Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വിമാനങ്ങളിൽ ഇന്ധനം തീർന്നതും കുടുംബവുമായി എയർപോർട്ടിൽ ഉറങ്ങാൻ കിടന്നതും തുടങ്ങിയ തങ്ങളുടെ അവധിക്കാല ദുരനുഭവങ്ങൾ പങ്കുവെച്ച് രോഷാകുലരായ യാത്രക്കാർ. അരാജകമായ ഈ രംഗങ്ങൾ നടന്നത് ബ്രിട്ടനിലെ എയർപോർട്ടുകളിൽ. ഇന്നുമുതൽ സ്കൂൾ അവധി ആരംഭിച്ചതിനെത്തുടർന്ന് ബ്രിസ്റ്റോൾ മുതൽ മാഞ്ചസ്റ്റർ വരെയുള്ള വിമാനത്താവളങ്ങളിൽ അഞ്ച് മണിക്കൂറോളം വരെ നീണ്ടുനിന്ന വലിയ ക്യൂ ആണ് റിപ്പോർട്ട് ചെയ്തത്. അവസാന നിമിഷ ബുക്കിങ്ങിലും ഏവിയേഷൻ വ്യവസായം കുതിച്ചുയരുകയാണ്. പലരും ലഗേജുകൾ ഇല്ലാതെ യാത്ര ചെയ്യേണ്ടി വന്ന അനുഭവങ്ങൾ പങ്കുവെച്ചു. അതേസമയം കോവിഡ് മൂലമുണ്ടായ ജീവനക്കാരുടെ കുറവുമൂലമാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ നടന്നതെന്ന് എയർലൈൻ വ്യക്തമാക്കി.

ലോറി നഥാനിയൽ എന്ന യാത്രക്കാരി സാന്റോറിനിയിൽ നിന്ന് ഗാറ്റ് വിക്കിലേക്ക് പറക്കുകയായിരുന്നു. എന്നാൽ യാത്രാമധ്യേ ഫ്ലൈറ്റിൽ യാത്ര തുടരാൻ ആവശ്യമായ ഇന്ധനം ഇല്ല എന്ന കാരണത്താൽ പെട്ടെന്ന് ലൂട്ടണിലേക്ക് തിരിച്ചുവിട്ടു. ലഗേജ് കൈകാര്യം ചെയ്യുന്നവരുടെ കുറവുമൂലം ഹോട്ടലിലെത്തിയിട്ടും ലഗേജ് കൈകാര്യം ചെയ്യുന്നവരുടെ കുറവുമൂലം ലഗേജുകൾ ലഭിക്കുവാൻ വൈകുകയും ചെയ്തു. സമാന രീതിയിലുള്ള ഒട്ടേറെ പരാതികളാണ് യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കുന്നത് . അവധി ആഘോഷിക്കാനായി വിദേശത്ത് പോകുന്ന കുടുംബങ്ങൾക്ക് വെല്ലുവിളിയായി അടുത്ത പത്ത് ദിവസത്തിനുള്ളിൽ 200ലധികം വിമാനസർവീസുകളാണ് ഈസി ജെറ്റ് റദ്ധാക്കിയത്. മെയ് 28നും ജൂൺ 6നും ഇടയിൽ ലണ്ടനിലെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ നിന്നുള്ള 24 വിമാനങ്ങൾ റദ്ദാക്കുമെന്ന് എയർലൈൻ നേരത്തെ അറിയിച്ചിരുന്നു

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലീഡ്‌സ് : മലയാളിയുടെ തറവാട് റെസ്റ്ററന്റിൽ നാടൻ രുചി തേടി ഇത്തവണ എത്തിയത് പ്രമുഖ ചലച്ചിത്രതാരം സൈമൺ പെഗ്ഗ്. അമേരിക്കൻ നടൻ ക്രിസ്റ്റഫർ ലോയ്ഡ്, സംവിധായകൻ ആദം സിഗാൾ എന്നിവർക്കൊപ്പം മെയ് 28 ശനിയാഴ്ചയാണ് സൈമൺ തറവാട്ടിലെത്തിയത്. തറവാട്ടിലെ ഏറ്റവും പ്രശസ്തമായ മീൻകൂട്ടാനും ചില്ലി പനീറും സ്‌ക്വിഡ് റിങ്‌സും പറാത്തയും കഴിച്ച് മനസ്സും വയറും നിറഞ്ഞ ശേഷമാണ് മൂവരും മടങ്ങിയത്. ലീഡ്‌സിലുള്ള തറവാട് റെസ്റ്ററന്റിലെ സ്ഥിരം സന്ദർശകനാണ് സിഗാൾ.

