Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലിവർപൂൾ സിറ്റി സെന്ററിൽ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോയ പന്ത്രണ്ട് വയസ്സുകാരി പെൺകുട്ടി കഴുത്തിന് കുത്തേറ്റാണ് മരിച്ചതെന്ന് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. എവ വൈറ്റിനാണ് നവംബർ 25 ന് കുത്തേറ്റത്. അതേ ദിവസം തന്നെ അവൾ മരണത്തിനു കീഴടങ്ങുകയും ചെയ്തു. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് കഴുത്തിന് കുത്തേറ്റതാണ് പെൺകുട്ടിയുടെ മരണകാരണമെന്ന് വ്യക്തമാക്കുന്നത്. പെൺകുട്ടിയുടെ മരണത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന 14 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


ലിവർപൂൾ സിറ്റി സെന്റർ ക്രിസ്മസ് ആഘോഷങ്ങൾക്കായി ലൈറ്റുകൾ ഓൺ ചെയ്യുന്നത് കാണുവാനാണ് എവ എത്തിയത്. രാത്രി 8:33 ന് എവയെ വില്യംസൺ സ്ക്വയറിൽ കണ്ടതായി ദൃക്സാക്ഷികൾ വ്യക്തമാക്കി. പിന്നീട് ചർച്ച് സ്ട്രീറ്റിലേക്ക് നടക്കുമ്പോഴാണ് എവയ്ക്ക് കുത്തേറ്റതെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. മറ്റു മൂന്ന് ആൺകുട്ടികളെ കൂടി അറസ്റ്റ് ചെയ്തിരുന്നെങ്കിലും അവരെ പിന്നീട് വിട്ടയച്ചു. മരണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 14കാരന്റെ പേര് ഇനിയും അധികൃതർ പുറത്തുവിട്ടിട്ടില്ല. എവയുടെ മരണത്തിൽ കുടുംബത്തോടുള്ള ദുഃഖം അറിയിക്കുന്നതായും മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ ആൻഡ്രേ റെബേല്ലോ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബോറിസ് ജോൺസന്റെ പുതിയ കോവിഡ് നിയന്ത്രണങ്ങളെ ഭരണകക്ഷി എംപിമാർ അടക്കമുള്ളവർ എതിർത്തിട്ടും ലേബർ എംപിമാരുടെ പിന്തുണയോടെ നിയമം പ്രാബല്യത്തിൽ വന്നു. നിശാക്ലബ്ബുകളിലും വലിയ വേദികളിലും കോവിഡ് പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കുന്നതിനെതിരെ 100 കൺസർവേറ്റിവ് എംപിമാർ വോട്ടു ചെയ്തു. എന്നാൽ ലേബര്‍ പാര്‍ട്ടി പിന്തുണച്ചതിനാല്‍ ഈ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. നിരവധി എംപിമാർ തുറന്നെതിർത്തെങ്കിലും ഒമിക്രോണിനെ തുടച്ചുനീക്കാൻ മറ്റൊരു മാർഗമില്ലെന്ന നിലപാടിലായിരുന്നു ജോൺസൻ. പാർട്ടിയിൽ ആഭ്യന്തര കലാപം രൂക്ഷമാവുന്നതിന്റെ സൂചന കൂടിയാണിത്. നാല് പ്രധാനമന്ത്രിമാര്‍ക്കൊപ്പം എംപി മാരായി സേവനമനുഷ്ടിച്ച പതിമൂന്ന് എംപിമാരും പ്രധാനമന്ത്രിയുടെ തീരുമാനത്തെ തുറന്നെതിർത്തു. ഡെയിം ആന്‍ഡ്രിയ ലീഡ്‌സോം, മുന്‍ ബിസിനസ്സ് സെക്രട്ടറി ഡേവിഡ് ഡേവിസ്, ലിയാം ഫോക്‌സ് തുടങ്ങിയ പ്രമുഖർ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു.

എന്‍ എച്ച് എസ് സോഷ്യല്‍ കെയര്‍ ജീവനക്കാര്‍ക്ക് 2022 ഏപ്രില്‍ മാസത്തോടെ വാക്‌സിന്‍ നിര്‍ബന്ധമാക്കുന്ന കാര്യവും ഇൻഡോർ വേദികളിൽ നിർബന്ധമായി മാസ്ക് ധരിക്കണമെന്ന നിയമവും പാര്‍ലമെന്റ് അംഗീകരിച്ചു. സ്വന്തം പാർട്ടിയിൽ നിന്നുതന്നെ വലിയ എതിർപ്പ് ഉയർന്നതോടെ ഭരണം നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ജോൺസൻ. നേതൃത്വത്തിൽ വളരെ ദുർബലനാണ് പ്രധാനമന്ത്രിയെന്ന് ലേബർ നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു.

