Main News

സ്വന്തം ലേഖകൻ

ലണ്ടൻ : കാരുണ്യത്തിന്റെ തൂവൽസ്പർശവുമായി രോഗികൾക്ക് സാന്ത്വനം ഏകുന്ന മാലാഖമാർ. മരുന്നിനൊപ്പം സ്നേഹവും കൂട്ടിയിണക്കി നന്മയുടെ പര്യായമായി നിലകൊള്ളുന്ന നേഴ്സുമാരെ ആദരിക്കാനുള്ള ദിനം ആണിന്ന്. ഈ കൊറോണകാലത്ത് മുന്നണിപോരാളികളായി പടപൊരുതുന്ന അവർ പകരുന്ന നന്മയുടെ സന്ദേശം ലോകമാകെ സുഗന്ധം നിറയ്ക്കുന്നുണ്ട്. സ്വന്തം ജീവനും കുടുംബവും മറന്ന് പോരാടുന്ന മാലാഖമാരെ ആദരിക്കാം. പ്രധാനമായും പ്രവാസിമലയാളികളായി ജോലി ചെയ്യുന്ന നേഴ്സുമാർ. ഈ ധന്യദിനം അവരെ ആദരിക്കാനുള്ളതാകട്ടെ.

ആതുരസേവനത്തിന് കാരുണ്യം എന്നുകൂടി അർത്ഥമുണ്ടെന്ന് ലോകത്തെ പഠിപ്പിച്ച ഫ്ലോറൻസ് നൈറ്റിങ്‍ഗേലിന്റെ 200–ാം ജന്മവാർഷികമാണ് ഇന്ന്. ബ്രിട്ടീഷ് സാമൂഹ്യ പരിഷ്കർത്താക്കളിൽ പ്രധാനിയും ആധുനിക നേഴ്സിങ് സമ്പ്രദായത്തിന്റെ ഉപജ്ഞാതാവുമായ ഈ ധീര വനിതയുടെ ജീവിതം എല്ലാവരെയും ആകർഷിക്കുന്നതാണ്. 1853–56ലെ ക്രൈമിയൻ യുദ്ധത്തിന്റെ അനന്തരഫലമാണ് നേഴ്സിങ് ലോകത്ത് ഇന്നുകാണുന്ന വിപ്ലവകരമായ മാറ്റങ്ങൾ. ഈ യുദ്ധഭൂമിയിൽ മുറിവേറ്റവർക്ക് സാന്ത്വനം നൽകാൻ ഫ്ലോറെൻസ് ഉണ്ടായിരുന്നു. അവരെ മരണത്തിലേക്ക് വിട്ടുകൊടുക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല. രാത്രികാലങ്ങളിൽ പരുക്കേറ്റ സൈനികരുടെ അടുത്ത് റാന്തൽ വിളക്കുമായി അവളെത്തി. അവരെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവന്നു. വിളക്കുമായി സൈനികരുടെ അടുത്തെത്തുന്ന ഫ്ലോറൻസ് നൈറ്റിങ്‍ഗേലിനെ ലണ്ടൻ ടൈംസ് പത്രമാണ് ആദ്യമായി വിളക്കേന്തിയ വനിത എന്ന് വിശേഷിപ്പിച്ചത്. സ്നേഹവും കരുണയും ചൊരിയുന്ന അവർ ഇനിയും മനുഷ്യത്വത്തിന്റെ മുഖമായി നിലകൊള്ളട്ടെ.

ബ്രിട്ടനിൽ കൊറോണ വൈറസ് ബാധിച്ച് ഇന്നലെ 210 പേർ കൂടി മരിച്ചു. കഴിഞ്ഞ ആറാഴ്ചയിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. 32,065 മരണങ്ങളാണ് ഇതുവരെ ഉണ്ടായത്. ആരോഗ്യ പ്രവർത്തകരെക്കാൾ രണ്ടിരട്ടി മരണസാധ്യത സാമൂഹിക പരിപാലന ജോലികൾ ചെയ്യുന്നവർക്കാണെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് -19 മായി ബന്ധപ്പെട്ട് വിശകലനം ചെയ്ത 2,494 മരണങ്ങളിൽ 20 മുതൽ 64 വയസ്സ് വരെ പ്രായമുള്ളവരിൽ മൂന്നിൽ രണ്ട് ഭാഗവും പുരുഷന്മാരാണ്. 63 പേർ സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു. 131 പേർ കെയർ വർക്കർമാരാണ്. എന്നിരുന്നാലും, രോഗികളുമായി വളരെ അടുത്തായിരുന്നിട്ടും, ഡോക്ടർമാരും നേഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ മരണനിരക്ക് കുറവാണ്. മാനേജർമാർ, വിദഗ്ദ്ധരായ വ്യാപാരികൾ, പ്രൊഫഷണലുകൾ എന്നിവരുൾപ്പെടെ മറ്റ് ഗ്രൂപ്പുകളേക്കാൾ കുറഞ്ഞ വൈദഗ്ധ്യമുള്ള ജോലികളിലുള്ള പുരുഷന്മാർ കോവിഡ് -19 ബാധിച്ച് മരിക്കാനുള്ള സാധ്യത കൂടുതലാണ്. ലോക്ക്ഡൗൺ ഇളവുകൾ വരുത്തിയതോടെ അവരെ ജോലി സ്ഥലങ്ങളിൽ സുരക്ഷിതരാക്കാൻ ആവശ്യമായ മാർഗനിർദേശം സർക്കാർ പുറപ്പെടുവിക്കേണ്ടിയിരിക്കുന്നു.

സ്വന്തം ലേഖകൻ

ലോക്ഡൗൺ ഘട്ടം ഘട്ടമായി ഉയർത്തുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നൽകിയ നിർദ്ദേശത്തെ തുടർന്ന്, രണ്ടു മീറ്റർ അകലം പാലിക്കുകയോ സുരക്ഷാനടപടികൾ ശ്രദ്ധിക്കുകയോ ചെയ്യാതെ ട്രെയിനുകളും റോഡുകളും നിറഞ്ഞുകവിഞ്ഞു ജനങ്ങൾ. ഇത് അനാവശ്യമായ പ്രശ്നങ്ങൾക്ക് വഴി വയ്ക്കും എന്ന് പരാതി ഉയർന്നിട്ടുണ്ട്. ബോറിസ് ജോൺസൺ ലോക്ഡൗൺ ലഘൂകരിക്കുന്നതിനെക്കുറിച്ച് ജനങ്ങളെ അഭിസംബോധന ചെയ്ത് മണിക്കൂറുകൾക്കകമാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. എന്നാൽ അദ്ദേഹം നൽകിയ നിർദ്ദേശങ്ങൾ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണെന്ന് വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്. ഇംഗ്ലണ്ടിൽ, വീട്ടിലിരുന്ന് ജോലി ചെയ്യാൻ കഴിയാത്ത കൺസ്ട്രക്ഷൻ, അല്ലെങ്കിൽ നിർമ്മാണ തൊഴിലാളികൾ ഈ ആഴ്ച മുതൽ നല്ല രീതിയിൽ തൊഴിലിടങ്ങളിലേക്ക് മടങ്ങാനാണ് അദ്ദേഹം നിർദ്ദേശിച്ചത്. എന്നാൽ പൊതുഗതാഗതം ഉപയോഗിക്കുന്നത് കുറയ്ക്കാനും, സൈക്കിളോ മറ്റു സ്വകാര്യ വാഹനങ്ങളോ ഉപയോഗിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പക്ഷെ പ്രധാനമന്ത്രിയുടെ ഡെപ്യൂട്ടി ആയ ഡൊമിനിക് റാബ് പറയുന്നത് മാറ്റങ്ങൾ ബുധനാഴ്ച മുതൽ നടപ്പിൽ വരുത്താനാണ് അദ്ദേഹം ഉദ്ദേശിച്ചത് എന്നാണ്.

എന്നാൽ ഇന്നലെ രാവിലെ മുതൽ തിങ്ങിനിറഞ്ഞ ട്രെയിനുകളുടെയും മറ്റു പൊതുഗതാഗത സൗകര്യങ്ങളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. യാത്രക്കാരിൽ അധികം പേരും സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയിട്ടില്ല. ഇത് വലിയ തോതിലുള്ള പ്രശ്നങ്ങൾക്ക് വഴി വയ്ക്കുമെന്ന് ജനങ്ങൾ തന്നെ പരാതിപ്പെടുന്നു. ജനങ്ങളെല്ലാം ജോലിക്ക് ഇറങ്ങിയത് കാരണം റോഡുകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. “പ്രധാനമന്ത്രി, തൊഴിലിടങ്ങളെ സംബന്ധിച്ച മാറ്റങ്ങളെക്കുറിച്ച് ബുധനാഴ്ച മുതൽ എന്നൊരു വാക്ക് പറഞ്ഞിട്ടില്ല, ഈ ആഴ്ച മുതൽ ജനങ്ങൾക്ക് ആദ്യ ചുവടുവെച്ചു തുടങ്ങാം എന്നുമാത്രമാണ് പറഞ്ഞത്, മറ്റു മാറ്റങ്ങളെക്കുറിച്ചാണ് ബുധനാഴ്ച എന്ന നിർദ്ദേശം വന്നത്. എന്തൊക്കെയായാലും കൃത്യമായ വിവരങ്ങൾ നൽകണമായിരുന്നു. അല്ലാത്തപക്ഷം ഇതു വലിയ കുഴപ്പത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്” എന്ന് ഷാഡോ ബിസിനസ് സെക്രട്ടറി എഡ് മിലിബണ്ട് ട്വീറ്റ് ചെയ്തു.

