ന്യൂസ് ഡെസ്ക് മലയാളം യുകെ
യു എസ് :- ഫേസ്ബുക്ക് , ഇൻസ്റ്റാഗ്രാം എന്നീ ആപ്പുകളിൽ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനം നടപ്പിലാക്കാനുള്ള തീരുമാനം മുന്നോട്ട് നീട്ടി മെറ്റാ കമ്പനി. ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് അയക്കുന്ന സന്ദേശങ്ങൾ അധികൃതർക്കോ മെറ്റ കമ്പനിയ് ക്കോ ഉൾപ്പെടെ മൂന്നാമതൊരാൾക്ക് ലഭിക്കുന്നതിനുള്ള സാധ്യത ഇല്ലാതാക്കുന്നതാണ് ഈ സംവിധാനം. എന്നാൽ ഇത് കുട്ടികളുടെ സുരക്ഷയെ ബാധിക്കുമെന്ന വിമർശനങ്ങളെ തുടർന്നാണ് തീരുമാനം നടപ്പിലാക്കുന്നത് മുന്നോട്ടു നീട്ടി വയ്ക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനു പലപ്പോഴും ഇത്തരം പ്രൈവറ്റ് മെസ്സേജുകൾ ഉപയോഗപ്പെടുത്തുമെന്ന് നാഷണൽ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രുവെൽറ്റി ടു ചിൽഡ്രൻ (എൻ എസ് പി സി സി ) ആരോപിച്ചു. ഈ സംവിധാനം നിയമ വ്യവസ്ഥയെ ബാധിക്കുമെന്നും, കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന് സഹായിക്കുമെന്നും യുകെ ഹോം സെക്രട്ടറി പ്രീതി പട്ടേൽ ആരോപിച്ചു.

വാട് സ്ആപ്പിൽ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനം നിലവിലുണ്ട്. ഈ സംവിധാനത്തിൽ സന്ദേശം അയച്ച ആളുടെ ഫോണോ, ലഭിച്ചയാളുടെ ഫോണോ അല്ലാതെ മൂന്നാമതൊരാൾക്ക് അത് ചോർത്തിയെടുക്കാൻ സാധിക്കില്ല. ഈ മെസ്സേജിങ് സംവിധാനം ദുരുപയോഗപ്പെടുത്താനുള്ള സാധ്യത ഏറെയാണെന്ന് നിരവധി പേർ പ്രതികരിച്ചു.എൻഎസ് പിസിസിപുറത്തുവിട്ട വിവരത്തിൽ ഏകദേശം ഇംഗ്ലണ്ട്, വെയിൽസ് സ് കോട്ട്‌ലൻഡ് എന്നിവിടങ്ങളിൽ മാത്രമായി 9470 കേസുകളാണ് ഇത്തരത്തിൽ ഓൺലൈൻ രീതിയിലൂടെ കുട്ടികളെ ചൂഷണം ചെയ്യുവാൻ ശ്രമിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പുതിയ സംവിധാനം നടപ്പിലാക്കുന്നതിലൂടെ ചൂഷണം ചെയ്യുന്നവരെ കണ്ടെത്താനുള്ള സംവിധാനവും ഇല്ലാതാകുമെന്നാണ് വിമർശനം. എന്നാൽ ഈ സംവിധാനം ഗുണപ്രദമാണെന്ന നിലപാടെടുക്കുന്നവരും ഉണ്ട്. ഗവൺമെന്റോ, മറ്റ് ഹാക്കർമാരോ വ്യക്തികളുടെ സന്ദേശങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയില്ല എന്ന് ഈ സംവിധാനം ഉറപ്പുവരുത്തുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഗ്യാസ് മൊത്തവില ഉയർന്നതിനെത്തുടർന്ന് 17 ലക്ഷം ഉപഭോക്താക്കളുള്ള ബൾബ് എനർജി കമ്പനി തകർന്നു. പ്രതിസന്ധി രൂക്ഷമായതോടെ പ്രത്യേക നടത്തിപ്പിലേയ്ക്ക് (Special Administration) നീങ്ങുകയാണെന്ന് കമ്പനി അറിയിച്ചു. ഇതോടെ റെഗുലേറ്റർ ഓഫ്ഗെമിലൂടെ സർക്കാർ നടത്തുന്ന ആദ്യത്തെ ഊർജ്ജ കമ്പനിയായി ബൾബ് മാറും. ബൾബിന്റെ ഉപഭോക്താക്കൾ വിഷമിക്കേണ്ടതില്ലന്നും ബൾബ് സാധാരണ നിലയിൽ പ്രവർത്തിക്കുന്നത് തുടരുമെന്നും ഓഫ്ഗെം വ്യക്തമാക്കി. “ഉപഭോക്താക്കൾക്ക് അവരുടെ വിതരണത്തിൽ തടസ്സം ഉണ്ടാവില്ല. അവരുടെ അക്കൗണ്ടും താരിഫും സാധാരണ നിലയിൽ തന്നെ തുടരും. സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകാൻ ബൾബ് ജീവനക്കാരുടെ സേവനം തുടർന്നും ലഭ്യമാകും.” ഓഫ്ഗെം കൂട്ടിച്ചേർത്തു.

