Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- നൈജീരിയൻ സ്ത്രീകളെ സെക്സ് ട്രാഫിക്കിങ്ങിനായി ഉപയോഗിച്ച കുറ്റത്തിന് 18 വർഷം ജയിൽ ശിക്ഷ അനുഭവിക്കുന്ന ലണ്ടൻ നേഴ്സിനു 184,000 പൗണ്ട് തുക കൂടി അടയ്ക്കാൻ വിധിയായിരിക്കുകയാണ്. ജോസെഫൈൻ ഇയാമു എന്ന നേഴ്സാണ് ജയിൽ ശിക്ഷ അനുഭവിക്കുന്നത്. താൻ സ്വയം സമ്പന്ന ആണെന്ന് വിശ്വസിപ്പിക്കുകയും, ഇതിൻ പ്രകാരം നൈജീരിയയിൽ നിന്നും സ്ത്രീകളെ യൂറോപ്പിലേക്ക് കടത്തിക്കൊണ്ട് വരികയും , യൂറോപ്പിൽ പുതിയ ജീവിതം നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ഇവർ ചെയ്തതായി കണ്ടെത്തിയിരുന്നു.

പണമുണ്ടാക്കാനുള്ള മാർഗമായി ആണ് ഇവർ ഇത്തരത്തിലുള്ള സ്ത്രീകളെ കണ്ടത്. അതിനോടൊപ്പം തന്നെ നൈജീരിയയിൽ നിന്ന് കൊണ്ടുവന്ന സ്ത്രീകളെ ഇവർ മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കുകയും, വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയും ചെയ്തതായി ആരോപണമുണ്ട്. 38,000 പൗണ്ട് ഓരോ സ്ത്രീയിൽ നിന്നും ഈടാക്കിയതായും, എന്നാൽ അതിനനുസരിച്ചുള്ള യാതൊരു പരിഗണനകളും ഇവർ നൽകിയിരുന്നില്ല എന്നും പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി.

ഇതോടൊപ്പംതന്നെ ചില മാന്ത്രിക പ്രവർത്തനങ്ങളിലൂടെ കൊണ്ടുവന്ന സ്ത്രീകളെ താനുമായി ബന്ധപ്പെടുത്തുകയും, ജോസഫൈന്റെ വാക്കുകൾ അനുസരിച്ചില്ലെങ്കിൽ ഇവരുടെ കുടുംബാംഗങ്ങൾക്ക് ദോഷം ഉണ്ടാകുമെന്ന ധാരണ ഇവരിൽ പരത്തുകയും ചെയ്തു. മാർച്ച് 4 വെള്ളിയാഴ്ചയാണ് ബെർമിങ്ഹാം കോടതി ജോസഫൈനോട് 184000 പൗണ്ട് തുക കൂടി അധികമായി അടയ്ക്കുവാൻ ഉത്തരവിട്ടത്. ഇത് അടച്ചില്ലെങ്കിൽ രണ്ട് വർഷം അധിക തടവ് കൂടി അനുഭവിക്കേണ്ടതായി വരും. മോഡേൺ സ്ലെവെറി ആക്ട് പ്രകാരം ശിക്ഷിക്കപ്പെടുന്ന ആദ്യ ബ്രിട്ടീഷ് പൗരത്വമുള്ള വ്യക്തിയാണ് ജോസഫൈൻ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിലെ കോവിഡ് കേസുകളുടെ എണ്ണം ഒരാഴ്ചയ്ക്കുള്ളിൽ 12 ശതമാനം വർദ്ധിച്ചതായുള്ള കണക്കുകൾ പുറത്തുവന്നു. ഈ മാസം രണ്ടാം തവണയാണ് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലേക്ക് ഉയരുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 102,483 പേർക്കാണ് വൈറസ് ബാധ രേഖപ്പെടുത്തിയത്. ഒരാഴ്ചമുമ്പ് പ്രതിദിന രോഗവ്യാപന നിരക്ക് 91,345 ആയിരുന്നു.


