ബേസിൽ ജോസഫ്

“ആയിരം കോഴിക്ക് അര കാട ” എന്നാണ് ചൊല്ല് . ഇതിനു കാരണം കാട ഇറച്ചിയിലുള്ള ഉയർന്ന പോഷക ഗുണം ആണ് പക്ഷികളിലെ കുടുംബമായ ഫാസിയാനിഡെയിലെ ഒരു ഉപകുടുംബമാണ് കാട. കാടകൾ സാധാരണയായി ആറാഴ്ചപ്രായത്തിൽ പൂർണ്ണവളർച്ചയെത്തുകയും ഏകദേശം 150 ഗ്രാം തൂക്കം ഉണ്ടായിരിക്കുകയും ചെയ്യും. പെൺകാടകൾ ഈ പ്രായത്തിൽ മുട്ടയിട്ട് തുടങ്ങുന്നു. വളർത്തുവാനുള്ള കുറഞ്ഞ തീറ്റച്ചെലവും, ഹ്രസ്വജീവിതചക്രവും കാടകളുടെ സവിശേഷതകളാണ് കാടകളുടെ മുട്ട വിരിയുന്നതിന് 16-18 ദിവസങ്ങൾ മതിയാകും. ശരീരവലിപ്പം കുറവായതിനാൽ ഇവയെ വളർത്തുന്നതിന് കുറച്ചുസ്ഥലം മതിയാകും. ഒരു കോഴിക്കാവശ്യമായ സ്ഥലത്ത് 8-10 കാടകളെ വളർത്തുവാൻ സാധിക്കും മാംസത്തിനുവേണ്ടി വളർത്തുന്ന കാടകളെ 5-6 ആഴ്ച പ്രായത്തിൽ വിപണിയിലെത്തിക്കാം. കാടകൾ വർഷത്തിൽ 300-ഓളം മുട്ടകൾ നൽകുന്നു. കാടമുട്ടയ്ക്ക് കാടയുടെ ശരീരഭാഗത്തിൻറെ 8 ശതമാനം തൂക്കമുണ്ടായിരിക്കും . യുകെയിലെ മിക്ക ഏഷ്യൻ / ഹലാൽ ഷോപ്പുകളിൽ കാട ഇറച്ചി ലഭ്യമാണ്. കാട പല രീതിയിൽ ഉണ്ടാക്കാറുണ്ടെങ്കിലും കാട ഫ്രൈയും റോസ്റ്റും ആണ് ഇതിൽ മുഖ്യം. കാട ഫ്രൈ ചെയ്തിട്ട് മൂപ്പിച്ച മസാല ചേർത്തു നല്ല സ്‌പൈസി ആയിട്ടുള്ള ഒരു അടിപൊളി കാട റോസ്‌റ്റ് ആണ് ഇന്നത്തെ വീക്ക് ഏൻഡ് കുക്കിങ്ങിൽ അവതരിപ്പിക്കുന്നത്.

ചേരുവകൾ

കാട പക്ഷി – 4 എണ്ണം

കാട പക്ഷിയിൽ തേച്ചു പിടിപ്പിക്കാനുള്ള മസാല കൂട്ടിനു ആവശ്യമുള്ള ചേരുവകൾ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ

കാശ്മീരി ചില്ലി പൊടി – 3 ടീസ്പൂൺ

കുരുമുളക് പൊടി – 1 1 / 2 ടീസ്പൂൺ

മഞ്ഞൾപൊടി -1 ടീസ്പൂൺ

ജീരകപ്പൊടി -1 ടീസ്പൂൺ

നാരങ്ങാ നീര് – 1 നാരങ്ങയുടെ

ഉപ്പ് – ആവശ്യത്തിന്

ഓയിൽ -വറക്കുവാൻ ആവശ്യത്തിന്

കാട മസാല ഉണ്ടാക്കാൻ ആവശ്യം ഉള്ള ചേരുവകൾ

സബോള -500 ഗ്രാം

ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 2 പീസ് ഇഞ്ചി,1 കുടം വെളുത്തുള്ളിയും

