പ്രെസ്റ്റൺ: യുകെ മലയാളികൾ നാട്ടിലേക്കുള്ള വിമാന യാത്രയുടെയും അനുദിന ജീവിത ചെലവുകളുടെയും വർദ്ധനവിൽ തലയിൽ കൈവച്ചിരിക്കുമ്പോഴും നമ്മുടെ കുട്ടികൾ എന്താണ് ചിന്തിക്കുന്നത് അല്ലെങ്കിൽ ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന് നമ്മളിൽ അധികം പേരും ശ്രദ്ധിക്കാറില്ല എന്നത് ഒരു വസ്തുതയാണ്. അതുമല്ലെങ്കിൽ എന്തെങ്കിലും ലോക സംഭവവികാസങ്ങൾ കുട്ടികളുമായി  സംസാരിക്കുക… തീരെ സാധ്യത കുറവ് ആണ്. എന്നാൽ ഇതിനെല്ലാം ഒരു ഉത്തരവുമായി ഇതാ പ്രെസ്റ്റണിൽ നിന്നും ഒരു കൊച്ചു മിടുക്കി എത്തിയിരിക്കുകയാണ്. പേര് കൃപ തങ്കച്ചൻ. ഈ നാലാം ക്ലാസ്സുകാരി കൊച്ചു മിടുക്കി എന്താണ് ചെയ്തതെന്ന് അറിയുക.

കോവിഡിന്റെ ആരംഭത്തോടെ കൂട്ടുകാരുമായുള്ള ചങ്ങാത്തത്തിന്റെ വാതിൽ അടഞ്ഞിരുന്നു. കൂടുതൽ കുട്ടികൾ വീടുകളിൽ തന്നെയായി. കൂടുതൽ കുട്ടികളും ഓൺലൈൻ കളികളിലേക്ക് ആണ് ശ്രദ്ധ തിരിച്ചത്. എന്നാൽ ചിലരെങ്കിലും ടി വി വാർത്തകളും ശ്രദ്ധിച്ചു തുടങ്ങി. കോവിഡ് എല്ലാം കെട്ടടങ്ങി എന്ന് കരുതിയപ്പോൾ ആണ് അടുത്ത പ്രഹരം എത്തിയത്. റഷ്യയുടെ ഉക്രൈൻ ആക്രമണം. യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം ഇത് തങ്ങളെ കാര്യമായി ബാധിക്കില്ല എന്ന് കരുതിയിരിക്കെയാണ് ഇപ്പോൾ വിലക്കയറ്റത്തിന്റെ ചൂട് യൂറോപ്പിൽ മൊത്തം അറിയുന്നത്. ഇപ്പോൾ പലരുടെയും നാട്ടിൽ പോക്കിനെ വരെ ഇത് ബാധിച്ചിരിക്കുന്നു. പിടികൊടുക്കാതെ പായുന്ന വിമാന ടിക്കറ്റ് ചാർജ് പലരുടെയും പ്ലാനുകളെ തകിടം മറിക്കാൻ പ്രാപ്തിയുള്ളതായി ഇപ്പോൾ മാറിയിരിക്കുന്നു.

ഇങ്ങനെയൊക്കെ സാധാരണ മലയാളികൾ കണക്കുകൂട്ടിയപ്പോൾ പ്രെസ്റ്റണിൽ നിന്നുള്ള കൃപ എന്ന കൊച്ചു മിടുക്കിയുടെ മനസ്സുലച്ചത് റഷ്യൻ ആക്രമണത്തിൽ ജീവൻ പൊലിയുന്ന കൊച്ചു കുട്ടികളെ ഓർത്തിട്ടായിരുന്നു. വാർത്തകൾ എന്നും കാണുന്ന ശീലമുള്ളകൃപ ഇതുമായി എന്ത് ചെയ്യണമെന്നുള്ള ചിന്തയിൽ ആണ് റഷ്യൻ പ്രസിഡന്റ് പുടിന് ഒരു കത്ത് തന്നെ എഴുതാം എന്ന് കരുതിയത്. തന്റെ മനസ്സിലെ ചിന്തകളുടെ തീക്ഷണത അക്ഷരങ്ങളുടെ രൂപത്തിൽ പേപ്പറിൽ എത്തിയപ്പോൾ സ്കൂളിലെ ക്ലാസ് ടീച്ചർ  മിസിസ് റൈറ്റ് അതിശയത്തോടെ അഭിനന്ദിക്കാൻ മറന്നില്ല.

