Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വാറ്റ്‌ഫോഡ് മലയാളിയായ സിജിന്‍ ജേക്കബ് ഇപ്പോൾ യുകെ മലയാളികളുടെ അഭിമാനമാണ്. പ്രധാനമന്ത്രി ബോറിസ്‌ ജോൺസനെ കാണാൻ അവസരം ലഭിച്ചെന്ന് മാത്രമല്ല പ്രസക്തമായ ഒരു ചോദ്യവും സിജിൻ ചോദിച്ചു. ആരോഗ്യ പ്രവർത്തകരെ സ്ഥിരമായി കണ്ട് സംസാരിക്കുന്ന വ്യക്തിയാണ് ജോൺസൻ. ബോറിസ് ജോണ്‍സണ്‍ അടുത്തിടെ വിളിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ യോഗത്തില്‍ വാറ്റ്‌ഫോഡ് ഒബാന്‍മിയര്‍ കെയര്‍ ഹോം ഡെപ്യുട്ടി മാനേജരായ സിജിനും ഉള്‍പ്പെട്ടിരുന്നു. പ്രധാനമന്ത്രിയോടും കൂടെയുള്ള മന്ത്രിമാരോടും ചോദ്യങ്ങള്‍ ചോദിക്കാൻ അവർക്ക് അവസരം ലഭിച്ചതോടെ, സിജിൻ മനസ്സിൽ സൂക്ഷിച്ച ആശങ്ക ചോദ്യ രൂപത്തിൽ പുറത്തേക്ക് വന്നു. പ്രധാനമന്ത്രിയുടെ സംഘത്തില്‍ ഉണ്ടായിരുന്ന സോഷ്യല്‍ കെയര്‍ സഹ മന്ത്രി ജില്ലിയന്‍ കീഗനോട് അദ്ദേഹം ചോദിച്ചു; സോഷ്യൽ കെയറർമാരുടെ വേതനം എന്ന് കൂടും?

ആരോഗ്യ മേഖലയില്‍ കഠിനാധ്വാനം നടത്തുന്ന കെയർ ജീവനക്കാരുടെ ശമ്പളവർദ്ധനവ് പരിഗണനയിലുണ്ടോ എന്ന ചോദ്യം സിജിൻ ആരാഞ്ഞു. ഇത് സർക്കാരിന്റെ മുൻഗണനാ വിഷയം ആണെന്നും ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും സോഷ്യല്‍ കെയര്‍ സഹ മന്ത്രി വ്യക്തമാക്കി. കെയര്‍ മേഖലയിലെ ജീവനക്കാർക്ക് കൂടുതൽ പിന്തുണ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനായി പ്രാദേശിക കൗണ്‍സിലുകള്‍ വഴി മില്യണ്‍ പൗണ്ട് പാക്കേജാണ് കെയര്‍ ഹോമുകള്‍ക്കു നല്‍കിയിരിക്കുന്നത്. ജീവനക്കാര്‍ക്ക് ബോണസ് നല്‍കാനോ ആഴ്ചയില്‍ രണ്ടു തവണ പിസിആര്‍ ടെസ്റ്റ് നടത്താനോ ലാറ്ററല്‍ ഫ്ലോ ടെസ്റ്റ് ദിവസവും നടത്താനോ ഈ തുക ഉപയോഗിക്കാം. കെയര്‍ ജീവനക്കാര്‍, മാനേജര്‍മാർ,സോഷ്യല്‍ വര്‍ക്കര്‍മാർ, നഴ്സിങ് ഹോം ഉടമകൾ എന്നിവരടങ്ങുന്ന ഒരു സംഘത്തിനാണ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ക്ഷണം ലഭിച്ചത്.

സ്വദേശമായ കട്ടപ്പനയിൽ നിന്നും 2008ലാണ് എന്‍വിക്യു 4 ലെവല്‍ പഠനത്തിന് വേണ്ടി സിജിന്‍ യുകെയിൽ എത്തുന്നത്. തൊട്ടടുത്ത വര്‍ഷം പഠനത്തോടൊപ്പം സീനിയര്‍ കെയര്‍ ആയി ജോലി തുടങ്ങി. പോര്‍ട്‌സ്മൗത്തിലെ പ്രാദേശിക ജീവകാരുണ്യ സംഘടനയുടെ പേരിലുള്ള ബേസ് ഡ് ഓഫ് ഹെല്‍ത്ത് അവാര്‍ഡ് സിജിനെ തേടിയെത്തിയത് ഈ അവസരത്തിലാണ്. തുടർന്ന് വാറ്റ് ഫോഡിലേക്കു ജോലിക്കു പോയി. തുടക്കത്തില്‍ സീനിയര്‍ കെയര്‍ ആയ സിജിൻ പിന്നീട് ടീം ലീഡർ ആയി. അധികം വൈകാതെ തന്നെ ഡെപ്യൂട്ടി മാനേജര്‍ പദവിയിലെത്തി. ഭാര്യ ഷെറിൻ വാറ്റ്‌ഫോഡ് ജനറല്‍ ഹോസ്പിറ്റല്‍ നേഴ്സാണ്. എട്ടു വയസുള്ള നൈജിലും മൂന്നു വയസുകാരി എവ്‌ലിനുമാണ് ഇവരുടെ മക്കള്‍. തനിക്ക് ലഭിച്ച അംഗീകാരത്തെ ഫലപ്രദമായി വിനിയോഗപ്പെടുത്തിയ സിജിൻ, ഇന്ന് യുകെ മലയാളികൾക്കിടയിൽ ഒരു പ്രതീക്ഷയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡിൽ നിന്നും, ഇപ്പോൾ ഒമിക്രോണിൽ നിന്നും കരകയറാൻ ബ്രിട്ടൻ തീവ്രശ്രമം നടത്തുകയാണ്. എന്നാൽ എല്ലാ മേഖലയിലും ശക്തമായ തിരിച്ചുവരവ് നടത്താൻ രാജ്യത്തിന് കഴിയുമോ എന്ന ചോദ്യം ബാക്കിയാണ്. കുതിച്ചുയരുന്ന നാണയപെരുപ്പവും നികുതിയും മറ്റ് ജീവിത ചെലവുകളും സാധാരണ യുകെ മലയാളികളെ ഇരുട്ടിലാക്കുകയാണ്. വെല്ലുവിളികൾ നിറഞ്ഞ സാമ്പത്തിക രംഗം കാരണം ഈ വർഷം ജീവിതം കൂടുതൽ ദുരിതപൂർണമായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. 2022 ൽ സാമ്പത്തിക രംഗത്തുണ്ടാകുന്ന പ്രധാന മാറ്റങ്ങൾ ഇവയാണ്;

