ന്യൂസ് ഡെസ്ക് മലയാളം യുകെ
നായയുടെ ആക്രമണത്തിൽ പത്തുവയസ്സുകാരൻ മരണപ്പെട്ടു. പെൻറിയോളിലെ കെയർഫില്ലിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്. ഉടൻതന്നെ വെൽഷ് ആംബുലൻസ് സർവീസ് വൈദ്യസഹായവുമായി സംഭവസ്ഥലത്ത് എത്തിയെങ്കിലും കുട്ടി മരിച്ചു. നായയെ പോലീസ് ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥർ പ്രദേശത്തെ തുടരുമെന്ന് ഗ്വെന്റ് പോലീസ് പറഞ്ഞു. വീടിനുള്ളിൽ വച്ചാണ് ആക്രമണം നടന്നതെന്ന് അയൽക്കാരിൽ ഒരാൾ പറഞ്ഞു.ഒരു വലിയ ഹൗസിംഗ് എസ്റ്റേറ്റിന്റെ നടുവിലുള്ള ഈ തെരുവിൽ രാത്രി മുതൽ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

ഉദ്യോഗസ്ഥർ കൂടുതൽ അന്വേഷണം നടത്തുമെന്നും സംഭവസ്ഥലത്ത് പോലീസ് തുടരുമെന്നും ചീഫ് സൂപ്രണ്ട് മാർക്ക് ഹോബ്രോ അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള ആശങ്കകൾ ഉണ്ടെങ്കിൽ ദയവായി തങ്ങളുമായി സംസാരിക്കണമെന്നും പരിഭ്രാന്തരാകരുതെന്നും അദ്ദേഹം പൊതുജനങ്ങളോട് പറഞ്ഞു. സംഭവത്തിൽ അതീവ ദുഃഖമുണ്ടെന്നും മരണപ്പെട്ട കൊച്ചു കുട്ടിയുടെ കുടുംബത്തിനോട് അനുശോചനം അറിയുക്കുന്നതായി സൗത്ത് വെയിൽസ് ഈസ്റ്റിനായുള്ള റീജിയണൽ എംഎസ്, നതാഷ അസ്ഗർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഗ്ലാസ്ഗോ : ഫോസിൽ ഇന്ധന വ്യവസായവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന 503 പേർ കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ടെന്ന് റിപ്പോർട്ട്. മറ്റു രാജ്യത്തിൽ നിന്നുള്ളതിനേക്കാൾ കൂടുതൽ പ്രതിനിധികളാണ് ഫോസിൽ ഇന്ധന വ്യവസായവുമായി ബന്ധപ്പെട്ട് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. പ്രതിനിധികളുടെ വിവരങ്ങൾ യുഎൻ നേരത്തെ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. ഇത് വിലയിരുത്തിയ ഗ്ലോബൽ വിറ്റ്‌നസിന്റെ പ്രവർത്തകർ , ഫോസിൽ ഇന്ധന വ്യവസായ ലോബികളെ ഉച്ചകോടിയിൽ നിന്ന് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഫോസില്‍ ഇന്ധന വ്യവസായം കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന കാര്‍ബണ്‍ പുറംതള്ളലില്‍ നിർണായക പങ്കു വഹിക്കുന്നു. ഇത് സംബന്ധിച്ച് ഗ്ലോബൽ വിറ്റ്‌നസ് വിശദീകരണം നൽകുകയുണ്ടായി. 25 വർഷത്തെ യുഎൻ കാലാവസ്ഥാ ഉച്ചകോടികൾ ഫലപ്രാപ്തിയിൽ എത്താത്തതിന്റെ പ്രധാന കാരണം ഇത്തരക്കാരാണെന്ന് അവർ തുറന്നടിച്ചു.

Cop26 ൽ ഏകദേശം 40,000 പേർ പങ്കെടുക്കുന്നുണ്ട്. യുഎൻ ഡേറ്റാ പ്രകാരം, ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാജ്യങ്ങളിൽ 479 പ്രതിനിധികളുള്ള ബ്രസീലാണ് ഏറ്റവും വലിയ സംഘം. യുകെയിൽ രജിസ്റ്റർ ചെയ്ത 230 പ്രതിനിധികളുണ്ട്. 100-ലധികം ഫോസിൽ ഇന്ധന കമ്പനികളും ഉച്ചകോടിയിൽ പങ്കെടുക്കുന്നു. പങ്കെടുക്കുന്നവരിൽ ഏറ്റവും വലിയ ഗ്രൂപ്പുകളിലൊന്ന് ഇന്റർനാഷണൽ എമിഷൻസ് ട്രേഡിംഗ് അസോസിയേഷൻ (IETA) ആണ്. ഇവരുടെ പ്രതിനിധികളായി 103 പേർ ചർച്ചയിൽ പങ്കെടുക്കുന്നു. നിരവധി പ്രമുഖ എണ്ണ കമ്പനികൾ ഇന്റർനാഷണൽ എമിഷൻസ് ട്രേഡിംഗ് അസോസിയേഷനെ പിന്തുണയ്ക്കുന്നുണ്ട്.

