ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോകത്ത് ആദ്യമായി വാക്സിൻ പൊതു ജനങ്ങളിലേക്ക് എത്തിച്ചത് ബ്രിട്ടനാണ്. വാക്സിൻ നിർമാതാക്കളുമായി കരാറുകളിൽ ഏർപ്പെടുന്നതിലും ആവശ്യമായ വാക്സിൻ ലഭ്യത ഉറപ്പാക്കുന്നതിലും കാര്യക്ഷമമായ പ്രവർത്തനമാണ് ഭരണ നേതൃത്വത്തിൻെറ ഭാഗത്തുനിന്ന് ഉണ്ടായത്. ഒരു സമയത്ത് ലോകമാകെ ആഞ്ഞടിച്ച കോവിഡ് മഹാമാരിയെ പിടിച്ചുനിർത്താൻ രാജ്യത്തെ സഹായിച്ചത് യുദ്ധകാലടിസ്ഥാനത്തിലുള്ള വാക്സിൻ വിതരണവും ലോക് ഡൗൺ നിയന്ത്രണങ്ങളുമാണ്.
എന്നാൽ പ്രതിരോധ കുത്തിവെയ്പ്പുകൾ കാര്യക്ഷമമായി നൽകിയെന്ന് അഭിമാനിക്കുമ്പോഴും പുറത്തുവരുന്ന ചില വിവരങ്ങൾ ഞെട്ടിപ്പിക്കുന്നവയാണ്. ഈ വർഷം ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 13 ഗർഭിണികളാണ് രാജ്യത്ത് കോവിഡ് മൂലം മരണമടഞ്ഞത്. മരണമടഞ്ഞ 85% ഗർഭിണികളായ കോവിഡ് രോഗികളും പ്രതിരോധ കുത്തിവെയ്പ്പുകൾ സ്വീകരിച്ചിരുന്നില്ല. ഒന്നാമത്തെയും രണ്ടാമത്തെയും കോവിഡ് തരംഗത്തെക്കാൾ ഉയർന്ന മരണനിരക്കാണ് ഗർഭിണികളിൽ എന്നത് കടുത്ത ആശങ്ക ഉളവാക്കിയിരിക്കുകയാണ്. പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിക്കുന്നത് സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടെങ്കിലും പൊതുവേ ഗർഭിണികൾ വാക്‌സിൻ എടുക്കാൻ വിമുഖത കാണിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബ്രിട്ടനിൽ ഇതുവരെ 15 ശതമാനം ഗർഭിണികൾ മാത്രമാണ് രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്പ്പുകൾ സ്വീകരിച്ചിരിക്കുന്നത്.
പ്രതിരോധ കുത്തിവെയ്പ്പുകളോടനുബന്ധിച്ച് കഴിഞ്ഞ കുറേ ദിവസങ്ങളിലായി പുറത്തുവരുന്ന വിവരങ്ങൾ ഒട്ടും ആശ്വാസകരമല്ല. കോവിഡിനെതിരെ പോരാടേണ്ട ആരോഗ്യപ്രവർത്തകരിൽ വളരെയേറെ പേർ പ്രതിരോധകുത്തിവെയ്പ്പ് എടുത്തിട്ടില്ല എന്നത് ഞെട്ടലോടെയാണ് രാജ്യം ശ്രവിച്ചത്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ കർശനമായി വാക്സിൻ സ്വീകരിക്കണമെന്ന നിലപാട് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് വ്യക്തമാക്കിയിരുന്നു. ഈ നിലപാടുമായി എൻഎച്ച്‌എസ് മുന്നോട്ടുപോവുകയാണെങ്കിൽ 13000 ആരോഗ്യപ്രവർത്തകർക്കാണ് വെസ്റ്റ്‌ലാൻഡിൽ മാത്രം ജോലി നഷ്ടപ്പെടുന്നത് . വാക്സിൻ എടുക്കാത്തവർക്ക് ജോലിയിൽ നിന്ന് മാറിനിൽക്കേണ്ട സാഹചര്യം ഉടലെടുത്താൽ കെയർ മേഖലയിലും ആരോഗ്യമേഖലയിലും അവ സൃഷ്ടിക്കുന്ന പ്രതിസന്ധി വളരെ ഗുരുതരമായിരിക്കും എന്നാണ് കരുതപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഒടുവിൽ നിയമപരമായി തന്നെ ബ്രെറ്റ് നഷ്ടപരിഹാരം നേടിയെടുത്തു. ടെസ്കോയിൽ ഇന്ധനം നിറയ്ക്കാനായി 100 പൗണ്ടിന്റെ നാണയം ഉപയോഗിച്ചതിന്റെ പേരിൽ കുറ്റാരോപിതനായ വ്യക്തിക്ക് പോലീസ് 5,000 പൗണ്ട് നഷ്ടപരിഹാരം നൽകി. കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിനാധാരമായ സംഭവം. എക്‌സെറ്ററിലെ ടെസ്‌കോ സ്റ്റേഷനിൽ നിന്ന് ഇന്ധനം നിറച്ച ബ്രെറ്റ് ചേംബർലെയ്ൻ (54), 100 പൗണ്ടിന്റെ നാണയം നൽകിയെങ്കിലും ജീവനക്കാർ സ്വീകരിച്ചില്ല. ബില്ലിലുള്ള 60 പൗണ്ട് അടയ്ക്കാൻ ആണ് അദ്ദേഹം നാണയം ഉപയോഗിച്ചത്. നാണയം സ്വീകരിക്കാതിരുന്ന ജീവനക്കാർ ബ്രെറ്റിനെതിരെ പരാതി നൽകി. ഇന്ധനം നിറച്ച ശേഷം പണം നൽകാതെ വാഹനമോടിച്ചു പോയെന്ന കുറ്റമാണ് ബ്രെറ്റിനുമേൽ ചുമത്തിയത്.