മിനിമം വേതനം

ഏപ്രിലിൽ, മിനിമം വേതനം മണിക്കൂറിന് 9.50 പൗണ്ടായി ഉയരും. ഇതിലൂടെ ഏകദേശം ഇരുപത് ലക്ഷത്തോളം ജീവനക്കാർക്ക് വാർഷിക വരുമാനത്തിൽ മിനിമം ആയിരം പൗണ്ടോളമാണ് അധികമായി ലഭിക്കുക. 23 വയസ്സിന് മുകളിലുള്ളവരുടെ നാഷണൽ ലിവിങ് വേജും വർദ്ധിപ്പിക്കുമെന്ന് ചാൻസലർ പ്രഖ്യാപിച്ചിട്ടുണ്ട്.

റെയിൽവേ നിരക്കുകൾ, ടിവി ലൈസൻസ്

മാർച്ചിൽ റെയിൽവേ നിരക്കുകൾ 3.8% വർധിപ്പിക്കുമെന്ന് ഗതാഗത വകുപ്പ് (ഡിഎഫ്ടി) അറിയിച്ചു. നാണയപെരുപ്പത്തിന് അനുസൃതമായാണ് റെയിൽവേ നിരക്കും കണക്കാക്കുന്നത്. ഏപ്രിലിൽ ടിവി ലൈസൻസ് ഫീസ് വീണ്ടും ഉയരുമെന്നാണ് ഇപ്പോഴുള്ള വിവരം.

സ്റ്റേറ്റ് പെൻഷൻ

ഏപ്രിൽ മുതൽ സ്റ്റേറ്റ് പെൻഷനിൽ 5.50 പൗണ്ടിന്റെ വർധനയുണ്ടാകും. 3.1% വർധനയിലൂടെ സംസ്ഥാന പെൻഷനിലുള്ളവരുടെ വാർഷിക വരുമാനം 9,628.50 പൗണ്ടിലേക്ക് ഉയരും. അധികമായി 289.50 പൗണ്ട് ലഭിക്കും. 1951 ഏപ്രിൽ 6-നോ അതിനു ശേഷമോ ജനിച്ച പുരുഷന്മാർക്കും 1953 ഏപ്രിൽ 6-നോ അതിനുശേഷമോ ജനിച്ച സ്ത്രീകൾക്കും പുതിയ സംസ്ഥാന പെൻഷൻ ക്ലെയിം ചെയ്യാൻ കഴിയും.

വീട്, വാഹന ഇൻഷുറൻസ്

ഉപഭോക്താക്കൾക്ക് കൂടുതൽ പിന്തുണ ഉറപ്പാക്കുന്ന നിയമങ്ങളാണ് ഈ വർഷം പ്രാബല്യത്തിൽ വരുന്നത്. ഇനി പോളിസി പുതുക്കുന്നവർ ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റിയുടെ നിയന്ത്രണങ്ങൾ പ്രകാരം അധിക തുക നൽകേണ്ടി വരില്ല. ദീർഘകാല ഉപഭോക്താക്കൾക്ക് തുക കുറവായിരിക്കും. ഇതിലൂടെ പത്തു വർഷത്തിനുള്ളിൽ 4.2 ബില്യൺ പൗണ്ടിന്റെ ലാഭമുണ്ടാകും.

നാഷണൽ ഇൻഷുറൻസ് റേറ്റ് വർദ്ധനവ്

ജീവനക്കാരും തൊഴിലുടമകളും സ്വയം തൊഴിൽ ചെയ്യുന്നവരും 2022 ഏപ്രിൽ മുതൽ അവർ സമ്പാദിക്കുന്ന ഓരോ പൗണ്ടിനും നാഷണൽ ഇൻഷുറൻസിൽ (NI) 1.25 പെൻസ് അധികം നൽകേണ്ടി വരും. ഇത് ഇടത്തരം കുടുംബങ്ങളെയാണ് ബാധിക്കുക. ഈ വർദ്ധനവ് പ്രകാരം ഒരു ശരാശരി ജീവനക്കാരൻ വർഷത്തിൽ 255 പൗണ്ട് അധിക നികുതിയായി നൽകണം. പ്രതിവർഷം 20,000 പൗണ്ട് ശമ്പളമുള്ള ഒരു ജീവനക്കാരൻ 130 പൗണ്ട് അധികമായി നൽകണം. 2023 മുതൽ ഇത് ഹെൽത്ത്, സോഷ്യൽ കെയർ ടാക്സ് ആയി അറിയപ്പെടും. പ്രതിവർഷം 9,564 പൗണ്ടിൽ താഴെയോ പ്രതിമാസം 797 പൗണ്ടിന് താഴെയോ വരുമാനമുള്ള ആളുകൾ നാഷണൽ ഇൻഷുറൻസ് നൽകേണ്ടതില്ല.

