ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ബ്രിട്ടീഷ് രാജസിംഹാസനത്തിൽ എഴുപത് വർഷം പൂർത്തിയാക്കിയെന്ന അത്യപൂർവ നേട്ടത്തിന് ഉടമയാണ് എലിസബത്ത് രാജ്‍ഞി. ഇന്നാണ് ആ ദിനം. പിതാവിന്റെ മരണത്തെ തുടർന്ന് 1952 ഫെബ്രുവരി ആറിനാണ് എലിസബത്ത് രാജ്‍ഞി രാജസിംഹാസനത്തിന് ഉടമയായത്. പിതാവ് ജോർജ് ആറാമന്റെ ചരമദിനം കൂടിയായതിനാൽ ഇന്ന് 70–ാം വാർഷികാഘോഷങ്ങളില്ല. പകരം ജൂണിൽ 4 ദിവസം നീളുന്ന ആഘോഷചടങ്ങുകൾ ഉണ്ട്. ജൂൺ രണ്ട് മുതൽ അഞ്ച് വരെ നാല് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. വാർഷികത്തോടനുബന്ധിച്ച് രാജ്യവ്യാപക പുഡിങ് മത്സരങ്ങൾ, സൈനിക പരേഡുകൾ, പാർട്ടികൾ എന്നിവ സംഘടിപ്പിക്കും. ഏറ്റവും കൂടുതൽ കാലം ബ്രിട്ടിഷ് രാജസിംഹാനത്തിലിരുന്ന വ്യക്തിയെന്ന റെക്കോർഡ് ഏഴു വർഷം മുൻപ് 95കാരിയായ എലിസബത്ത് മറികടന്നു.

സിംഹാസനാരോഹണത്തിന്റെ രജത ജൂബിലി ആഘോഷ വേളയിൽ ഏറെ സന്തോഷവതിയായാണ് രാജ്ഞി സന്ദേശം നൽകിയത്. സന്ദേശത്തിന്റെ ഉള്ളടക്കം ഇങ്ങനെ ; ‘സിംഹാസനാരോഹണത്തിന്റെ വാർഷികം എന്ന പോലെ എന്റെ പിതാവ് ജോർജ്ജ് ആറാമന്റെ മരണത്തെ കുറിച്ച് ഞാൻ ഓർക്കുന്ന ഒരു ദിവസമാണിത്. കഴിഞ്ഞ ഏഴു പതിറ്റാണ്ടുകൾ സാമൂഹികമായും സാങ്കേതികമായും സാംസ്കാരികമായും അസാധാരണമായ പുരോഗതി നാം കൈവരിച്ചു. എന്റെ കുടുംബത്തിന്റെ സ്‌നേഹനിർഭരമായ പിന്തുണ ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്. എപ്പോഴും എന്നോട് ചേർന്ന് നിന്ന് നിസ്വാർത്ഥമായി പ്രവർത്തിച്ച ഫിലിപ്പ് രാജകുമാരൻ എന്റെ ഭാഗ്യമായിരുന്നു. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ എനിക്ക് തുടർന്നും നൽകുന്ന വിശ്വസ്തതയ്ക്കും വാത്സല്യത്തിനും ഞാൻ നന്ദിയുള്ളവളായിരിക്കും. എന്റെ മകൻ ചാൾസ് രാജാവാകുമ്പോൾ, നിങ്ങൾ എനിക്ക് നൽകിയ അതേ പിന്തുണ അവനും അവന്റെ ഭാര്യ കാമിലയ്ക്കും നൽകുമെന്നറിയാം. കാമില തന്റെ വിശ്വസ്ത സേവനം തുടരുന്നതിനാൽ അവൾ ‘ക്വീൻ കൺസോർട്ട്’ ( Queen Consort- പട്ടമഹിഷി) എന്ന് അറിയപ്പെടണമെന്നാണ് എന്റെ ആത്മാർത്ഥമായ ആഗ്രഹം. (ഈ പദവി നൽകുന്നതിലൂടെ കാമില ഭാവിയിൽ രാജ്ഞി എന്നറിയപ്പെടും) അതിനാൽ, പൂർണ്ണഹൃദയത്തോടെ നിങ്ങളെ സേവിക്കുന്നത് തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ജൂബിലി കുടുംബങ്ങളെയും സുഹൃത്തുക്കളെയും അയൽക്കാരെയും സമൂഹത്തെയും കൂട്ടിയോജിപ്പിക്കുന്നതാകണം.’