അന്വേഷണ വിധേയമായി വിട്ടയക്കുന്നതിന് മുമ്പ് പോലീസ് തന്നെ ചോദ്യം ചെയ്തിരുന്നതായി ബ്രെറ്റ് പറഞ്ഞു. തുടർന്ന് കുറ്റം ചുമത്തില്ലെന്ന് അറിയിച്ചു ഡെവൺ ആൻഡ് കോൺവാൾ പോലീസ് ബ്രെറ്റിനൊരു കത്തയച്ചു. എന്നാൽ പോലീസിനെതിരെ നിയമനടപടി ആരംഭിച്ച ബ്രെറ്റിന് ഒടുവിൽ 5000 പൗണ്ട് നഷ്ടപരിഹാരം ലഭിച്ചു. റോയൽ മിന്റ് നാണയങ്ങൾ ഉപയോഗിച്ചതിന്റെ പേരിൽ തനിക്കെതിരെ കേസെടുക്കാൻ പോലീസ് ശ്രമിച്ചതായി അദ്ദേഹം അറിയിച്ചു. “ഏതൊരു പൗരനെയും പോലെ ഞാൻ പണം ചെലവഴിക്കാൻ ശ്രമിക്കുകയായിരുന്നു. ഇന്ധനം നിറയ്ക്കുന്നതിനു വേണ്ടിയാണ് ഞാൻ നാണയം ഉപയോഗിച്ചത്. മോറിസൺസ്, അസ്ഡ, സെയിൻസ്ബറി എന്നിവർ നാണയം സ്വീകരിക്കുന്നു. എന്നാൽ ടെസ്കോയിൽ അത് ബുദ്ധിമുട്ടാണ്.” ബ്രെറ്റ് കൂട്ടിച്ചേർത്തു.
രാജ്യത്ത് നിയമപരമായി ഉപയോഗിക്കാവുന്ന നാണയം ആണെങ്കിലും നിശ്ചിത കാലത്തേയ് ക്കോ സമ്മാനങ്ങളായോ അവ രൂപകൽപ്പന ചെയ്തിരിക്കുന്നതിനാൽ കടകളും ബിസിനസ്സുകളും പൊതുവെ സ്വീകരിക്കാറില്ല. കേസിൽ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾ തിരിച്ചറിയാനും പരിഹരിക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഡെവൺ ആൻഡ് കോൺവാൾ പോലീസ് പ്രസ്താവന ഇറക്കി. നാണയങ്ങളെ നിയമപരമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും തങ്ങൾ അത് സ്വീകരിക്കാറില്ലെന്നാണ് ടെസ്കോയുടെ വാദം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ആരോഗ്യപ്രവർത്തകരിൽ കോവിഡ്-19 ൻെറ പ്രതിരോധ കുത്തിവെയ്പ്പുകൾ എടുക്കാൻ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളുമായി മുന്നോട്ടുപോവാൻ ഉറച്ച് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ്. വാക്സിനേഷൻ നിർബന്ധമാക്കിയാൽ വെസ്റ്റ്ലാൻഡിൽ തന്നെ പതിമൂവായിരത്തിലധികം എൻഎച്ച്എസ് ജീവനക്കാർക്ക് തങ്ങളുടെ ജോലി നഷ്ടമാകും. ബർമിങ്ഹാമിലെ ഏറ്റവും വലിയ ആശുപത്രിയായ ക്യൂൻ എലിസബത്ത് ഹോസ്പിറ്റൽ ഉൾപ്പെടുന്ന മണ്ഡലമായ എഡ് ജ്ബാസ്റ്റൺ എംപി പ്രീത് കൗർ ഗിൽ വരാൻ സാധ്യതയുള്ള ഒരു വൻ ദുരന്തമായി ആരോഗ്യ സെക്രട്ടറിയുടെ ഈ നീക്കത്തെ വിമർശിച്ചു. ഈ നടപടി രോഗികളുടെ പരിചരണത്തെ സാരമായി ബാധിക്കുമെന്ന് എൻ എച്ച് എസ് അധികൃതർ വ്യക്തമാക്കി.