എനർജി പ്രൈസ് ക്യാപ്, കൗൺസിൽ ടാക്സ് റേറ്റ്

ഏപ്രിലിൽ എനർജി പ്രൈസ് ക്യാപ്പിൽ 280 പൗണ്ടിന്റെ വർധന ഉണ്ടാകും. കുടുംബ ബജറ്റില്‍ 600 പൗണ്ടിന്റെയെങ്കിലും അധികം ചെലവ് ഊര്‍ജ്ജ ബില്ലിലെ വര്‍ദ്ധനവ് കൊണ്ടുവരും എന്നാണ് കണക്കുകൂട്ടുന്നത്. അതോടൊപ്പം പ്രാദേശിക കൗണ്‍സിലുകൾ കൗണ്‍സില്‍ ടാക്‌സില്‍ ഏകദേശം 3 ശതമാനത്തിന്റെ വര്‍ദ്ധനവ് വരുത്തുവാന്‍ ആലോചിക്കുന്നു. ഇതിൽ ഒരു ശതമാനം സോഷ്യൽ കെയറിനായി നീക്കി വയ്ക്കും. 33 പട്ടണങ്ങളിലെ താമസക്കാർക്ക് അവരുടെ ബില്ലുകൾ 6 ശതമാനം വരെ ഉയരും. ഇത് പല കുടുംബങ്ങളെയും മോശമായി ബാധിക്കും.

പഴയ 20, 50 പൗണ്ട് നോട്ടുകൾ പിൻവലിക്കുന്നു.

പഴയ രീതിയിലുള്ള പേപ്പർ നോട്ടുകൾ പിൻവലിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. എന്നാൽ 20,50 പൗണ്ട് നോട്ടുകൾ സെപ്റ്റംബർ 30 വരെ ഉപയോഗിക്കാമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

പുതിയ കാറുകളിൽ സ്പീഡ് ലിമിറ്ററുകൾ

റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2022 ജൂലൈ 6 മുതൽ പുതിയ കാറുകളിൽ സ്പീഡ് ലിമിറ്ററുകൾ ഘടിപ്പിക്കും.

ലോക്കൽ ക്ലീൻ എയർ സോൺ ചാർജുകൾ

വായു മലിനീകരണം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ കൂടുതൽ സ്ഥലങ്ങൾ ക്ലീൻ എയർ സോണിലേക്ക് മാറും. മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാരിൽ നിന്ന് പ്രതിദിനം 12.50 പൗണ്ട് പിഴ ഈടാക്കും. ഈ വർഷം, ഗ്രേറ്റർ മാഞ്ചസ്റ്ററും ബ്രാഡ്‌ഫോർഡും ക്ലീൻ എയർ സോണുകൾ അവതരിപ്പിക്കും. മാഞ്ചസ്റ്റർ ക്ലീൻ എയർ സോൺ 2022 മെയ് 30-ന് ആരംഭിക്കും. അതേസമയം ബ്രാഡ്‌ഫോർഡ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

ആളുകൾക്ക് അവരുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള ഒരു ജനപ്രിയ മാർഗമാണ് പോസ്റ്റ് ഓഫീസ് കാർഡ് അക്കൗണ്ടുകൾ. എന്നാൽ ഇവയിലേക്കുള്ള പണമിടപാട് നിർത്താൻ എച്ച്എംആർസി ഒരുങ്ങുകയാണ്. ഒരു പോസ്റ്റ് ഓഫീസ് അക്കൗണ്ടിലേക്ക് യൂണിവേഴ്സൽ ക്രെഡിറ്റോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നവർ ബദൽ ക്രമീകരണങ്ങൾ ചെയ്യേണ്ടതുണ്ട്.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- 2022 ലെ പുതിയ ടാക്സ് വർദ്ധനവുകൾ ഏറ്റവും കൂടുതൽ ബാധിക്കുക പെട്രോൾ, ഡീസൽ കാർ ഉടമകളെയാകുമെന്ന് റിപ്പോർട്ട്. എന്നാൽ പുതിയ വർദ്ധനവ് സംബന്ധിച്ച് ഗവൺമെന്റ് ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. കാറിൽ നിന്നും പുറന്തള്ളപ്പെടുന്ന കാർബൺഡയോക്സൈഡ് എമിഷനുകളെ അനുസരിച്ചായിരിക്കും കാർ ടാക്സുകൾ ഇത്തവണയും വർദ്ധിപ്പിക്കുക. കാർബൺ ഡയോക്സൈഡ് എമിഷനുകൾ കൂടുതൽ പുറന്തള്ളുന്ന പെട്രോൾ, ഡീസൽ കാറുകൾക്ക് കൂടുതൽ തുകകൾ ടാക്സായി അടയ്ക്കേണ്ടതായി വരും. കിലോമീറ്ററിൽ അഞ്ച് ഗ്രാമിനും 51 ഗ്രാമിനുമിടയിൽ കാർബൺ എമിഷൻ നടത്തുന്ന വാഹനങ്ങൾക്ക് ആദ്യവർഷം 25 പൗണ്ട് അധിക തുകയാണ് ടാക്സ് ആയി അടയ് ക്കേണ്ടത്.