അതേസമയം, ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വ്യവസായങ്ങളെ ഇനി പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന് ഇരുപത് രാജ്യങ്ങൾ തീരുമാനിച്ചു. വളരെ വേഗം ഇല്ലതായിക്കൊണ്ടിരിക്കുന്ന പ്രകൃതിവിഭവങ്ങളായ ഫോസിൽ ഇന്ധനങ്ങൾ ഉപേക്ഷിക്കാനുളള നീക്കത്തിലേക്ക് കൂടുതൽ ലോകരാജ്യങ്ങൾ അടുക്കുകയാണ്. എണ്ണ പ്രകൃതി വാതക മേഖലയിൽ വലിയ മാറ്റം വരും. വിദേശരാജ്യങ്ങളിൽ ഒരു കാരണവശാലും ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്ന കമ്പനികൾക്കായി ഇനി മുതൽമുടക്കില്ലെന്ന നിർണ്ണായക തീരുമാനവും കൈകൊണ്ടു. അമേരിക്ക, ബ്രിട്ടൺ, കാനഡ, ഇറ്റലി, സ്വിറ്റ്‌സർലന്റ് തുടങ്ങിയ രാജ്യങ്ങൾ 2022ഓടെ കൽക്കരി മേഖലയിലെ മുതൽമുടക്ക് നിർത്തലാക്കാൻ തീരുമാനിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചു വിട്ട എൻഎച്ച്എസ് ജീവനക്കാരിയാണ് വൈകാരികമായ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതേ കാരണം കൊണ്ടുതന്നെ ഏകദേശം 60,000 കെയർഹോം ജീവനക്കാർക്കാണ് വ്യാഴാഴ്ചമുതൽ ജോലി നഷ്ടമാവുന്നത്. എല്ലാ കെയർ ഹോം ജീവനക്കാരും നവംബർ 11ന് മുൻപ് തന്നെ രണ്ടു ഡോസ് വാക്സിനുകളും സ്വീകരിക്കണമെന്ന ഗവൺമെൻറ് നിർദേശത്തെ തുടർന്നാണ് 36 കാരിയായ ലൂയിസ് അകേസ്റ്ററിന് എൻഎച്ച്എസ് കെയർ ഹോം ആൽഡേഴ്സൺ ഹൗസുമായുള്ള തൻെറ കരാർ അവസാനിപ്പിക്കേണ്ടി വന്നത്. വ്യക്തമായ മെഡിക്കൽ ഇളവുകൾ ഇല്ലാത്ത എല്ലാ കെയർ ഹോം ജീവനക്കാരും രണ്ട് ഡോസ് പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിക്കണമെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞിരുന്നു. അതേസമയം എൻഎച്ച്എസ് ജീവനക്കാർ അടുത്തവർഷം ഏപ്രിലിനുള്ളിൽ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണം.

ലൂയിസ് 14 വർഷമായി കെയർ മേഖലയിലാണ് ജോലി ചെയ്യുന്നത്. എന്നാൽ വാക്സിനേഷൻ സ്വീകരിക്കാൻ നിരസിച്ചത് മൂലം ജോലി ഉപേക്ഷിക്കാൻ അവർ നിർബന്ധിതരായി. തൻറെ ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടൂള്ള ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ് താൻ പരിചരിച്ചവരോടും സഹപ്രവർത്തകരോടും യാത്ര പറയുന്നത് എന്നും, ഇന്നത്തെ തൻെറ അവസാന ഷിഫ്റ്റ് പൂർത്തിയാക്കിയതിനുശേഷമുള്ള വിഡിയോയിൽ മിസ് അകേസ്റ്റർ പറഞ്ഞു. ഇത് തങ്ങളോടുള്ള കടുത്ത അനീതിയാണെന്നും സർക്കാരിൻറെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള നടപടി തനിക്ക് മനസിലാക്കാൻ സാധിക്കുന്നില്ലെന്നും, വൈകാതെ തന്നെ ഇതിൻറെ പാർശ്വഫലങ്ങൾ അവർ മനസിലാക്കുമെന്നും അതുവരെ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാൻ താൻ തയ്യാറല്ലെന്നും അവർ പറഞ്ഞു.
ഇംഗ്ലണ്ടിലെ കണക്കുകൾ പ്രകാരം ഏകദേശം 60,000 കെയർഹോം ജീവനക്കാരാണ് ഇതുവരെയും രണ്ട് ഡോസ് പ്രതിരോധകുത്തിവയ്പ്പുകൾ സ്വീകരിക്കാത്തതായിട്ടുള്ളത്. ഇവരിൽ പകുതിയിലേറെ പേരും ഒരു ഡോസ് വാക്സിൻ പോലും സ്വീകരിക്കാത്തവരാണ്. കെയർ വർക്കറായ ലൂയിസ് പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിക്കാൻ വിസമ്മതിച്ചെങ്കിലും തൻറെ ജോലിയുടെ ഭാഗമായി ആഴ്ചയിൽ മൂന്നു തവണയും അവർ കോവിഡ് പരിശോധന നടത്തുന്നുണ്ട്. പിപിഇ ഉപകരണങ്ങൾ ധരിക്കുകയും അണുബാധ നിയന്ത്രണവുമായി ബന്ധപ്പെട്ട എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുകയും ചെയ്യുന്നു.