രോഗവ്യാപനം കൂടുന്നതിനൊപ്പം തന്നെ മരണനിരക്കും വർദ്ധിച്ചിട്ടുണ്ട്. ഇന്നലെ 194 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒരാഴ്ച മുമ്പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ മരണനിരക്കിൽ 27 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ആശുപത്രി പ്രവേശനം 30 ശതമാനം വർദ്ധിച്ചതിനെ ആശങ്കയോടെയാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്.

യുകെയിൽ ഉടനീളം കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതും ഒമിക്രോണിന്റെ പുതിയ വകഭേദമായ BA. 2 ഒമിക്രോൺ വ്യാപിക്കുന്നതുമാണ് രോഗവ്യാപനം കുതിച്ചുയരുന്നതിന് പിന്നിൽ. കൂടുതൽ അപകടകരമായ ജനിതക ഭേദങ്ങളുടെ ആവിർഭാവം വരും ദിനങ്ങളിൽ ഗുരുതരമായ രോഗവ്യാപനത്തിനും മരണനിരക്കിനും കാരണമായേക്കാമെന്ന് ചീഫ് മെഡിക്കൽ അഡ്വൈസർ ക്രിസ് വിറ്റി മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കാർഡിഫ് : യുകെ മലയാളികളുടെ വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണം പതിവാകുന്നു. കാര്‍ഡിഫ് മലയാളിയുടെ പണിപൂര്‍ത്തിയാക്കാത്ത വീട്ടിലാണ് ഏറ്റവും ഒടുവിലായി മോഷണം നടന്നത്. പുതുതായി വാങ്ങിയ വീടിന്റെ പണി പുരോഗമിക്കവേയാണ് സംഭവം. പെയിന്റിംഗ് ഉൾപ്പെടെയുള്ള പണികൾക്ക് ശേഷം ഗൃഹനാഥൻ മടങ്ങിയതിന് പിന്നാലെയാണ് മോഷണം നടന്നത്. അടുക്കളയിലേക്ക് വാങ്ങിവച്ച ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെ പല വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയി. പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അവർ എത്തി വിവരങ്ങൾ ശേഖരിച്ചു. പിന്നീട് നടത്തിയ തിരച്ചിലിൽ മോഷണമുതൽ കണ്ടെടുത്തതോടെ ആശ്വാസമായി.

വീടിനു കുറച്ചകലെയുള്ള മരക്കൂട്ടത്തിനിടയിൽ നിന്നാണ് മോഷണം പോയ വസ്തുക്കൾ കണ്ടെടുത്തത്. എന്നന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് കരുതിയവയെല്ലാം തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് കുടുംബം. മലയാളികളുടെ വീട്ടിൽ ധാരാളം സ്വർണവും പണവുമുണ്ടാകാമെന്ന ധാരണയിലാണ് മോഷ്ടാക്കൾ ഇവരെ ലക്ഷ്യമിടുന്നത്. ഇത്തരം മോഷണശ്രമങ്ങളെ പറ്റി മുൻപും മലയാളംയുകെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഫെബ്രുവരി അവസാനമാണ് ഗ്ലാസ്ഗോയിൽ മലയാളിയുടെ വീട്ടിൽ വൻ മോഷണം നടന്നത്. എഴുപത് പവൻ സ്വർണമാണ് അന്ന് നഷ്ടമായത്. കോവിഡ് നിയന്ത്രണങ്ങളിൽ നിന്ന് മുക്തരായ ജനങ്ങൾ വീട് വീട്ടിറങ്ങാൻ തുടങ്ങിയതോടെ മോഷണങ്ങളും വർദ്ധിച്ചു. വീട്ടുപകരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഉറപ്പാക്കുന്നതോടൊപ്പം അധിക സുരക്ഷയ്ക്കായി അലാം സെറ്റു ചെയ്യാവുന്നതാണ്. അധിക ശ്രദ്ധയും ആവശ്യമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഗവൺമെന്റിന്റെ തന്ത്രപ്രധാനമായ വിവരങ്ങൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വാട്സാപ്പിലൂടെ കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച് വിവിധ ചർച്ചകൾ മുന്നോട്ടു വന്നിരിക്കുകയാണ്. ഇത് ബുദ്ധിമുട്ടില്ലാത്ത തരത്തിൽ കാര്യങ്ങൾ മുന്നോട്ട് നീക്കുന്നതിനാണെന്നും, യാതൊരു തരത്തിലുള്ള സുരക്ഷാ വീഴ്ചയുമില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ വാട്സാപ്പിലൂടെ ഇത്തരം വിവരങ്ങൾ കൈമാറുന്നത് സുരക്ഷാവീഴ്ച ഉണ്ടാക്കുമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. പ്രധാനമന്ത്രിയുടെ ഈ പ്രവർത്തിക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് ഇവർ. പബ്ലിക് റെക്കോർഡുകൾ സൂക്ഷിക്കപ്പെടേണ്ടതാണെന്നും, ഇത്തരം മെസ്സേജുകൾ ഈ പ്രവണത നശിപ്പിക്കുമെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു.

