ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ ഹേ ഫിവർ ബാധിക്കാനുള്ള സാധ്യത ഏറെയാണെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മെറ്റ് ഡിപ്പാർട്മെന്റ്. താപനില വർധിക്കുന്ന സാഹചര്യത്തിൽ അന്തരീക്ഷത്തിൽ അമിതമായി പൂമ്പൊടികൾ ഉണ്ടാകാനുള്ള സാധ്യത ഏറെയായതിനാലാണ് ഇത്തരമൊരു മുന്നറിയിപ്പ്. ഇത് 10 മില്യനോളം ജനങ്ങളിൽ ഹേ ഫിവറിന്റെ ലക്ഷണങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്നതിന് ഇടയാക്കും. ബ്രിട്ടണിൽ അഞ്ചിൽ ഒരാൾക്ക് ഹേ ഫിവർ ഉണ്ടെന്നാണ് നിലവിലെ കണക്കുകൾ വ്യക്തമാക്കുന്നത്. ബുധനാഴ്ച മുതൽ തന്നെ ഇംഗ്ലണ്ടിലെ എല്ലാ ഭാഗങ്ങളിലും പൂമ്പൊടിയുടെ സാന്നിധ്യം ഉണ്ടാകും. വെയിൽസിലും ഈ ആഴ്ചകൾ ജനങ്ങൾ കൂടുതൽ ശ്രദ്ധാലുക്കൾ ആകണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. അന്തരീക്ഷത്തിൽ വായുവിന്റെ ഒരു ക്യുബിക് മീറ്ററിൽ 50 ഗ്രയിൻസ് പോളൻ ഉണ്ടാകുമ്പോഴാണ് ഹേ ഫിവർ ലക്ഷണങ്ങൾ ഉണ്ടാകുന്നത്.

മരങ്ങളിൽ നിന്നുള്ള പോളൻ ആണ് ഈ സമയത്ത് കൂടുതൽ ഉണ്ടാകുന്നത് എന്നാണ് മെറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചത്. ബിർച്, ആഷ്, എല്മ് എന്നീ മരങ്ങളിൽ നിന്നുള്ള പൂമ്പൊടികളാണ് കൂടുതൽ . ഇതിൽ തന്നെ ബിർച് മരങ്ങളിൽ നിന്നുള്ള പോളന്റെ സാന്നിധ്യമാകും അധികവും. മാർച്ച് മുതൽ മെയ് പകുതി വരെയുള്ള സമയങ്ങളിൽ ആണ് ബ്രിട്ടണിൽ ഇത്തരത്തിൽ മരങ്ങളിൽ നിന്നുള്ള പൂമ്പൊടികളുടെ സാന്നിധ്യം അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ ഉണ്ടാവുക. ഹേ ഫിവർ ഉള്ള ഭൂരിഭാഗം പേരും മരങ്ങളുടെ പൂമ്പൊടികളോട് അലർജി ഉള്ളവരാണ്. മെയ് മാസം പകുതി മുതൽ ജൂലൈ വരെ ഗ്രാസ് പോളന്റെ സാന്നിദ്ധ്യമാണ് അധികവും ഉണ്ടാവുക. തുമ്മൽ,മൂക്കൊലിപ്പ്, കണ്ണിൽ നിന്ന് വെള്ളം വരുക, മണം നഷ്ടപ്പെടുക,തലവേദന, ക്ഷീണം മുതലായവയെല്ലാം തന്നെ ഹേ ഫിവറിന്റെ ലക്ഷണങ്ങളാണ്. ആസ്മ ഉള്ളവർ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട സാഹചര്യമാണ് ഇതെന്നും അധികൃതർ വ്യക്തമാക്കി.