Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സാറാ എവറാർഡ് കൊലപാതക കേസിൽ പ്രതി വെയ്ൻ കൂസെൻസിനെ മരണം വരെ തടവ് ശിക്ഷയ്ക്ക് വിധിച്ചുവെങ്കിലും ഇത്തരം ക്രൂരകൃത്യങ്ങൾ വിരൽചൂണ്ടുന്നത് സ്ത്രീ സുരക്ഷയെ സംബന്ധിച്ചുള്ള നിരവധി ചോദ്യങ്ങളിലേക്കാണ്. സ്ത്രീസുരക്ഷയ്ക്ക് നിയമവും അധികാരികളും എത്രമാത്രം പ്രാധാന്യം നൽകുന്നുവെന്ന് പൊതുജനങ്ങൾ സംശയിച്ചുതുടങ്ങിയിരിക്കുന്നു. രാത്രിയിൽ തെരുവിൽ ഇറങ്ങി നടക്കാൻ സ്ത്രീകൾ ഭയപ്പെടുന്നു. തെരുവ് വിളക്കുകളും സിസിടിവിയും കൊണ്ട് ഇത്തരം അതിക്രമങ്ങൾക്ക് തടയിടാൻ കഴിയുന്നില്ല. ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും ഇരയാകുന്നവരിൽ ഭൂരിഭാഗം പേരും അത് റിപ്പോർട്ട്‌ ചെയ്യാൻ തയ്യാറാവുന്നില്ല. റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർ വളരെ ചുരുക്കം. ബലാത്സംഗത്തിന് നിയമം നൽകുന്ന ശിക്ഷ വളരെ കുറവാണെന്നാണ് പൊതുജനാഭിപ്രായം.

സമൂഹം, കുടുംബം, ജോലിസ്ഥലം എന്നിവിടങ്ങളിൽനിന്ന് സ്ത്രീകള്‍ ശാരീരികമായും മാനസികമായും നേരിടുന്ന അതിക്രമങ്ങളുടെ തോത് വളരെ വലുതാണ്. സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാൻ പോലീസ് പ്രവർത്തിക്കണം. എന്നാൽ പോലീസ് തന്നെ മുഖ്യ പ്രതിയാവുമ്പോൾ സ്ത്രീസുരക്ഷ വാക്കിൽ മാത്രമായി ഒതുങ്ങുകയാണ്. വർദ്ധിച്ചുവരുന്ന പോലീസ് അക്രമങ്ങൾക്കെതിരെ നിശിതമായ വിമർശനം ഉയർന്നതോടൊപ്പം സാറായ്ക്ക് വേണ്ടി മാർച്ചിൽ ആയിരങ്ങൾ അണിചേർന്നിരുന്നു. ഈ കേസോടെ, സഹായത്തിനായി വിളിച്ചാലും സ്ത്രീകൾക്ക് ഇപ്പോൾ ഒരു പോലീസ് ഉദ്യോഗസ്ഥനെ വിശ്വസിക്കാൻ കഴിയില്ലെന്ന അവസ്ഥയും ഉടലെടുത്തു. തന്റെ വാറന്റ് കാർഡ് കാണിച്ചുകൊണ്ടാണ് കൂസെൻസ് സാറായെ തട്ടിക്കൊണ്ടുപോയതെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

അതേസമയം മറ്റ് അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം വെയ്ൻ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമായിരുന്നുവെന്ന് പോലീസ് പറയുന്നു. സ്ത്രീവിരുദ്ധ സന്ദേശങ്ങൾ അദ്ദേഹം ഗ്രൂപ്പിൽ പങ്കുവച്ചതായി കണ്ടെത്തി. 2019 മാർച്ച് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലെ സന്ദേശങ്ങളാണ് ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്ട് (ഐഒപിസി) പരിശോധിച്ചത്. ഗ്രൂപ്പിൽ ഉൾപ്പെട്ട മറ്റ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണ്. സ്ത്രീസുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകികൊണ്ട്, ലണ്ടനിലെ തിരക്കേറിയ സ്ഥലങ്ങളിൽ 650 ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. സ്ത്രീകളുടെ സമഗ്രവികസനം ലക്ഷ്യത്തിലെത്താൻ സാമൂഹിക രാഷ്ട്രീയതലത്തിൽ കൂടുതൽ ഇടപെടലുകൾ അനിവാര്യമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സെപ്റ്റംബറിലും വീട് വില ഉയർന്നുവെന്ന മുന്നറിയിപ്പുമായി നേഷൻവൈഡ്. കഴിഞ്ഞ അഞ്ചു മാസങ്ങളായി വീട് വിലയിലെ ഉയർച്ച പത്തു ശതമാനത്തിന് മുകളിലാണ്. സെപ്റ്റംബറിലെ വിലകൾ കഴിഞ്ഞ വർഷത്തേക്കാൾ പത്തു ശതമാനം ഉയർന്നു നിൽക്കുന്നു. ഓഗസ്റ്റിൽ ഇത് 11 ശതമാനം ആയിരുന്നു. വെയിൽസിലെയും വടക്കൻ അയർലണ്ടിലെയും സമീപകാല പ്രവർത്തനങ്ങളാണ് വില ഉയരാൻ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. സാധാരണ വീടിന് ഇപ്പോൾ 248,742 പൗണ്ട് ആണ് വില. വീട് വില വർദ്ധിക്കുന്നത് ആദ്യമായി വാങ്ങുന്നവർക്ക് സാമ്പത്തിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ലാൻഡ് രജിസ്ട്രിയിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം റിച്ച്മണ്ട്ഷയറിൽ വസ്തുവില 29% വർദ്ധിച്ചു. ബ്രിട്ടനിലെ വേഗതയേറിയ വളർച്ചയാണിത്.