നംഡോർ ഫോഡോർ ദി ടോക്കിംഗ് മംഗൂസ് എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിന് ശേഷമാണ് മൂവരും റെസ്റ്ററന്റിൽ എത്തിയത്. എഴുത്തുകാരനും സംവിധായകനുമായ സിഗാൾ ഒരുക്കുന്ന ഏറ്റവും പുതിയ ഡാർക്ക്‌ കോമഡി ചിത്രമാണ് ഇത്. സൈമൺ പെഗ്ഗ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഒലിവർ അവാർഡ്‌സിൽ മികച്ച സ്‌പെഷ്യാലിറ്റി റസ്‌റ്റോറന്റ് അവാർഡ് നേടിയ തറവാട്, ജൂണിൽ നടക്കുന്ന നാഷണൽ റെസ്റ്റോറന്റ് അവാർഡിൽ ഫുഡ് ലവേഴ്‌സ് അവാർഡിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. “സ്വാദിഷ്ടമായ വിരുന്നിന് ലീഡ്‌സ് തറവാട്ടിലെ എല്ലാ ജീവനക്കാർക്കും നന്ദി” – ഭക്ഷണം ആസ്വദിച്ച ശേഷം പെഗ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. കെയർ സ്റ്റാർമർ, വിരാട് കോഹ്‌ലി, അനുഷ്‌ക ശർമ്മ, പോൾ അലോട്ട്, ഡേവിഡ് ഗോവർ, സുനിൽ ഗവാസ്‌കർ, മഹേല ജയവർധന, ആൻഡ്രൂ ലിങ്കൺ തുടങ്ങിയ പ്രമുഖർ തറവാട് സന്ദർശിച്ചിട്ടുണ്ട്. പെഗ്ഗും ലോയിഡും സിഗാലും തറവാടിന്റെ ഡിന്നർ പ്ലേറ്റുകളിൽ ഒപ്പ് നൽകി. കൂടാതെ റെസ്റ്ററന്റ് ജീവനക്കാർക്കും ഉപഭോക്താക്കൾക്കുമൊപ്പം ഫോട്ടോയെടുത്ത ശേഷമാണ് മൂവരും മടങ്ങിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൺ പൂർണമായി വിട്ടു നിൽക്കുന്ന സാഹചര്യത്തിൽ, രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചും ഇംപീരിയൽ മെഷർമെന്റുകൾ തിരികെ കൊണ്ടുവരുവാനുള്ള തീരുമാനം ഉടൻ തന്നെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിക്കും. കൺസർവേറ്റീവ് പാർട്ടിയുടെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്നാണ് വിലയിരുത്തൽ. അടുത്ത ആഴ്ച മുതൽ ബ്രിട്ടീഷ് കടകളിൽ പൗണ്ടിലും ഔൺസിലും സാധനങ്ങൾ വിൽക്കുന്നതിന് സാധിക്കുമെന്നുള്ള തീരുമാനം ഉടനെ ഉണ്ടാകും. യൂറോപ്യൻ യൂണിയന്റെ ഭാഗം ആയിരുന്നപ്പോൾ മെട്രിക് മെഷർമെന്റുകളുടെ ഉപയോഗം ആയിരുന്നു ബ്രിട്ടണിൽ ഉണ്ടായിരുന്നത്.