ഇംഗ്ലണ്ടിലെ ഹെൽത്ത് കെയർ ജീവനക്കാർക്ക് പ്രതിരോധ കുത്തിവെയ്പ്പുകൾ നിർബന്ധമാക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് താനെന്ന് സാജിദ് ജാവിദ് പറഞ്ഞു. നേരത്തെ ഹെൽത്ത് കെയർ ജീവനക്കാർക്കും സമാനമായ നടപടി അവതരിപ്പിച്ചിരുന്നു. നവംബർ 11 മുതൽ എല്ലാ കെയർഹോം ജീവനക്കാരും മെഡിക്കൽ കാരണങ്ങളാൽ ഒഴിവാക്കപ്പെടുന്നില്ലെങ്കിൽ പൂർണമായി വാക്സിനേഷൻ സ്വീകരിക്കേണ്ടതുണ്ട്.എന്നാൽ എൻഎച്ച്എസിൻെറ കണക്കുകളനുസരിച്ച് ബെർമിങ്ഹാം, സോളിഹൾ, കവെൻട്രി, ബ്ലാക്ക് കൺട്രി എന്നിവിടങ്ങളിൽ ഏകദേശം 13,270 എൻഎച്ച്എസ് ജീവനക്കാരാണ് പൂർണമായി വാക്സിനേഷൻ എടുക്കാത്തത് ഇതിൽ 9,674 ജീവനക്കാർ ഒരു ഡോസ് വാക്സിൻ പോലും സ്വീകരിച്ചിട്ടില്ല.
ആരോഗ്യ മേഖലയിലെ മുൻനിര ജീവനക്കാർക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകൾ നിർബന്ധമാക്കണോ എന്നതിനെക്കുറിച്ച് സർക്കാർ ആലോചിച്ച് വരികയാണ്. എന്നാൽ,പുതിയ നടപടിയിൽ താൻ ഉറച്ച് നിൽക്കുകയാണെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് മാധ്യമങ്ങളോട് പറഞ്ഞു . ഇത്തരത്തിലൊരു നയം കെയർ സെക്ടറുകളിൽ പ്രഖ്യാപിച്ചപ്പോൾ കൂടുതൽ ആളുകൾ മുന്നോട്ടുവരികയും പ്രതിരോധകുത്തിവെയ്പ്പുകൾ എടുക്കുകയുമാണ് ചെയ്തത് . ഇതുപോലെ എൻഎച്ച്എസ് ജീവനക്കാരും പ്രതിരോധ കുത്തിവെയ്പ്പുകൾ സ്വീകരിക്കുവാനായി മുന്നോട്ട് വരുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യ സെക്രട്ടറി പ്രതികരിച്ചു. ആരോഗ്യപ്രവർത്തകർ വാക്സിനേഷൻ സ്വീകരിച്ചില്ലെങ്കിൽ അത് രോഗികളുടെ സുരക്ഷയെ ബാധിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എൻഎച്ച്എസ് ജീവനക്കാരിൽ ഭൂരിഭാഗവും വാക്സിനേഷൻ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ജീവനക്കാരിൽ ചിലർ ഇതിനോട് വിമുഖത കാണിക്കുന്നുണ്ട് . എൻഎച്ച്എസിൻെറ കണക്കുകൾ പ്രകാരം ബിർമിംഗ്ഹാമിലെയും സോളിഹുൾ മെന്റൽ ഹെൽത്ത് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെയും 16 ശതമാനത്തോളം ജീവനക്കാർ ഒരു ഡോസ് വാക്സിനേഷൻ പോലും സ്വീകരിച്ചിട്ടില്ല. സാൻഡ്വെൽ, വെസ്റ്റ് ബർമിംഗ്ഹാം ഹോസ്പിറ്റൽസ് തുടങ്ങിയ എൻഎച്ച്എസ് ട്രസ്റ്റിലെ 15 ശതമാനത്തോളം ജീവനക്കാരാണ് വാക്സിനേഷൻ എടുക്കാത്തതായുള്ളത്. ക്യൂൻ എലിസബത്ത് ഉൾപ്പെടെ ഉള്ള നിരവധി പ്രധാന ആശുപത്രികൾ നടത്തുന്ന യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽസ് ബർമിംഗ്ഹാം എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൻെറ ഏകദേശം 14 ശതമാനത്തോളം ജീവനക്കാരാണ് വാക്സിനേഷൻ എടുക്കാത്തത്.