ഊർജ്ജ വിതരണ സ്ഥാപനത്തിന്റെ ഉപഭോക്താക്കളെ ഏറ്റെടുക്കാൻ തക്ക പ്രാപ്തിയുള്ള മറ്റൊരു കമ്പനിയെ കണ്ടെത്താൻ ഓഫ്ഗെമിന് കഴിയുന്നില്ലെങ്കിൽ മാത്രമാണ് സ്പെഷ്യൽ അഡ്മിനിസ്ട്രേഷൻ നടപടി ഉപയോഗിക്കുന്നത്. കമ്പനിയുടെ നടത്തിപ്പിനായി ഒരു അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നതിന് കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്ന് റെഗുലേറ്റർ പറഞ്ഞു. യുകെയിലെ ഏഴാമത്തെ വലിയ ഊർജ്ജ കമ്പനിയാണ് ബൾബ്. ആയിരം ജീവനക്കാരും ഉണ്ട്.

ബൾബിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2020 മാർച്ച് 31 വരെ കമ്പനിക്ക് 63 മില്യൺ പൗണ്ട് നഷ്ടമുണ്ടായി. പ്രത്യേക നടത്തിപ്പിലൂടെ വൻ സാമ്പത്തിക തകർച്ച തടയുകയാണ് പ്രധാന ലക്ഷ്യം. സ്പെഷ്യൽ അഡ്മിനിസ്ട്രേറ്റർ റെജിം സ്കീമിന് കീഴിൽ കമ്പനിയുടെ നടത്തിപ്പിനായി സർക്കാരിന് ഗ്രാന്റുകളും വായ്പകളും നൽകാം. വാതക വില കുതിച്ചുയർന്നതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി നിരവധി കമ്പനികൾ അടച്ചുപൂട്ടി. കഴിഞ്ഞയാഴ്ച തകർന്ന നിയോൺ റീഫ്, സോഷ്യൽ എനർജി സപ്ലൈ എന്നിവരുടെ ഉപഭോക്താക്കളെ ബ്രിട്ടീഷ് ഗ്യാസ് ഏറ്റെടുക്കും. രണ്ട് സ്ഥാപനങ്ങൾക്കും കൂടി 35,000 ഉപഭോക്താക്കളുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യൂറോപ്പിനെ പ്രതിസന്ധിയിലാക്കി കോവിഡ് രോഗവ്യാപനവും മരണവും കുത്തനെ ഉയരുന്നു. ലോകത്തെ കോവിഡ് ആസ്ഥാനമായി യൂറോപ്പ് മാറുകയാണ്. ലോകത്തെ കോവിഡ് ബാധിതരിൽ പകുതിയോളം ഇവിടെയാണ്. ഇത് യുകെയിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ശൈത്യകാലത്ത് കോവിഡ് രൂക്ഷമാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. വാക്സിൻ വികസിപ്പിച്ചശേഷം ഇതാദ്യമായി ഓസ്ട്രിയയിൽ ദേശീയ ലോക്ക്ഡൗൺ ആരംഭിച്ചു. നെതർലൻഡ്, ഹംഗറി, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യൂറോപ്പിലേതുപോലെ തന്നെ ബ്രിട്ടനിൽ കേസുകൾ ഉയരുന്നുണ്ട്. ഒരാഴ്ച കൊണ്ട് കോവിഡ് വ്യാപനതോത് 13.1 ശതമാനം വർധിച്ചുവെങ്കിലും മരണനിരക്കും ആശുപത്രി പ്രവേശനവും കുറവാണ്.