2001 ൽ സ്റ്റീവൻ തോബെൺ എന്ന കടയുടമ പൗണ്ടിലും ഔൺസിലും സാധനങ്ങൾ വിറ്റതിന് അദ്ദേഹത്തിന് പ്രോസിക്യൂട്ട് ചെയ്യുന്ന നടപടി വരെ എത്തിയിരുന്നു. 2019 ൽ ജനറൽ ഇലക്ഷൻ പ്രചാരണ സമയത്ത് ഇംപീരിയൽ യൂണിറ്റുകൾ തിരികെ കൊണ്ടുവരുമെന്ന് ബോറിസ് ജോൺസൺ വാഗ്ദാനം നൽകിയിരുന്നു. ഇനിമുതൽ കടയുടമയ്ക്ക് തങ്ങളുടെ ഇഷ്ടാനുസരണം യൂണിറ്റുകൾ തിരഞ്ഞെടുക്കാം എന്ന രീതിയിലേക്ക് എത്തും. ഇതോടൊപ്പംതന്നെ മദ്യം വിളമ്പുന്ന പിന്റ് ഗ്ലാസുകളിൽ ക്രൗൺ ചിഹ്നം ഇനിമുതൽ രേഖപ്പെടുത്താനുള്ള അവസരവും ഉണ്ടാവും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- 28 വർഷത്തിനിടെ ആദ്യമായി ബ്രിട്ടണിൽ നാഷണൽ ലോട്ടറി സസ്പെൻഡ് ചെയ്യപ്പെടേണ്ട സാഹചര്യത്തിൽ എത്തിനിൽക്കുകയാണ്. ലൈസൻസ് സംബന്ധിക്കുന്ന തർക്കത്തെത്തുടർന്നാണ് ഈ തീരുമാനത്തിൽ എത്തിയത്. ഈ വർഷം തുടക്കത്തിൽ തന്നെ ഗ്യാംമ്പ്ലിങ് കമ്മീഷൻ ലോട്ടറിയുടെ നിലവിലെ ഓപ്പറേറ്റർമാരായ ക്യാമെലോട്ട് ഗ്രൂപ്പിൽ നിന്നും ലൈസൻസ് ഓൾവയ്ൻ ഗ്രൂപ്പിലേക്ക് കൈമാറ്റം ചെയ്യപ്പെടുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഈ നീക്കത്തിനെതിരെ നിലവിലെ ഓപ്പറേറ്റർമാരായ ക്യാമെലോട്ട് ഗ്രൂപ്പ്‌ കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. എന്നാൽ ഈ ഹർജി നൽകിയത് മൂലം ഓൾവയ്ൻ ഗ്രൂപ്പിലേക്ക് ലൈസൻസ് കൈമാറ്റം ചെയ്യപ്പെടുന്നതിന് താമസമുണ്ടാകും. ഇത്തരത്തിലുണ്ടാകുന്ന താമസം മൂലം ഓൾവയ്ൻ ഗ്രൂപ്പിന് പ്രവർത്തനങ്ങൾ നടത്തുവാൻ സമയം ലഭിക്കുകയില്ലെന്നും, കുറഞ്ഞത് 19 മാസമെങ്കിലും പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് ആവശ്യമാണെന്നും എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺ ടാനർ വ്യക്തമാക്കി. ഇത്തരത്തിൽ താമസിക്കുന്നത് കുറേ കാലത്തേക്ക് ലോട്ടറിയുടെ പ്രവർത്തനം ഇല്ലാതാക്കുമെന്നും അഭിപ്രായങ്ങൾ ഉയർന്നു വരുന്നുണ്ട്.

ക്യാമെലോട്ട് ഗ്രൂപ്പ്‌ കേസ് കൊടുത്തിരിക്കുന്നതിനാൽ, വിധിക്ക് താമസം ഉണ്ടാകും. ഇതോടൊപ്പം തന്നെ ക്യാമെലോട്ട് ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ആയിരുന്നപ്പോൾ സമ്മാനം ലഭിച്ചവർക്ക് ഉടമസ്ഥാവകാശം മാറുമ്പോൾ സമ്മാനം ലഭിക്കുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. ചെക്ക് ബില്യണയർ കാറൽ കോമരക്കിന്റെ ഉടമസ്ഥതയിലുള്ള ഓൾവയ്ൻ കമ്പനി ഗാമ്പ്ലിങ് കമ്മീഷന്റെ തീരുമാനങ്ങൾ അംഗീകരിക്കുക മാത്രമാണ് ചെയ്തതെന്നും കമ്പനി വക്താവ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ചാൻസലർ റിഷി സുനക് അവതരിപ്പിച്ച സഹായ പാക്കേജിലൂടെ ജീവിതച്ചെലവ് പ്രതിസന്ധിയെ മറികടക്കാമെന്ന ശുഭപ്രതീക്ഷയിലാണ് ബ്രിട്ടീഷ് ജനത. വിലക്കയറ്റത്തില്‍ ദുരിതമനുഭവിക്കുന ബ്രിട്ടീഷുകാരെ സഹായിക്കുവാന്‍ 15 ബില്യണ്‍ പൗണ്ടിന്റെ പാക്കേജാണ് ഋഷി സുനക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയില്‍ ചിലത് ധനസഹായമായി ലഭിക്കുമ്പോള്‍ മറ്റു ചിലത് ബില്ലുകളില്‍ കിഴിവുകളായി ലഭിക്കും. എനര്‍ജി ബില്‍സ് സപ്പോര്‍ട്ട് സ്‌കീം പ്രകാരം ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, വെയില്‍സ് എന്നിവിടങ്ങളിലെ എല്ലാ കുടുംബങ്ങള്‍ക്കും 400 പൗണ്ട് പിന്തുണ ലഭിക്കും. ഇതിനായി നിങ്ങൾ പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. ഊർജ്ജ വിതരണക്കാർ നിങ്ങളുടെ അക്കൗണ്ടിലേക്ക് 400 പൗണ്ട് ക്രെഡിറ്റ്‌ ചെയ്യും.