മാത്രമല്ല രണ്ട് മാസങ്ങൾക്ക് മുൻപ് സ്കൂൾ പരിസരത്തെ റോഡുകളുടെ അരികിൽ നിക്ഷേപിച്ച ചപ്പുചവറുകൾ നീക്കം ചെയ്യുന്നതിനായി കൗൺസിലിലേക്ക് ലെറ്റർ അയച്ചു കാര്യം സാധിക്കുന്നതിൽ കൃപയും ക്ലാസിലെ കുട്ടികളും വിജയം നേടിയിരുന്നു. പ്രസിഡന്റ് പുടിന് എഴുതിയ ലെറ്ററിന് ഹെഡ് ടീച്ചേഴ്സ് അവാർഡും ഈ മിടുക്കി കരസ്ഥമാക്കി. ഇതിനെല്ലാം പുറമെ ഇടവക വികാരിയായ ഫാദർ ബാബു, കൃപയ്ക്ക് സ്വതസിദ്ധമായി ലഭിച്ചിരിക്കുന്ന ഈ സഹാനുഭൂതിയെ വാനോളം പുകഴ്ത്താനും മറന്നില്ല. മറ്റുള്ളവരുടെ വിഷമതകളിൽ തന്നാൽ ആവുന്ന സഹായം നൽകുന്ന ഈ കൊച്ചു മിടുക്കി ഇപ്പോൾ പ്രെസ്റ്റൺ മലയാളികളുടെ അഭിമാനമാണ്.

എല്ലാ ബഹുമാനങ്ങളോടും കൂടെ പ്രസിഡന്റ് പുടിനെ അഭിസംബോധന ചെയ്‌തു തുടങ്ങുന്ന കത്ത്… വളരെയേറെ സങ്കടത്തോടെ, താങ്കൾ എന്തുകൊണ്ട് ഇങ്ങനെ അവരോട് ചെയ്യുന്നു എന്ന് ചോദിക്കുന്നു. വളരെ കാതലുള്ള ചോദ്യങ്ങളുമായി മുന്നേറുന്ന കൃപയുടെ കത്ത് പ്രസിഡന്റ് പുടിനെ ഒന്ന് ഓർമ്മിപ്പിക്കുന്നു… ‘നീ ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവ് നഷ്ടപ്പെട്ടാൽ നിനക്ക് എന്ത് പ്രയോജനമെന്ന’ ബൈബിൾ വാക്യം. എന്തൊക്കെ കാരണങ്ങൾ ഉണ്ടെങ്കിലും ഈ യുദ്ധത്തിൽ വേദന അനുഭവിക്കുന്ന നിഷ്കളങ്കരായ കുട്ടികളുടെ ഉള്ളുലയ്ക്കുന്ന ചിത്രമല്ലാതെ മറ്റൊന്നും എന്റെ മനസ്സിൽ തെളിയുന്നില്ല എന്ന് കൃപ അസന്നിഗ്ദ്ധമായി കുറിക്കുന്നു. അച്ഛനമ്മമാരെ നഷ്ടപ്പെടുന്ന കുഞ്ഞുങ്ങളെ ഓർത്തു വിഷമത്തോടെ വിനയപുരസ്‌കസരം അപേക്ഷിക്കുന്നു താങ്കൾക്ക് ഈ യുദ്ധം ഒന്ന് നിർത്താൻ പറ്റുമോ എന്ന്…? കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്‌തിരിക്കുന്ന ലെറ്ററിനു മറുപടി ലഭിക്കും എന്ന പ്രതീക്ഷയിലാണ് കൃപ ഇപ്പോൾ ഉള്ളത്.

തൊടുപുഴ ചീനിക്കുഴി സ്വദേശിയായ തങ്കച്ചൻ എബ്രഹാം ലിസമ്മ ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണ് കൃപ. പ്രെസ്റ്റൺ സെന്റ് ഗ്രിഗറി കാത്തലിക് പ്രൈമറി സ്‌കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനി. മൂത്ത മകൻ നവീൻ, മറൈൻ എഞ്ചിനീയറിംഗ്, ക്രിസ്റ്റീൻ തങ്കച്ചൻ എ ലെവൽ വിദ്യാർത്ഥിനിയും ആണ്. ലിസമ്മ പ്രെസ്റ്റൺ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്നു. 2004 ലിൽ പ്രെസ്റ്റണിൽ എത്തിയ ആദ്യകാല മലയാളികളിൽ പെടുന്നു തങ്കച്ചനും കുടുംബവും. മുൻ കേരള പൊലീസ് ഉദ്യോഗസ്ഥനാണ് തങ്കച്ചൻ എബ്രഹാം.