സർക്കാരിൻെറ ഈ പുതിയ പദ്ധതി പ്രകാരം വാക്സിനേഷൻ എടുക്കാത്ത ജീവനക്കാർക്കെതിരെ എന്ത് നീക്കമാണ് നടത്തുന്നതെന്ന് ഇതുവരെയും വ്യക്തമല്ല. പ്രതിരോധ കുത്തിവെയ്പ്പുകൾ സ്വീകരിക്കാത്തവർക്ക് തങ്ങളുടെ ജോലി നഷ്ടമാവാൻ ആണ് ഏറെ സാധ്യത. അതേസമയം ബൂസ്റ്റർ പ്രോഗ്രാമിൻെറ വിതരണത്തെക്കുറിച്ചുള്ള ആശങ്ക എംപി പ്രീത് കൗർ ഗിൽ പങ്കുവെച്ചു. എൻഎച്ച്എസ് ജീവനക്കാർ വാക്സിൻ സ്വീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ, ബൂസ്റ്റർ വാക്സിനേഷനുകളുടെ വിതരണം ഫലപ്രദമായി നടപ്പിലാക്കാനാണ് സർക്കാർ ഇപ്പോൾ ശ്രദ്ധ ചെലുത്തേണ്ടതെന്നും അവർ ഓർമ്മിപ്പിച്ചു. ദശലക്ഷം രോഗികൾ വെയിറ്റിംഗ് ലിസ്റ്റിൽ ഉള്ള ഈ സമയത്ത് ജീവനക്കാരെ പ്രതിരോധകുത്തിവെയ്പ്പുകൾ സ്വീകരിക്കാത്തതിൻെറ പേരിൽ പുറത്താക്കരുത് എന്നും അവർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അടുത്തവർഷം ബ്രിട്ടനിലെ എല്ലാ നേഴ്സുമാർക്കും ശമ്പള വർദ്ധനവ് ഉണ്ടാകുമെന്ന് ചാൻസലർ ഋഷി സുനക് പ്രഖ്യാപിച്ചു. ഉചിതമായ ശമ്പളവർദ്ധനവിനെ കുറിച്ച് പഠിക്കാൻ ഉടൻതന്നെ പേ റിവ്യൂ ബോഡിയോടെ അനുബന്ധിച്ചുള്ള നടപടികൾ ഉടൻതന്നെ ആരംഭിക്കുമെന്ന് ചാൻസിലർ പറഞ്ഞു. പേ റിവ്യൂ ബോഡിയുടെ ശുപാർശകൾ ഗവൺമെൻറ് അംഗീകരിച്ചാൽ അടുത്ത വർഷം തന്നെ പുതിയ ശമ്പളസ്കെയിൽ നിലവിൽ വരും. നിലവിൽ നടപ്പിലാക്കിയ ശമ്പള വർധനവിന്റെ അപാകതകളെ കുറിച്ച് നേഴ്‌സിംഗ് യൂണിയനുകളുടെ ഇടയിൽ കടുത്ത അസംതൃപ്തി ഉടലെടുത്തിരുന്നു. നിലവിൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും എൻഎച്ച്എസ് സ്റ്റാഫിന് 3 ശതമാനവും സ്കോട്ട്ലൻഡിലെ നേഴ്സുമാർക്ക് നാല് ശതമാനവും ശമ്പള വർദ്ധനവാണ് ലഭിച്ചത്. അതേസമയം നോർത്തേൺ അയർലൻഡിലെ നേഴ്സുമാർക്ക് എത്രമാത്രം ശമ്പളവർധനവ് ഉണ്ടാകുമെന്ന് ഇതുവരെ അറിവായിട്ടില്ല.
കോവിഡ് മഹാമാരിയെ തുടർന്ന് പൊതുമേഖലാ ജീവനക്കാരുടെ ശമ്പള വർദ്ധനവ് മരവിപ്പിക്കുന്നത് പിൻവലിച്ച സാഹചര്യത്തിൽ എല്ലാ വിഭാഗം ജീവനക്കാർക്കും ശമ്പളത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടാകുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. ചാൻസിലർ ഋഷി സുനക്കിൻെറ തീരുമാനം മലയാളികൾ ഉൾപ്പെടെയുള്ള യുകെയിലെ നേഴ്സുമാർക്ക് സന്തോഷം പകരുന്ന വാർത്തയാണ് . യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാകയാൽ നിർദ്ദിഷ്ട ശമ്പളപരിഷ്കരണം ഏറ്റവും ഗുണകരമാകുന്നത് പ്രവാസി മലയാളികൾക്കാണ്. 2020 ജൂലൈ പൊതുമേഖലാ തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചപ്പോൾ നേഴ്സുമാരെ വേതന വർധനവിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതിനെതിരെ അന്ന് വൻ പ്രതിഷേധമാണ് നേഴ്സിങ് യൂണിയനുകളുടെ ഭാഗത്തുനിന്നും ഉണ്ടായത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഹീത്രോ : അർദ്ധകാല അവധി ആഘോഷിക്കാനായി വില്യമും കേറ്റും മക്കളോടൊത്ത് പുറപ്പെട്ടു. മക്കളായ ജോർജ്ജ്, ഷാർലറ്റ്, ലൂയിസ് എന്നിവരോടൊപ്പം വില്യം രാജകുമാരനും കേറ്റും ഹീത്രോയിലെ വിൻഡ്‌സർ സ്യൂട്ടിന് പുറത്ത് നിൽക്കുന്നതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നൂറോളം ജീവനക്കാരുള്ള സ്യൂട്ടിൽ സന്ദർശകർക്ക് വിഐപി പരിഗണനയാണ് ലഭിക്കുന്നത്. 3,300 പൗണ്ട് വിലമതിക്കുന്ന വിൻഡ്‌സർ സ്യൂട്ടിൽ 96 ജീവനക്കാരുണ്ട്. അതിഥികളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കാനായി ബിഎംഡബ്ല്യു കാറോടൊപ്പം ഡ്രൈവർ സേവനവും നൽകുന്നുണ്ട്. അതിഥികളെ നേരിട്ട് വിമാനത്താവളത്തിലേക്ക് എത്തിക്കും. ലഗേജുകൾ സ്‌ക്രീൻ ചെയ്യാനും സുരക്ഷിതമായി വിമാനത്തിൽ സൂക്ഷിക്കാനുമായി പ്രത്യേകം ജീവനക്കാരുണ്ടാകും.
