Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- പ്രശസ്തനായ ബ്രിട്ടീഷ് ഡിജെയ് ക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി യുവതി രംഗത്ത് എത്തിയിരിക്കുകയാണ്. ടിം വെസ്റ്റ്വുഡ്‌ തന്റെ മുപ്പതാമത്തെ വയസ്സിൽ 14 വയസ്സുള്ള യുവതിയുമായി നിരവധി തവണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായാണ് യുവതി ആരോപിക്കുന്നത്. ഗാർഡിയൻ പത്രവും ബിബിസി ന്യൂസും സംയുക്തമായി നടത്തിയ അന്വേഷണത്തെ തുടർന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ബ്രിട്ടനിൽ 14 വയസ്സുള്ളയാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് നിയമവിരുദ്ധമാണ്. ഇവരെ കൂടാതെ തന്നെ കഴിഞ്ഞ ഏപ്രിലിൽ നിരവധി സ്ത്രീകൾ വെസ്റ്റ്വുഡിനെതിരെ ലൈംഗികാതിക്രമ പരാതികൾ നൽകിയിരുന്നു. ഇതേ തുടർന്നാണ് ഗാർഡിയൻ പത്രവും ബിബിസി ന്യൂസും ഇത് സംബന്ധിച്ച അന്വേഷണത്തിൽ ഏർപ്പെട്ടത്. ഭൂരിഭാഗം പേരും തങ്ങൾക്ക് 18 വയസ്സ് ആകുന്നതിനു മുൻപാണ് വെസ്റ്റ്വുഡുമായി പരിചയത്തിൽ ആയത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒരാൾ 14 വയസ്സാകുന്നതിനു മുൻപാണ് താൻ വെസ്റ്റ്വുഡുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് വ്യക്തമാക്കിയപ്പോൾ, മറ്റൊരാൾ തന്റെ പതിനാറാമത്തെ വയസ്സിൽ ആണ് നാല്പതുകാരനായ അദ്ദേഹവുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് വ്യക്തമാക്കി. ഈ ബന്ധം തങ്ങളുടെ മാനസിക നില തകരാറിലാക്കിയതായി ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.

ബിബിസിയുടെ പുതിയ ഡോക്യുമെന്ററി ആയ ഹിപ് ഹോപ്സ് ഓപ്പൺ സീക്രട്ട് : ടിം വെസ്റ്റ്വുഡ്‌ എന്ന പരമ്പരയിലാണ് ഈ സ്ത്രീകളുടെ എല്ലാം തന്നെ വെളിപ്പെടുത്തലുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ അറുപത്തിനാലുകാരനായ ടിം വെസ്റ്റ്വുഡിന്റെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലെ സ്വഭാവത്തെ സംബന്ധിച്ച ആശങ്കകൾ ഉയർന്നുവരികയാണ്. ഏകദേശം 19 വർഷത്തോളം വെസ്റ്റ്വുഡ്‌ ബിബിസിയിൽ ജോലി ചെയ്തിരുന്നു. നിലവിലെ ആരോപണങ്ങളെ സംബന്ധിച്ച് വ്യക്തമായ അന്വേഷണങ്ങൾക്ക് ശേഷം റിപ്പോർട്ട് പുറത്തുവിടുമെന്ന് ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവി വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ഈയാഴ്ച അവസാനത്തോടെ യുകെയിൽ താപനിലയിൽ ക്രമാതീതമായ വർദ്ധനയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് എൻഎച്ച്എസ് നാഷണൽ എമർജൻസി പ്രഖ്യാപിക്കാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു. ഈയാഴ്ച അവസാനത്തോടെ ഉഷ്ണ തരംഗം ബ്രിട്ടനിലുടനീളം ഉണ്ടാകുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലൊക്കെ തന്നെ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയിരുന്നത്. അടുത്ത ഞായറാഴ്ചയോടുകൂടി 43 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് കാലാവസ്ഥ വിഭാഗം നൽകുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. ലെവൽ 4 രീതിയിലുള്ള ഉഷ്ണ തരംഗം ഉണ്ടാകുമെന്നും ഇത് നിരവധി പേരുടെ അപകടത്തിനും മരണത്തിനും മറ്റും കാരണമാകുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.