യുകെയിലെ മറ്റ് മനോഹരമായ ഗ്രാമപ്രദേശങ്ങളിലും ഭവന വിലയിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡെർബിഷയർ ഡെയ്ൽസ്, നോർത്ത് നോർഫോക്ക്, കോട്സ്വോൾഡ്സ് എന്നിവിടങ്ങളിലെല്ലാം ഒരു വർഷത്തിനുള്ളിൽ സ്വത്തിന്റെ മൂല്യം 20% ത്തിൽ അധികം വർദ്ധിച്ചു. വിനോദസഞ്ചാര മേഖലകളിൽ വീടുകളുടെ വില മൂന്ന് മടങ്ങ് അധികം ഉയർന്നുവെന്ന് ഓഫീസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻഎസ്) കണക്കുകൾ വ്യക്തമാക്കുന്നു.

ഇംഗ്ലണ്ടിലെയും വടക്കൻ അയർലണ്ടിലെയും സ്റ്റാമ്പ് ഡ്യൂട്ടി പരിധി ഇന്ന് മുതൽ സാധാരണ നിലയിലേയ്ക്ക് മടങ്ങും. സമയപരിധിക്ക് മുമ്പ് വാങ്ങലുകൾ പൂർത്തിയാക്കാൻ ശ്രമം നടത്തിയതിനാൽ ജൂണിൽ ധാരാളം വില്പന നടന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനെ നടുക്കിയ സാറാ എവറാർഡിന്റെ കൊലപാതക കേസിലെ പ്രതി വെയ്ൻ കൂസെൻസിനു കോടതി ജീവിതാന്ത്യം വരെയുള്ള ജയിൽ ശിക്ഷയാണ് കഴിഞ്ഞദിവസം വിധിച്ചത്. തട്ടിക്കൊണ്ടുപോകൽ, ബലാൽസംഗം, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. പോലീസ് ഉദ്യോഗസ്ഥനായ പ്രതിയെ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. വളരെ അപൂർവമായി മാത്രമാണ് കോടതി ഇത്തരത്തിലുള്ള ശിക്ഷ വിധിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ശിക്ഷ പ്രകാരം പ്രതി മരണം വരെ ജയിലിൽ കഴിയേണ്ടതാണ്. പോലീസ് ഉദ്യോഗസ്ഥനായിരുന്ന പ്രതി തന്റെ അധികാരം ദുർവിനിയോഗം ചെയ്തതായി കോടതി വിലയിരുത്തി. കോവിഡ് നിയമങ്ങളും, തന്റെ വാറന്റ് കാർഡും ഉപയോഗിച്ച് മുപ്പത്തി മൂന്നുകാരിയായ മാർക്കറ്റിങ് എക്സിക്യൂട്ടീവായ പെൺകുട്ടിയെ വിലങ്ങ് വെച്ച് വ്യാജ അറസ്റ്റ് നടത്തുകയും, അതിനുശേഷം തന്റെ കാറിൽ 80 മൈൽ ദൂരെ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും ചെയ്തു എന്നുള്ളതാണ് ഇയാൾക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം.


ബ്രിട്ടനിലെ നിയമവ്യവസ്ഥയിൽ, ഏറ്റവും ഉയർന്ന ശിക്ഷകളിലൊന്നാണ് ജീവിതാന്ത്യം വരെയുള്ള ജയിൽശിക്ഷ. ജൂണിലെ ഗവൺമെന്റ് കണക്കുകൾ പ്രകാരം, നിലവിൽ 60 പേർ മാത്രമാണ് ഇത്തരത്തിൽ ശിക്ഷ അനുഭവിക്കുന്നത്. ഇത്തരം പ്രതികൾക്ക് പരോൾ അനുവദിക്കുന്നതല്ല. മരണംവരെ ഇവർ ജയിലിൽ തന്നെ കഴിയണം എന്നതാണ് ശിക്ഷ വ്യക്തമാക്കുന്നത്.

