Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡിനോട് അനുബന്ധിച്ചുള്ള എല്ലാ നിയന്ത്രണങ്ങളും മാറ്റി ബ്രിട്ടനിലെ ജീവിതം സാധാരണ നില കൈവരിക്കുകയാണ്. കോവിഡിനൊപ്പം ജീവിക്കാനുള്ള സന്ദേശം ജനങ്ങൾക്ക് നൽകിക്കഴിഞ്ഞു. കോവിഡാനന്തരം രാജ്യത്തെ തൊഴിൽ മേഖലയെ കുറിച്ച് ഉണ്ടായിരുന്ന ആശങ്കകൾ അസ്ഥാനത്താകുന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. യുകെയിൽ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു എന്നാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.

യുകെയിലെ തൊഴിൽമേഖലയിൽ ഏകദേശം ഒരു ദശലക്ഷത്തിലധികം തൊഴിലാളികളുടെ കുറവുണ്ടെന്നാണ് വിദഗ്ധർ കണക്കുകൂട്ടുന്നത്. ഇത് ഒരു പരിധിവരെ ഇന്ത്യയിൽ നിന്നുള്ളവർക്ക് വൻ ജോലി സാധ്യത തുറന്നു കൊടുക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത് . കഴിഞ്ഞ കുറേ നാളുകളായി ഉന്നതവിദ്യാഭ്യാസം നേടുന്നതിനായി യുകെയിലേയ്ക്ക് കേരളത്തിൽ നിന്നടക്കം ഒട്ടേറെ വിദ്യാർഥികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. പാർട്ട് ടൈം ജോലിക്കായി പരിശ്രമിക്കുന്ന പുതിയ കുടിയേറ്റക്കാർക്ക് ആശ്വാസകരമാണ് തൊഴിൽ മേഖലയിലെ ഒഴിവുകളെ കുറിച്ചുള്ള വാർത്തകൾ.

കോവിഡിൻെറ ആരംഭത്തിൽ യുകെയിൽ ആവിഷ്കരിച്ച ഫർലോ സ്കീം പിൻവലിക്കുമ്പോൾ തൊഴിലില്ലായ്മ ഉയരുമെന്നുള്ള കണക്കുകൂട്ടലുകൾ തെറ്റിയിരിക്കുകയാണ് . ഫർലോ സ്കീം ലഭിച്ചവർ അത് നിർത്തലാക്കിയപ്പോൾ പുതിയ സംരഭവങ്ങൾ കണ്ടെത്തുന്നതിൽ വിജയിച്ചുവെന്നാണ് വിലയിരുത്തൽ. തൊഴിലില്ലായ്മ ലഘൂകരിക്കുന്നതിന് ഋഷി സുനക് ഏർപ്പെടുത്തിയ ഫർലോ സ്കീം വൻവിജയമായിരുന്നു. യുകെയിലെ തൊഴിൽമേഖലയിലുള്ള വിദഗ്ധരായ തൊഴിലാളികളുടെ കുറവ് പരിഹരിക്കുന്നതിന് സർക്കാർ തലത്തിൽ നടപടികൾ ആരംഭിച്ചു. ഈ വർഷം ജൂൺ മാസത്തോടെ അഞ്ചുലക്ഷം വിദഗ്ധ തൊഴിലാളികളെ ജോലിയിൽ പ്രവേശിപ്പിക്കുന്നതിനുള്ള പദ്ധതികൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലീഡ്‌സ് : ഏഴ് വർഷത്തിന് ശേഷം ബലാത്സംഗ കുറ്റം സമ്മതിച്ച് പ്രതി. 40 കാരനായ ഓസ്റ്റിൻ ഒസയാൻഡെയാണ് 2015ൽ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തതായും വർഷങ്ങൾക്ക് ശേഷം മറ്റൊരാളെ ലൈംഗികമായി പീഡിപ്പിച്ചതായും സമ്മതിച്ചത്. ജയിലിൽ നിന്ന് വീഡിയോ ലിങ്ക് വഴി ലീഡ്സ് ക്രൗൺ കോടതിയിൽ ഹാജരായപ്പോഴാണ് പ്രതി കുറ്റസമ്മതം നടത്തിയത്. 2015 ഓഗസ്റ്റ് 14 ന് ലീഡ്‌സ്‌ നഗരത്തിലെ മാർക്ക് ലെയ്നിൽ വെച്ച് 24 കാരിയായ യുവതിയെ ബലാത്സംഗം ചെയ്തതാണ് ആദ്യത്തെ കുറ്റം. യുവതിയെ കടത്തികൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. വീട്ടിലേക്ക് പോകാൻ ടാക്സി കാത്ത് നിന്ന യുവതിയെ ഒസയാൻഡെ ബലപ്രയോഗത്തിലൂടെ കീഴ് പ്പെടുത്തുകയായിരുന്നു.