എന്നാൽ രഹസ്യമായ വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടുവാൻ പ്രത്യേക വഴികൾ ഗവൺമെന്റിന് ഉണ്ടെന്നും, ഉദ്യോഗസ്ഥരുമായുള്ള മീറ്റിംങ്ങുകളുടെ പ്രധാന വിവരങ്ങൾ മന്ത്രിമാർ എഴുതി സൂക്ഷിക്കുന്നുണ്ടെന്നും ഗവൺമെന്റ് വ്യക്താവ് അറിയിച്ചു. 2020 നവംബർ മുതലാണ് ബോറിസ് ജോൺസനും മറ്റു മന്ത്രിമാരും ഇത്തരത്തിൽ വാട്സാപ്പിലൂടെ അവശ്യ വിവരങ്ങൾ കൈമാറാൻ ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. ഇതോടൊപ്പംതന്നെ മറ്റുചിലർ സിഗ്നൽ ആപ്പും ഉപയോഗിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇത്തരം മെസേജുകളുടെ യാതൊരു റെക്കോർഡുകളും ഇവർ സൂക്ഷിക്കുന്നില്ല എന്നതാണ് മുഖ്യമായ ആരോപണം. 1958 ലെ പബ്ലിക് റെക്കോർഡ് ആക്ടിന് വിരുദ്ധമായാണ് ഗവൺമെന്റ് പ്രവർത്തികൾ എന്നാണ് ആരോപണം. എന്നാൽ അവശ്യമായവയുടെ എല്ലാ റെക്കോർഡുകളും സൂക്ഷിക്കുന്നുണ്ട് എന്നാണ് ഗവൺമെന്റിൻെറ പ്രതികരണം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