കെയർ ഹോമിലെ താമസക്കാർക്കും അവരുടെ സന്ദർശകർക്കും വാക്സിൻ നിർബന്ധമാക്കാത്ത സാഹചര്യത്തിൽ സർക്കാരിൻെറ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള ഒരു നീക്കം അനാവശ്യമാണെന്ന് മിസ് അകേസ്റ്റർചൂണ്ടിക്കാട്ടി. ഭാവിയിൽ താൻ വാക്സിൻ സ്വീകരിക്കുമായിരിക്കാമെന്നും പക്ഷേ ഇപ്പോൾ വാക്സിൻ എടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ പറഞ്ഞു. നവംബർ 11 നകം ജോലി നഷ്ടപ്പെടുന്ന ഇംഗ്ലണ്ടിലെ 40,000 കെയർഹോം ജീവനക്കാരെ പ്രതിനിധീകരിച്ചാണ് താൻ സംസാരിക്കുന്നതെന്നും 36കാരിയായ ലൂയിസ് തൻെറ വീഡിയോയിൽ കൂട്ടിച്ചേർത്തു. വാക്സിൻ സ്വീകരിക്കുന്നതിലുള്ള തീരുമാനം എടുക്കുക എന്നത് തൻറെ മൗലിക അവകാശമാണെന്നും അതിനാൽ തന്നെ പ്രതിരോധകുത്തിവയ്പ്പുകൾ തിരസ്കരിച്ചതിനെ തുടർന്ന് താൻ ശിക്ഷിക്കപ്പെടാൻ അർഹയല്ലെന്നും അവർ പറഞ്ഞു. താൻ തനിച്ചല്ല തൻറെ അതേ അനുഭവം പങ്കുവയ്ക്കുന്ന നിരവധി പേർ ഉണ്ടെന്ന് അറിയുന്നതിൽ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
കെയർ ഹോമുകളിലെ “നോ ജാബ്, നോ ജോബ്” നയം ഗുണത്തേക്കാളേറെ ദോഷം ചെയ്യും എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഏകദേശം 60,000 ജീവനക്കാർക്കാണ് അടുത്ത ആഴ്ചയോടെ ജോലി നഷ്ടമാകുന്നത്. ഗവൺമെൻറിൻറെ ഈ നയം ജീവനക്കാർക്കിടയിൽ പ്രതിരോധകുത്തിവയ്‌പ്പുകൾ സ്വീകരിക്കുന്നതിന് വളരെ കുറച്ച് സ്വാധീനം മാത്രമാണ് ഉണ്ടാക്കിയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞവർഷം ഡിസംബർ മുതൽ ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കുന്നതിൽ എൻഎച്ച്എസ് ജീവനക്കാർക്ക് മുൻഗണന ലഭിച്ചിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പുരാവസ്തുക്കൾ തിരയുന്നതിനിടെ എൻഎച്ച്എസിലെ നേഴ്സായി ജോലിചെയ്യുന്ന ബഫി ബെയ്‌ലി മണ്ണിൽ എന്തോ ഉണ്ടെന്ന് സൂചിപ്പിക്കുന്ന സിഗ്നൽ ലഭിച്ചപ്പോൾ ഒരു പഴയ മോതിരമോ അല്ലെങ്കിൽ ആടിൻറെ ഇയർ ടാഗോ ആയിരിക്കും താൻ കണ്ടെത്തുന്നത് എന്നാണ് ആദ്യം കരുതിയത്. പക്ഷേ അഞ്ചിഞ്ച് മണ്ണ് കുഴിച്ചപ്പോൾ ലക്ഷക്കണക്കിന് പൗണ്ട് വിലമതിക്കുന്ന ചെറിയ കട്ടിയുള്ള സ്വർണ്ണ ബൈബിളാണ് കണ്ടെത്താനായത്.
വെറും 1.5 സെൻറീമീറ്റർ നീളവും 5 ഗ്രാം ഭാരവുമുള്ള ഈ ബൈബിളിൽ അന്ത്യോക്യയിലെ വിശുദ്ധ മാർഗരറ്റ് ഉൾപ്പെടെയുള്ള വിശുദ്ധരുടെ രൂപങ്ങൾ കൊത്തി വെച്ചിട്ടുണ്ട്. 1992-ൽ 2.5 മില്യൺ പൗണ്ടിന് വിറ്റുപോയ ഒരു മെറ്റൽ ഡിറ്റക്‌ടറിസ്റ്റ് കണ്ടെത്തിയ സ്വർണ്ണ പെൻഡന്റായ ‘മിഡിൽഹാം ജുവെല്ലുമായി ഇതിന് ബന്ധമുണ്ടെന്നാണ് വിദഗ്ധർ കരുതുന്നത്. റിച്ചാർഡ് മൂന്നാമൻ രാജാവിൻറെ ബാല്യകാല വസതിക്ക് സമീപം കണ്ടെത്തിയ ഈ ആഭരണത്തിൽ ബൈബിളിൽ കണ്ടെത്തിയതിന് സമാനമായ കൊത്തു പണികൾ ഉണ്ടായിരുന്നു. ഇത് രണ്ടും ഒരു വ്യക്തി തന്നെ കൊത്തി ഉണ്ടാക്കിയതാകാം എന്ന സംശയം വിദഗ്‌ധർ ചൂണ്ടിക്കാട്ടി.

ആ കാലഘട്ടത്തിൽ പ്രഭുക്കന്മാർക്കുമാത്രമേ സ്വർണ്ണം കൈവശം വയ്ക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളു. അതിനാൽ ഈ വസ്തുക്കളുടെ ഉടമ ഉയർന്ന പദവിയിലുള്ള, ഒരുപക്ഷേ രാജകീയ പദവിയിലുള്ള ആരെങ്കിലുമായിരിക്കാം എന്ന് കരുതപ്പെടുന്നു. പ്രസവ സമയത്ത് സ്ത്രീകളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള കൊത്തുപണികൾ ആയതിനാൽ ഗർഭിണിയായ ആരെങ്കിലുമായിരിക്കണം ഇതിൻറെ ഉടമ എന്ന അഭിപ്രായവുമുണ്ട്.
48 കാരിയായ ബഫി തൻെറ ഭർത്താവിനോടൊപ്പം യോർക്കിലേക്ക് യാത്ര നടത്തിയപ്പോഴാണ് ഈ സ്വർണ്ണ ബൈബിൾ കണ്ടെത്തിയത്. നോർത്ത് യോർക്ക്ഷെയറിലെ ഷെരീഫ് ഹട്ടൺ കാസിലിന് സമീപമാണ് ഈ സ്വർണ്ണ ബൈബിൾ കണ്ടെത്തിയത്. ഇത് പലപ്പോഴായി ഈ പ്രദേശത്ത് സമയം ചിലവഴിച്ചതായി കരുതപ്പെടുന്ന റിച്ചാർഡ് മൂന്നാമൻ രാജാവിൻറെ ഉടമസ്ഥതയിലുള്ള മറ്റൊരു സ്വത്തായിരിക്കാം എന്നാണ് അനുമാനം. സമ്പന്നമായ ചരിത്രമുള്ളതിനാലാണ് ഈ പ്രദേശം തെരഞ്ഞെടുത്തത് എന്നു ബഫി പറഞ്ഞു. ബഫിയുടെ ഈ കണ്ടെത്തൽ അന്താരാഷ്ട്ര പ്രാധാന്യം ഉള്ളതാണ്.
ഡിറ്റക്റിൽ നിന്ന് സിഗ്നൽ ലഭിച്ചതിനെത്തുടർന്ന് ആ സ്ഥലത്തെ മണ്ണ് പരിശോധിച്ചപ്പോൾ അത് മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് മനസ്സിലായെന്നും പക്ഷേ സ്വർണ്ണ ബൈബിൾ കണ്ടെത്തിയപ്പോൾ അത് ഏതെങ്കിലും ഒരു ഗിഫ്റ്റ് ഷോപ്പിൽ നിന്നുള്ള വസ്തുവായിരിക്കും എന്നാണ് താൻ ആദ്യം കരുതിയത് എന്നും പിന്നീട് ഫോണിൽ ഫോട്ടോ എടുത്ത് പരിശോധിച്ചപ്പോഴാണ് അത് സ്വർണമാണെന്ന് മനസ്സിലായതെന്നും മിസ്സിസ് ബെയ്‌ലി പറഞ്ഞു. സ്വർണ്ണ ബൈബിളിന് ഭാരവും തിളക്കവും ഉണ്ടായിരുന്നു. ലങ്കാസ്റ്ററിൽ നിന്നുള്ള മിസ്സിസ് ബെയ്‌ലി ഈ പുസ്തകം റിച്ചാർഡ് III സൊസൈറ്റിക്ക് കാണിച്ചുകൊടുത്തു, ഇത് നിലവിൽ യോർക്ക്ഷെയർ മ്യൂസിയത്തിലാണ്.