പോലീസ് അന്നുതന്നെ അന്വേഷണം ആരംഭിച്ചെങ്കിലും കഴിഞ്ഞ വർഷമാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 10 -ന് മറ്റൊരു സ്ത്രീയെയും ഇയാൾ ലൈംഗികമായി പീഡിപ്പിച്ചു. ഈ ക്രൂരകൃത്യത്തിന് പിന്നാലെയാണ് അറസ്റ്റിലായത്. കേസുകളിൽ അടുത്ത മാസം 23 -ന് കോടതി വിധി പറയും. അതുവരെ പ്രതി റിമാൻഡിലാണ്.

പെൺകുട്ടിയെ കടത്തികൊണ്ടുപോകുന്ന ദൃശ്യങ്ങൾ അസ്വസ്ഥത ഉളവാക്കുമെങ്കിലും ഈ തെളിവുകൾ പ്രതിയെ തിരിച്ചറിയുന്നതിന് സഹായകമായി. കൂടാതെ ബലാൽസംഗത്തിനിരയായ പെൺകുട്ടിയുടെ സമ്മതപ്രകാരമാണ് ദൃശ്യങ്ങൾ പുറത്തുവിട്ടതെന്നും ലീഡ്‌സ് ഡിസ്ട്രിക്റ്റിന്റെ ക്രൈം ഹെഡ്, ഡിറ്റക്റ്റീവ് സൂപ്രണ്ട് പാറ്റ് ട്വിഗ്‌സ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇംഗ്ലണ്ടിലും വെയിൽസിലുമുള്ള സ്ത്രീകളിൽ ഭൂരിഭാഗം പേർക്കും 30 വയസിനു മുൻപ് കുട്ടികളില്ലെന്ന് പുതിയ പഠനറിപ്പോർട്ടുകൾ തെളിയിക്കുന്നു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ടിലാണ് 1990 ൽ ജനിച്ച സ്ത്രീകളിൽ 50.1 ശതമാനം പേർക്കും 30 വയസ്സായിട്ടും കുട്ടികൾ ഒന്നും തന്നെയില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇത് മുൻപ് ഉണ്ടായിരുന്ന കണക്കുകളിൽ നിന്നും വളരെ വ്യത്യസ്തമാണ്. 1940 കളിലും മറ്റും ജനിച്ച സ്ത്രീകൾക്ക് 30 വയസിനു മുൻപ് തന്നെ ഒരു കുട്ടിയെങ്കിലും ഉണ്ടായിരുന്നു. എന്നാൽ കുറച്ചുകൂടി പ്രായം ആയതിനുശേഷം കുട്ടികൾ മതി എന്നുള്ള തീരുമാനത്തിലേക്കാണ് ഇപ്പോൾ സ്ത്രീകൾ എത്തി നിൽക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ കണക്കുകൾ പ്രകാരം കുട്ടികളുണ്ടാകാനുള്ള ഏറ്റവും സാധാരണ പ്രായം മുപ്പത്തിയൊന്നാണ്. എന്നാൽ 1940 കളിൽ ഇതു 22 വയസ്സായിരുന്നു. 30 വയസിനു മുൻപ് കുട്ടികൾ ഉണ്ടാകുന്ന സ്ത്രീകളുടെ എണ്ണം 1971 നു ശേഷം ക്രമാതീതമായി കുറഞ്ഞു വരികയാണ് .

