ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വിദ്യാർഥി വായ്പ തിരിച്ചടവിനുള്ള പുതിയ പദ്ധതികളുമായി സർക്കാർ. അടുത്ത വർഷം യൂണിവേഴ്സിറ്റി പഠനം ആരംഭിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ ലോൺ അടച്ചുതീർക്കാൻ സർക്കാർ 40 വർഷത്തെ സമയം നൽകും. നിലവിലെ സംവിധാനമനുസരിച്ച് 30 വർഷത്തിന് ശേഷം വായ്പകൾ എഴുതിത്തള്ളിയിരുന്നു. തിരിച്ചടവ് കാലവധി നീട്ടുന്നതുൾപ്പടെയുള്ള പല നടപടികൾക്കും സർക്കാർ തയ്യാറായിട്ടുണ്ട്. ഒരു സർവ്വകലാശാലയ്ക്ക് പ്രതിവർഷം ഒരു കോഴ്‌സിന് ഈടാക്കാവുന്ന പരമാവധി തുക, രണ്ട് വർഷത്തേക്ക് £9,250 ആയി മരവിപ്പിച്ചു. ഒപ്പം, പ്രതിവർഷം £25,000-ൽ കൂടുതൽ സമ്പാദിക്കുന്ന ബിരുദധാരികൾ അവരുടെ ലോൺ തിരിച്ചടച്ച് തുടങ്ങണം. നേരത്തെ 27,295 പൗണ്ട് സമ്പാദിക്കുമ്പോഴായിരുന്നു തിരിച്ചടവ് ആരംഭിക്കുന്നത്. 2022-23 അധ്യയന വർഷത്തിൽ പഠനം ആരംഭിക്കുന്ന ഇംഗ്ലണ്ടിലെ വിദ്യാർത്ഥികൾക്ക് ഇത് ബാധകമാണ്.

23% വിദ്യാർത്ഥികൾ മാത്രമാണ് അവരുടെ വായ്പ പൂർണ്ണമായും തിരിച്ചടച്ചതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ പുതിയ പദ്ധതി പ്രകാരം വായ്പയെടുക്കുന്നവരിൽ 52% പേരും ലോൺ അടച്ചുതീർക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. 2021 മാർച്ചിലെ കണക്ക് പ്രകാരം വിദ്യാർത്ഥി വായ്പകളിൽ 161 ബില്യൺ പൗണ്ട് തിരിച്ചടച്ചിട്ടില്ല. 2043 ഓടെ ഇത് 500 ബില്യൺ പൗണ്ടായി ഉയരുമെന്നാണ് പ്രവചനം. ഈ കടബാധ്യതയ്ക്ക് ഒരു പരിഹാരം കാണുകയാണ് സർക്കാർ. ഈ മാറ്റങ്ങൾ വിദ്യാർത്ഥികൾക്കും നികുതിദായകർക്കും ഗുണം ചെയ്യുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹാവി പറഞ്ഞു.

ഉയർന്ന വരുമാനമുള്ള ബിരുദധാരികൾ ഓരോ മാസവും കൂടുതൽ തുക തിരിച്ചടയ്ക്കുന്നതിനാൽ അവരുടെ കടം വേഗത്തിൽ തീരും. എന്നാൽ ഇടത്തരം വരുമാനമുള്ള ബിരുദധാരികൾ അവരുടെ ജീവിതത്തിന്റെ ഭൂരിഭാഗവും വായ്പ അടച്ചുതീർക്കാനായി കഷ്ടപ്പെടേണ്ടി വരും. തിരിച്ചടവ് കാലാവധി നീട്ടുന്ന സർക്കാർ തീരുമാന പ്രകാരം, 60 വയസ്സ് വരെ ലോൺ അടയ്‌ക്കേണ്ടി വരുമെന്ന് ചുരുക്കം. കുറഞ്ഞ വരുമാനമുള്ള ബിരുദധാരികളെ ഈ പദ്ധതി കൂടുതൽ ബാധിക്കുമെന്ന് ലേബർ പാർട്ടി ആരോപിച്ചു. പദ്ധതിക്കെതിരെ വിദ്യാർഥികളുടെ ഭാഗത്തുനിന്നും നിരവധി ആരോപണങ്ങൾ ഉയരുന്നുണ്ട്.