ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ട്രാൻസ് – ക്രിമിനൽസ് നടത്തുന്ന കുറ്റകൃത്യങ്ങൾ സ്ത്രീകളുടെ പേരിൽ രേഖപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ. നിലവിലെ ക്രൈം റെക്കോർഡുകൾ കൂടുതൽ കൃത്യമായ രീതിയിൽ നിലനിർത്താൻ, ക്രിമിനലുകളുടെ ലിംഗം കൂടി രേഖപ്പെടുത്താൻ ആഭ്യന്തരവകുപ്പും പോലീസ് അധികൃതരും ചേർന്നുള്ള പരിശ്രമങ്ങൾ തുടർന്നു വരികെയാണ് ആഭ്യന്തര സെക്രട്ടറിയുടെ പുതിയ നിർദ്ദേശം. നിരവധി ഇടങ്ങളിൽ വളരെ ക്രൂരമായ ലൈംഗിക അതിക്രമങ്ങൾ നടത്തിയ സ്ത്രീകളെന്ന് അവകാശപ്പെടുന്ന പുരുഷന്മാർ ചെയ്ത കുറ്റകൃത്യങ്ങളെ പലപ്പോഴും സ്ത്രീകളുടെ പേരിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് സ്ത്രീകളുടെ പേരിലുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം വൻതോതിൽ വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്നും ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി.

ഈ വർഷമാദ്യം, പുരുഷനായി ജനിച്ചുവെങ്കിലും താൻ സ്ത്രീ ആണെന്ന് അവകാശപ്പെടുന്ന സോയി വാട്ട്സ് എന്നയാളുടെ നിരവധി കുറ്റകൃത്യങ്ങൾ സ്ത്രീകളുടെ വിഭാഗത്തിലാണ് ലിങ്കൺഷെയർ പോലീസ് ഉൾപ്പെടുത്തിയത്. ഇതിൽ അത്യാധുനിക രീതിയിൽ ബോംബ് ഉണ്ടാക്കാൻ ശ്രമിച്ചു എന്നുള്ള കുറ്റവും ഉൾപ്പെടുന്നുണ്ട്. ഇതു ദേശീയ തലത്തിൽ സ്ത്രീകൾ ചെയ്ത കുറ്റകൃത്യങ്ങളിൽ ആണ് നിലവിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇത് നിറുത്തണമെന്ന ആവശ്യമാണ് പുതുതായി ആഭ്യന്തര സെക്രട്ടറി ഉന്നയിച്ചിരിക്കുന്നത്. നിലവിലെ നിയമം അനുസരിച്ച്, പുരുഷന്മാർക്കാണ് ബലാൽസംഗം നടത്താൻ സാധിക്കുന്നത് എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ പ്രൊഫസർ ആയിരിക്കുന്ന ആൻ സളിവന്റെ വിശകലന പ്രകാരം, 2012 മുതൽ 2018 വരെയുള്ള കണക്കുകൾ പ്രകാരം ബലാൽസംഗം ചെയ്തെന്ന ആരോപണത്തിൽ പ്രോസിക്യൂട്ട് ചെയ്യപ്പെട്ടവരിൽ 436 പേർ സ്ത്രീകൾ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരം അപാകതകൾ പരിഹരിക്കുവാനായി പോലീസ് വിഭാഗത്തിന് കൂടുതൽ പുതിയ നിർദ്ദേശങ്ങൾ നൽകി കഴിഞ്ഞതായി ആഭ്യന്തരവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- വളരെ അപൂർവമായ ഗില്ലിൻ ബാർ സിൻഡ്രോം കൂടി പുതിയതായി ആസ്ട്രാസെനെക്ക വാക്‌സിന്റെ പാർശ്വഫലങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് യു കെ ഡ്രഗ് റെഗുലേറ്റർ. ആസ്ട്രാസെനെക്ക വാക്സിൻ ലഭിച്ചവരിൽ കുറച്ചു പേരിൽ ഈ രോഗലക്ഷണം കണ്ടെത്തിയതായാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. വാക്‌സിന്റെ ദോഷവശങ്ങളെക്കാൾ ഗുണങ്ങളാണ് മുന്നിട്ട് നിൽക്കുന്നതെന്ന് വിദഗ്ധർ ഉറപ്പിച്ച് പറയുമ്പോഴും ഇത്തരം വസ്തുതകൾ ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്റ്റ്സ് റെഗുലേറ്ററി ഏജൻസിയാണ് ഗില്ലിൻ ബാർ സിൻഡ്രോം കൂടി ആസ്ട്രാസെനെക്ക വാക്സിൻ പാർശ്വഫലങ്ങളിൽ ഉൾപ്പെടുത്തിയത്. ഈ രോഗം കാലുകളിലും, കൈകളിലും മറ്റുമുള്ള ഞരമ്പുകളെയാണ് മുഖ്യമായും ബാധിക്കുന്നത്. മരവിപ്പ്, പേശികളുടെ ബലഹീനത, വേദന തുടങ്ങിയവയൊക്കെ തുടർന്ന് രോഗികളിൽ അനുഭവപ്പെടുന്നു. ഇത്തരം രോഗലക്ഷണങ്ങൾ കാണിക്കുന്ന ഭൂരിഭാഗം പേരിലും ഇത് പൂർണമായി സുഖപ്പെടുത്തുവാൻ സാധിക്കുന്നതാണെങ്കിലും, വളരെ കുറച്ചു പേരിൽ ഇത് ദീർഘകാലത്തേയ്ക്ക് നീണ്ടുനിൽക്കുകയും, ജീവന് അപകടം ആയിത്തീരുകയും ചെയ്യുന്നുണ്ട്. യൂറോപ്യൻ മെഡിസിൻസ് ഏജൻസി കഴിഞ്ഞ മാസം തന്നെ ഗില്ലിൻ ബാർ സിൻഡ്രോമിനെ പാർശ്വ ഫലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