നേതൃത്വത്തിനെതിരെയുള്ള വെല്ലുവിളി ആരംഭിച്ചതായി ടോറി വിമത നേതാവ് സര്‍ ജെഫ്രി ക്ലിഫ്ടന്‍-ബ്രൗണ്‍ പറഞ്ഞു. അതേസമയം, രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഒമിക്രോൺ എന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഡോ. ജെന്നി ഹാരിസ് എംപിമാരെ ഓർപ്പിച്ചു. വരും ദിവസങ്ങളിൽ ഒമിക്രോൺ വകഭേദം ശക്തിപ്പെടുമെന്നും യുകെയിലെ മിക്ക പ്രദേശങ്ങളിലും രണ്ട് ദിവസത്തിനുള്ളിൽ കേസുകൾ ഇരട്ടിയാകുമെന്നും അവർ കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച 633 യുകെ ഒമിക്രോൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു. ഇതോടെ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 5,346 ആയി. ഇന്നലെ 59,610 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.

ലണ്ടൻ : എച്ച്‌ജിവി ഡ്രൈവർ ക്ഷാമം പരിഹരിക്കുന്നതിനും കൂടുതൽ പേരെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിനുമായി സൗജന്യ ട്രെയിനിങ് നൽകാൻ സർക്കാർ. എച്ച്‌ജിവി സ്‌കിൽസ് ബൂട്ട്‌ക്യാമ്പുകൾക്കുള്ള ഫണ്ടിംഗ് 17 മില്യൺ പൗണ്ടിൽ നിന്ന് 34 മില്യൺ പൗണ്ട് ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. സർക്കാർ നടത്തുന്ന കോഴ്സിലൂടെ സർട്ടിഫിക്കറ്റ് ഓഫ് പ്രൊഫഷണൽ കോംപിറ്റൻസ് (CPC) നേടാം. മൂന്നു വിഭാഗങ്ങളിലായാണ് കോഴ്സ് നടത്തുന്നത്.

1. എച്ച്ജിവി ഡ്രൈവിംഗിലേക്ക് പുതുതായി എത്തുന്നവർ.
2. എച്ച്ജിവി ഡ്രൈവിംഗിലേക്ക് തിരികെയെത്തുന്നവർ.
3. നിലവിലെ എച്ച്ജിവി ലൈസൻസ് അപ്ഗ്രേഡ് ചെയ്യുന്നവർ.

നിങ്ങൾക്ക് ഒരു പൂർണ്ണ കാർ ലൈസൻസോ ഇടത്തരം വാഹന ലൈസൻസോ (കാറ്റഗറി C1) ലഭിച്ചിട്ടുണ്ടെങ്കിൽ, താഴെ പറയുന്ന ഹെവി വാഹനങ്ങൾ ഓടിക്കാനുള്ള യോഗ്യത നേടാൻ ബൂട്ട്ക്യാമ്പുകൾ സഹായിക്കും;

•എച്ച്ജിവി (കാറ്റഗറി സി) – യുകെയിലുടനീളമുള്ള വാണിജ്യ ഉത്പന്നങ്ങളുടെ വിതരണത്തിന് ഉപയോഗിക്കുന്നവ.

•ക്യാബും ട്രെയിലറും കൂടിച്ചേരുന്ന ലോറി (കാറ്റഗറി സി + ഇ) – പ്രധാനമായും ദീർഘദൂര ചരക്കുനീക്കത്തിനോ ഭാരമേറിയ സാധനങ്ങളുടെ വിതരണത്തിനോ ഉപയോഗിക്കുന്നു.