കിലോമീറ്ററിൽ 255 ഗ്രാമിൽ കൂടുതൽ കാർബൺ എമിഷനുകൾ നടത്തുന്ന വാഹനങ്ങൾക്ക് നിലവിലെ തുകയായ 2245 പൗണ്ടിൽ നിന്നും 2,365 പൗണ്ടായി ടാക്സ് വർധിപ്പിക്കും. 226 മുതൽ 255 ഗ്രാം കാർബൺ എമിഷൻ ഉള്ള വാഹനങ്ങൾക്ക് നിലവിലെ തുകയായ 1910 ൽ നിന്നും 2015 പൗണ്ട് ആയി വർധനവും ഉണ്ടാകും. എന്നാൽ ഇലക്ട്രിക് കാറുകൾക്ക് ഈ ടാക്സ് വർദ്ധനവുകൾ ബാധകമല്ല.


ടാക്സ് വർദ്ധനവുകൾ യുകെ മലയാളികളെയും ബാധിക്കും എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ ആളുകളുടെ കയ്യിലും പെട്രോൾ ഡീസൽ കാറുകൾ ഉള്ളതിനാൽ കൂടുതൽ ടാക്സുകൾ അടയ് ക്കേണ്ടതായി വരും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ വൻ ഭീഷണി ഉയർത്തുമ്പോൾ ക്രിസ്മസ് അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന സെക്കൻഡറി സ്കൂൾ തലത്തിലുള്ള കുട്ടികൾ ക്ലാസ് റൂമുകളിൽ മാസ്ക് ധരിക്കണമെന്ന് ഗവൺമെൻറ് നിർദ്ദേശം നൽകി. കഴിഞ്ഞ ടേമിലും സ്കൂൾകോറിഡോറിൽ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ മാസ്ക് ധരിക്കേണ്ടതായി വന്നിരുന്നു. കുട്ടികൾ സ്കൂളിൽ എത്തുന്നതു തന്നെ അനിശ്ചിതത്വത്തിലായ അവസരത്തിൽ സ്കൂളുകളിൽനിന്ന് വൈറസ് ബാധ തടയുന്നതിനായാണ് ഈ നടപടി. രാജ്യത്താകമാനം ഓൺലൈൻ ക്ലാസുകൾ തുടരാനാവുമോ എന്ന് നേരത്തെ ആശങ്ക ഉയർന്നിരുന്നു.

രാജ്യത്ത് കോവിഡ് വ്യാപനം കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ കുട്ടികൾക്കും അധ്യാപകർക്കും എത്രമാത്രം സ്കൂളുകളിൽ എത്തിച്ചേരാൻ സാധിക്കും എന്നതിനെക്കുറിച്ച് കടുത്ത ആശങ്കയാണ് നിലനിൽക്കുന്നത് . രോഗം ബാധിച്ച് അധ്യാപകർ പലരും ഒറ്റപ്പെടലിന് വിധേയരായത് സ്കൂളുകളുടെ സുഗമമായ പ്രവർത്തനത്തെ കാര്യമായി ബാധിക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനെ പ്രതിരോധിക്കാൻ വിരമിച്ച അധ്യാപകരുടെ സേവനം താൽക്കാലികമായി പ്രയോജനപ്പെടുത്താൻ ഗവൺമെൻറ് പദ്ധതി തയ്യാറാക്കിയിരുന്നു.

അതേസമയം സ്കൂളുകളിലെ രോഗ വ്യാപനം തടയുന്നതിന് അടിയന്തര നടപടികൾ ആവശ്യപ്പെട്ട് സ്കൂൾ സ്റ്റാഫ് യൂണിയനുകൾ രംഗത്തുവന്നു. നിലവിലെ രീതിയിൽ മുന്നോട്ടു പോയാൽ വരാനിരിക്കുന്ന ദേശീയതലത്തിലെ പരീക്ഷകൾ അവതാളത്തിലാകുമെന്ന് യൂണിയൻ നേതാക്കൾ മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ നഗരമായ കേപ്ടൗണിലെ പാർലമെന്റ് മന്ദിരത്തിൽ വൻ തീപിടുത്തം. തീപിടുത്തത്തെ തുടർന്ന് കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചുവെന്ന് അധികൃതർ അറിയിച്ചു. സംഭവസ്ഥലം സന്ദർശിച്ച പ്രസിഡന്റ് സിറിൽ റാംഫോസ, ഇത് വിനാശകരമായ സംഭവമാണെന്ന് പറഞ്ഞു. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. സംഭവസ്ഥലത്ത് നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ചോദ്യം ചെയ്തു വരികയാണെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. കെട്ടിടത്തിന്റെ സ്പ്രിംഗ്ളർ സംവിധാനം ശരിയായി പ്രവർത്തിച്ചിരുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