ജൂലൈ 31 വരെയുള്ള കണക്കുകൾ പ്രകാരം , ആസ്ട്രാസെനെക്ക വാക്സിൻ നൽകിയ 600 മില്യൺ ജനങ്ങളിൽ, 833 പേർക്ക് മാത്രമാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിരിക്കുന്നത്. സാധാരണയായി ഉണ്ടാകുന്ന തലവേദനയും, ക്ഷീണവുമാണ് ആസ്ട്രാസെനെക്ക വാക്സിന്റെ ഏറ്റവും മുഖ്യമായ പാർശ്വഫലമെന്ന് കിങ്‌സ് കോളേജ് ലണ്ടനിലെ എപ്പിഡെമിയോളജിസ്റ്റ് ആയിരിക്കുന്ന പ്രൊഫസർ ടിം സ്‌പെക്ടർ പറഞ്ഞു. നിരവധി പേരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രമുഖ ഗവേഷകനായ സ്‌പെക്ടർ ഇതു വ്യക്തമാക്കിയിരിക്കുന്നത്. വാക്സിൻ എടുക്കുന്നവരിൽ അഞ്ചിൽ ഒരാൾക്ക് ക്ഷീണവും തലവേദനയും മറ്റും ഉണ്ടാകുന്നുണ്ടെന്നും, പ്രതിരോധശേഷി കൂടുതലായതു മൂലം യുവാക്കളിൽ ഇത് കൂടുതലായി ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫൈസർ, മോഡേണ മുതലായ വാക്സിനുകൾ എടുക്കുന്നവരിലും ചെറിയ തോതിലുള്ള പനിയും, ശരീരവേദനയും ഉണ്ടാവുന്നുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ജനങ്ങൾ ആരുംതന്നെ ആശങ്കപ്പെടേണ്ടതില്ലെന്ന ഉറപ്പാണ് എല്ലാ ഗവേഷകരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
ജോമോൻ കുര്യാക്കോസ്
അച്ചാർ ഇഷ്ടമില്ലാത്തവർ ഉണ്ടോ , അതും മീൻ കൊണ്ടുള്ളതാണെകിൽ പറയുകയും വേണ്ട !
വളരെ എളുപ്പം ഉണ്ടാക്കാവുന്ന ഒരു മീൻ അച്ചാറാണിത്, ഒരു മാസം വരെയൊക്കെ കേടുകൂടാതെ ഇരിക്കും ഈ അച്ചാർ .
മീൻ അച്ചാർ
1) ദശകട്ടിയുള്ള മീൻ – 250 ഗ്രാം
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
വിനാഗിരി – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
അച്ചാറിനു വേണ്ടിയുള്ള മറ്റ് ചേരുവകൾ
1) ഇഞ്ചി – 1 വലുത്
2) വെളുത്തുള്ളി – 2 കുടം
3) മുളകുപൊടി – 2-3 ടീസ്പൂൺ
4) കടുക് – 1 ടീസ്പൂൺ
5) ഉലുവ – 1/4 ടീസ്പൂൺ
6) കറിവേപ്പില – ആവശ്യത്തിന്
7) കായം പൊടി – 1/4 ടീസ്പൂൺ
8) ഉലുവപ്പൊടി – 1/4 ടീസ്പൂൺ
9) നല്ലെണ്ണ – 1/4 -1/2 കപ്പ്
10) വിനാഗിരി -1/4 -1/2 കപ്പ്
11) ഉപ്പ് – ആവശ്യത്തിന്
12) വെള്ളം – 1/4 കപ്പ്

തയ്യാറാക്കുന്ന വിധം :
1) മീൻ നന്നായി കഴുകി , വെള്ളം വാർന്ന ശേഷം അതിൽ മുളകുപൊടി,മഞ്ഞൾപൊടി, വിനാഗിരി ഉപ്പു ഇവ ചേർത്ത് നന്നായി പുരട്ടി കുറച്ചുനേരം വയ്ക്കുക .
2) ശേഷം ഒരു പാത്രത്തിൽ നല്ലെണ്ണ / വെജിറ്റബിൾ ഓയിൽ ചേർത്ത് നന്നായി ചൂടാകുമ്പോൾ , മീൻ കഷണങ്ങൾ മുഴുവനും വറുത്തു കോരുക .
3) നല്ലെണ്ണ ആണെങ്കിൽ അതേ പാത്രത്തിൽ തന്നെ കടുകിട്ട് പൊട്ടിക്കുക , അല്ലെങ്കിൽ മറ്റൊരു പാത്രത്തിൽ നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക .
4) കടുക് നന്നായി പൊട്ടിയ ശേഷം അതിലേക്ക് ഉലുവ ചേർത്ത് മൂപ്പിക്കുക . കറിവേപ്പിലയും ചേർത്ത് കൊടുക്കുക .
5) ഇതിലേക്ക് ചതച്ചു വെച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി ചേർത്ത് നന്നായി മൊരിയ്ക്കുക്ക .
6) നന്നായി മൊരിഞ്ഞു ബ്രൗൺ നിറം ആകുമ്പോൾ , അതിലേക്ക് മഞ്ഞൾപൊടി , മുളകുപൊടി ചേർത്ത് ഇളക്കുക.
7) പിന്നീട് വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക , അതിലേക്ക് മീൻ കഷണങ്ങൾ ചേർത്ത് ഇളക്കുക . ഒന്ന് തിളയ്ക്കുമ്പോൾ ഉപ്പു നോക്കുക, ഇല്ലെങ്കിൽ ചേർത്ത് കൊടുക്കുക , അതിലേക്ക് വിനാഗിരി ചേർത്ത ഇളക്കുക , തീ താഴ്ത്തി വയ്ക്കുക ( വിനാഗിരി തിളപ്പിക്കരുത്). ഒരു 5 സെക്കന്റ് .
9) അതിലേക്ക് ഉലുവാപ്പൊടിയും, കായപൊടിയും ചേർത്ത് ഇളക്കി , തീ അണയ്ക്കുക
10) അതേ പാത്രത്തിൽ തന്നെ വെച്ചിരുന്നു തണുത്ത ശേഷം മാത്രം കുപ്പിയിലാക്കുക .
ഓർക്കാൻ :
1) ഇഞ്ചി വെളുത്തുള്ളി നീളത്തിൽ അരിഞ്ഞും ചേർക്കാം . കൂടുതലും വേണമെങ്കിൽ ചേർക്കാം
2) ഇഞ്ചിയുടെ അളവ് വെളുത്തുള്ളിയെക്കാളും സ്വൽപ്പം കുറഞ്ഞിരിക്കണം .
3) അച്ചാർ ഇടാൻ നല്ലെണ്ണ തന്നെയാണ് ഉത്തമം
4) വിനാഗിരി , നല്ലെണ്ണ ഇവയുടെ അളവ് വേണമെങ്കിൽ കൂട്ടാം
5) ഇഞ്ചി വെളുത്തുള്ളി നന്നായി മൊരിയണം , അതുപോലെ തന്നെ മീനും .

ഷെഫ് ജോമോൻ കുര്യാക്കോസ്

ന്യൂസ് ഡെസ്ക് മലയാളം യുകെ
കാലിഫോർണിയ: കാലിഫോർണിയയിലെ മെഴ്‌സഡ് നദിയ്ക്ക് സമീപം മൂന്നു പേരടങ്ങുന്ന ബ്രിട്ടീഷ് കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. കാൽനടയാത്ര നടത്തുന്നതിനിടെയാണ് മൂവരും മരണപെട്ടത്. കടുത്ത ചൂട് കാരണമുണ്ടായ ഹൈപ്പർതേർമിയയാണ് മരണകാരണമെന്ന് പോലീസ് അറിയിച്ചു. ജോനാഥൻ ഗെറിഷ് (45), ഭാര്യ എല്ലെൻ ചുങ്ങ്, മകൾ ഔറേലിയ (1) എന്നിവരാണ് മരണമടഞ്ഞത്. നായ ഓസ്‌കിയുമായാണ് കുടുംബം യാത്ര തിരിച്ചത്. ആ സമയം താപനില 43° സെൽഷ്യസ് ആയിരുന്നു. കടുത്ത ചൂടും കൈവശം ഉണ്ടായിരുന്ന വെള്ളം തീർന്നുപോയതും കുടുംബത്തെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു. അവരുടെ കാറിൽ നിന്ന് 1.6 മൈൽ അകലെ സിയറ നാഷണൽ ഫോറസ്റ്റ് ട്രയലിൽ മെഴ്‌സ്ഡ് നദിക്ക് സമീപമുള്ള പർവതപ്രദേശത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.

ഹൈപ്പർതേർമിയ മൂലം ബ്രിട്ടീഷ് കുടുംബം മരണപ്പെട്ടതായി മാരിപോസ കൗണ്ടി ഷെരീഫ് ജെറമി ബ്രീസ് വ്യാഴാഴ്ച സ്ഥിരീകരിച്ചു. ചൂടുള്ള കാലാവസ്ഥയിൽ ഒരു വ്യക്തിയുടെ ശരീര താപനില അപകടകരമാംവിധം ഉയരുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. നിർഭാഗ്യകരവും ദാരുണവുമായ സംഭവമാണ് ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. 8 വയസുള്ള വളർത്തുനായയെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആഗസ്റ്റ് 15 ന് രാവിലെ 8 മണിക്കാണ് കുടുംബം ഹൈക്കിംഗ് ആരംഭിച്ചത്. എട്ടു മൈൽ താണ്ടുകയെന്നതായിരുന്നു ലക്ഷ്യം.