ലെവൽ 3 ഹെൽത്ത് ക്രൈറ്റീരിയകൾ നടപ്പിലാക്കാനുള്ള 90% സാധ്യതയാണ് എൻഎച്ച്എസ് വ്യക്തമാക്കുന്നത്. ഹൈ റിസ്ക് പേഷ്യന്റുകൾക്കാണ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ പ്രൊവൈഡർമാർ ഏറ്റവും കൂടുതൽ മുൻഗണന നൽകേണ്ടതെന്ന് എൻ എച്ച് എസ് വ്യക്തമാക്കി. ഹോസ്പിറ്റലുകളിലും നേഴ്സിംഗ് കെയർ ഹോമുകളിലുമെല്ലാം അകത്തെ താപനില കുറയ്ക്കാനുള്ള മാർഗങ്ങൾ സജ്ജീകരിക്കണമെന്നും, ആവശ്യമുള്ള ആളുകൾക്ക് കൂൾ ഏരിയകൾ നൽകി സഹായിക്കണമെന്നും എൻഎച്ച്എസ് വ്യക്തമാക്കി. മാതാപിതാക്കളെയും കുട്ടികളെയുമെല്ലാം നിലവിലെ സാഹചര്യത്തെ സംബന്ധിച്ച ബോധവാന്മാരാക്കാൻ ഹെൽത്ത് വിസിറ്റേഴ്സും സ്കൂൾ നേഴ്സുമാരും തയ്യാറാകണമെന്നും എൻഎച്ച്എസ് വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങൾ എല്ലാവരും തന്നെ ജാഗ്രതയോടു കൂടി പുറത്തിറങ്ങണമെന്ന നിർദ്ദേശമാണ് പൊതുവായി നൽകിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലോകമൊട്ടാകെ കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. യുകെയിലെ സ്ഥിതിയും വിഭിന്നമല്ല. ഓരോ ആഴ്ചയും കോവിഡ് കേസുകളിൽ ഉണ്ടാകുന്ന വർദ്ധനവ് കടുത്തതാണ് . പുതിയ വകഭേദങ്ങൾക്ക് ദുരിതഗതിയിലുള്ള വ്യാപനശേഷിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കോവിഡ് വന്നവർക്ക് തന്നെ നാല് ആഴ്ചകൾക്കകം വീണ്ടും കോവിഡ് വരാനുള്ള സാധ്യതയിലേയ്ക്കാണ് പഠനങ്ങൾ വിരൽ ചൂണ്ടുന്നത്.

യുകെയിൽ ചെറിയ ഒരു ന്യൂനപക്ഷം മാത്രമാണ് കോവിഡിനെതിരെ മുൻകരുതലായി മാസ്ക് ധരിക്കുന്നത്. മാസ്ക് ധരിക്കുന്നതും തുടർച്ചയായി കൈകൾ കഴുകുന്നതും രോഗത്തെ അകറ്റി നിർത്തും. കോവിഡിനോട് അനുബന്ധിച്ച് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സർക്കാർ ജനുവരിയിൽ നിർത്തലാക്കിയിരുന്നു. അതേ തുടർന്ന് രാജ്യത്തെ ഭൂരിപക്ഷം പേരും മാസ്ക്കുകൾ ഉപയോഗിക്കുന്നത് നിർത്തി. എന്നാൽ വർദ്ധിച്ചു വരുന്ന കോവിഡ് കേസുകളുടെ അടിസ്ഥാനത്തിൽ പല സ്ഥലങ്ങളിലെയും ആശുപത്രി ട്രസ്റ്റുകൾ ആളുകൾ മാസ്ക്കുകൾ ഉപയോഗിക്കുന്നത് ഉചിതമാണെന്ന മാർഗ്ഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ജനസംഖ്യയിൽ 20 പേരിൽ ഒരാൾക്ക് കോവിഡ് ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ പ്രതിരോധ മാർഗങ്ങൾ അവലംബിച്ചില്ലെങ്കിൽ വൻ അപകടസാധ്യതയാണ് മുൻപിൽ ഉള്ളതെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. രാജ്യത്ത് ഭൂരിപക്ഷം പേരും പ്രതിരോധ കുത്തിവയ്പ്പുകൾ എടുത്തിട്ടുണ്ട്. എന്നിരുന്നാലും വൈറസിന്റെ പുതിയ ജനിതക വകഭേദങ്ങൾക്ക് വാക്സിൻ നൽകുന്ന പ്രതിരോധശേഷിയെ മറികടക്കാൻ സാധിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സിന്റെ കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിലെ കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞമാസം ഇരട്ടിയായിട്ടുണ്ട്. രോഗ വ്യാപനത്തിന് ആനുപാതികമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഇന്ന് വാനവിസ്മയം. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സൂപ്പര്‍ മൂണ്‍ പ്രതിഭാസം ആകാശ വിസ്മയങ്ങളില്‍ ഒന്ന് തന്നെയാണ് എന്നതിൽ സംശയമില്ല. ഈ വർഷത്തെ ഏറ്റവും വലുപ്പമേറിയ സൂപ്പർ മൂൺ പ്രത്യക്ഷപ്പെടുന്ന ദിവസമാണ് ഇന്ന്. ഇന്ന് മുതൽ ഏതാനും ദിവസത്തേക്ക് 3,57,265 കിലോമീറ്റര്‍ മാത്രമായിരിക്കും ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം. സാധാരണയായി ഇത് 3.85 ലക്ഷം കിലോമീറ്ററാണ്. ലോകമെങ്ങും സൂപ്പര്‍മൂണ്‍ കാണുന്നതിന് വേണ്ടി കാത്തിരിക്കുകയാണ്. നാസയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഈ വര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍മൂണ്‍ ജൂലൈ 13 ന് കാണാന്‍ സാധിക്കും. ഇത് ഭൂമിയെ അടിസ്ഥാനമാക്കിയുള്ള രേഖാംശത്തില്‍ സൂര്യന് എതിര്‍വശത്ത് 2:38 pm EDT ന് ദൃശ്യമാകും.