1980ൽ 30 വയസിനു മുൻപ് 24 ശതമാനം സ്ത്രീകൾക്ക് മാത്രമാണ് കുട്ടികളില്ലാതിരുന്നതെങ്കിൽ, 1990 ൽ ഇതു 37 ശതമാനവും, 2000 ത്തിൽ 43 ശതമാനവും, ഇപ്പോൾ 50 ശതമാനവും കടന്നിരിക്കുകയാണ്. ഈ ട്രെൻഡ് തന്നെ തുടരുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ചെറിയ കുടുംബങ്ങളിൽ തന്നെ ചുരുങ്ങാനാണ് കൂടുതൽ സ്ത്രീകളും ഇപ്പോൾ ആഗ്രഹിക്കുന്നത്. രണ്ടു കുട്ടികളുള്ള കുടുംബങ്ങൾ ആകാനാണ് ഭൂരിഭാഗം പേരും ഇപ്പോൾ ആഗ്രഹിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലിസ്ബൺ : എഡിൻബറോയിലേക്ക് യാത്ര ചെയ്യാനിരുന്ന കുടുംബത്തെ ലിസ്ബൺ എയർപോർട്ടിൽ തടഞ്ഞുനിർത്തിയതിൽ ക്ഷമ പറഞ്ഞ് റയനെയർ. സ്‌കോട്ട്‌ലൻഡ് ഒരു രാജ്യമല്ലെന്ന് പറഞ്ഞ എയർപോർട്ട് ജീവനക്കാർ പിയോറ്റർ ഡിസിഡ്‌സിക്കിനെയും കുടുംബത്തെയും തടഞ്ഞുനിർത്തുകയായിരുന്നു. ഇതേതുടർന്ന് പോർച്ചുഗലിൽ നിന്ന് സ്കോട്ട്ലൻഡിലേക്കുള്ള വിമാനം അവർക്ക് നഷ്ടമായി. എല്ലാ സ്കോട്ടിഷ് യാത്രാ നിയമങ്ങളും കൃത്യമായി പാലിച്ച പിയോട്ടറും കുടുംബവും തങ്ങൾക്ക് പൂർണ്ണ സ്കോട്ടിഷ് റെസിഡൻസിയുണ്ടെന്നും പോളിഷ് പാസ്പോർട്ടുകളാണ് കൈവശമുള്ളതെന്നും വിശദീകരിച്ചു.

2005 മുതൽ എഡിൻബർഗിൽ താമസിക്കുന്ന കുടുംബത്തിനാണ് ഈ ദുരനുഭവം ഉണ്ടായത്. അവരുടെ രേഖകളിൽ ജീവനക്കാർ അസന്തുഷ്ടരാണെന്ന് റിപ്പോർട്ടുണ്ട്. പോളിഷ് പൗരത്വമുള്ളതിനാൽ യുകെ യാത്രാ നിയമങ്ങൾ ബാധകമല്ലെന്ന് കുടുംബത്തോട് പറഞ്ഞു. ഒപ്പം പിയോട്ടറിന്റെ ഇളയ മകൾ അമീല വിമാനത്താവളത്തിൽ വച്ച് കോവിഡ് ടെസ്റ്റ് നടത്തണമെന്നും ആവശ്യപ്പെട്ടു. സ്കോട്ടിഷ് കോവിഡ് നിയമങ്ങൾ പ്രകാരം ഇത് ആവശ്യമില്ല. എന്നാൽ ഇംഗ്ലീഷ് നിയമങ്ങൾ പാലിക്കണമെന്ന് റയനെയർ അധികൃതർ നിർബന്ധിച്ചു.

മൂത്ത മകൾ കരോലിനയെ എയർപോർട്ട് ജീവനക്കാർ ചോദ്യം ചെയ്തതായും റിപ്പോർട്ടുണ്ട്. യുകെ രാജ്ഞി ആരാണെന്ന് ജീവനക്കാർ അവളോട് ചോദിച്ചു. കൂടാതെ സ്കോട്ട്‌ലൻഡ് ഒരു രാജ്യമല്ലെന്ന് അവർ പറഞ്ഞു. നാട്ടിലേക്കുള്ള വിമാനം നഷ്ടമായതിനെ തുടർന്ന് 550 പൗണ്ട് മുടക്കിയാണ് അവർ വീണ്ടും ബുക്ക്‌ ചെയ്തത്. റയനെയർ ജീവനക്കാർ തങ്ങളോട് വംശീയ വിവേചനത്തോടെ പെരുമാറിയെന്ന് ആരോപിച്ച് പിയോട്ടർ എയർലൈനിൽ പരാതി നൽകി. സംഭവത്തിൽ റയനെയർ മാപ്പ് പറയുകയും ആരോപണം ശരിവയ്ക്കുകയും ചെയ്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡ്രൈവർ ഇല്ലാത്ത വാഹനങ്ങൾ ഉണ്ടാക്കുന്ന പിഴവുകൾക്ക് ആരാകും ഉത്തരവാദികൾ? ഓട്ടോമേറ്റഡ് കാറുകൾ വരുത്തുന്ന റോഡ് സുരക്ഷാ പിഴവുകൾക്ക് ഡ്രൈവർമാർ നിയമപരമായി ഉത്തരവാദികൾ ആയിരിക്കില്ല എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഇത്തരം വാഹനങ്ങൾ പിഴവുകൾ വരുത്തുമ്പോൾ ആരാവും ഉത്തരവാദികൾ എന്നത് നേരത്തെ പലവട്ടം ചർച്ചകളിൽ ഇടംപിടിച്ചിരുന്നു. പുതിയ നിർദേശങ്ങൾ പ്രാബല്യത്തിൽ വന്നാൽ ഇത്തരം വാഹനങ്ങൾ വരുത്തുന്ന പിഴവുകൾക്ക് വാഹന നിർമ്മാതാക്കൾ നഷ്ടപരിഹാരം നൽകേണ്ടതായി വരും.