മിസ്സിസ് ബെയ്‌ലിയുടെ ഈ കണ്ടെത്തൽ അന്താരാഷ്ട്ര പ്രാധാന്യമുള്ളതെന്നാണ് മ്യൂസിയം വിശേഷിപ്പിച്ചത്. ലോകമെമ്പാടുമുള്ള വിദഗ്ധർ അത് നേരിൽ കാണാൻ താല്പര്യപ്പെടുന്നുണ്ടെന്നും 59 കാരനായ ബെയ്‌ലി പറഞ്ഞു. പുസ്തകത്തിലുള്ള കൊത്തുപണികൾ തീർച്ചയായും ശിശുജനനത്തിന്റെ സംരക്ഷകരായ സെന്റ് ലിയോനാർഡിന്റെയും സെന്റ് മാർഗരറ്റിന്റെയും ആണെന്നും അവർ കൂട്ടിച്ചേർത്തു. 1400 കളിൽ ഏകദേശം 40 ശതമാനം മുതൽ 60 ശതമാനം വരെയുള്ള സ്ത്രീകൾ പ്രസവസമയത്ത് മരിച്ചിരുന്നു. അതിനാൽ തന്നെ ഈ വസ്തുവിൻറെ ഉടമ ഇതിനെ ഒരുതരത്തിലുള്ള സംരക്ഷണമായി കരുതിയിരിക്കാം.
ഇതിൻറെ ഉടമസ്ഥർ അവിശ്വസനീയമായ വിധം സമ്പന്നർ ആയിരിക്കണമെന്നും കണ്ടെത്തിയ ബൈബിളിന് 100,000 പൗണ്ടോ അതിലധികമോ വില വരുമെന്നും ബഫി ബെയ്‌ലി പറഞ്ഞു. അപൂർവ്വ നിധിയിൽ വിദഗ്ധനും ട്രഷർ ഹണ്ടിംഗ് മാസികയുടെ എഡിറ്ററുമായ ജൂലിയൻ ഇവാൻ-ഹാർട്ട് ഇതിനെ ‘അസാധാരണവും അതുല്യവുമായ’ ഒരു പുരാവസ്തുവായാണ് വിശേഷിപ്പിച്ചത്. പ്രഭുക്കന്മാർക്ക് അല്ലാതെ മറ്റാർക്കും സ്വർണം കൈവശം വയ്ക്കുവാൻ സാധിക്കാത്ത 1280-നും 1410-നും ഇടയിലാണ് പുസ്തകത്തിൻറെ ഉത്ഭവം എന്നാണ് കരുതുന്നത്. റിച്ചാർഡ് III സൊസൈറ്റിയിലെ സ്പെഷ്യലിസ്റ്റായ മാറ്റ് ലൂയിസ് പുസ്തകം കണ്ട് നഷ്ടപ്പെടാൻ കഴിയാത്തത്ര വിലപ്പെട്ട ഒരു വസ്തുവാണ് ഇതെന്നും അതിനാൽ തന്നെ മതപരമായ ചിത്രങ്ങൾ നിയമവിരുദ്ധമാക്കിയപ്പോൾ നവീകരണത്തിൻെറ സമയത്ത് ഉടമകൾ ഭാവിയിലേയ്ക്കായി സംസ്കരിച്ചതായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഹാരിയറ്റ് വെയർ-ഓസ്റ്റിന്റെ ഓർമ്മകൾ ഇപ്പോഴും 1972 ഏപ്രിൽ 18 ൽ നിശ്ചലമായി നിൽക്കുകയാണ്. തന്റെ ജീവിതം കീഴ്മേൽ മാറ്റിമറിച്ച, ദുഃഖങ്ങൾ മാത്രം ബാക്കിയായ ആ പകലിലേയ്ക്കും അന്നുയർന്ന കറുത്ത പുകയിലേയ്ക്കും ഹാരിയറ്റിന്റെ ഓർമകൾ തിരികെനടക്കും. കണ്മുന്നിൽ ഉണ്ടായ വിമാനാപകടത്തിൽ തന്റെ രണ്ട് മൂത്ത സഹോദരിമാരെ നഷ്ടപ്പെട്ട ഹാരിയറ്റ്, അമ്പത് വർഷങ്ങൾക്കിപ്പുറവും നീറുന്ന മനസോടെയാണ് ജീവിക്കുന്നത്. സ്വന്തം സഹോദരിമാരുടെ മരണത്തിനു സാക്ഷിയാകേണ്ടി വന്ന എട്ടു വയസുകാരിയുടെ മാനസികാവസ്ഥ ഭീകരമാണ്. തന്റെ ജീവിതത്തെ മാറ്റിമറിച്ച അപകടം ബിബിസി റേഡിയോയിലൂടെയാണ് ഹാരിയറ്റ് വെയർ-ഓസ്റ്റിൻ തുറന്നു പറഞ്ഞത്.