അവർ യാത്ര ആരംഭിച്ചപ്പോൾ, താപനില 23 ഡിഗ്രിയായിരുന്നു. എന്നാൽ പിന്നീട് അതിവേഗം ഉയർന്നു. മൂന്ന് വർഷം മുമ്പ് ഉണ്ടായ കാട്ടുതീയിൽ പല മരങ്ങളും നശിച്ചതിനാൽ അവരുടെ സഞ്ചാരപാതയിൽ തണലും കുറവായിരുന്നു. കുത്തനെയുള്ള കയറ്റത്തിൽ അവർ എത്തുമ്പോഴേക്കും താപനില 43 ° സെൽഷ്യസിൽ എത്തിയിരുന്നു. 2.5 ലിറ്റർ വെള്ളമുണ്ടായിരുന്നുവെങ്കിലും അത് തീർന്നതോടെ വേറെ മാർഗം ഇല്ലാതായി. മെഴ്‌സ്ഡ് നദിയിലെ മലിനമായ ജലവും അവർക്ക് തിരിച്ചടിയായി. കുടുംബത്തെ കാണാതായെന്ന് ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂവരുടെയും മൃതദേഹം കണ്ടെടുത്തത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ കോവിഡ് വ്യാപനം കുതിച്ചുയരുകയാണ്. പ്രതിദിന രോഗവ്യാപന നിരക്ക് ഓരോ ദിവസവും കൂടുന്നതിൻെറ കണക്കുകളാണ് പുറത്തുവരുന്നത്. രോഗവ്യാപനത്തെ പിടിച്ചുനിർത്താൻ ബൂസ്റ്റർ ഡോസ് നൽകുന്നത് രാജ്യത്ത് ഊർജിതമാക്കിയിട്ടുണ്ട്. വൈറസിന്റെ പുതിയ വേരിയന്റുകൾക്ക് വാക്സിനേഷൻ എത്രമാത്രം ഫലപ്രദമാണെന്നുള്ള ആശങ്കയും ആരോഗ്യവിദഗ്ധർക്കുണ്ട്. ഇതിനിടെ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള പല ലോക് ഡൗൺ നിയന്ത്രണങ്ങളും തിരിച്ചുകൊണ്ടുവരണമെന്നുള്ള അഭിപ്രായവും ആരോഗ്യവിദഗ്ധർക്കിടയിലുണ്ട്.

ഇതിനിടെ കോവിഡ് വ്യാപനം തടയുന്നതിന് ഏറ്റവും ഫലപ്രദമായ മാർഗം സാധ്യമാകുന്ന എല്ലാ മേഖലയിലും വർക്ക് ഫ്രം ഹോം ഏർപ്പെടുത്തുന്നതാണെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. ശൈത്യകാലത്ത് രോഗവ്യാപനം കുറയുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ഇതെന്നുള്ള അഭിപ്രായമാണ് ശാസ്ത്രജ്ഞർ മുന്നോട്ടുവെയ്ക്കുന്നത്. എന്നാൽ ഈ നിർദേശത്തിന് ഗവൺമെൻറിൻറെ ഭാഗത്തുനിന്ന് എത്രമാത്രം പിന്തുണ ലഭിക്കുമെന്ന് അറിവായിട്ടില്ല. രോഗവ്യാപനം കുറയുന്നതിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് മന്ത്രിമാരുടെ ഭാഗത്തുനിന്നും ശക്തമായ എതിർപ്പ് നേരിടുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

ഇന്നലെ മാത്രം രാജ്യത്ത് പുതിയതായി 49298 പേർക്കാണ് രോഗവ്യാപനം രേഖപ്പെടുത്തിയത്. കോവിഡിനെ തുടർന്ന് 8238 പേരാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത് . ഇതിൽ തന്നെ 892 പേർ വെൻറിലേറ്ററിലാണ്. നിലവിലെ സാഹചര്യത്തിൽ ശൈത്യകാലത്ത് കോവിഡിനെ തടയുന്നതിനുള്ള നയപരമായ തീരുമാനങ്ങൾ എത്രയും പെട്ടെന്ന് എടുക്കണമെന്ന് ഒക്ടോബർ 14 -ന് ചേർന്ന ശാസ്ത്ര ഉപദേഷ്ടാക്കളുടെ യോഗം ഗവൺമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു എസ് :- തന്റെ ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം, പ്ലെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് 40 വർഷത്തിന് ശേഷം വെളിപ്പെടുത്തിയിരിക്കുകയാണ് ന്യൂയോർക്കിൽ നിന്നുള്ള പ്ലാസ്റ്റിക് സർജനായ റോബർട്ട് ബെയറൻബോം. 1985 ൽ ലാണ് താൻ ഭാര്യയായ ഗയിൽ കാറ്റ്സിനെ കൊലപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യയുടെ അപക്വമായ പെരുമാറ്റം ആണ് തന്നെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യത്തെളിവുകൾ കണക്കിലെടുത്ത് ഗയിലിന്റെ കൊലപാതകത്തിന് റോബർട്ടിന് 2000 ത്തിൽ ശിക്ഷ വിധിച്ചിരുന്നു. എന്നാൽ തനിക്ക് കൊലപാതകത്തിൽ ഒരു പങ്കുമില്ലെന്നാണ് റോബർട്ട് ഇതുവരെയും ഉറച്ചു നിന്നിരുന്നത്. ഡിസംബർ 2020 ൽ നടന്ന പരോൾ ഹിയറിങ്ങിലാണ് ആദ്യമായി റോബർട്ട് താൻ ചെയ്ത കുറ്റം ഏറ്റു പറഞ്ഞത്. വളരെ വിദഗ്ധനായ ഒരു പൈലറ്റായ ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം, പ്ലെയിനിലാക്കി കടലിന് നടുവിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് ഏറ്റുപറച്ചലിൽ വ്യക്തമാക്കി. പരോൾ ഹിയറിങ്ങിന്റെ വിശദാംശങ്ങൾ അടുത്തിടെ എ ബി സി ന്യൂസിന് ലഭിച്ചതോടെയാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്.

