംവിധാനങ്ങളാണ് രാജ്യത്തെങ്ങും. ഒരു ഡ്രൈവിംഗ് ടെസ്റ്റിനായി ശരാശരി പതിനഞ്ചു ആഴ്ച കാത്തിരിക്കേണ്ടി വരുമെന്ന് ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ് ഏജൻസി (ഡിവിഎസ്എ) പറയുന്നു. 79 ടെസ്റ്റ് സെന്ററുകളിൽ ഈ കാത്തിരിപ്പ് രണ്ട് വർഷത്തിലേക്ക് നീളും. കോവിഡും പാസ്സ് ആകുന്നവരുടെ എണ്ണത്തിലുള്ള കുറവുമാണ് ടെസ്റ്റുകൾ വൈകാനുള്ള പ്രധാന കാരണം.
എളുപ്പം ഡ്രൈവിംഗ് ടെസ്റ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്ന ഇരുപത് സ്ഥലങ്ങൾ ഇതാ (സ്ഥലം – ടെസ്റ്റിനായി കാത്തിരിക്കേണ്ട സമയം)
•കിർക്കാൽഡി (സ്കോട്ട്ലൻഡ്) – രണ്ടാഴ്ച
• സ്പീക്ക് (ലിവർപൂൾ) – 10 ആഴ്ച
•പ്ലൈമൗത്ത് – 13 ആഴ്ച
•സതാംപ്ടൺ (മേബുഷ്) – 14 ആഴ്ച
•എക്സെറ്റർ – 14 ആഴ്ച
•അപ്ടൺ – 14 ആഴ്ച
•ഡെർബി (അൽവാസ്റ്റൺ) – 15 ആഴ്ച
•വോർസെസ്റ്റർ – 15 ആഴ്ച
•ബ്ലാക്ക്പൂൾ – 15 ആഴ്ച
•വോൾവർഹാംപ്ടൺ – 17 ആഴ്ച
•ന്യൂട്ടൺ അബോട്ട് – 17 ആഴ്ച
•റോതർഹാം – 17 ആഴ്ച
•നോറിസ് ഗ്രീൻ (ലിവർപൂൾ) – 18 ആഴ്ച
•ഡഡ്ലി – 18 ആഴ്ച
•പോർട്ട്സ്മൗത്ത് – 18 ആഴ്ച
•ഡോൺകാസ്റ്റർ – 18 ആഴ്ച
•പൂൾ – 19 ആഴ്ച
•ലീഡ്സ് – 20 ആഴ്ച
•ബ്രാഡ്ഫോർഡ് (തോൺബറി) – 20 ആഴ്ച
•ബ്രിസ്റ്റോൾ (കിംഗ്സ്വുഡ്) – 21 ആഴ്ച
ലണ്ടനിലെ 17 പ്രദേശങ്ങളിൽ ഇപ്പോൾ ബുക്കിംഗ് ലഭ്യമല്ല. ടെസ്റ്റ് ബുക്ക് ചെയ്യാനുള്ള മോശം സ്ഥലങ്ങളുടെ പട്ടികയിൽ ഒന്നാമത് കിഴക്കൻ ലണ്ടൻ ഇൽഫോർഡിലെ ഗുഡ്‌മെയ്‌സ് ആണ്.
തുടങ്ങിയ സ്ഥലങ്ങളിൽ ടെസ്റ്റ് ബുക്ക് ചെയ്യാൻ നീണ്ട നാൾ കാത്തിരിക്കേണ്ടി വരും.