വളരെനാൾ കരുതിക്കൂട്ടിയാണ് ഇത്തരത്തിലൊരു കുറ്റം ഇയാൾ ചെയ്തതെന്ന് കോടതി കണ്ടെത്തി. വളരെ വേദനാജനകമായ അന്ത്യമാണ് സാറയ്ക്ക് ലഭിച്ചത്. ക്രൂരമായ രീതിയിലുള്ള പെരുമാറ്റം ആണ് പ്രതിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. വളരെ അസാധാരണമായ കേസായി ഇതിനെ കോടതി വിലയിരുത്തി. മാത്രവുമല്ല പോലീസുകാരനായ ഇയാൾ തന്റെ അധികാരവും പദവിയും ദുരുപയോഗം ചെയ്താണ് ഇത്തരത്തിലൊരു കുറ്റം ചെയ്തതെന്നും, അതിനാൽ തന്നെ ഇയാൾക്ക് ജീവിതാന്ത്യം വരെയുള്ള ജയിൽ ശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂട്ടറും ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലോക്ക് ഡൗണിനു ശേഷവും ഇംഗ്ലണ്ടിൽ ജനറൽ പ്രാക്ടീഷണറുമായുള്ള മുഖാമുഖ കൺസൾട്ടേഷനുകൾ വർദ്ധിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലോക്ക് ഡൗണിനു ശേഷമുള്ള ആദ്യ മാസമായ ഓഗസ്റ്റിൽ വെറും 58 ശതമാനം രോഗികൾ മാത്രമാണ് ഡോക്ടറുമായി മുഖാമുഖ കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. ഇത് ലോക്ക് ഡൗൺ കാലമായ ജനുവരി മാസത്തിലെ കണക്കായ 54 ശതമാനത്തോട് വളരെ അടുത്തു നിൽക്കുന്നു. എന്നാൽ കൊറോണക്കാലത്തിനു മുൻപ് 80 ശതമാനം രോഗികളും മുഖാമുഖ കൺസൾട്ടേഷനുകൾ നടത്തിയിരുന്നു. ചിലയിടങ്ങളിൽ കണക്കുകൾ 50 ശതമാനത്തിനു താഴെയും എത്തുന്നുണ്ട്. എന്നാൽ ആവശ്യക്കാരുടെ വർധനവും, സ്റ്റാഫുകളുടെ കുറവുമെല്ലാം കൂടുതൽ രോഗികളെ മുഖാമുഖം കാണുന്നതിനു തടസ്സമായിട്ടുണ്ടെന്ന് ജനറൽ പ്രാക്ടീഷണർ ഡോക്ടർമാർ വ്യക്തമാക്കി.

ഇത്തരത്തിൽ ജനറൽ പ്രാക്ടീഷണറുമായുള്ള കൺസൾട്ടേഷനുകൾ നടക്കാത്തത് മൂലമാണ് ആശുപത്രികളിലെ എമർജൻസി വിഭാഗത്തിലും കാഷ്വാലിറ്റിയിലും തിരക്ക് കൂടുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ജനങ്ങൾ എല്ലാവരും തന്നെ ജി പി യുമായുള്ള കൂടി കാഴ്ചകൾ വർദ്ധിപ്പിക്കണമെന്ന ആവശ്യം എൻഎച്ച്എസ് ഇംഗ്ലണ്ടും മന്ത്രിമാരും ഒരുപോലെ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ജനറൽ പ്രാക്ടീഷണറുമാരുടെ എണ്ണം ക്രമാതീതമായി കുറയുന്നുവെന്ന വസ്തുതയും നിലനിൽക്കുന്നുണ്ട്. എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള ഗവൺമെന്റിന്റെ പരിശ്രമങ്ങൾക്ക് ശേഷവും, കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി ഏഴു ശതമാനത്തോളം ഡോക്ടർമാരുടെ കുറവ് ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതുമൂലം ആശുപത്രികളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്.