69% ബ്രിട്ടീഷുകാരും ചെയ്യുന്നതുപോലെ ഡയറക്ട് ഡെബിറ്റ് ഉപയോഗിച്ചാണ് നിങ്ങൾ പണമടയ്ക്കുന്നതെങ്കിൽ, 400 പൗണ്ട് വിഭാഗിച്ച് അതിന്റെ ഒരു ഭാഗം വീതം എല്ലാ മാസവും നിങ്ങളുടെ ബില്ലിൽ നിന്ന് കുറയ്ക്കും. നിങ്ങൾ പ്രീ-പേയ്‌മെന്റ് മീറ്ററാണ് ഉപയോഗിക്കുന്നതെങ്കിൽ, പണം മീറ്ററിൽ ചേർക്കുകയോ അല്ലെങ്കിൽ വൗച്ചറുകളായോ ലഭിക്കും. ഇതിന്റെ കൂടുതൽ വ്യക്തമായ വിശദാംശങ്ങൾ വരും ആഴ്ചകളിൽ സർക്കാർ പുറത്തുവിടും.

ഇതുകൂടാതെ, എൺപത് ലക്ഷത്തിലേറെ ജനങ്ങള്‍ക്ക് 650 പൗണ്ട് ഒറ്റത്തവണയായി നല്‍കും. വിന്റര്‍ ഗ്യൂവല്‍ അലവന്‍സ് ലഭിക്കുന്ന പെന്‍ഷന്‍കാര്‍ക്ക് 300 പൗണ്ട് അധികമായി ലഭിക്കും. അതുപോലെ ഡിസേബിള്‍ഡ് ബെനെഫിറ്റ്‌സ് ലഭിക്കുന്നവര്‍ക്ക് 150 പൗണ്ടും അധികമായി ലഭിക്കുമെന്ന് സുനക് വ്യക്തമാക്കി. ഈ ശരത്ക്കാലത്ത് ഊര്‍ജ്ജ വില 40 ശതമാനം വരെ ഉയര്‍ന്നേക്കാം എന്ന മുന്നറിയിപ്പുകള്‍ക്കിടെയാണ് ചാന്‍സലറുടെ ഈ പാക്കേജ് പ്രഖ്യാപനം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഡെവൺ : ഡെവണിൽ ആഡംബര ബോട്ട് (superyatch) തീപിടിച്ച് മുങ്ങി. ടോർക്വയ് ഹാർബറിൽ ഇന്നലെ ഉച്ചയ്ക്ക് 12:10നാണ് 85 അടിയുള്ള റെൻഡസ്വസ് എന്ന ആഡംബര ബോട്ട് കത്തിയമർന്നത്. ബോട്ടിൽ 2,000 ഗാലൻ ഇന്ധനം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. തീപിടുത്തം മൂലമുണ്ടായ പുക പരിസരപ്രദേശത്ത് വ്യാപിച്ചതോടെ വാതിലുകളും ജനലുകളും അടച്ചിടാൻ ആളുകൾക്ക് നിർദേശം നൽകി. തീപിടിത്തത്തിൽ ആർക്കും പരിക്കില്ലെന്ന് ഡെവൺ ആൻഡ് കോൺവാൾ പോലീസ് അറിയിച്ചു. എന്നാൽ കപ്പലിൽ നിന്ന് എണ്ണചോർച്ച ഉണ്ടായിട്ടുണ്ട്.