റഷ്യ :- റഷ്യൻ പ്രസിഡന്റ് സ്ഥാനത്തുനിന്നും വ്ളാഡിമിർ പുടിനെ നീക്കി പകരം ഫെഡറൽ സർവീസ് മേധാവി അലക്സാണ്ടർ ബോർട്ട്നികോവ് ആ സ്ഥാനത്തേക്ക് വരാനുള്ള സാധ്യത ഏറെയാണെന്നുള്ള ഉക്രൈൻ ഇന്റലിജൻസ് ഏജൻസി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. സ്വന്തം ചാരന്മാരെ തന്നെ കൊലപ്പെടുത്തിയ സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുകയും, അതോടൊപ്പം തന്നെ സ്റ്റാലിൻ നടത്തിയ കൂട്ടക്കൊലകളെ പ്രശംസിക്കുകയും ചെയ്ത വ്യക്തിയാണ് അലക്സാണ്ടർ ബോർട്ട്നികോവ്. പുടിനെ സ്ഥാനത്തുനിന്നും നീക്കാനുള്ള എല്ലാവിധ പ്ലാനുകളും പുടിന്റെ വിശ്വസ്തർ തന്നെ ആരംഭിച്ചു കഴിഞ്ഞതായാണ് ഇന്റലിജൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പുടിനെ വിഷം ഉപയോഗിച്ചോ ആക്സിഡന്റിലൂടെയോ കൊല്ലാനുള്ള തീരുമാനമാണ് ഇവർ എടുത്തിരിക്കുന്നത്. ഒരിക്കൽ പുടിന്റെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്ന അലക്സാണ്ടർ ബോർട്ട്നികോവിനെ ആണ് പുടിനു പകരമായി ഇവർ പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഉക്രൈൻ യുദ്ധത്തോടെ റഷ്യക്ക് നഷ്ടമായ പടിഞ്ഞാറൻ രാജ്യങ്ങളുമായുള്ള ബന്ധം വീണ്ടും പുനരാരംഭിക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്.


ഈ നീക്കത്തിൽ ഉൾപ്പെട്ടവർ എല്ലാം തന്നെ രാജ്യത്തെ ഉന്നതശ്രേണിയിൽ പെടുന്ന രാഷ്ട്രീയനേതാക്കളും ബിസിനസ് ഉടമകളും മറ്റുമാണ് എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ റഷ്യൻ ഫെഡറൽ സർവീസ് മേധാവിയായ അലക്സാണ്ടർ രാജ്യത്ത് ഏറ്റവും കൂടുതൽ അധികാരം ഉള്ള ഒരാൾ തന്നെയാണ്. മുൻപ് പുടിനെ പോലെ തന്നെ സോവിയറ്റ് യൂണിയൻ കാലത്ത് റഷ്യൻ സെക്യൂരിറ്റി ഏജൻസിയായ കെ ജി ബി ഓഫീസറായിരുന്നു അലക്സാണ്ടർ. എഫ് എസ് ബി യുടെ തലപ്പത്ത് എത്തിയ ശേഷം അലക്സാണ്ടർ അതിനെ പൂർണമായ രീതിയിൽ പൊളിച്ചെഴുതിയതായാണ് റിപ്പോർട്ടുകൾ. രാജ്യത്തെ ഏറ്റവും കൂടുതൽ അധികാരമുള്ള ഒരു ഏജൻസിയായി എഫ് എസ് ബി മാറിയിട്ടുണ്ട്. ഇതോടൊപ്പംതന്നെ റഷ്യയുടെ ഇക്കണോമിക് സെക്യൂരിറ്റി സർവീസിന് മേധാവിയായും അലക്സാണ്ടർ പ്രവർത്തിച്ചുവരുന്നുണ്ട്. ആർമി ജനറൽ പദവിയുള്ള റഷ്യയിലെ ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് അലക്സാണ്ടർ.


2006 ൽ പുടിന്റെ വിമർശകനായ അലക്സാണ്ടർ ലിറ്റ്വിനെങ്കോയുടെ കൊലപാതകത്തിലും ബോർട്ട്നിക്കോവിനു പങ്കുള്ളതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതോടൊപ്പംതന്നെ സ്റ്റാലിന്റെ കടുത്ത ആരാധകനുമാണ് ബോർട്ട്നികോവ്. പുടിന്റെ വിശ്വസ്തർ തന്നെയാണ് ബോർട്ട്നികോവിനെ പകരക്കാരനായി കണ്ടെത്തിയത് എന്നാണ് ഉക്രൈൻ ഇന്റലിജൻസ് ഏജൻസി റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ധന വിലവർദ്ധനവ് എല്ലാ മേഖലകളുടെയും പ്രവർത്തനങ്ങളെ താളം തെറ്റിച്ചിരിക്കുകയാണ്. കുതിച്ചുയർന്ന ഇന്ധനവിലയിൽ സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് താറുമാറായതിന്റെ വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ ഇന്ധനവിലയിലുള്ള കുതിച്ചുകയറ്റം എൻഎച്ച്എസ് പോലുള്ള വമ്പൻ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.

