ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ന്യൂയോർക്കിലെ പ്രസംഗവേദിയില്‍വച്ച് അക്രമിയുടെ കുത്തേറ്റ പ്രശസ്ത എഴുത്തുകാരൻ സല്‍മാന്‍ റുഷ്ദിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. അക്രമത്തിനുശേഷം റുഷ്ദി വീണ്ടും സംസാരിക്കാൻ തുടങ്ങിയതായുട്ടുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു . ന്യൂയോർക്ക് സ്റ്റേറ്റിൽ ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് 75 കാരനായ റുഷ്ദി ആക്രമിക്കപ്പെട്ടത്. 1988-ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിൻെറ ‘ദ സാത്താനിക് വേഴ്സസ്’ എന്ന നോവൽ ഏറെ വിവാദമായിയിരുന്നു. മതനിന്ദ ആരോപിച്ച് ഇറാൻ ഇതിന് വിലക്കേർപ്പെടുത്തി. റുഷ്ദിയെ വധിക്കുന്നവർക്ക് 30 ലക്ഷം ഡോളർ (ഏകദേശം 24 കോടി രൂപ) പാരിതോഷികവും പ്രഖ്യാപിച്ചു. ആക്രമണത്തെ തുടർന്ന് അറസ്റ്റിലായ ന്യൂജഴ്സിയിൽ നിന്നുള്ള ഹാദി മറ്റാറിനെ (24) കൊലപാതകശ്രമത്തിൽ ജാമ്യമില്ലാതെ റിമാൻഡ് ചെയ്തു.

കുത്തേറ്റതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ ഹെലിക്കോപ്റ്ററിൽ ആശുപത്രിയിലെത്തിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. 24 കാരനായ അക്രമി സ്റ്റേജിലേക്ക് ഓടിക്കയറി റുഷ്ദിയുടെ മുഖത്തും കഴുത്തിലും വയറിലുമായി 10 തവണയിൽ അധികം കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിലും മുഖത്തും ഗുരുതര പരുക്കേറ്റ റുഷ്ദിയുടെ ഒരു കണ്ണിന്‍റെ കാഴ്ചയും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അദ്ദേഹത്തിന്റെ കൈ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്. കരളിനും പരിക്കേറ്റിട്ടുണ്ട്. റുഷ്ദിയുടെ നാലാമത്തെ നോവലാണ് ‘ദ സാത്താനിക് വേഴ്സസ്’ . 1981-ൽ പുറത്തിറങ്ങിയ ‘മിഡ്നൈറ്റ് ചിൽഡ്രൻ’ ആണ് അദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത്.