യുകെയിലെ ഏകദേശം അഞ്ച് മില്യണോളം വ്യക്തികൾ നിർമാണ തൊഴിലാളികളാണ്. ഇവർക്ക് ജോലി ചെയ്യുന്നതിന്, മുൻപ് കാര്യമായ വിലക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ അവർ നിർബന്ധമായും ജോലിക്ക് ഇറങ്ങണം എന്ന് പറഞ്ഞത് പോലെയുള്ള അവസ്ഥയാണ് നിലവിലുള്ളത്.  എന്നാൽ  ഈ  സ്റ്റാഫുകൾക്ക്  തൊഴിലിടങ്ങളിൽ  എങ്ങനെ  സുരക്ഷ  ഉറപ്പാക്കാം എന്നതിനെപ്പറ്റി  ഒരു  വാക്ക് പോലും  മിണ്ടിയിട്ടില്ല. 12 മണിക്കൂർ  കാലയളവിനുള്ളിൽ  ഒട്ടും വ്യക്തതയില്ലാത്ത  നോട്ടീസ്  പുറപ്പെടുവിച്ചതിനെതിരെ  യൂണിയനുകൾ വ്യാപക  പ്രതിഷേധം രേഖപ്പെടുത്തി.  ചൊവ്വാഴ്ചയോടെ  വ്യക്തികൾ  തമ്മിൽ  രണ്ടു  മീറ്റർ  അകലം പാലിക്കുന്നതിനെക്കുറിച്ചും  ഫെയ്സ് മാസ്ക്, സാനിടൈസറുകൾ  എന്നിവ ഉപയോഗിക്കുന്നതിനെക്കുറിച്ചും വ്യക്തമായ നിർദ്ദേശങ്ങൾ നൽകാനാണ് സാധ്യത. ലേബർ നേതാവായ സർ കെയർ സ്റ്റാർമെർ നിർദേശങ്ങളുടെ അവ്യക്തതയെക്കുറിച്ചും അർത്ഥമില്ലായ്മയെ കുറിച്ചും മാധ്യമങ്ങളോട് തുറന്നടിച്ചു. കോവിഡിനെതിരെ പൊരുതുന്ന മുൻനിര സൈനികരായ നേഴ്സുമാർ ആരോഗ്യപ്രവർത്തകർ തുടങ്ങിയവരുടെ ജീവൻ കൂടി അപകടത്തിലാക്കുന്ന നിർദ്ദേശമാണ് ഇപ്പോൾ നൽകിയിരിക്കുന്നതെന്ന് പലരും പ്രധാനമന്ത്രിക്ക് നേരിട്ടും ഓഫീസിലേക്കും ട്വീറ്റ് ചെയ്തിട്ടുണ്ട്.

സ്വന്തം ലേഖകൻ

ലണ്ടൻ : മിസ്സ്‌ ഇംഗ്ലണ്ട് സൗന്ദര്യപട്ടം നേടിയ ജൂനിയർ ഡോക്ടർ ഭാഷാ മുഖർജി (24) കൊറോണകാലത്ത് ജോലിയിലേക്ക് തിരികെയെത്തി. വിജയിച്ചതിനുശേഷം ലോകമെമ്പാടും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയ ശേഷമാണ് ഭാഷയുടെ തിരിച്ചുവരവ്. മിസ്സ്‌ ഇംഗ്ലണ്ട് വിജയശേഷം മിസ്സ്‌ വേൾഡിൽ മത്സരിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഭാഷ. അതിനായി 6 മാസത്തോളം അവധിയെടുത്തിരുന്നു. കൊറോണകാലത്ത്, വിരമിച്ചവരും അവധിയിൽ കഴിയുന്നവരുമായ ആരോഗ്യ പ്രവർത്തകർ ജോലിയിലേക്ക് മടങ്ങണമെന്ന എൻ എച്ച് എസ് നിർദേശം സ്വീകരിച്ചാണ് തിരികെയെത്തിയത്. ഡെർബിസിലെ മാക്വർത്തിൽ നിന്നുള്ള ഭാഷ, കഴിഞ്ഞ ഓഗസ്റ്റിൽ മിസ്സ് ഇംഗ്ലണ്ടായി കിരീടമണിഞ്ഞിരുന്നു. മാർച്ചിൽ ഇന്ത്യയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയ അവർ ലിങ്കൺഷെയറിലെ ബോസ്റ്റണിലെ പിൽഗ്രിം ഹോസ്പിറ്റലിൽ എത്തുന്നതിനുമുമ്പ് രണ്ടാഴ്ചത്തേക്ക് ഐസോലെഷനിൽ കഴിഞ്ഞു. തിരിച്ചെത്തിയ സമയം താൻ ഒരുപാട് അസ്വസ്ഥത നേരിട്ടെങ്കിലും ഡോക്ടർമാരുടെ ധൈര്യപൂർവമായ പിന്തുണ തനിക്ക് ലഭിച്ചുവെന്നും അവൾ പറഞ്ഞു.

 

“രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളെ ചികിത്സിക്കുന്നതിനായി ഞങ്ങളുടെ ഏറ്റവും പരിചയസമ്പന്നരായ ഉദ്യോഗസ്ഥർ മുഴുവൻ സമയവും പ്രവർത്തിക്കുന്നു. അവർ ശാന്തത പാലിച്ചു പ്രവർത്തിക്കുന്നത് രോഗികൾക്ക് ആശ്വാസമാകുന്നു.” ഭാഷ പറഞ്ഞു. എൻ എച്ച് എസ് മുൻനിര പ്രവർത്തകരെ പിന്തുണയ്ക്കുന്നതിനായി ഒരു മില്യൺ ഡോളറിലധികം സമാഹരിച്ച ദി സണ്ണിന്റെ ഹൂ കെയർ വിൻസിലും ഭാഷ പങ്കുചേർന്നിരുന്നു. “കൊറോണ വൈറസ് ബാധിതരിൽ ആശുപത്രികൾ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന തെറ്റിദ്ധാരണയുണ്ട്. എന്റെ സഹപ്രവർത്തകർ കോവിഡ് രോഗികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ എനിക്ക് മറ്റ് വാർഡുകളിൽ സഹായിക്കാനാകും. എൻ എച്ച് എസ് ഒരു വലിയ കുടുംബമാണ്. ” ഭാഷ കൂട്ടിച്ചേർത്തു. ഇന്ത്യൻ വംശജയായ ഭാഷ ഒൻപത് വയസ്സുള്ളപ്പോൾ യുകെയിലേക്ക് മാറി. തുടർന്ന് നോട്ടിംഗ്ഹാം സർവകലാശാലയിൽ നിന്ന് മെഡിക്കൽ ബിരുദം കരസ്ഥമാക്കി. ഇംഗ്ലീഷ്, ബംഗാളി, ഹിന്ദി, ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ സംസാരിക്കുന്നു. “എന്റെ അവധി ദിവസങ്ങളിൽ, ഞാൻ ഇപ്പോഴും മിസ് ഇംഗ്ലണ്ട് ചുമതലകൾക്കായി സമയം ചെലവഴിക്കുന്നു. കഴിഞ്ഞ ദിവസം ഞാൻ മിസ് ഉഗാണ്ടയ്‌ക്കൊപ്പം ഒരു ഇൻസ്റ്റാഗ്രാം ലൈവ് നടത്തി. അവിടെ എന്റെ ചില മെഡിക്കൽ പരിജ്ഞാനം പങ്കിട്ടു. പ്രതിസന്ധിയിലുടനീളം ആളുകൾ വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടത് എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ” ഭാഷ അറിയിച്ചു.

ഓക്സ്ഫോർഡ്: കോവിഡ് കാലത്ത് രാജ്യത്തെ ഏറ്റവും വലിയ ഹീറോകളായി മാറിയത് നഴ്‌സുമാരും ആരോഗ്യ പരിപാലന വിദഗ്ധരുമാണ്. ജീവിക്കുന്ന ദൈവത്തെ പോലെ കണ്ടാണു പലരും നഴ്സുമാരെ കണ്ടത്. നീണ്ട ഷിഫ്റ്റുകള്‍, ജീവനക്കാരുടെ കുറവ്, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ (പിപിഇ) കുറവ് എന്നിവ ഉണ്ടായിരുന്നിട്ടും, യുകെയിലെ നഴ്‌സുമാര്‍ കൊറോണ രോഗികളെ പരിചരിക്കുന്നതില്‍ മുന്നില്‍ തന്നെ നിന്നു.

