Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്വാൻസി : പന്ത്രണ്ടുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ സഹോദരൻ (16) അറസ്റ്റിൽ. ഗർഭിണിയായ പെൺകുട്ടി പ്രസവിച്ചു. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ പെൺകുട്ടി അൽപ സമയത്തിന് ശേഷം പ്രസവിക്കുകയായിരുന്നു. ഇതേതുടർന്നാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടന്നത്. കാർമാർഥെൻഷെയറിലാണ് സംഭവം. പെൺകുട്ടിക്ക് പതിനൊന്നു വയസുള്ളപ്പോഴാണ് പീഡനം നടന്നത്. സ്വന്തം വീട്ടിൽ വെച്ചായിരുന്നു സഹോദരൻ പീഡിപ്പിച്ചത്. സ്വാൻസീ ക്രൗൺ കോടതിയിൽ നടന്ന വിചാരണയിൽ, തന്റെ സഹോദരിയെ ബലാത്സംഗം ചെയ്തതായി പ്രതി സമ്മതിച്ചു. കഠിനമായ വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ കാർമാർഥെൻഷെയറിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കുറ്റകൃത്യം വെളിവായതെന്ന് അഭിഭാഷകയായ ജോർജിന ബക്ക്ലി പറഞ്ഞു. രണ്ടു മണിക്കൂറിനുള്ളിൽ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകി.

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് പെൺകുട്ടിയോട് ചോദിച്ചെങ്കിലും അറിയില്ലെന്നായിരുന്നു മറുപടി. സംഭവത്തിൽ അധികാരികൾ ഇടപെട്ടതോടെ പെൺകുട്ടിയുടെ സഹോദരനെ പോലീസ് ചോദ്യം ചെയ്തു. മാതാപിതാക്കൾ പുറത്തുപോയ സമയത്ത് സഹോദരിയുമായി ഗുസ്തി (Wrestling) നടത്തിയിരുന്നതായും പിന്നീട് കിടക്കയിൽ ഗുസ്തി പിടിക്കാൻ മുകളിലേക്ക് പോയതായും അദ്ദേഹം വെളിപ്പെടുത്തി. വസ്ത്രങ്ങൾ അഴിച്ചുമാറ്റുന്നതിന് മുമ്പ് തങ്ങൾ പരസ്പരം ചുംബിച്ചെന്നും തുടർന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും അവൻ വെളിപ്പെടുത്തി. സംഭവത്തിൽ ബലപ്രയോഗമോ ഭീഷണിയോ ഉണ്ടായതായി സൂചനകളില്ലെന്ന് അഭിഭാഷക വ്യക്തമാക്കി.

കോടതിയിൽ നടത്തിയ പ്രസ്താവനയിൽ, തനിക്ക് ഇനി വീട്ടിലേക്ക് പോകാൻ താൽപ്പര്യമില്ലെന്നും സാധാരണ ജീവിതം നയിക്കണമെന്നും തന്റെ കുഞ്ഞിന് മികച്ച ജീവിതം ലഭിക്കണമെന്നും പെൺകുട്ടി പറഞ്ഞു. 10 വയസ്സുമുതൽ തന്നെ പ്രതി അശ്ലീലചിത്രങ്ങൾ കാണാറുണ്ടെന്ന് അഭിഭാഷക വ്യക്തമാക്കി. ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളുടെ ഉത്പന്നമാണ് പ്രതിയെന്നും മാതാപിതാക്കളുടെ നല്ല ശിക്ഷണം അവനു ലഭിച്ചില്ലെന്നും പ്രതിഭാഗം വക്കീൽ വാദിച്ചു. പ്രതിയെ രണ്ട് വർഷത്തെ യൂത്ത് റഫറൽ ഓർഡറിന് വിധേയമാക്കി. ഒപ്പം പ്രതിയെ 30 മാസത്തേക്ക് ലൈംഗിക കുറ്റവാളിയായി രജിസ്റ്റർ ചെയ്യുമെന്നും ജഡ്ജി ക്രിസ്റ്റഫർ വോസ്‌പർ ക്യുസി വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് വാക്സിനുകൾ കുത്തിവെയ്പുകൾ അല്ലാതെ വൈകാതെ തന്നെ നേസൽ സ്പ്രേ ആയി നൽകാം. ഇത്തരത്തിൽ നൽകുന്ന വാക്സിനായിരിക്കും കൂടുതൽ ഫലപ്രദമെന്ന് ശാസ്ത്രജ്ഞർ. “സ്വീറ്റ് ടേസ്റ്റിംഗ്” സ്പ്രേകൾക്ക് യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ അണുബാധയെ തടയാൻ സാധിക്കുമോ എന്ന് അറിയുവാൻ വേണ്ടിയുള്ള പഠനം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഗവേഷണകർ നടത്തിവരികയാണ്. ഇതുവരെ പ്രതിരോധകുത്തിവയ്പ്പുകൾ സ്വീകരിക്കാത്ത 30 പേരിലാണ് ഓക്സ്ഫോർഡ് / ആസ്ട്രസെനെക്ക വാക്സിൻ ദ്രാവകരൂപത്തിൽ നൽകിയത്. ട്രയൽ 1ൻെറ ഭാഗമായി 12 പേർക്ക് ബൂസ്റ്റർ വാക്സിൻ സ്പ്രേ രൂപത്തിൽ നൽകി. വൈകാതെ തന്നെ ഈ രൂപത്തിലുള്ള വാക്സിനുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ. കുട്ടികൾക്ക് ഇതിനൊടകംതന്നെ ഈ രീതിയിൽ ഇൻഫ്ലുവൻസ വാക്സിനേഷൻ നൽകിയിട്ടുണ്ട് . ഹേഫീവറിനെതിരായുള്ള വാക്സിനുകളും സ്പ്രേ രൂപത്തിലാണുള്ളത്.