ഗയിലിന്റെ മൃതദേഹം ഇന്നുവരെയും കണ്ടെത്തിയിട്ടില്ല. 1980 കളിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയതെന്ന് ഗയിലിന്റെ സഹോദരി പറഞ്ഞു. തുടക്കത്തിൽ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെങ്കിലും, പിന്നീട് റോബർട്ടിന്റെ സ്വഭാവത്തിൽ വ്യത്യാസങ്ങൾ കണ്ടെത്തിയതായും അവർ പറഞ്ഞു. റോബർട്ട് നിലവിൽ ഇരുപതു വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. ഗയിലിന് മാനസിക വിഭ്രാന്തിയുണ്ടെന്നും, മയക്കുമരുന്നുകളും മറ്റും ഉപയോഗിക്കുന്നുള്ളതായും ചിത്രീകരിക്കാൻ റോബർട്ടിന്റെ അഡ്വക്കേറ്റ് ശ്രമിച്ചതായും, എന്നാൽ ഇവയൊന്നും തന്നെ സത്യമല്ലെന്നും ഗയിലിന്റെ സഹോദരി പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ലൈംഗികബന്ധത്തിലൂടെ പകരുന്ന ഏറ്റവും മാരകമായ രോഗമാണ് എയ്ഡ്സ്. എന്നാൽ ഇതിന് കാരണമയേക്കാവുന്ന അണുബാധ യുകെയിൽ അതിവേഗം വ്യാപിക്കുന്നതായി റിപ്പോർട്ട്. ലൈംഗികബന്ധത്തിലൂടെയാണ് ഇതും പകരുന്നത്. ലൈംഗികബന്ധത്തിലൂടെ പകരുന്ന മറ്റ് അണുബാധകളുമായും (എസ് ടിഐ) രോഗങ്ങളുമായും (എസ് ടിഡി) താരതമ്യപ്പെടുത്തുമ്പോൾ ഡോണോവനോസിസ് കേസുകൾ താരതമ്യേന അപൂർവമാണെങ്കിലും, അവ ക്രമാനുഗതമായി ഉയരുകയും പൊതുജനാരോഗ്യത്തിന് യഥാർത്ഥ അപകടസാധ്യത സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. എച്ച്ഐവി പകരുന്നതിനുള്ള പ്രധാന ഘടകമായി ഈ അണുബാധ മാറുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ജനനേന്ദ്രിയത്തിൽ രക്തസ്രാവവും പഴുപ്പും ഉണ്ടാക്കുന്ന ഒരു ബാക്ടീരിയൽ അണുബാധയാണ് ഗ്രാനോലോമ ഇൻഗ്വിനാൽ എന്നുറിയപ്പെടുന്ന ഡോണോവാനോസിസ്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഇത് സാധാരണയായി കാണപ്പെടാറുണ്ട്.

‘ക്ലെബ്സിയല്ല ഗ്രാനുലോമാറ്റിസ്’ എന്ന ബാക്ടീരിയ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വഴി ജനനേന്ദ്രിയത്തെ ബാധിക്കുന്നു. പരിഹാരമാർഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ അണുബാധ മൂലമുണ്ടാകുന്ന വ്രണങ്ങൾ എച്ച്ഐവി പടരുന്നതിന് കാരണമാകും. ജനനേന്ദ്രിയ ഭാഗത്ത് വൃണമോ വീക്കമോ രൂപപ്പെട്ടാൽ എത്രയും വേഗം ചികിത്സ തേടുക എന്നതാണ് പ്രധാനം.