ജൂലൈ പകുതിയോടെ ലോക്ക്ഡൗൺ പിൻവലിക്കാൻ യുകെ തയ്യാറായി. തുടർന്ന് കോവിഡ് വകഭേദങ്ങൾ രാജ്യത്ത് പടർന്നു പിടിച്ചു. ഇത് വൈറസിനെതിരെയുള്ള സ്വാഭാവിക പ്രതിരോധശേഷി കൂടുതല്‍ പേരില്‍ ഉണ്ടാകാന്‍ കാരണമായി. വാക്സിൻ വിതരണം ലക്ഷ്യം കണ്ടതോടെ ശൈത്യകാലത്ത് കോവിഡിനെ പ്രതിരോധിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഏവരും. ബൂസ്റ്റർ ഡോസ് കാരണം 80 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ രോഗവ്യാപന തോത് കുറഞ്ഞിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് കൂടി ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള തീരുമാനം സർക്കാർ കൈകൊണ്ടു.

ഇതോടെ വാക്സിനേഷനും കോവിഡും മൂലമുണ്ടായ രോഗ പ്രതിരോധശേഷി രാജ്യത്തിന് ഗുണം ചെയ്യുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം യൂറോപ്പിൽ കോവിഡ് വ്യാപനം ആശങ്കാജനകമാണെന്ന് ലോകാരോഗ്യസംഘടനാ പറഞ്ഞു. കോവിഡിന്റെ അഞ്ചാംതരംഗം രാജ്യത്ത് മിന്നൽവേഗത്തിൽ വ്യാപിക്കുകയാണെന്ന് ഫ്രഞ്ച് സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കി. യൂറോപ്യൻ രാജ്യങ്ങളേർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾക്കെതിരേ വ്യാപക പ്രതിഷേധവും ഉയർന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സോമർസെറ്റ് : സോമർസെറ്റിലെ നോർട്ടൺ ഫിറ്റ്‌സ്‌വാറനിൽ പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അധ്യാപകനും ഭാര്യയും കുത്തേറ്റു മരിച്ചു. സ്റ്റീഫൻ ചാപ്പിൾ (36), ഭാര്യ ജെന്നിഫർ (33) എന്നിവരാണ് അയൽവാസിയുടെ കുത്തേറ്റു മരിച്ചത്. സംഭവത്തെ തുടർന്ന് അയൽവാസിയായ 34 കാരനെയും അദ്ദേഹത്തിന്റെ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ പിതാവിനെ അന്വേഷണ വിധേയമായി വിട്ടയച്ചതായി പോലീസ് വ്യക്തമാക്കി. സെക്കൻഡറി സ്കൂളിലെ കമ്പ്യൂട്ടർ അധ്യാപകനാണ് സ്റ്റീഫൻ. ജെന്നിഫർ ഗാർഡൻ സെന്റർ ജീവനിക്കാരിയാണ്. കൊലപാതകം നടക്കുമ്പോൾ അവരുടെ നാലും ഏഴും വയസ്സുള്ള ആൺമക്കൾ വീട്ടിലുണ്ടായിരുന്നു.

എസ്റ്റേറ്റിൽ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി അയൽക്കാർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു. പിടിയിലായവരിൽ ഒരാൾ സൈനിക പശ്ചാത്തലമുള്ളയാളാണെന്നാണ് വിവരം. രണ്ട് കുടുംബങ്ങളും അഞ്ച് വർഷത്തോളമായി എസ്റ്റേറ്റിൽ താമസിക്കുന്നു. “സംഭവം നടക്കുമ്പോൾ രണ്ട് കൊച്ചുകുട്ടികൾ വീട്ടിലുണ്ടായിരുന്നു. ഭാഗ്യവശാൽ അവർക്ക് പരിക്കൊന്നും ഉണ്ടായിട്ടില്ല.” ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ നീൽ മീഡ് പറഞ്ഞു.