ഡ്രൈവറില്ലാ കാറുകൾ നിരത്തുകൾ കീഴടക്കുമ്പോൾ മാനുഷിക പിഴവുകൾ മൂലമുള്ള അപകടങ്ങൾ കുറയുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഓട്ടോമേറ്റഡ് കാറുകൾ നിരത്തിലിറങ്ങുമ്പോൾ അഭിമുഖീകരിക്കുന്ന നിയമവശങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ 2018 -ലാണ് ലോ കമ്മീഷനോട് ആവശ്യപ്പെട്ടത്. കമ്മീഷൻെറ നിർദേശങ്ങളെ പൂർണ്ണമായും പരിഗണിക്കുമെന്ന് ട്രാൻസ്പോർട്ട് മിനിസ്റ്റർ ട്രൂഡി ഹാരിസൺ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അന്താരാഷ്ട്ര ഹോളോകോസ്റ്റ് ഓർമ്മദിനത്തിന് തലേരാത്രി നോർത്ത് ലണ്ടനിൽ രണ്ട് ജൂതർക്ക് നേരെ ആക്രമണം. രണ്ട് ജൂത കടയുടമകളെ വഴിയാത്രക്കാരൻ മർദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. ഒരാളുടെ തല തറയിൽ ഇടിപ്പിച്ചു. ഇരുവരുടെയും തലയിൽ നിന്ന് കിപ്പ താഴെ വീണു. സംഭവത്തെ തുടർന്ന് 18 വയസ്സുള്ള വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് തികച്ചും നിന്ദ്യമായ ആക്രമണമാണെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പ്രതികരിച്ചു. യഹൂദവിരുദ്ധത വേരൂന്നാൻ നാം ഒരിക്കലും അനുവദിക്കരുത് എന്നതിന്റെ ഓർമപ്പെടുത്തലാണ് ഇതെന്ന് പട്ടേൽ വ്യക്തമാക്കി. “ജൂത സമൂഹത്തെ അധിക്ഷേപിക്കുന്നത് ഞങ്ങൾ സഹിക്കില്ല. കുറ്റവാളിയെ പിടികൂടിയ പോലീസിന് നന്ദി.” ആഭ്യന്തര സെക്രട്ടറി കൂട്ടിച്ചേർത്തു.

നാസിയുടെ യഹൂദ വിരുദ്ധ ഭരണത്തിൻ കീഴിൽ ആസൂത്രിതമായി കൊല്ലപ്പെട്ട ആറുപത് ലക്ഷം ജൂതന്മാരെ അനുസ്മരിക്കുന്ന ഹോളോകോസ്റ്റ് ദിനത്തിന് മണിക്കൂറുകൾക്ക് മുൻപാണ് ഈ അക്രമം ഉണ്ടായത്. ആക്രമണത്തിന് ഇരയായ രണ്ട് പേരെയും നോർത്ത് ലണ്ടനിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സൗത്ത് ടോട്ടൻഹാമിലെ കാഡോക്‌സ്റ്റൺ അവന്യൂവിൽ കട നടത്തുകയാണ് ഇരുവരും. യഹൂദ വിരുദ്ധ ആക്രമണത്തെ ശക്തമായി എതിർത്ത് പ്രാദേശിക യഹൂദ നേതാക്കൾ രംഗത്തെത്തി.