പാർലമെന്റിന് സമീപമുള്ള സെന്റ് ജോർജ്ജ് കത്തീഡ്രലിൽ ഇന്നലെയാണ് ആർച്ച് ബിഷപ്പ് ഡെസ് മണ്ട് ടുട്ടുവിന്റെ സംസ്‌കാരം നടന്നത്. ആറ് മിനിറ്റിനുള്ളിൽ പാർലമെന്റ് മന്ദിരത്തിലെത്തി തീയണച്ച അഗ്നിശമന സേനാംഗങ്ങളോട് പ്രസിഡന്റ് നന്ദി പറഞ്ഞു. തീ അണയ്ക്കാനുള്ള ശ്രമത്തിന്റെ ചിത്രങ്ങൾ നഗരസഭാധികൃതർ പുറത്തുവിട്ടിട്ടുണ്ട്. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തുണ്ടായിരുന്നപ്പോഴാണ് പാർലമെന്റിന്റെ ഫയർ അലാറം മുഴങ്ങിയത്. പാർലമെന്റ് അവധിയായതിനാൽ ഇപ്പോൾ സമ്മേളനം നടക്കുന്നില്ല. ഒരു വർഷത്തിനിടെ പാർലമെന്റിൽ നടക്കുന്ന രണ്ടാമത്തെ തീപിടുത്തമാണിത്. മാർച്ചിൽ വൈദ്യുതി തകരാർ മൂലം തീപിടുത്തമുണ്ടായിരുന്നു.

ലണ്ടൻ: മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് അവരമൊരുക്കുന്ന വിസ നിയമ ഭേദഗതിയുമായി ബ്രിട്ടീഷ് സർക്കാർ. ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നു നഴ്സസ്, കെയർ വിസയ്ക്ക് പുറമെയാണ് എന്നുള്ള വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ജനുവരി അവസാനത്തോടെ ഇന്ത്യൻ പ്രധാനമന്ത്രി നരേദ്രമോദിയുമായി നടക്കാൻ പോകുന്ന വളരെ സുപ്രധാനമായ ചർച്ചയിൽ ഉണ്ടാകാൻ പോകുന്ന ചില തീരുമാനങ്ങളുടെ വിവരമാണ് പുറത്തു വന്നിട്ടുള്ളത്. ഈ വിസ നിയയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഈ വർഷം(2022) ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് യുകെയിൽ യഥേഷ്ടം ജോലിക്കും അതുപോലെ പഠനത്തിനുമായി എത്തുവാൻ സാധിക്കുന്നു എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം നല്ലൊരു പുതുവർഷ സമ്മാനമായി തന്നെ കരുതാം.

ഇന്ത്യൻ പ്രധാനമന്ത്രിയുമായി നടക്കാൻ പോകുന്ന വ്യവസായിക ചർച്ചയിൽ ആണ് തീരുമാനം ഉണ്ടാകുക എന്നാണ് അറിയുന്നത്. ഇന്ത്യയുമായി ഫ്രീ ട്രേഡ് ഉടമ്പടി ഉണ്ടാക്കുവാനുള്ള കഠിന ശ്രമത്തിലാണ് ബ്രിട്ടീഷ് സർക്കാർ. അതിനുള്ള തയ്യാറെടുപ്പിൽ ആണ് ഇപ്പോൾ യുകെ ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി അന്ന മാരി. വളരെ ലളിതമായ വിസ നിയമങ്ങൾ ഇന്ത്യൻ അധികാരികൾക്ക് നൽകുവാൻ ആണ് യുകെ ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി തയ്യാറാക്കുന്ന കരടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. യൂറോപ്പിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനം കുറയ്ക്കുക എന്ന ലക്ഷ്യവും ഇതിലുണ്ട് എന്ന് യുകെയിലെ മുൻനിര മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.

ഇന്ത്യയും ബ്രിട്ടനുമായി സ്വതന്ത്ര വ്യാപാര കരാറിൽ എത്താൻ വളരെ ലളിതവും ഉദാരവുമായ വിസാ നിയമങ്ങൾ ഒഴിച്ചുകൂട്ടാൻ പറ്റാത്ത ഒന്നാണ് എന്ന് ബ്രിട്ടീഷ് മന്ത്രിസഭ ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ട് എന്നും എതിർപ്പ് ഉണ്ടാകാനുള്ള സാധ്യത കുറവാണ് എന്നും ഒരു സർക്കാർ വ്യക്താവ് പറഞ്ഞതായി റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഫോറിൻ സെക്രട്ടറി ലിസ് ട്രസ് ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി അന്ന മാരിയെ പൂർണ്ണമായി പിന്താങ്ങുന്നു എന്നിരിക്കുമ്പോഴും ഇന്ത്യക്കാരിയായ ഹോം സെക്രട്ടറി പ്രീതി പട്ടേൽ ഇതിനെ പിന്താങ്ങില്ല എന്നാണ് അറിയുവാൻ കഴിയുന്നത്.

പുതിയ പ്ലാൻ അനുസരിച്ചു ഇന്ത്യക്കാർക്ക് ലഭിക്കുന്നത് ഓസ്‌ട്രേലിക്കാർക്ക് ലഭിച്ചിരിക്കുന്ന അതെ വിസ നിയമങ്ങൾ ആണ്. അതായത് ചെറുപ്പക്കാർക്ക് മൂന്ന് വർഷം വരെ യുകെയിൽ എത്തി ജോലി ചെയ്യുവാനുള്ള അവസരം. കൂടാതെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ ഫീസിൽ ഇളവ് നൽകുവാനും പഠന ശേഷം ഇവിടെത്തന്നെ ജോലി ചെയ്യുവാനുമുള്ള അവസരം. എന്നാൽ എത്ര വർഷം ലഭിക്കും എന്നതിൽ തീരുമാനം ആയിട്ടില്ല.