ഇതുപോലുള്ള സംഭവങ്ങൾ വളരെ അപൂർവമാണെന്നും സമഗ്രമായ അന്വേഷണം നടത്തുമെന്നും പോലീസ് ഉറപ്പ് നൽകി. സ്റ്റീഫന്റെയും ജെന്നിഫറിന്റെയും സഹപ്രവർത്തകരും സുഹൃത്തുക്കളും ആദരാഞ്ജലികൾ അർപ്പിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കാർ ഗ്ലാസുകളിലെ മഞ്ഞും ഐസും മറ്റും നീക്കം ചെയ്യുവാൻ എൻജിനുകൾ ഉപയോഗിക്കുന്നവർക്ക് പിഴ ഈടാക്കുവാൻ ധാരണയായിരിക്കുകയാണ്. എൻജിനുകൾ ഓൺ ചെയ്ത് വാഹനം വഴിയിൽ പാർക്ക് ചെയ്താൽ 20 പൗണ്ട് ഫൈൻ ഈടാക്കാനും, കൃത്യസമയത്ത് പിഴ അടച്ചില്ലെങ്കിൽ ഇത് 40 പൗണ്ട് വരെ ഉയർത്താനും ധാരണയായിട്ടുണ്ട്. ഇത്തരത്തിൽ കാറുകൾ മണിക്കൂറുകളോളം എൻജിനുകൾ ഓൺ ചെയ്ത് ഇടുന്നത് പരിസ്ഥിതിക്ക് വളരെയധികം ദോഷം ചെയ്യുമെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. ഫൈൻ ഈടാക്കാൻ ലോക്കൽ കൗൺസിലുകൾക്ക് അധികാരങ്ങൾ നൽകുന്നതാണ് പുതിയ നിയമം. ജനങ്ങൾ രാത്രികാലങ്ങളിൽ കാർ ഗ്ലാസ്സുകൾ മൂടി സൂക്ഷിക്കുവാൻ ശ്രമിക്കണമെന്ന് കാർമണി മാർക്കറ്റിങ് ആൻഡ് പാർട്ട്ണർഷിപ്പ്സ് മാനേജർ ആൻട്രു മാർഷൽ വ്യക്തമാക്കി. കാർബൺ ഡൈ ഓക്സൈഡ് എമിഷനുകൾ പരമാവധി കുറയ്ക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് പുതിയ നിയമം.

ഇലക്ട്രിക് കാറുകളും മറ്റും ഉപയോഗിക്കുന്നതോടൊപ്പം തന്നെ ജനങ്ങളുടെ ചെറിയ പ്രവർത്തനങ്ങൾ പോലും പ്രകൃതിയ്ക്ക് അനുയോജ്യമായിരിക്കണമെന്ന് ആൻട്രു മാർഷൽ വ്യക്തമാക്കി. 1988 ലെ റോഡ് ട്രാഫിക് ആക്റ്റിലെ സെക്ഷൻ 42 പ്രകാരം എൻജിനുകൾ ഓൺചെയ്ത് കാറുകൾ വഴിയിൽ ഉപേക്ഷിക്കുന്നത് ശിക്ഷാർഹമാണ്. ജനങ്ങൾ എല്ലാവരും തന്നെ ഇതു സംബന്ധിച്ച് ബോധവാന്മാരാകണമെന്ന നിർദ്ദേശമാണ് അധികൃതർ മുന്നോട്ടുവയ്ക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇംഗ്ലണ്ടിലെ കെയറിലുള്ള കുട്ടികളുടെ എണ്ണം 2025 ഓടെ ഒരു ലക്ഷമാകുമെന്ന് ഗവേഷണ റിപ്പോർട്ട്. ബക്കിംഗ്ഹാംഷെയറിലെ മാർലോയിൽ നടക്കുന്ന ഓർഗനൈസേഷന്റെ വാർഷിക സമ്മേളനത്തിൽ കൗണ്ടി കൗൺസിൽസ് നെറ്റ്‌വർക്കിന്റെ (സിസിഎൻ) ചെയർമാൻ ടിം ഒലിവർ ഈ പ്രശ്നം അവതരിപ്പിക്കും. പ്രാദേശിക അധികാരികൾ കൈകൊള്ളേണ്ട സുപ്രധാന തീരുമാനമാണ് ഒരു കുട്ടിയെ പരിപാലിക്കുക എന്നത്. ഒരു കുട്ടിയെ ചിൽഡ്രൻസ് ഹോമിൽ പാർപ്പിക്കുന്നതിന് ആഴ്ചയിൽ ശരാശരി 4,000 പൗണ്ടിലധികം ചിലവാകും. ഇത് കൗൺസിലുകളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും. എന്നാൽ കുട്ടികളുടെ പരിചരണം ഉൾപ്പെടെയുള്ള മുൻനിര സേവനങ്ങൾ നിലനിർത്തുന്നതിനായി കൗൺസിലുകൾക്ക് 4.8 ബില്യൺ പൗണ്ട് ധനസഹായം നൽകുന്നുണ്ടെന്ന് സർക്കാർ വക്താവ് പറഞ്ഞു.

