Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : വിവാദങ്ങളെ തുടർന്ന് ചൈൽഡ് ജെൻഡർ ഐഡന്റിറ്റി ക്ലിനിക് അടച്ചുപൂട്ടാൻ എൻഎച്ച്എസ്. വസന്തകാലത്തോടെ ക്ലിനിക്ക് അടച്ചുപൂട്ടാൻ ടാവിസ്റ്റോക്ക് ആൻഡ് പോർട്ട്മാൻ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് അറിയിച്ചു. ക്ലിനിക്കിന്റെ പ്രവർത്തനരീതിയെക്കുറിച്ച് മുൻ ജീവനക്കാർ ആശങ്കകൾ ഉന്നയിച്ചിരുന്നു. ഡോ. ഹിലാരി കാസിന്റെ നേതൃത്വത്തിൽ നടന്ന സ്വതന്ത്ര അവലോകനത്തിന് ശേഷമാണ് ഈ തീരുമാനം. നിലവിലെ പരിചരണ മാതൃക യുവാക്കളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ടെന്ന് കാസിൻ പറഞ്ഞു. ലണ്ടൻ, നോർത്ത് വെസ്റ്റ് ഇംഗ്ലണ്ട് ആസ്ഥാനമാക്കി പുതിയ ക്ലിനിക്കുകൾ തുറക്കും. ഗ്രേറ്റ് ഓർക്കണ്ട് സ്ട്രീറ്റ്, ആൽഡർ ഹേ ഉൾപ്പെടെയുള്ള കുട്ടികളുടെ ആശുപത്രികളുമായി ചേർന്ന് പ്രവർത്തിക്കും.

ലിംഗ സ്വത്വവുമായി മല്ലിടുന്ന 18 വയസ്സിന് താഴെയുള്ളവരെ സഹായിക്കാനും അവർക്ക് മാനസികാരോഗ്യ സംരക്ഷണം, ജിപി സേവനങ്ങൾ എന്നിവ നൽകാനും ക്ലിനിക് ലക്ഷ്യമിടുന്നു. വർധിച്ചുവന്ന റഫറലുകളും നീണ്ട വെയിറ്റിംഗ് ലിസ്റ്റും ടാവിസ്റ്റോക്കിനെ പ്രതിസന്ധിയിലാക്കി. ജെൻഡർ ആൻഡ് ഐഡന്റിറ്റി ഡെവലപ്‌മെന്റ് സർവീസ് (ജിഐഡിഎസ്) എന്ന പേരിൽ ടാവിസ്റ്റോക്ക് ക്ലിനിക്ക് 1989-ലാണ് ആരംഭിച്ചത്.

വെയ്റ്റിംഗ് ലിസ്റ്റുകൾ വർധിക്കുന്നത് കൈകാര്യം ചെയ്യാൻ ക്ലിനിക് ബുദ്ധിമുട്ടുകയായിരുന്നു, രോഗികളുടെ വിവരങ്ങൾ സൂക്ഷിച്ചതിൽ തുടങ്ങി കടുത്ത വീഴ്ചകളാണ് ക്ലിനിക്കിന് ഉണ്ടായത്. ക്ലിനിക്കിൽ എത്തുന്ന ആളുകളുടെ എണ്ണം ഇപ്പോൾ 20 മടങ്ങ് കൂടുതലാണ്. 2021-ൽ 250 ആയിരുന്നത് ഇപ്പോൾ 5,000 ആയി ഉയർന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഡെലിവറിക്ക് അംഗീകാരം നൽകികൊണ്ട് മെഡിക്കൽ ഡിഗ്രി അപ്രന്റിസ്‌ഷിപ്പ് സ്കീം അടുത്തവർഷം സെപ്റ്റംബർ മുതൽ ആരംഭിക്കും. ഈ പദ്ധതി നടപ്പിലാകുന്നതോടെ മെഡിക്കൽ സ്കൂളുകളിൽ ചേരുന്നതിനോടൊപ്പം തന്നെ ക്ലിനിക്കൽ പ്ലേസ്മെന്റുകളിലൂടെ ജോലിയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് തങ്ങളുടെ മെഡിക്കൽ ബിരുദ കാലയളവിൽ ജോലിചെയ്യാൻ ചെയ്യാനും സാധിക്കും. കഴിഞ്ഞ ജൂലൈയിൽ ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് (എച്ച്ഇഇ) ഈ വർഷം സെപ്റ്റംബർ മുതൽ നടപ്പിലാക്കാൻ ലക്ഷ്യമിട്ട് ഒരു നിർദ്ദിഷ്ട ഡോക്ടർ അപ്രന്റീസ്ഷിപ്പ് സ്കീമിനെക്കുറിച്ചുള്ള കൺസൾട്ടേഷൻ ആരംഭിച്ചിരുന്നു.