1972 ഏപ്രിലിൽ എത്യോപ്യയിലെ അഡിസ് അബാബ എയർപോർട്ടിലെ ഓപ്പൺ എയർ പ്ലാറ്റ്‌ഫോമിൽ മാതാപിതാക്കളോടൊപ്പം നിൽക്കുകയായിരുന്നു ഹാരിയറ്റ്. ഈസ്റ്റർ അവധിക്ക് ശേഷം ഹാരിയറ്റിന്റെ സഹോദരിമാരായ കരോളിനും(12) ജെയ്നും(14) തിരികെ ഇംഗ്ലണ്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഹാരിയറ്റിന് അന്ന് എട്ടു വയസാണ് പ്രായം. മാതാപിതാക്കളോടും സഹോദരിയോടും യാത്ര പറഞ്ഞു വിമാനത്തിൽ കയറിയ കരോളിനും ജെയ്നും പിന്നെ തിരിച്ചു വന്നിട്ടില്ല. റൺവേയിൽ നിന്ന് മുകളിലേക്കുയർന്ന വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്നു. പിന്നീടുയർന്ന കറുത്ത വലിയ പുകയാണ് ഇപ്പോഴും ഹാരിയറ്റിന്റെ മനസ്സിൽ.

ജെയ്ൻ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ കരോളിനെ യുകെയിലേക്ക് കൊണ്ടുവന്നെങ്കിലും നാല് ദിവസത്തിന് ശേഷം അവളും മരണത്തിന് കീഴടങ്ങി. 1972 ഏപ്രിൽ 18-ന് അഡിസ് അബാബ വിമാനത്താവളത്തിൽ നിന്നുയർന്ന ഈസ്റ്റ് ആഫ്രിക്കൻ എയർലൈൻസ് വിസി 10 തകർന്നുവീണ് 107 യാത്രക്കാരിൽ 43 പേരാണ് കൊല്ലപ്പെട്ടത്. അതിൽ തന്റെ സഹോദരിമാരും ഉൾപ്പെടുന്നുവെന്ന് പറയുമ്പോൾ ഹാരിയറ്റിന്റെ കണ്ണുകൾ നിറയും. റേഡിയോ പ്രോഗ്രാം പ്രക്ഷേപണം ചെയ്തതുമുതൽ, ലോകമെമ്പാടുമുള്ള 200-ലധികം ആളുകൾ ഹാരിയറ്റിനെ ബന്ധപ്പെട്ടു. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും രക്ഷപ്പെട്ടവരും ഇപ്പോൾ എങ്ങനെ കഴിയുന്നുവെന്ന് അറിയാൻ ഹാരിയറ്റിന് താല്പര്യം ഉണ്ടായിരുന്നു. ആ ലക്ഷ്യത്തോടെയാണ് തന്റെ അനുഭവം ബിബിസിയുമായി പങ്കുവെക്കാൻ അവൾ തയ്യാറായത്.

അതിനുപിന്നാലെ, പ്രിയപ്പെട്ടവരുടെ മരണം സൃഷ്ടിച്ച ആഘാതം വിവരിച്ചുകൊണ്ട് ധാരാളം പേർ ഹാരിയറ്റിന് കത്തെഴുതി. റേഡിയോയിൽ ഹാരിയറ്റിന്റെ ശബ്ദം കേട്ടതിന് ശേഷം, മരിച്ചുപോയ തന്റെ പിതാവിനെ ഓർത്തു പൊട്ടിക്കരഞ്ഞതായി ഒരു സ്ത്രീ വെളിപ്പെടുത്തി. വിമാന ദുരന്തത്തിന്റെ തീവ്രത ഹാരിയറ്റിന്റെ വിവരണത്തിലൂടെയാണ് വ്യക്തമായതെന്ന് ചിലർ പറഞ്ഞു. എല്ലാ സന്ദേശങ്ങളും ഹാരിയറ്റിനെ ആഴത്തിൽ സ്പർശിച്ചു. അനുഭവങ്ങൾ അറിയിച്ചതിന് നന്ദിയുണ്ടെന്നറിയിച്ച ഹാരിയറ്റ്, സഹോദരിമാരുടെ ഓർമ്മകളിലേക്ക് തന്നെ കൂട്ടിച്ചേർക്കുന്ന കണ്ണിയാണ് ഇവ ഓരോന്നും എന്ന് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- വീക്കെന്റിൽ തന്റെ കോൺസ്റ്റിട്യൂൻസിയിൽ വെച്ച് തനിക്ക് ബൈക്ക് അപകടം ഉണ്ടായതായും ഓപ്പറേഷൻ വേണ്ടി വന്നതായും വെളിപ്പെടുത്തിയിരിക്കുകയാണ് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ്. ഹെൽമെറ്റ് ധരിച്ചിരുന്നതിനാലാണ് കൂടുതൽ അപകടം ഒഴിവായതെന്ന് അദ്ദേഹം പറഞ്ഞു. ഹെർട്ട്ഫോർഡ്ഷെയറിലെ വെൽവിൻ ഹാറ്റ്ഫീൽഡിൽ നിന്നുള്ള കൺസർവേറ്റീവ് പാർട്ടിയിലെ എംപിയായ ഇദ്ദേഹത്തിനു ചുണ്ടിന് സർജറി ആവശ്യമായും വന്നു. മികച്ച എൻ എച്ച് എസ് സ്റ്റാഫുകളുടെ പരിചരണം മൂലമാണ് താൻ പെട്ടെന്ന് സുഖം പ്രാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. വെൽവിൻ ഗാർഡൻ സിറ്റിയിലെ ക്വീൻ എലിസബത്ത് 2 ജൂബിലി ഹോസ്പിറ്റലിലും, ലിസ്റ്റർ ആശുപത്രിയിലും ആയിരുന്നു അദ്ദേഹം ചികിത്സതേടിയത്.