ബ്രിട്ടീഷ് സമയം അനുസരിച്ച് സൗത്ത് ഈസ്റ്റ്‌ ഇംഗ്ലണ്ടിൽ 21:47-ന് സൂപ്പർ മൂൺ ദൃശ്യമാകും. ചന്ദ്രന്‍ അതിന്റെ ഏറ്റവും വലിയ വൃത്താകൃതിയില്‍ വരുകയും ഭ്രമണ പഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുകയും ചെയ്യുമ്പോഴാണ് സൂപ്പര്‍മൂണ്‍ എന്ന പ്രതിഭാസം ദൃശ്യമാവുന്നത്. സൂപ്പര്‍മൂണ്‍ എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1979-ല്‍ റിച്ചാര്‍ഡ് നോലെ എന്ന ഗവേഷകനാണ്.

ചന്ദ്രന്റെ ഏറ്റവും അടുത്ത് നില്‍ക്കുന്ന ഭാഗത്തെ പെരിജിയം എന്നാണ് പറയുന്നത്. സൂപ്പര്‍മൂണ്‍ എന്നത് ചന്ദ്രന്‍ പെരിജിയുടെ 90% ഉള്ളിലായിരിക്കുമ്പോള്‍ സംഭവിക്കുന്ന ഒരു പ്രതിഭാസമാണെന്ന് പറയപ്പെടുന്നു. സൂപ്പര്‍ മൂണ്‍ സമയത്ത് പൗര്‍ണമി കൂടി വന്നാല്‍ അത് ഏറ്റവും തിളക്കമുള്ള സൂപ്പര്‍ മൂണ്‍ ആയി മാറും. എന്നാൽ, ആകാശം പൂർണ്ണമേഘാവൃതമായാൽ കാഴ്ചയുടെ ഈ സൗഭാഗ്യം നഷ്ടപ്പെട്ടേക്കാം എന്നാണ് വാനനിരീക്ഷകർ പറയുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഇന്ന് മുതൽ സെപ്റ്റംബർ 11 വരെ ഹീത്രൂ എയർപോർട്ടിൽ നിന്ന് ദിവസേന പുറപ്പെടുന്നവരുടെ എണ്ണം 100,000 ആയി പരിമിതപ്പെടുമെന്ന് അറിയിപ്പ്. യാത്രക്കാരുടെ എണ്ണം കുതിച്ചുയരുകയാണ്. എന്നാൽ പ്രതിസന്ധി നേരിടാൻ കഴിയാതെ വന്നതോടെ വേനൽക്കാല ടിക്കറ്റുകൾ വിൽക്കുന്നത് നിർത്താൻ ഹീത്രൂ എയർപോർട്ട് എയർലൈനുകളോട് ആവശ്യപ്പെട്ടു. ജീവനക്കാരുടെ കുറവ് കാരണം യുകെയിലുടനീളമുള്ള വിമാനത്താവളങ്ങളിൽ വിമാനം റദ്ദാക്കുന്നത് തുടർക്കഥയാവുകയാണ്. പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാനായി വേനൽക്കാല ടിക്കറ്റുകൾ വിൽക്കുന്നത് നിർത്താൻ വിമാനക്കമ്പനികളോട് ഉത്തരവിട്ടതായി ഹീത്രൂ പറഞ്ഞു.

