ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ആരോഗ്യ സംവിധാനത്തിലുടനീളം വംശീയ അസമത്വം നിലനിൽക്കുന്നതായി പുതിയ പഠന റിപ്പോർട്ട്. ഇംഗ്ലണ്ടിലെ എൻ എച്ച് എസിൽ വർഷങ്ങളായി കറുത്ത വർഗക്കാർക്കും ഏഷ്യൻ, ന്യൂനപക്ഷ വംശജർക്കും ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് എൻ എച്ച് എസ് റേസ് ആൻഡ് ഹെൽത്ത് ഒബ്സർവേറ്ററിയുടെ അവലോകനത്തിൽ കണ്ടെത്തി. വംശീയത, വംശീയ വിവേചനം, ആരോഗ്യ സംരക്ഷണം ലഭിക്കുന്നതിലുള്ള തടസ്സങ്ങൾ എന്നിവ പ്രധാന പ്രശ്നങ്ങളാണ്. വംശീയ ന്യൂനപക്ഷങ്ങൾ അഭിമുഖീകരിക്കുന്ന ആരോഗ്യ അസമത്വങ്ങളുടെ തോത് ഇതാദ്യമായാണ് ഒരു പഠനത്തിലൂടെ വ്യക്തമാകുന്നത്. 166 പേജുള്ള പഠന റിപ്പോർട്ട് പൂർണമായി ഈ ആഴ്ച പ്രസിദ്ധീകരിക്കും.

മാനസികാരോഗ്യം മുതൽ പ്രസവ പരിപാലനം വരെയുള്ള മേഖലയിൽ ഈ അസമത്വം പ്രകടമാണ്. ആരോഗ്യസംരക്ഷണ സംവിധാനത്തിലെ വംശീയ അസമത്വത്തിൽ സമൂലമായ നടപടിയെടുക്കാൻ എത്രയും വേഗം തയ്യാറാകണമെന്ന് എൻഎച്ച്എസ് റേസ് ആൻഡ് ഹെൽത്ത് ഒബ്സർവേറ്ററി ഡയറക്ടർ ഹബീബ് നഖ് വി പറഞ്ഞു. കോവിഡ് തീവ്ര വ്യാപന ഘട്ടത്തിൽ ഈ അസമത്വം കൂടുതൽ പ്രകടമായി. ന്യൂനപക്ഷ വംശജരോടുള്ള എൻ എച്ച് എസ് ജീവനക്കാരുടെ മോശമായ പെരുമാറ്റം, നവജാത ശിശുക്കളുടെയും അമ്മയുടെയും ആരോഗ്യ സംരക്ഷണത്തിലുണ്ടായ വീഴ്ച, ജനിതക പരിശോധനയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, കൃത്യമായ വിവര ശേഖരണത്തിലുള്ള പിഴവ് എന്നിവയും പ്രധാന പ്രശ്നങ്ങളാണ്.

മാനസികാരോഗ്യ സംരക്ഷണത്തിൽ ഏറ്റവും വലിയ അസമത്വം പ്രകടമാണ്. വെളുത്ത വർഗ്ഗക്കാരെ അപേക്ഷിച്ച് സൈക്കോളജിക്കൽ തെറാപ്പിസ് പ്രോഗ്രാമിലേക്ക് റഫർ ചെയ്യപ്പെട്ട വംശീയ ന്യൂനപക്ഷ രോഗികളുടെ എണ്ണം കുറവാണ്. യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്റർ, യൂണിവേഴ്സിറ്റി ഓഫ് ഷെഫീൽഡ്, യൂണിവേഴ്സിറ്റി ഓഫ് സസെക്സ് എന്നിവരുമായി ചേർന്നാണ് പഠനം പൂർത്തിയാക്കിയത്. നിർണായക മാറ്റത്തിനുള്ള സമയമാണിതെന്ന് മാഞ്ചസ്റ്റർ സർവകലാശാലയിലെ ഡോ. ധർമി കപാഡിയ ട്വിറ്ററിൽ കുറിച്ചു.