ഇന്ന് ഹോളോകോസ്റ്റ് ഓർമ്മദിനം

ജനുവരി 27 അന്താരാഷ്ട്ര ഹോളോകോസ്റ്റ് ഓർമ്മദിനമാണ്. 1945 ജനുവരി 27 -ന് ഓഷ്വിറ്റ്സിലെ പടുകൂറ്റൻ കോൺസൻട്രേഷൻ ക്യാമ്പിൽ നിന്ന് റെഡ് ആർമി ജൂതരെ മോചിപ്പിച്ചതിന്റെ സ്മരണയ്ക്കായിട്ടാണ് ഇന്നേദിവസം തന്നെ ഈ ഓർമ്മപുതുക്കലും നടത്തുന്നത്. ഹോളോകോസ്റ്റ് എന്നത് ഒരു രാജ്യം ഭരിക്കുന്ന ഗവൺമെന്റിന്റെ അനുവാദത്തോടുകൂടി അവിടത്തെ ഒരു വിഭാഗം ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന നടപടിയാണ്. കൊല്ലുന്നതിനു പിന്നിലെ കാരണം അവർ ഒരു പ്രത്യേക വംശത്തിൽ ജനിച്ചുപോയി എന്നത് മാത്രമാകയാൽ ഇതിനെ വംശഹത്യ എന്നും പറയാറുണ്ട്. ഈ ഭൂമുഖത്തു നിന്നുതന്നെ ജൂതവംശത്തെ മുഴുവനായി തുടച്ചുനീക്കുക എന്ന നാസി പാർട്ടിയുടെ തീരുമാനം (The Final Solution) നടപ്പിലാക്കിയത് ജർമൻ നാസികൾ ഒറ്റയ്ക്കായിരുന്നില്ല, പല രാജ്യങ്ങളും അതിന് കൂട്ടുനിന്നു. 1941 -നും 1945 -നും ഇടയിൽ അരങ്ങേറിയ ഈ നരസംഹാരത്തിന് അന്ന് ഇരയായത് 60 ലക്ഷത്തിൽ പരം യഹൂദരാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : നഴ്സുമാരും കെയർ ഹോം സ്റ്റാഫുകളും ഉൾപ്പെടുന്ന വലിയൊരു വിഭാഗം ജീവനക്കാർ, ഈ വർഷം ശമ്പളം കുറയുമെന്ന ആശങ്കയിൽ. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം ആണ് പ്രധാന കാരണം. എന്നാൽ ഇതിനനുസരിച്ച് ശമ്പളം ഉയരുന്നില്ലെന്നും പൊതുമേഖലാ ജീവനക്കാർ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും ട്രേഡ്സ് യൂണിയൻ കോൺഗ്രസ്‌ ആരോപിച്ചു. നഴ്സുമാർ അടങ്ങുന്ന പൊതുമേഖലാ ജീവനക്കാർക്ക് മാന്യമായ ശമ്പള വർദ്ധനവ് ഉറപ്പാക്കാൻ ടിയുസി സർക്കാരിനോട് ആവശ്യപ്പെട്ടു. 2022ൽ പണപ്പെരുപ്പം 6 ശതമാനമോ അതിലധികമോ എത്തുമെന്ന് പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് വിലയിരുത്തൽ.

പണപ്പെരുപ്പം കണക്കിലെടുത്താൽ 2010-നെ അപേക്ഷിച്ച് നഴ്സുമാരുടെ ശമ്പളത്തിൽ 2,700 പൗണ്ടിന്റെ കുറവ് രേഖപ്പെടുത്തി. അമിത ജോലിഭാരവും അംഗീകാരമില്ലായ്മയും വേതന തകർച്ചയും എൻഎച്ച്എസിലും മറ്റ് പൊതുസേവനങ്ങളിലും ജീവനക്കാരുടെ പ്രതിസന്ധിക്ക് കാരണമാകുന്നു. ഇത് ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ പ്രേരിപ്പിക്കുകയാണ്.

അടുത്ത മൂന്ന് വർഷത്തേക്ക് പൊതുമേഖലാ ശമ്പളം വർധിപ്പിക്കുമെന്നാണ് ട്രഷറിയുടെ വാദം. കഴിഞ്ഞ വർഷം പണപ്പെരുപ്പം 5.4 ശതമാനത്തിൽ എത്തിയിരുന്നു. കുതിച്ചുയരുന്ന ഭക്ഷണച്ചെലവും ഊർജ ബിൽ പ്രതിസന്ധിയുമാണ് വിലക്കയറ്റത്തിന് കാരണമായ പ്രധാന ഘടകങ്ങൾ. ഈ വർഷം പണപ്പെരുപ്പം ആറു ശതമാനത്തിൽ എത്തുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചിച്ചു. എന്നാൽ ഏപ്രിൽ മാസത്തോടെ നിരക്ക് ഏഴു ശതമാനമായി ഉയരുമെന്ന് ചില സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നു

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒമിക്രോൺ ബാധിച്ച മൂന്നിൽ രണ്ട് പേർക്കും നേരത്തെ കോവിഡ് ബാധിച്ചിരുന്നുവെന്ന കണക്കുകൾ പുറത്തുവന്നു. ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് ഒമിക്രോൺ ബാധിതരിൽ നടത്തിയ പഠനത്തിൽ നിന്നാണ് പുതിയ കണ്ടെത്തൽ . കോവിഡ് മൂലം നേടിയ ആർജ്ജിത പ്രതിരോധശേഷിയെ പുതിയ വേരിയൻ്റുകൾ വീണ്ടും മറികടക്കുന്നതിനെ ആശങ്കയോടെയാണ് ആരോഗ്യവിദഗ്ധർ കാണുന്നത്.