എന്നാല്‍ ഇത്തരം പേടിപ്പെടുത്തുന്ന പ്രതിസന്ധികൾക്കിടയിലും മലയാളി മികവിന്റെ പേരില്‍ തലഉയർത്തി നിൽക്കുകയാണ് ഓക്‌സ്‌ഫോര്‍ഡിലെ ബാന്‍ബറിയിലുള്ള ജൂലി റിച്ചാര്‍ഡ്‌സണ്‍ നഴ്‌സിങ് കെയര്‍ ഹോം. നിലവില്‍ നാല്‍പതു അന്തേവാസികള്‍ കഴിയുന്ന ഇവിടെ കെയര്‍ ക്വാളിറ്റി കമ്മീഷന്റെ അപ്രഖ്യാപിത പരിശോധനയില്‍ അഞ്ചില്‍ നാലു മേഖലയിലും മികവ് നേടിയാണ് ഈ നഴ്‌സിങ് ഹോം അതിന്റെ പ്രവര്‍ത്തന ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. ആലപ്പുഴയിലെ കുട്ടനാട് പുതുക്കരിയില്‍ നിന്നും യുകെയില്‍ എത്തിയ ജയന്തി ആന്റണി എന്ന മലയാളി നഴ്‌സ്, രജിസ്റ്റേര്‍ഡ് മാനേജരായി ഏഴു വര്‍ഷം മുന്‍പ് നിയമിതയായ ശേഷമാണ് ഈ നഴ്‌സിങ് ഹോം അതിന്റെ വിജയതീരത്തേക്ക് തുഴഞ്ഞെത്തിയത്.

വയോജന രോഗികളില്‍ ഭയവും ഒറ്റപ്പെടലും ലഘൂകരിക്കുക എന്നതിനു മുന്‍ഗണന നൽകുന്നു എന്ന് ജയന്തി… രോഗികളായ കൂടുതല്‍ പേര്‍ക്ക് വിഷാദരോഗം വരുന്നത് തടയുന്നതിൽ, രോഗികളുടെ   ആത്മവിശ്വാസം നിലനിര്‍ത്താന്‍ എടുത്ത മുൻകരുതലുകൾ, കുടുംബവുമായി ചേര്‍ന്നു പോവാന്‍ അവരെ സഹായിക്കുക… അടിസ്ഥാനപരമായി കഴിയുന്നത്ര അവരുമായി സംവദിക്കാന്‍ അവസരമൊരുക്കുന്നു എന്ന് തുടങ്ങി വീട്ടിലേതു പോലെയുള്ള ഒരു സാഹചര്യം. സ്‌നേഹവും പരിചരണവും ലഭിക്കുന്ന അന്തരീക്ഷം. ഒരു കെയര്‍ ഹോം ആണെന്ന് പോലും തോന്നിപ്പിക്കാത്ത തരത്തില്‍ ഉള്ള പെരുമാറ്റവുമായി ജീവനക്കാരും മാനേജ്‌മെന്റും, പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ സംഘത്തിന് നേതൃത്വം നല്‍കിയ ജെമിമ ബര്‍നേജിന് പറഞ്ഞു വെച്ചത് പൊൻതൂവലായി ജയന്തിയുടെ ഭരണ മികവിനും ഒപ്പം കട്ട സപ്പോർട്ടുമായി നിൽക്കുന്ന നഴ്സുമാർക്കും ഉള്ള അംഗീകാരം.

നഴ്‌സിങ് ജോലിയുടെ വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദവും വെല്ലുവിളികളും കൈകാര്യം ചെയ്യുക പ്രധാനമാണ്. അവരുടെ കുടുംബങ്ങളില്‍ നിന്നുള്ള പിന്തുണ, സഹ നഴ്‌സുമാരുമായുള്ള ഐക്യദാര്‍ഢ്യം എന്നിവയ്ക്കു പുറമേ അവരുടെ ആവശ്യങ്ങള്‍ ആശുപത്രി മാനേജരും മാനേജ്‌മെന്റുകളും നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്നു… ജയന്തി മലയാളം യുകെയോട് സംസാരിക്കുകയായിരുന്നു. അടുക്കും ചിട്ടയുമുള്ള ഓഫിസ് അന്തരീക്ഷം, കൃത്യത പുലര്‍ത്തുന്ന സേവന മികവ്, മികച്ച ജീവനക്കാരുടെ സാന്നിധ്യം, ഉയര്‍ന്ന അനുപാതത്തില്‍ ഉള്ള ജീവനക്കാരുടെ ലഭ്യത എന്നിവയില്‍ എല്ലാം ജൂലി റിച്ചാര്‍ഡ്‌സണ്‍ നേഴ്‌സിങ് ഹോം ഒരു പടി മുന്നില്‍ തന്നെയാണ്. അർഹതപ്പെട്ട സി ക്യൂ സി അംഗീകാരം.

ഡിമെന്‍ഷ്യ ബാധിച്ചവര്‍ അടക്കമുള്ള രോഗികളെ സ്‌നേഹ വാത്സല്യത്തോടെ പരിചരിക്കണം എന്ന നിര്‍ദേശമാണ് ജയന്തി സഹപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. അത് നടപ്പാക്കുന്നതില്‍ തന്നോടൊപ്പം ഉള്ള ജീവനക്കാര്‍ കാണിക്കുന്ന ശുഷ്‌ക്കാന്തി കൂടിയാണ് ഇപ്പോള്‍ സി ക്യൂ സി നല്‍കിയ ഔട്ട് സ്റ്റാന്റിംഗ് പെര്‍ഫോമന്‍സ് തെളിയിക്കുന്നത് എന്നും ജൂലി റിച്ചാര്‍ഡ്‌സണ്‍ നേഴ്‌സിങ് ഹോം മാനേജരായ ജയന്തി വ്യക്തമാക്കുന്നു.

പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുമ്പോള്‍ പിപിഇ ഒരു വലിയ പ്രശ്‌നമാണ്. കോവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ ക്വാറന്റീനിലേക്കോ, അസുഖ അവധിക്ക് പോകാനോ അനുവദിക്കണം. വിശ്രമമില്ലാതെയാണ് പലരുടെയും ജോലി. അതു കൊണ്ടു തന്നെ കൂടുതല് ഷിഫ്റ്റുകള്‍ക്കിടയില്‍ ഇടവേള ഉറപ്പാക്കിയാണ് ജയന്തി തന്റെ സ്റ്റാഫിനെ പരിപാലിക്കുന്നത്. കഴിഞ്ഞ തവണ നടന്ന പരിശോധനയില്‍ അഞ്ചില്‍ ഒരു മേഖലയില്‍ മാത്രം ഔട്സ്റ്റാന്റിംഗ് സര്‍ട്ടിഫിക്കറ്റ് നേടിയ നഴ്‌സിങ് ഹോമാണ് ഇപ്പോള്‍ നാലു രംഗങ്ങളില്‍ മികവ് നേടിയിരിക്കുന്നത്.

അടുത്ത തവണ പരിശോധനയില്‍ എല്ലാ രംഗത്തും മികവ് കാട്ടാനുള്ള ശ്രമത്തിലാണ് ജയന്തിയും സഹപ്രവര്‍ത്തകരും. ജയന്തിയോടൊപ്പമുള്ള മലയാളി സഹപ്രവര്‍ത്തകരുടെ പെരുമാറ്റത്തില്‍ ആകൃഷ്ടരായ കമ്പനി മാനേജ്‌മെന്റ് പ്രദേശത്തെ മലയാളി സമൂഹത്തിനു വേണ്ടി ഒട്ടും മോശമല്ലാത്ത ധനസഹായം നല്‍കാന്‍ തയ്യാറായതും ഈ നേട്ടത്തില്‍ ബാന്‍ബറിയിലെ മലയാളി സമൂഹത്തിന്റെ കൂടി സന്തോഷത്തിനു കാരണമാകുകയാണ്. ബാന്‍ബറി ജനറല്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സ് ആയി ഒന്‍പതു വര്‍ഷം ജോലി ചെയ്ത ജയന്തി തുടര്‍ന്നാണ് നഴ്‌സിങ് ഹോമിലേക്ക് സേവന രംഗം മാറ്റുന്നത്.

എന്‍എച്ച്എസിനെ അപേക്ഷിച്ചു കുറച്ചു കൂടി സ്വതന്ത്രമായി ജോലി ചെയ്യാന്‍ ഉള്ള സ്വതന്ത്രവും സ്വന്തം ആശയങ്ങള്‍ നടപ്പാക്കാനുള്ള സാഹചര്യവുമാണ് ജയന്തിയെ നഴ്‌സിങ് ഹോം ജോലിയിലേക്ക് ആകര്‍ഷിച്ചത്. സാധാരണ മലയാളി നഴ്‌സുമാര്‍ നഴ്‌സിങ് ഹോമില്‍ നിന്നും എന്‍എച്ച്എസ് സംരക്ഷണ തണലിലേക്ക് കൂടു മാറുമ്പോഴാണ് ജയന്തി മറിച്ചു തീരുമാനിക്കുന്നത്. ചെയ്യുന്ന ജോലിയില്‍ ഉള്ള ആത്മ സംതൃപ്തിയാണ് ഇതിനു മുഖ്യ കാരണമായി മാറിയതും.