വിദ്യാഭ്യാസ വകുപ്പ് സ്പോൺസർ ചെയ്യുന്ന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അപ്രന്റീസ്ഷിപ്പ് ആൻഡ് ടെക്നിക്കൽ എഡ്യൂക്കേഷൻ ഈ പുതിയ അപ്രന്റീസ്ഷിപ്പ് സ്കീമിന് അംഗീകാരം നൽകി കഴിഞ്ഞു. എന്നാൽ സെപ്റ്റംബർ 2023 നോടകം മാത്രമേ ഇത് ആരംഭിക്കൂ. കാരണം ഡെലിവറിക്കുള്ള ദാതാക്കൾക്ക് തയ്യാറെടുക്കാൻ ഒരു വർഷമെങ്കിലും എടുക്കും. അപ്രന്റീസ്ഷിപ്പിന് 60 മാസത്തെ സാധാരണ ദൈർഘ്യം ഉണ്ടായിരിക്കും ഇതിൽ മെഡിക്കൽ ലൈസൻസിംഗ് അസസ്‌മെന്റും ഉൾപ്പെടുന്നു.കൂടാതെ അപ്രന്റീസ്ഷിപ്പ് പൂർത്തിയാകുമ്പോൾ യുകെ ഫൗണ്ടേഷൻ പരിശീലന പരിപാടിയിൽ ഇടം നേടാൻ അപേക്ഷകർക്ക് കഴിയുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

ജിഎംസിയുടെ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ട് പ്രാക്ടീസ് ചെയ്യാനുള്ള തൃപ്തികരമായ ഫിറ്റ്നസ് ഉണ്ടെങ്കിൽ ജോലിസ്ഥലത്തെ അടിസ്ഥാനമാക്കി കൂടുതൽ ഉയർന്ന തലത്തിലുള്ള പ്രോഗ്രാമുകൾ ഏറ്റെടുക്കാനുള്ള അവസരവും ലഭിക്കും. ഈ പുതിയ സ്കീം വഴി ജിഎംസിയിൽ രജിസ്റ്റർ ചെയ്യുകയും കൂടുതൽ സ്പെഷ്യാലിറ്റി പരിശീലനങ്ങളുടെ ഭാഗമാവുകയും ചെയ്യാം. ഡോക്ടർ ഡിഗ്രി അപ്രീഷിപ്പിനായുള്ള പ്രവേശനത്തിനുള്ള യോഗ്യതകൾ തൊഴിലുടമയും മെഡിക്കൽ സ്കൂളും തമ്മിൽ തീരുമാനിക്കുന്നതായിരിക്കും. ഈ പുതിയ സ്‌കീം ഡോക്ടർമാരുടെ റിക്രൂട്ട്മെന്റിനെ സഹായിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