വാക്സിൻ സ്വീകരിച്ചപ്പോൾ യാതൊന്നും അനുഭവപ്പെട്ടില്ലെന്നും നേസൽ സ്പ്രേയ്ക്ക് ഒരുതരം പഞ്ചസാരയുടെ മധുരം ആണെന്നും താൻ വിചാരിച്ചതിനേക്കാൾ വളരെ മികച്ച വാക്സിനാണെന്നും വോളണ്ടിയർ ആയ ലൈൽ ഹോപ്കിൻസ് പറഞ്ഞു. സൂചി ഇഷ്ടപ്പെടാത്ത കുട്ടികൾക്കും മുതിർന്നവർക്കും വാക്സിനുകൾ കൂടുതൽ ആകർഷകമാകുമെന്നതുമുൾപ്പെടെയുള്ള നിരവധി നേട്ടങ്ങൾ ഇതിലൂടെ സാധ്യമാകുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകുന്ന ഡോ.സാൻഡി ഡഗ്ലസ് പറഞ്ഞു. മൂക്കിലൂടെ വാക്സിൻ നൽകുന്നത് അണുബാധ തടയുന്നതിൽ വളരെ നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേസൽ സ്പ്രേകൾ ലഭ്യമാകുന്നതിന് ഇനിയും ഒരു വർഷം കൂടി താമസമെടുക്കുമെന്നും ജനങ്ങൾ താമസിക്കാതെതന്നെ വാക്സിനേഷൻ എടുക്കണമെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. ഹാംസ്റ്ററുകളിലും കുരങ്ങുകളും നടത്തിയ പരിശോധനകൾ വഴി ആൻറിബോഡി പ്രതികരണം സൃഷ്ടിക്കുന്നതിൽ നേസൽ സ്പ്രേകൾ ഫലപ്രദമാണെന്ന് കണ്ടെത്തി. ആദ്യ ഡോസ് നേസൽ സ്പ്രേയ്ക്ക് ശേഷം ഹാംസ്റ്ററുകളിൽ ഉയർന്ന അളവിൽ ആൻറിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നുവെന്ന് സയൻസ് ട്രാൻസ്ലേഷണൽ മെഡിസിൻ ജേണലിലുള്ള ഒരു പഠനത്തിൽ കണ്ടെത്തി. വാക്സിനേഷൻ സ്വീകരിക്കാത്ത മറ്റു ഹാംസ്റ്ററുകളുടെ ശ്വാസകോശത്തിൽ കേടുപാടുകൾ സംഭവിക്കുകയും കോവിഡ് മൂലം ശരീരഭാരം കുറയുകയും ചെയ്തപ്പോൾ ഒരു ഡോസ് വാക്സിനേഷനെങ്കിലും സ്വീകരിച്ച ഹാംസ്റ്ററുകളിൽ ഇത് സംഭവിച്ചില്ല. കുരങ്ങുകളിൽ നടത്തിയ പരീക്ഷണത്തിലും സമാനമായ ഫലങ്ങളാണ് കണ്ടതെന്ന് എന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. കുത്തിവെയ്പ്പുകൾ എടുക്കാൻ ഇഷ്ടപ്പെടാത്തവർക്ക് പുതിയ രൂപത്തിലുള്ള വാക്സിൻ പ്രോത്സാഹനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ വാക്‌സിൻ ഡെവലപ്‌മെന്റ് ടീമായ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിൽ സോഷ്യൽ കെയറിലേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിനായി യുകെ ഗവൺമെന്റ് ക്യാമ്പെയ്‌ൻ ആരംഭിച്ചു. നിലവിൽ ഈ മേഖലയിൽ ഒരു ലക്ഷത്തിലധികം ജോലി ഒഴിവുകളുണ്ട്. ടെലിവിഷൻ, റേഡിയോ, സോഷ്യൽ മീഡിയ എന്നിവയിലൂടെയാണ് പ്രചാരണം നടക്കുന്നത്. “കെയർ വർക്കർ ആകാൻ ഇതിലും നല്ലൊരു സമയമില്ല” എന്നതാണ് പരസ്യ വാചകം. എന്നാൽ സോഷ്യൽ കെയറിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ പ്രചാരണം മതിയാകില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. പ്രായമായവരെയും ഭിന്നശേഷിക്കാരെയും പരിചരിക്കുന്ന ജോലിയിലേയ്ക്ക് കൂടുതൽ പേരെ എത്തിക്കാൻ ഇത്തരം പരസ്യങ്ങൾ സഹായിക്കുമെന്ന് മന്ത്രിമാർ വിശ്വസിക്കുന്നു.

