ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിനം ഇന്നായിരിക്കുമെന്ന മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസ് ആയി ഉയരും. കടുത്ത ചൂട് ജീവന് അപകടമുണ്ടാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയതിനാൽ ആളുകൾക്ക് വീട്ടിൽ തന്നെ തുടരണമെന്ന് നിർദേശമുണ്ട്. ഉയർന്ന താപനില പ്രതീക്ഷിക്കുന്ന സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന ഈസ്റ്റ് കോസ്റ്റ് മെയിൻലൈനിലെ 184 മൈൽ ട്രാക്ക് ചൊവ്വാഴ്ച അടയ്ക്കാൻ നെറ്റ്‌വർക്ക് റെയിൽ തീരുമാനിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ട്രെയിൻ യാത്ര ഒഴിവാക്കണം. റോഡിൽ ചൂട് കൂടുമെന്നും ടയറുകൾ പൊട്ടാൻ സാധ്യത ഉള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

ബ്രിട്ടനിൽ ഇന്ന് ഡൽഹിയേക്കാളും സഹാറ മരുഭൂമിയേക്കാളും ചൂട് അനുഭവപ്പെടും. പീറ്റർബറോയിൽ 37 ഡിഗ്രി സെൽഷ്യസും മിൽട്ടൺ കെയിൻസ്, നോർവിച്ച്, ലിങ്കൺ എന്നിവിടങ്ങളിൽ 36 ഡിഗ്രി സെൽഷ്യസുമായി ചൂട് ഉയരും. ലണ്ടനിൽ ചൊവ്വാഴ്ച താപനില 40 ഡിഗ്രി സെൽഷ്യസിൽ എത്താം. കനത്ത ചൂട് ആരോഗ്യത്തിനെയും പ്രതികൂലമായി ബാധിക്കും. ശിശുക്കൾ, കുട്ടികൾ, പ്രായമായവർ, രോഗികൾ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം.

പോർച്ചുഗലിലെയും സ്പെയിനിലെയും ഉഷ്ണതരംഗം മൂലം ഇതുവരെ 1,000 മരണങ്ങൾ ഉണ്ടായിട്ടുണ്ട്. രാജ്യത്തിന്റെ കാലാവസ്ഥാ ഏജൻസികളുടെ കണക്ക് പ്രകാരം, വ്യാഴാഴ്ച മാത്രം 440 മരണങ്ങൾ രേഖപ്പെടുത്തി. പോര്‍ച്ചുഗല്‍, സ്പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, ഇംഗ്ലണ്ട് തുടങ്ങി യൂറോപിന്‍റെ തെക്ക് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ അതിശക്തമായ ഉഷ്ണതരംഗം ആഞ്ഞ് വീശുകയാണ്. ഇതിന്‍റെ ഫലമായി ജലാശയങ്ങളും നദികളും വറ്റിവരണ്ടു. യൂറോപിലാകമാനം ആയിരക്കണക്കിന് പ്രദേശങ്ങളില്‍ ശക്തമായ കാട്ട് തീ ആളിപ്പടരുകയാണ്. ഇറ്റലിയില്‍ 70 വര്‍ഷത്തിനിടെ ആദ്യമായി പോ നദി ഏറ്റവും വലിയ വരള്‍ച്ചയെ നേരിടുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.