ജനറൽ പ്രാക്ടീഷണറുമാരുടെ സേവനങ്ങളിൽ തൃപ്തി ഉണ്ടെന്നും, എന്നാൽ അവർ കൂടുതൽ മുഖാമുഖ കൺസൾട്ടേഷനുകൾ നൽകുവാൻ തയ്യാറാകണമെന്നും ഡിപ്പാർട്ട്മെന്റ് ഫോർ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ വക്താവ് ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സാറാ എവറാർഡിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ വെയ്ൻ കൂസെൻസിന് ജീവപര്യന്തം കഠിന തടവ്. മരണം വരെ തടവിൽ കഴിയണമെന്ന ശിക്ഷ വിധിച്ചുകൊണ്ട് ദാരുണവും ക്രൂരവുമായ കൊലപാതകമാണ് നടന്നതെന്ന് ജഡ്ജി ഫുൾഫോർഡ് വ്യക്തമാക്കി. ബ്രിട്ടനിൽ വലിയ കോളിളക്കം സൃഷ്ടിച്ച കേസിന്റെ വിധിയാണ് ഇപ്പോൾ നടപ്പിലായിരിക്കുന്നത്. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾ ചെയ്ത പ്രതി യാതൊരു നീതിയും അർഹിക്കുന്നില്ലെന്നും വളരെ ഗൗരവമേറിയ കേസാണ് ഇതെന്നും കോടതി വിധിച്ചു. 50 വർഷത്തിന് മുമ്പ് പാർലമെന്റ് വധശിക്ഷ നിർത്തലാക്കിയതിനാൽ ഏറ്റവും വലിയ കുറ്റവാളികൾക്ക് ഇപ്പോൾ നൽകുന്ന ശിക്ഷയാണ് ജീവിതകാലം മുഴുവൻ ജയിലിൽ അടയ്ക്കുക എന്നത്. മനുഷ്യത്വരഹിതമായ ചെയ്തികൾ നിമിത്തം ഈ ശിക്ഷയാണ് കൂസെൻസിനെയും തേടിയെത്തിയിരിക്കുന്നത്.

കേസിനാധാരമായ സംഭവം – 2021 മാർച്ച് മൂന്നിന് ജോലി കഴിഞ്ഞു സൗത്ത് ലണ്ടനിലെ ക്ലാഫാമിൽനിന്നു ബ്രിക്സ്ടനിലെ വീട്ടിലേക്കു നടന്നുപോകുകയായിരുന്ന സാറായെ വെയ്ൻ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സാറയുടെ കാമുകന്റെ പരാതിയിന്മേൽ മാർച്ച് 9ന് പോലീസ് ഉദ്യോഗസ്ഥനെയും അദ്ദേഹത്തിന്‍റെ സഹായിയായ ഒരു സ്ത്രീയെയും അറസ്റ്റ് ചെയ്തു. മാര്‍ച്ച്‌ 10 ന് ലണ്ടനിൽനിന്നു 100 കിലോമീറ്റർ അകലെ കെന്റിലെ ആഷ്ഫോഡിൽ നിന്ന് കണ്ടെടുത്ത ശരീരാവശിഷ്ടങ്ങള്‍, മാര്‍ച്ച്‌ 12 ന് സാറയുടേതാണെന്ന് സ്ഥിരീകരിച്ചു. അന്നു തന്നെ സാറയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കുറ്റം വെയ്നിൽ ചുമത്തപ്പെട്ടു. ‘പോലീസ് ബെൽറ്റ്’ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നതിന് മുമ്പ് സാറയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പ്രതി കോടതിയിൽ സമ്മതിച്ചു. വാടകയ്ക്ക് എടുത്ത കാറിന്റെ പിൻസീറ്റിൽ കെട്ടിയിട്ടാണ് സാറയെ കടത്തികൊണ്ടുപോയത്. രാത്രിയിൽ ജോലിയുണ്ടെന്ന് പറഞ്ഞ് പ്രതി സമർത്ഥമായി ഭാര്യയെ കമ്പളിപ്പിച്ചു. ഒറ്റപ്പെട്ട പ്രദേശത്തേക്ക് കൊണ്ടുപോയി ഏകദേശം അഞ്ചു മണിക്കൂറോളം പ്രതി സാറയെ പീഡിപ്പിച്ചു. അതിനുശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. 2019 ൽ താൻ വാങ്ങിയ സ്ഥലത്തെത്തിച്ച് സാറയുടെ മൃതദേഹം ചുട്ടെരിച്ച ശേഷം ഉപേക്ഷിച്ചു.