രാജ്ഞിയുടെ ചിത്രം ഉൾകൊള്ളുന്ന ഒരു ആഡംബര ലോഞ്ചാണ് വില്യമിനും കേറ്റിനുമായി ഒരുക്കപ്പെട്ടത്. അതിമനോഹരമായ കലാസൃഷ്ടികളാണ് മുറിയിൽ ഇടം നേടിയിരിക്കുന്നത്. ഏറ്റവും പ്രധാനമായി ഏതൊരാവശ്യവും നിറവേറ്റാനായി 96 ജീവനക്കാർ ഉണ്ടാകുമെന്നതാണ്. ഭക്ഷണപാനീയങ്ങൾ വിളമ്പുന്നത് ഉൾപ്പെടെ എല്ലാ കാര്യങ്ങളും അവർ ഏറ്റെടുക്കും. മിഷേലിൻ സ്റ്റാർ മെനുവാണ് അതിഥികളെ കാത്തിരിക്കുന്നത്. അതിഥികൾക്ക് ആവശ്യമുള്ളത്ര വിഭവങ്ങൾ മെനുവിൽ നിന്ന് ഓർഡർ ചെയ്യാൻ സാധിക്കുമെന്ന് ഹീത്രോ വിഐപി ഹെഡ് പ്രിയ മൽഹോത്ര പറഞ്ഞു. വിമാനത്തിൽ കയറാനുള്ള സമയമാകുമ്പോൾ സ്വകാര്യ ബിഎംഡബ്ല്യു എത്തും. ഫസ്റ്റ് ക്ലാസ്സോ ബിസിനസ് ക്ലാസ് ടിക്കറ്റോ ഉള്ള ആർക്കും £2,750 (വാറ്റ് സഹിതം ഏകദേശം £3,300) എന്ന നിരക്കിൽ വിഐപി സേവനം ലഭിക്കുന്നതാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്നുമുതൽ 12.5 മണിക്കൂർ ഷിഫ്റ്റിൽ ജോലി ചെയ്യുന്ന എല്ലാ നേഴ്സിംഗ്, മിഡ്‌വൈഫറി ജീവനക്കാർക്കും ഇനി 11.5 മണിക്കൂർ വേതനം ലഭിക്കും. നേരത്തെ ട്രസ്റ്റിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ (ICU) ജോലി ചെയ്യുന്ന നേഴ്‌സുമാർക്ക് ഒന്നര മണിക്കൂർ അൺപെയ്‌ഡ് ഇടവേളയോടെ 11 മണിക്കൂർ വേതനമാണ് ലഭിച്ചിരുന്നത്. അതേസമയം മറ്റ് മേഖലകളിലെ നേഴ്‌സുമാർക്ക് 12.5 മണിക്കൂർ ഷിഫ്റ്റിൽ 10 മണിക്കൂർ 45 മിനിറ്റിന് വേതനം ലഭിച്ചിരുന്നു.
പുതിയ ഈ നടപടിയുമായി മുന്നോട്ടു പോകുമ്പോൾ ഈ ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന എല്ലാ നേഴ്‌സിംഗ് ജീവനക്കാർക്കും ഇപ്പോൾ ഒരു മണിക്കൂർ അൺപെയ്‌ഡ് ബ്രേയ്ക്ക് കൂടാതെ 15 മിനിറ്റ് അധിക പെയ് ഡ് ബ്രേയ്ക്കും ലഭിക്കും. ഈ മാറ്റത്തിലൂടെ രണ്ട് മാസത്തിലൊരിക്കൽ ജീവനക്കാർ ഒരു ഷിഫ്റ്റ് കുറച്ച് ജോലി ചെയ്താലും അവരുടെ കരാർ സമയം പാലിക്കാൻ അവർക്ക് സാധിക്കും.
തങ്ങളുടെ ഷിഫ്റ്റ് പാറ്റേണുകൾ മറ്റ് ട്രസ്റ്റുകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് നേരത്തെ ഫീഡ്‌ബാക്ക് ലഭിച്ചരുന്നുവെന്നും ഈ വിഷയത്തിൽ സ്റ്റാഫ് കൺസൾട്ടേഷൻ തയാറെടുപ്പുകൾ 2019 ൽ ഏറ്റെടുത്തതായും എന്നാൽ പകർച്ചവ്യാധി മൂലം ഈ നീക്കങ്ങൾ 2020 മാർച്ചിൽ നിർത്തിയതാന്നെന്നും ട്രസ്റ്റ് അധികൃതർ വ്യക്തമാക്കി.
ഷിഫ്റ്റ് പാറ്റേണുകളിലെ ഈ പ്രശ്‌നം ട്രസ്റ്റ് തിരിച്ചറിഞ്ഞിരുന്നുവെന്നും വേണ്ട നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിരുന്നെന്നും റോയൽ ഫ്രീ ഹോസ്പിറ്റൽ ബാൻഡ് 6 നേഴ്‌സും റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ് പ്രതിനിധിയുമായ മിസ് മൂർഹൗസ് പറഞ്ഞു. എന്നാൽ 2021 ഫെബ്രുവരിയിൽ സഹപ്രവർത്തകർ നേരിടുന്ന സമ്മർദ്ദം മനസിലാക്കി തൻെറ രോഗികളെ രക്ഷിക്കാൻ ശ്രമിക്കുന്ന അതേ രീതിയിൽ തൻെറ സഹപ്രവർത്തകരെ രക്ഷിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി.