ഏഴുവര്‍ഷം മുന്‍പ് ജയന്തി എടുത്ത തീരുമാനം പൂര്‍ണമായും ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ സി ക്യൂ സി നല്‍കിയിരിക്കുന്ന ഔട്ട് സ്റ്റാന്റിംഗ് സര്‍ട്ടിഫിക്കറ്റ്. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്ന നഴ്‌സിങ് ഹോമുകള്‍ വിരളമാണ്. ഇവര്‍ മാനദണ്ഡം ആക്കുന്ന അഞ്ചു കാര്യങ്ങളില്‍ നാലിലും മികവ് തെളിയിച്ചാണ് ജയന്തിയുടെ നഴ്‌സിങ് ഹോം മികവിന്റെ പട്ടികയില്‍ എത്തുന്നത്. സേഫ്, എഫക്റ്റീവ്, കെയറിങ്, റെസ്‌പോണ്‍സീവ്, വെല്‍ ലെഡ് എന്നീ അഞ്ചു മേഖലയിലാണ് സി ക്യൂസി മികവ് തേടുക. ഇതില്‍ നാലിലും ജൂലി റിച്ചാര്‍ഡ്‌സണ്‍ നഴ്‌സിങ് ഹോം ഒന്നാമത് എത്തുക ആയിരുന്നു.

മലയാളികള്‍ക്ക് പൊതുവെ മാനേജിങ് സ്‌കില്‍ കുറവുണ്ടെന്ന് പറയുന്നവര്‍ക്ക് ഉള്ള മറുപടി കൂടിയാണ് തന്റെ ജോലിയിലൂടെ ജയന്തി തെളിയിച്ചിരിക്കുന്നത്. മാനേജ്‌മെന്റും ജീവനക്കരും കാട്ടുന്ന തികഞ്ഞ ആത്മാര്‍ത്ഥതയും സി ക്യൂ സി റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്. പരിചരിക്കാന്‍ കൂടുതല്‍ വെല്ലുവിളി നിറഞ്ഞ ഡിമെന്‍ഷ്യ രോഗികളെ സ്‌നേഹത്തോടെ ചേര്‍ത്ത് പിടിച്ചുള്ള വാത്സല്യ പൂര്‍വമുള്ള സംരക്ഷണമാണ് ഈ നഴ്‌സിങ് ഹോം നല്‍കുന്നത് എന്നും സി ക്യൂ സി വിലയിരുത്തുന്നു.

ജീവനക്കാര്‍ സ്ഥാപനത്തിന്റെ നട്ടെല്ലായി കണ്ടു അവരെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഹോം മാനേജ്‌മെന്റ് നല്‍കുന്ന ശ്രദ്ധയും മികച്ചത് ആണെന്നും ജയന്തി സൂചിപ്പിച്ചു. മിക്ക കെയര്‍ ഹോമുകളിലും സേവനം മോശമാകുന്നത് സ്ഥിരം ജീവനക്കാരുടെ അഭാവം ആണെന്നത് കേട്ടു പരിചയിച്ച വസ്തുത കൂടിയാണ്. ജീവനക്കാരോട് മാനേജ്‌മെന്റ് രീതികള്‍ മോശമായി തുടങ്ങിയാല്‍ സ്ഥിരം ജീവനക്കാര്‍ എന്നത് വെല്ലുവിളി ആയി മാറും. ആത്യന്തികമായി ഇത് സ്ഥാപനം നല്‍കുന്ന സേവനത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്യും. മികവിന്റെ ഉന്നതിയില്‍ എത്തി നില്‍ക്കുന്ന ജൂലി റിച്ചാര്‍ഡ്‌സണ്‍ ഹോം തെളിയിക്കുന്നതും മറ്റൊന്നല്ല.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി ബാന്‍ബറിയില്‍ താമസിക്കുന്ന ജയന്തിയും ഭര്‍ത്താവ് ആന്റണി വര്‍ഗീസും പ്രദേശത്തെ മലയാളി സമൂഹത്തിനും ഏറെ പ്രിയപ്പെട്ടവരാണ്. സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്ന അലീനയും പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ ആല്‍ഫ്രഡ്മാണ് ഇവരുടെ മക്കള്‍. ഡല്‍ഹിയില്‍ നിന്നും നേഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയാണ് ജയന്തി യുകെയില്‍ എത്തുന്നത്. മകള്‍ നല്ലൊരു നഴ്‌സ് ആയി മാറണം എന്നത് തന്റെ മാതാപിതാക്കളുടെ സ്വപ്നം ആയിരുന്നെന്നും താന്‍ ഇപ്പോള്‍ അവരുടെ ആഗ്രഹം പൂര്‍ത്തീകരിച്ച സന്തോഷത്തില്‍ ആണെന്നും ജയന്തി ആത്മസംതൃപതിയോടെ പങ്ക്‌വെച്ചു.. കോൺഫെറൻസ് കോളിൽ മലയാളം യുകെയോട്..

രോഗാവസ്ഥയില്‍ ഒറ്റപ്പെടല്‍ താങ്ങാനാവില്ല. അതു കൊണ്ടു തന്നെ ഈ കോവിഡ് കാലത്ത് അവര്‍ കാണുന്ന ഒരേയൊരു സൗഹൃദ മുഖം നേഴ്‌സുമാരുടേതാണ്.. നാം നേഴ്‌സുമാരാണ്. ഇതാണ് നമ്മുടെ ജോലി, ഇതു നമ്മള്‍ സ്വയം തിരഞ്ഞെടുത്തതാണ്. നടക്കുന്നത്, ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെയാണെന്ന് ഈ കോവിഡ് കാലത്ത് നാം തിരിച്ചറിയുകയും ചെയ്യുന്നു…

തങ്ങളാണ് യുദ്ധമുഖത്തെ മുന്നണി പോരാളികളെന്നു തിരിച്ചറിഞ്ഞതോടെ, മാനുഷികവും ദൈവികവുമായ പ്രവര്‍ത്തനങ്ങളാണ് ലോകമെമ്പാടുമുള്ള നഴ്സുമാർ  കാഴ്ചവച്ചത്. ഒട്ടേറെ മലയാളികള്‍ യുകെയിൽ നഴ്‌സിംഗ് മേഖലയിൽ പ്രവര്‍ത്തിക്കുന്നത് ജീവനും പണയം വച്ചാണ്. അവരുടെ കൂട്ടായ പ്രവര്‍ത്തനമായിരുന്നു കോവിഡിനെ വരുതിയിലാക്കാന്‍ യുകെയെ  സഹായിച്ചതെന്നു പറയാതെ വയ്യ. ആത്മാര്‍പ്പണത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും സമര്‍പ്പണമായിരുന്നു നഴ്സുമാരുടെ ജോലി. നഴ്‌സായതിൽ അഭിമാനം കൊള്ളുന്ന ജയന്തി യുകെ മലയാളികൾക്ക് ഇന്ന് ഒരു അഭിമാനമായി നിലകൊള്ളുന്നു… എളിമയോടെ, സേവന സന്നദ്ധതയോടെ…

 

സ്വന്തം ലേഖകൻ

ലണ്ടൻ : ബോറിസ് ജോൺസൻ പ്രഖ്യാപിച്ച നിയന്ത്രണ ഇളവുകളിൽ ആശയകുഴപ്പമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ. വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ സാധിക്കാത്തവർക്ക് ജോലിസ്ഥലത്തേക്ക് ഇന്ന് മുതൽ മടങ്ങാൻ കഴിയും. എന്നാൽ രാജ്യത്ത് രോഗം പടരുന്ന ഈയൊരവസ്ഥയിൽ ജോലി സ്ഥലത്തേക്ക് മടങ്ങുന്ന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിൽ ആശങ്കകൾ ഉയരുന്നു. നിർമാണ ജോലിക്കാരെ ജോലിയിലേക്ക് മടങ്ങാൻ പ്രോത്സാഹിപ്പിക്കണമെന്ന് ജോൺസൻ പറഞ്ഞിരുന്നു. എന്നാൽ റോഡ് മാപ്പ് വളരെ ആശയക്കുഴപ്പത്തിലാണെന്നും ജോലിയിൽ പ്രവേശിക്കുന്ന ആളുകളെ സംരക്ഷിക്കുന്നതിന് സുപ്രധാന നടപടികൾ കാണുന്നില്ലെന്നും ട്രേഡ് യൂണിയൻ നേതാക്കൾ ചൂണ്ടിക്കാട്ടി. തൊഴിലാളികളെ എങ്ങനെ സുരക്ഷിതരാക്കും എന്നതിനെക്കുറിച്ച് സർക്കാർ ഇപ്പോഴും മാർഗനിർദേശം പുറപ്പെടുവിച്ചിട്ടില്ലെന്ന് ടി.യു.സി ജനറൽ സെക്രട്ടറി ഫ്രാൻസെസ് ഒ ഗ്രേഡി പറഞ്ഞു. “സമ്പദ്‌വ്യവസ്ഥ ഉയരണമെന്ന് മന്ത്രിമാർ ആഗ്രഹിക്കുന്നുവെങ്കിൽ ശുചിത്വം, സാമൂഹിക അകലം എന്നിവ സംബന്ധിച്ച് ഞങ്ങൾക്ക് കർശനമായ നിയമങ്ങൾ ആവശ്യമാണ്. ഒപ്പം ആവശ്യമായ പിപിഇയും തൊഴിലാളികൾക്കുള്ള നിയന്ത്രണങ്ങളും സർക്കാർ ഉറപ്പാക്കണം. ” ; ജി‌എം‌ബി യൂണിയന്റെ ആക്ടിംഗ് ജനറൽ സെക്രട്ടറി ജോൺ ഫിലിപ്സ് പറഞ്ഞു. സമ്പദ്‌വ്യവസ്ഥ പോലെ തന്നെ തൊഴിലാളികളുടെ ജീവനും പ്രധാനമാണെന്ന് യൂണിസൺ ജനറൽ സെക്രട്ടറി ഡേവ് പ്രെന്റിസ് വ്യക്തമാക്കി.

സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് മുമ്പ് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് കൂടുതൽ നടപടികൾ ആവശ്യമാണെന്ന് ബിസിനസ്സ് നേതാക്കൾ പറഞ്ഞു. ഫാക്ടറി ഉദ്യോഗസ്ഥർ ജോലിയിലേക്ക് മടങ്ങണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുന്നതിനെ സ്വാഗതം ചെയ്യുന്നതായി നിർമാതാക്കളുടെ വ്യാപാര ഗ്രൂപ്പായ മെയ്ക്ക് യുകെയുടെ ചീഫ് എക്സിക്യൂട്ടീവ് സ്റ്റീഫൻ ഫിപ്‌സൺ പറഞ്ഞു. എങ്കിലും അതിനെപ്പറ്റി വ്യക്തമായ ഉപദേശം നൽകുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ബ്രിട്ടനിലുടനീളമുള്ള സാമൂഹിക ജീവിതത്തിലെയും ബിസിനസ് പ്രവർത്തനത്തിലെയും നിയന്ത്രണങ്ങൾ പരിഷ്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച പ്രധാനമന്ത്രി, ജൂൺ ആദ്യം മുതൽ കടകൾ വീണ്ടും തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കർശനമായി സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കും കടകൾ പ്രവർത്തിക്കുക. ജോലിയിൽ തിരിച്ചെത്തുന്നവർ സാധ്യമെങ്കിൽ പൊതുഗതാഗതം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ജോൺസൺ പറഞ്ഞു. എന്നാൽ പൊതുഗതാഗതം ഉപയോഗിക്കാതെ ആളുകൾക്ക് ജോലിക്ക് പോകാമെന്ന ജോൺസന്റെ ആശയം പരിഹാസ്യമായ ഒന്നാണെന്ന് ടിഎസ്എസ്എ ട്രാൻസ്പോർട്ട് യൂണിയൻ ജനറൽ സെക്രട്ടറി മാനുവൽ കോർട്ടസ് അഭിപ്രായപ്പെട്ടു. നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയതോടെ തൊഴിലാളികളുടെ സുരക്ഷയിൽ ആശങ്ക ഉയർന്നിരിക്കുകയാണ്.

അതിനിടെ സർക്കാരിന്റെ “സ്റ്റേ അലെർട്ട് ” സന്ദേശം എന്താണെന്ന് വ്യക്തമാക്കാൻ ജോൺസൻ ശ്രമിച്ചു. “വീട്ടിൽ കഴിയുക, എൻ എച്ച് എസിനെ സംരക്ഷിക്കുക, ജീവൻ രക്ഷിക്കുക” എന്ന ഔദ്യോഗിക മുദ്രാവാക്യം , ഇളവുകൾ പ്രഖ്യാപിച്ചതോടെ “ജാഗ്രത പാലിക്കുക, വൈറസിനെ തടയുക, ജീവൻ രക്ഷിക്കുക ” എന്നതായി മാറി. ‘ജാഗ്രത പാലിച്ച്, നിയമങ്ങൾ പാലിച്ചുകൊണ്ട് വൈറസിനെ നിയന്ത്രിക്കാൻ സഹായിക്കുന്നതിൽ എല്ലാവർക്കും പങ്കുണ്ട്. കൊറോണ വൈറസിൽ നിന്ന് കരകയറാൻ തുടങ്ങുമ്പോൾ ജീവൻ സംരക്ഷിക്കുന്നത് ഇങ്ങനെയാണ്.” ജോൺസൻ വ്യക്തമാക്കി. എന്നാൽ പുതിയ മുദ്രാവാക്യത്തിന് വ്യക്തത ഇല്ലെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. ആറാഴ്ച നിലനിന്ന ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തിയതോടെ രോഗവ്യാപനം ഉയരുമോ എന്ന ആശങ്കയിലാണ് അവർ. എന്നിരുന്നാലും പ്രധാനമായി എവിടിരുന്നാലും കുറഞ്ഞത് 2 മീറ്റർ എങ്കിലും സാമൂഹിക അകലം പാലിക്കണമെന്ന് സർക്കാർ ആവശ്യപ്പെടുന്നുണ്ട്.

സ്വന്തം ലേഖകൻ

ബോസ്റ്റൺ :- കോവിഡ് 19 ബാധിച്ച കുട്ടികളിൽ ഭൂരിഭാഗം പേരുടെയും ശ്വാസകോശത്തിൽ നീർവീക്കം ഉണ്ടാവുകയോ, വെള്ളം കെട്ടുകയോ ചെയ്തിട്ടുള്ളതായി സി റ്റി സ്കാൻ റിപ്പോർട്ടുകൾ വെളിവാക്കുന്നു. ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് കുട്ടികളുടെ സിറ്റി സ്കാൻ റിപ്പോർട്ടുകൾ പരിശോധിച്ചതിലൂടെ ഈ പൊതുവായ അവസ്ഥ കണ്ടു പിടിച്ചത്. 20 കുട്ടികൾക്കിടയിൽ നടത്തിയ പഠനത്തിൽ. മൂന്നിൽ രണ്ട് പേരുടെയും ശ്വാസകോശത്തിൽ നീർവീക്കം ഉള്ളതായി കണ്ടെത്തി. എന്നിരുന്നാൽ തന്നെയും, കുട്ടികളെക്കാൾ കൂടുതൽ മുതിർന്നവരെയാണ് കൊറോണ ബാധിച്ചിരിക്കുന്നത്. റേഡിയോളജിസ്റ്റ് ആയിരിക്കുന്ന ഡോക്ടർ അലക്സാണ്ടറ ഫൗസ്റ്റിന്റെ നേതൃത്വത്തിലാണ് ഈ പഠനങ്ങൾ നടത്തുന്നത്. കൊറോണ വൈറസിനോടൊപ്പം തന്നെ, സാർസ്, മെർസ്, എച്ച് 1 എൻ 1 എന്നീ വൈറസുകളെയും അവർ പരിശോധിച്ചു. ഇവർ തങ്ങളുടെ പഠനറിപ്പോർട്ടുകൾ അമേരിക്കൻ ജേണൽ ഓഫ് റോന്റ്ജീനോളജിയിൽ പ്രസിദ്ധപ്പെടുത്തി.

ഇതോടനുബന്ധിച്ച് ചൈനയിലെ വുഹാനിലും പഠനങ്ങൾ നടക്കുന്നുണ്ട്. 20ഓളം പീഡിയാട്രിക് ഹോസ്പിറ്റലുകളിലെ ഒന്നു മുതൽ 14 വയസ്സിന് ഇടയിലുള്ള കുട്ടികളിലാണ് ഈ പഠനങ്ങൾ നടക്കുന്നത്. ഇവരുടെ കണ്ടെത്തലുകളിൽ, കൊറോണ ബാധിച്ച എല്ലാവർക്കും ശ്വാസകോശത്തിന്റെ ഭിത്തിയിൽ ഡാമേജ്ഡ് ടിഷ്യുകൾ ഉള്ളതായി കണ്ടെത്തി. ചിലരിൽ ഇത് രണ്ട് ശ്വാസകോശത്തിന്റെ ഭിത്തികളിലും ഉണ്ട്. പത്തിൽ ആറ് രോഗികൾക്കും ഗ്രൗണ്ട് ഗ്ലാസ്‌ ഒപാസിറ്റി (ജി ജി ഒ ) എന്ന അവസ്ഥയുണ്ട്. ശ്വാസകോശത്തിന് മുകളിലൂടെ ഒരു പാട ബാധിച്ചിരിക്കുന്നത് പോലെയാണ് ഇത്. ചിലരിൽ ശ്വാസകോശത്തിൽ വെള്ളം കെട്ടുകയാണ് ഉണ്ടാവുന്നത്.

