ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രാത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കും നേഴ്സുമാർക്കും 20 മിനിറ്റ് പവർ നാപ്പുകൾ അനുവദിക്കണമെന്ന് പഠനം. ട്രെയിനി ഡോക്ടർമാരിൽ പകുതിയും കൺസൾട്ടന്റുമാരും നേഴ്സുമാരും രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ പലപ്പോഴും അപകടം ഉണ്ടായിട്ടുണ്ട്. എയർലൈൻ വ്യവസായത്തിലെന്നപോലെ എൻഎച്ച്എസിലും ഫാറ്റിഗ് റിസ്ക് മാനേജ്മെന്റ് ഒരു മാനദണ്ഡം ആയി മാറണം എന്ന് വിദഗ്ധർ ആവശ്യപ്പെട്ടു. എന്നാൽ ജീവനക്കാരുടെ കുറവ് കാരണം ഇതിനകം ക്ഷീണിതരായ നേഴ്സുമാർക്ക് ആവശ്യമായ ഇടവേളകൾ ലഭിക്കില്ലെന്ന് ഒരു നഴ്സിംഗ് യൂണിയൻ പറഞ്ഞു. 20 മണിക്കൂറോളം ഉണർന്നിരുന്നതിനുശേഷം ശരീരത്തിന് ഏറ്റവും കൂടുതൽ ഉറക്കം ആവശ്യമായ സാഹചര്യത്തിൽ വാഹനമോടിക്കുന്നത് മദ്യപിച്ച് വാഹനമോടിക്കുന്നതു പോലെ തന്നെ അപകടകരമാണെന്നും ഗവേഷണങ്ങൾ കാണിക്കുന്നു.

16 മുതൽ 18 മണിക്കൂർ വരെ ഉണർന്നിരിക്കുന്നത് രോഗികളുമായി ഇടപെടാനുള്ള ഡോക്ടറുടെ കഴിവിനെ ബാധിക്കും എന്നും 12 മണിക്കൂർ ഷിഫ്റ്റിന് ശേഷം വീട്ടിലേക്ക് വാഹനമോടിക്കുന്നവർ എട്ട് മണിക്കൂർ ഷിഫ്റ്റിലുള്ളവരെ അപേക്ഷിച്ചു അപകടം ഉണ്ടാവാനുള്ള സാധ്യത ഇരട്ടിയാണെന്ന് പഠനം കണ്ടെത്തി.
കൂടാതെ രണ്ടോ അതിലധികമോ രാത്രികൾ നിയന്ത്രിത ഉറക്കം മാത്രം ലഭിച്ച ഒരു വ്യക്തിക്ക് അതിൽ നിന്ന് സാധാരണ നിലയിലേക്ക് എത്താൻ കുറഞ്ഞത് രണ്ടു രാത്രികൾ എങ്കിലും എടുക്കുമെന്നും വിദഗ്ധർ കണ്ടെത്തി. രാത്രിയുടെ ആദ്യപകുതി ജീവനക്കാർ ഒരു പവർ നാപ്പ് എടുക്കുകയാണെങ്കിൽ പിന്നീട് ഒരു മൈക്രോസ്ലീപ് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നും ന്യൂകാസിൽ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ ഡോ നാൻസി റെഡ്ഫെർൻ പറഞ്ഞു.