2015-ൽ 69,000 കുട്ടികളെ കൗൺസിലുകൾ പരിപാലിച്ചു. എന്നാൽ 2020 മാർച്ചിൽ കുട്ടികളുടെ എണ്ണം 80,080 ആയി. ഇനിയുള്ള മൂന്ന് വർഷത്തിനുള്ളിൽ ഇത് 95,000 -ത്തിൽ എത്തുമെന്ന് സിസിഎൻ ഗവേഷണം വ്യക്തമാക്കുന്നു. റസിഡൻഷ്യൽ കെയർ ഹോമുകളിൽ പ്രവേശിക്കുന്ന കുട്ടികളുടെ എണ്ണത്തിലും വർധനവുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. പണം ഉൾപ്പെടെയുള്ള പരിമിതികൾ കാരണം കൗൺസിലുകൾക്ക് കുടുംബങ്ങളുമായി നേരിട്ട് ഇടപെടാൻ സാധിച്ചില്ല. കുട്ടികളെ കെയറിൽ അയക്കുന്നതിനു പകരം കുടുംബങ്ങളെ ഒന്നിച്ചു നിർത്താനാണ് ശ്രമിക്കേണ്ടതെന്ന് ഈസ്റ്റ് സസെക്സ് കൗണ്ടി കൗൺസിലിന്റെ കൺസർവേറ്റീവ് നേതാവുമായ കീത്ത് ഗ്ലേസിയർ അഭിപ്രായപ്പെട്ടു.

കൗൺസിലുകൾ നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിഞ്ഞുകൊണ്ടാണ് 4.8 ബില്യൺ പൗണ്ട് ധനസഹായം ഉറപ്പാക്കിയതെന്ന് സർക്കാർ വക്താവ് അറിയിച്ചു. കുട്ടികളുടെ സോഷ്യൽ കെയർ ഉൾപ്പടെയുള്ള സേവനങ്ങൾക്കായി പ്രാദേശിക അധികാരികൾക്ക് പണം കൈമാറുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : അടുത്ത വർഷം മുതൽ ഇംഗ്ലണ്ടിലെ പുതിയ വീടുകളിലും കെട്ടിടങ്ങളിലും ഇലക്ട്രിക് വാഹന ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാൻ ആവശ്യപ്പെടുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഓരോ വർഷവും രാജ്യത്തുടനീളം 145,000 ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. പുതിയതായി നിർമിക്കുന്ന സൂപ്പർമാർക്കറ്റുകൾ, നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന കെട്ടിടങ്ങൾ എന്നിവിടങ്ങളിലും ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കും. 2030 മുതൽ പുതിയ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന നിരോധിച്ചുകൊണ്ട് ഇലക്ട്രിക് കാറുകളിലേക്ക് പൂർണ്ണമായി മാറാൻ യുകെ ലക്ഷ്യമിടുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാൻ രാജ്യം തയ്യാറാണെന്ന സൂചനയാണ് പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനത്തിൽ.