‘മെയ്ഡ് വിത്ത് കെയർ’ എന്നു പേരിട്ടിരിക്കുന്ന ക്യാമ്പെയ്‌നിലൂടെ കൂടുതൽ ആളുകളെ സോഷ്യൽ കെയർ മേഖലയിലേയ്ക്ക് ആകർഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഓൺലൈൻ പ്രചാരണം അഞ്ച് മാസം നീണ്ടുനിൽക്കുമെന്ന് ഡിപ്പാർട്ട്‌മെന്റ് ഫോർ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ (ഡിഎച്ച്എസ്‌സി) അറിയിച്ചു. ബുധനാഴ്ച പ്രീമിയർ ചെയ്ത ടിവി പരസ്യം നവംബർ 21 വരെ ഐടിവി, സ്കൈ, ചാനൽ 4 എന്നിവയിൽ സംപ്രേഷണം ചെയ്യും. ഇംഗ്ലണ്ടിലെ സോഷ്യൽ കെയർ മേഖലയിൽ ഇപ്പോൾ 112,000-ത്തിലധികം ജോലി ഒഴിവുകൾ ഉണ്ടെന്നാണ് ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.

സോഷ്യൽ കെയറിലേയ്ക്കുള്ള നിലവിലെ ഫണ്ടിംഗ് ക്യാമ്പെയ്‌നെ ദുർബലപ്പെടുത്തുകയാണെന്ന പരാതി ഉയരുന്നുണ്ട്. സുരക്ഷിതമായ പരിചരണം നൽകാൻ ഈ മേഖല ബുദ്ധിമുട്ടുകയാണ്. ജീവനക്കാരുടെ കുറവ് കാരണം സേവനങ്ങൾ പലതും അവസാനിപ്പിക്കേണ്ടതായി വരുന്നു. കോവിഡിന്റെ അധിക സമ്മർദം താങ്ങാനാവാതെയാണ് പലരും ജോലി ഉപേക്ഷിച്ചത്. ജീവനക്കാർക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കിയതും ജോലി ഉപേക്ഷിക്കാൻ കാരണമായി. കഴിഞ്ഞ പതിനെട്ട് മാസമായി സർക്കാർ നടത്തിവരുന്ന റിക്രൂട്ട്‌മെന്റ് പ്രോഗ്രാമുകളിൽ ഏറ്റവും പുതിയതാണ് ഇത്. ലക്ഷ്യം ഒന്നേ ഉള്ളൂ – കൂടുതൽ ജീവനക്കാരെ തിരഞ്ഞെടുത്ത് സോഷ്യൽ കെയർ ശക്തിപ്പെടുത്തുക.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പരിസ്ഥിതി സൗഹൃദ ഇന്ധനമായ ഇ10 പെട്രോൾ ഡ്രൈവർമാർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് റിപ്പോർട്ട്‌. പുതിയ പെട്രോൾ, ഇന്ധന ഉപഭോഗത്തിലെ വർദ്ധനവിന് കാരണമാകുന്നുവെന്ന് ഡ്രൈവർമാർ ചൂണ്ടിക്കാട്ടി. സാധാരണ പെട്രോളിനെക്കാൾ ഊർജ്ജസാന്ദ്രത കുറവായതിനാൽ ഇ10 അധികമായി ഉപയോഗിക്കേണ്ടി വരും. അതിലൂടെ ചിലവും ഉയരും. യൂട്യൂബ് ചാനലായ നമ്പർ 27 ആണ് പ്രശ്നം റിപ്പോർട്ട്‌ ചെയ്തത്. ഇ10 പെട്രോൾ ഉപയോഗിക്കുമ്പോൾ ഇന്ധനക്ഷമത കുറയുന്നത് ഡ്രൈവർമാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ഗ്രീൻ പെട്രോൾ ഉപയോഗിക്കുന്ന കാറുകളിൽ ഇന്ധനക്ഷമത കുറയുന്നതായി പല ഡ്രൈവർമാരും റിപ്പോർട്ട്‌ ചെയ്‌തെന്ന് ചാനൽ ഉടമയായ ജാക്ക് പറഞ്ഞു.

പുതിയ E10 ഗ്രേഡിന് കീഴിൽ ഇന്ധനക്ഷമത കുറയുമെന്ന് ഗതാഗത വകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തി. ഇന്ധനക്ഷമത രണ്ട് ശതമാനം വരെ കുറയുമെന്ന് അവർ സ്ഥിരീകരിച്ചു. അതേസമയം കാർബൺ പുറന്തള്ളലിന്റെ അളവ് കുറവായതിനാൽ ഇ10 പെട്രോൾ പരിസ്ഥിതിക്ക് ഗുണം ചെയ്യും. കാർബൺ ഉദ്വമനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സെപ്റ്റംബറിലാണ് ഇ10 പെട്രോൾ രാജ്യത്തെ കാറുകളിൽ ഉപയോഗിച്ച് തുടങ്ങിയത്. ബയോ എഥനോൾ അടങ്ങിയിരിക്കുന്ന ഇന്ധനം കാർബൺ പുറന്തള്ളലിന്റെ അളവ് കുറയ്ക്കുന്നു.