സാറാ എവറാർഡിന്റെ ജീവിതത്തിലെ അവസാന നിമിഷങ്ങൾ സങ്കൽപ്പിക്കാൻ കഴിയുന്നതിലുമപ്പുറം വേദനാജനകമാണെന്ന് കോടതി അറിയിച്ചു. തന്റെ പദവി ദുരുപയോഗം ചെയ്തുകൊണ്ട് യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ മുൻ പോലീസ് ഉദ്യോഗസ്ഥൻ സ്വന്തം കുടുംബത്തെയും കമ്പിളിപ്പിച്ചു. എവറാർഡിന്റെ മാതാപിതാക്കളായ ജെറമിയും സൂസനും സഹോദരി കാറ്റിയും പ്രതിയെ ‘രാക്ഷസൻ’ എന്നാണ് കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്. ജീവിതാന്ത്യം വരെ തടവിൽ കഴിയാൻ വിധിക്കപ്പെട്ട ആദ്യ പോലീസ് ഉദ്യോഗസ്ഥനാണ് വെയ്ൻ കൂസെൻസ്. ഇതുവരെ 60 പേർക്കാണ് ഈ ശിക്ഷ നൽകിയിരിക്കുന്നത്. സ്ത്രീകൾക്ക് എതിരെയുള്ള ക്രൂരകൃത്യങ്ങൾ ഇല്ലാതാകണമെന്ന പ്രതീക്ഷ ഉയർത്തികൊണ്ടാണ് ഓൾഡ് ബെയ്‌ലി കോടതി വെയ്ന് അർഹമായ ശിക്ഷ വിധിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡിന്റെ കടന്നുവരവോടെ നിരവധി വ്യാജ വാർത്തകളും സാമൂഹ്യ മാധ്യമങ്ങളിൽ ഇടം നേടി. പലതും വലിയ രീതിയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഉണ്ടായി. വാക്സിൻ വിരുദ്ധ പ്രചാരണം ശക്തമായതോടെ ഒട്ടേറെ പേർ കുത്തിവയ്പ് സ്വീകരിക്കുന്നതിൽ നിന്ന് മാറി നിൽക്കുന്ന അവസ്ഥയും ഉടലെടുത്തു. കൊറോണ വൈറസ് ഡെൽറ്റാ വേരിയന്റ് പിടിപെട്ടു മരിക്കുന്നവരിൽ ഭൂരിഭാഗവും പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ചിട്ടുള്ളവരാണെന്ന് കാണിക്കുന്ന കണക്കുകൾ ധാരാളം പേർ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവച്ചിരുന്നു. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കും വിധത്തിൽ കണക്ക് അവതരിപ്പിച്ചാണ് ഇക്കൂട്ടർ ജനങ്ങളുടെ ഇടയിൽ വേരുറപ്പിക്കുന്നത്. ഇത് നല്ലതിനേക്കാൾ കൂടുതൽ ദോഷം ചെയ്യുമെന്നാണ് സൈറ്റിൽ പറയുന്നത്.

ജൂലൈ ആദ്യം പുറത്തുവിട്ട പബ്ലിക് ഹെൽത്ത്‌ ഇംഗ്ലണ്ട് കണക്കുകൾ പ്രകാരം ഫെബ്രുവരി 1 നും ജൂൺ 22 ഇടയിൽ 92,029 ഡെൽറ്റാ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. അവയിൽ മിക്കതും ജൂണിലാണ് തിരിച്ചറിഞ്ഞത്. ഇതിൽ 58% പേർ വാക്സിൻ ഒരു ഡോസ് പോലും സ്വീകരിക്കാത്തവരാണ്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം രോഗം പിടിപെട്ടവർ 8% മാത്രമാണുള്ളത്. ജൂൺ ആരംഭത്തോടെ യുകെയിലെ മുതിർന്നവരിൽ പകുതിയിലധികം പേർക്കും പ്രതിരോധ കുത്തിവയ്പ്പ് പൂർണമായും നൽകിയിരുന്നു.