കറിവേപ്പില -1 തണ്ട്

പച്ചമുളക് – 4 എണ്ണം കീറിയത്

തേങ്ങക്കൊത്തിയെടുത്ത് – കാൽ തേങ്ങയുടെ

തക്കാളി -1 എണ്ണം

മുളകുപൊടി- 2 ടീസ്പൂൺ

മഞ്ഞൾപൊടി- 1 / 2 ടീസ്പൂൺ

മല്ലിപ്പൊടി -2 ടീസ്പൂൺ

ഗരം മസാല -1 / 2 ടീസ്പൂൺ

ജീരകപ്പൊടി -1 / 2 ടീസ്പൂൺ

പാചകം ചെയ്യുന്ന വിധം

കാട പക്ഷികളെ നന്നായി കഴുകി വൃത്തിയാക്കി എടുത്ത് വരഞ്ഞു എടുക്കുക .ഒരു മിക്സിങ് ബൗളിൽ കാശ്മീരി ചില്ലി പൊടി, കുരുമുളക് പൊടി ,മഞ്ഞൾപൊടി ,ജീരകപ്പൊടി ,ഉപ്പ് ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാനീര്‌ എന്നിവ ചേർത്ത് നല്ല പേസ്റ്റ് ആക്കി എടുക്കുക .ആവശ്യം എങ്കിൽ അല്പം വെള്ളം കൂടി ചേർക്കുക .ഈ പേസ്റ്റ് വരഞ്ഞു വച്ചിരിക്കുന്ന കാടയിൽ നന്നായി തേച്ചു പിടിപ്പിച്ചു കുറഞ്ഞത് 1 മണിക്കൂർ എങ്കിലും വയ്ക്കുക. കൂടുതൽ സമയം വച്ചാൽ നല്ലത് .ഒരു ഫ്രയിങ് പാനിൽ ഓയിൽ ചൂടാക്കി കുറഞ്ഞ തീയിൽ കാട പക്ഷികളെ ഗോൾഡൻ നിറമാകുന്നത് വരെ വറത്തെടുക്കുക .മറ്റൊരു പാനിൽ ഓയിൽ ചൂടാക്കി ഇഞ്ചി വെളുത്തുള്ളി ചതച്ചത് ,കറിവേപ്പില ,തേങ്ങാ കൊത്തിയത് ,പച്ചമുളക് എന്നിവ വഴറ്റുക .ഇതിലേയ്ക്ക് അരിഞ്ഞു വച്ചിരിക്കുന്ന സബോള കൂടി ചേർത്ത് ഓയിൽ വലിയുന്നതുവരെ നന്നായി ഇളക്കി വഴറ്റി എടുക്കുക. സബോള വഴറ്റുന്ന സമയത്തു മസാലയ്ക്കായി മാറ്റിവച്ചിരിക്കുന്ന മുളകുപൊടി,കുരുമുളകുപൊടി ,മഞ്ഞൾപൊടി ജീരകപ്പൊടി , മല്ലിപൊടി എന്നിവ ചെറു തീയിൽ മൂപ്പിച്ചെടുക്കുക. സബോള നന്നായി വഴന്നു കഴിയുമ്പോൾ തക്കാളി കൂടി ചേർത്ത് വഴറ്റുക .ഇതിലേയ്ക്ക് മൂപ്പിച്ചു വച്ചിരിക്കുന്ന മസാല ചേർത്ത് നന്നായി ഇളക്കിയെടുക്കുക മസാല നാന്നായി ചേർന്ന് ഓയിൽ തെളിയുമ്പോൾ വറത്തു വച്ചിരിക്കുന്ന കാട ചേർത്ത് മസാല കൊണ്ട് പൊതിഞ്ഞു മുകളിൽ ഗരം മസാല കൂടി തൂവി ചെറു തീയിൽ ഒരു 3 മിനിട്ട് കുക്ക് ചെയ്യുക . ഈ സമയത്ത് ആവശ്യം എങ്കിൽ അല്പം വെള്ളം കൂടി ചേർക്കാം . മസാല കാടയിൽ നന്നായി പിടിച്ചുകഴിയുമ്പോൾ തീ ഓഫ് ചെയ്ത് സെർവിങ് ഡിഷിലേയ്ക്ക് മാറ്റി ചൂടോടെ വിളമ്പുക.

ബേസിൽ ജോസഫ്