മുതിർന്നവരിലും ശ്വാസകോശ തകരാറുകൾ സംഭവിക്കുന്നതായി സി റ്റി സ്കാനുകൾ വെളിപ്പെടുത്തുന്നുണ്ട്. ചൈനയിൽ ഈ ലക്ഷണങ്ങൾ കുറവാണ്. കൊറോണ ബാധിച്ച 54 വയസ്സുള്ള സ്ത്രീയിലും ശ്വാസകോശത്തിൽ വെള്ളം കെട്ടിയതായി കണ്ടെത്തി. ഇത്തരത്തിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും കൊറോണ വൈറസ് ബാധിച്ച രോഗികളിൽ പഠനം നടന്നുകൊണ്ടിരിക്കുകയാണ്. എത്രയും വേഗം ഈ രോഗത്തെ നിർമ്മാർജ്ജനം ചെയ്യാൻ ആകുമെന്ന പ്രതീക്ഷയിലാണ് ലോകം.

സ്വന്തം ലേഖകൻ

കഴിഞ്ഞ രാത്രി പ്രധാനമന്ത്രി ബോറിസ് ജോൺസൺ ലോക്ഡൗൺ നടപടികളിൽ ഇളവുകൾ പ്രഖ്യാപിച്ചതിനോടനുബന്ധിച്ച് ജൂൺ ഒന്നു മുതൽ തന്നെ അധ്യായന വർഷം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു . പക്ഷെ ഇതിനെതിരെ ഉടൻതന്നെ കടുത്ത പ്രതിഷേധവുമായി അധ്യാപക യൂണിയൻ രംഗത്തെത്തി. കോവിഡ് -19 ൻെറ പശ്ചാത്തലത്തിൽ ഇത് വളരെ ഭീതി ജനിപ്പിക്കുന്ന നീക്കമാണെന്ന് അഭിപ്രായപ്പെട്ടു. ഒന്ന് ,ആറ് ക്ലാസ്കാർക്ക് ഏറ്റവുമാദ്യം ക്ലാസ് തുടങ്ങാനാണ് പ്രധാനമന്ത്രി പറഞ്ഞത്. അടുത്തവർഷം പരീക്ഷ എഴുതേണ്ട സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ മുൻപ് ക്ലാസ് തുടങ്ങില്ല, എന്നാൽ വീട്ടിലിരുന്ന് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി, ഇടയ്ക്കിടെ അധ്യാപകരെ സന്ദർശിക്കാൻ ശ്രദ്ധിക്കണം. ആദ്യഘട്ടത്തിൽ നഴ്സറികൾ തുറക്കില്ലെങ്കിലും സെപ്റ്റംമ്പറോടെ പ്രൈമറി തലത്തിലെ വിദ്യാർഥികളും സ്കൂളിൽ എത്തണം. വെയിൽസ് പ്രധാനമന്ത്രിയുടെ നിർദേശങ്ങളെ പാടെ തള്ളിക്കളഞ്ഞപ്പോൾ, സ്കോട്ട്‌ലൻഡ് ഓഗസ്റ്റ് വരെ സ്കൂൾ തുറക്കുന്ന കാര്യത്തെപ്പറ്റി ചിന്തിക്കുകയേ ഇല്ലെന്ന് നിക്കോള സ്ട്രഗെൻ പറഞ്ഞു.


സ്കൂൾ തുറന്നാൽ തന്നെ കുട്ടികളെ ഗേറ്റിൽ വച്ച് തന്നെ അണുവിമുക്തമാക്കണം എന്ന് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ ജോയിന്റ് ജനറൽ സെക്രട്ടറിയായ മേരി ബൗസ്റ്റഡ് പറഞ്ഞു. ” ചൈനയിൽ കുട്ടികളെ സ്കൂൾ ഗേറ്റിന് പുറത്തു നിർത്തി അവരുടെ മുൻവശവും പിൻവശവും അണുനാശിനി തളിക്കുകയും, ഷൂസുകൾ അണുവിമുക്തമാക്കുകയും, കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് കഴുകുകയും, അവിടെവെച്ച് ധരിച്ചിരുന്ന മാസ്ക് മാറ്റി പുതിയ ഒരെണ്ണം ധരിക്കുകയും അവരുടെ ശരീര താപനില അളക്കുകയും ചെയ്യും” ഇതാണ് ബ്രിട്ടണിൽ നടപ്പാക്കേണ്ടത് എന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. സൗത്ത് കൊറിയയിലും ഇത് തന്നെയാണ് നടപ്പാക്കുന്നത്, അവിടെ പുതിയ കേസുകളുടെ എണ്ണം വളരെ കുറവാണ്.

പ്രധാനമന്ത്രി ജോൺസൺ പറയുന്നു ജൂൺ 1 ഓടുകൂടി നമ്മൾ രണ്ടാമത്തെ സ്റ്റെപ്പിലേക്ക് കടക്കുകയാണ്. ഘട്ടംഘട്ടമായി കടകൾ തുറക്കുകയും കുട്ടികളെ സ്കൂളിലേക്ക് അയക്കുകയും ചെയ്യണം. അടുത്തവർഷം സെക്കൻഡറി പരീക്ഷ എഴുതുന്ന കുട്ടികൾ അധ്യാപകരെ ഇടയ്ക്കിടെ സന്ദർശിച്ചു വേനലവധിക്ക് മുമ്പ് പഠനം സുഗമമാക്കണം. പ്രധാനപ്പെട്ട ജോലിക്കാരുടെ മക്കൾക്ക് ഒഴികെ മാർച്ച് 23 മുതൽ സ്കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. ക്രിട്ടിക്കൽ വർക്കേഴ്സിന്റെ കുട്ടികൾക്ക് സമ്മർ വരെ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന പരിഗണന തുടരും. കോവിഡ് പകരുന്ന നിലവാരമനുസരിച്ച് അദ്ദേഹം 5 ഫേസുകളെ പറ്റി മുൻപ് പറഞ്ഞിരുന്നു. ഇപ്പോൾ 0.5 മുതൽ 0.9 വരെയാണ് അലർട്ട് ലെവൽ. നമുക്ക് ഒറ്റയടിക്ക് നിയന്ത്രണങ്ങൾ നീക്കാൻ സാധ്യമല്ലെങ്കിലും ഘട്ടംഘട്ടമായി രാജ്യത്തെ തിരിച്ച് പിടിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പല ഭാഗത്തു നിന്നായി രാഷ്ട്രീയക്കാരും, മനുഷ്യാവകാശ പ്രവർത്തകരും, ആരോഗ്യ സേനയും ഉൾപ്പെടെ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് സ്കൂളുകൾ പ്രവർത്തിക്കാൻ കഴിയില്ലെന്നും, റിസ്ക് എടുത്ത് പരീക്ഷിച്ചു നോക്കേണ്ട കാര്യമില്ലെന്നും പ്രധാനമന്ത്രിയുടെ തീരുമാനത്തെ വിമർശിച്ചു രംഗത്തെത്തിയിട്ടുണ്ട്.

ലണ്ടൻ: ലോകത്തിലുള്ള എല്ലാ രാജ്യങ്ങളും എങ്ങനെ ഈ കൊറോണ വൈറസിനെ നിയന്ത്രിച്ച് തങ്ങളുടെ രാജ്യത്തെ അതിന്റെ പൂർവ്വ സ്ഥിതിയിലേക്ക് എത്തിക്കാം എന്നതിനെക്കുറിച്ച് ആലോചിച്ച് പുതിയ പ്ലാനുകൾ ഉണ്ടക്കുന്ന പ്രക്രിയയിലൂടെയാണ് കടന്നു പോകുന്നത്. മാർച്ച് 23 ന് യുകെയിൽ ആരംഭിച്ച ലോക്ക് ഡൗണിൽനിന്നും കർശന നിബന്ധനകൾക്ക് വിധേയമായി പരീക്ഷണ അടിസ്ഥാനത്തിൽ ഉള്ള ഇളവുകൾ ഇന്ന് പ്രഖ്യപിച്ചിരിക്കുന്നത്.

ഇന്ന് 19.00  മണിക്ക് നടത്തിയ മുൻകൂറായി ചിത്രീകരിച്ച ടി വി പ്രോഗ്രാമിലൂടെയാണ് സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ ബോറിസ് വിശദീകരിച്ചത്. കൂടുതൽ വിശദമായ വിവരങ്ങൾ നാളെ പാർലമെൻ്റിൽ അറിയിക്കുമെന്നും അതുമായി ഉയർന്നു വരുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

അഞ്ച് ലക്ഷത്തോളം ആളുകൾക്ക് ജീവനുകൾ നഷ്ടപ്പെടാവുന്ന സ്ഥിതിവിശേഷത്തിലൂടെയാണ് ബ്രിട്ടൺ കടന്നു പോയത്. എന്നാൽ നമ്മൾ അതിനെ ഒറ്റക്കെട്ടായി അതിജീവിച്ചു. എൻഎച്ച്എസ് തകരാതെ നാം സംരക്ഷിച്ചു എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പുതിയ ഇളവുകളനുസരിച്ച് ബുധനാഴ്ച്ച മുതൽ വർക്ക് ഫ്രം ഹോം സാധ്യമല്ലാത്തവർക്ക് ജോലിക്ക് പോകാൻ അനുമതി നല്കി. നിർമ്മാണമേഖലയെയും മാനുഫാക്ചറിങ് മേഖലയും ആണ് ഇതിൽ എടുത്തുപറഞ്ഞത്. ഇപ്പോൾ നടപ്പാക്കുന്നത് നിബന്ധനകൾക്ക് വിധേയമായ പദ്ധതികൾ ആണ് എന്നും കാര്യങ്ങൾ വഷളായാൽ അപ്പോൾത്തന്നെ പഴയ നിലയിലേക്ക് തിരിച്ചുപോകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിൽ നിലവിലെ ‘സ്റ്റേ അറ്റ് ഹോം’ നയം മൂന്നാഴ്ച കൂടി തുടരും.