ഇന്ധന വിലവർദ്ധനവ് മൂലം എൻഎച്ച്എസ് എസ് ജീവനക്കാരുടെ വീടുകളിലുള്ള രോഗി സന്ദർശനം സുഗമമായി നടത്താൻ കഴിയുന്നില്ലെന്ന റിപ്പോർട്ടുകൾ കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്. തങ്ങളുടെ ജോലിയുടെ ഭാഗമായി വാഹനം ഉപയോഗിക്കുന്ന ഡിസ്ട്രിക്ട് തലത്തിലുള്ള നേഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകർക്കും വിലവർധനവിന് മറികടക്കുന്നതിനുള്ള സാമ്പത്തിക പിന്തുണ വേണമെന്ന് എൻഎച്ച്എസ് നേതൃത്വം ആവശ്യപ്പെട്ടു. പലരും വിലവർധനവിന്റെ സാഹചര്യത്തിൽ ദുർബലരായ രോഗികളെയും നവജാതശിശുക്കളെയും വീടുകളിൽ സന്ദർശിക്കുന്നത് ഒഴിവാക്കിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു കഴിഞ്ഞു.

റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിനു ശേഷമാണ് ഇന്ധനവിലയിൽ പെട്ടെന്നുള്ള കുതിച്ചുകയറ്റം ഉണ്ടായത്. ഈയിടെ യുകെയിൽ പെട്രോളിന്റെ ശരാശരി വില 1.67 പൗണ്ട് ആയി ഉയർന്നിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- സെന്റ് ഹെലൻസിൽ 17 മാസം മാത്രം പ്രായമുള്ള പെൺകുട്ടി നായയുടെ ആക്രമണത്തിൽ മരണപ്പെട്ടു. ബെല്ല റേ ബിർച്ച് എന്ന പെൺകുട്ടിയാണ് തിങ്കളാഴ്ച വീട്ടിലെ നായയുടെ ആക്രമണത്തിന് ഇരയായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. ഒരാഴ്ച മുൻപ് മാത്രമാണ് നായയെ വാങ്ങിയതെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കിയതായി പോലീസ് അധികൃതർ അറിയിച്ചു. സെന്റ് ഹെലൻസിലെ ബ്ലാക്ക്ബ്രൂക്ക് റീജിയണിലെ ബിഡ്സ്റ്റൺ അവെന്യൂവിലായിരുന്നു സംഭവം. വലിയ അലർച്ച കേട്ടതോടെയാണ് സംഭവസ്ഥലത്തേക്ക് താൻ എത്തിയതെന്ന് അയൽക്കാരിൽ ഒരാൾ പോലീസ് അധികൃതരോട് അറിയിച്ചു. പാരാമെഡിക്കൽ സ്റ്റാഫ് ആയ ഇവർ മറ്റ് അധികൃതർ എത്തുന്നതുവരെ സിപിആർ നൽകി കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും, ആശുപത്രിയിൽ എത്തിയ ശേഷം മരണപ്പെടുകയായിരുന്നു.