ആഡംബര ബോട്ടിൽ ഉണ്ടായിരുന്ന ഒമ്പത് ടൺ ഡീസൽ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് ഒഴുകിയതായി സൗത്ത് വെസ്റ്റ് എൻവയോൺമെന്റ് ഏജൻസി പറഞ്ഞു. ഏകദേശം 2,000 ഗാലൻ ഇന്ധനം ബോട്ടിൽ ഉണ്ടെന്നും ജീവനക്കാർ തീ അണയ്ക്കാനുള്ള ശ്രമത്തിലാണെന്നും ഡെവൺ ആൻഡ് സോമർസെറ്റ് ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് അറിയിച്ചിരുന്നു. തീ അണയ്ക്കുന്നതിന്റെ ഭാഗമായി ഹാർബറും ബീച്ചും അടച്ചിട്ടു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സൗത്ത് ഡെവോണിലും ന്യൂട്ടൺ അബോട്ടിലും ഷാൽഡണിലും പുക ഉയർന്നതായി ദൃക്സാക്ഷികൾ വിവരിച്ചു. വലിയ ശബ്ദം കേട്ടെന്നും തുടർന്ന് കടൽത്തീരത്തേക്ക് പോയപ്പോൾ തീ ആളിപടരുന്നത് കണ്ടെന്നും ദൃക്സാക്ഷികളിൽ ഒരാളായ ജോസഫ് ബാർലോ വെളിപ്പെടുത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഫാമിലി ഡോക്ടറുമായി അപ്പോയിന്റ്‌മെന്റ് ലഭിക്കാൻ സാധിക്കാത്ത നിരവധി രോഗികൾ സ്വകാര്യ ജീപികളുടെ സേവനങ്ങളിലേക്ക് തിരിയുന്നതായുള്ള റിപ്പോർട്ട് പുറത്ത്. എൻഎച്ച്എസ് ഡോക്ടറുമായി മുഖാമുഖം ഉള്ള സ്ലോട്ടുകളുടെ അഭാവം വർധിച്ചുവരുതിനിടയിലാണ് 1.6 ദശലക്ഷം ആളുകൾ ജി പിയെ കാണുവാനായി പണം നൽകിയിരിക്കുന്നത്. 7% ബ്രിട്ടീഷുകാർ കഴിഞ്ഞ രണ്ടു വർഷമായി സ്വകാര്യമായ രീതിയിലോ അഥവാ നേരിട്ടോ ജിപിയുടെ സേവനം ഉപയോഗിച്ചിട്ടുണ്ടെന്ന് yougov നടത്തിയ വോട്ടെടുപ്പിൽ കണ്ടെത്തി. മൊത്തത്തിൽ 3.7 ലക്ഷം ആളുകളാണ് ഇത്തരത്തിൽ സേവനം സ്വീകരിച്ചിരിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും എൻഎച്ച്എസിൽ നിന്ന് ആവശ്യമായ പരിചരണം സ്വീകരിക്കാൻ കഴിയാതെ നിരാശരായ രോഗികൾ ആണെന്ന് വിശ്വസിക്കുന്നു.