പുതിയ ഇന്ധനം ഉപയോഗിക്കുമ്പോൾ വാഹന ഇന്ധനക്ഷമത ഏകദേശം മൂന്ന് ശതമാനം കുറയുമെന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്. ഇന്ധനക്ഷമതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നേരിടുന്നതായി നിരവധി ഡ്രൈവർമാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതിയ പെട്രോളിലേക്കുള്ള മാറ്റത്തിന് ശേഷം നാല് എംപിജി(mpg) വരെ കുറവ് ഉണ്ടായതായി ഡ്രൈവർമാർ പരാതിപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മിക്ക ജനങ്ങളും ഏറ്റവും മാരകമായ അർബുദങ്ങളിൽ ഒന്നായ പാൻക്രിയാറ്റിക് ക്യാൻസറിൻെറ ലക്ഷണങ്ങൾ ശ്രദ്ധിക്കുന്നില്ല എന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്. നടുവേദന, ദഹനക്കേട്, വയറുവേദന, ശരീരഭാരത്തിൽ പെട്ടെന്നുള്ള കുറവ് എന്നിവ രോഗത്തിൻറെ പൊതുവായ ലക്ഷണങ്ങളാണ്. 4 ആഴ്ചയിൽ കൂടുതൽ ഇവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ജിപിയെ കാണണമെന്നും മഞ്ഞപ്പിത്തം ഉള്ളവരാണെങ്കിൽ എ ആൻഡ് ഇയിലേക്ക് പോകണമെന്നും പാൻക്രിയാറ്റിക് ക്യാൻസർ യുകെ പറഞ്ഞു. 28 ശതമാനത്തോളം ആളുകൾ വൈദ്യസഹായം തേടുന്നത് രോഗം വന്ന് മൂന്നുമാസംവരെ കഴിഞ്ഞാണെന്ന് സർവേയിലൂടെ മനസ്സിലാക്കാൻ സാധിച്ചു. 22 ശതമാനം ജനങ്ങളും മഞ്ഞപ്പിത്തം തിരിച്ചറിയുവാൻ വൈകുന്നു. 2000 മുതിർന്നവരെ വച്ച് സാവന്ത കോംറെസ് നടത്തിയ സർവേയിൽ 31 ശതമാനം പേർ പകർച്ചവ്യാധിമൂലം ചികിത്സാ സഹായം തേടുന്നത് പതിവിലും താമസിച്ചാണെന്ന് കണ്ടെത്തി. ക്യാൻസർ വിഭാഗത്തിൽ ഏറ്റവും മാരകമായ ക്യാൻസറുകളിൽ ഒന്നാണ് പാൻക്രിയാറ്റിക് ക്യാൻസർ. ഇവയുടെ ലക്ഷണങ്ങൾ തിരിച്ചറിയാൻ വൈകുന്നത് തന്നെയാണ് ഇതിൻെറ പ്രധാന കാരണം. ഈ രോഗമുള്ള അഞ്ചിൽ നാല് പേരും ക്യാൻസറിൻെറ അവസാനഘട്ടത്തിൽ മാത്രമാണ് രോഗം തിരിച്ചറിയുന്നതും ചികിത്സ തേടുന്നതും ഇതുമൂലം ജീവൻ രക്ഷിക്കാനുള്ള സാധ്യത കുറയുന്നു. പാൻക്രിയാറ്റിക് ക്യാൻസറുള്ളവർ ചികിത്സയ്ക്കായി കാത്തിരിക്കരുതെന്ന് പാൻക്രിയാറ്റിക് ക്യാൻസർ യുകെ ചീഫ് എക്സിക്യൂട്ടീവായ ഡയാന ജുപ്പ് പറഞ്ഞു.

ഒരു വർഷത്തിൽ ആയിരക്കണക്കിന് ജനങ്ങളാണ് രോഗനിർണയം വൈകിയത് മൂലം ചികിത്സകൾ ഒന്നും തന്നെ ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ വന്നത്. ഫലപ്രദമായ ചികിത്സകൾ ലഭിക്കണമെങ്കിൽ കഴിയുന്നത്ര നേരത്തെ തന്നെ രോഗനിർണയം നടത്തേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. രോഗികളെ ചികിത്സിക്കാൻ എൻഎച്ച്എസ് എന്നും തയ്യാറാണെന്ന് എൻഎച്ച്എസിൻെറ ദേശീയ ക്യാൻസർ ഡയറക്ടർ ഡാം കാലി പാമർ പറഞ്ഞു. പകർച്ചവ്യാധിയ്ക്ക് മുൻപുണ്ടായിരുന്ന തരത്തിലേയ്ക്ക് രോഗനിർണയവും ചികിത്സയും വർദ്ധിച്ചുവെന്നും ദയവായി നിങ്ങളുടെ ചികിത്സ താമസിപ്പിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു. രോഗനിർണയത്തിന് ശേഷം മൂന്ന് മാസത്തിനുള്ളിൽ രോഗികളിൽ പകുതിയുംപേർ മരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകൾ പാൻക്രിയാറ്റിക് ക്യാൻസർ യുകെ പുറത്തുവിട്ടു. യുകെയിൽ ഓരോ വർഷവും പതിനായിരത്തിലധികം ജനങ്ങളിലാണ് രോഗം കണ്ടെത്തുന്നത്.