നായയുടെ ബ്രീഡിനെ സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകുമെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. അംഗീകൃതമായ ബ്രീഡുകളിൽ ഉൾപ്പെടുന്നതാണോ ഈ നായ എന്ന് വ്യക്തമായ അന്വേഷണം ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഇത്തരമൊരു സംഭവം കുടുംബാംഗങ്ങളെ വളരെ തളർത്തിയതായി ഡിറ്റക്ടീവ് ഇൻസ്പെക്ടർ ലിസ മില്ലിഗൻ വ്യക്തമാക്കി. നായയുടെ മുൻകാല ഉടമസ്ഥരെ സംബന്ധിച്ചും പൊലീസ് അന്വേഷണങ്ങൾ നടത്തുന്നുണ്ട്. എല്ലാ സഹായവും കുടുംബാംഗങ്ങൾക്കും ഉണ്ടാകുമെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ ഏപ്രിൽ ഒന്നുമുതൽ ഇലക്ട്രിസിറ്റി,ഗ്യാസ് നിരക്കുകൾ ക്രമാതീതമായി വർദ്ധിക്കാനിരിക്കെ, മാർച്ച്‌ 31 ന് തന്നെ ജനങ്ങൾ എല്ലാവരും തങ്ങളുടെ മീറ്റർ റീഡിങ്ങുകൾ ശേഖരിച്ചു വെക്കണമെന്ന കർശനമായ നിർദ്ദേശം നൽകി കഴിഞ്ഞിരിക്കുകയാണ്. മീറ്ററുകളിലെ റീഡിങ്ങിനോടൊപ്പം, മീറ്ററിൻെറ സീരിയൽ നമ്പറും ഫോട്ടോയിൽ വ്യക്തം ആകേണ്ടതാണ്. മാർച്ച്‌ 31 ന് തന്നെ മീറ്റർ റീഡിങ്ങുകൾ സബ് മിറ്റ് ചെയ്യാൻ സാധിക്കാത്തവർ ഫോട്ടോയെടുത്ത് സൂക്ഷിച്ചാൽ മതി എന്നാണ് അധികൃതരുടെ നിർദ്ദേശം. ഏപ്രിൽ ഒന്ന് മുതൽ തന്നെ ഒ എഫ് ജി ഇ എം പ്രഖ്യാപിച്ചിരിക്കുന്ന നിരക്കുവർധനകൾ നിലവിൽവരും. അതിനാൽ തന്നെ ഏപ്രിലിനു മുൻപുള്ള ഉപയോഗത്തിന് പഴയ നിരക്ക് ഈടാക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഈ നീക്കം. ജനങ്ങളെ കൂടുതൽ സഹായിക്കാനാണ് ഇത്തരമൊരു നീക്കമെന്നും, അതിനാൽ തന്നെ ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നുമുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.


യുകെയിൽ ജീവിതച്ചെലവുകൾ ക്രമാതീതമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഇലക്ട്രിസിറ്റി, ഗ്യാസ് മുതലായവയുടെ വിലവർദ്ധനവ് ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കും എന്നാണ് വിലയിരുത്തൽ. കഴിഞ്ഞദിവസം പെട്രോളിന് പകരം കുക്കിംഗ് ഓയിൽ തന്റെ വാഹനത്തിൽ ഉപയോഗിച്ച വ്യക്തിയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. അതിനാൽ തന്നെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് വളരെ വലുതാണ് എന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തെ നേരിടുവാൻ ആവശ്യമായ സഹായങ്ങൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വെയിൽസ് :- കുട്ടികളെ അടിക്കുന്നത് പൂർണ്ണമായി നിരോധിച്ചിരിക്കുകയാണ് വെയിൽസ്. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലേയ്ക്കുള്ള ഏറ്റവും ഉറച്ച ചുവടുവെപ്പായാണ് മനുഷ്യാവകാശപ്രവർത്തകർ ഈ തീരുമാനത്തെ വിലയിരുത്തിയത്. ഈ നിയമ പ്രകാരം കുട്ടികളെ ഏതൊരു തരത്തിലുള്ള ശിക്ഷ ഏൽപ്പിക്കുന്നതും കുറ്റകൃത്യമായി കണക്കാക്കപ്പെടും . കുട്ടികൾക്ക് വേണ്ടിയുള്ള ഏറ്റവും മികച്ച തീരുമാനമാണ് ഇതെന്ന് വെയിൽസ് ഫസ്റ്റ് മിനിസ്റ്റർ മാർക്ക്‌ ഡ്രയ്ക്ഫോർഡ് വിലയിരുത്തി. സ്കോട്ട്‌ലൻഡിൽ 2020 നവംബറിൽ തന്നെ കുട്ടികളെ ശിക്ഷിക്കുന്നത് കുറ്റകൃത്യമാക്കുന്ന നിയമം കൊണ്ടുവന്നിരുന്നു.

