ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുദ്ധം തകർത്ത യുക്രൈനിൽ നിന്നും പലായനം ചെയ്ത് എത്തുന്നവർക്ക് വാസസ്ഥലമൊരുക്കാൻ യുകെ. സർക്കാരിന്റെ ‘ഹോംസ് ഫോർ യുക്രൈൻ’ പദ്ധതി ആരംഭിച്ചു. യുക്രൈൻ അഭയാർത്ഥികൾക്ക് പരിരക്ഷ ഒരുക്കുന്ന ഈ പദ്ധതി ലോകരാജ്യങ്ങൾക്ക് ഒരു മാതൃകയാവുകയാണ്. അഭയാർത്ഥിക്ക് താമസസൗകര്യം ഒരുക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും അപേക്ഷിക്കാം. കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും സ്വന്തം വീട്ടിലോ സുരക്ഷിതമായ മറ്റൊരിടത്തോ അവർക്ക് താമസമൊരുക്കാൻ കഴിയണം. ചാരിറ്റികൾ, ബിസിനസ്സ്, കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ എന്നിവർക്കും അപേക്ഷിക്കാം.

ഈ പദ്ധതിക്ക് കീഴിൽ രാജ്യത്തെത്തുന്ന യുക്രൈൻകാരുടെ എണ്ണത്തിൽ പരിധിയില്ലെന്ന് സർക്കാർ അറിയിച്ചു. ഒരു അഭയാര്‍ത്ഥിയെ പാര്‍പ്പിക്കുന്ന ഓരോ കുടുംബത്തിനും പ്രതിമാസം 350 പൗണ്ട് നികുതിയില്ലാതെ നല്‍കും. വെള്ളിയാഴ്ച മുതല്‍ യുക്രൈന്‍ പൗരന്റെ വിസ വ്യക്തിഗതമായി സ്പോണ്‍സര്‍ ചെയ്യാനും സാധിക്കും. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ, സഹായിക്കാൻ ആഗ്രഹിക്കുന്ന യുക്രൈൻ പൗരന്റെ പേര് അറിയണം. യുക്രൈൻ പൗരനുമായി നേരിട്ട് ബന്ധപ്പെടാനും അവരുടെ എല്ലാ വിശദാംശങ്ങളും അപേക്ഷന്റെ വിശദാംശങ്ങളും സഹിതം ഒരു വിസ അപേക്ഷ പൂരിപ്പിക്കാനും സർക്കാർ ഉപദേശിക്കുന്നു.

പദ്ധതിക്ക് കീഴിൽ വിസ അനുവദിക്കുന്നവർക്ക് മൂന്ന് വർഷത്തേക്ക് യുകെയിൽ ജോലി ചെയ്യാനും ആനുകൂല്യങ്ങൾ സ്വീകരിക്കാനും പൊതു സേവനങ്ങൾ ഉപയോഗിക്കാനും അർഹതയുണ്ട്. യുക്രൈൻ അഭയാർത്ഥികൾക്ക് ജോലി വാഗ്ദാനം ചെയ്തുകൊണ്ട് സെയിൻസ്ബറി, മാർക്ക്സ് & സ്പെൻസർ, മോറിസൺസ് എന്നിവർ രംഗത്തെത്തി. വളർത്തുമൃഗങ്ങളുമായി യുകെയിലേക്ക് വരാൻ ആഗ്രഹിക്കുന്ന യുക്രൈൻ പൗരന്മാർക്ക് അതിനുള്ള അവസരവും ഒരുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.