തന്റെ ഓപ്പറേഷൻ വളരെ മികച്ചതായി തന്നെ നടന്നുവെന്നും, എല്ലാ എൻ എച്ച് എസ് സ്റ്റാഫുകളോടുമുള്ള നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഹെൽമെറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഉയർത്തിക്കാട്ടി. അദ്ദേഹം വളരെ വേഗം സുഖം പ്രാപിക്കട്ടെ എന്ന പ്രാർത്ഥനയും ആശംസയും നിരവധിപ്പേർ സോഷ്യൽ മീഡിയകളിൽ രേഖപ്പെടുത്തി. ലേബർ പാർട്ടി എം പി കാൾ ടർണർ ഉൾപ്പെടെ ഉള്ള പ്രമുഖരും ഇതിലുൾപ്പെടുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വാൽസൽ റീട്ടെയിൽ പാർക്കിലെ സന്ദർശകരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടു കുട്ടികളെ അറസ്റ്റ് ചെയ്തു. വണ്ടി തടഞ്ഞ് അത് കൈയ്യേറാൻ ശ്രമിച്ചതായി വാൽസൽ റീട്ടെയിൽ പാർക്കിലെ ഒരു വാഹനയാത്രികൻ വെസ്റ്റ്‌ലാൻഡ് പോലീസിനോട് പരാതിപ്പെട്ടിരുന്നു. പിന്നീട് പോലീസിൻറെ കണ്ടെത്തലിൽ ഒരു കളി തോക്കും കറുത്തചായം പൂശിയ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തിയും കണ്ടെടുത്തു.
പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള രണ്ട് ആൺകുട്ടികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാവിലെ പത്തുമണിക്ക് ശേഷം വാഹനങ്ങൾക്ക് നേരെ കല്ലേറും ജീവനക്കാർക്കെതിരെ ഭീഷണിയും ഉണ്ടായതായി . ആൺകുട്ടികളിൽ ഒരാളിൽ കൈവശം കളി തോക്കും മറ്റൊരാളുടെ കയ്യിൽ കത്തിയും കണ്ടെത്തിയതിനാലാണ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്.

കുട്ടികളുടെ മാതാപിതാക്കളോട് സംസാരിക്കുമെന്നും ഇത് ലോക്കൽ അതോറിറ്റിയുടെ ചിൽഡ്രൻസ് സേവനങ്ങളിലേയ്ക്ക് റഫർ ചെയ്യുമെന്നും സേന അറിയിച്ചു. കേസിലുൾപ്പെട്ട കുട്ടികളുടെ പ്രായം കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനമെന്നും സർജൻറ് ബെൻ ഡോലൻ പറഞ്ഞു. ആളുകൾക്ക് നേരെ വ്യാജ തോക്കുചൂണ്ടിയത് ഒരുതരം കളിയായി മാത്രമായിരിക്കും കുട്ടികൾക്ക് തോന്നിയത്, പക്ഷേ ഇത് ജനങ്ങളിൽ വൻ ആശങ്കയാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യുകെയിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന ആളുകളുടെ എണ്ണം വർദ്ധിക്കുകയാണ്. സഹായം തേടാനായി പലരും കൗൺസിലിംഗ് സേവനങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. എന്നാൽ ഓൺലൈനിൽ ചികിത്സ നൽകുന്ന പല തെറാപ്പിസ്റ്റുകളും അതിന് യോഗ്യരല്ലെന്നും അവർ രോഗികളെ ചൂഷണം ചെയ്യുകയാണെന്നുമുള്ള വാർത്ത പുറത്തുവന്നു. മെന്റൽ ഹെൽത്ത് ചാരിറ്റി മൈൻഡിന്റെ കണക്കുകൾ പ്രകാരം, നിലവിൽ 16 ലക്ഷം ആളുകൾ മാനസികാരോഗ്യ ചികിത്സയ്ക്കായി കാത്തിരിക്കുകയാണ്. കൃത്യമായ യോഗ്യതയോ പരിശീലനമോ കൂടാതെ ‘തെറാപ്പിസ്റ്റ് ‘ എന്ന പേര് എടുത്തണിയുന്നവരാണ് ഏറെയും.

മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്ന ജനങ്ങളിൽ അവബോധമുണ്ടാക്കേണ്ടത് അത്യാവശ്യമാണെന്ന് ബ്രിട്ടീഷ് അസോസിയേഷൻ ഫോർ കൗൺസിലിംഗ് ആൻഡ് സൈക്കോതെറാപ്പി (BACP) വ്യക്തമാക്കി. സ്വകാര്യമായി ചികിത്സ തേടുകയാണെങ്കിൽ, യുകെ കൗൺസിൽ ഫോർ സൈക്കോതെറാപ്പി, ബ്രിട്ടീഷ് അസോസിയേഷൻ ഫോർ കൗൺസിലിംഗ് ആൻഡ് സൈക്കോതെറാപ്പി പോലുള്ള പ്രൊഫഷണൽ ബോഡിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തെറാപ്പിസ്റ്റുകളെ സമീപിക്കണമെന്ന് പ്രൊഫഷണൽ സ്റ്റാൻഡേർഡ് മേധാവി കരോലിൻ ജെസ്പർ അറിയിച്ചു. തെറാപ്പിസ്റ്റുകൾ ശരിയായ യോഗ്യതയുള്ളവരാണെന്ന് ഉറപ്പാക്കേണ്ടത് രോഗികളാണ്. തെറാപ്പിസ്റ്റിന്റെ യോഗ്യതയെയും അനുഭവത്തെയും കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കാവുന്നതാണ്. സുരക്ഷിതവും വിശ്വാസയോഗ്യവുമായ ചികിത്സാ ബന്ധം സൃഷ്ടിക്കുന്നത് വളരെ പ്രധാനമാണെന്ന് ജെസ്പർ വിശദമാക്കി.