രാജ്യത്ത് ഒരു ലക്ഷം എച്ച്ജിവി ഡ്രൈവർമാരെ ആവശ്യമുണ്ട്. കോവിഡ്, നികുതി മാറ്റങ്ങൾ, ബ്രെക്‌സിറ്റ്, കുറഞ്ഞ വേതനം, മോശം തൊഴിൽ സാഹചര്യങ്ങൾ എന്നിവ കാരണം ഡ്രൈവർമാർ ജോലി ഉപേക്ഷിച്ചു പോയി. ലോറി ഡ്രൈവർമാരുടെ ദൗർലഭ്യം ഒരു പുതിയ പ്രശ്‌നമല്ലെങ്കിലും ഡ്രൈവർ ക്ഷാമത്തിന്റെ അനന്തരഫലങ്ങൾ ബിസിനസ്സുകളുടെ വിതരണ ശൃംഖലയെ തടസ്സപ്പെടുത്തുകയുണ്ടായി.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ലോകത്തിലെ ആദ്യ ഒമിക്രോൺ മരണം റിപ്പോർട്ട്‌ ചെയ്യപ്പെട്ടതിന്റെ ആഘാതത്തിലാണ് ബ്രിട്ടൻ. ഒമിക്രോൺ കോവിഡ് വകഭേദം മൂലം രാജ്യത്ത് ഒരാൾ മരിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ സ്ഥിരീകരിച്ചു. ലണ്ടനിലെ വ്യാപനത്തിലെ 40% ഒമിക്രോൺ മൂലമാണ്. 1,576 ഒമിക്രോൺ കേസുകൾ കൂടി ഇന്ന് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 4,713 ആയി. പ്രതിദിന കോവിഡ് കേസുകൾ ആറ് ശതമാനം ഉയർന്ന് 54,661 ൽ എത്തി. എന്നാൽ പ്രതിദിനം രണ്ട് ലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന സാഹചര്യം ഉടലെടുക്കുമെന്നും ഒമിക്രോൺ സമ്പൂർണ ആധിപത്യം സ്ഥാപിക്കുമെന്നും ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് മുന്നറിയിപ്പ് നൽകി. അതേസമയം നിലവിലെ വേഗതയിൽ ഒമിക്രോൺ വ്യാപിക്കുന്നത് തുടർന്നാൽ മാസാവസാനത്തോടെ കോവിഡ് കേസുകൾ പ്രതിദിനം ഒരു മില്യൺ ആയി ഉയരുമെന്ന് സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാക്കൾ മുന്നറിയിപ്പ് നൽകി.

ആശുപത്രികളിൽ കരുതിയതിലും അധികം രോഗികൾ എത്തിയെന്നു ഡാഷ് ബോർഡ്‌ കണക്കുകൾ വ്യക്തമാക്കുന്നു. ബൂസ്റ്റര്‍ ഡോസ്‌ ബുക്കിംഗിനായി ആളുകൾ ഓൺലൈനിൽ ഇടിച്ചുകയറിയതോടെ വെബ്സൈറ്റ് തകർന്നു. ലാറ്ററൽ ഫ്ലോ ടെസ്റ്റുകളുടെ സ്റ്റോക്ക് തീർന്നു എന്ന വാർത്തയും ജനങ്ങളെ പരിഭ്രാന്തരാക്കി. ഒമിക്രോൺ ബാധിതരായ പത്തു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മേധാവികൾ അറിയിച്ചു. ഇവർ എല്ലാവരും 18നും 85നുമിടയിൽ പ്രായമുള്ളവരാണെന്നും മിക്കവരും പൂർണ്ണമായി വാക്സിനേഷൻ എടുത്തവരാണെന്നും യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി സ്ഥിരീകരിച്ചു.

ഇന്നലെ മുതൽ ബ്രിട്ടൻ ലെവൽ നാലിലേക്ക് നീങ്ങിയിരുന്നു. കർശന നിയന്ത്രണങ്ങളോടൊപ്പം ആളുകൾ സാമൂഹിക അകലം പാലിക്കണമെന്ന മാർഗ്ഗനിർദേശവും നിലവിലുണ്ട്. ഡിസംബര്‍ 31 ന് മുന്‍പായി രാജ്യത്തെ 18 വയസ്സിന് മുകളിലുള്ള അര്‍ഹതയുള്ളവര്‍ക്കെല്ലാം ബൂസ്റ്റര്‍ ഡോസ് നൽകുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച്ച രാവിലെ 6 മണിമുതല്‍ നിശാക്ലബ്ബുകളിലും ധാരാളം പേർ കൂടുന്ന വേദികളിലും പ്രവേശിക്കുന്നതിന് ആളുകൾ കോവിഡ് വാക്‌സിന്‍ രണ്ടു ഡോസുകള്‍ എടുത്തതിന്റെ തെളിവോ അല്ലെങ്കില്‍ നെഗറ്റീവ് ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റ് ഫലമോ ഹാജരാക്കേണ്ടി വരും. ഒമിക്രോണിനെ നേരിടാൻ ഇതിലും ലളിതമായ മറ്റൊരു മാർഗമില്ലെന്നാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒമിക്രോൺ വ്യാപനഭീതിയുടെ പശ്ചാത്തലത്തിൽ ബ്രിട്ടൻ അഭിമുഖീകരിച്ച ഗുരുതരമായ പ്രശ്നമായിരുന്നു ലാറ്ററൽ ഫ്ലോ ടെസ്റ്റ് കിറ്റുകൾ ലഭ്യമല്ല എന്നുള്ളത്. രാജ്യത്ത് ലാറ്ററൽ ഫ്ലോ ടെസ്റ്റ് കിറ്റുകളുടെ ശേഖരം ആവശ്യത്തിന് ഉണ്ടെന്നും പക്ഷേ ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചത് മൂലം വിതരണത്തിലാണ് തകരാർ നേരിട്ടതെന്നും കഴിഞ്ഞ ദിവസം ആരോഗ്യസെക്രട്ടറി സാജിദ് ജാവിദ് വെളിപ്പെടുത്തിയിരുന്നു. ബൂസ്റ്റർ ഡോസ് ബുക്ക് ചെയ്യുന്ന എൻഎച്ച്എസ് വെബ്സൈറ്റ് തകരാറിലായതും ലാറ്ററൽ ഫ്ലോ ടെസ്റ്റ് കിറ്റുകൾ ആവശ്യക്കാർക്ക് ലഭ്യമല്ലാത്തതും പ്രതിപക്ഷ ഭരണപക്ഷ എംപിമാർക്കിടയിലും ജനങ്ങളിലും വൻ പ്രതിഷേധത്തിനാണ് വഴിവെച്ചത്.

ഈ സാഹചര്യത്തിൽ ആമസോൺ കുറഞ്ഞനിരക്കിൽ ലാറ്ററൽ ഫ്ലോ ടെസ്റ്റ് കിറ്റുകളുടെ വില്പന ആരംഭിക്കുന്നതായി അറിയിച്ചത് ടെസ്റ്റ് കിറ്റുകൾ വിപണിയിൽ വൻ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തുടനീളം ശക്തമായ വിതരണശൃംഖല ഉള്ള ആമസോണിന് കുറഞ്ഞ നിരക്കിൽ പെട്ടെന്ന് ടെസ്റ്റ് കിറ്റുകൾ ആവശ്യക്കാർക്ക് എത്തിക്കാൻ സാധിക്കും. കഴിഞ്ഞ കുറേ നാളുകളായി ടെസ്റ്റ് കിറ്റുകൾ വിതരണം ചെയ്യുന്ന കമ്പനികളെ കുറിച്ച് വളരെയേറെ പരാതികളാണ് ജനങ്ങളിൽ നിന്ന് ഉയർന്നു വന്നിരുന്നത്. അമിതവില ഈടാക്കുന്നത് കൂടാതെ ടെസ്റ്റിൻെറ ഫലം ലഭിച്ചില്ല തുടങ്ങിയ ഒട്ടേറെ പരാതികൾ ഉയർന്നു വന്നിരുന്നു. ഇതിനെതുടർന്ന് കോമ്പറ്റീഷൻ ആൻഡ് മാർക്കറ്റ്‌സ് അതോറിറ്റിയോട് പരാതികളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ഹെൽത്ത് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. വിവിധ ഏജൻസികൾ നടത്തുന്ന കോവിഡ് ടെസ്റ്റ് ഫലങ്ങളുടെ കൃത്യത ഉറപ്പു വരുത്തുന്നതിൽ ഗവൺമെൻറ് പരാജയപ്പെട്ടെന്ന് ലബോറട്ടറി ആൻഡ് ടെസ്റ്റിംഗ് ഇൻഡസ്ട്രി ഓർഗനൈസേഷൻ കുറ്റപ്പെടുത്തിയിരുന്നു. ഈ മേഖലയിലേക്കുള്ള ആമസോണിൻെറ വിപണി പ്രവേശനം ക്രിസ്മസ് കാലത്ത് യാത്ര ചെയ്യുന്നവർക്ക് കൂടുതൽ പ്രയോജനപ്രദമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കുടുംബ ഡോക്ടറുമായുള്ള പതിവ് മുഖാമുഖമായുള്ള കൺസൾട്ടേഷൻ ഇനി പുതുവത്സരത്തിന് ശേഷം മാത്രമായിരിക്കും. ബൂസ്റ്റർ വാക്സിൻ വിതരണത്തിൽ ജിപിമാരുടെ ശ്രദ്ധകേന്ദ്രീകരിക്കാനാണ് സർക്കാരിൻറെ ഈ പുതിയ നീക്കം. ഒരു ദിവസം ഒരു ദശലക്ഷം ആളുകൾക്ക് വാക്സിൻ നൽകുക എന്നതിൽ എൻഎച്ച്എസ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ കാൽമുട്ടുകൾ ഇടുപ്പ് എന്നിവയിലുള്ള ഓപ്പറേഷനുകളും ചില ആശുപത്രികൾ മാറ്റിവെച്ചു. കഴിഞ്ഞ രാത്രി ഇംഗ്ലണ്ടിലെ ആശുപത്രികളിൽ കഴിയുന്നത്ര രോഗികളെ ഡിസ്ചാർജ് ചെയ്യാൻ എൻഎച്ച്എസിന് കീഴിലുള്ള ആശുപത്രികളോട് ആവശ്യപ്പെട്ടിരുന്നു. ക്രിസ്തുമസിന് മുൻപ് രോഗികളെ കെയർ ഹോമുകളിലേയ് ക്കോ ഹോസ്പിറ്റലുകളിലേക്കോ സ്വന്തം വീടുകളിലേയ് ക്കോ ഹോട്ടലുകളിലേയ് ക്കോ ഡിസ്ചാർജ് ചെയ്തിരിക്കണമെന്നും എൻഎച്ച്എസ് മേധാവികൾ അയച്ച കത്തിൽ പറയുന്നു.

ക്യാൻസർ ലക്ഷണം ഉള്ളവർക്കും മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവർക്കും ജിപിമാരെ കാണുന്നത് തുടരാമെന്നും ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. എന്നാൽ അടുത്ത രണ്ടാഴ്ചത്തേയ് ക്ക് പ്രൈമറി കെയർ സർവീസുകൾ ബൂസ്റ്റർ വാക്സിൻെറ വിതരണത്തിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫാമിലി ഡോക്ടർമാരെ സന്ദർശിക്കുന്നതിൽ നിയന്ത്രണം വരുത്തുന്നത് മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവരുടെ സ്ഥിതി വഷളാകുമെന്ന് മെഡിക്കൽ കോളേജുകൾ മുന്നറിയിപ്പുനൽകി. ജിപിമാരുടെ പരിശോധനയ്ക്കു ശേഷമാണ് പ്രതിമാസം ഏകദേശം അയ്യായിരം ക്യാൻസർ രോഗ നിർണയം നടന്നതെന്ന് എൻഎച്ച്എസ് കണക്കുകൾ കാണിക്കുന്നു. ബൂസ്റ്റർ ഡോസുകൾ കൊടുക്കുന്നതിനോടനുബന്ധിച്ച് ജനങ്ങൾക്ക് ഭാവിയിൽ എൻഎച്ച്എസിൻെറ സേവനങ്ങൾ നിക്ഷേധിക്കപ്പെടുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന അഭിപ്രായവും ശക്തമാണ്. ഗവൺമെൻറ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചില്ലെങ്കിൽ ഒമിക്രോണിൻെറ തരംഗം വളരെ വലുതായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പകർച്ചവ്യാധി മൂലമുണ്ടായ തടസ്സത്തിന്റെ ഫലമായി എൻഎച്ച്എസ് തയാറാക്കിയ വെയ്റ്റിംഗ് ലിസ്റ്റുകൾ ഇതിനോടകം ആറു ദശലക്ഷമായി ഉയർന്നു. ചില അടിയന്തര അപ്പോയിമെന്റുകളും ഇലക്റ്റീവ് സർജറികളും പുതുവത്സരത്തിന് മുന്നേ നടന്നേക്കാം. അതേസമയം ജനങ്ങൾക്ക് ബൂസ്റ്റർ വാക്സിൻ നൽകുന്നതിനാണ് മുൻഗണന. അത്യാവശ്യമുള്ള സാഹചര്യത്തിൽ മാത്രമേ ഏതൊരു ആരോഗ്യ സെക്രട്ടറിയും ഇത്തരതരത്തിലുള്ള ഒരു നടപടി സ്വീകരിക്കുകയുള്ളൂവെന്നും ഇപ്പോൾ ബൂസ്റ്റർ വാക്സിൻ വിതരണത്തിന് മുൻഗണന നൽകിയില്ലെങ്കിൽ വരാനിരിക്കുന്ന മാസങ്ങളിലെ പ്രത്യാഘാതങ്ങൾ വളരെ ഗുരുതരമായിരിക്കുമെന്ന് തനിക്ക് ബോധ്യം ഉണ്ടെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : മാനസിക സമ്മർദ്ദം അനുഭവിക്കുമ്പോൾ പുരുഷൻമാരേക്കാൾ കൂടുതൽ സ്ത്രീകൾ മദ്യം കഴിക്കുന്നുണ്ടെന്ന് പഠനം. മാനസിക സമ്മർദ്ദം നേരിടുമ്പോൾ ഇരുകൂട്ടരും അമിതമായി മദ്യം കഴിക്കുന്നുണ്ടെങ്കിലും ഒരു പ്രധാന വ്യത്യാസം കണ്ടെത്തി. സൈക്കോളജി ഓഫ് അഡിക്റ്റീവ് ബിഹേവിയേഴ്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ. മറ്റുള്ളവർക്ക് മുന്നിൽ എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്നതിനെച്ചൊല്ലി സ്ത്രീകൾ കൂടുതൽ സാമൂഹിക സമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്നും ഇത് കാരണം മദ്യം കഴിക്കാൻ അവർ ആഗ്രഹിക്കുന്നുണ്ടെന്നും പഠനത്തിൽ പറയുന്നു. ഗവേഷകർ 105 പുരുഷന്മാരെയും 105 സ്ത്രീകളെയും തിരഞ്ഞെടുത്ത ശേഷമാണ് പരീക്ഷണം ആരംഭിച്ചത്. അവരുടെ ലബോറട്ടറിയിൽ ഒരു സിമുലേറ്റഡ് ബാർ സ്ഥാപിച്ചു.

ഗ്രൂപ്പിലെ പകുതിയോളം ആളുകൾക്ക്, സ്വന്തം വ്യക്തിത്വത്തെക്കുറിച്ചും രൂപത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അവർ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതുമായ കാര്യങ്ങളെക്കുറിച്ചും ഒരു പ്രസംഗം തയ്യാറാക്കാൻ അഞ്ച് മിനിറ്റ് നൽകി. തുടർന്ന് അഞ്ച് മിനിറ്റ് സംസാരിച്ചു. 1,022-ൽ നിന്ന് പിന്നിലേക്ക് എണ്ണുക എന്നതായിരുന്നു രണ്ടാമത്തെ ജോലി. ഓരോ തവണയും 13 കുറച്ചു വേണം പിന്നിലേക്ക് എണ്ണാൻ. തെറ്റിയാൽ വീണ്ടും ആദ്യം മുതൽ എണ്ണണം. ഈ സമയത്തിനുള്ളിൽ നിരവധി പേർ മദ്യം ഓർഡർ ചെയ്തു. സമ്മർദമുള്ള സ്ത്രീകൾക്ക് ആദ്യം മദ്യം നൽകിയില്ലെങ്കിലും അവർ മദ്യപിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു.

മദ്യപാനം കുറയ്ക്കാനുള്ള അഭ്യർത്ഥന സ്ത്രീകൾ അവഗണിക്കാനും സാധ്യതയുണ്ട്. മാനസിക സമ്മർദ്ദം കാരണം സ്ത്രീകൾ അമിത മദ്യപാനത്തിന് ഇരയാകുന്നുവെന്ന് അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി പഠനത്തിന് നേതൃത്വം നൽകിയ ഡോ. ജൂലി പാറ്റോക്ക്-പെക്കാം പറഞ്ഞു. ലോക്ക്ഡൗണും വർക്ക്‌ ഫ്രം ഹോമും സ്ത്രീകളെ അമിത സമ്മർദ്ദത്തിലേക്ക് തള്ളിവിട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടൺ വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ നൽകുവാൻ ശ്രമിക്കുന്നവർക്ക് 10000 പൗണ്ട് പിഴ ഈടാക്കാൻ ഗവൺമെന്റ് തീരുമാനിച്ചിരിക്കുകയാണ്. ഇതോടൊപ്പംതന്നെ കോവിഡ് വിവരങ്ങൾ തെറ്റായി നൽകുന്നവർക്കെതിരെയും കർശന നടപടി ഉണ്ടാകും. ഇത്തരത്തിൽ ആദ്യത്തെ പ്രാവശ്യം കണ്ടു പിടിക്കുന്നവർക്ക് ആയിരം പൗണ്ട് ഫൈനും, പിന്നീട് 2000, 3000 എന്ന രീതിയിലുള്ള വർധനയാണ് ഉള്ളത്. നാലാമത്തെ പ്രാവശ്യം കണ്ടു പിടിച്ചാൽ 10000 പൗണ്ട് പിഴ ഈടാക്കും എന്നാണ് പുതിയ നിയമം വ്യക്തമാക്കുന്നത്. ഇതോടൊപ്പംതന്നെ ഒമിക്രോൺ രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടാൽ കർശനമായും സെൽഫ് ഐസൊലേഷനിൽ കഴിയണമെന്ന നിയമത്തിനും മാറ്റം ഉണ്ടാവുകയാണ്.


ജനങ്ങൾ എല്ലാവരും തന്നെ കർശനമായും മാസ്കുകൾ ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിഷ്കർഷിക്കുന്നുണ്ട്. ഇപ്പോൾ പലയിടത്തും പ്രവേശന കവാടങ്ങളിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റോ, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ ആവശ്യപ്പെടുന്നതിനാൽ, ജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയമാണിതെന്നും, അതിനാണ് പുതിയ നിയമങ്ങൾ എന്നും ഗവൺമെന്റ് അധികൃതർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകത്തിലാദ്യമായി കൊറോണാ വൈറസിന്റെ ജനിതക വകഭേദമായ ഒമൈക്രോൺ ബാധിച്ച് യുകെയിൽ ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചു . പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആണ് ഇക്കാര്യം അറിയിച്ചത് . ഒമൈക്രോൺ വ്യാപനം മൂലം കൂടുതൽ വൈറസ് ബാധിതർ ആശുപത്രികളിൽ എത്തിച്ചേരുന്നത് എൻഎച്ച്എസിനെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്ക ശക്തമാണ്. ഇപ്പോൾ ജനങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം അവരുടെ ബൂസ്റ്റർ ഡോസ് എടുക്കുക എന്നുള്ളതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രണ്ട് ഡോസ് പ്രതിരോധകുത്തിവയ്പ്പ് സ്വീകരിച്ചവർക്ക് ഒമൈക്രോൺ വൈറസിൽ നിന്ന് സംരക്ഷണം ലഭിക്കുകയില്ലന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇംഗ്ലണ്ടിലെ 20 ശതമാനം കേസുകളും ഇപ്പോൾ ഒമൈക്രോൺ വൈറസ് മൂലമാണെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് എംപിമാരോട് പറഞ്ഞു.

തിങ്കളാഴ്ച 5 ദശലക്ഷത്തിലധികം ജനങ്ങൾ തങ്ങളുടെ ബൂസ്റ്റർ ഡോസിനായി ബുക്കു ചെയ്തതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു അതേസമയം തുടർച്ചയായ രണ്ടാം ദിവസവും ബൂസ്റ്റർ ഡോസ് ബുക്കിംഗിനായുള്ള എൻഎച്ച്എസ് വെബ്സൈറ്റ് തകരാറിലായി . ഒമൈക്രോൺ ഭീതിയിൽ കൂടുതൽ ആളുകൾ ബൂസ്റ്റർ ഡോസ് ബുക്കിംഗിനായി ശ്രമിച്ചതാണ് തകരാറിന് കാരണമായത്. അതുപോലെതന്നെ ആവശ്യക്കാരുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിച്ചതിന് തുടർന്ന് കോവിഡ് ടെസ്റ്റിനായുള്ള ലാറ്ററൽ ഫ്ലോ കിറ്റുകളുടെ വിതരണവും താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ടെസ്റ്റ് കിറ്റുകളുടെ ലഭ്യതയിൽ കുറവില്ലെന്നും ആവശ്യക്കാരുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിച്ചതു മൂലം വിതരണത്തിലുണ്ടായ പ്രശ്നങ്ങൾ മാത്രമേ ഉള്ളൂവെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു. ഇന്നലെ 54661 പ്രതിദിന കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. 38 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. രാജ്യത്തെ 4713 ഒമൈക്രോൺ കേസുകൾ സ്ഥിതീകരിച്ചിട്ടുണ്ടെങ്കിലും പ്രതിദിന അണുബാധയുടെ നിരക്ക് രണ്ടു ലക്ഷമാണെന്ന് യുകെ സെക്യൂരിറ്റി ഏജൻസി കണക്കാക്കുന്നതായി ആരോഗ്യ സെക്രട്ടറി പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഡെൽറ്റാ വേരിയന്റ് ഏറ്റവും ഗുരുതരമായി ബാധിച്ച ബ്രിട്ടനിൽ ഒമിക്രോൺ വളരെ വേഗത്തിൽ പടർന്നു കൊണ്ടിരിക്കുകയാണ്. ഡെൽറ്റയെക്കാൾ അതിവേഗം ഒമൈക്രോൺ വ്യാപിച്ചിട്ടുണ്ടെന്നും സാമൂഹിക വ്യാപനം സംഭവിച്ചിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. വളരെ തീവ്രത കുറഞ്ഞ രോഗലക്ഷണങ്ങൾ മാത്രമാണ് ഒമൈക്രോൺ ബാധിതർ പ്രകടിപ്പിക്കുന്നത്. അതിനാൽ തന്നെ ഒമൈക്രോൺ ബാധിച്ചതിനെ തുടർന്ന് റിപ്പോർട്ട് ചെയ്‌തിട്ടുള്ള ആശുപത്രിവാസ കണക്കുകൾ താരതമ്യേനെ കുറവാണ്. എന്നാൽ ഈ വകഭേദം എത്രത്തോളം അപകടകാരിയാണെന്ന് സ്‌ഥിരീകരിക്കാൻ ഇപ്പോഴത്തെ ഡേറ്റ മതിയാകില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

ബ്രിട്ടനിൽ കോവിഡിൻെറ പുതിയ വകഭേദമായ ഒമൈക്രോണിൻെറ തരംഗം ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതിരുന്നാൽ എന്തു സംഭവിക്കുമെന്നുള്ളതിന് മുൻകാല അനുഭവങ്ങൾ പാഠമാണെന്നും ബോറിസ് ജോൺസൺ കൂട്ടിച്ചേർത്തു. ഒമൈക്രോൺ കേസുകൾ രാജ്യത്ത് ഉയർന്നു വരുന്ന സാഹചര്യത്തിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ ബ്രിട്ടൻ വേഗത്തിലാക്കിയിരുന്നു. ബൂസ്റ്റർ ഡോസുകൾ രോഗതീവ്രത നിയന്ത്രിച്ചു നിർത്തുമെന്നാണ് പ്രതീക്ഷയെങ്കിലും കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കാൻ അദ്ദേഹം നിർദേശം നൽകി.

ഒമൈക്രോൺ തീവ്രത കുറഞ്ഞതാണെന്ന നിഗമനത്തിലേക്ക് എത്തിച്ചേരാൻ സമയമായിട്ടില്ലെന്നും വ്യാപന ശേഷി കൂടുന്നതു മൂലം അണുബാധയുടെ തീവ്രത കുറയുമെന്ന് കരുതുന്നില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. നിയന്ത്രണങ്ങൾ കർശനമാക്കിയില്ലെങ്കിൽ അടുത്ത വർഷം ആദ്യത്തോടെ ബ്രിട്ടനിൽ ഒമൈക്രോൺ തരംഗമുണ്ടായേക്കാമെന്ന് ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീനിൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ (എൽഎസ്എച്ച്ടിഎം) മുന്നറിയിപ്പ് നൽകി. അടുത്ത വർഷം ഏപ്രിലോടെ 25,000 മുതല്‍ 75,000വരെ ആളുകൾ മരിക്കാൻ ഇടയുണ്ടെന്നും എൽഎസ്എച്ച്ടിഎം പ്രവചിച്ചിരുന്നു. ഡെൽറ്റ വകഭേദത്തേക്കാൾ വളരെ വേഗത്തിൽ ഒമൈക്രോൺ വ്യാപിക്കുമെന്നും എൽഎസ്എച്ച്ടിഎം മുന്നറിയിപ്പ് നൽകി. ക്രിസ്മസും പുതുവത്സര ആഘോഷങ്ങളും കഴിയുന്നതോടെ പ്രതിദിനം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

RECENT POSTS
Copyright © . All rights reserved