ഏതൊക്കെ വിഭാഗം ആളുകളെയാണ് കോവിഡ് വീണ്ടും പിടികൂടുന്നത് എന്നതിനെ കുറിച്ച് കൂടുതൽ പഠനം നടത്തേണ്ടിയിരിക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ആരോഗ്യപ്രവർത്തകർ , കുട്ടികൾ, കൂടുതൽ അംഗങ്ങൾ ഉള്ള ഭവനങ്ങൾ എന്നീ വിഭാഗങ്ങൾക്ക് കൂടുതൽ പ്രാവശ്യം കോവിഡ് പിടിപെടാനുള്ള സാധ്യതയെക്കുറിച്ച് പ്രത്യേക വിശകലനം നടത്തുന്നുണ്ട്.

രണ്ടു ദശലക്ഷത്തോളം ആളുകളുടെ വിവരങ്ങളാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. നേരത്തെ കോവിഡ് ബാധിച്ചവരിൽ തുടർ വ്യാപനം ഉണ്ടായതിൽ ഏറ്റവും കൂടുതൽ പേരെ പിടികൂടിയത് ഒമിക്രോൺ ആയിരുന്നു. ഒന്നിൽ കൂടുതൽ പ്രാവശ്യം കോവിഡ് വന്നവരിൽ എത്ര പേർ വാക്സിൻ എടുത്തിരുന്നില്ല തുടങ്ങിയ വിവരങ്ങൾ പുറത്ത് വരുമ്പോൾ പഠനത്തിന് കൂടുതൽ വ്യക്തത വരുമെന്നാണ് കണക്കാക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് കാലത്ത് നൽകിയ ബിസിനസ് ലോണുകളിൽ തട്ടിപ്പ് നടത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് ചാൻസലർ റിഷി സുനക്. കോവിഡ് -19 എമർജൻസി ബിസിനസ് ലോണുകളിൽ തട്ടിപ്പ് നടത്തിയവരിൽ നിന്ന് പണം വീണ്ടെടുക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ധനമന്ത്രി വ്യക്തമാക്കി. “ഞാൻ ഇത് അവഗണിക്കുകയോ എഴുതിത്തള്ളുകയോ ചെയ്യില്ല.” സുനക് ട്വിറ്ററിൽ കുറിച്ചു. സർക്കാരിന്റെ പിന്തുണ പദ്ധതികൾ നിരവധി പേർ ദുരുപയോഗം ചെയ്തിട്ടുണ്ട്. കോവിഡ് സമയത്ത് ട്രഷറി അനുവദിച്ച 80 ബില്യൺ പൗണ്ടിന്റെ തൊഴിൽ പിന്തുണയിൽ 4.3 ബില്യൺ പൗണ്ട് എഴുതിത്തള്ളിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

കോവിഡ് വ്യാപനം മന്ദഗതിയിലാക്കാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ തകർച്ച നേരിട്ട ബിസിനസുകൾക്ക് പിന്തുണ ഉറപ്പാക്കാനായാണ് സർക്കാർ പദ്ധതികൾ രൂപീകരിച്ചത്. “തകർച്ചയുടെ വക്കിലെത്തിയ ബിസിനസുകൾക്ക് പെട്ടെന്നുള്ള പിന്തുണ ആവശ്യമായിരുന്നു. ലേബർ പാർട്ടി ഉൾപ്പെടെയുള്ള പലരും ഇത് ആവശ്യപ്പെട്ടിരുന്നു.” ലേബർ പാർട്ടിയെ പരാമർശിച്ച് സുനക് പറഞ്ഞു. 1,265 സ്റ്റാഫുകളുള്ള ആന്റി ഫ്രോഡ് ടാസ്‌ക്‌ഫോഴ്‌സിൽ സർക്കാർ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കോവിഡ്-19 വായ്പാ പദ്ധതികളിലെ തട്ടിപ്പ് കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ആന്റി ഫ്രോഡ് മിനിസ്റ്റർ ലോർഡ് ആഗ്ന്യൂ രാജിവച്ചു. തട്ടിപ്പുകാരിൽ നിന്ന് പണം തിരിച്ചുപിടിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ ദയനീയമാണെന്ന് അദ്ദേഹം ആരോപിച്ചു. തട്ടിപ്പുകാരുടെ കൈവശമുള്ള 4.3 ബില്യൺ പൗണ്ട് വളരെ നിസ്സാരമായി എഴുതിത്തള്ളിയത് സർക്കാരിന് നാണക്കേടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : 2022ലെ പുതിയ ഡ്രൈവിംഗ് നിയമങ്ങളെ പറ്റി വിശദമായി അറിയാം.