ബാക്ടീരിയയുടെ വളർച്ച തടയാൻ ഡോക്ടർമാർ ആന്റിബയോട്ടിക്കുകളാണ് നിർദേശിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ തന്നെ വ്രണങ്ങൾ ഉണങ്ങാൻ ഇത് സഹായിക്കും. എന്നാൽ ദീർഘനാളായി അണുബാധ ഉണ്ടെങ്കിൽ അത് പൂർണമായി മാറാൻ ഏതാനും ആഴ്ചകൾ വേണ്ടിവരും.
ഷിബു മാത്യൂ.
ഒക്ടോബര്‍ ഒമ്പത്.
ഒരു നാടകം കാണുവാന്‍ യുകെ മലയാളികള്‍ ലീഡ്സ്സില്‍ തടിച്ചുകൂടി.
ലീഡ്സ്സ് മലയാളി അസ്സോസിയേഷന്‍ (ലിമ) സംഘടിപ്പിച്ച കലാവിരുന്നിലെ പ്രധാന ഇനമായിരുന്നു പ്രശസ്ത നാടക സംവിധായകന്‍ ജേക്കബ് കുയിലാടന്‍ സംവിധാനം ചെയ്ത അമ്മയ്‌ക്കൊരു താരാട്ട് എന്ന നാടകം. യുകെയിലെ മലയാളി അസ്സോസിയേഷനുകളില്‍ മുന്‍നിരയിലുള്ള ലീഡ്സ്സ് മലയാളി അസ്സോസിയേഷന്‍ കോവിഡ് പ്രതിസന്ധികളില്‍ ഗവണ്‍മെന്റ് നല്കിയ ഇളവുകളില്‍ അസ്സോസിയേഷനിലെ എല്ലാ കുടുംബങ്ങളേയും പുതുതായി ലീഡ്സ്സിലെത്തിയ മലയാളി കുടുംബങ്ങളേയും ഒത്തുചേര്‍ത്ത് സംഘടിപ്പിച്ച ആഘോഷമായിരുന്നു ‘ലിമ കലാവിരുന്ന്’.
നാടക കല കാലഹരണപ്പെടുമ്പോള്‍ മലയാള നാടക ശാഖയ്ക്ക് ഒരു പുത്തന്‍ ഉണര്‍വ്വായി ജേക്കബ് കുയിലാടന്‍ സംവിധാനം ചെയ്ത അമ്മയ്‌ക്കൊരു താരാട്ട് മാതൃകയാകുന്നു.
മാതാപിതാക്കള്‍ മക്കളെ വളര്‍ത്തിയതുപോലെ മക്കള്‍ മാതാപിതാക്കളെ വളര്‍ത്തണം എന്ന വലിയ സന്ദേശം ആധുനിക തലമുറയ്ക്ക് കൈമാറുക എന്നതാണ് ഈ നാടകത്തിന്റെ ഇതിവൃത്തം. നിരവധി നാടകങ്ങള്‍ക്ക് സ്‌ക്രിപ്റ്റ് എഴുതിയ തോമസ്സ് മാളെക്കാരനാണ് ഈ നാടകം രചിച്ചിരിക്കുന്നത്. ലീഡ്‌സ് മലയാളി അസ്സോസിയേഷനിലെ കലാകാരന്മാര്‍ തന്നെയാണ് നാടകത്തില്‍ വേഷമിട്ടത്.
മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിനൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച സാബു ഖോഷ്, പ്രൊഫഷണല്‍ നാടകത്തില്‍ അഭിനയിച്ച് മുന്‍പരിചയമുള്ള ജയന്‍ കുര്യാക്കോസ് എന്നിവരോടൊപ്പം ലിമയുടെ കലാകാരന്മാരായ ഷിജി കുര്യന്‍, രജ്ഞി കോമ്പാറക്കാരന്‍, ജോബി ജോസഫ്, ജേക്കബ് കുയിലാടന്‍, ഗോഡ്‌സണ്‍ കുയിലാടന്‍, ബേബി പോള്‍, ഡാര്‍ളി ടോമി, അജി ഷൈജു, മോളി ബെന്നി, എസ്തന ഹരീഷ് എന്നിവര്‍ മത്സരിച്ചഭിനയിച്ച നാടകത്തിന് വന്‍ വരവേല്പാണ് ലഭിച്ചത്.
അഭിനയകലയുടെ മിന്നും പ്രകടനത്തിന്റെ പിന്നാം പുറത്ത് നിന്ന് സംവിധായകനും അഭിനേതാവുമായ ജേക്കബ് കുയിലാടന്‍ അമ്മയ്‌ക്കൊരു താരാട്ടിനെക്കുറിച്ച് മലയാളം യുകെ ന്യൂസിനോട് സംസാരിക്കുന്നു…
നാടകം. അത് എനിക്ക് പ്രിയപ്പെട്ടതാണ്. അഭിനയം പാരമ്പര്യമായി കിട്ടി എന്ന് പറയുന്നതിനപ്പുറം കലാകാലന്മാരുടെ കുടുംബമായിരുന്നു ഞങ്ങളുടേത് എന്ന് പറയുന്നതിലാണ് കൂടുതല്‍ സന്തോഷം.. കലയോടുള്ള താല്പര്യം ചെറുപ്പം മുതലേ എനിക്കുണ്ടായിരുന്നു. പഠിപ്പിനോടൊപ്പമുള്ള വളര്‍ച്ചയില്‍ കലാപ്രവര്‍ത്തനവും ഞാന്‍ വളര്‍ത്തി.
അവസാനം യുകെയിലെ ലീഡ്സ്സില്‍ എത്തിയപ്പോഴും കലയോടുള്ള താല്പര്യം ഞാന്‍ മറന്നില്ല. സാഹചര്യം കൊണ്ട് ലീഡ്സ്സ് മലയാളി അസ്സോസിയേഷനില്‍ എത്തിപ്പെട്ടു. അതൊരു തുടക്കമായിരുന്നു. എന്റെ ചിന്തകള്‍ക്കനുസരിച്ചുള്ള കലാകാരന്മാരെ എനിക്കിവിടെ കാണുവാനായി എന്നതായിരുന്നു എന്റെ സന്തോഷം. അവിടെ എന്റെ ചിന്തകള്‍ വളര്‍ന്നു. അങ്ങനെ ഊര്‍ജ്ജസ്വലതയള്ള സാബുഖോഷിനേയും ജയനേയും പോലെയുള്ള കലാകാരന്മാരെ എനിക്ക് ലിമയില്‍ നിന്നും കണ്ടു പിടിക്കാന്‍ സാധിച്ചു. കഴിവുള്ള നിരവധി കലാകാരന്മാര്‍ ലിമയിലുണ്ട് എന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു. അതിന്റെ ആകെ തുകയാണ് അമ്മയ്‌ക്കൊരു താരാട്ട്.
ഒരുപാട് പേര്‍ അഭിനയിക്കുമ്പോള്‍ പരിമിതികള്‍ പലതാണ്.
എല്ലാവരേയും ഒരുമിച്ചു കിട്ടുക എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. റിഹേഴ്‌സിലില്‍ എല്ലാവരേയും ഒരുമിച്ച് കിട്ടിയിരുന്നില്ല. നാടക സംവിധാനത്തിന്റെ മുന്‍ കാല പരിചയമുള്ളതുകൊണ്ട് ഭംഗിയായി ചെയ്യുവാന്‍ സാധിച്ചു.
താല്പര്യമുള്ളവര്‍ മാത്രം അണിനിരന്നതു കൊണ്ട് അധിക പ്രശ്‌നം ഉണ്ടായില്ല. എല്ലാവരും ഡയലോകുകള്‍ പഠിച്ചു എന്നതാണ് ഈ നാടകത്തിന്റെ വിജയം.
സംവിധായകന്‍ ജേക്കബ് കുയിലാടന്‍ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : വിദേശ നേഴ്‌സ് റിക്രൂട്ടിനു വേണ്ടി വൻ തുക ചിലവഴിച്ച് എൻ എച്ച് എസ്. നേഴ്സുമാരുടെ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ആരോഗ്യ രംഗത്തെ താങ്ങിനിർത്തുക എന്ന ഉദ്ദേശ്യത്തോടു കൂടി വിദേശ രാജ്യങ്ങളിൽ നിന്ന് നേഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന രീതി എൻ എച്ച് എസ് സ്വീകരിച്ചത്. എൻ എച്ച് എസിന്റെ ലക്ഷ്യങ്ങൾ നിറവേറ്റാനുള്ള സുപ്രധാന നീക്കമാണ് വിദേശ റിക്രൂട്ട്മെന്റ് എന്ന് എൻ എച്ച് എസ് ഇംഗ്ലണ്ട് നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി. മെച്ചപ്പെട്ട റിക്രൂട്ട്‌മെന്റിലൂടെ 2025 ഓടെ 50,000 നേഴ്‌സുമാർ എന്ന ലക്ഷ്യത്തിലെത്തുന്നതോടൊപ്പം 2028 -ഓടെ നേഴ്സിങ് ജോലി ഒഴിവ് നിരക്ക് 5% ആയി കുറയ്ക്കാനും പദ്ധതിയുണ്ട്. 2021 പകുതിയിൽ നേഴ്സിംഗ് ജോലിയിലെ കുറവ് പത്തു ശതമാനമാണ്. മുഴുവൻ സമയ ജോലി ചെയ്യാനുള്ളവരുടെ ഒഴിവ് ഇപ്പോൾ 39000 ത്തിൽ എത്തി നിൽക്കുന്നു.
അന്താരാഷ്ട്ര നേഴ്സ് റിക്രൂട്ട്മെന്റ് മാർക്കറ്റ് കൂടുതൽ മത്സരാധിഷ്ഠിതമാവുകയാണെന്നത് എൻ എച്ച് എസിനെ ആശങ്കയിലാക്കുന്നുണ്ട്. താരതമ്യേന ഇംഗ്ലണ്ടിലെ കുറഞ്ഞ ശമ്പള നിരക്ക് മറ്റ് രാജ്യങ്ങളിലേക്ക് നേഴ്സുമാരെ ആകർഷിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. വിദേശത്തുനിന്നുള്ള റിക്രൂട്ട്മെന്റ് ചിലവേറിയതാണ്. ഒരു നേഴ്സിന് ഏകദേശം 10,000 മുതൽ 12,000 പൗണ്ട് വരെ ചിലവാകും. അതേസമയം യുകെയിൽ പഠിച്ചിറങ്ങുന്ന ഒരു നേഴ്സിന് ചിലവാകുന്ന തുക കണക്കിലെടുത്താൽ 12000 പൗണ്ട് വലിയ സംഖ്യ അല്ലെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. സർക്കാർ കുറഞ്ഞത് 26,000 പൗണ്ടെങ്കിലും നേഴ്സുമാരെ പഠിപ്പിക്കാൻ ചിലവാക്കുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.