പ്രധാന തീരുമാനങ്ങൾ ഇവയാണ്

ബുധനാഴ്ച മുതൽ ആവശ്യാനുസരണം പുറത്തുപോയി എക്സർ സൈസിംഗിനായി പുറത്തു പോകാൻ സാധിക്കുന്നതാണ്. പാർക്കുകളിൽ പോയി ഇരിക്കാനും സ്പോർട്സ് ആക്ടിവിറ്റികളിൽ ഏർപ്പെടാനും അനുമതി നല്കി. ഇഷ്ടമുള്ള സ്ഥലങ്ങളിലേയ്ക്ക് ഡ്രൈവ് ചെയ്ത് പോകാനും സാധിക്കും. (ഇവിടെ എല്ലാവരും ഓർക്കേണ്ട മറ്റൊരു ഘടകം ഉണ്ട്… ഇംഗ്ലണ്ട് ഒഴിച്ച് ബാക്കി എല്ലായിടത്തും ലോക്ക് ഡൗൺ ആണ് എന്നുള്ള കാര്യം).  എന്നാൽ സ്വന്തം കുടുംബാംഗങ്ങളോടൊന്നിച്ച് മാത്രമേ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അനുമതിയുള്ളൂ. എല്ലായിടത്തും സാമൂഹിക അകലം പാലിച്ചിരിക്കണം.

ജൂൺ 1 മുതൽ പ്രൈമറി സ്കൂളുകളും ഷോപ്പുകളും പരീക്ഷണ അടിസ്ഥാനത്തിൽ തുറക്കാനുള്ള സാധ്യത ആരായുമെന്നും ബോറിസ് പറയുകയുണ്ടായി. റിസപ്ഷൻ, ഇയർ 1, ഇയർ 6 എന്നിവ ആദ്യം ക്ലാസുകൾ ആരംഭിക്കും. അടുത്ത വർഷം എക്സാമിൽ പങ്കെടുക്കേണ്ട സെക്കൻഡറി സ്കൂൾ സ്റ്റുഡൻ്റ്സിന് ഹോളിഡേ തുടങ്ങുന്നതിന് മുൻപ് ഏതാനും ദിവസങ്ങളെങ്കിലും ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാൻ സൗകര്യം ഒരുക്കണമെന്നാണ് ഉദ്ദേശിക്കുന്നത് എന്നും കൂട്ടിചേർത്തു.

ജൂലൈ മുതൽ ഹോട്ടലുകൾ – അതായത് പുറത്തു സാമൂഹിക അകലം പാലിച്ചു ഇരിക്കാനുള്ള സാഹചര്യം ഉണ്ടെങ്കിൽ അനുവാദം ലഭിക്കുന്നതാണ്. മറ്റ് പൊതു സ്ഥാപനങ്ങളും തുറക്കാനും പദ്ധതിയുണ്ട്. ഇത് എല്ലാവരും സാമൂഹിക അകലം പാലിക്കുന്നത്തിന് ആവശ്യമായ മുൻ നടപടികൾക്ക് ശേഷമായിരിക്കും.

നിലവിലെ സ്റ്റേ അറ്റ് ഹോം എന്ന സന്ദേശത്തിൽ മാറ്റം വരുത്തി. ഇനി മുതൽ “സ്റ്റേ അലർട്ട്, കൺട്രോൾ ദി വൈറസ്, സേവ് ലൈവ്സ്” എന്ന നയം നടപ്പാക്കും. കഴിയുന്നതും വീടുകളിൽ കഴിയുക, സാധിക്കുന്നവർ വർക്ക് ഫ്രം ഹോം നടപ്പാക്കുക, മറ്റുള്ളവരുമായുള്ള സമ്പർക്കം പരിമിതപ്പെടുത്തുക, പുറത്ത് പോവുന്ന അവസരത്തിൽ സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ.

ബ്രിട്ടണിൽ കൊറോണ വൈറസ് അലർട്ട് സിസ്റ്റം നിലവിൽ വരും. അലർട്ടിനെ അഞ്ചായി തിരിച്ചിരിക്കുന്നു. ലെവൽ 5 ഏറ്റവും കൂടിയ അലർട്ടിനെ സൂചിപ്പിക്കുന്നു. ലെവൽ 1 ഏറ്റവും സുരക്ഷിതമായ അവസ്ഥയായി പരിഗണിക്കും. കൊറോണ വൈറസ്സ് പകർച്ചയുടെ ‘R’ ഫാക്ടറിന് അനുസരിച്ചാണ് മേഖലകൾ തിരിക്കുകയും നിയന്ത്രണങ്ങൾ വരികയും ചെയ്യുക. ഇപ്പോൾ ഇംഗ്ലണ്ട് .5 നും .9 നും ഇടയിൽ ആണ് ഉള്ളത്.

ലോക്ക് ഡൗൺ പൂർണ്ണമായി പിൻവലിക്കുന്നതിന് ഇനി പറയുന്ന അഞ്ച് കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു..

ആദ്യമായി nhs സിന് ഹാൻഡിൽ ചെയ്യാൻ പറ്റുന്ന സ്ഥിതിയിലേക്ക് രോഗികളുടെ എണ്ണത്തിൽ ഉള്ള കുറവ്

തുടർച്ചായി ക്രമാനുസൃതമായി മരണ നിരക്കിലെ കുറവ്..

രോഗവ്യാപനത്തിന്റെ കുറവുമായി ബന്ധപ്പെട്ട വിശ്വസനീയമായ സ്ഥിതിവിവര കണക്കിന്റെ ലഭ്യത

ഭാവിയിൽ ഉണ്ടായേക്കാവുന്ന രോഗവ്യാപനത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട പരിശോധന കിറ്റുകളുടെ സ്റ്റോക്, അതുപോലെ തന്നെ ppe യുടെ ലഭ്യത

അവസാനമായി ലോക്ക് ഡൗൺ പിൻവലിക്കുന്നത് മറ്റൊരു വൈറസ് വ്യാപനത്തിന് ഇടയാക്കുന്നില്ല എന്ന ഉറച്ച വിശ്വാസം..

 

റോംഫോർഡ് : കോവിഡ് 19 പിടിപെട്ട എൻ എച്ച് എസ് നേഴ്സിന് ദാരുണാന്ത്യം ചർച്ചയാകുന്നു. നൈജീരിയൻ വംശജയായ ഓന്യനാച്ചി ഒബാസി(51) യാണ് മരിച്ചത്.കോവിഡ് ബാധിച്ച രോഗികൾക്ക് പരിചരണം നൽകിയ ഒബാസി, പിപിഇ കിറ്റുകളുടെ അഭാവത്തെ പറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതുവരെ കൊറോണ വൈറസ് ബാധിച്ചു മരണപ്പെടുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം 203 ആയി. കിഴക്കൻ ലണ്ടനിലെ ന്യൂഹാമിൽ നേഴ്സ് ആയും ഹെൽത്ത്‌ വിസിറ്റർ ആയും ജോലി ചെയ്തിരുന്ന വ്യക്തിയാണ് ഒരു കുട്ടിയുടെ അമ്മ കൂടിയായ ഒബാസി. റോംഫോർഡിലെ ക്വീൻസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് ഒബാസി മരണപ്പെട്ടത്. അസുഖം ബാധിക്കുന്നതിനുമുമ്പ് പിപിഇ ക്ഷാമത്തെക്കുറിച്ച് ഒബാസി സംസാരിച്ചിരുന്നുവെന്ന് മരുമകൾ ഇജിയോമ ഉസുക്വ പറഞ്ഞു.