നേരത്തെയുള്ള രോഗ നിർണയം രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള സാധ്യതയെ കൂട്ടുന്നു. അതിനാൽ തന്നെ ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടനെ തന്നെ വൈദ്യസഹായം തേടണമെന്നും അവർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. സർവേയുടെ കണ്ടെത്തലുകൾ വളരെയധികം ആശങ്ക ഉളവാക്കുന്നതാണെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു . രോഗത്തെക്കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണം നടത്തേണ്ടതുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. പാൻക്രിയാറ്റിക് ക്യാൻസർ ഉണ്ടെന്നു സംശയിക്കുന്ന രോഗികളെ ജിപികൾ അൾട്രാസൗണ്ട്, സി റ്റി സ്കാനിങ് അല്ലെങ്കിൽ എംആർഐ സ്കാനിങ്ങുകൾക്കായി റഫർ ചെയ്യാം. എന്നാൽ രാജ്യത്തെ പാൻക്രിയാറ്റിക് ക്യാൻസർ രോഗികളിൽ പകുതിയോളം ആളുകൾ എ ആൻഡ് ഇ സന്ദർശനം പോലുള്ള അടിയന്തരാവസ്ഥയിലൂടെയാണ് രോഗനിർണയം നടത്തുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഗ്ലാസ്ഗോ : കാലാവസ്ഥ ഉച്ചകോടി വേദിയിലേയ്ക്ക് വീൽചെയറിൽ പ്രവേശനം ലഭിക്കാതിരുന്ന ഇസ്രായേൽ മന്ത്രിയോട് ക്ഷമാപണം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. തിങ്കളാഴ്ച തന്റെ വീൽചെയറിൽ ഉച്ചകോടി വേദിയിലേക്ക് എത്തിയ ഇസ്രായേൽ ഊർജ മന്ത്രി കരീൻ എൽഹാരറിന് അകത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. പ്രവേശന കവാടത്തിന് സമീപം രണ്ട് മണിക്കൂർ കാത്തു നിന്ന ശേഷം മന്ത്രി ഹോട്ടലിലേക്ക് മടങ്ങി. പിന്നീട് ഊർജ മന്ത്രിയോടും ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനോടുമൊപ്പം ഒരു കൂടിക്കാഴ്ചയിൽ പങ്കെടുത്ത സമയത്താണ് ബോറിസ് ജോൺസൻ ക്ഷമ ചോദിച്ചത്. കരീൻ എൽഹാരറിന് നേരിട്ട ബുദ്ധിമുട്ടിൽ താൻ ഖേദിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബോറിസ് ജോൺസന്റെ ഇടപെടലിന് ഇസ്രായേൽ പ്രധാനമന്ത്രി നന്ദി അറിയിച്ചു.

തികച്ചും വ്യത്യസ്തമായ അനുഭവമാണ് തനിക്കുണ്ടായതെന്ന് കരീൻ പ്രതികരിച്ചു. മാംസപേശികളുടെ തളർച്ച കാരണം ചലനശേഷി നഷ്ടപ്പെട്ട കരീൻ വീൽചെയറിന്റെ സഹായത്തോടെയാണ് കഴിയുന്നത്. അടുത്ത യുഎൻ കോൺഫറൻസിൽ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. സംഭവത്തിൽ, യുകെയുടെ പരിസ്ഥിതി സെക്രട്ടറി ജോർജ്ജ് യൂസ്റ്റിസ് ഖേദം പ്രകടിപ്പിച്ചിരുന്നു. യുകെ സർക്കാർ മാപ്പ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുടെ ആവശ്യം അറിയിക്കാതിരുന്ന ഇസ്രായേൽ പ്രതിനിധിയെ യൂസ്റ്റിസ് കുറ്റപ്പെടുത്തി.

എന്നാൽ മന്ത്രിയുടെ പ്രത്യേക ആവശ്യം നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടായിരുന്നു എന്ന് ലണ്ടനിലെ ഇസ്രായേൽ എംബസിയിൽ നിന്നുള്ള വക്താവ് പറഞ്ഞു. ഉച്ചകോടിയുടെ മിക്ക പ്രവേശന കവാടങ്ങളിലും വീൽചെയർ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും മന്ത്രി എത്തിയ കവാടത്തിൽ അതിനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. ഇത് സംബന്ധിച്ച് സംഘാടകർക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രതിനിധി സംഘത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- വെയിൽസിലെ ഹാവർഫോർഡ്വെസ്റ്റിൽ വീക്കെൻഡ് ആഘോഷിക്കാനെത്തിയ മൂന്ന് പേർ പാഡിൽബോർഡിങിനിടെ മുങ്ങിമരിച്ചു. ഇരുപത്തിനാലുകാരിയായ മോർഗൻ റോജർസ്, നാൽപ്പതുകാരിയായ നിക്കോള വീറ്റ്ലി, നാൽപത്തിരണ്ടുകാരനായ പോൾ ഓടിർ എന്നിവരാണ് മരണപ്പെട്ടത്. ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു സ്ത്രീ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഒൻപത് പേരടങ്ങുന്ന സംഘം ശനിയാഴ്ചയാണ് വീക്കൻഡ് ആഘോഷിക്കുന്നതിനായിഹാവർഫോർഡ്വെസ്റ്റിൽ എത്തിച്ചേർന്നത്. ഒഴുക്കിൽപ്പെട്ട മറ്റ് അഞ്ചു പേരെ എമർജൻസി സർവീസുകൾ എത്തി രക്ഷപ്പെടുത്തുകയായിരുന്നു.