• റോഡിൽ സൈക്കിൾ യാത്രകർക്കും കാൽനട യാത്രക്കാർക്കും മുൻഗണന

ഇനി വാഹനം ഓടിക്കുമ്പോൾ റോഡുകളിലൂടെ സഞ്ചരിക്കുന്ന സൈക്കിൾ യാത്രക്കാർക്ക് കൂടുതൽ മുൻഗണന നൽകണം. ഉടൻ പ്രാബല്യത്തിൽ വരുന്ന പുതിയ ഹൈവേ കോഡ് പ്രകാരമാണ് ഈ മാറ്റം. റോഡിൽ ഇടത്തോട്ടും വലത്തോട്ടും തിരിയുന്ന കാറുകൾ കൂടുതൽ ശ്രദ്ധിക്കണമെന്നും പിന്നിൽ സൈക്കിൾ യാത്രക്കാരുണ്ടെങ്കിൽ അവർക്കായി വഴിമാറിക്കൊടുക്കണമെന്നും നിയമത്തിൽ പറയുന്നു. മണിക്കൂറിൽ 30 മൈൽ വരെ വേഗതയിൽ ഓവർടേക്ക് ചെയ്യുമ്പോൾ ഡ്രൈവർമാർ അവരുടെ വാഹനത്തിനും സൈക്കിൾ യാത്രികനും ഇടയിൽ എപ്പോഴും 1.5 മീറ്റർ അകലം പാലിക്കണം. ഒപ്പം സൈക്കിൾ യാത്രക്കാർ ഇനി റോഡിന്റെ മധ്യഭാഗത്ത് കൂടി യാത്ര ചെയ്യണമെന്നും നിയമം വ്യക്തമാക്കുന്നു. സമാന രീതിയിലുള്ള സുരക്ഷ കാൽനട യാത്രക്കാരനും ഉറപ്പാക്കുന്നുണ്ട്.

• വാഹനമോടിക്കുമ്പോൾ ഇനി മൊബൈൽ ഫോണിൽ തൊടരുത്.

വാഹനമോടിക്കുന്നതിനിടയിൽ ഫോണിൽ സ്പർശിച്ചാൽ 200 പൗണ്ട് പിഴയോടൊപ്പം ആറ് പെനാൽറ്റി പോയിന്റും നേരിടേണ്ടി വരും. വാഹനമോടിക്കുമ്പോൾ എങ്ങനെയൊക്കെ ഫോൺ ഉപയോഗിച്ചാലും ശിക്ഷ നേരിടേണ്ടി വരും. നിങ്ങള്‍ ഫോണില്‍ സംസാരിക്കണമെന്നില്ല, സ്‌ക്രീനില്‍ ടച്ച് ചെയ്ത് ഇഷ്ടഗാനം തിരഞ്ഞാലും ശിക്ഷയുറപ്പാണ്. അതുപോലെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതും ഫോണ്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നതും ഗെയിം കളിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്.

ഗതാഗത കുരുക്കില്‍ വാഹനം നിര്‍ത്തിയിട്ടിരിക്കുന്ന സാഹചര്യത്തിലും ഫോൺ ഉപയോഗിക്കാൻ കഴിയില്ല. എന്നാൽ ഫോൺ സ്റ്റാൻഡിൽ ഘടിപ്പിച്ച് ഹാൻഡ്‌സ് ഫ്രീ കോൾ നടത്താമെന്ന ഇളവുണ്ട്. വാഹനമോടിക്കുമ്പോള്‍ സ്റ്റാൻഡിൽ ഘടിപ്പിച്ച് ഒരു നാവിഗേറ്റര്‍ എന്ന നിലയില്‍ ഫോൺ ഉപയോഗിക്കാം. ഡ്രൈവ് ത്രൂ റെസ്റ്റോറന്റുകളിലും റോഡ് ടോള്‍ പ്ലാസകളിലും പണം നല്‍കുന്നതിന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമെങ്കിലും ഈ കാര്യങ്ങൾ ചെയ്യുമ്പോൾ വാഹനം ശരിയായി നിയന്ത്രിക്കുന്നില്ല എന്ന് കണ്ടാല്‍ പോലീസിന് നിങ്ങളുടെ പേരില്‍ കേസെടുക്കാനാവും.

• നിയമലംഘനം കണ്ടാൽ ഇനി പ്രാദേശിക കൗൺസിലും പിഴ ചുമത്തും

ചെറിയ തരത്തിലുള്ള നിയമലംഘനങ്ങൾക്ക് 70 പൗണ്ട് വരെ പിഴ ഈടാക്കാൻ പ്രാദേശിക കൗൺസിലുകൾക്ക് അധികാരം നൽകുന്നു. മുൻപ് പിഴകൾ നൽകാനുള്ള ഉത്തരവാദിത്തം പോലീസിന് മാത്രമായിരുന്നു.