കോവിഡ് ലോക്ക്ഡൗൺ സമയത്ത് ജോലി വെട്ടിക്കുറച്ച എയർപോർട്ടുകളും എയർലൈനുകളും അവധിക്കാലം എത്തിയതോടെ ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ പാടുപെടുകയാണ്. ഉപഭോക്തൃ ഗ്രൂപ്പായ വിച്ച്? ഏറ്റവും പുതിയ പ്രഖ്യാപനത്തിന്റെ ഫലമായി ഏതൊക്കെ വിമാനങ്ങളാണ് റദ്ദാക്കുന്നതെന്ന് വ്യക്തമാക്കാൻ ഹീത്രൂവിനോട് ആവശ്യപ്പെട്ടു.

വിമാനത്താവളത്തിൽ പ്രതിദിനം 110,000 മുതൽ 125,000 വരെ യാത്രക്കാർ എത്തുന്നുണ്ട്. ഇന്നലെ അവസാന നിമിഷം 61 വിമാനങ്ങൾ ഹീത്രൂ റദ്ദാക്കിയതിനെതുടർന്ന് 10,000ലധികം യാത്രക്കാർ പ്രതിസന്ധിയിലായി. അതേസമയം, ഗാറ്റ്‌വിക്ക് എയർപോർട്ട് റൺവേയിൽ നാല് മണിക്കൂർ കാത്തിരിക്കേണ്ടി വന്നതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധം നടത്തി. വേനൽക്കാലത്ത് യാത്രക്കാരുടെ എണ്ണം ഉയരുന്നതോടെ പ്രതിസന്ധി എങ്ങനെ നേരിടുമെന്നറിയാതെ നട്ടംതിരിയുകയാണ് വിമാനത്താവളങ്ങൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : സെപ്തംബർ 5-നകം ബ്രിട്ടന് ഒരു പുതിയ പ്രധാനമന്ത്രി ഉണ്ടാകുമെന്ന് കൺസർവേറ്റീവ് പാർട്ടിയുടെ 1922 കമ്മിറ്റിയുടെ ചെയർമാൻ ഗ്രഹാം ബ്രാഡി. പുതിയ നേതാവിനെ തെരഞ്ഞെടുത്ത ശേഷം ഇദ്ദേഹത്തിന്റെ പേര് രാജ്ഞിക്ക് സമര്‍പ്പിക്കും. പുതിയ സർക്കാർ രൂപീകരിക്കാനുള്ള അധികാരവും ഇയാൾക്ക് ലഭിക്കും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവാകാനുള്ള നോമിനേഷനുകള്‍ ഇന്ന് കൂടിയേ സ്വീകരിക്കൂ. ആദ്യ ബാലറ്റ് നാളെ നടക്കും. എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ചുരുങ്ങിയത് 20 പേരുടെ പിന്തുണ വേണം. പ്രൊപ്പോസറും, സെക്കന്‍ഡറും ഉള്‍പ്പെടെയാണിത്. ഇവരുടെ പേരുകൾ മാത്രം പുറത്തുവിടും.

അടുത്ത ഘട്ടത്തിലേക്ക് പോകണമെങ്കിൽ സ്ഥാനാർഥിക്ക് 30 പേരുടെ വോട്ട് ആവശ്യമാണ്. വ്യാഴാഴ്ചയാണ് രണ്ടാം ബാലറ്റ്. ജൂലൈ 21നുള്ളിൽ വിവിധ ബാലറ്റുകളിലൂടെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം രണ്ടായി ചുരുങ്ങും. രണ്ട് പേരില്‍ നിന്നുള്ള വിജയിയെ പാര്‍ട്ടി അംഗങ്ങള്‍ പോസ്റ്റല്‍ ബാലറ്റിലൂടെയാണ് തെരഞ്ഞെടുക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വോട്ടെടുപ്പ് നടത്തിയാവും പുതിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവിനെ അടുത്ത പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുക.