കുട്ടികൾക്കു നേരെയുള്ള ഏത് ശാരീരിക അതിക്രമവും തടയാനാണ് ഈ നിയമം എന്ന് അധികൃതർ വ്യക്തമാക്കി. മാതാപിതാക്കൾക്കും കുട്ടികളെ സംരക്ഷിക്കുന്നവർക്കും ഒരുപോലെ ഈ നിയമം ബാധകമാകും. മുൻപ് തന്നെ വെയിൽസിൽ കുട്ടികളെ ഉപദ്രവിക്കുന്നത് നിയമവിരുദ്ധമാണെങ്കിലും, ഇത് ഒരു കുറ്റകൃത്യമാണെന്ന് പുതിയ നിയമം കൃത്യമായി വിലയിരുത്തുന്നുണ്ട്. യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ വിവിധ രാജ്യങ്ങളിലായി നടത്തിയ പഠനങ്ങളിൽ 250 മില്യൺ കുട്ടികളോളം ഇത്തരത്തിൽ അതിക്രമങ്ങൾക്കിരയാകുന്നുണ്ടെന്ന് കണ്ടെത്തി. കുട്ടികളെ ശിക്ഷിക്കുന്നത് നന്മയെക്കാൾ ഉപരി ദോഷമാണ് ഉണ്ടാക്കുന്നതെന്നാണ് എല്ലാവരും ഒരുപോലെ വിലയിരുത്തുന്നത്. വെയിൽസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഇതെന്ന് വിവിധ മന്ത്രിമാർ വിലയിരുത്തി.

 

ഒരു യാത്രക്കാരി യുവതി അക്രമാസക്തയായത് മൂലം മാഞ്ചസ്റ്ററിൽ നിന്നും തുർക്കിക്കുള്ള ജെറ്റ് 2 ഫ്ലൈറ്റ് വഴിതിരിച്ചുവിട്ടു . വിമാനം ലക്ഷ്യസ്ഥാനത്തിൽ നിന്ന് 1500 മൈൽ അകലെയുള്ള വിയന്നയിലേക്ക് വഴി തിരിച്ചുവിടാനാണ് പൈലറ്റ് നിർബന്ധിതനായത്. യുവതി നിയന്ത്രണം വിട്ട് മറ്റുള്ള യാത്രക്കാരെ ആക്രമിച്ചതാണ് സംഭവങ്ങൾക്ക് തുടക്കം.

തിങ്കളാഴ്ച രാവിലെ 9. 15 ന് മാഞ്ചസ്റ്ററിൽ നിന്ന് തുർക്കിയിലെ അന്റാലിയയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവങ്ങൾ അരങ്ങേറിയത്. വിമാനം ലാൻഡ് ചെയ്യുന്നതിനിടെയും യുവതി ഒരു യാത്രക്കാരനെ മർദ്ദിച്ചതായി പരാതി ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പ്രതികരിക്കാൻ മാഞ്ചസ്റ്റർ എയർപോർട്ട് അധികൃതർ വിസമ്മതിച്ചു . പ്രശ്നം സൃഷ്ടിച്ച യാത്രക്കാരിയെ വിയന്നയിൽ ഇറക്കിയതിനുശേഷം ഫ്ലൈറ്റ് അന്റാലിയയിലെത്തിയത് ഷെഡ്യൂൾ ചെയ്തതിനേക്കാൾ വളരെയേറെ വൈകിയാണ് .

RECENT POSTS
Copyright © . All rights reserved