ഇന്നലെ നടന്ന കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രിയുടെ കോൺഫറൻസിലാണ് പുതിയ നിയമങ്ങൾ കൊണ്ടുവരുമെന്ന് ബോറിസ് ജോൺസൻ പ്രഖ്യാപിച്ചത്. ബ്രിട്ടനിൽ നിലവിൽ 25,000 ചാർജിംഗ് പോയിന്റുകൾ ഉണ്ട്. എന്നാൽ 2030-ന് മുൻപായി ഇതിന്റെ പത്തു മടങ്ങ് ചാർജിംഗ് പോയിന്റുകൾ ആവശ്യമായി വരുമെന്ന് കോമ്പറ്റീഷൻ ആൻഡ് മാർക്കറ്റ് അതോറിറ്റി പറഞ്ഞു. ജാഗ്വാർ, വോൾവോ തുടങ്ങിയ നിരവധി പ്രമുഖ കാർ നിർമ്മാതാക്കൾ 2025 മുതൽ 2030 വരെ ഇലക്‌ട്രിക്ക് വാഹനങ്ങൾ വിപണിയിലിറക്കാൻ പദ്ധതിയിടുന്നു. യൂറോപ്പിൽ വിൽക്കുന്ന എല്ലാ വാഹനങ്ങളും 2030-ഓടെ ഇലക്ട്രിക് ആകുമെന്ന് ഫോർഡ് പറഞ്ഞു.

യുകെയിലെ ഇലക്ട്രിക് കാർ വിൽപ്പന വളരുന്നത് ശുഭസൂചനയാണ്. 2020-ൽ വിറ്റ കാറുകളിൽ ഏകദേശം 10% ഇലക്‌ട്രിക് ആയിരുന്നു. 2018 ൽ ഇത് 2.5% ആയിരുന്നു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെക്കുറിച്ച് ആശങ്കകൾ ഉയർന്നിട്ടുണ്ട്. ഇലക്ട്രിക് കാർ ചാർജ് ചെയ്യുന്നതിന് അമിത വില ഈടാക്കരുതെന്ന് ട്രാൻസ്‌പോർട്ട് സെലക്ട് കമ്മിറ്റിയിലെ എംപിമാർ പറഞ്ഞു. ചാർജിംഗ് പോയിന്റുകളെക്കുറിച്ചുള്ള പ്രഖ്യാപനത്തിനൊപ്പം, ഗ്ലാസ്‌ഗോയ്ക്ക് സമീപമുള്ള വിൻഡ്‌ഫാമിൽ ഒരു പുതിയ ഹൈഡ്രജൻ പദ്ധതിയ്ക്ക് 10 മില്യൺ പൗണ്ട് ധനസഹായം നൽകുമെന്നും സർക്കാർ വ്യക്തമാക്കി. ഗ്ലാസ്ഗോ ഉച്ചകോടിക്ക് പിന്നാലെ ഉണ്ടായ ഈ പ്രഖ്യാപനങ്ങൾ മറ്റു പല ലോകരാജ്യങ്ങൾക്കും ഒരു മാതൃകയാണ്.
ലണ്ടൻ : യുകെയിലെ സ്കൂളുകളിൽ കോവിഡ് വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. മലയാളികൾ അടക്കം ഒട്ടേറെ പേരാണ് രോഗബാധിതരായി കഴിയുന്നത്. സ്‌കൂളുകളില്‍ നിന്നും പ്രൈമറി ക്ലാസ് വിദ്യാര്‍ഥികള്‍ കോവിഡ് ബാധിതരായി മാറിത്തുടങ്ങിയതോടെ വീടുകളിലും രോഗം പടരുന്ന സാഹചര്യമായി. കുട്ടികളെ ശുശ്രൂഷിക്കുന്ന മാതാപിതാക്കള്‍ പിസിആര്‍ ടെസ്റ്റില്‍ പോസിറ്റീവായി മാറുകയാണ്. ഇതോടെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിലും വർദ്ധനയുണ്ടായി. ബൂസ്റ്റർ ഡോസിനും രോഗത്തെ പിടിച്ചുനിർത്താൻ കഴിയില്ലെന്ന് മനസിലായതോടെ ക്രിസ്മസ് നാളുകൾ കൂടുതൽ ആശങ്കയിലേക്ക് നീങ്ങുകയാണ്.

സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ച സാഹചര്യത്തില്‍ ഇപ്പോൾ കൊച്ചു കുട്ടികളാണ് രോഗബാധിതരാകുന്നത്. രോഗലക്ഷണങ്ങൾ ഇല്ലാതെ അധ്യാപകർക്കും വിദ്യാര്‍ത്ഥികൾക്കും കോവിഡ് പിടിപെടുന്നു. രോഗികളെ കണ്ടെത്തുന്നതിലുള്ള പ്രധാന വെല്ലുവിളിയും ഇതുതന്നെ. വീടുകളില്‍ കോവിഡ് രോഗി ഉണ്ടെങ്കില്‍ പോലും മറ്റു അംഗങ്ങള്‍ക്ക് ജോലിക്കും സ്‌കൂളിലും പോകാം എന്ന നയം കേസുകൾ ഉയരാൻ കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ. യുകെയിൽ ഇന്നലെ 44000 ലേറെപ്പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 61 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ശൈത്യകാലമായതോടെ കോവിഡ് രോഗികള്‍ക്ക് പനിയും ന്യുമോണിയയും പിടിപെടാൻ ഉയർന്ന സാധ്യതയുണ്ട്. ക്രിസ്മസ് നാളുകളിൽ ആശുപത്രികള്‍ വീണ്ടും നിറഞ്ഞു തുടങ്ങും എന്ന ആശങ്കയും ശക്തമാണ്. കോവിഡ് ആഗോള കണക്കുകൾ വർധിക്കുന്നുവെന്ന് ഈ മാസം ആദ്യം ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ലോകത്ത് എല്ലായിടത്തും കോവിഡ് വൈറസിനെ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിൽ വൈറസിന് ജനിതകമാറ്റം സംഭവിച്ച് ആഗോള വ്യാപകമാവുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോ ഗബ്രിയേസസ് വ്യക്തമാക്കി. സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങൾ ഇപ്പോഴും കോവിഡിന്റെ പുതിയ വകഭേദങ്ങളുടെ വ്യാപനത്തിന് അതീവ സാധ്യതയുള്ള പട്ടികയിലാണുള്ളത്. നിലവിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരെ പോലും അത് ബാധിച്ചേക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ്, ഉക്രൈൻ, തുർക്കി, ജർമനി, ബ്രസീൽ എന്നീ രാജ്യങ്ങളിലും പുതിയ കോവിഡ് തരംഗങ്ങൾ രൂക്ഷമാവുകയാണെന്നാണ് റിപ്പോർട്ടുകൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- വളരെ നാളുകളായി ആരോഗ്യ പ്രതിസന്ധികൾ മൂലം ഔദ്യോഗിക ചടങ്ങുകളിൽ നിന്നെല്ലാം വിട്ടു നിന്നിരുന്ന എലിസബത്ത് രാജ്ഞി കൊച്ചുമക്കളായ യുജീൻ രാജകുമാരിയുടെയും സാറ ടിന്റലിന്റെയും മക്കളുടെ നാമകരണ ചടങ്ങിൽ പങ്കെടുത്തു. നടുവിന് ബുദ്ധിമുട്ടിൽ ആയിരുന്ന രാജ്ഞി ചടങ്ങിൽ പങ്കെടുക്കുമോ എന്ന ആശങ്കകൾ നിലനിന്നിരുന്നു. ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഒരാഴ്ച മുൻപുള്ള ഞായറാഴ്ച നടന്ന കുർബാനയിൽ നടുവിന് ഉണ്ടായിരുന്ന ബുദ്ധിമുട്ടുമൂലം രാജി പങ്കെടുത്തിരുന്നില്ല. ആൻ രാജകുമാരിയുടെ മകളായ സാറ ടിൻഡലിന്റെയും മൈക്കിന്റെയും മകൻ ലൂക്കസ് ഫിലിപ്പിന്റെയും, ആൻഡ്രു രാജകുമാരന്റെ മകൾ യൂജീനിന്റെയും ജാക്ക് ബ്രൂകസ്ബാങ്കിന്റെയും മകന്റെയും നാമകരണ ചടങ്ങാണ് ഒരുമിച്ച് നടത്തിയത്.

ഒരുമാസത്തോളമായി ഔദ്യോഗിക ചടങ്ങുകളിൽ നിന്നെല്ലാം വിട്ടു നിന്നിരുന്ന എലിസബത്ത് രാജ്ഞി, കഴിഞ്ഞ ബുധനാഴ്ച വിൻസർ കാസ്റ്റിലിൽ വെച്ച് ഡിഫൻസ് ചീഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച കുർബാനയിൽ പങ്കെടുക്കുമെന്ന് കൊട്ടാരം അധികൃതർ വ്യക്തമാക്കിയിരുന്നെങ്കിലും രാജ്ഞിക്ക് പങ്കെടുക്കുവാൻ സാധിച്ചിരുന്നില്ല. എലിസബത്ത് രാജ്ഞി ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കാതിരിക്കുന്നത് കടുത്ത ആരോഗ്യ പ്രതിസന്ധികൾ മൂലമാണെന്ന് അഭ്യൂഹങ്ങളും നിലനിന്നിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : വംശീയ പ്രവണത വച്ചുപുലർത്തുന്ന മനുഷ്യരുണ്ടെന്നത് നിസ് തർക്കമായ കാര്യമാണ്. എന്നാൽ മെഡിക്കൽ ഉപകരണങ്ങളും വംശീയത പ്രകടമാക്കി തുടങ്ങിയിരിക്കുന്നു. ബ്രിട്ടനിലെ ആശുപത്രികളിൽ ഉപയോഗിക്കുന്ന ഓക്‌സിമീറ്റർ, കറുത്ത വർഗ്ഗക്കാരുടെ ഓക്സിജൻ ലെവൽ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന പഠനം പുറത്തുവന്നതിന് പിന്നാലെ അവലോകനത്തിന് ഉത്തരവിട്ട് ഹെൽത്ത് സെക്രട്ടറി സാജിദ് ജാവിദ്. മെഡിക്കൽ ഉപകരണങ്ങളിലെ വംശീയ പക്ഷപാതം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ജാവിദ് വ്യക്തമാക്കി. രോഗികൾക്ക് ഉചിതമായ കോവിഡ് ചികിത്സ ലഭിക്കുന്നത് തടയാൻ ഇവ കാരണമായോ എന്ന് മന്ത്രിമാർ അന്വേഷിക്കുന്നു. മെഡിക്കൽ ഉപകരണങ്ങളിലെ തെറ്റായ വിവരങ്ങളാണ് കോവിഡ് കാലത്ത് ആയിരകണക്കിന് വംശീയ ന്യൂനപക്ഷ രോഗികളുടെ മരണത്തിന് കാരണമായതെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

അവലോകനം കേവലം ഉപകരണങ്ങളിൽ മാത്രം പോരെന്നും ആരോഗ്യ സംവിധാനത്തിനുള്ളിലെ ഘടനാപരമായ പ്രശ്നങ്ങൾ കൂടി പരിശോധിക്കണമെന്നും ഡോക്ടർമാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) ആവശ്യപ്പെട്ടു. അതേസമയം യുകെയിലെ അവലോകനം കേവലം പൾസ് ഓക്‌സിമീറ്ററുകളിൽ മാത്രമായി പരിമിതപ്പെടുത്തരുതെന്നും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ) പോലുള്ള മറ്റ് മെഡിക്കൽ ഉപകരണങ്ങളും പരിശോധിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

മെഡിക്കൽ ഉപകരണങ്ങൾ പരിഷ്കരിക്കാൻ ശ്രമിക്കുകയാണെന്ന് സാജിദ് ജാവിദ് വ്യക്തമാക്കി. സാങ്കേതിക വിദ്യയിലും വിവേചനം കടന്നുവരാമെന്ന് അഭിപ്രായപ്പെട്ട ജാവിദ്, പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകി. മെഡിക്കൽ ഉപകരണങ്ങൾ എല്ലാ വിഭാഗങ്ങളിലും തുല്യമായി പരീക്ഷിച്ച് ഉറപ്പാക്കിയ ശേഷം വ്യാപകമായി
വിൽക്കാനും, ഉപയോഗിക്കാനും വഴിയൊരുക്കുകയാണ് ലക്ഷ്യം.