വേനലവധി കഴിഞ്ഞ് എംപിമാർ വെസ്റ്റ്മിൻസ്റ്ററിലേക്ക് മടങ്ങുന്ന സെപ്റ്റംബർ 5 ന് അന്തിമ ഫലം പ്രഖ്യാപിക്കുമെന്ന് ഗ്രഹാം പറഞ്ഞു. യാത്രാ ചെലവുകൾ ഒഴികെ സ്ഥാനാർത്ഥികൾക്ക് 300,000 പൗണ്ട് വരെ തെരഞ്ഞെടുപ്പ് ഫണ്ടായി ചിലവഴിക്കാം. ഋഷി സുനക്, സാജിദ് ജാവിദ്, ലിസ് ട്രസ് ഉൾപ്പെടെ 16 പേരാണ് നിലവിൽ മത്സരരംഗത്തുള്ളത്. ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലും മത്സരത്തിനുണ്ടാകുമെന്നാണ് സൂചന. 38 എംപിമാരുടെ പിന്തുണയുള്ള ഋഷി സുനകാണ് മുന്നില്‍. 22 എംപിമാരുടെ പിന്തുണയുമായി പെന്നി മോര്‍ഡന്റ്, 19 എംപിമാരുടെ പിന്തുണയുള്ള ടോം ടുഗെന്‍ഡ്ഹാറ്റ്, 15 എംപിമാര്‍ പിന്തുണയ്ക്കുന്ന ലിസ് ട്രസ് എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : എട്ടാം വയസ്സിൽ നിയമവിരുദ്ധമായി ബ്രിട്ടനിലേക്ക് കടത്തപ്പെട്ടയാളാണ് താനെന്ന വെളിപ്പെടുത്തലുമായി ദീർഘദൂര ഓട്ടത്തിലെ ഇതിഹാസ താരം മോ ഫറ. കുട്ടിക്കാലത്ത് താൻ ഒരു വീട്ടിൽ അടിമയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ബിബിസി ഡോക്യുമെന്ററിയായ ‘ദി റിയൽ മോ ഫറ’യിലാണ് ഒളിമ്പിക് ജേതാവിന്റെ തുറന്നുപറച്ചിൽ. പരിപാടി നാളെ രാത്രി 9 മണിക്ക് സംപ്രേഷണം ചെയ്യും. ജന്മനാടായ സൊമാലിയയിലെ ആഭ്യന്തരയുദ്ധത്തിൽ പിതാവ് കൊല്ലപ്പെട്ടു. പിന്നാലെ, എട്ടാം വയസിൽ ബ്രിട്ടനിലേക്ക് അനധികൃതമായി കടത്തപ്പെട്ടു. ബ്രിട്ടനിലെ ആദ്യ നാളുകൾ ഗാർഹിക അടിമത്തത്തിൽ. വെസ്റ്റ് ലണ്ടനിലെ ഫെൽഥാമിലുള്ള ജൂനിയർ സ്കൂളിൽ ചേർന്നെങ്കിലും വംശീയ അധിക്ഷേപത്തിന് ഇരയായി. തന്റെ പേര് മോ ഫറ എന്നല്ല, ഹുസൈൻ അബ്ദി കഹിൻ എന്നാണ് – അദ്ദേഹം തുറന്നുപറയുന്നു.

1983ൽ സോമാലിലാൻഡിൽ ജനിച്ച മോ ഫറയ്ക്ക് നാലാം വയസിൽ പിതാവിനെ നഷ്ടമായി. വേദനയുടെയും കഷ്ടപ്പാടിന്റെയും നാളുകളായിരുന്നു പിന്നീട്. അമ്മയിൽ നിന്ന് വേർപിരിഞ്ഞ് ബന്ധുക്കളോടൊപ്പം കഴിയാൻ ആഫ്രിക്കയിലെ ജിബൂട്ടിയിലേക്ക് പോയി. 1993ലാണ് മോ ഫറ എന്ന വ്യാജ പേരിൽ അനധികൃത കുടിയേറ്റക്കാരനായി യുകെയിലേക്ക് കടത്തപ്പെട്ടത്. 1997ൽ ലാത്വിയയിൽ നടന്ന ഒരു അന്താരാഷ്ട്ര മീറ്റിൽ ഇംഗ്ലണ്ടിന്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ബ്രിട്ടീഷ് പൗരത്വം ഇല്ലായിരുന്നു.