തങ്ങൾക്ക് വിവരിക്കാനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ പറഞ്ഞു. സൂപ്പർമാർക്കറ്റിൽ ഡെപ്യൂട്ടി സ്റ്റോർ മാനേജറായി ജോലിചെയ്തുവരികയായിരുന്ന റോജർസിന്റെ വിയോഗം വിലമതിക്കാനാവാത്ത നഷ്ടമാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. വളരെയധികം ആഗ്രഹത്തോടുകൂടി ആണ് റോജർസ് ട്രിപ്പിന് പോയതെന്നും അവർ പറഞ്ഞു. മറ്റൊരാളായ പോൾ ഓടിർ മുൻ സൈനികൻ ആയിരുന്നു. മറ്റു രണ്ടുപേരെ രക്ഷിക്കുന്നതിനിടെയാണ് പോൾ മരണപ്പെട്ടതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആർമിയിൽ സർഫിങ് ചാമ്പ്യനും, മികച്ച റഗ്ബി കളിക്കാരനും ആയിരുന്നു പോൾ എന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഐ ഫോണിൻറെ ഏറ്റവും പുതിയ അപ്ഡേറ്റുകളിൽ ഫോണിൻറെ പിൻഭാഗത്തായുള്ള ലോഗോ ബട്ടൺ ഉപയോഗിച്ച് ലളിതമായ കാര്യങ്ങൾ ചെയ്യാൻ സാധിക്കും.ബാക്ക് ടാപ്പ് എന്നറിയപ്പെടുന്ന ഈ പുതിയ ഫീച്ചർ ഐഒഎസ് ഫോർട്ടീൻ സോഫ്റ്റ്‌വെയർ അപ്ഡേറ്റിനോടൊപ്പം ആണ് അവതരിപ്പിച്ചത്. ഉപയോക്താവ് ഐഫോണിൻെറ പിൻഭാഗത്തുള്ള ആപ്പിൾ ലോഗോയിൽ രണ്ടോ മൂന്നോ തവണ ടാപ്പ് ചെയ്യുന്നത് വഴി ഈ സവിശേഷത ഉപയോഗിക്കാനാവും. സ്ക്രീൻഷോട്ടുകൾ, സ്ക്രീൻ ലോക്ക്, ഹോമിലേക്ക് തിരികെ വരിക, ശബ്ദം നിയന്ത്രിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് നിങ്ങൾക്ക് ഈ പുതിയ ഫീച്ചർ വഴി ചെയ്യാൻ സാധിക്കുന്നത്. അസിസ്റ്റീവ് ടച്ച്, മാഗ്നിഫയർ, റീച്ചബിലിറ്റി, വോയ്‌സ് ഓവർ എന്നീ ഫീച്ചറുകൾ വേഗത്തിൽ ആക്സസ് ചെയ്യുന്നതിന് ഉപയോക്താക്കൾ ലോഗോയിൽ രണ്ടോ മൂന്നോ തവണ ടാപ്പ് ചെയ്താൽ മതിയാവും.


ഈ പുതിയ ഫീച്ചർ ഐഫോൺ എട്ടു മുതലുള്ള വേർഷനുകളിലാണ് ഉള്ളത്. എന്നാൽ ഈ ഫോണുകൾ അപ്ഡേറ്റ് ചെയ്യാത്തവർക്ക് ഈ ഫീച്ചർ ആക്സസ് ചെയ്യാൻ സാധിക്കില്ല. നിങ്ങൾക്ക് ഫോണിൻെറ സെറ്റിംഗ്സ് വഴിയും ഈ ഫീച്ചർ ഓൺ ആക്കാം. സെറ്റിംഗ്സ് വഴിയാണ് നിങ്ങൾ ഫീച്ചർ ഓണാക്കാൻ ശ്രമിക്കുന്നതെങ്കിൽ ആദ്യം സെറ്റിംഗ്സ് എടുക്കുക, ആക്സിസിബിലിറ്റി എടുക്കുക, ടച്ച് സെലക്ട് ചെയ് ത് ആ മെനു താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ ബാക്ക് ടാപ്പ് എന്ന ഓപ്ഷൻ നിങ്ങൾക്ക് കാണാൻ സാധിക്കും. ഫീച്ചർ സെറ്റ് ചെയ്യുമ്പോൾ നിങ്ങൾക്ക് ഡബിൾ, ട്രിപ്പിൾ എന്നീ ഓപ്ഷനുകൾ കാണാൻ സാധിക്കും. ഇവ നിങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന രീതി അനുസരിച്ച് തിരഞ്ഞെടുക്കാം.

ഈ പുതിയ ഫീച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് വ്യത്യസ്തമായ ഫോൺ ഫംഗ്ഷനുകൾ പ്രവർത്തിപ്പിക്കാം. കൂടാതെ ഡബിൾ ടാപ്പ് ട്രിപ്പിൾ ടാപ്പ് എന്ന സംവിധാനം ഉപയോഗിച്ച്‌ ഫംഗ്ഷനുകളെ നിങ്ങൾക്ക് രണ്ടായി തരംതിരിക്കാനും സാധിക്കും. ഉപയോക്താക്കളുടെ ഇഷ്ടത്തിനനുസരിച്ച് സെറ്റിംഗ്സിൽ മാറ്റങ്ങൾ വരുത്താനും ക്രമീകരിക്കാനും സാധിക്കും. ബാക്ക് ടാപ്പ് ഉപയോഗിക്കുന്നതുവഴി നിങ്ങളുടെ ഐഫോണിലെ പല പ്രവർത്തനങ്ങളും വളരെ വേഗത്തിൽ ആവും.കട്ടിയുള്ള ഫോൺ കേസുകൾ ഉപയോഗിക്കുന്ന ആളുകൾ ലോഗോയിൽ ടാപ്പ് ചെയ്യുന്നത് രജിസ്റ്റർ ചെയ്തേക്കില്ല അതിനാൽ തന്നെ ഏറ്റവും കനം കുറഞ്ഞ ഫോൺ കേസുകൾ ഉണ്ടെങ്കിൽ മാത്രമേ ഈ ഫീച്ചർ ഉപയോഗിക്കാൻ ആവുകയുള്ളൂ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