ഏകദേശം 1400 പൗണ്ടാണ്  (RS. 1,40,000.00) വർക്ക് ആൻഡ് ടുറിസം വിസയ്ക്കായി ഫീ ആയി നൽകേണ്ടത്. ഇതിൽ കാര്യമായ കുറവ് വരുത്തി ഇന്ത്യൻ അധികാരികളെ സന്തോഷിപ്പിക്കുവാനും  തീരുമാനം ഉള്ളതായി അറിയുന്നു.

ഫ്രീ ട്രേഡ് ഉടമ്പടി സാധ്യമായാൽ യുകെ – ഇന്ത്യ ബന്ധങ്ങളിൽ ഒരു കുതിച്ചു ചട്ടം ഉണ്ടാകും എന്നാണ് കരുതുന്നത്. ഇതിനോടകം ഒരു ബില്യൺ പൗണ്ടിന്റെ വ്യവസായിക നിക്ഷേപം പ്രഖ്യപിച്ചിരുന്നു. തുടർ ചർച്ചകൾ കോവിഡ് വ്യാപനത്തോടെ മാറ്റിയിരുന്നു. ഈ ചർച്ചകളാണ്  ഡൽഹിയിൽ പുനരാരംഭിക്കുന്നത്.

ഇന്ത്യയുടെ £533 മില്യൺ  നിക്ഷേപം ആണ് യുകെയിൽ എത്തിയതായി ഡൗണിംഗ് സ്ട്രീറ്റ്  അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. £240 മില്ല്യൺ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിക്ഷേപം ഉൾപ്പെടെയാണ്. “റോഡ് മാപ് 2030” യുകെ ഇന്ത്യ ബന്ധത്തിലെ ഒരു കുതിച്ചുചാട്ടം ആയിരിക്കും എന്നാണ് ഇരു നേതാക്കളും ഇതുമായി പ്രതികരിച്ചിട്ടുള്ളത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മൊബൈൽഫോൺ ഉപയോഗിച്ചും അശ്രദ്ധമായും വാഹനമോടിക്കുന്നവരെ കാത്തിരിക്കുന്നത് വൻ പിഴശിക്ഷ. ശിക്ഷ നടപ്പിലാക്കുന്നത് ഇന്നലെ തൊട്ട് പ്രാബല്യത്തിൽ വന്നു. ഇത് കൂടാതെ യുകെയിലുടനീളം ഉള്ള പ്രാദേശിക കൗൺസിലുകൾക്ക് ഡ്രൈവിംഗ് പിഴവുകൾക്ക് 70 പൗണ്ട് വരെ പിഴ ചുമത്താനുള്ള അധികാരവും 2022 ജനുവരിമുതൽ നടപ്പിലായി.

ബ്രിട്ടനിൽ ഡ്രൈവിംഗിനിടെ അടിയന്തര സാഹചര്യത്തിൽ അല്ലാതെ ഫോൺ വിളിക്കുന്നതോ മെസേജ് അയക്കുന്നതോ കടുത്ത പിഴശിക്ഷ ക്ഷണിച്ചുവരുത്തും. നിയമലംഘകരെ കാത്തിരിക്കുന്നത് 200 പൗണ്ട് പെനാൽറ്റിയും കൂടാതെ ഡ്രൈവിംഗ് ലൈസൻസിൽ 6 പോയിൻറ് ചേർക്കപ്പെടുകയും ചെയ്യും. വാഹനമോടിക്കുമ്പോൾ നാവിഗേറ്റർ ഉപകരണങ്ങൾ ഉപയോഗിക്കാമെങ്കിലും അത് എവിടെയെങ്കിലും ഉറപ്പിച്ചു വെച്ചതായിരിക്കണമെന്ന് നിയമം അനുശാസിക്കുന്നു. ഇത് കൂടാതെ ഡ്രൈവിങ്ങിനിടെ ഫോട്ടോകൾ എടുക്കുന്നതും വീഡിയോകൾ എടുക്കുന്നതും കടുത്ത ശിക്ഷ ക്ഷണിച്ച് വരുത്തും.

വാഹനമോടിക്കുമ്പോഴും പാർക്ക്‌ ചെയ്യുമ്പോഴും ഈ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ പറ്റാതിരിക്കാൻ ഡ്രൈവർമാർ ശ്രദ്ധിക്കണം . കാരണം ഈ തെറ്റുകൾ വരുത്തുന്ന ഡ്രൈവർമാർ 130 പൗണ്ട് പിഴ നൽകേണ്ടി വരും. ഓഫ്-സ്ട്രീറ്റ്, പ്രൈവറ്റ് കാർ പാർക്ക് പെനാൽറ്റി ചാർജുകൾ ലണ്ടനിൽ £130 ഉം തലസ്ഥാനത്തിന് പുറത്ത് £120 ഉം ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. നാല് പാർക്കിംഗ് പിഴവുകൾ ഇവയൊക്കെയാണ് ;

1) സിഗ്‌സാഗ് ലൈനുകളിൽ പാർക്ക്‌ ചെയ്യരുത്- സിഗ്‌സാഗ് ലൈനുകളിൽ പാർക്കിംഗ് അനുവദനീയമല്ല. മുന്നിൽ സീബ്രാ ലൈനോ കാൽനടയാത്രക്കാർ റോഡ് മുറിച്ചു കടക്കുന്നുണ്ടെന്നോ സൂചിപ്പിക്കാനുള്ള വരകൾ കൂടിയാണത്. അതുകൊണ്ട് തന്നെ സിഗ്‌സാഗ് വെള്ള വരകൾ ശ്രദ്ധിക്കുക.