2000ത്തിൽ ഫറയ്ക്ക് ബ്രിട്ടീഷ് പൗരത്വം ലഭിച്ചു. ലണ്ടനിൽ നടന്ന 2012 ഒളിമ്പിക് ഗെയിംസിൽ ഗ്രേറ്റ്‌ ബ്രിട്ടനുവേണ്ടി മോ പുരുഷന്മാരുടെ 5,000, 10,000 മീറ്ററുകളിൽ സ്വർണ്ണ മെഡൽ നേടി. 2017 നവംബറിൽ ഭാര്യ ടാനിയയ്‌ക്കൊപ്പം ബക്കിംഗ്ഹാം കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ വെച്ച് നൈറ്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ടു. വ്യാജ പേരിൽ, അനധികൃതമായി ബ്രിട്ടനിലേക്ക് കടത്തപ്പെട്ട്, ബാല്യത്തിൽ തന്നെ അടിമയായി കഴിയേണ്ടി വന്ന മോ പിന്നീട് ബ്രിട്ടന്റെ അഭിമാനമായി. മോയക്ക് വേണ്ടി കാലം കാത്തുവെച്ചത് അതായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- തന്റെ പെൻഷൻ പണത്തിൽ നിന്നും 45000 പൗണ്ട് തുക തട്ടിപ്പുകാരിലൂടെ നഷ്ടമായതായി വെളിപ്പെടുത്തിയിരിക്കുകയാണ് അമ്പത്തെട്ടുകാരിയായ എൻഎച്ച്എസ് നേഴ്സ് പോളിൻ പാഡൻ. കൂടുതൽ റിട്ടേണുകളും ക്യാഷ് ബോണസുകളും മറ്റും നൽകാമെന്ന് വാഗ്ദാനത്തിലാണ് ഇവർ പെൻഷൻ പണം വാങ്ങിയതെന്ന് നേഴ്സ് വ്യക്തമാക്കി. 2013ൽ തന്റെ മാതാവ് ആശുപത്രിയിലായിരുന്ന സമയത്താണ് ഇവർ പോളിനുമായി ബന്ധപ്പെടുന്നത്. നിലവിലെ പെൻഷൻ അവരുടെ അക്കൗണ്ടിലേക്ക് നൽകിയാൽ കൂടുതൽ തുക ബോണസായി ലഭിക്കുമെന്ന വാഗ്ദാനത്തിന്റെ പുറത്താണ് പോളിൻ തന്റെ പെൻഷൻ ട്രാൻസ്ഫർ ചെയ്തത്. ഫോണിലൂടെയാണ് എല്ലാ ഇടപാടുകളും നടന്നതെന്ന് പോളിൻ വ്യക്തമാക്കുന്നുണ്ട്. സ്കീമിന്റെ വിശ്വാസ്യത തെളിയിക്കുന്നതിനായി പോളിന് 2500 പൗണ്ട് തുക അവർ നൽകി. അതിനുശേഷം തനിക്ക് 1900 പൗണ്ട് കൂടി ലഭിച്ചതോടെ പോളിന് ഈ സ്കീമിലുള്ള വിശ്വാസം വർധിച്ചു.