ബ്രിട്ടിഷ് രാജ പദവിയിലെത്തിയ നാൽപതാമത്തെ വ്യക്തിയാണ് എലിസബത്ത് രാജ്ഞി. എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് വിൻസ്റ്റൺ ചർച്ചിൽ മുതൽ 14 പേർ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരായി. ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ പടമുള്ള ഭരണാധികാരിയെന്ന നിലയിൽ ഗിന്നസ് ബുക്കിൽ രാജ്ഞി ഇടം നേടിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഡൗണിങ് സ്ട്രീറ്റിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുടെയെല്ലാം കാരണം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഭാര്യ ക്യാരി ആണെന്ന വെളിപ്പെടുത്തലാണ് ലോർഡ് ആഷ്ക്രോഫ്റ്റിന്റെ പുതുതായി പുറത്തിറക്കുന്ന പുസ്തകത്തിലുള്ളത്. ക്യാരിയും അവരുടെ സുഹൃത്തുക്കളും നിയന്ത്രിക്കുന്ന ഒരു വ്യക്തി മാത്രമാണ് ബോറിസ് ജോൺസൻ എന്ന് പുസ്തകം കുറ്റപ്പെടുത്തുന്നു. തന്റെ ഔദ്യോഗിക ഉപദേശകരുടെ അഭിപ്രായത്തെക്കാൾ, ബോറിസ് ജോൺസൻ തന്റെ ഭാര്യയുടേയും സുഹൃത്തുക്കളുടെയും അഭിപ്രായങ്ങൾക്കാണ് വില കൊടുക്കുന്നത്. എന്നാൽ പുസ്തകത്തിലുള്ളത് വെറും അടിസ്ഥാനരഹിതമായ കുറ്റപ്പെടുത്തലുകൾ മാത്രമാണെന്നും, ഇത് വളരെ ആസൂത്രിതമായ നീക്കമാണെന്നും ക്യാരിയുടെ വക്താവ് വ്യക്തമാക്കി. ” ഫസ്റ്റ് ലേഡി : ഇൻട്രിഗ് അറ്റ് ദി കോർട്ട് ഓഫ് ക്യാരി & ബോറിസ് ജോൺസൻ ‘ എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകം പ്രധാനമന്ത്രിക്കെതിരെയും ഭാര്യക്കെതിരെയും ശക്തമായ കുറ്റപ്പെടുത്തലുകൾ ആണ് മുന്നോട്ടു വയ്ക്കുന്നത്.

ഡൗണിങ് സ്ട്രീറ്റ് പാർട്ടി വിവാദവും, പണപ്പെരുപ്പവുമെല്ലാമായി ശക്തമായ പ്രതിസന്ധികൾ നേരിടുന്ന പ്രധാനമന്ത്രിക്ക് മേൽ ഏറ്റിരിക്കുന്ന ശക്തമായ തിരിച്ചടിയാണ് ലോർഡ് ആഷ്ക്രോഫ്റ്റിൻെറ പുസ്തകം. പുസ്തകം യുകെയിലെ പ്രമുഖ പത്രമായ ഡെയ്‌ലി മെയിൽ വിവിധ പംക്തികളായി പ്രസിദ്ധീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പാർട്ടി വിവാദത്തിലും ക്യാരിക്ക് പങ്കുണ്ടെന്നാണ് ആഷ്ക്രോഫ്റ്റ് ആരോപിക്കുന്നത്. തന്റെ ഉദ്ദേശം ഒരുതരത്തിലും പ്രധാനമന്ത്രിയെ അപമാനിക്കുകയല്ലെന്നും, മറിച്ച് അദ്ദേഹത്തിന്റെ പൂർണ്ണ കഴിവ് ഉപയോഗിച്ച് രാജ്യത്തിന്റെ ഭരണചക്രം നിയന്ത്രിക്കുവാൻ പ്രേരിപ്പിക്കുകയാണെന്നും ആഷ്ക്രോഫ്റ്റ് പറഞ്ഞു.
മിനു നെയ്‌സൺ പള്ളിവാതുക്കൽ
ചേരുവകൾ
¾ കപ്പ് മൈദ
½ കപ്പ് പാൽ
½ കപ്പ് പഞ്ചസാര
1 മുട്ട
40 ഗ്രാം വെണ്ണ
¼ ടീസ്പൂൺ വാനില എസ്സെൻസ്
1 ടീസ്പൂൺ ബേക്കിംഗ് പൗഡർ
1 ടേബിൾസ്പൂൺ പൊടിച്ച പഞ്ചസാര
3 ടേബിൾസ്പൂൺ + 1½ ടേബിൾസ്പൂൺ ജാം ( Mixed Fruit )
3 ടേബിൾസ്പൂൺ ഉണങ്ങിയ തേങ്ങ
1 നുള്ള് ഉപ്പ്

പാചകം ചെയ്യുന്ന വിധം
ഓവൻ 180°C യിൽ പ്രീ ഹീറ്റ് ചെയ്യുക
ബേക്കിംഗ് ട്രേയിൽ ബേക്കിംഗ് പേപ്പർ നിരത്തി മാറ്റി വയ്ക്കുക
വെണ്ണയും പാലും തിളപ്പിക്കുക. മിക്‌സർ ജാറിൽ പഞ്ചസാരയും മുട്ടയും നല്ലതു പോലെ ബ്ലെൻഡ് ചെയ്യുക.
ഇതിലേക്ക് മൈദ, പാൽപ്പൊടി, ബേക്കിംഗ് പൗഡർ, ഉപ്പ് എന്നിവ ചേർക്കുക
ഇനി ചെറുചൂടുള്ള വെണ്ണയും പാലും ചേർത്ത് മിക്സർ ജാറിൽ ബ്ലെൻഡ് ചെയ്യുക. (ബാറ്റർ അമിതമായി ബ്ലെൻഡ് ചെയ്യരുത്.)
തയ്യാറാക്കിയ ബേക്കിംഗ് ട്രേയിൽ ബാറ്റർ പരത്തി, ഓവനിൽ 8-10 മിനിറ്റ് ബേക്ക് ചെയ്യുക
അതിനുശേഷം 2 മിനിറ്റ് തണുപ്പിക്കുക.
കൗണ്ടർ ടോപ്പിൽ ഒരു ബേക്കിംഗ് പേപ്പർ വിരിച്ച് പൊടിച്ച പഞ്ചസാര വിതറുക .
പൊടിച്ച പഞ്ചസാരയുടെ മേൽ കേക്ക് ശ്രദ്ധാപൂർവ്വം ഫ്ലിപ്പുചെയ്യുക, ബേക്കിംഗ് പേപ്പർ പൊളിച്ചെടുക്കുക.
അതിനുശേഷം ജാം ഒരു സ്പൂൺ ഉപയോഗിച്ച് ഇളക്കി സ്മൂത്ത് ആക്കി (3 ടേബിൾസ്പൂൺ ) കേക്കിൽ പരത്തുക.
ചൂടുള്ളപ്പോൾ തന്നെ ഒരു സിലിണ്ടർ രൂപത്തിൽ കേക്ക് ശ്രദ്ധാപൂർവ്വം ചുരുട്ടുക.
(കേക്ക് പൂർണ്ണമായും തണുക്കുന്നതിന് മുമ്പ് കേക്ക് ഉരുട്ടുന്നത് പൂർത്തിയാക്കിയെന്ന് ഉറപ്പാക്കുക)
അതേ ബേക്കിംഗ് പേപ്പർ ഉപയോഗിച്ച് ജാംറോൾ പൊതിഞ്ഞ് കുറഞ്ഞത് 30 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക.
ജാംറോൾ പുറത്തെടുത്ത് ബാക്കിയുള്ള ജാം (1½ ടേബിൾസ്പൂൺ ) പരത്തി, അതിനുമുകളിൽ ഡെസിക്കേറ്റഡ് കോക്കനട്ട് വിതറുക
അതിനുശേഷം ജാംറോൾ, കഷണങ്ങളായി മുറിക്കുക.
രുചികരമായ ബേക്കറി സ്റ്റൈൽ ജാംറോൾ തയ്യാർ

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

എച്ച്ഐവിയുടെ കൂടുതൽ മാരകമായ ജനിതക വകഭേദം കണ്ടെത്തി. നിലവിലുള്ള വൈറസിൻ്റെ ഇരട്ടി വേഗത്തിൽ പടരുകയും വ്യക്തികളെ രോഗിയാക്കുകയും ചെയ്യുന്ന പുതിയ വൈറസ് വകഭേദം കണ്ടെത്തിയത് നെതർലാൻഡിലാണ് . വിബി വേരിയൻ്റ് എന്നാണ് പുതിയ വകഭേദത്തിന് നൽകിയിരിക്കുന്ന പേര്.

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ പഠനം അനുസരിച്ച് പുതിയ വേരിയൻ്റ് ഇതുവരെ 109 പേരെയെങ്കിലും ബാധിച്ചിട്ടുണ്ട്. വൈറസിൻ്റെ പുതിയ ജനിതക വകഭേദം രോഗപ്രതിരോധ സംവിധാനത്തെ നശിപ്പിക്കുകയും എച്ച്ഐവിയുടെ പഴയ രൂപത്തേക്കാൾ പെട്ടെന്ന് മനുഷ്യശരീരത്തിൻ്റെ അണുബാധകളെയും രോഗങ്ങളെയും ചെറുക്കാനുള്ള പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും ചെയ്യും . ഇതിൻറെ ഫലമായി പുതിയ വൈറസ് വകഭേദം പിടിപെടുന്നവർ കൂടുതൽ ഗുരുതരമായ എയ്ഡ്സ് രോഗികളാകാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ബ്രിട്ടീഷുകാർ വർഷത്തിലൊരിക്കലെങ്കിലും എച്ച്ഐവി ടെസ്റ്റ് നടത്തണമെന്നാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത് . സ്വവർഗ്ഗ അനുരാഗികളായവർ മൂന്നു മാസത്തിലൊരിക്കൽ പരിശോധന നടത്തേണ്ടതാണ്. നിലവിൽ ഒരു ലക്ഷം ബ്രിട്ടീഷുകാരും ഒരു ദശലക്ഷത്തിലധികം അമേരിക്കക്കാരും എച്ച്ഐവി ബാധിതരാണെന്നാണ് കരുതപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ദീർഘനാളായി ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന യുകെ മലയാളിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ലണ്ടൻ സൗത്താളില്‍ താമസിച്ചിരുന്ന സജിത്ത് കുമാര്‍ പിള്ള (54) യാണ് മരണപ്പെട്ടത്. വർക്കല സ്വദേശിയാണ്. കഴിഞ്ഞ നാല് ദിവസമായി സജിത്തിനെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. ദിവസങ്ങളായി മുറി അടഞ്ഞു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട മറ്റ് താമസക്കാർ വാതിലിൽ തട്ടിയെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. പോലീസിന്റെ സഹായത്തോടെ മുറി തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തെങ്കിലും മരണത്തിൽ ദുരൂഹതയില്ലെന്നാണ് വിവരം. ഹൃദയാഘാതമാണ് മരണകാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പഞ്ചാബി വംശജരോടൊപ്പം വീട് പങ്കിട്ടാണ് ഇദ്ദേഹം താമസിച്ചിരുന്നത്.
മരണവിവരം നാട്ടിലുള്ള കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. സൗത്താളിലെ മലയാളി സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. സജിത്തിന്റെ ജോലിയെപ്പറ്റി കൃത്യമായ വിവരം ലഭ്യമല്ല.
പീഡന ദൃശ്യം കോടതിയില്‍ നിന്നും ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച അതിജീവിത ദൃശ്യം അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് കത്തില്‍ പറയുന്നു. ദൃശ്യം ചോര്‍ന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടെന്ന് അതിജീവിത പറഞ്ഞു.
കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈമാറി. അടിയന്തിര നടപടി ആവശ്യപ്പെട്ടാണ് കത്ത്. കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച തനിക്ക് കടുത്ത അനീതിയാണ് നേരിട്ടതെന്നും അതിജീവിത വ്യക്തമാക്കി.
എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നത്. 2019 ഡിസംബര്‍ 20നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതായി വിചാരണ കോടതിയില്‍ സ്ഥിരീകരിച്ചത്. സംസ്ഥാന ഫോറന്‍സിക് വിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്ന് ഉപയോഗിക്കാൻ എൻ എച്ച് എസ് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇതുവരെ വികസിപ്പിച്ചെടുത്തതിൽ വച്ച് ഏറ്റവും വിലകൂടിയ മരുന്നായ ലിബ്മെൽഡിക്കായി എൻ എച്ച് എസ് രഹസ്യ ഇടപാട് നടത്തി. കുട്ടികളുടെ നാഡീവ്യവസ്ഥയ്ക്കും അവയവങ്ങൾക്കും ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്നൻ എംഎൽഡി എന്ന അപൂർവ രോഗം ചികിത്സിക്കാനാണ് ലിബ്മെൽഡി എന്ന ജീൻ തെറാപ്പി ഉപയോഗിക്കുന്നത്. ഒറ്റതവണ ചികിത്സ ചെലവ് 2.8 മില്യൺ പൗണ്ടാണ്. ഇംഗ്ലണ്ടിൽ ഓരോ വർഷവും അഞ്ചു കുഞ്ഞുങ്ങൾ ഈ രോഗാവസ്ഥയോടെ ജനിക്കുന്നു.

എൻസൈമിന്റെ കുറവ് മൂലമുണ്ടാകുന്ന വളരെ അപൂർവമായ പാരമ്പര്യ രോഗമാണ് മെറ്റാക്രോമാറ്റിക് ല്യൂക്കോഡിസ്ട്രോഫി എന്നറിയപ്പെടുന്ന എംഎൽഡി. രോഗം പിടിപെട്ടാൽ കാലക്രമേണ തലച്ചോറിലെയും മറ്റ് ശരീരഭാഗങ്ങളിലെയും ഞരമ്പുകളുടെ പ്രവർത്തനം മന്ദഗതിയിലാകും. 30 മാസത്തിൽ താഴെയുള്ള കുഞ്ഞുങ്ങളിലും പിഞ്ചുകുഞ്ഞുങ്ങളിലുമാണ് ഇത് പൊതുവെ കണ്ടുവരുന്നത്. രോഗം പിടിപെട്ടാൽ കാഴ്ച, സംസാരം, കേൾവി എന്നിവ നഷ്ടപ്പെടും. ചലനശേഷിയും നഷ്ടമാകും. എംഎൽഡി ബാധിച്ചവരുടെ ശരാശരി ആയുർദൈർഘ്യം അഞ്ചിനും എട്ടിനും ഇടയിലാണ്.
ലിബ്മെൽഡിയെ ഓർഫൻ ഡ്രഗ് എന്നും വിളിക്കും. ഇത് വളരെ അപൂർവമായതിനാൽ, ഏതെങ്കിലും തരത്തിലുള്ള സർക്കാർ സഹായമില്ലാതെ ഉൽപ്പാദിപ്പിക്കുന്നത് ലാഭകരമല്ല. കഴിഞ്ഞ വർഷം, ഇംഗ്ലണ്ടിലെ ഡ്രഗ് പ്രൈസ് വാച്ച്ഡോഗ് ഈ മരുന്ന് അവലോകനം ചെയ്യുകയും നിരസിക്കുകയും ചെയ്തിരുന്നു. ഇത് വളരെ ചെലവേറിയതാണെന്നും ദീർഘകാലാടിസ്ഥാനത്തിൽ ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് കെയർ എക്സലൻസ് (NICE) പറഞ്ഞു. എന്നാൽ ചർച്ചകളെത്തുടർന്ന് വിലയിൽ കുറവ് ഉണ്ടാകുമെന്ന് കരുതുന്നു. രോഗലക്ഷണങ്ങളില്ലാത്ത, സ്വതന്ത്രമായി നടക്കാൻ കഴിയുന്ന കുട്ടികൾക്കായി ഇത് ഇപ്പോൾ ശുപാർശ ചെയ്തിട്ടുണ്ട്. ചികിത്സ നടത്തുന്ന അഞ്ച് യൂറോപ്യൻ സൈറ്റുകളിലൊന്നായ മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് ഹോസ്പിറ്റലിലെ സെന്റർ ഫോർ ജെനോമിക് മെഡിസിൻ വഴിയാവും ഇത് വിതരണം ചെയ്യുക.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കൊറോണവൈറസ് വ്യാപന നിരക്ക് ക്രമാതീതമായി വർദ്ധിക്കുന്നുണ്ടെന്നും, നിലവിൽ ഇംഗ്ലണ്ടിൽ ആർ നിരക്ക് 0.8 നും 1.1 നും ഇടയിലാണെന്നും യു കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി വ്യക്തമാക്കിയിരിക്കുകയാണ്. നിലവിൽ ഇംഗ്ലണ്ടിൽ 20 പേരിൽ ഒരാൾക്ക് എന്ന നിലയിലാണ് ഒമിക്രോൺ ബാധ സ്ഥിരീകരിക്കുന്നത്. എന്നാൽ സാധാരണ കോവിഡ് ബാധ ഉണ്ടാകുമ്പോൾ ഉള്ള ലക്ഷണങ്ങൾ നിന്ന് വ്യത്യസ്തമായി, ചില പുതിയ ലക്ഷണങ്ങൾ ഒമിക്രോൺ ബാധിതരിൽ കണ്ടുവരുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ഇതിൽ ഏറ്റവും പ്രമുഖമായുള്ളത് ഒമിക്രോൺ ബാധിതരുടെ ശരീരത്തു കണ്ടുവരുന്ന സ്കിൻ റാഷസ് ആണ്. എന്നാൽ സ്കിൻ റാഷ് ഉണ്ടെന്നുള്ളത് കൊണ്ടുമാത്രം കോവിഡ് ബാധിതരാണെന്നും വിലയിരുത്താനുമാകില്ല. എന്നാൽ പെട്ടെന്ന് ശരീരത്ത് ഉണ്ടാകുന്ന മാറ്റങ്ങളെ ജനങ്ങൾ ശ്രദ്ധയോടെ കാണണമെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്.

ഇത്തരം റാഷസിന് ചുറ്റും നല്ലരീതിയിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതായി ഒമിക്രോൺ ബാധിതർ വ്യക്തമാക്കുന്നുണ്ട്. കാൽ, കൈ മുതലായവയുടെ പാദങ്ങളിലും, കൈമുട്ട്, കാൽമുട്ട് എന്നിവിടങ്ങളിലുമാണ് കൂടുതലായി ഇവ കാണപ്പെടുന്നത്. എന്നാൽ ശരീരത്തിന്റെ ഏത് ഭാഗത്തും ഇത്തരത്തിൽ ഉണ്ടാകാമെന്നാണ് നിരീക്ഷകർ വ്യക്തമാക്കുന്നത്. ഇതോടൊപ്പംതന്നെ സാധാരണ കോവിഡ് ബാധ ഉണ്ടാകുമ്പോഴുള്ള ലക്ഷണങ്ങളും ഒമിക്രോണിന് ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ എന്തെങ്കിലും ലക്ഷണങ്ങൾ ഉള്ളവർ കോവിഡ് ടെസ്റ്റ് നടത്തണമെന്നാണ് ആരോഗ്യപ്രവർത്തകർ നിഷ്കർഷിക്കുന്നത്. സ്വയം നിയന്ത്രണം ആണ് ഏറ്റവും കൂടുതൽ ഈ രോഗം തടയുന്നതിന് ആവശ്യം എന്നാണ് ആരോഗ്യവകുപ്പും വ്യക്തമാക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പ്രീ വെഡിങ് ഷൂട്ടും പോസ്റ്റ് വെഡിങ് ഷൂട്ടും സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്ന ഈ കാലത്ത് ചില വിവാഹ പരസ്യങ്ങളും ഫ്ലെക്സുകളും ജനശ്രദ്ധ നേടാറുണ്ട്. കൗതുകമുണർത്തുന്ന ഉള്ളടക്കങ്ങളാണ് ഇവയിലെല്ലാം. വധു വരന് നൽകുന്ന ‘പത്തു കല്പനകളും’, സ്വന്തം സ്ഥാപനത്തിൽ യുവാവ് സ്ഥാപിച്ച വിവാഹ പരസ്യവും, കല്യാണ മുടക്കികൾക്ക് മുന്നറിയിപ്പ് നൽകി യുവാക്കൾ സ്ഥാപിച്ച ഫ്ലക്സും സമൂഹമാധ്യമങ്ങളിൽ തരംഗമായവയാണ്.
മറിയാമ്മയുടെ പത്തു കല്പനകൾ
വിവാഹദിവസങ്ങളില്‍ വധൂവരന്മാര്‍ക്ക് കൂട്ടുകാരുടെ വക അപ്രതീക്ഷിത സമ്മാനങ്ങളുമുണ്ടാകും. അത്തരത്തില്‍ സമൂഹമാധ്യമങ്ങളിൽ ഹിറ്റായതാണ് വരൻ ജിൻസ് തോമസിന് കൂട്ടുകാര്‍ അര്‍പ്പിച്ചിരിക്കുന്ന ആശംസ. വധു മറിയാമ്മയുടെ കല്‍പ്പനകള്‍ എന്നു പറഞ്ഞാണ് തുടങ്ങുന്നത്.
1. നിന്റെ ഭാര്യ ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ഭാര്യ നിനക്കുണ്ടാകരുത്.
2. ഇടക്കിടക്ക് എന്റെ പേര് വിളിച്ച് എന്നെ ശല്യപ്പെടുത്തരുത്.
3. എന്റെ ബർത്ത്ഡെയും മറ്റു പ്രധാന ദിവസങ്ങളും അടിപൊളിയായി ആചരിക്കണം.
4. എന്നെയും എന്റെ വീട്ടുകാരേയും ബഹുമാനിക്കണം.
5. തല്ലരുത്.
6. വായിനോക്കരുത്.
7. സ്വർണ്ണം കട്ടോണ്ടുപോയി പണയം വയ്ക്കരുത്.
8. എന്നോട് കള്ളം പറയരുത്.
9. കല്യാണം കഴിഞ്ഞുവെന്നുള്ള ഓർമ്മ എപ്പോഴും ഉണ്ടാവണം.
10. ജോലി കഴിഞ്ഞാലും ഇല്ലെങ്കിലും 6 മണിക്കുള്ളിൽ വീട്ടിൽ കയറണം.
മേൽപ്പറഞ്ഞ കല്പനകൾ രണ്ടായി സംഗ്രഹിച്ച് എഴുതിയിട്ടുണ്ട്.
1 എതിനും ഉപരിയായി എന്നെ സ്നേഹിക്കണം.
2. നിന്റെ വീട്ടുകാരെപ്പോലെ എന്റെ വീട്ടുകാരേയും സ്നേഹിക്കണം.
വളരെ രസകരമായ ഈ ആശംസയ്ക്ക് സോഷ്യല്‍മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

വധുവിനെ ആവശ്യമുണ്ട് – ഫ്ലക്സ് വെച്ച് യുവാവ്
കോട്ടയം കാണക്കാരി സ്വദേശിയായ അനീഷ് സെബാസ്റ്റ്യന്റെ വിവാഹ പരസ്യമാണ് അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. സ്വന്തം സ്ഥാപനമായ കണക്കാരിയിലെ തടിമില്ലിന് മുൻപിലാണ് അനീഷ് തന്റെ വിവാഹ പരസ്യം സ്ഥാപിച്ചത്. ‘വധുവിനെ തേടുന്നു. ഡിമാന്റുകൾ ഇല്ലാതെ, മൂല്യങ്ങൾ മുറുകെപിടിച്ചു കൊണ്ട്, സ്നേഹമാണ് വലുതെന്ന ചിന്താഗതിയിൽ വിവാഹജീവിതത്തിലേക്ക് കടക്കാന്‍ വധുവിനെ ആവശ്യമുണ്ട്’ എന്നതാണ് വിവാഹ പരസ്യത്തിലെ വരികൾ. എട്ട് വര്‍ഷമായി വിവാഹാലോചനകള്‍ നടത്തിയിട്ടും ഒന്നും ശരിയാവാതെ വന്നതോടെയാണ് ബോർഡ് സ്ഥാപിക്കാൻ അനീഷ് തീരുമാനം എടുത്തത്. ഇത് തമാശയ്ക്ക് വേണ്ടി ചെയ്തതല്ലെന്നും അനീഷ് പറഞ്ഞു.

കല്യാണം മുടക്കികൾ ജാഗ്രതൈ!
ആനപ്പടിയിലെ അവിവാഹിതരായ ചെറുപ്പക്കാർ നാട്ടിൽ സ്ഥാപിച്ച ഫ്ലക്സ് ഒരു മുന്നറിയിപ്പാണ്. ഇല്ലാത്ത കാരണം പറഞ്ഞ് കല്യാണം മുടക്കുന്നവർക്കുള്ള മുന്നറിയിപ്പ്. സൂക്ഷിച്ചാൽ ദുഃഖിക്കണ്ട എന്ന കുറിപ്പോടെ ഫേസ്ബുക്കിൽ ഷെയർ ചെയ്ത ഫോട്ടോ അതിവേഗം വൈറലായി.
ഫ്ലക്‌സിലെ വരികൾ –
‘കല്യാണ മുടക്കികളായ നാറികളുടെ ശ്രദ്ധയ്ക്ക് നാട്ടിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കല്യാണം മുടക്കുന്നവർ ശ്രദ്ധിക്കുക. ആളെ തിരിച്ചറിഞ്ഞാൽ ആളിന്റെ പ്രായം, ജാതി, രാഷ്ട്രീയം. ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടിൽ കയറി അടിക്കുന്നതാണ്. അത് ഏത് സുഹൃത്തിന്റെ പിതാവായാലും. തല്ലും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇവിടെ ഫോട്ടോ വരാതെ സൂക്ഷിക്കുക. നിങ്ങൾക്കും വളർന്നു വരുന്ന മക്കളും കൊച്ചു മക്കളുമുണ്ടെന്ന് ഓർക്കുക. ആനപ്പടി യുവാക്കൾ.’
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് ആരംഭിച്ച കാലംമുതൽ പ്രവാസികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കേരളാ ഗവൺമെൻറ് എടുത്തുമാറ്റി. ഇനിമുതൽ കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രമേ ക്വാറന്റീൻ ആവശ്യമുള്ളൂ. വിദേശത്തു നിന്നും വരുന്നവർക്ക് ഏർപ്പെടുത്തിയ ഒറ്റപ്പെടൽ നിയന്ത്രണങ്ങൾ മൂലം അവധിയുടെ ഭൂരിഭാഗവും വീടുകളിൽ തന്നെ ചെലവഴിക്കേണ്ട ഗതികേടിലായിരുന്നു പ്രവാസികൾ ഇതുവരെ. അതുപോലെതന്നെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം രാജ്യാന്തര യാത്രക്കാരെ കോവിഡ് ടെസ്റ്റ് നടത്തിയാൽ മതിയെന്ന സുപ്രധാന തീരുമാനം പ്രവാസികൾക്ക് വളരെ അനുഗ്രഹപ്രദമാകും . ഈ നീക്കത്തിലൂടെ വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധനയ്ക്ക് അന്യായ നിരക്ക് ഈടാക്കി പ്രവാസികളെ കൊള്ളയടിക്കുന്നതിന് അറുതിയാവും . കേരളത്തിൽ വന്നിട്ട് തിരിച്ചു പോകാൻ പ്രവാസികൾ 48 മണിക്കൂറിനുള്ളിൽ ലഭ്യമാക്കേണ്ട കോവിഡ് പരിശോധനാഫലത്തിനുവേണ്ടി നെട്ടോട്ടമോടുന്ന കാഴ്ച ദയനീയമായിരുന്നു . പരിശോധനകളുടെ എണ്ണം കൂടുന്നതനുസരിച്ച് പല ലാബുകൾക്കും യഥാസമയം റിസൾട്ട് നൽകാനാവാത്തത് പലരെയും വളരെയധികം ബുദ്ധിമുട്ടിച്ചിരുന്നു.

രണ്ട് ഡോസ് പ്രതിരോധ കുത്തിവെയ്പ്പും ബൂസ്റ്റർ വാക്‌സിനുമെടുത്ത പ്രവാസികൾ നാട്ടിൽ വരുമ്പോൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് വൻ വിമർശനങ്ങൾ വിളിച്ചുവരുത്തിയിരുന്നു. രാഷ്ട്രീയ സമ്മേളനങ്ങളും സമരങ്ങളും ആളു കൂടുന്ന മറ്റു പരിപാടികളും നിർവാദം നടന്നു കൊണ്ടിരുന്ന അവസരത്തിലും വിരലിലെണ്ണാവുന്ന ദിവസങ്ങൾക്ക് മാത്രം അവധിക്ക് നാട്ടിൽ വരുന്ന പ്രവാസികളുടെ മേൽ കടുത്ത നിയന്ത്രണങ്ങൾ ആയിരുന്നു അടിച്ചേൽപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ യുകെ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് പലരും കോവിഡ് തുടങ്ങിയതിന് ശേഷം തങ്ങളുടെ ബന്ധുമിത്രാദികളെ കാണാൻ നാട്ടിലേക്ക് വരുന്നത് വിരളമായിരുന്നു . പ്രവാസികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടുകൂടി ഈസ്റ്റർ-വിഷു അവധി ദിവസങ്ങളിൽ കൂടുതൽ പ്രവാസികൾ ജന്മനാട്ടിലേക്ക് സന്ദർശനത്തിനായി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.