മറ്റ് ട്രസ്റ്റുകളെപ്പോലെ 11.5 പെയിഡ് മണിക്കൂർ ഇല്ലാത്തതാണ് വളരെക്കാലമായി ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്ന്. കോവിഡ് -19 ന്റെ രണ്ടാം തരംഗം വ്യാപിച്ചതോടുകൂടി രാജ്യത്തുടനീളം തീവ്രപരിചരണ വിഭാഗങ്ങളിലുള്ള നിരവധി നേഴ്‌സുമാർ തങ്ങളുടെ ജോലി ഉപേക്ഷിക്കുന്നത് ശ്രദ്ധിയിൽപ്പെട്ടപ്പോഴാണ് തങ്ങളുടെ ട്രസ്റ്റിനും ഇത് സംഭവിച്ചേക്കാം എന്ന് മനസിലായത്. തൻെറ സഹപ്രവർത്തകരെ സഹായിക്കാൻ എന്തെങ്കിലും ചെയ്യണം എന്ന തീരുമാനത്തിൻെറ ഫലമായാണ് ഷിഫ്റ്റ് പാറ്റേണുകൾ മാറ്റുന്നതിനുള്ള ക്യാമ്പെയ്‌നിന് തുടക്കമിട്ടതും തന്നെ പിന്തുണയ്ക്കാൻ ആർസിഎന്നിനെ സമീപിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : പൊതുമേഖലാ തൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കാനൊരുങ്ങി സർക്കാർ. 13 ലക്ഷം പൊതുമേഖലാ തൊഴിലാളികളുടെ ശമ്പളവർദ്ധനവ് അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരുമെന്ന് ചാൻസലർ റിഷി സുനക് അറിയിച്ചു. ബുധനാഴ്ചയിലെ ബജറ്റിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. നഴ്‌സുമാർ, അധ്യാപകർ, സേനാംഗങ്ങൾ എന്നിവർക്ക് പ്രയോജനം ലഭിക്കുമെന്ന് ചാൻസലർ വ്യക്തമാക്കി. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ കഴിഞ്ഞ നവംബറിലാണ് ശമ്പളവർദ്ധനവ് താത്കാലികമായി നിർത്തിവെച്ചത്. ശക്തമായ സാമ്പത്തിക വീണ്ടെടുക്കലും തൊഴിൽ വിപണിയിലെ കുതിച്ചുചാട്ടവും ഈ ബജറ്റിലൂടെ സാധ്യമാകുമെന്ന് തിങ്കളാഴ്ച വൈകുന്നേരം സുനക് അറിയിച്ചിരുന്നു.
നികുതിയും വിലക്കയറ്റവും കാരണം കുടുംബങ്ങൾ ജീവിക്കാൻ ബുദ്ധിമുട്ടുകയാണെന്ന് ലേബർ പാർട്ടി ചൂണ്ടിക്കാട്ടി. എന്നാൽ കോവിഡ് പ്രതിസന്ധി കാരണമാണ് പൊതുമേഖലാ ശമ്പളവർദ്ധനവ് താത്ക്കാലികമായി നിർത്തലാക്കാനുള്ള തീരുമാനം സ്വീകരിക്കേണ്ടി വന്നതെന്ന് സുനക് പ്രസ്താവിച്ചു. ഇപ്പോൾ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച കണ്ടു തുടങ്ങിയിരുക്കുന്നു. ഈ സാഹചര്യം പരിഗണിച്ചാണ് ശമ്പളവർദ്ധനവ് വീണ്ടും ഏർപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്നത്.
2020-21 സാമ്പത്തിക വർഷത്തിൽ പൊതുമേഖലയിലെ ശരാശരി പ്രതിവാര വരുമാനം 4.5% വർദ്ധിച്ചു. അതേസമയം സ്വകാര്യ മേഖലയിലെ വേതന വർദ്ധനവ് കോവിഡിന് മുമ്പുള്ളതിനേക്കാൾ മൂന്നിലൊന്ന് കുറഞ്ഞ് 1.8 ശതമാനത്തിൽ എത്തി നിൽക്കുന്നു. വളരെ ആവശ്യമായ ശമ്പളവർദ്ധനവിന് ധനസഹായം നൽകാൻ ചാൻസലർ തയ്യാറാകണമെന്ന് യൂണിസൺ ജനറൽ സെക്രട്ടറി ക്രിസ്റ്റീന മക്‌നിയ ആവശ്യപ്പെട്ടു. നവംബറിലെ ശമ്പള മരവിപ്പിക്കൽ ഒട്ടേറെ കുടുംബങ്ങളെ തകർത്തുകളഞ്ഞെന്ന് അവർ ആരോപിച്ചു. കുതിച്ചുയരുന്ന എനർജി ബില്ലിനും വിലക്കയറ്റത്തിനും ഇടയിൽ നട്ടം തിരിയുന്ന കുടുംബങ്ങളെ സഹായിക്കാൻ സർക്കാർ തയ്യാറാകുമെന്നാണ് പ്രതീക്ഷ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പ്ലാസ്റ്റിക് വസ്തുക്കളുടെ പുനരുപയോഗം ആഗോള സമുദ്രങ്ങളും സമുദ്രത്തിലെ വന്യജീവികളും നേരിടുന്ന ഭീഷണികൾക്ക് ഉത്തരമാവുകയില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. സി ഒ പി 26 കാലാവസ്ഥ വ്യതിയാന ഉച്ചകോടിയ്ക്ക് മുന്നോടിയായി കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് പ്ലാസ്റ്റിക്കിൻെറ പുനരുപയോഗം പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങളെ പരിഹരിക്കുവാൻ മതിയാവുകയില്ല എന്ന് പ്രധാനമന്ത്രി പറഞ്ഞത്. പകരം ജനങ്ങൾ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രധാനമന്ത്രി ബോറിസ് ജോൺസൺൻെറ അഭിപ്രായങ്ങൾ വളരെ നിരാശജനകമാണെന്നും ഗവൺമെൻറ് നയങ്ങൾക്ക് വിരുദ്ധമായുള്ള പരാമർശങ്ങളാണ് അദ്ദേഹം നടത്തിയതെന്നും റീസൈക്ലിങ് അസോസിയേഷൻറെ പ്രതിനിധിയായ സൈമൺ എല്ലിൻ പറഞ്ഞു.