ജിപിയുമായുള്ള 80 ശതമാനം അപ്പോയിന്റ്‌മെന്റുകളും കോവിഡ് പകർച്ചവ്യാധിക്ക് മുമ്പ് മുഖാമുഖം ആണ് നടത്തിയിരുന്നത്. എന്നാൽ 2020 ഏപ്രിലിൽ ഇത് 47 ശതമാനമായി കുറഞ്ഞു. നിലവിൽ ഇത് 60 ശതമാനം മാത്രമാണ്. ജിപി സേവനങ്ങളിൽ എന്നത്തേക്കാളും അസംതൃപ്തരാണ് ജനങ്ങൾ. കഴിഞ്ഞ വർഷത്തെ സോഷ്യൽ ആറ്റിട്യൂഡ് സർവ്വേയിൽ 38 ശതമാനം പേർ മാത്രമാണ് കുടുംബ ഡോക്ടർമാരിൽ സന്തുഷ്ടരാണെന്ന് പറഞ്ഞത്. 1983 പോളിംഗ് ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും താഴ്ന്ന കണക്കാണിത്. തങ്ങൾക്കുവേണ്ടി എപ്പോഴുമുണ്ടായിരുന്നു വിശ്വസ്തമായ എൻഎച്ച്എസ് പഴയതുപോലെ പ്രവർത്തിക്കുന്നില്ലെന്നും സ്വകാര്യ ജീപി യുടെ സഹായം തേടുന്ന ആളുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവെന്നും പൊതുജനങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് ഒരാൾ അഭിപ്രായപ്പെട്ടു. എന്നാൽ പലർക്കും സ്വകാര്യമായി പോകാനും മുഖാമുഖം ഉള്ള അപ്പോയിന്റ്‌മെന്റ് നേടാനും കഴിയുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഈസി ജെറ്റ് അടുത്ത പത്ത് ദിവസത്തിനുള്ളിൽ തങ്ങളുടെ ഇരുന്നൂറിലധികം വിമാന സർവീസുകൾ റദ്ദാക്കുന്നതിനെ തുടർന്ന് യുകെയിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള ബ്രിട്ടീഷുകാരുടെ യാത്രാ സ്വപ്നങ്ങൾ തകർന്നു. ഗാറ്റ്‌വിക്ക് എയർപോർട്ടിൽ ഈസി ജെറ്റ് വിമാനത്തിൽ കയറുന്നതിനുവേണ്ടി ഒരു യാത്രക്കാരൻ അഞ്ചുമണിക്കൂറിൽ ഏറെയാണ് കാത്തിരുന്നത് ഒടുവിൽ വിമാനം റദ്ദാക്കി എന്ന് അറിയാൻ വേണ്ടിയായിരുന്നു. ഇത്തരത്തിലുള്ള അവസാനനിമിഷ വിമാന സർവീസുകളുടെ റദ്ദാക്കൽ യാത്രക്കാരിൽ വൻ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്.

അവധി ആഘോഷിക്കാനായി വിദേശത്ത് പോകുന്ന കുടുംബങ്ങൾക്ക് വെല്ലുവിളിയായി അടുത്ത പത്ത് ദിവസത്തിനുള്ളിൽ 200ലധികം വിമാനസർവീസുകളാണ് ഈസി ജെറ്റ് റദ്ധാക്കിയത്. മെയ് 28നും ജൂൺ 6നും ഇടയിൽ ലണ്ടനിലെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ നിന്നുള്ള 24 വിമാനങ്ങൾ റദ്ദാക്കുമെന്ന് എയർലൈൻ നേരത്തെ അറിയിച്ചിരുന്നു. തിരക്കേറിയ ഈ കാലയളവിൽ യാത്രക്കാർക്ക് തൃപ്തികരമായ സേവനങ്ങൾ നൽകേണ്ടത് അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു. സോഫ്റ്റ്‌വെയർ തകരാറിനെ തുടർന്ന് വ്യാഴാഴ്ച ഇരുന്നൂറോളം വിമാന സർവീസുകൾ റദ്ദാക്കാനാണ് ഈസിജെറ്റ് നിർബന്ധിതരായത്. യുകെയിലുടനീളമുള്ള വിമാനത്താവളങ്ങളിൽ ഈ പ്രശ്നം ബാധിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ 20 ഈസിജെറ്റ് ഫ്ലൈറ്റുകൾ റദ്ദാക്കിയിരുന്നു. ടി യു ഐ ഫ്ളൈറ്റുകളിൽ മൂന്നെണ്ണം 24 മണിക്കൂറിൽ അധികം വൈകുകയും ചെയ്തു. ഏറ്റവും പുതിയ റദ്ദാക്കലിന് കാരണം വിവരസാങ്കേതികവിദ്യയുടെ പ്രശ്നങ്ങളാണെന്നും ഇവ പരിഹരിച്ചു വരികയാണെന്നും ഈസിജെറ്റ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കഴിഞ്ഞ ദിവസം വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചെംസ്‌ഫോര്‍ഡിലുള്ള മലയാളി യുവതിക്ക് ദാരുണാന്ത്യം. കോട്ടയം താഴത്തുപടി കുടുംബാംഗമായ ബെന്‍സി ജോസഫാണ് (43) മരണമടഞ്ഞത്. ബെൻസിയുടെ കുടുംബം ദുബായില്‍ നിന്നുമാണ് ലണ്ടനിലേക്ക് കുടിയേറിയത്. വീഴ്ചയുടെ ആഘാതമോ ഹൃദയാഘാതമോ ആണ് മരണകാരണം എന്നാണ് ഇപ്പോൾ കിട്ടിയ വിവരം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ആര്‍കിടെക്ട് ആയാണ് ബെന്‍സി ജോലി ചെയ്തിരുന്നത്. രണ്ടു കുട്ടികളുടെ അമ്മയായ ബെൻസിയും കുടുംബവും മൂത്ത കുട്ടി ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ചെംസ്‌ഫോര്‍ഡിലേക്ക് താമസം മാറിയത്. പരേതയുടെ ഭര്‍ത്താവ് സിജി മാത്യുവും കുട്ടികളും ബെന്‍സിയുടെ ആകസ്മിക നിര്യാണത്തിൻെറ ഞെട്ടലിലാണ്.