എന്നാൽ പിന്നീട് കുറെ മാസങ്ങൾ ഇവരിൽ നിന്നും യാതൊരു വിവരങ്ങളും ലഭിക്കാതായതോടെയാണ് പോളിൻ ആശങ്കപ്പെട്ടത്. പിന്നീട് ആറ് മാസങ്ങൾക്ക് ശേഷം പെൻഷൻസ് റെഗുലേറ്റർ ഓഫീസിൽ നിന്നും വിവരങ്ങൾ അറിഞ്ഞപ്പോഴാണ് താൻ ചതിക്കപ്പെട്ടെന്ന് പോളിൻ തിരിച്ചറിഞ്ഞത്. നിരവധി കോടികളുടെ ഈ തട്ടിപ്പിൽ ഉൾപ്പെട്ട രണ്ടുപേരെ പിന്നീട് കഴിഞ്ഞ ഏപ്രിലിൽ ജയിൽ ശിക്ഷക്ക് വിധിച്ചിരുന്നു. സൂസൻ ഡാൽട്ടനും അലൻ ബാരറ്റും ചേർന്നാണ് 2012 മുതൽ 2014 വരെയുള്ള കാലഘട്ടങ്ങളിൽ ഏകദേശം 245 ഓളം പേരിൽനിന്ന് 13.7 മില്യൻ പൗണ്ട് തുക തട്ടിയെടുത്തത്. ഈ തട്ടിപ്പിന്റെ മുഖ്യസൂത്രധാരനായ ഡേവിഡ് ഓസ്റ്റിൻ 2019 ൽ പോലീസ് അന്വേഷണം ഭയന്ന് ആത്മഹത്യ ചെയ്തിരുന്നു. ഓരോ വ്യക്തിയിൽ നിന്നും ശരാശരി 55000 പൗണ്ട് തുകയോളമാണ് തട്ടിപ്പുകാർ തട്ടിയെടുത്തത്. അടുത്തിടെ മാധ്യമങ്ങൾക്ക് നൽകിയ ഇന്റർവ്യൂവിലാണ് എൻഎച്ച്എസ് നേഴ്സ് തന്റെ അനുഭവം വെളിപ്പെടുത്തിയത്.

എന്റര്‍ടൈം ഡെസ്‌ക്. മലയാളം യുകെ.

പ്രശസ്ത സംഗീത സംവിധായകന്‍ ജോജി കോട്ടയം, ഗാന രചയിതാവ് ഷിബു മാത്യൂ കൂട്ടുകെട്ടില്‍ വിരിഞ്ഞൊരു പ്രണയകാവ്യം ‘പ്രിയ സഖി” എന്ന റൊമാന്റിക് മ്യൂസിക്കല്‍ ആല്‍ബം യൂ ടൂബില്‍ റിലീസ് ചെയ്തു. യുകെ മലയാളി ബാബു സെബാസ്റ്റ്യന്‍ നിര്‍മ്മിച്ച് ജോജി

ഷിബു മാത്യൂ

കോട്ടയം സംവിധാനം ചെയ്ത പ്രിയ സഖി എന്ന റൊമാന്റിക് ആല്‍ബത്തിന്റെ ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത് യുകെ മലയാളിയും മലയാളം യുകെ ന്യൂസ് ഡയറക്ടറുമായ ഷിബു മാത്യുവാണ്. ജോജി കോട്ടയം ഷിബു മാത്യൂ കൂട്ടുകെട്ടില്‍ വിരിഞ്ഞ യാത്രാമൊഴി എന്ന ആല്‍ബം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിരുന്നു.

ബാബു സെബാസ്റ്റ്യൻ

പുതു തലമുറയിലെ പ്രണയമാണ് ഈ ഗാനത്തിനാധാരമെന്ന് ഗാന രചയിതാവ് ഷിബു മാത്യൂ പറയുന്നു. പെട്ടന്ന് പ്രണയിക്കുകയും പെട്ടന്നകലുകയും ചെയ്യുന്ന പ്രണയകാലം. വാകമരങ്ങളുടെയും ബോഗന്‍ വില്ലകളുടേയും കോളേജ് കാമ്പസിന്റെയും തണലില്ലാത്ത പ്രണയം. സോഷ്യല്‍ മീഡിയയുടെ തണലില്‍ തുടങ്ങി അവിടെ തന്നെ അവസാനിക്കുന്ന പ്രണയം. ഇതാണ് ന്യൂജന്‍ പ്രണയം. പക്ഷേ, അകലുമ്പോഴും അല്പം പ്രണയം ഇക്കൂട്ടര്‍ ബാക്കി വെക്കും.

ജോജി കോട്ടയം

പ്രിയ സഖി എന്ന റൊമാന്റിക് മ്യൂസിക്കല്‍ ആല്‍ബത്തിന് ഒരു പാട് പ്രത്യേകതകള്‍ ഉണ്ട്. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഈ ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്.
ഗാനത്തിന്റെ വരികള്‍ക്കൊപ്പം ഒരു ന്യൂജന്‍ സമീപനമാണ് ആല്‍ബത്തിലുടനീളം അവതരിപ്പിക്കാന്‍ അവര്‍ ശ്രമിച്ചത്. പ്രേക്ഷകര്‍ക്ക് ഓരോ ക്ലിപ്പും
പരസ്പര വിരുദ്ധമായി തോന്നും. പക്ഷേ, ഇത് അവരുടെ ജീവിതമല്ല. സമൂഹത്തില്‍ നടമാടുന്ന ന്യൂജന്‍ പ്രണയത്തിന്റെ സത്യസന്ധമായ സാക്ഷാത്കാരമാണ് അവതരിപ്പിച്ചത്.