ചില പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പെയ്‌നേഴ്‌സ് പ്രധാനമന്ത്രിയുടെ നിലപാടിനെ പ്രശംസിക്കുകയും പ്ലാസ്റ്റിക്കിൻെറ ഉപയോഗം ഗണ്യമായി കുറയ്ക്കുവാനുള്ള നടപടികൾ എത്രയും പെട്ടെന്ന് തന്നെ നടപ്പിലാക്കേണ്ടതുണ്ടെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. യുകെയിൽ ഏകദേശം പത്ത് ശതമാനത്തിൽ താഴെ പ്ലാസ്റ്റിക്കുകൾ മാത്രമാണ് യഥാർത്ഥത്തിൽ റീസൈക്കിൾ ചെയ്യുന്നത്. പരിസ്ഥിതി പ്രശ്നങ്ങൾക്കുള്ള പരിഹാരമായി പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നത് ഉയർത്തിക്കാട്ടുന്നുണ്ടെങ്കിലും വ്യവസായികൾ പ്ലാസ്റ്റിക്കിൻെറ അമിത ഉൽപ്പാദനത്തെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്.
ഡൗണിംഗ് സ്ട്രീറ്റിൻെറ നേതൃത്വത്തിൽ എട്ടു മുതൽ പന്ത്രണ്ടു വയസ്സുവരെയുള്ള കുട്ടികൾക്ക് വേണ്ടി നടത്തിയ പ്രത്യേക പരിപാടിയിലാണ് റീസൈക്ലിംഗിനെ ആശ്രയിക്കുന്നതിനു പകരം ആളുകൾ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞത്. സമൂഹം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കാനായി പാസ്റ്റിക്കിൻെറ പുനരുപയോഗം കൊണ്ടാവുമെന്ന് കരുതുന്നത് തെറ്റാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : അടുത്ത വർഷം ഏപ്രിൽ ഒന്ന് മുതൽ മിനിമം വേതനവും നാഷണൽ ലിവിങ് വേജും വർദ്ധിക്കും. ബുധനാഴ്ചയിലെ ബജറ്റിൽ ഈ വർദ്ധനവ് ഔദ്യോഗികമായി സ്ഥിരീകരിക്കും. 23 വയസ്സിന് മുകളിലുള്ളവരുടെ മിനിമം വേതനത്തിൽ 6.6% വർദ്ധനവ് ഉണ്ടാകും. മണിക്കൂറിൽ 8.91 പൗണ്ടിൽ നിന്ന് 9.50 പൗണ്ടായാണ് വർദ്ധനവ് വരുത്തിയിരിക്കുന്നത്. കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായ തൊഴിലാളികളെ സഹായിക്കാൻ സർക്കാർ നിരന്തരം സമ്മർദം നേരിടുകയായിരുന്നു. കുറഞ്ഞ വേതനം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ നീങ്ങുന്നതെന്ന് ചാൻസലർ റിഷി സുനക് വ്യക്തമാക്കി.
21-22 വയസ് പ്രായമുള്ളവരുടെ ദേശീയ മിനിമം വേതനം മണിക്കൂറിന് 8.36 പൗണ്ടിൽ നിന്ന് 9.18 പൗണ്ടായും അപ്രന്റീസ് നിരക്ക് മണിക്കൂറിന് 4.30 പൗണ്ടിൽ നിന്ന് 4.81 പൗണ്ടായും വർദ്ധിപ്പിക്കും. 18 മുതൽ 20 വയസുവരെ പ്രായമുള്ളവരുടെ ദേശീയ മിനിമം വേതനം 6.56 പൗണ്ടിൽ നിന്ന് 6.83 പൗണ്ടായാണ് ഉയർത്തുന്നത്. ജീവനക്കാർക്ക് ലഭിക്കേണ്ട മിനിമം വേതനം അവരുടെ പ്രായത്തെയും അവർ അപ്രന്റീസുകളാണോയെന്നതിനെയും ആശ്രയിച്ചിരിക്കുന്നു. മിനിമം വേതനത്തേക്കാൾ ഉയർന്നതാണ് നാഷണൽ ലിവിങ് വേജ്.
മിനിമം വേതനം ഉയരുന്നത് കൂടുതൽ തൊഴിലില്ലായ്മയിലേക്ക് നയിക്കുമെന്ന് തൊഴിലുടമകൾ ഭയപ്പെടുന്നു. വർദ്ധനവ് താങ്ങാനായി തൊഴിലാളികളെ പിരിച്ചുവിടാൻ ഉടമകൾ നിർബന്ധിതരാകുമെന്നതാണ് കാരണം. എന്നാൽ മിനിമം വേതന വർധനവിന്റെ ഫലമായി തൊഴിൽ നഷ്‌ടമായതിന്റെ തെളിവുകളില്ലെന്ന് വിദ്ഗധർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം ഈ സമയം ചെറുകിട വ്യവസായങ്ങൾ കടുത്ത സമ്മർദ്ദത്തിലായിരുന്നു. 2024 ഓടെ തൊഴിൽ ദാരിദ്ര്യം മുതലായവ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ നികുതി വർദ്ധനവ്, ഉയർന്ന എനർജി ബില്ലുകൾ തുടങ്ങിയവ പ്രതിസന്ധി സൃഷ്ടിക്കുന്ന കാലത്ത് ഈ വർദ്ധനവ് പൊതുജനങ്ങളെ സഹായിക്കാൻ പര്യാപ്തമല്ലെന്ന് ലേബറിന്റെ ഷാഡോ ചീഫ് സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ ചൂണ്ടിക്കാട്ടി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഏറ്റവും കഠിനമായ ഒരു ശൈത്യകാലത്തെ അഭിമുഖീകരിക്കാൻ ഒരുങ്ങുകയാണ് എൻഎച്ച്എസ്. ഒരു വശത്ത് കോവിഡ് കേസുകൾ ഉയരുമ്പോഴും വാക്സിൻ പ്രതിരോധം ഉയർത്തിപിടിച്ച് ഭയപ്പെടേണ്ടതില്ലെന്ന് അധികാരികൾ പറയുന്നു. എൻഎച്ച്എസ് ഇപ്പോൾ അമിത സമ്മർദ്ദം നേരിടുന്നില്ലെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് ഉൾപ്പെടെയുള്ള മന്ത്രിമാർ പറഞ്ഞിട്ടുണ്ട്. പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം അരലക്ഷം അടുത്തിരിക്കുന്നു. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം ആയിരം എത്തിയിരിക്കുന്നു. വീണ്ടുമൊരു ക്രിസ്മസ് ലോക്ക്ഡൗൺ ഉണ്ടാകാതിരിക്കാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ പ്രതിദിനം കേസുകളിൽ ഉണ്ടാവുന്ന ഉയർച്ച വലിയ ആശങ്ക ഉളവാക്കുന്നുണ്ട്.
ഗുരുതരമായ ഒരു പ്രശ്നത്തിലേക്കാണ് രാജ്യം അടുക്കുന്നതെന്ന് ഗവൺമെന്റിന്റെ കോവിഡ് മോഡലിംഗ് കമ്മിറ്റി ചെയർ പ്രൊഫസർ ഗ്രഹാം മെഡ്‌ലി മുന്നറിയിപ്പ് നൽകി. വരുന്ന മാസങ്ങളിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണവും ഉയരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. എൻഎച്ച്എസ് ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഏറ്റവും കഠിനമായ ശൈത്യകാലമായിരിക്കും വരുന്നതെന്ന് റോയൽ കോളേജ് ഓഫ് എമർജൻസി മെഡിസിനും മുന്നറിയിപ്പ് നൽകിയിരുന്നു. നേഴ്‌സുമാരുടെ ക്ഷാമവും ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കുകയാണ്.
വേനൽക്കാലം മുഴുവൻ രാജ്യം പ്രതീക്ഷിച്ചതുപോലെ കോവിഡ് കേസുകളുടെയും ആശുപത്രി പ്രവേശനങ്ങളുടെയും നിരക്ക് കുറവായിരുന്നു. എന്നാൽ ആദ്യം വാക്സിൻ സ്വീകരിച്ച വിഭാഗങ്ങൾക്കിടയിൽ പ്രതിരോധശേഷി കുറയുന്നുവെന്ന വസ്തുത ഇപ്പോൾ മന്ത്രിമാരെ വല്ലാതെ അലട്ടുന്നുണ്ട്. വർദ്ധിച്ചുവരുന്ന രോഗവ്യാപനത്തെ തടയാനായി ഒരു ‘പ്ലാൻ ബി’ തയ്യാറാക്കാൻ സേജ് ശാസ്ത്രജ്ഞർ മന്ത്രിമാർക്ക് മുന്നറിയിപ്പ് നൽകി. ബുധനാഴ്ച രാത്രി 160 ലധികം രോഗികളാണ് റോയൽ സ്റ്റോക്ക് യൂണിവേഴ്സിറ്റി ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ നിറഞ്ഞത്. പ്രതിവാര ആശുപത്രി പ്രവേശനം ഇപ്പോൾ ഏഴ് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. കോവിഡിനെ കൂടാതെ എൻഎച്ച്എസ് ഇതിനകം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുടെ കൂട്ടത്തിലേയ്ക്കാണ് ഇതുമെത്തുന്നത്.