ബെന്‍സി ജോസഫിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : പുതിയ ഹൈവേ കോഡ് നിയമം പ്രകാരം മോട്ടോർവേയിൽ വാഹനമോടിക്കുമ്പോൾ മുൻപിൽ വാഹനങ്ങൾ ഇല്ലെങ്കിൽ ഇടത് ലെയ്നിൽ തന്നെ തുടരണം. മുന്നിലുള്ള വാഹനങ്ങളെ മറികടക്കുകയാണെങ്കിൽ, സുരക്ഷിതമായി കഴിഞ്ഞയുടനെ ഇടത് ലെയ്നിലേക്ക് മാറണമെന്നും നിയമത്തിൽ പറയുന്നു. ഹൈവേ കോഡിലെ റൂൾ 264 ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പല ലെയ്നുകളിലൂടെ വാഹനമോടിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. നിയമങ്ങളെയും പിഴകളെയും കുറിച്ച് ഡ്രൈവർമാരിൽ അവബോധം സൃഷ്ടിക്കണമെന്നും അത് റോഡ് സുരക്ഷയിൽ പ്രധാനമാണെന്നും ഡയറക്റ്റ് ലൈനിലെ കാർ ഇൻഷുറൻസ് ഡയറക്ടർ റോബ് മൈൽസ് പറഞ്ഞു.

ഹൈവേ കോഡിലെ മാറ്റങ്ങൾ അനുസരിക്കുക എന്നത് ഒരു ഡ്രൈവറുടെ ഉത്തരവാദിത്തമാണ്. നിയമം തെറ്റിച്ചാൽ നൂറ് പൗണ്ട് പിഴയും ലൈസൻസിൽ മൂന്ന് പോയിന്റുകളും ലഭിക്കും. ഹൈവേ കോഡിൽ അടുത്തിടെ പല സുപ്രധാന മാറ്റങ്ങളും വന്നിരുന്നു.

അടിയന്തര ഘട്ടത്തിലോ പോലീസ് നിർദ്ദേശിക്കുകയോ ചെയ്യാതെ ഹാർഡ് ഷോൾഡർ ഉപയോഗിക്കരുത്, മോട്ടോർ വേയുടെ ഒരു ഭാഗത്തും വാഹനം നിർത്തുകയോ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ ചെയ്യരുത്, പോലീസ് നിർദ്ദേശമില്ലാരുന്ന മോട്ടോർ വേയുടെ ഒരു ഭാഗത്തും നിങ്ങൾ വാഹനം പുറകോട്ട് എടുക്കരുത്, അപകടമോ മറ്റെന്തെങ്കിലും സംഭവങ്ങളോ മറികടന്നു നിങ്ങൾ വാഹനമോടിക്കുമ്പോൾ ശ്രദ്ധ അങ്ങോട്ട് മാറാതെ റോഡിൽ തന്നെ ശ്രദ്ധിക്കുക, നിങ്ങളുടെ വാഹനം മൂലം മറ്റൊരാൾക്കോ മൃഗങ്ങൾക്കോ പരിക്കേൽക്കുകയോ അല്ലെങ്കിൽ മറ്റ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾ വാഹനം സുരക്ഷിതമായ സ്ഥലത്ത് നിർത്തണം എന്നീ സുപ്രധാന നിയമങ്ങൾ ഹൈവേ കോഡിൽ ഉൾപ്പെടുന്നു.

RECENT POSTS
Copyright © . All rights reserved