ആശുപത്രി പ്രവേശനത്തിന്റെയും മരണത്തിന്റെയും കണക്കുകൾ സൃഷ്ടിക്കുന്ന ആശയകുഴപ്പമാണ് തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നത്. എന്നാൽ ഈ കണക്കുകൾ യഥാർത്ഥത്തിൽ ഭയാനകമല്ല. കോവിഡിനെ പൂർണമായി തടയുന്നതിൽ വാക്സിൻ ഇതുവരെ വിജയം കണ്ടിട്ടില്ല. ചെറിയൊരു വിഭാഗം ആളുകൾ ഇപ്പോഴും മരിക്കും. എന്നാൽ മരണനിരക്ക് കുറയ്ക്കാനും പ്രതിരോധശേഷി ഉറപ്പാക്കാനും വാക്സിൻ സഹായിക്കുന്നു. ഇംഗ്ലണ്ടിൽ പ്രതിരോധകുത്തിവയ്പ്പിലൂടെ 27,000ത്തിലേറെ ജീവൻ രക്ഷിക്കാൻ കാരണമായെന്ന് കണക്കാക്കപ്പെടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പതിനാറു വയസ്സുകാരിയായ പെൺകുട്ടിയെ ഓർഡർ ഡെലിവറിക്കിടെ ഉപദ്രവിക്കാൻ ശ്രമിച്ച് ഊബർ ഈറ്റ്സ് ഡ്രൈവർ. മക്ഡോണൾഡിൽ നിന്നുള്ള ഓർഡർ ഡെലിവറിക്കിടെയാണ് ഊബർ ഈറ്റ്സ് ഡ്രൈവർ മുഹമ്മദ്‌ ജുനൈദ് പതിനാറു വയസ്സുകാരിയെ ആക്രമിക്കുവാൻ ശ്രമിച്ചത്. ഫുഡ്‌ ഡെലിവറി ചെയ്തശേഷം, തനിക്ക് റേറ്റിംഗ് നൽകുവാനായി ആവശ്യപ്പെട്ട് ഇയാൾ പെൺകുട്ടിയുടെ വീട്ടിലേക്ക് കയറി ചെല്ലുകയായിരുന്നു. മനഃപ്പൂർവമായി പെൺകുട്ടിയെ ആലിംഗനം ചെയ്തതോടൊപ്പം ചുംബിക്കാനും ഇയാൾ ശ്രമിച്ചതായി മാഞ്ചെസ്റ്റർ ഈവെനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇതിനു ശേഷം ഇയാൾ പെൺകുട്ടിയുടെ ഫോൺ തട്ടിയെടുത്ത് റേറ്റിങ്ങും നടത്തി.


പെൺകുട്ടിയെ ആലിംഗനം ചെയ്യുവാൻ ശ്രമിക്കുന്നതിനിടെ, പെൺകുട്ടി പുതച്ചിരുന്ന ബ്ലാങ്കറ്റും ഇയാൾ വലിച്ചു നീക്കിയതായും പെൺകുട്ടി പരാതിയിൽ പറഞ്ഞു. പോലീസ് ചോദ്യം ചെയ്യലിൽ ആദ്യം ഇയാൾ കുറ്റം ചെയ്തതായി വിസമ്മതിച്ചു. താൻ ഫുഡ് ഡെലിവറി നടത്തിയ ശേഷം ഉടൻ തന്നെ തിരികെ പോയതായി ഇയാൾ പോലീസിനോട് പറഞ്ഞു. എന്നാൽ പിന്നീട് ഇയാൾ കുറ്റം ചെയ്തതായി തെളിഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ക്രിസ്തുമസിനെ ഇംഗ്ലീഷുകാരുടെ തീൻമേശയിലെ ഏറ്റവും പ്രധാന വിഭവങ്ങളിൽ ഒന്നാണ് ടർക്കി റോസ്റ്റ് . പരമ്പരാഗതമായി തുടർന്നു വരുന്ന ആചാരത്തിന്റെ ഭാഗമായാണ് ഇംഗ്ലീഷ് തീൻമേശയിൽ ടർക്കി സ്ഥാനം പിടിക്കുന്നത് . എന്നാൽ ഈ വരുന്ന ക്രിസ്തുമസ് ടർക്കി റോസ്റ്റില്ലാതെ ആഘോഷിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തൊഴിലാളികളുടെ കടുത്ത ക്ഷാമം മൂലം ടർക്കി മാംസം തയ്യാറാക്കാനുള്ള ബുദ്ധിമുട്ടാണ് ഇതിന്റെ കാരണം. ക്രിസ്തുമസിലേയ്ക്കായി ടർക്കികൾ റെഡിയാകുന്നുണ്ടെങ്കിലും ഇവയൊന്നും തീൻ മേശയിൽ എത്താൻ സാധ്യതയില്ലെന്നാണ് ടർക്കി ഫാർമേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നത് .

പൗൾട്രി രംഗത്തേയ്ക്കായി മൂന്ന് മാസത്തേയ്ക്ക് 5,500 താത്കാലിക വിസ ഗവൺമെൻറ് അനുവദിച്ചെങ്കിലും ഗവൺമെൻറ് നടപടി വളരെ വൈകി പോയെന്നാണ് ടർക്കി കർഷകരുടെ പരാതി. പതിനാറാം നൂറ്റാണ്ടു മുതലാണ് ഇംഗ്ലീഷ് തീൻമേശയിൽ ക്രിസ്തുമസിന് ടർക്കി ഒഴിവാക്കാനാവാത്തതായത് . ഹെൻട്രി എട്ടാമൻ രാജാവാണ് ക്രിസ്തുമസ് ഡിന്നറിന് ടർക്കി റോസ്റ്റ് ഉപയോഗിക്കുന്ന പാരമ്പര്യം തുടങ്ങി വച്ചതെന്ന് കരുതപ്പെടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കൊടുംക്രൂരതയ്ക്ക് ഇരയായാണ് ഏതാനും മാസങ്ങൾക്ക് മുമ്പ് സാറാ എവറാഡ് (33) ഈ ലോകത്തോട് വിട പറഞ്ഞത്. ഓൾഡ് ബെയ്‌ലി കോടതിയിൽ നടന്ന വിചാരണയിൽ ഞെട്ടിക്കുന്ന സത്യങ്ങളാണ് പുറത്തുവന്നത്. വെയ്ൻ കൂസൻസ് എന്ന പോലീസ് ഉദ്യോഗസ്ഥൻ വളരെ അസൂത്രിതമായി നടത്തിയ കൊലയാണ് ഇത്. 2021 മാർച്ച് മൂന്നിന് ജോലി കഴിഞ്ഞു സൗത്ത് ലണ്ടനിലെ ക്ലാഫാമിൽനിന്നു ബ്രിക് സ്ടനിലെ വീട്ടിലേക്കു നടന്നുപോകുകയായിരുന്ന സാറായെ വെയ്ൻ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സാറയുടെ കാമുകന്റെ പരാതിയിന്മേൽ മാർച്ച് 9ന് പോലീസ് ഉദ്യോഗസ്ഥനെയും അദ്ദേഹത്തിന്‍റെ സഹായിയായ ഒരു സ്ത്രീയെയും അറസ്റ്റ് ചെയ്തു. മാര്‍ച്ച്‌ 10 ന് ലണ്ടനിൽനിന്നു 100 കിലോമീറ്റർ അകലെ കെന്റിലെ ആഷ്ഫോഡിൽ നിന്ന് കണ്ടെടുത്ത ശരീരാവശിഷ്ടങ്ങള്‍, മാര്‍ച്ച്‌ 12 ന് സാറയുടേതാണെന്ന് സ്ഥിരീകരിച്ചു. അന്നു തന്നെ സാറയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കുറ്റം വെയ്നിൽ ചുമത്തപ്പെട്ടു. ‘പോലീസ് ബെൽറ്റ്’ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നതിന് മുമ്പ് സാറയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പ്രതി കോടതിയിൽ സമ്മതിച്ചു. വാടകയ്ക്ക് എടുത്ത കാറിന്റെ പിൻസീറ്റിൽ കെട്ടിയിട്ടാണ് സാറയെ കടത്തികൊണ്ടുപോയത്. രാത്രിയിൽ ജോലിയുണ്ടെന്ന് പറഞ്ഞ് പ്രതി സമർഥമായി ഭാര്യയെ കമ്പളിപ്പിച്ചു.

ഒറ്റപ്പെട്ട പ്രദേശത്തേക്ക് കൊണ്ടുപോയി ഏകദേശം അഞ്ചു മണിക്കൂറോളം പ്രതി സാറയെ പീഡിപ്പിച്ചു. അതിനുശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. 2019 ൽ താൻ വാങ്ങിയ സ്ഥലത്തെത്തിച്ച് സാറയുടെ മൃതദേഹം ചുട്ടെരിച്ച ശേഷം ഉപേക്ഷിച്ചു. 2021 ജനുവരിയിൽ, കോവിഡ് പട്രോളിംഗിൽ പ്രവർത്തിച്ച പ്രതി, ഫെബ്രുവരി 10-ന് അദ്ദേഹം ആമസോണിൽ നിന്ന് ഒരു പോലീസ് വിലങ്ങു വാങ്ങി. ഫെബ്രുവരി 28 -ന് ഓൺലൈനിൽ ഒരു വാടക കാർ ബുക്ക് ചെയ്യുകയും ആമസോണിൽ നിന്ന് 100 മീറ്റർ റോൾ കാർപെറ്റ് പ്രൊട്ടക്ടർ ഫിലിം വാങ്ങുകയും ചെയ്തു. ഇതെല്ലാം വിരൽചൂണ്ടുന്നത് ക്രൂരമായ ആ കൊലപാതകത്തിലേയ്ക്കാണ്.