ഇൻസ്റ്റാഗ്രാം വഴിയും മറ്റ് സമൂഹ മാധ്യമങ്ങൾ വഴിയും ഇത്തരം വ്യാജ തെറാപ്പിസ്റ്റുകൾ ധാരാളം രോഗികളെ ചൂഷണം ചെയ്യുന്നുണ്ട്. ഫോണിലൂടെ പല രീതിയിലാണ് ചികിത്സ നടത്തുന്നത്. 15 മിനിറ്റുള്ള പ്രാരംഭ സെഷന് 200 പൗണ്ട് ആണ് ഈടാക്കുന്നത്. 50 മിനിറ്റ് ദൈർഘ്യമുള്ള ആറ് ഫോൺ സെഷനുകൾക്കായി 1,200 പൗണ്ട് ഈടാക്കി. യൂണിവേഴ്സിറ്റി വിദ്യാർത്ഥി ആയിരിക്കെ മാനസിക പ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് ഓൺലൈനിൽ ചികിത്സ തേടിയ ജേക്ക് എന്ന യുവാവാണ് ഇത് വെളിപ്പെടുത്തിയത്. ആദ്യത്തെ രണ്ട് സെഷനുകൾ മികച്ചതായിരുന്നുവെങ്കിലും പിന്നീടുള്ള സെഷനുകൾ 20 മിനിറ്റാക്കി വെട്ടിച്ചുരുക്കി. ഇതിലൂടെ താൻ വഞ്ചിക്കപ്പെട്ടെന്നും പണം നഷ്ടമായെന്നും ജേക്ക് വെളിപ്പെടുത്തി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സാധാരണയായി പലരിലും അനാവശ്യ ഉത്കണ് ഠ മൂലം ഉണ്ടാകുന്നുവെന്ന് കരുതുന്ന ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) -നെ വിശദീകരിക്കാൻ ജീനുകൾ കൊണ്ട് കഴിഞ്ഞേക്കാം എന്ന് ഗവേഷകർ. തങ്ങളുടെ കണ്ടെത്തൽ ഐബിഎസിനെ ഒരു വൈകാരിക അവസ്ഥയായി തെറ്റായി വ്യാഖ്യാനിക്കുന്നതു തടയും എന്ന്കരുതുന്നതായും അവർ പറഞ്ഞു. ഐബിഎസ് ഉള്ള ഏകദേശം അമ്പതിനായിരത്തിലധികം ആളുകളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഇവരുടെ ഡിഎൻഎ സാധാരണ ആളുകളുടെ ഡിഎൻഎയുമായി താരതമ്യം ചെയ്തത്. നേച്ചർ ജെനറ്റിക്‌സ് ജേണലിലാണ് ഗവേഷണത്തിൻെറ ഫലങ്ങൾ പ്രസിദ്ധീകരിച്ചത് .ഐബിഎസ് 10 ആളുകളിൽ ഒരാൾക്കെങ്കിലും ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഇത് വയറുവേദനയ് ക്കോ വയറിളക്കത്തിനോ കാരണമാകും.

സ്ത്രീകളിലാണ് പുരുഷൻമാരേക്കാൾ കൂടുതലായി ഇത് കാണുന്നത്. 20 നും 40 നും ഇടയിൽ പ്രായമുള്ളവരിലാണ് ഇത് സാധാരണയായി കാണുന്നത്. ഐബിഎസിനെപ്പറ്റി ഇപ്പോഴും ചില ഡോക്ടർമാർ പോലും ശരിയായി മനസ്സിലാക്കിയിട്ടില്ലെന്നും സൈക്കോസോമാറ്റിക് എന്ന അവസ്ഥയായി ഇതിനെ തെറ്റായി തരം തിരിക്കുന്നവരാണ് കൂടുതലെന്നും ജീൻ ഗവേഷണത്തിന് നേതൃത്വം നൽകിയ കേംബ്രിഡ്ജിലെ അഡൻബ്രൂക്ക്സ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് പ്രൊഫ മൈൽസ് പാർക്ക്സ് പറഞ്ഞു.
ഉടലും മനസ്സും തമ്മിലുള്ള ബന്ധം ഭാഗികമായെങ്കിലും വിശദീകരിക്കാൻ കഴിയുന്ന ആറ് വ്യത്യസ്ത ജീനുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പ്രൊഫ മൈൽസ് പാർക്ക്സ് പറഞ്ഞു. ഫലം അനുസരിച്ച് ഐബിഎസ് പാരമ്പര്യം മൂലം വരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് കണ്ടെത്തിയത്.