ഇരുപത് വർഷമായി എൻ എച്ച് എസിൽ നേഴ്സ് ആയിരുന്ന ഒബാസിയുടെ മരണം സ്റ്റാഫുകളെ ദുഃഖത്തിലാഴ്ത്തി. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതിരുന്ന അവൾ , പകർച്ചവ്യാധിയുടെ സമയത്ത് ജോലി ചെയ്യാനും രോഗികളെ സഹായിക്കാനുമുള്ള കടമ തനിക്കുണ്ടെന്ന് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. മുൻനിരയിൽ പ്രവർത്തിച്ചപ്പോഴും അവൾക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. അതാണ് രോഗം പിടിപെടാൻ കാരണമായതെന്ന് മരുമകൾ കൂട്ടിച്ചേർത്തു. ഇതുവരെ കൊറോണയോട് മല്ലിട്ടു മരിച്ച ആരോഗ്യപ്രവർത്തകരിൽ നേഴ്‌സുമാർ, ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ , കെയർ ഹോം വർക്കർമാർ, ആശുപത്രി ഫാർമസിസ്റ്റുകൾ, പോർട്ടർമാർ, ക്ലീനർമാർ, ഡ്രൈവർമാർ എന്നിവർ ഉൾപ്പെടുന്നു. ഏപ്രിലിൽ കൊറോണ വൈറസ് മൂലം മരണപെട്ട എൻ‌എച്ച്എസ് തൊഴിലാളികളുടെ എണ്ണം ഒരാഴ്ചയ്ക്കുള്ളിൽ ഇരട്ടിയായി. കറുത്ത, ഏഷ്യൻ, ന്യൂനപക്ഷ വംശീയ പശ്ചാത്തലങ്ങളിൽ നിന്നുള്ള എൻ‌എച്ച്‌എസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ അപകടസാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. കൊറോണ വൈറസ് ബാധിച്ച് മരിച്ച യുകെയിലെ ആദ്യത്തെ പത്ത് ഡോക്ടർമാരും കറുത്ത, ഏഷ്യൻ, ന്യൂനപക്ഷ വംശീയ പശ്ചാത്തലമുള്ളവരാണ്. പിപിഇ കിറ്റുകളുടെ അഭാവം ഒരു എൻ എച്ച് എസ് നേഴ്സിന്റെ കൂടി ജീവൻ നഷ്ടപ്പെടുന്നതിന് കാരണമായി മാറിയിരിക്കുകയാണ്.

ടോറൻറ്റോ: തൊടുപുഴ വണ്ണപ്പുറം സ്വദേശിയായ വിദ്യാര്‍ത്ഥി കാനഡയിലുണ്ടായ അപകടത്തിൽ മരിക്കാൻ ഇടയായ സാഹചര്യം വളരെ നിർഭാഗ്യകരമാണ്. മെയ് ഏഴാം (07/05/2020) തിയതിയാണ് അബിന്‍ സന്തോഷ് പരക്കനാല്‍ (21) എന്ന യുവാവ് കാനഡയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്.

പഠനത്തിലും സ്പോർട്സിലും എല്ലാം മുൻപന്തിയിൽ നിൽക്കുന്ന ഒരു ഊർജ്ജസ്വലമായ യുവാവായിരുന്നു അബിൻ. വാട്ടർസ്‌പോർട്സ്, സ്കൈ ഡൈവിംഗ് എന്ന് തുടങ്ങി എല്ലാത്തിലും ഒരു തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിരുന്ന ഒരു യുവാവ്.

പ്ലസ് ടു കഴിഞ്ഞു നല്ലൊരു ഉപരിപഠനം എന്ന് മനസ്സിൽ കരുതിയാണ് കാനഡയിലേക്കുള്ള കുടിയേറ്റം. പഠനത്തിൽ ഒരു കുറവും നൽകിയില്ല എന്ന് മാത്രമല്ല തന്റെ ജന്മവാസനകളെയും ഇഷ്ടങ്ങളെയും അബിൻ എന്നും കാത്തുസൂക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്‌തിരുന്നു.

വാട്ടർസ്‌പോർട്സ് എന്നത് അബിന് വളരെ ഇഷ്ടമുള്ള ഒരു വിനോദമായിരുന്നു. എപ്പോഴും നല്ലൊരു സുഹൃത്‌വലയം സൂക്ഷിച്ചിരുന്നു അബിൻ, ഏഴാം തിയതി കൂട്ടുകാരുമൊത്തു ബോട്ടിങ്ങിന് ഇറങ്ങുകയായിരുന്നു. നമുക്കറിയാവുന്നതുപോലെ കാനഡയിൽ തീവ്രമായ തണുപ്പാണ്, വെള്ളത്തിന്റെ കാര്യം പറയേണ്ടതുമില്ല. അബിനും കൂട്ടുകാരും തണുപ്പിനെ ചെറുക്കാനുള്ള എല്ലാവിധ സുരക്ഷാ ഉപകരണങ്ങളും കരുതിയാണ്   ബോട്ടിങ്ങിന് ഇറങ്ങിയത്. അവർ ഉപയോഗിച്ചിരുന്നത് കാറ്റ് നിറച്ച ബബിൾ ബോട്ട് വിഭാഗത്തിൽപ്പെടുന്നവയായിരുന്നു.

ഇത്തരം സെന്ററുകളിൽ എത്തുന്നവർ ഇലക്ട്രിക്ക് മോട്ടോർ ഉപയോഗിച്ച് കാറ്റ് നിറച്ചാണ് ഇത് ഉപയോഗിക്കുന്നത്. എന്നത്തേയുംപോലെ അബിനും കൂട്ടുകാരും ബോട്ടിങ് കഴിഞ്ഞു തിരിച്ചുകയറുകയും ചെയ്‌തു. എല്ലാം കഴിഞ്ഞു വീട്ടിലേക്ക് തിരിച്ചുപോകാൻ ഉള്ള തയ്യാറെടുപ്പിൽ എല്ലാവരും തണുപ്പിനെ ചെറുക്കുന്ന വാട്ടർസ്‌പോർട്സ് സുരക്ഷാ വസ്ത്രങ്ങൾ ഇതിനകം മാറുകയും ചെയ്‌തിരുന്നു. പെട്ടെന്നാണ് അബിന്റെ മൊബൈലും പേഴ്‌സും ബോട്ടിലാണ് എന്ന തിരിച്ചറിവ് ഉണ്ടായത്. ഈ സമയം ഒരു കാറ്റ് ഉണ്ടാവുകയും ബോട്ട് അൽപം മുൻപോട്ട് നീങ്ങാനും തുടങ്ങിയപ്പോൾ അബിൻ അതിലേക്കു പെട്ടെന്ന് കയറാൻ ശ്രമിക്കുകയും ബാലൻസ് തെറ്റി ബോട്ടിനൊപ്പം ആഴമുള്ള കൊടും തണുപ്പുള്ള വെള്ളത്തിലേക്ക് അബിൻ വീഴുകയും ആയിരുന്നു.

കൊടും തണുപ്പുള്ള വെള്ളത്തിൽ കയ്യ്കാലുകൾ ചലിപ്പിക്കുക അസാദ്യമാണ്. ഇത് കണ്ട കൂട്ടുകാർ പെട്ടെന്ന് പിടിച്ചു നില്ക്കാൻ പലതും ഇട്ടുകൊടുത്തെങ്കിലും അതിലൊന്നും എത്തിപ്പിടിക്കാൻ അബിന് സാധിച്ചില്ല. ഈ സമയം അടുത്തുതന്നെയുണ്ടായിരുന്ന ഫിഷർമാനെ വിളിച്ചുവരുത്തുകയും രക്ഷാപ്രവർത്തനത്തിന് സഹായിക്കുകയും ചെയ്‌തു.

അറിയിച്ചതിനെത്തുടന്ന് എമർജൻസി സെർവീസും, ഫയർ സെർവീസും ഉടനടി എത്തി. അധികം താമസിക്കാതെ മുങ്ങിപ്പോയ അബിനെ പുറത്തെത്തിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു. വെന്റിലേറ്ററിൽ ആയിരുന്ന അബിന് പാതിരാത്രിയോടെ കാർഡിയാക് അറസ്റ് ഉണ്ടാവുകയും മരണം സംഭവിക്കുകയും ആയിരുന്നു.

കാനഡയിലെ ജോര്‍ജിയന്‍ കോളേജില്‍ ബിരുദ പഠനം പൂർത്തിയാക്കി കിങ്സ്റ്റണില്‍ പ്ലെയിസ്മെന്റ് ചെയ്തുകൊണ്ടിരിക്കെയാണ് അപകടമരണം സംഭവിച്ചിരിക്കുന്നത്. മൂന്ന് മാസങ്ങൾക്ക് മുൻപാണ് ബാരിയില്‍ നിന്ന് കിംഗ്സ്റ്റണിലേക്ക് അബിൻ താമസം മാറിയത്. ടോറോറ്റോയിൽ നിന്നും ഏകദേശം 200 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന കിങ്സ്റ്റൺ.

മൃതദേഹം നാട്ടിൽ എത്തിക്കുവാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നു കൂട്ടുകാരും ഒപ്പം മലയാളി സംഘടനയും ചേർന്ന്. വണ്ണപ്പുറം പറയ്ക്കനാല്‍ സന്തോഷിന്റെ മകനാണ് പരേതനായ എബിന്‍ സന്തോഷ്. മാതാവ് ഷൈനി സന്തോഷ് (മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍, വണ്ണപ്പുറം) തീക്കോയി ഒട്ടലാങ്കല്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍- ആല്‍ബിന്‍ (വൈദിക വിദ്യാര്‍ത്ഥി, കോതമംഗലം രൂപത), ബിബിന്‍, സെലിന്‍ (ഇരുവരും വിദ്യാര്‍ത്ഥികള്‍, ജയ്‌റാണി പബ്ലിക് സ്‌കൂള്‍, കാളിയാര്‍, തൊടുപുഴ)

RECENT POSTS
Copyright © . All rights reserved