രണ്ടുവര്‍ഷമായി മെട്രോപൊളിറ്റന്‍ പോലീസ് സേനയില്‍ സേവനമനുഷ്ഠിക്കുന്ന കൂസെന്‍സ്, യുകെയിലെ പാര്‍ലമെന്ററി എസ്റ്റേറ്റിന്റെയും ലണ്ടനിലെ എംബസികളുടെയും സുരക്ഷാസേനയിലുണ്ടായിരുന്നു. കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായതോടെയാണു സ്ത്രീസുരക്ഷ സംബന്ധിച്ച ചോദ്യങ്ങൾ ഉയർത്തി ആയിരങ്ങളാണ് അന്ന് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. എവറാഡിന്റെ സ്മരണയ്ക്കായി ദീപം തെളിയിക്കാൻ ഒരുമിച്ചു കൂടിയവർക്കെതിരെ പോലീസ് ബലപ്രയോഗം നടത്തിയിരുന്നു. സാറാ എവറാര്‍ഡിന്റെ തിരോധാനവും കൊലയും കേസ് അന്വേഷണവും ബ്രിട്ടനിൽ വലിയ കോളിളക്കം സൃഷ്ടിച്ചു. വര്‍ദ്ധിച്ചുവരുന്ന പൊലീസ് അക്രമങ്ങള്‍ക്കെതിരെ നിശിതമായ വിമര്‍ശനം ഉയർന്നതോടൊപ്പം സാറയ്ക്ക് വേണ്ടി ആയിരങ്ങളാണ് അണിചേർന്നത്. സാമൂഹിക നീതിയും മനുഷ്യാവകാശങ്ങളും തുല്യതയും പ്രഥമ പരിഗണനയിലെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ഇത്തരം ക്രൂരകൃത്യങ്ങൾ ഓർമിപ്പിക്കുന്നത്. സാറയുടെ കുടുംബവും സുഹൃത്തുക്കളും ഓൾഡ് ബെയ്‌ലിൽ ഇന്ന് ഹാജരായി. രണ്ട് ദിവസത്തെ വിചാരണയ്ക്ക് ശേഷം കോടതി ശിക്ഷ വിധിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കാലാവധി തീർന്നിട്ടും ഡ്രൈവിങ് ലൈസൻസ് പുതുക്കാത്തവരാണോ നിങ്ങൾ? പിഴ കൂടാതെ ലൈസൻസ് പുതുക്കാൻ ഇനി രണ്ട് ദിവസം മാത്രം. കോവിഡ് പ്രതിസന്ധി കാരണം 2020 ഫെബ്രുവരി 1 നും ഡിസംബർ 31 നും ഇടയിൽ കാലഹരണപ്പെട്ട ലൈസൻസ് പുതുക്കാൻ നീട്ടി നൽകിയ സമയം ഈ മാസം അവസാനിക്കും. ലൈസൻസ് പുതുക്കാത്ത ഡ്രൈവർമാരിൽ നിന്ന് 1,000 പൗണ്ട് പിഴ ഈടാക്കും. കോവിഡ് നിയന്ത്രണങ്ങൾ കാരണമാണ് ലൈസൻസ് കാലാവധി 11 മാസം കൂടി നീട്ടി നൽകിയത്. പുതിയ ലൈസൻസുകളിൽ പത്ത് ആഴ്ച വരെ കാലതാമസം ഉണ്ടായേക്കുമെന്ന് ഡിവിഎൽഎ ( ഡ്രൈവർ & വെഹിക്കിൾ ലൈസൻസിംഗ് ഏജൻസി ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എന്നാൽ വാഹനമോടിക്കുന്നവർക്ക്, അവരുടെ അപേക്ഷ പ്രോസസ്സ് ചെയ്യുന്നതായി സ്ഥിരീകരണം ലഭിച്ചാൽ ഡ്രൈവിംഗ് തുടരാവുന്നതാണ്. 2021 ജനുവരി ഒന്നിനോ അതിന് ശേഷമോ കാലാവധി തീർന്ന ലൈസൻസുകൾ സാധാരണ രീതിയിൽ പുതുക്കണം. 70 വയസ്സിന് താഴെയുള്ളവർ ഓരോ പത്ത് വർഷത്തിലും ഡ്രൈവിംഗ് ലൈസൻസ് പുതുക്കേണ്ടതുണ്ട്. എഴുപത് കഴിഞ്ഞവർ ഓരോ മൂന്നു വർഷത്തിലും. നിലവിലെ ലൈസൻസ് കാലാവധി അവസാനിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് അറിയിപ്പ് ലഭിക്കുന്നതാണ്.

ഓൺലൈനായി Gov.uk വെബ്‌സൈറ്റ് വഴിയോ പോസ്റ്റ് ഓഫീസിലൂടെയോ ഡി‌വി‌എൽ‌എയിൽ അപേക്ഷ സമർപ്പിച്ചോ ലൈസൻസ് പുതുക്കാം. 12 മാസത്തിനുള്ളിൽ നിങ്ങളുടെ പൂർണമായ അപേക്ഷ ഡിവിഎൽഎയ്ക്ക് ലഭിച്ചിരിക്കണം.

Copyright © . All rights reserved