ആറ് ജനിതക മാറ്റങ്ങൾ വന്ന ജീനുകൾ ഐബിഎസ് ഉള്ള ആളുകളിൽ എല്ലാം തന്നെ പൊതുവായി കാണുവാൻ സാധിച്ചു. ഈ ജീനുകളിൽ ഭൂരിഭാഗവും തലച്ചോറുമായോ കുടലുമായോ അല്ലെങ്കിൽ കുടലിലെ ഞരമ്പുകളുമായോ ബന്ധം ഉള്ളവയാണ്. ഐബിസിൻറെ ഈ ജീനുകൾ വിഷാദം ന്യൂറോട്ടിസിസം, ഉറക്കമില്ലായ്മ, ഉൽക്കണ്ഠ തുടങ്ങിയവയ്ക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. അതിനാൽ തന്നെ ഉൽക്കണ്ഠ ഐബിഎസിൻെറ ലക്ഷണങ്ങൾക്ക് കാരണമാകുന്നില്ലെന്ന് പ്രൊഫസർ പാർക്ക്സ് പറഞ്ഞു. ഈ കണ്ടെത്തൽ ഐബിഎസിൻെറ പരിശോധനകളെയും ചികിത്സയെയും സഹായിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേംബ്രിഡ്ജിൽ നിന്നുള്ള 34 വയസ്സുള്ള ലോറ ടെബ്‌സിന് ഐബിഎസ് മൂലം വിഷാദം അനുഭവിച്ചിട്ടുണ്ട്. തനിക്ക് വർഷങ്ങളായി വിഷാദം ഉണ്ടായിരുന്നെന്നും അതിനാൽ തന്നെ ആ അവസ്ഥയിൽ ഉള്ള ജീവിതം എത്ര ഭയാനകം ആണെന്ന് തനിക്കറിയാമെന്നും ജനുവരിയിൽ കോവിഡ് പിടിപ്പെട്ടതിനുശേഷമാണ് തനിക്ക് ഐബിഎസ് ആരംഭിച്ചതെന്നും അവർ പറഞ്ഞു. മറ്റുള്ളവർക്ക് തങ്ങളുടെ പ്രയാസങ്ങൾ മനസ്സിലാക്കാൻ സാധിക്കില്ലെന്നും ഐബിഎസ് ഉള്ള ഒരാളുടെ ജീവിതം വെല്ലുവിളി നിറഞ്ഞതാണെന്നും അവർ കൂട്ടിച്ചേർത്തു . ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും സ്ഥിരമായി കഠിന വേദന ഉണ്ടാവും. സാധാരണയായിധരിച്ചിരുന്ന ട്രൗസറുകളോ ജീൻസോ ഒന്നുംതന്നെ ധരിക്കാൻ കഴിഞ്ഞിരുന്നില്ല പകരം ലഗിൻസ് ആണ് ധരിച്ചിരുന്നത്. പ്രൊഫസർ പാർക്ക്സിൻെറ പരിചരണത്തിലാണ് തൻറെ അവസ്ഥ മെച്ചപ്പെട്ടതെന്നും അവർ വ്യക്തമാക്കി .
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡിൻെറ നാലാം തരംഗത്തെ മറികടക്കാനുള്ള ഗവൺമെന്റിന്റെ ശ്രമത്തിൻെറ ഭാഗമായി ഫ്ലൂ കുത്തിവയ്പ്പുകൾക്കൊപ്പം തന്നെ കോവിഡ് ബൂസ്റ്റർ വാക്സിൻ നൽകാൻ ശ്രമം. 50 വയസ്സിനു മുകളിലുള്ളവർക്കും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും അവരുടെ രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ആറ് മാസം മുതൽ ബൂസ്റ്റർ വാക്സിൻ സ്വീകരിക്കാനാകും. സൗജന്യ ഫ്ലൂ കുത്തിവയ്പ്പുകൾക്ക് അർഹരായ ദശലക്ഷക്കണക്കിന് ആളുകൾക്ക് ബൂസ്റ്റർ വാക്സിനുകളും കൂടി നൽകാനാണ് ആരോഗ്യ മേധാവികൾ ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇതിൽ നേരിയ തോതിൽ ആസ്മ ഉള്ളവരും ഉൾപ്പെടും.

കോവിഡിൻെറ നാലാം തരംഗം കാനഡയിലും ഈജിപ്തിലും ഉണ്ടാക്കിയ ആഘാതത്തെ പറ്റിയുള്ള വാർത്തകൾ കടുത്ത ഞെട്ടലാണ് ലോകമാകെ സൃഷ്ടിച്ചിരിക്കുന്നത്. ജനങ്ങളിൽ ഇത്തരത്തിലുള്ള വാർത്തകൾ ഭയം ഉണ്ടാക്കുന്നതാണെന്നും നാലാം തരംഗം ഈജിപ്തിനെ ശക്തമായി ബാധിച്ചു എന്നും ജർമനി മറ്റൊരു തരംഗത്തിൻെറ ഭീഷണിയിലാണെന്നും എന്നാൽ യുകെയിലെ ജനങ്ങളിൽ ഭൂരിഭാഗവും വാക്സിൻ സ്വീകരിച്ചിട്ടുള്ളതിനാൽ തന്നെ ഏതുവിധേനയും ഫ്ലൂ കുത്തിവയ്പുകൾക്കായി വരുന്ന ബൂസ്റ്റർ വാക്സിന് യോഗ്യരായ ആളുകൾക്ക് അവ നൽകണം എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ക്രിസ്മസ് കാലയളവിൽ ഉണ്ടാകാൻ സാധ്യതയുള്ള കോവിഡ് രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനവ് നിയന്ത്രിക്കാൻ ജനങ്ങൾ വാക്സിനേഷൻ സ്വീകരിക്കുകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസ്ട്രാസെനെക്ക വാക്സിൻെറ രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസത്തിനുശേഷം കോവിഡ് വൈറസിനെതിരെയുള്ള സംരക്ഷണം 45% ആയി കുറഞ്ഞതായും ഫൈസർ വാക്സിൻ സ്വീകരിച്ചവരിൽ 65% ആയി കുറഞ്ഞതായുമുള്ള കണക്കുകൾ ഒരു പഠനത്തിൽ കാണാൻ സാധിച്ചിരുന്നു. ബൂസ്റ്റർ വാക്സിൻ സ്വീകരിക്കുന്നത് വഴി 95.6% സംരക്ഷണം പുനഃസ്ഥാപിക്കപ്പെടുന്നുവെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.

ഉയർന്ന അപകടസാധ്യതയുള്ളവർക്ക് ആറു മാസത്തിനു മുമ്പ് തന്നെ ബൂസ്റ്റർ വാക്സിനുകൾ ലഭിക്കും. അതിനാൽതന്നെ പലർക്കും ഫ്ലൂ കുത്തിവയ്പ്പുകളും കോവിഡ് പ്രതിരോധകുത്തിവയ്പുകളും ഒരുമിച്ച് സ്വീകരിക്കാനാവും. വിവിധ ഫാർമസികളിൽ പ്രതിരോധകുത്തിവയ്‌പ്പുകൾ സ്വീകരിക്കാനായി ഇപ്പോൾ വോക്-ഇൻ സൗകര്യങ്ങളും ലഭ്യമാണ്. എൻഎച്ച്എസിൻെറ വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ 119 എന്ന നമ്പറിൽ വിളിച്ചോ നിങ്ങൾക്ക് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. ഔദ്യോഗിക കണക്കനുസരിച്ച് 50 വയസ്സിനു മുകളിലുള്ള അഞ്ചിൽ രണ്ട് പേർ ഇതുവരെയും ടോപ്അപ്പ് ഡോസുകൾ സ്വീകരിക്കാത്തവരാണ്. ബൂസ്റ്റർ വാക്സിനുകൾക്ക് യോഗ്യരായ എല്ലാവരും ഉടനെ തന്നെ അവ സ്വീകരിക്കണമെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.