അപ്രന്റിസ്ഷിപ്പ് നേഴ്സ് ബിരുദങ്ങളും നേഴ്സിംഗ് കുറവ് പരിഹരിക്കാനുള്ള മാർഗമായി കണക്കാക്കുന്നില്ല. ഒഴിവുകൾ നികത്താൻ താൽക്കാലിക ജീവനക്കാരെ ഉപയോഗിക്കുന്നത് പ്രായോഗികമല്ല. അതിനാൽ തന്നെ ഇന്ത്യ, ഫിലിപ്പൈൻസ് പോലുള്ള രാജ്യങ്ങളിൽ നിന്ന് നേഴ്സുമാരെ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. യൂറോപ്യൻ യൂണിയന് (ഇയു) പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദേശ നേഴ്സുമാർ യുകെ പൗരന്മാരെക്കാൾ കൂടുതൽ കാലം എൻഎച്ച്എസിൽ ജോലി ചെയ്തിരുന്നതായി ഗവേഷകർ കണ്ടെത്തി.
ജീവിതനിലവാരം, തൊഴിൽ സാഹചര്യങ്ങൾ, തൊഴിൽ അവസരങ്ങൾ, ശമ്പളം എന്നിവ പ്രധാന ഘടകങ്ങളാണ്. യുകെയിൽ നേഴ്സുമാർക്കുള്ള ശമ്പളം 47,100 ഡോളറിന് തുല്യമാണ്. ഇത് ഓസ്‌ട്രേലിയയിലും ( $ 77,900) അമേരിക്കയിലും ($ 77,700) ലഭിക്കുന്നതിനേക്കാൾ വളരെ കുറവാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യുകെയിലെ നിശാപാർട്ടികളിൽ ഡ്രിങ്ക് സ്പൈക്കിംഗ് കേസുകൾ വർദ്ധിച്ചുവരുന്നതായി മലയാളംയുകെ റിപ്പോർട്ട് ചെയ്തിരുന്നു. നിരവധി യൂണിവേഴ്സിറ്റി ടൗണുകളിലെ വിദ്യാർത്ഥികൾ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാർട്ടികളിൽ മറ്റൊരാളുടെ സമ്മതമില്ലാതെ അവരുടെ പാനീയത്തിൽ ലഹരിമരുന്നോ മറ്റ് വസ്തുക്കളോ കലർത്തുന്ന പ്രവണത രാജ്യത്താകമാനം ഉയരുകയാണ്. വർദ്ധിച്ചുവരുന്ന ആക്രമണങ്ങളെ തുടർന്ന് പാർട്ടികൾ ബഹിഷ്കരിക്കാൻ വിദ്യാർത്ഥികൾ ആഹ്വാനം ചെയ്തു. ഗേൾസ് നൈറ്റ് ഇൻ എന്ന ക്യാംപെയ്ൻ ഗ്രൂപ്പാണ് ബഹിഷ്‌ക്കരണം സംഘടിപ്പിക്കുന്നത്. നിശാപാർട്ടികളിൽ നിന്നും നൈറ്റ്‌ക്ലബുകളിൽ നിന്നും വിട്ടുനിൽക്കാൻ അവർ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.

വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകുന്നതിനായി സെന്റ് ആൻഡ്രൂസ് സർവകലാശാല പുതിയ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു. സബീന നെസ്സയുടെയും സാറ എവറാഡിന്റെയും കൊലപാതകങ്ങളെത്തുടർന്ന് രാത്രിയിൽ സ്ത്രീകളുടെ സുരക്ഷയെ പറ്റി രാജ്യവ്യാപകമായ ആശങ്ക ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പാർട്ടികളിൽ പങ്കെടുക്കുന്നവരെ അവരുടെ സമ്മതം കൂടാതെ കുത്തിവയ്ക്കുന്ന രീതിയും ഉയർന്നിട്ടുണ്ട്.

നിങ്ങളുടെ ഡ്രിങ്കിൽ ലഹരിമരുന്ന് കലർത്തിയാൽ പെട്ടെന്നു തിരിച്ചറിയാൻ കഴിയില്ല. കലർത്താൻ ഉപയോഗിച്ചിരിക്കുന്ന മിശ്രിതം, അളവ്, നിങ്ങളുടെ ശരീര ഭാരം, കഴിച്ച മദ്യത്തിന്റെ അളവ് എന്നിവയെ ആശ്രയിച്ചാണ് ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാവുന്നത്. കൂടുതൽ ലഹരി കഴിച്ചപോലെയുള്ള തോന്നൽ, ബാലൻസ് നഷ്ടപ്പെടുന്നു, കാഴ്ച പ്രശ്നങ്ങൾ, ആശയക്കുഴപ്പം, ഓക്കാനം, ഛർദ്ദി, അബോധാവസ്ഥ എന്നീ ലക്ഷണങ്ങൾ കാണപ്പെട്ടാൽ നിങ്ങൾ ഡ്രിങ്ക് സ്പൈക്കിംഗിന് ഇരയായി എന്ന് കരുതാം. ഒപ്പമുള്ള വ്യക്തിയാണ് ഡ്രിങ്ക് സ്പൈക്കിംഗിന് ഇരയായതെങ്കിൽ അവരെ ഒറ്റയ്ക്കു വിടാതിരിക്കുക. ഒപ്പം തന്നെ ആ വ്യക്തി ഉടൻ തന്നെ മദ്യപാനം നിർത്തുന്നുവെന്ന് ഉറപ്പാക്കുക. അവസ്ഥ വഷളാകുകയാണെങ്കിൽ ഉടൻ തന്നെ ആംബുലൻസ് വിളിക്കേണ്ടതാണ്.