ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- സാമ്പത്തിക സമ്മർദ്ദവും, ജീവനക്കാരുടെ കുറവും മൂലം നേഴ്സറികൾ വേഗത്തിൽ അടച്ചുപൂട്ടിയത് മലയാളികൾ ഉൾപ്പെടെയുള്ള രക്ഷിതാക്കളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തങ്ങളുടെ മക്കളെ സംരക്ഷിക്കുവാനായി ഏൽപ്പിക്കുവാൻ സ്ഥലം ഇല്ലാതെ വലയുകയാണ് രക്ഷിതാക്കൾ. തങ്ങളുടെ സ്ഥലങ്ങളിലുള്ള നേഴ്സറികൾ അടച്ചു പൂട്ടിയ മാതാപിതാക്കളുടെ സന്ദേശങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് തങ്ങളുടെ കംപ്ലൈന്റ് ബോക്സുകളെന്നു ദി പ്രെഗ്നന്റ് തെൻ സ്ക്രൂഡ് ക്യാമ്പയിൻ ഗ്രൂപ്പ് വ്യക്തമാക്കിയിരിക്കുകയാണ്. ഉയർന്ന വൈദ്യുത ചാർജുകൾ, ജീവനക്കാരുടെ ശമ്പളം, ജീവനക്കാരെ റിക്രൂട്ട് ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നിവ മൂലമാണ് നിരവധി നേഴ്സറികൾ അടച്ചുപൂട്ടിയതെന്നാണ് പ്രാഥമിക നിഗമനം. ശിശു സംരക്ഷണ വിഭാഗങ്ങൾക്കുള്ള ഫണ്ട് വർദ്ധിപ്പിക്കുമെന്ന് കഴിഞ്ഞദിവസം ഗവൺമെന്റ് അറിയിച്ചിരുന്നു. ഈ മേഖല അതിന്റെ ഏറ്റവും മോശമായ അവസ്ഥയിലൂടെ ആണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്ന് ഇംഗ്ലണ്ടിലെ ഏകദേശം പതിനാലായിരത്തോളം രക്ഷിതാക്കളെ പ്രതിനിധാനം ചെയ്യുന്ന ഏർലി ഇയേർസ് അലയൻസ് വ്യക്തമാക്കി.


തന്റെ 13 മാസം മാത്രം പ്രായമുള്ള മകനെ സംരക്ഷിക്കാനായി ഒരു നേഴ്സറി അന്വേഷിച്ചുള്ള അക്ഷീണ പരിശ്രമത്തിലാണ് താനെന്ന് ഗബ്രിയേൽ ഡ്രെയ്ക്ക് എന്ന പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ മകന്റെ നേഴ്സറി ഒറ്റ രാത്രി കൊണ്ടാണ് അടച്ചുപൂട്ടിയത് എന്നും അദ്ദേഹം പറഞ്ഞു. ഗബ്രിയേലും അദ്ദേഹത്തിന്റെ ഭാര്യയും മുഴുവൻ സമയം ജോലി ചെയ്യുന്നതിനാൽ മകനെ സംരക്ഷിക്കാൻ ആകാത്ത അവസ്ഥയാണ്. ഇദ്ദേഹത്തെപ്പോലെ നിരവധി മാതാപിതാക്കളാണ് തങ്ങളുടെ മക്കളുടെ സംരക്ഷണത്തിന് സ്ഥലമില്ലാതെ വലയുന്നത്.

നേഴ്‌സറി അടച്ച ദിവസം തങ്ങളുടെ മകൻ പോകാത്തതിനാൽ അവന്റെ വസ്ത്രങ്ങളും നാപ്‌നുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ എടുക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. നേഴ്‌സറിയിൽ നന്നായി മറ്റുള്ളവരോട് അടുത്ത തന്റെ മകനും അടച്ചുപൂട്ടൽ തടസ്സമുണ്ടാക്കിയതായി അവർ പറഞ്ഞു. ഗവൺമെന്റിന്റെ ഭാഗത്തുനിന്നും അടിയന്തര നടപടി ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് മാതാപിതാക്കൾ.