തട്ടിക്കൊണ്ടുപോകലിന് ഇരയായ 16 വയസ്സുകാരനായ ആൺകുട്ടിയെ ഗുരുതര പരുക്കുകളോടെ കണ്ടെത്തി. ബക്കിംഗ്ഹാംഷെയറിലെ ഹൈ വൈക്കോംബിൽ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടുപോകലിന് ഇരയായ കുട്ടിയെ ഹൈ വൈകോമ്പിലെ ലൗഡ് വാട്ടർ ഏരിയയിൽ വച്ചാണ് ഒരുകൂട്ടം പുരുഷന്മാർ നിർബന്ധിച്ച് കാറിൽ കയറ്റിയതെന്ന് എന്ന് തെംസ് വാലി പോലീസ്. കുട്ടിയെ പിന്നീട് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി. തട്ടിക്കൊണ്ടുപോകലിന് മണിക്കൂറുകൾക്കുശേഷം കുട്ടിയെ വീട്ടിൽ തിരിച്ചെത്തിക്കുകയായിരുന്നു. തട്ടിക്കൊണ്ടു പോയവരുടെ സംഘത്തിലെ എല്ലാവരും തന്നെ പുരുഷന്മാരായിരുന്നു. ഇവർ കറുത്ത വസ്ത്രമാണ് ധരിച്ചിരുന്നത്. പ്രതികളെക്കുറിച്ച് ഇതുവരെ കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. തട്ടിക്കൊണ്ടുപോകലിന് ഇരയായ കുട്ടിയുടെപതിനാറുകാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചു. കുട്ടിയുടെ കൈക്കും മുഖത്തിനും ഗുരുതര പരുക്ക്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

കുട്ടിയുടെ വലതുകൈയിലും കവിളുകളിലും ഗുരുതരമായ മുറിവുകളാണ് ഉണ്ടായിരിക്കുന്നത് കൂടാതെ രണ്ട് അണപല്ലുകളും നഷ്ടമായി.കുട്ടിയുടെ മുടിയും അക്രമി സംഘം മുറിച്ചു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഡിസ്ചാർജ് ചെയ്തു. ഈ സംഭവത്തിൽ സാക്ഷിയായിട്ടുള്ളവർ തെംസ് വാലി പോലീസുമായി ബന്ധപ്പെടണം എന്ന് അന്വേഷണ ഉദ്യോഗസ്ഥയായ ഡിറ്റക്റ്റീവ് ഇൻസ്പെക്ടർ എമിലി ഇവാൻസ് പറഞ്ഞു.

തട്ടിക്കൊണ്ടുപോകൽ നടന്നത് ഉച്ചകഴിഞ്ഞായതിനാൽ ആളുകളുടെ ശ്രദ്ധയിൽ വരാനുള്ള സാധ്യത ഏറെയാണ്. അന്വേഷണത്തെ സഹായിക്കാൻ ഏതെങ്കിലും തരത്തിലുള്ള തെളിവുകൾ ഉണ്ടെങ്കിൽ പോലീസുമായി ബന്ധപ്പെടേണ്ടതാണ്. പ്രദേശത്ത് വാഹനമോടിക്കുന്നവരിൽനിന്നും സഹായം തങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അവർ പറഞ്ഞു. ഓൺലൈനായി റിപ്പോർട്ട് ചെയ്യുന്നതിനായി 43210489072 എന്ന റഫറൻസ് നമ്പറിലേക്കോ അല്ലെങ്കിൽ 101 എന്ന നമ്പറിലേക്കോ ബന്ധപ്പെടാം.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ശൈത്യ കാലത്തിനു മുമ്പ് ടോപ് അപ്പ് ഡോസുകളുടെ വിതരണം വേഗത്തിലാക്കാൻ കോവിഡ് ബൂസ്റ്റർ വാക്സിനുകൾ ഇന്നുമുതൽ വോക്കിൻ ക്ലിനിക്കുകളിലും ലഭ്യമാകും. ബൂസ്റ്റർ വാക്സിന് യോഗ്യരായ രോഗികൾക്ക് തങ്ങളുടെ അപ്പൊയിൻമെന്റിനായി ഇനി കാത്തിരിക്കാതെതന്നെ പ്രതിരോധകുത്തിവെപ്പുകൾ സ്വീകരിക്കാൻ കഴിയും എന്ന് എൻഎച്ച്എസ് മേധാവികൾ പറഞ്ഞു. 50 വയസ്സിനു മുകളിലുള്ള രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിനുശേഷം 6 മാസങ്ങൾ കഴിഞ്ഞ എല്ലാവർക്കും ബൂസ്റ്റർ വാക്സിൻ സ്വീകരിക്കാം. എന്നാൽ നേരത്തെ ജിപിയുടെ അപ്പോയ്ൻമെന്റിനായി കാത്തിരിക്കേണ്ടിവരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്.