2) ഇരട്ട വെള്ള വരകൾക്ക് സമീപം പാർക്ക് ചെയ്യരുത് – റോഡിന്റെ മധ്യത്തിൽ ഇരട്ട വെള്ള വരകൾ കണ്ടാൽ അവിടെ നിങ്ങൾക്ക് നിർത്താനോ പാർക്ക് ചെയ്യാനോ കഴിയില്ല, ഓവർടേക്ക് ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. ഹൈവേ കോഡിന്റെ റൂൾ 240 അനുസരിച്ച് അശ്രദ്ധമായി വാഹനമോടിച്ചാലോ ഇരട്ട വെള്ള വരയിൽ പാർക്ക് ചെയ്താലോ 100 പൗണ്ട് വരെ പിഴ നൽകണം.

3) ബ്ലൂ ബാഡ്ജ് സ്പോട്ടുകളിൽ പാർക്ക്‌ ചെയ്യാനുള്ള അവകാശം ബ്ലൂ ബാഡ്ജ് ഹോൾഡേഴ്‌സിന് മാത്രം. കർശന നിയമത്തിന്റെ പരിധിയിൽ പെടുന്നതാണ് ഇത്. തെറ്റ് ചെയ്താൽ 120 പൗണ്ട് പിഴ നൽകേണ്ടി വരും.

4) മഞ്ഞ വരകൾ ഒഴിവാക്കുക – നിങ്ങൾക്ക് ഒറ്റ മഞ്ഞ വരയിൽ നിർത്താൻ സാധിക്കും. എന്നാൽ ഇരട്ട മഞ്ഞ വരയിൽ നിയമങ്ങൾ കർശനമാണ്. ഇരട്ട മഞ്ഞ വരയിൽ വാഹനം പാർക്ക്‌ ചെയ്യുന്നത് നിയമവിരുദ്ധമാണ്.

പുതിയ നിയമങ്ങൾ നടപ്പിൽ വരുത്തുന്നതിലൂടെ ബ്രിട്ടനിലെ റോഡുകളിലെ അപകടങ്ങൾ കുറയുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ജൊഹാനസ്ബർഗ്: വർണവിവേചനത്തിനെതിരെ സധൈര്യം പോരാടിയ ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന് (90) ദക്ഷിണാഫ്രിക്കയുടെ കണ്ണീരിൽക്കുതിർന്ന അന്ത്യാഞ്ജലി. ഇന്നലെ കേപ്ടൗണിലെ സെയ്‌ന്റ് ജോർജ് ആംഗ്ലിക്കൽ കത്തീഡ്രലിൽ സംസ്കാരം നടന്നു. വർണവിവേചനത്തിനും വംശീയതയ്‌ക്കുമെതിരെ പൊരുതിയ ടുട്ടു കഴിഞ്ഞ ഞായറാഴ്ചയാണ് അന്തരിച്ചത്. വിപ്ലവകാരിയായ ബിഷപ്പിന്റെ വേർപാടിൽ രാജ്യം ഒരാഴ്ച ദുഃഖമാചരിച്ചു. ക്രിസ്‌തീയ പുരോഹിതൻ, അധ്യാപകൻ, പ്രഭാഷകൻ, മനുഷ്യാവകാശ പ്രവർത്തകൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ടുട്ടു മനുഷ്യത്വത്തിന്റെ ആഗോളമുഖമായിരുന്നു.

“നമ്മുടെ പുതിയ രാഷ്ട്രത്തിന്റെ ആത്മീയ പിതാവ്” എന്നാണ് പ്രസിഡന്റ് സിറിൽ റാംഫോസ തന്റെ അനുസ്മരണ പ്രസംഗത്തിൽ ടുട്ടുവിനെ വിശേഷിപ്പിച്ചത്. ടുട്ടുവിന്റെ ആഗ്രഹം പോലെ ശവസംസ്കാര ചടങ്ങുകൾ വളരെ ലളിതമായാണ് നടന്നത്. ഏറ്റവും വില കുറഞ്ഞ ശവപ്പെട്ടിയാണ് തനിക്ക് നൽകേണ്ടതെന്ന് ടുട്ടു നേരത്തെ തന്നെ പറഞ്ഞിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ കാരണം ക്ഷണിക്കപ്പെട്ട നൂറ് അതിഥികൾ മാത്രമാണ് സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തത്. എന്നാൽ പ്രായഭേദമെന്യേ ഒട്ടേറെപ്പേർ കത്തീഡ്രലിലെത്തി അദ്ദേഹത്തിനായി പുഷ്പാർച്ചന നടത്തിയിരുന്നു.