അടുത്ത 12 ദിവസങ്ങളിലായി കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കായിക പരിപാടിയിൽ പങ്കെടുക്കുന്നതിനായി 6500 കായിക താരങ്ങളും ഒഫീഷ്യലുകളും അടങ്ങുന്ന 72 ടീമുകൾ ബെർമിങ്ഹാമിൽ എത്തും. ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഒരു മൾട്ടി സ്പോർട്സ് ഇവന്റിൽ പുരുഷന്മാരെക്കാൾ കൂടുതൽ ഇനങ്ങൾ സ്ത്രീകൾക്കായി ഉണ്ടാവുക. ഗെയിംസിൽ 42 പാരാ സ്‌പോർട്‌സ് ഇനങ്ങളും ഉണ്ട്. വ്യാഴാഴ്ച വൈകുന്നേരം ഏഴുമണിക്ക് അലക്സാണ്ടർ സ്റ്റേഡിയത്തിൽ ആയിരിക്കും ഉദ്ഘാടനം നടക്കുക. നടത്തപ്പെടുന്ന പുതിയ കായിക ഇനങ്ങളിൽ വനിതാ ട്വന്റി20 ക്രിക്കറ്റ്, ത്രീ-ഓൺ-ത്രീ ബാസ്‌ക്കറ്റ്‌ബോൾ, മിക്സഡ് സിൻക്രൊണൈസ്ഡ് സ്വിമ്മിങ് എന്നിവ ഉൾപ്പെടുന്നു. 1.2 മില്യൻ ടിക്കറ്റുകൾ ഇതിനോടകം വിറ്റ് കഴിഞ്ഞ് കോമൺവെൽത്ത് ഗെയിംസ് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന വേദിയാണ്.


ലോറ കെന്നിയും ആദം പീറ്റിയും ഇംഗ്ലണ്ടിനായി സൈക്ലിംഗ്, നീന്തൽ എന്നീ ഇനങ്ങളിൽ മത്സരിക്കും. അതേസമയം ടൂർ ഡി ഫ്രാൻസിൽ മൂന്നാം സ്ഥാനത്ത് എത്തിയ ജെറന്റ് തോമസ് നീന്തൽ ഇനത്തിൽ വെയിൽസിനെ പ്രതിനിധീകരിച്ച് മത്സരിക്കും. നാലുവർഷം മുമ്പ് ഓസ്ട്രേലിയ ആതിഥ്യം വഹിച്ച കോമൺവെൽത്ത് ഗെയിംസിൽ ഓസ്ട്രേലിയ 80 സ്വർണം മെഡലുകൾ നേടി ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ 45 സ്വർണ മെഡലുകൾ നേടി യുകെ രണ്ടാം സ്ഥാനത്തും 26 സ്വർണം മെഡലുകളുമായി ഇന്ത്യ മൂന്നാം സ്ഥാനത്തും എത്തിയിരുന്നു. 2018-ൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വെയിൽസ് 10 സ്വർണ മെഡലുകൾ നേടിയിരുന്നു. അത്‌ലറ്റിക്‌സിലും നീന്തലിലും യഥാക്രമം ലോക, ഒളിമ്പിക് മെഡൽ ജേതാക്കളായ ലോറ മുയറും ഡങ്കൻ സ്കോട്ടും മികച്ച വിജയം കൈവരിക്കാൻ സ്കോട്ട്ലാൻഡ് ടീമിനെ നയിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം റഷ്യ വെട്ടിക്കുറച്ചതിന് പിന്നാലെ ഗ്യാസ് മൊത്തവില കുതിച്ചുയർന്നു. ഇത് കാരണം ജനുവരിയിൽ എനർജി ബില്ലിൽ 500 പൗണ്ട് വർധന ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഇതോടെ, തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാതെയും പബ്ലിക് സ്വിമ്മിംഗ് പൂളുകള്‍ ഹീറ്റ് ചെയ്യാതെയും ഉത്പാദനം കുറച്ചുമൊക്കെ പ്രതിസന്ധി കുറയ്ക്കൻ ശ്രമിക്കുകയാണ് രാജ്യങ്ങൾ. അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് പ്രകൃതിവാതകം എത്തിക്കാനാണ് ജർമ്മനി ലക്ഷ്യമിടുന്നത്. എന്നിരുന്നാലും റഷ്യ അവശേഷിപ്പിച്ച വിടവ് നികത്താൻ ഇത് പര്യാപ്തമല്ല.

റഷ്യയുടെ നീക്കം യൂറോപ്പിലുടനീളമുള്ള ഗ്യാസിന്റെ വില വർദ്ധിപ്പിച്ചു. ഇതോടെ ഗ്യാസ്, വൈദ്യുതി ഉപയോഗം 15 ശതമാനം കുറയ്ക്കാൻ പല രാജ്യങ്ങളും തയ്യാറായി. ഇനിയും കടുത്ത നടപടികൾ ആവശ്യമായി വന്നേക്കാമെന്നാണ് വിലയിരുത്തൽ. യുകെയിലെ ഏകദേശം 40 ശതമാനം പവർ സ്റ്റേഷനുകളിലും ഇന്ധനമായി ഉപയോഗിക്കുന്നതിനാൽ ഗ്യാസിന്റെ മൊത്തവില വർധന വൈദ്യുതി ബില്ലുകൾ ഉയരുന്നതിന് കാരണമാകും.

ഇപ്പോൾ തന്നെ ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്ന അനേകം കുടുംബങ്ങൾ ഇരുട്ടിലാകും. എനര്‍ജി ബില്ലുകള്‍ ഒക്ടോബറില്‍ 3000 പൗണ്ടും, പുതുവര്‍ഷത്തില്‍ 3400 പൗണ്ടും എത്തുമെന്നായിരുന്നു ഇതുവരെയുള്ള കണക്കുകൂട്ടല്‍. എന്നാല്‍ പുതിയ പ്രതിസന്ധി ഉടലെടുത്തതോടെ നിരക്കുകള്‍ ഒക്ടോബറില്‍ 3420 പൗണ്ടായും ജനുവരിയില്‍ 3850 പൗണ്ടായും ഉയരുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സ്കോട്ട്ലൻഡ് : ഒരു വർഷത്തിനുള്ളിൽ പുതിയ 1000 ജീവനക്കാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി സ്കോട്ടിഷ് പവർ. നിരവധി പുതിയ ഗ്രീൻ എനർജി ഇൻഫ്രാസ്ട്രക് ചർ പ്രോജക്ടുകൾ ഏറ്റെടുത്തതായി സ് പാനിഷ് ഉടമസ്ഥതയിലുള്ള കമ്പനി അറിയിച്ചു. ഓഫ്‌ഷോർ, ഓൺഷോർ വിൻഡ്, സോളാർ ഫാമുകൾ ഉൾപ്പെടെ 16 പ്രോജക്ടുകളിൽ 4 ബില്യൺ പൗണ്ട് നിക്ഷേപിക്കാൻ കമ്പനി പദ്ധതിയിടുന്നു.

യുകെയിലെ ഊർജ ഭാവി ഒരു നിർണായക പ്രശ് നമായി മാറിയിരിക്കുന്നുവെന്ന് സ്കോട്ടിഷ് പവർ ചീഫ് എക് സിക്യൂട്ടീവ് ഓഫീസർ കീത്ത് ആൻഡേഴ് സൺ പറഞ്ഞു. യുകെയുടെ സാമ്പത്തിക വീണ്ടെടുക്കലിനും കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനും ദീർഘകാല ഗ്രീൻ ജോബുകൾ (Green Job) നിർണായകമാണെന്ന് കോപ് 26 ന്റെ പ്രസിഡന്റ് അലോക് ശർമ്മ പ്രതികരിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലോകത്തിലെ എല്ലാ രാജ്യങ്ങളും തന്നെ കോവിഡിനോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു കഴിഞ്ഞു. പ്രതിരോധ കുത്തിവയ്പ്പുകളിലൂടെയും ആർജ്ജിത പ്രതിരോധശേഷിയിലൂടെയും കോവിഡിനെ മറികടക്കാനാണ് ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പിന്തുടരുന്ന നയം. ഇനിയും നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത് സാമ്പത്തിക മേഖലയിൽ ഉൾപ്പെടെ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന തിരിച്ചറിവിൻറെ അടിസ്ഥാനത്തിലാണ് ലിവിങ് വിത്ത് കോവിഡുമായി ബ്രിട്ടൻ മുന്നോട്ടുപോകുന്നത്.

എന്നാൽ കോവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ നിന്നുള്ള വാർത്ത വൻ ആശങ്കയ്ക്കാണ് കാരണമായിരിക്കുന്നത്. പുതിയതായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് വുഹാനിൽ ലോക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. 12 ദശലക്ഷം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വുഹാനിൽ നിലവിൽ മൂന്ന് ദിവസത്തേയ്ക്കാണ് ലോക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. നാല് കോവിഡ് കേസുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി.

രോഗപ്രതിരോധത്തിനായി വൻതോതിലുള്ള പരിശോധനകൾ, കർശനമായ ഒറ്റപ്പെടൽ നിയമങ്ങൾ, പ്രാദേശികമായ അടച്ചിടൽ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളാണ് ഇപ്പോഴും ചൈന പിന്തുടരുന്നത്. അതുകൊണ്ടു തന്നെ മറ്റു പല രാജ്യങ്ങളെ അപേക്ഷിച്ച് ചൈനയിൽ മരണനിരക്ക് വളരെ കുറവാണ്. എന്നാൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെതിരെ വൻ പ്രതിഷേധമാണ് ജനങ്ങളിൽ നിന്ന് ഉണ്ടാകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇറ്റലിയിലെ ഡോലോമൈറ്റ് മലനിരകൾക്കിടയിൽ ഭർത്താവിനോടൊപ്പം ഹൈക്കിങ് നടത്തുന്നതിനിടെ അൻപത്താറുകാരിയായ ബ്രിട്ടീഷ് വനിത മരണമടഞ്ഞു. പെട്ടെന്ന് ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെട്ട 100 അടിയോളം താഴ്ചയിലേക്ക് വീണാണ് മരണം സംഭവിച്ചത്. നോർത്തേൺ ഇറ്റലിയിലെ ഡോലോമൈറ്റ് മലനിരകൾക്കിടയിലെ റോസൻഗാർട്ടൻ മാസിഫിൽ ഭർത്താവിനോടൊപ്പം ഇവർ ഹൈക്കിങ് നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൗണ്ടൻ റെസ്ക്യൂ ടീമിന്റെ ഒരു വിഭാഗം ആണ് ഇവരുടെ മൃതശരീരം കണ്ടെത്തിയത്. പിന്നീട് മൃതശരീരം ഹെലികോപ്റ്ററിൽ മാറ്റുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. അപകടത്തിൽപ്പെട്ടയാളുടെ പേര് വിവരങ്ങൾ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ജൂലൈ 24ന് ഉച്ചയ്ക്ക് ഏകദേശം രണ്ട് മണിയോടെയാണ് സംഭവം നടന്നതെന്നാണ് ലോക്കൽ മീഡിയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ഇതേ പാതയിൽ തന്നെ അടുത്തിടെ നടക്കുന്ന രണ്ടാമത്തെ അപകടമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അടുത്തിടെ അമ്പത്തിയാറുകാരനായ ഒരു ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ മൃതദേഹം ഇറ്റലിയിലെ മലനിരകൾക്കിടയിൽ നിന്നും ലഭിച്ചിരുന്നു. നോർത്ത് ഇറ്റലിയിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ മലനിരക്കൾക്കിടയിൽ നടക്കാൻ ഇറങ്ങിയ ശേഷം രണ്ടു ദിവസം കാണാതാവുകയായിരുന്നു. പിന്നീടാണ് ഇദ്ദേഹത്തിന്റെ മൃതദേഹം ലഭിച്ചതായി അധികൃതർ വ്യക്തമാക്കിയത്. അടുത്ത ദിവസങ്ങളിൽ ഇറ്റലിയിൽ വച്ച് നടക്കുന്ന രണ്ടാമത്തെ ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ മരണവുമാണ് ഇത്. കഴിഞ്ഞദിവസം മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനുള്ള ഒരു ബ്രിട്ടീഷ് ടൂറിസ്റ്റ് തടാകത്തിൽ മുങ്ങി മരിച്ചിരുന്നു. യുകെ ഫോറിൻ ഓഫീസിന്റെ ഭാഗത്ത് നിന്നും ഈ അപകടം സംബന്ധിച്ച് വിശദീകരണങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സ്കോട്ട്ലൻഡ് : രോഗിയുടെ സ്‌കാൻ നോക്കുന്നതിനിടെ ജൂനിയർ ഡോക്ടറോട് തന്റെ മടിയിൽ ഇരിക്കാൻ ആവശ്യപ്പെട്ട ഡോക്ടർക്ക് മൂന്ന് മാസത്തെ സസ്‌പെൻഷൻ. സ്കോട്ട്ലൻഡ് ഇൻവർനെസ് റെയ്ഗ്മോർ ഹോസ്പിറ്റലിലെ ഡോക്ടറായ തിയറി ബോണിനെതിരെയാണ് ലൈംഗിക പീഡനാരോപണങ്ങൾ ഉയർന്നത്. ജൂനിയർ ഡോക്ടറായ യുവതിയുടെ ചെവിയിൽ നുള്ളിയെന്നും കാലിൽ സ്പർശിച്ചെന്നുമുള്ള ആരോപണങ്ങൾ ഇയാൾക്കെതിരെ ഉയർന്നിട്ടുണ്ട്.

“നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ഇവിടെയിരിക്കാമെന്ന് ബോണിൻ പറഞ്ഞു. ഞാൻ ആകെ ഞെട്ടിപ്പോയി. ഒന്നും പറയാൻ കഴിഞ്ഞില്ല. ഞാൻ അദ്ദേഹത്തെ വീണ്ടും നോക്കി. ഒരു തമാശയെന്ന മട്ടിൽ ചിരിച്ചുകൊണ്ട് ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ഞാൻ അസ്വസ്ഥയായി.” യുവ ഡോക്ടർ പറഞ്ഞു. ബോണിൻ ലൈംഗിക ചുവയോടെ സംസാരിച്ചു എന്ന് തെളിഞ്ഞതോടെ മെഡിക്കൽ പ്രാക്ടീഷണേഴ്സ് ട്രിബ്യൂണൽ സർവീസ് (എംപിടിഎസ്) അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു.

തനിക്ക് ഒരിക്കലും പരാതി ലഭിച്ചിട്ടില്ലെന്നും ആളുകളെ കാണുമ്പോൾ പതിവായി ആലിംഗനം ചെയ്യാറുണ്ടെന്നും ബോണിൻ അഭിപ്രായപ്പെട്ടു. എന്നാൽ, യുവ ഡോക്ടറോടുണ്ടായ ഈ പെരുമാറ്റം സ്വീകാര്യമല്ലെന്നാണ് പൊതുജനഭിപ്രായം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഇന്ത്യ – ബ്രിട്ടൻ ഉന്നത വിദ്യാഭ്യാസ ബന്ധം ശക്തമാകുന്നു. അക്കാദമിക സഹകരണം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ ധാരണാപത്രം അംഗീകരിച്ചു. ഇരു രാജ്യങ്ങളിലെയും വിദ്യാഭ്യാസ യോഗ്യതകൾക്ക് തുല്യ പരിഗണന നൽകുമെന്ന പ്രഖ്യാപനം അടുത്തിടെ ഉണ്ടായി.

മാരിടൈം എഡ്യുക്കേഷന്‍ ഉള്‍പ്പടെ എല്ലാ മേഖലകളിലെയും വിദ്യാഭ്യാസ യോഗ്യതകള്‍ക്ക് പരസ്പരം അംഗീകാരം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. ഇന്ത്യന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍/ പ്രീ യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ യു.കെയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനത്തിനു ചേരാനുള്ള യോഗ്യതയാകും.

ബാച്ചിലേഴ്‌സ് ഡിഗ്രി, മാസ്റ്റേഴ്‌സ് ഡിഗ്രി, ഡോക്ടറല്‍ ഡിഗ്രി എന്നിവയ്ക്ക് പരിഗണന ലഭിക്കും. അതേസമയം മെഡിസിന്‍, എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ച്ചര്‍, ഫാര്‍മസി, ലോ എന്നീ വിഭാഗങ്ങളിലുള്ള പ്രൊഫഷണല്‍ ഡിഗ്രികള്‍ക്ക് നിലവിൽ പരിഗണന ലഭിക്കില്ല.

ബ്രിട്ടനും ഇന്ത്യയ്ക്കും ഇടയില്‍ ഹ്രസ്വകാല സന്ദര്‍ശനങ്ങള്‍ വർധിപ്പിക്കാൻ ഈ തീരുമാനം സഹായകമാകും. ബ്രിട്ടനിലെ എ ലെവല്‍, യു.ജി, പി.ജി ഡിഗ്രികള്‍ക്ക് ഇനി മുതല്‍ ഇന്ത്യയിലും അംഗീകാരം ഉണ്ടായിരിക്കും. മലയാളികൾ അടക്കമുള്ള നിരവധി വിദ്യാർഥികൾ പഠനത്തിനായി ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിൽ എത്തുന്നുണ്ട്. യുകെ യിലെ അംഗീകൃത ഡിഗ്രി ഇന്ത്യയിലും അംഗീകരിക്കപ്പെടും എന്നു വരുന്നതോടെ യു.കെ വിദ്യാഭ്യാസ മേഖലയും വികസിക്കും. പഠനത്തിനായി ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഇനിയെളുപ്പം ഇന്ത്യയിലെത്താം. സ്വതന്ത്ര വ്യാപാര കരാറിനുള്ള അഞ്ചാം ഘട്ട ചർച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മങ്കി പോക്സ് ലോകത്ത് ഭീഷണിയായി പടർന്ന് പിടിക്കുകയാണ്. ലോകമൊട്ടാകെ 75 രാജ്യങ്ങളാണ് കുരങ്ങ് പനിയുടെ ഭീഷണിയുടെ നിഴലിൽ ഇതുവരെയുള്ളത്. കടുത്ത രോഗവ്യാപനം മുന്നിൽ കണ്ട് മങ്കി പോക്സിനെ ആഗോള പകർച്ച വ്യാധിയുടെ പട്ടികയിൽ ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയിരുന്നു. ഇതുവരെ കണ്ടെത്തിയ രോഗബാധിതരിൽ 70 ശതമാനവും ബ്രിട്ടൻ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ നിന്നാണ്.

ഇതിനിടെ ബ്രിട്ടനിലെ കുരങ്ങ് പനി ബാധിതരുടെ എണ്ണം 2432 ആയി . ജൂലൈ 24 ഞായറാഴ്ച രോഗബാധിതരുടെ എണ്ണം 2208 കേസുകൾ മാത്രമായിരുന്നു. മങ്കിപോക്സ് കേസുകൾ കൂടുതൽ ഫലപ്രദമായി കണ്ടെത്തുന്നതിനായി എൻഎച്ച്എസ് ലാബുകൾ പി സി ആർ ടെസ്റ്റുകൾ ഉപയോഗിച്ച് തുടങ്ങി.

രോഗലക്ഷണമുള്ളവർ പാർട്ടികളിൽ പങ്കെടുക്കുകയോ പങ്കാളികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയോ ചെയ്യരുതെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകി. രോഗ വ്യാപന സാധ്യതയുള്ളവരിൽ മുൻകരുതലായി പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്ന നടപടി രാജ്യത്ത് പുരോഗമിക്കുകയാണ്.

Copyright © . All rights reserved