ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ജനം ലണ്ടൻ തെരുവിലിറങ്ങി. ട്രേഡ് യൂണിയൻ കോൺഗ്രസ്‌ (ടിയുസി) സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ്‌ തൊഴിലാളികൾ വേതന വർദ്ധനവ് ആവശ്യപ്പെട്ട് പാർലമെന്റിലേക്ക് മാർച്ച്‌ നടത്തിയത്. പൊതുമേഖലയിൽ ജോലി ചെയ്യുന്നവർക്ക് മാന്യമായ ശമ്പളം നൽകണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. മിനിമം വേതനം 15 പൗണ്ടായി ഉയർത്തണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. എന്നാൽ അത് ഖജനാവിന്റെ മേൽ ഭാരം കൂട്ടുകയാണെന്ന് സർക്കാർ വൃത്തങ്ങൾ ആരോപിച്ചു.

അതേസമയം, ബ്രിട്ടീഷ് സർക്കാർ എൺപത് ലക്ഷത്തോളം വരുന്ന നിർധനരായ കുടുംബങ്ങൾക്ക് നേരിട്ട് സഹായം നൽകുന്നുണ്ടെന്ന് സർക്കാർ വക്താവ് അറിയിച്ചു. 1200 പൗണ്ടിന്റെ സഹായവും ഊർജ ബില്ലിൽ എല്ലാ കുടുംബങ്ങൾക്കും 400 പൗണ്ട് കിഴിവും നൽകുന്നുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ടി യു സി യുടെ പഠനം അനുസരിച്ച് 2008 മുതൽ തൊഴിലാളികൾക്ക് 20,000 പൗണ്ടിന്റെ നഷ്ടം ഉണ്ടായിട്ടുണ്ട്. ചെലവുകൾക്ക് ഒപ്പം വരുമാനം കൂടത്താതാണ് പ്രതിസന്ധിക്ക് കാരണമായി വിലയിരുത്തുന്നത്.

പണപ്പെരുപ്പത്തിന്റെ കാരണം തൊഴിലാളികളല്ലെന്നും അവർ പണപ്പെരുപ്പത്തിന്റെ ആഘാതം അനുഭവിക്കുന്നവരാണെന്നും ടി യു സി ജനറൽ സെക്രട്ടറി ഫ്രാൻസെസ് ഒഗ്രാഡി ബിബിസി ന്യൂസിനോട് പറഞ്ഞു. മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട് അധ്യാപകരും ട്രേഡ് യൂണിയൻ കോൺഗ്രസ് പ്രതിഷേധത്തിൽ പങ്കെടുത്തു. ജീവിതച്ചെലവ് കുതിച്ചുയരുന്നതിനാൽ, കഴിഞ്ഞ 12 വർഷത്തിനിടെ അധ്യാപകരുടെ ശമ്പളത്തിന്റെ മൂല്യം 19% കുറഞ്ഞുവെന്ന് യൂണിയൻ പറഞ്ഞു.