ജിനോ ആൻ്റണി

ആയിരത്തിലധികം ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ച ജോജി കോട്ടയമാണ് പ്രിയസഖി എന്ന ആല്‍ബത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ക്രൈസ്തവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ‘തിരുവോസ്തിയായ് അല്‍ത്താരയില്‍’ എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നതും ജോജി കോട്ടയമാണ്.
പ്രിയ സഖി എന്ന പ്രണയകാവ്യത്തിന്റെ സാക്ഷാത്കാരം യൂ ടൂബില്‍ റിലീസ് ചെയ്തിട്ടുണ്ട്.
ദയവായി ലിങ്ക് ഓപ്പണ്‍ ചെയ്യുക..

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : യു കെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിവസം ഈ വരാന്ത്യത്തിലായിരിക്കുമെന്ന് മെറ്റ് ഓഫീസ് പ്രവചനം. ഈ ഞായറാഴ്ച ഇംഗ്ലണ്ടിൽ മിക്കയിടത്തും താപനില 38 ഡിഗ്രിയിൽ എത്തും. ഉഷ്ണതരംഗം കൂടുതൽ രൂക്ഷമാകാനും സാധ്യതയുണ്ട്. ഞായറാഴ്ച മുതൽ താപനില അസാധാരണമാംവിധം ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. ഇത് റോഡ്, റെയിൽ, വിമാന ഗതാഗതം തടസ്സപ്പെടും. ഈ വാരാന്ത്യം അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിലെത്താൻ മുപ്പത് ശതമാനം സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് കാലാവസ്ഥ വിദഗ്ദ്ധൻ ഡാൻ സ്റ്റൗഡ് അറിയിച്ചു.

പ്രവചനം സത്യമായാൽ ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ ദിവസമായി ഇത് മാറും. ഇതിനു മുൻപ് ബ്രിട്ടനിലേറ്റവും ചൂടേറിയ ദിവസം 2019 ജൂലായ് 15 ആയിരുന്നു. അന്നേദിവസം കേംബ്രിഡ്‌ജിൽ രേഖപ്പെടുത്തിയത് 38.7 ഡിഗ്രി സെൽഷ്യസാണ്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ (യുകെഎച്ച്എസ്എ) ലെവൽ ത്രീ ഹീറ്റ് ഹെൽത്ത് അലേർട്ട് ഇന്ന് മുതൽ വെള്ളിയാഴ്ച വരെ പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച 24 മണിക്കൂറും അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അടുത്ത ആഴ്‌ച വരെ നീട്ടാൻ സാധ്യതയുണ്ട്.

ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, ലണ്ടൻ, സൗത്ത് ഈസ്റ്റ്, നോർത്ത് ഈസ്റ്റ്, നോർത്ത് വെസ്റ്റ്, സൗത്ത് വെസ്റ്റ്, വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, യോർക്ക്ഷയർ, ഹംബർ എന്നീ പ്രദേശങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടും. സൗത്ത് ലണ്ടനിലെ ബാറ്റർസിയിൽ പാലത്തിൽ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് വിക്ടോറിയക്കും ബ്രിക്സ്റ്റണിനും ഇടയിലുള്ള ട്രെയിൻ സർവീസുകൾ ഇന്ന് രാവിലെ നിർത്തിവച്ചു. ചൂട് കൂടുന്നതോടെ ബ്രിട്ടനിലെ പാർക്കുകളിലേക്കും കടൽത്തീരങ്ങളിലേക്കും ജനങ്ങൾ ഇരച്ചെത്തുകയാണ്. ബ്രിട്ടനിൽ മാത്രമല്ല, യൂറോപ്പിലാകമാനം ചൂട് ഉയരുകയാണ്. ഫ്രാൻസിലെ അന്തരീക്ഷ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നാണ് പ്രവചനം.

Copyright © . All rights reserved