എലിസബത്ത് രാജ്ഞി, ഫ്രാൻസിസ് മാർപാപ്പ, യു.എസ്. മുൻ പ്രസിഡന്റ് ബരാക് ഒബാമ തുടങ്ങി ഒട്ടേറെ പ്രമുഖർ ടുട്ടുവിന് ആദരാഞ്ജലിയർപ്പിച്ചു. 1948 മുതൽ ’90-കളുടെ തുടക്കംവരെ ദക്ഷിണാഫ്രിക്കയിൽ വെള്ളക്കാരുടെ ന്യൂനപക്ഷസർക്കാർ നടപ്പാക്കിയ വർണവിവേചനത്തിനെതിരെ അഹിംസാമാർഗത്തിലൂടെ പോരാടിയ ടുട്ടുവിന് 1984-ൽ നൊബേൽ പുരസ്കാരം ലഭിച്ചിരുന്നു. മണ്ടേല കഴിഞ്ഞാൽ കറുത്ത വർഗ്ഗക്കാർക്കായുള്ള പോരാട്ടത്തിൽ ലോകം ഏറ്റവുമധികം കേട്ട പേര് ഡെസ്‌മണ്ട് ടുട്ടുവിന്‍റേതായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന് നൈറ്റ്‌ഹൂഡ് പദവി സമ്മാനിച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ കടുത്ത ജനരോഷം ഉയർന്നിരിക്കുകയാണ്. ന്യൂ ഇയറിനോടനുബന്ധിച്ചുള്ള രാജ്ഞിയുടെ പട്ടികയിലാണ് മുൻ ലേബർ പാർട്ടി നേതാവും പ്രധാനമന്ത്രിയുമായിരുന്ന ടോണി ബ്ലെയറിന് സർ പദവി നൽകാൻ തീരുമാനമായത്. എന്നാൽ ഇറാക്കിലും അഫ് ഗാനിസ്ഥാനിലും യുദ്ധങ്ങളിൽ ഉള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ മൂലം സർ പദവി നല്കുവാൻ അദ്ദേഹം യോഗ്യനല്ല എന്നാണ് നിരവധിപേർ വിലയിരുത്തുന്നത്. പ്രധാനമന്ത്രി പദവിയിൽ നിന്നും പടിയിറങ്ങി 14 വർഷത്തിനുശേഷമാണ് അദ്ദേഹത്തെ ഈ പദവി തേടിയെത്തിയത്. എന്നാൽ ഈ തീരുമാനം അറിയിച്ചതിനു ശേഷം , അദ്ദേഹത്തെ ഈ പദവിയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പതിനായിരത്തോളം പെറ്റീഷനുകൾ ആണ് ഉയർന്നുവന്നിരിക്കുന്നത്. യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളും രാജ്ഞിയുടെ ഈ തീരുമാനത്തോട് അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഭരണഘടനയ്ക്ക് തന്നെ അപമാനം ഉണ്ടാക്കുന്ന തരത്തിൽ ആയിരുന്നു ടോണി ബ്ലെയറിന്റെ പ്രവർത്തനങ്ങളെന്ന് പെറ്റീഷൻ ആരംഭിച്ച ആങ്‌സ് സ്കോട്ട് വ്യക്തമാക്കി. നിരവധി സാധാരണക്കാരുടെ മരണത്തിന് കാരണക്കാരനായ വ്യക്തിയാണ് ടോണി ബ്ലെയറെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എട്ടു വർഷത്തോളം നീണ്ട ഇറാഖ് യുദ്ധത്തിൽ നിരവധി സാധാരണക്കാരുടെ ജീവനാണ് നഷ്ടപ്പെട്ടത്.

തനിക്കു ലഭിച്ച പദവിയിൽ സന്തോഷമുണ്ടെന്നു ടോണി ബ്ലെയർ മറുപടി പറഞ്ഞു. രാജ്യത്തിന്റെ പ്രധാനമന്ത്രിസ്ഥാനം വഹിക്കുവാൻ കഴിഞ്ഞതിൽ താൻ അതിയായി സന്തോഷിക്കുന്നുവെന്നും, തന്നെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തികച്ചും അർഹതയില്ലാത്ത വ്യക്തിക്കാണ് പദവി ലഭിച്ചത് എന്ന ആരോപണമാണ് ചുറ്റിനും ഉയർന്നുവരുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വെസ്റ്റ് മിഡ്‌ലാൻഡിൽ ഇന്നലെ വൈകിട്ട് ഉണ്ടായ വാഹനാപകടത്തിൽ പെൺകുട്ടി കൊല്ലപ്പെട്ടു . മദ്യപിച്ച് വാഹനമോടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. 14 വയസ്സുള്ള പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്.

വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെ സാൻഡ്‌വെല്ലിൽ ചാരനിറത്തിലുള്ള മെഴ്സിഡസ് ഇടിച്ചാണ് അപകടം ഉണ്ടായത് .
പ്രതിയെന്ന്‌ കരുതുന്ന 39 വയസ്സുകാരനെ സമീപത്തുള്ള റൗളി റെജിസ് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നുമാണ്‌ അറസ്റ്റ് ചെയ്തത്.

സംഭത്തെക്കുറിച്ചുള്ള അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്ന് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ സർജന്റ് ജൂലി ലൈമാൻ പറഞ്ഞു. അപകടത്തിന്റെ ഡാഷ്-ക്യാം ഫൂട്ടേജ് ആരുടെയെങ്കിലും പക്കലുണ്ടെങ്കിൽ കൈമാറണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved