ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കഠിനമേറിയ ശൈത്യകാലത്തെ എൻഎച്ച്എസ് അഭിമുഖീകരിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. എൻ എച്ച് എസിൽ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. എ & ഇ പ്രവേശനം വൈകുന്നതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ആംബുലൻസിനുവേണ്ടി ഒൻപത് മണിക്കൂർ കാത്തിരുന്നതായി ഒരു രോഗി വെളിപ്പെടുത്തി. ഈസ്റ്റർ കാലത്ത് എൻ എച്ച് എസ് സേവനങ്ങൾ മുഴുവൻ താറുമാറിലാകുമെന്ന ആശങ്കയിലാണ് അധികൃതർ. മാർച്ചിൽ 71% രോഗികളെ ചികിത്സിക്കുകയും നാല് മണിക്കൂറിനുള്ളിൽ അവരെ അഡ്മിറ്റ് ചെയ്യുകയോ ഡിസ്ചാർജ് ചെയ്യുകയോ ചെയ്തു. 2019 മാർച്ചിൽ ഇത് 87% ആയിരുന്നു. അത്യാഹിത വിഭാഗത്തിൽ എത്തുന്ന ആളുകളുടെ എണ്ണം ക്രമാനുഗതമായി വർധിക്കുകയാണ്.

അടിയന്തര പരിചരണം ആവശ്യമില്ലെങ്കിൽ എ & ഇ യിൽ എത്തുന്ന കാര്യം ചിന്തിക്കണമെന്ന് നിരവധി ആശുപത്രികൾ പൊതുജനങ്ങൾക്ക് ഓൺലൈനിൽ അറിയിപ്പ് നൽകിയിരുന്നു. അത്യാഹിത വിഭാഗങ്ങളിലേക്കുള്ള നീണ്ട കാത്തിരിപ്പ് ആശങ്കാജനകമാണെന്ന് റോയൽ കോളേജ് ഓഫ് എമർജൻസി മെഡിസിൻ പ്രസിഡന്റ് ഡോ. കാതറിൻ ഹെൻഡേഴ്സൺ പറഞ്ഞു. ഈ നീണ്ട കാത്തിരിപ്പ് രോഗിയുടെ അവസ്ഥ വഷളാകാൻ കാരണമാകുമെന്നും അവർ കൂട്ടിച്ചേർത്തു.

അത്യാഹിത വിഭാഗത്തിലെ രോഗികളെ മറ്റൊരു വാർഡിലേക്ക് മാറ്റുന്നതിലും സമ്മർദ്ദം നേരിടുന്നുണ്ട്. മെയിൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ്, മാർച്ചിൽ 22,506 പേർക്ക് എ ആൻഡ് ഇ ഡിപ്പാർട്ട്‌മെന്റുകളിലെ ട്രോളികളിലും ക്യൂബിക്കിളുകളിലും 12 മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നു. ജീവനക്കാരുടെ ക്ഷാമവും കോവിഡുമാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണം.