ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യു കെയിലെ ഹൈ സ്ട്രീറ്റിൽ ആമസോൺ ആദ്യമായി ഭക്ഷ്യ – ഇതര സ്റ്റോർ ആരംഭിച്ചിരിക്കുകയാണ്. ഡാർറ്റ് ഫോർഡിനടുത്തുള്ള ബ്ലൂവാട്ടർ ഷോപ്പിംഗ് മാളിലുള്ള ഈ സ്റ്റോറിൽ ആമസോണിന്റെ ഏകദേശം രണ്ടായിരത്തോളം മികച്ച പ്രോഡക്റ്റുകൾ ലഭ്യമാകും. കസ്റ്റമേഴ്സ് 4 സ്റ്റാർ നൽകിയ പ്രോഡക്ടുകൾ മാത്രമാകും ഇവിടെ ലഭ്യമാകുക. യുഎസിന് പുറത്തുള്ള ആമസോണിന്റെ ആദ്യ 4 സ്റ്റാർ സംരംഭമാണ് ഇത്. യുഎസിൽ മാത്രം ഇതുപോലെ ഏകദേശം മുപ്പത് ഔട്ട്ലെറ്റുകൾ ഉണ്ട്. ബുക്സ്, ഇലക്ട്രോണിക് കളിപ്പാട്ടങ്ങൾ, ഗെയിംസ്, വീട്ടിലേയ്ക്ക് ആവശ്യമായ സാധനങ്ങൾ മുതലായവ എല്ലാം തന്നെ ലഭ്യമാകും.
ഓൺലൈൻ വില തന്നെയാണ് ഇവിടെയുള്ളത് എന്ന് ഉറപ്പാക്കുന്നതിനായി ഡിജിറ്റൽ പ്രൈസ് ടാഗുകളും ഉണ്ടാകും. എന്നാൽ കസ്റ്റമേഴ്സിന് ഈ സ്റ്റോറിൽ നിന്ന് സാധനം വാങ്ങുന്നതിനായി ഓൺലൈൻ ആമസോൺ അക്കൗണ്ട് നിർബന്ധമില്ല എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഓൺലൈനിൽ വാങ്ങിയ സാധനങ്ങൾ ശേഖരിക്കുവാനും തിരിച്ചു നൽകാനുമുള്ള സൗകര്യവും ഇവിടെ ഉണ്ടാകും. ഇതേപോലെ എത്ര സ്റ്റോറുകൾ ആണ് യുകെയിൽ തീരുമാനിച്ചിരിക്കുന്നത് എന്ന് ആമസോൺ യുകെ ഡയറക്ടർ അൻഡി ജോൺസ് വ്യക്തമാക്കിയിട്ടില്ല.
എന്നാൽ ഈ ആമസോൺ ഇത്തരത്തിൽ സ്റ്റോർ തുടങ്ങുന്നത് മറ്റ് റീട്ടെയിൽ കച്ചവടക്കാർക്ക് വൻ നഷ്ടങ്ങൾ ഉണ്ടാക്കുമെന്ന ആശങ്കകളും ഉയരുന്നുണ്ട്. ആമസോൺ ഓൺലൈൻ ഷോപ്പിംങിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ആണ് ഇത്തരമൊരു നീക്കമെന്ന് റീട്ടെയിൽ എക്സ്പെർട്ട് നഥാലി ബെർഗ് ആരോപിച്ചു. നിലവിൽ ആമസോണിന്റെ ആറോളം ഗ്രോസറി സ്റ്റോറുകൾ യുകെയിൽ ഉണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : അഫ്ഗാൻ വനിതാ ദേശീയ ഫുട്ബോൾ ടീമിന് യുകെയിലേയ്ക്ക് പ്രവേശനാനുമതി. അഫ്ഗാൻ വനിതാ ടീമിനുള്ള വിസ അപേക്ഷകൾ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ അംഗീകരിച്ചു. കളിക്കാരും പരിശീലകരും കുടുംബാംഗങ്ങളും ഉൾപ്പെടെ 111 വിസ അപേക്ഷകൾക്ക് അംഗീകാരം നൽകാനാണ് ആഭ്യന്തര സെക്രട്ടറി ഒരുങ്ങുന്നത്. താലിബാൻ ഭരണത്തിന് കീഴിലായ അഫ്ഗാനിൽ നിന്നും പലായനം ചെയ്ത ടീം ഇപ്പോൾ താത്കാലിക വിസയിൽ പാകിസ്ഥാനിൽ കഴിയുകയാണ്. അഫ്ഗാൻ പുനരധിവാസ പദ്ധതിയുടെ മുൻഗണനാ വിഷയം സ്ത്രീകളുടെയും പെൺകുട്ടികളുടെയും സംരക്ഷണമാണെന്ന് ഇതിലൂടെ ഊട്ടിയുറപ്പിക്കുകയാണ് സർക്കാർ.
അതേസമയം അഫ്ഗാൻ ദേശീയ വനിതാ ഫുട്ബോൾ ടീമിനെ ഓസ്ട്രേലിയൻ സർക്കാർ അടുത്തിടെ ഒഴിപ്പിച്ചിരുന്നു. തുടർന്ന് പോർച്ചുഗലിലെ ലിസ്ബണിൽ അവർ പരിശീലനം നടത്തിയിരുന്നു. വനിത ടീമിന് യുകെയിൽ അഭയം നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്ന നിരവധി സംഘടനകളിൽ ഒന്നാണ് ലീഡ്സ് യുണൈറ്റഡ്. വനിതകൾക്ക് സമാധാനപരമായ ഭാവി ഉറപ്പാക്കാൻ തന്റെ ക്ലബ് തയ്യാറാണെന്ന് ക്ലബ്ബിന്റെ ചെയർമാൻ ആൻഡ്രിയ റാഡ്രിസാനി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
അഫ്ഗാൻ സ്ക്വാഡിനെ യുകെയിലേക്ക് കൊണ്ടുവരാനുള്ള പ്രചാരണത്തിന് നേതൃത്വം നൽകിയ ചാരിറ്റി ഫുട്ബോൾ ഫോർ പീസ് സഹസ്ഥാപകൻ കാഷിഫ് സിദ്ദിഖി, ആഭ്യന്തര സെക്രട്ടറിയുടെ തീരുമാനത്തെ അനുകൂലിച്ചു. ഒപ്പം ടീമിനും അംഗങ്ങൾക്കും ശോഭനമായ ഭാവി സമ്മാനിച്ച പ്രധാനമന്ത്രി ബോറിസ് ജോൺസനും പ്രീതി പട്ടേലിനും അദ്ദേഹം നന്ദി അറിയിച്ചു. അഫ്ഗാൻ സ്ത്രീകളെ കായിക മത്സരങ്ങളിൽ നിന്ന് വിലക്കാനുള്ള താലിബാൻ തീരുമാനത്തിന് പിന്നാലെയാണ് ടീം രാജ്യം വിട്ടത്. മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ മുസ്ലിം സ്ത്രീകൾക്ക് മുഖം മറയ്ക്കാൻ കഴിയില്ലെന്നതാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെ കാരണം. ഭരണം സ്വന്തമാക്കിയതിന് ശേഷമുള്ള ആദ്യത്തെ മാധ്യമ കൂടിക്കാഴ്ചയില്‍ താലിബാൻ സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് വാക്കുകളിൽ മാത്രം ഒതുങ്ങുന്നുവെന്നാണ് ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ന്യൂഡൽഹി: ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ, ടാറ്റ കുടുംബത്തിലേയ്ക്ക് മടങ്ങിവരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്‌പൈസ് ജെറ്റ് പ്രമോട്ടര്‍ അജയ് സിങ്ങിനെ മറികടന്ന് കേന്ദ്രസര്‍ക്കാര്‍ ടാറ്റാ സണ്‍സിനെ തിരഞ്ഞെടുത്തതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ വിമാനക്കമ്പനിയെ ടാറ്റയ്ക്ക് വിൽക്കുന്ന വാർത്തകൾ കേന്ദ്രസർക്കാർ സ്ഥിരീകരിച്ചിട്ടില്ല. ടെന്‍ഡറില്‍ ഉയര്‍ന്ന തുക ടാറ്റയുടേതെന്നാണ് റിപ്പോര്‍ട്ട്.
ടാറ്റ ഗ്രൂപ്പും സ്‌പൈസ് ജെറ്റ് പ്രമോട്ടര്‍ അജയ് സിങ്ങുമാണ് എയര്‍ ഇന്ത്യ വാങ്ങുന്നതിന് രംഗത്തുണ്ടായിരുന്നത്. ദേശീയ വിമാന കമ്പനി വില്‍ക്കാനുള്ള മൂന്നാമത്തെ ശ്രമമാണ് ഇത്. കേന്ദ്രം ഇത്തവണ മുഴുവന്‍ ഓഹരികളും ഏറ്റവും കൂടുതല്‍ ലേലം വിളിക്കുന്നവര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നു. 2007 മുതല്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയുടെ ആകെ കടം 60,000 കോടി രൂപയാണ്. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്താല്‍, 68 വര്‍ഷത്തിനു ശേഷം ടാറ്റയുടെ കൈകളിലേക്ക് എയര്‍ ഇന്ത്യ വീണ്ടുമെത്തും.
ടാറ്റാ ഗ്രൂപ്പ് ഔദ്യോഗികമായി ചുമതലയേറ്റ ഉടൻ തന്നെ എയർ ഇന്ത്യയിൽ ഘടനാപരമായ മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. വിമാനം ഉൾപ്പെടെയുള്ള ആസ്തികൾ വിൽക്കുകയോ ജീവനക്കാരെ കുറയ്ക്കുകയോ എയർലൈൻ നേതൃത്വത്തെ പുനഃസംഘടിപ്പിക്കുകയോ ഒക്കെ ഉണ്ടാവും. വിപണിയിൽ കൂടുതൽ മത്സരാധിഷ്ഠിതമാക്കുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും തീവ്രശ്രമം ആവശ്യമെന്നിരിക്കെ ഉടമസ്ഥർ അനുയോജ്യമായ മാറ്റങ്ങൾ പരിഗണിക്കും. സർക്കാർ അധിഷ്ഠിത സ്ഥാപനത്തിൽ നിന്ന് സ്വകാര്യ സ്ഥാപനത്തിലേക്ക് മാറുന്നതാണ് മറ്റൊരു വെല്ലുവിളി. ഈ മാറ്റം യൂണിയനുകളും ടാറ്റയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളിലേക്ക് നയിച്ചേക്കാം.
ടാറ്റ ഗ്രൂപ്പ് അവരുടെ എയർലൈൻ ബ്രാൻഡുകൾ ലയിപ്പിക്കാൻ സാധ്യതയുണ്ട്. ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് പ്രകാരം എല്ലാ എയർലൈനുകൾക്കും ഒരൊറ്റ ബ്രാൻഡ് സൃഷ്ടിക്കാൻ ഗ്രൂപ്പ് പദ്ധതിയിടുന്നു. എയർ ഇന്ത്യ, വിസ്താര (സഹപങ്കാളി – സിംഗപ്പുര്‍ എയര്‍ലൈന്‍സ്), എയർ ഏഷ്യ ഇന്ത്യ (സഹപങ്കാളി – മലേഷ്യയിലെ എയര്‍ ഏഷ്യ), എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയെല്ലാം ഒന്നായി മാറുമെന്ന് അർത്ഥം.
അതേസമയം, സ്വകാര്യവത്കരണത്തിനുള്ള ടെണ്ടറിൽ കേന്ദ്രമന്ത്രിസഭാ സമിതി തീരുമാനമെടുക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ അക്കൗണ്ടിൽ ശമ്പളമെത്തിയതിന്റെ അമ്പരപ്പിലാണ് എയർ ഇന്ത്യ ജീവനക്കാർ. ഇതിനെ ടാറ്റ ഇഫക്ട് എന്നാണ് അവർ വിശേഷിപ്പിച്ചത്. 2017 ന് ശേഷം ആദ്യമായാണ് മാസത്തിലെ ആദ്യ ദിവസം തന്നെ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യുകെയിലെ ഏറ്റവും വലിയ ബേക്കറികളിൽ ഒന്നുകൂടി ഏറ്റെടുത്തിരിക്കുകയാണ് ഇസ്സ സഹോദരന്മാർ. അടുത്തിടെയാണ് ഇവരിരുവരും പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ അസ് ഡാ ഗ്രൂപ്പ് ഏറ്റെടുത്തത്. ഇരുവരും കൂടി ചേർന്ന് തുടങ്ങിയ ഇ ജി ഗ്രൂപ്പ് തുടക്കത്തിൽ പെട്രോൾപമ്പുകളിലൂടെ ആണ് ആരംഭിച്ചത്. ഇപ്പോൾ കൂപ്പ്ലാൻഡ്‌സ് ബേക്കറി കൂടി ഏറ്റെടുത്തിരിക്കുന്ന ഇ ജി ഗ്രൂപ്പ് വളരെ വേഗം വളർന്നു കൊണ്ടിരിക്കുകയാണ്.
കൂപ്പ്ലാൻഡ്സ് ബേക്കറി 1885ലാണ് ആരംഭിച്ചത്. നിലവിൽ 180 ഓളം കഫേകളിലും സ്റ്റോറുകളിലുമായി 1600 ഓളം ജീവനക്കാർ ജോലി ചെയ്യുന്ന രാജ്യത്തെ തന്നെ രണ്ടാമത്തെ വലിയ ബേക്കറി ആണ് കൂപ്പ്ലാൻഡ്‌സ്. കൂപ്പ്ലാൻഡ്‌സിലെ ജീവനക്കാരെ വളരെ സന്തോഷപൂർവ്വം ഈ ഗ്രൂപ്പിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഇസ്സ സഹോദരന്മാർ അറിയിച്ചു. കൂപ്പ്ലാൻഡ് സ് ബേക്കറിയുടെ വിഭവങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടാകുമെന്നും അവർ പറഞ്ഞു. ഫുഡ് സർവീസ് രംഗത്തേയ്ക്കുള്ള ഇ ജി ഗ്രൂപ്പിന്റെ കൂടുതൽ വളർച്ചയാണ് ഇത് സൂചിപ്പിക്കുന്നത് എന്നും അവർ വ്യക്തമാക്കി.
ഇ ജി ഗ്രൂപ്പിലേക്ക് ചേരുന്നതിൽ അഭിമാനമുണ്ടെന്ന് കൂപ്പ്ലാൻഡ്‌സ് സി ഇ ഒ ബലിന്റ യങ്സ് വ്യക്തമാക്കി. ബേക്കറികളോടൊപ്പം തന്നെ 3 ഫുഡ് പ്രോസസിംഗ് യൂണിറ്റുകളും ഇ ജി ഗ്രൂപ്പ് ഏറ്റെടുത്തവയിൽപ്പെടുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വിദേശ ഡ്രൈവർമാരെ നിയമിച്ച് രാജ്യത്തെ ഇന്ധന വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ബ്രിട്ടന്റെ ശ്രമങ്ങൾക്ക് തണുപ്പൻ പ്രതികരണമാ ണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതുവരെ 127 ഡ്രൈവർമാർ മാത്രമേ അപേക്ഷിച്ചിട്ടു എന്ന പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. 27 ഡ്രൈവർ മാത്രമേ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് വിസയ്ക്കായി അപേക്ഷിച്ചിട്ടുള്ളൂ എന്ന് ബിസിനസ് ഡിപ്പാർട്ട്മെൻറ് റിപ്പോർട്ട് ചെയ്തു . ഹ്രസ്വകാല വിസകൾ ആകർഷകമല്ല എന്നുള്ള കാരണമാണ് പ്രധാനമായും അപേക്ഷകരുടെ എണ്ണം കുറയുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവിൽ ഇന്ധന വിതരണത്തിനായി സൈനികരുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട് .
ലണ്ടനിലും ഇംഗ്ലണ്ടിന്റെ തെക്കു കിഴക്കൻ പ്രദേശങ്ങളിലും അഞ്ചിലൊന്ന് പെട്രോൾപമ്പുകളിലും ഇപ്പോഴും ഇന്ധനക്ഷാമമാണെന്ന് റിട്ടെയിൽ വിതരണക്കാർ അറിയിച്ചിരുന്നു . എന്നാൽ യുകെയുടെ മറ്റ് പ്രദേശങ്ങളിൽ ഇപ്പോൾ പെട്രോൾ ലഭ്യതയ്ക്ക് കാര്യമായ പുരോഗമനമുണ്ടെ ന്നാണ് റിപ്പോർട്ടുകൾ . തെക്കു കിഴക്കൻ പ്രദേശങ്ങളുടെ സ്ഥിതിഗതികൾ ഇപ്പോഴും വെല്ലുവിളി നിറഞ്ഞതാണെന്ന് വിതരണക്കാർ വ്യക്തമാക്കി. ഇന്ധന ലഭ്യത വർദ്ധിച്ചതോടെ ഇ ജി ഗ്രൂപ്പ് ഏർപ്പെടുത്തിയിരുന്ന 30 പൗണ്ട് തുകയുടെ നിബന്ധന അവസാനിപ്പിച്ചിരിക്കുകയാണ്.
പത്ത് ദിവസങ്ങൾക്ക് മുൻപ് തങ്ങളുടെ പല ഔട്ട്ലെറ്റുകളിലും പെട്രോൾ ലഭ്യത കുറവാണെന്ന് ബി പി ഗ്രൂപ്പ് അറിയിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാവുന്നത്. ഇതോടെ ജനങ്ങൾ കൂടുതൽ പെട്രോൾ ശേഖരിച്ചു വയ്ക്കാൻ ആരംഭിക്കുകയും, ഇതു കൂടുതൽ പെട്രോൾ ക്ഷാമത്തിലേക്ക് നയിക്കുകയും ചെയ്തു. ലോറി ഡ്രൈവർമാരുടെ അഭാവം പെട്രോൾ മേഖലയെ മാത്രമല്ല, മറ്റു പല മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട്. കോവിഡ് പകർച്ചവ്യാധി, ബ്രെക്സിറ്റ് മുതലായവയൊക്കെ ഡ്രൈവർമാരുടെ ക്ഷാമത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട് .
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇന്ന് പുലർച്ചെ പെയ്ത കനത്ത മഴയിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ റോഡ് ഗതാഗതം തടസപ്പെട്ടു. ലണ്ടനിലും സമീപ പ്രദേശങ്ങളിലും ഇന്ന് മൂന്ന് ഇഞ്ച് വരെ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. മഴ കനത്തതോടെ പല റോഡുകളും വെള്ളത്തിനടിയിലായി. ലണ്ടനിൽ ഉൾപ്പെടെ യുകെയുടെ നോർത്ത് ഈസ്റ്റ് ഭാഗങ്ങളിൽ വെള്ളപൊക്ക മുന്നറിയിപ്പ് നിലവിലുണ്ട്. രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ പുറപ്പെടുവിച്ചിരുന്ന യെല്ലോ അലേർട്ട് പിൻവലിച്ചു. നോർത്ത് ഈസ്റ്റ് പ്രദേശങ്ങളിൽ 24 മണിക്കൂറിൽ 50 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലണ്ടനിലെ സെന്റ് ജെയിംസ് പാർക്കിൽ ഇന്ന് രാവിലെ 26 മില്ലിമീറ്റർ മഴ ലഭിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. സമീപത്തെ നൈറ്റ്സ്ബ്രിഡ്ജ്, ഹാമേഴ്സ്മിത്ത് എന്നിവിടങ്ങളിൽ മഴ കനത്തതോടെ റോഡുകൾ വെള്ളത്തിനടിയിലായി. റെയിൽ ഗതാഗതവും തടസപ്പെട്ടു.
ഇന്ന് അർദ്ധരാത്രിയ് ക്കും രാവിലെ 6 മണിക്കും ഇടയിൽ ലണ്ടനിലെ സെന്റ് ജെയിംസ് പാർക്കിൽ 35 മില്ലിമീറ്റർ മഴയും വെസ്റ്റ് സസെക്സിലെ സ്റ്റോറിംഗ്ടണിൽ 30 മില്ലീമീറ്ററും ലീസെസ്റ്റർഷയറിലെ മാർക്കറ്റ് ബോസ്വർത്തിൽ 29 മില്ലീമീറ്ററും മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ മഴ കുറയുന്നുണ്ടെങ്കിലും ന്യൂനമർദ്ദം ഇപ്പോൾ നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലേയ്ക്കും സൗത്ത് ഈസ്റ്റ് സ്കോട്ട്ലൻഡിലേയ്ക്കും നീങ്ങിയതായി മെറ്റ് ഓഫീസ് അറിയിച്ചു. നിലവിൽ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾക്കായി 54 ഫ്ലഡ് അലേർട്ടുകളും ഇംഗ്ലണ്ടിൽ നാല് പ്രളയ മുന്നറിയിപ്പുകളും പരിസ്ഥിതി ഏജൻസി പുറപ്പെടുവിച്ചിട്ടുണ്ട്.
ലണ്ടൻ, ബർമിംഗ്ഹാം, കുംബ്രിയ എന്നിവിടങ്ങളിൽ വെള്ളപൊക്ക സാധ്യതയുണ്ട്. ഗതാഗതം തടസ്സപ്പെടുന്നതോടൊപ്പം വൈദ്യുതിയും തടസ്സപ്പെട്ടേക്കും. പൊതുജനങ്ങൾ സുരക്ഷിതരായി തുടരാനാണ് നിർദേശം. തലസ്ഥാനത്തെ വെള്ളപ്പൊക്കം നേരിടാൻ ഗതാഗത, കൗൺസിൽ മേലധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ പറഞ്ഞു. മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യാത്രാ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഏർപ്പെടുത്തി യുകെ. ട്രാഫിക് ലൈറ്റ് സിസ്റ്റം ഉപേക്ഷിക്കുന്നതോടെ ഇനി റെഡ് ലിസ്റ്റ് മാത്രമാവും ഉണ്ടാവുക. റെഡ് ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് (രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ) ഇനി യുകെയിലേക്ക് വരുന്നതിന് മുമ്പ് പരിശോധന നടത്തേണ്ടതില്ല. ഈ ഇളവുകൾ വിദേശയാത്ര എളുപ്പമാക്കുന്നതിന് സഹായിക്കുമെന്ന് എയർലൈൻസ് യുകെ പ്രതികരിച്ചു. എന്നാൽ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവർ ഇപ്പോഴും 10 ദിവസത്തേക്ക് ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയണം. ഗ്രീൻ, ആമ്പർ ലിസ്റ്റുകൾ റദ്ദാക്കിയതോടെ ഇനി യാത്രയും എളുപ്പമാവും. യുകെ, യൂറോപ്യൻ യൂണിയൻ, യുഎസ് തുടങ്ങി 18 അംഗീകൃത രാജ്യങ്ങളിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർക്കുള്ള പരിശോധന നിയമങ്ങളിലും ഇളവുകൾ കൊണ്ടുവന്നിട്ടുണ്ട്.
ആ രാജ്യങ്ങളിൽ കഴിയുന്ന 18 വയസ്സിന് താഴെയുള്ളവർക്ക് പരിശോധന കൂടാതെ ഇനി യുകെയിലേയ്ക്ക് പ്രവേശിക്കാം. ബ്രസീൽ, മെക്സിക്കോ, ഫിലിപ്പീൻസ്, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെയുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ, ഒരു മുതിർന്ന വ്യക്തിയ്ക്ക് 2285 പൗണ്ട് നിരക്കിൽ സർക്കാർ അംഗീകൃത ഹോട്ടലിൽ 10 ദിവസം ക്വാറന്റൈൻ കഴിയേണ്ടതുണ്ട്. ഈ ആഴ്ച അവസാനം റെഡ് ലിസ്റ്റ് പുതുക്കും. കുടുംബങ്ങൾക്കും ബിസിനസുകൾക്കും യാത്രാ മേഖലയ്ക്കും ഇതൊരു നല്ല വാർത്ത ആണെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് അഭിപ്രായപ്പെട്ടു.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് ഷാപ്സ് പറഞ്ഞു. സർക്കാർ കണക്കു പ്രകാരം 10 ൽ എട്ട് പേർക്ക് ഇതുവരെ പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് നൽകിയിട്ടുണ്ട്. പരിശോധനയുടെ ചെലവ് കുറയ്ക്കുന്നതിലൂടെയും നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഏർപ്പെടുത്തുന്നതിലൂടെയും യാത്രാ മേഖലയെ പുനരുജ്ജീവിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാസം ഇളവുകൾ പ്രഖ്യാപിച്ച ശേഷം ബുക്കിംഗുകളിൽ വൻ കുതിച്ചുചാട്ടം ഉണ്ടായിരുന്നു. ഒക്ടോബർ അവസാനം മുതൽ, ഇംഗ്ലണ്ടിലേക്ക് വരുന്നവർ രണ്ട് ദിവസത്തിന് ശേഷം പിസിആർ ടെസ്റ്റ് നടത്തേണ്ടതില്ലെന്നും പകരം വിലകുറഞ്ഞ ലാറ്ററൽ ഫ്ലോ ടെസ്റ്റ് നടത്താമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ലണ്ടനിലും ഇംഗ്ലണ്ടിന്റെ തെക്കു കിഴക്കൻ പ്രദേശങ്ങളിലും അഞ്ചിലൊന്ന് പെട്രോൾപമ്പുകളിലും ഇപ്പോഴും ഇന്ധനക്ഷാമമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റിട്ടെയിൽ വിതരണക്കാർ. എന്നാൽ യുകെയുടെ മറ്റ് പ്രദേശങ്ങളിൽ പെട്രോൾ ലഭ്യതയ്ക്ക് കാര്യമായ പുരോഗമനമുണ്ടെന്നും, ഡെലിവറികൾ സുഗമമാക്കാൻ സഹായിച്ച എല്ലാവരോടുമുള്ള നന്ദിയും പെട്രോൾ റീട്ടെയിലേഴ്സ് അസോസിയേഷൻ അറിയിച്ചു. എന്നാൽ തെക്കു കിഴക്കൻ പ്രദേശങ്ങളുടെ സ്ഥിതിഗതികൾ ഇപ്പോഴും വെല്ലുവിളി നിറഞ്ഞതാണെന്ന് അവർ വ്യക്തമാക്കി. ഇന്ധന ലഭ്യത വർദ്ധിച്ചതോടെ ഇ ജി ഗ്രൂപ്പ് ഏർപ്പെടുത്തിയിരുന്ന 30 പൗണ്ട് തുകയുടെ നിബന്ധന അവസാനിപ്പിച്ചിരിക്കുകയാണ്. തെക്കൻ പ്രദേശങ്ങളിലൊഴികെ മറ്റെല്ലായിടത്തും സ്ഥിതിഗതികൾ സാധാരണ ഗതിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ആർമിയിൽ നിന്നുള്ള നിരവധി പേരെ ഇന്ധന വിതരണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗവൺമെന്റ് ചെയ്യുന്ന അടിയന്തര നടപടികൾക്ക് വളരെയധികം നന്ദിയുണ്ടെന്നും പെട്രോൾ റീട്ടെയിലേഴ്സ് അസോസിയേഷൻ അറിയിച്ചു. 65 ഓളം ഡ്രൈവർമാരെയും പുതിയതായി നിയോഗിച്ചിട്ടുണ്ട്. ഇവർക്കെല്ലാം തന്നെ റിഫ്രഷർ ട്രെയിനിങും നൽകി കഴിഞ്ഞതായി ഗവൺമെന്റ് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ ട്രെയിനിങ് കഴിഞ്ഞവരെ ഇന്ധന ലഭ്യത കുറഞ്ഞ ഇടങ്ങളിലേയ്ക്ക് നിയോഗിക്കുമെന്നും ഗവൺമെന്റ് വക്താവ് അറിയിച്ചു.
പത്ത് ദിവസങ്ങൾക്ക് മുൻപ് തങ്ങളുടെ പല ഔട്ട്ലെറ്റുകളിലും പെട്രോൾ ലഭ്യത കുറവാണെന്ന് ബി പി ഗ്രൂപ്പ് അറിയിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാവുന്നത്. ഇതോടെ ജനങ്ങൾ കൂടുതൽ പെട്രോൾ ശേഖരിച്ചു വയ്ക്കാൻ ആരംഭിക്കുകയും, ഇതു കൂടുതൽ പെട്രോൾ ക്ഷാമത്തിലേക്ക് നയിക്കുകയും ചെയ്തു. ലോറി ഡ്രൈവർമാരുടെ അഭാവം പെട്രോൾ മേഖലയെ മാത്രമല്ല, മറ്റു പല മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട്. കോവിഡ് പകർച്ചവ്യാധി, ബ്രെക്സിറ്റ് മുതലായവയൊക്കെ ഡ്രൈവർമാരുടെ ക്ഷാമത്തിന് കാരണമായി പറയുന്നുണ്ട്. കാര്യങ്ങൾ സാധാരണനിലയിലേയ്ക്ക് എത്തിക്കുവാൻ ഗവൺമെന്റ് വളരെ നന്നായി പരിശ്രമിക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഫേസ്ബുക്ക് , ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് , ഫേസ്ബുക്ക് മെസഞ്ചറും തിങ്കളാഴ്ച ഏതാണ്ട് ഏഴ് മണിക്കൂറോളം പണിമുടക്കി. ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ഏകദേശം 160 മില്യൺ ഡോളർ (117 മില്യൺ പൗണ്ട് ) നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തെ തുടർന്ന് ഫേസ്ബുക്കിൻ്റെ ഓഹരി മൂല്യത്തിൽ 5 ശതമാനം കുറവാണ് ഉണ്ടായത്. തകരാറിൻ്റെ യഥാർത്ഥകാരണം ഫേസ്ബുക്ക് സ്ഥിരീകരിച്ചിട്ടില്ല . എന്നാൽ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ പിഴവുകളാണ് പ്രശ്നങ്ങൾക്ക് കാരണം എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
തിങ്കളാഴ്ച ഇന്ത്യൻ സമയം 9 മണി മുതൽ സമൂഹ മാധ്യമങ്ങളായ വാട്സ്ആപ്പും, ഫേസ്ബുക്കും , ഇൻസ്റ്റഗ്രാമിൻ്റെയും ഉപഭോക്താക്കൾക്ക് കാളരാത്രിയായിരുന്നു. സ്വകാര്യ നിമിഷങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ചിലവഴിക്കുന്നവരും ഔദ്യോഗിക ആവശ്യങ്ങൾക്കായി വാട്സ്ആപ്പ് ഉൾപ്പെടെ ഉപയോഗിക്കുന്നവരും തകരാറിൻെറ തുടക്കത്തിൽ കാര്യമറിയാതെ പരിഭ്രാന്തരായി . വാട്സാപ്പ് മെസ്സേജ് അയക്കാൻ സാധിക്കാത്തവരിൽ ഭൂരിപക്ഷത്തിനും ആദ്യം കാരണം വ്യക്തമായില്ല. മിക്കവരും തന്നെ തങ്ങളുടെ ഇൻറർനെറ്റ് പ്രശ്നങ്ങൾമൂലമോ ഫോണിൻറെ തകരാർ മൂലമോ ആണ് സന്ദേശങ്ങൾ അയക്കാൻ പറ്റാത്തതെന്നാണ് കരുതിയത്. പലരും ഒന്നിലേറെ തവണ ഫോൺ റീസ്റ്റാർട്ട് ചെയ്തു . പിന്നീട് ഓൺലൈൻ മാധ്യമങ്ങളിലൂടെയും ഫോൺ കോളിലൂടെയും തകരാർ തങ്ങളുടെ ഇൻറർനെറ്റിൻെറയോ ഫോണിൻെറയോ അല്ല എന്നറിഞ്ഞതിൽ സന്തോഷിച്ചെങ്കിലും പരിഹാരം എന്നുണ്ടാകുമെന്നുള്ള കാര്യത്തിൽ ആശങ്കയിലായിരുന്നു. തകരാർ പരിഹരിച്ചതിന് ശേഷം ആശ്വാസത്തോടെ ഉള്ള പോസ്റ്റുകളും പരിഹാസ ട്രോളുകളും കൊണ്ട് സമൂഹമാധ്യമങ്ങൾ നിറഞ്ഞിരിക്കുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇന്ന് രാത്രിയും നാളെ രാവിലെയും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എന്നാൽ വെള്ളിയാഴ്ചയോടെ ചൂട് ഉയരുമെന്നും ഫ്രാൻസിന്റെ തെക്കൻ പ്രദേശങ്ങളെക്കാൾ കൂടുതൽ ചൂട് യുകെയിൽ അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മെറ്റ് ഓഫീസ് ഇന്നും നാളെയും യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും സൗത്ത് വെസ്റ്റ് ഭാഗങ്ങളിൽ ഇന്ന് കനത്ത മഴ ഉണ്ടാവുമെന്നാണ് പ്രവചനം. നാളെ നോർത്ത് ഈസ്റ്റ് പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കും. വരും ദിവസങ്ങളിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതോടെ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സൗത്ത് വെസ്റ്റ് ഭാഗങ്ങളിൽ കടൽക്ഷോഭത്തിന് സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് ചീഫ് മെട്രോളജിസ്റ്റ് ആൻഡി പേജ് പറഞ്ഞു.
അറ്റ്ലാന്റിക്കിന് കുറുകെ സഞ്ചരിക്കുന്ന സാം ചുഴലിക്കാറ്റ് യുകെയിൽ ഉയർന്ന സമ്മർദ്ദം ചെലുത്തുമെന്ന് വിദഗ്ദ്ധർ പറയുന്നു. അതിന്റെ ഫലമായി വെള്ളിയാഴ്ചയോടെ 70F (21°C) വരെ ചൂട് ഉയരും. താപനില ഉയരുന്നതോടെ ഇന്ത്യൻ സമ്മർ എത്തുമെന്ന പ്രതീക്ഷയിലാണ് കാലാവസ്ഥ നിരീക്ഷകർ. ഇത് മാസത്തിന്റെ പകുതി വരെ നീണ്ടുനിൽക്കും. സ്കോട്ട്ലാൻഡിലും ഇംഗ്ലണ്ടിന്റെ നോർത്ത് ഈസ്റ്റ് പ്രദേശങ്ങളിലുമാണ് കൂടുതൽ ചൂട് അനുഭവപ്പെടുക. തീരദേശ ചുഴലിക്കാറ്റ് ഇംഗ്ലണ്ടിനെയും വെയിൽസിനെയും ബാധിക്കുമെങ്കിലും ബുധനാഴ്ച മുതൽ നോർത്ത് വെസ്റ്റിൽ കാലാവസ്ഥ കൂടുതൽ ഊഷ്‌മളമാകും.