ഇതിനൊരു പരിഹാരമായാണ് രാജ്യത്തുടനീളം ഇന്നുമുതൽ നൂറുകണക്കിന് വോക്കിൻ സൈറ്റുകൾ കൊണ്ടുവന്നിരിക്കുന്നത്. ഇതുവഴി സ്ലോട്ടുകൾ ഒന്നും തന്നെ റിസർവ് ചെയ്യാതെ ബൂസ്റ്റർ ജനങ്ങൾക്ക് വാക്സിനുകൾ സ്വീകരിക്കാനാവും. ജനങ്ങൾ തങ്ങളുടെ എൻഎച്ച്എസ് ഓൺലൈൻ വോക്കിൻ-ഇൻ ഫൈൻഡർ ഉപയോഗിച്ച് തങ്ങളുടെ ഏറ്റവും അടുത്തുള്ള വാക്സിൻ വിതരണ കേന്ദ്രം എവിടെയാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. എൻഎച്ച്എസ് ഇംഗ്ലണ്ടിൻെറ കണക്കുപ്രകാരം ഒരു വാക്സിൻ സൈറ്റിൽ നിന്ന് പത്തു മൈലുകൾകുള്ളിൽ തന്നെ മിക്കവാറും ജനങ്ങൾ താമസിക്കുന്നുണ്ട്. ഇത്തരത്തിലുള്ള നീക്കം ബൂസ്റ്റർ വാക്സിനുകളുടെ വിതരണത്തെ വേഗത്തിലാക്കുമെന്നും ഇതുവഴി കൂടുതൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനെ തടയാൻ സാധിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിൽ ഏകദേശം ആറ് ദശലക്ഷം യോഗ്യരായ മുതിർന്നവർക്കാണ് മൂന്നാം ഡോസ് വാക്സിൻ ലഭിക്കാനുള്ളത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ തങ്ങളുടെ പ്രതിരോധശേഷിയെ കുറിച്ച് അമിത ആത്മവിശ്വാസം പുലർത്തരുതെന്ന് ഈ ആഴ്ച അവസാനം പ്രധാനമന്ത്രി ബോറിസ് ജോൺസൺ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ടു വാക്സിനുകൾ സ്വീകരിച്ചതുവഴി ലഭിക്കുന്ന പ്രതിരോധശേഷി കുറയുന്നത് ജനങ്ങൾ മനസ്സിലാക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. എൻഎച്ച്എസ് ജീവനക്കാർ ജനങ്ങൾക്ക് അവരുടെ ടോപ് അപ്പ് വാക്സിനേഷൻ ലഭിക്കുന്നത് കഴിയുന്നത്ര എളുപ്പമാക്കുന്നുണ്ടെന്ന് എൻഎച്ച്എസ് വാക്സിനേഷൻ പ്രോഗ്രാമിന്റെ ഡെപ്യൂട്ടി ലീഡർ ഡോ. നിക്കി കനാനി പറഞ്ഞു.

ഇന്നുമുതൽ ജനങ്ങൾക്ക് ഓൺലൈൻ വഴി അവരുടെ അടുത്തുള്ള സൈറ്റ് കണ്ടെത്തി ബൂസ്റ്റർ വാക്സിനേഷൻ സ്വീകരിക്കാൻ കഴിയും. ഇംഗ്ലണ്ടിൽ ഇതുവരെ 6.7 ദശലക്ഷം ജനങ്ങൾക്കാണ് ബൂസ്റ്റർ വാക്സിൻ ലഭിച്ചിട്ടുള്ളത്. ഇനിയും ഏകദേശം12.6 ദശലക്ഷത്തിലധികം യോഗ്യരായ ജനങ്ങൾക്ക് പ്രതിരോധകുത്തിവയ്പുകൾ ലഭിക്കേണ്ടതായുണ്ട്. ഗവൺമെൻറിൻറെ കോവിഡ് പ്ലാൻ-ബി അതായത് നിർബന്ധിത മാസ്ക് ധരിക്കുക, വാക്സിൻ പാസ്പോർട്ടുകൾ, വീട്ടിൽ ഇരുന്ന് ജോലി ചെയ്യുക എന്നിവ നിലവിലെ സാഹചര്യത്തിൽ കൊണ്ടുവരേണ്ടതിലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരുകയാണ്. ഇന്നലെ 38,009 പേർക്ക് കൂടിയാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നലെ 74 മരണങ്ങളാണ് ഉണ്ടായത്.

സ്കൂളുകളിലേക്ക് കുട്ടികളെ തിരിച്ചുകൊണ്ടുവരാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ഉദ്യോഗസ്ഥർ. എന്നാൽ ഈ ശൈത്യകാലത്ത് കോവിഡിൻെറ മറ്റൊരു തരംഗം ഉണ്ടായേക്കാമെന്നും ഇത് തടയുന്നതിന് ബൂസ്റ്റർ വാക്സിനുകൾ പങ്ക് വളരെ വലുതാണെന്നും അവർ മുന്നറിയിപ്പ് നൽകി. കെയർ ഹോം അന്തേവാസികൾക്ക് ടോപ്പ്-അപ്പ് വാക്സിൻ ഡോസുകൾ നേരത്തെ സ്വീകരിക്കാൻ ഈ പുതിയ നീക്കം കൊണ്ട് കൊണ്ട് സാധിക്കും.

 

RECENT POSTS
Copyright © . All rights reserved