• നടപ്പാതകളിൽ ഇനി പാർക്കിംഗ് വേണ്ട

നടപ്പാതയിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കാൻ ഇംഗ്ലണ്ടിലെയും വെയിൽസിലെയും കൗൺസിലുകൾക്ക് അധികാരമുണ്ട്. ഇവരിൽ നിന്ന് 70 പൗണ്ട് പിഴ ഈടാക്കും. ലണ്ടനിലും യുകെയുടെ മറ്റ് ചില ഭാഗങ്ങളിലും നടപ്പാതയിൽ പാർക്ക് ചെയ്യുന്നത് ഇതിനകം നിയമവിരുദ്ധമാണ്.

• ജൂലൈ 6 മുതൽ സ്പീഡ് ലിമിറ്ററുകൾ

2022ൽ എല്ലാ പുതിയ കാറുകളിലും സ്പീഡ് ലിമിറ്ററുകൾ നിർബന്ധമാക്കും. ഇന്റലിജന്റ് സ്പീഡ് അസിസ്റ്റന്റ് സിസ്റ്റം (ഐഎസ്എ) എന്ന് ഇതറിയപ്പെടുന്നു. വേഗതകൂടുതൽ മൂലം ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യം.

• മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും

നിയമവിരുദ്ധമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പാസ്പോർട്ടും ഡ്രൈവിംഗ് ലൈസൻസും റദ്ദാക്കുമെന്ന് കഴിഞ്ഞ ഡിസംബറിൽ പ്രധാനമന്ത്രി അറിയിച്ചിരുന്നു. കുറ്റവാളികൾക്ക് സർക്കാർ കടുത്ത ശിക്ഷയും ഏർപ്പെടുത്തും.

• സെൽഫ് ഡ്രൈവിംഗ് കാറുകൾ യുകെ റോഡുകളിലേക്ക്

ഓട്ടോമാറ്റിക് ലെയ്ൻ കീപ്പിംഗ് സിസ്റ്റങ്ങൾ (ALKS) കാറുകളെ കുറഞ്ഞ വേഗതയിൽ നിലനിർത്തും. ഈ സംവിധാനം സെൽഫ് ഡ്രൈവിംഗ് ടെക്നോളജിയുടെ ഉദാഹരണമാണെന്ന് കഴിഞ്ഞ വർഷം സർക്കാർ അറിയിച്ചു. 2022 വസന്തത്തോടെ ALK സാങ്കേതികവിദ്യയുള്ള കാറുകൾ യുകെ നിരത്തുകളിലെത്തുമെന്ന് സർക്കാർ പറയുന്നു.

• പുതിയ ക്ലീൻ എയർ സോണുകൾ

2022 മെയ് 30-ന് മാഞ്ചസ്റ്റർ ക്ലീൻ എയർ സോൺ അവതരിപ്പിക്കും. ഇതോടെ ഉയർന്ന മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കുമ്പോൾ പ്രത്യേക ചാർജ് നൽകണം. ബ്രാഡ്ഫോർഡ്, ഓക്സ്ഫോർഡ് എന്നീ നഗരങ്ങളും ക്ലീൻ എയർ സോണിലേക്ക് മാറും.

• ഇലക്ട്രിക് കാർ ഗ്രാന്റ് വെട്ടിക്കുറച്ചു

കൂടുതൽ പേർ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുകയാണ്. എന്നാൽ 2021 ഡിസംബറിൽ സർക്കാർ ഇലക്ട്രിക് കാർ ഗ്രാന്റ് വെട്ടിക്കുറച്ചിരുന്നു. ഇപ്പോൾ, ഗ്രാന്റ് 2,500 പൗണ്ടിൽ നിന്ന് 1,000 പൗണ്ടായി വെട്ടിക്കുറച്ചു. 32,000 പൗണ്ട് വരെ വിലയുള്ള വാഹനങ്ങൾക്ക് മാത്രമേ ഇത് ലഭ്യമാകൂ.

• നിങ്ങൾ വാഹനമോടിക്കാൻ യോഗ്യരാണോ എന്ന് നഴ്സുമാർക്ക് തീരുമാനിക്കാം

നിങ്ങൾ വാഹനമോടിക്കാൻ യോഗ്യനാണോ/യോഗ്യയാണോ എന്ന് നിർണ്ണയിക്കാൻ ഇനി നഴ്‌സുമാർക്ക് കഴിയും. ഇക്കാര്യം സർക്കാർ പരിഗണനയിലാണ്. മുൻപ് ജിപിമാർക്ക് മാത്രമായിരുന്നു അനുമതി. ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷകൾ വേഗത്തിലാക്കാനും ഡോക്ടർമാരുടെ ജോലിഭാരം കുറയ്ക്കാനും ഈ മാറ്റം സഹായകമാകും.

RECENT POSTS
Copyright © . All rights reserved