Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്വിറ്റ്സർലൻഡ് :- സ്വിസ് ഗവേഷകർ വികസിപ്പിച്ചെടുത്ത ഇമ്പ്ലാന്റിന്റെ സഹായത്തോടെ ആദ്യമായി നടന്നിരിക്കുകയാണ് നട്ടെല്ലിന് സാരമായി പരിക്കേറ്റ മൈക്കിൾ റൊക്കാറ്റി. ഇത് ആദ്യമായാണ് നട്ടെല്ലിന് സാരമായ തോതിൽ ക്ഷതമേറ്റ ആൾ നടക്കുന്നത്. അഞ്ചു വർഷം മുൻപ് നടന്ന ഒരു മോട്ടോർ ബൈക്ക് ആക്സിഡന്റിൽ ആണ് മൈക്കിളിന് പരിക്കേറ്റത്. സ്വിസ് ഗവേഷകർ വികസിപ്പിച്ചെടുത്ത ഇലക്ട്രിക്കൽ ഇമ്പ്ലാന്റ് സർജിക്കൽ പ്രക്രിയയിലൂടെ മൈക്കിളിന്റെ ശരീരത്ത് ഉറപ്പിച്ചതോടെ ആണ് അദ്ദേഹത്തിന് നടക്കാൻ സാധിച്ചിരിക്കുന്നത്. ഇത്രയും പരിക്കേറ്റ ആൾ നടക്കുന്നത് ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണ്. മൈക്കിളിന്റെ സ്പൈനൽകോഡ് അപകടത്തിൽ പൂർണമായി തകർന്നിരുന്നു.

എന്നാൽ ഇത് നട്ടെല്ലിന്റെ ക്ഷതത്തിനുള്ള പൂർണമായ പരിഹാരമല്ലെന്നും, നിത്യജീവിതത്തിൽ ഉപയോഗിക്കാൻ തക്കതായ ടെക്നോളജിയിൽ ഇതിനെ വികസിപ്പിച്ചെടുക്കാൻ ഇനിയും സമയമെടുക്കുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു. വളരെയധികം സന്തോഷമുണ്ടെന്ന് അപകടത്തിനുശേഷം ഒരിക്കലും തനിക്ക് നടക്കാൻ സാധിക്കില്ലെന്നാണ് വിചാരിച്ചതെന്നും മൈക്കിൾ പറഞ്ഞു. മൈക്കിളിന്റെ ചികിത്സയിൽ ഉണ്ടായ പുരോഗതി തന്നെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു എന്ന് അദ്ദേഹത്തെ ചികിത്സിച്ച ന്യൂറോസർജൻ വ്യക്തമാക്കി. മൈക്കിളിന്റെ ആത്മധൈര്യവും അദ്ദേഹം സുഖം പ്രാപിക്കുന്നതിന്റെ വേഗത വർദ്ധിപ്പിച്ചതായി ഡോക്ടർമാർ വ്യക്തമാക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെയിൽ ജിസിഎസ്ഇ, എ-ലെവൽ പരീക്ഷകൾ പുനരാരംഭിക്കുന്നു. കോവിഡ് വ്യാപനത്തിന് ശേഷം ഇതാദ്യമായാണ് പരീക്ഷകൾ നടക്കുന്നത്. കോവിഡ് പഠനത്തിനേല്പിച്ച തടസ്സം കണക്കിലെടുത്ത് പരീക്ഷകൾ കൂടുതൽ ഉദാരമാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഗ്രേഡ് പരിധി കുറവാകാതിരിക്കാൻ സാധ്യതയുണ്ടെന്ന് ഇംഗ്ലണ്ടിന്റെ പരീക്ഷാ റെഗുലേറ്റർ ഓഫ്ക്വൽ പറയുന്നു. എന്നാൽ മുൻ വർഷങ്ങളിലെപോലെ മാർക്ക്‌ ദാനം ഉണ്ടാവില്ല.

വിദ്യാര്‍ത്ഥികളുടെ പഠനനഷ്ടം പരിഹരിക്കുന്നതിനായി പരീക്ഷകളെപറ്റിയുള്ള മുൻ‌കൂർ വിവരങ്ങൾ പരീക്ഷ ബോർഡ് ഇന്ന് പ്രസിദ്ധീകരിച്ചു. കണക്ക്, ജീവശാസ്ത്രം, രസതന്ത്രം, ഭാഷ എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളുടെ പരീക്ഷകളിൽ എന്തെല്ലാം വരുമെന്നതിന്റെ വിശദാംശങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ കോഴ്‌സ് വർക്കിലൂടെ മാത്രം വിലയിരുത്തുന്ന വിഷയങ്ങൾക്ക് മുൻകൂർ വിവരങ്ങൾ നൽകില്ല. ഇംഗ്ലീഷ് സാഹിത്യം, ഭൂമിശാസ്ത്രം, ചരിത്രം എന്നിവയുടെ ചോദ്യ പേപ്പറുകളിൽ കൂടുതൽ ചോയ്സ് ഉണ്ടാവും. ജിസിഎസ്ഇ ഗണിതത്തിലെ ഫോര്‍മുല ഷീറ്റ്, ജിസിഎസ്ഇ ഭൗതികശാസ്ത്രത്തില്‍ പരിഷ്കരിച്ച സമവാക്യ ഷീറ്റ് എന്നിവ പോലുള്ള പരീക്ഷാ സഹായങ്ങളും നൽകും.

കോവിഡ് മഹാമാരി മൂലം തുടരെ രണ്ടു വര്‍ഷവും ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ അധ്യാപക മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മാർക്ക്‌ നൽകിയത്. അധ്യാപക മൂല്യനിർണ്ണയത്തിന് കീഴിൽ കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ വിജയിക്കുകയും ഉയർന്ന മാർക്ക് നേടുകയും ചെയ്തു. ഇതോടെ യൂണിവേഴ്സിറ്റി പ്രവേശനത്തിനും വലിയ തിരക്ക് അനുഭവപ്പെട്ടു. ഈ മാർക്ക്‌ ദാനം അവസാനിപ്പിക്കാൻ മന്ത്രിമാർ രംഗത്തെത്തി. തുടർന്ന് കഴിഞ്ഞ വർഷം തന്നെ വിദ്യാഭ്യാസ വകുപ്പും (ഡി‌എഫ്‌ഇ) റെഗുലേറ്റര്‍ ഓഫ്‌ക്വാലും 2022 ലെ സമ്മര്‍ പരീക്ഷയ്ക്കുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇത് പ്രകാരമാണ് ഇന്ന് പരീക്ഷയെയും ടോപ്പിക്കുകളെയും സംബന്ധിച്ചുള്ള വിശദവിവരങ്ങൾ പുറത്തുവിട്ടത്. വിദ്യാർത്ഥികൾ കൂടുതൽ ആത്മവിശ്വാസത്തോടെ പരീക്ഷകൾ എഴുതുന്നതിനായാണ് വിവരങ്ങൾ മുൻകൂറായി പ്രസിദ്ധീകരിച്ചതെന്ന് വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹാവി പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഒരു വിദേശയാത്ര നടത്താൻ എല്ലാവർക്കും ആഗ്രഹം ഉണ്ടാകും. കുറഞ്ഞ നിരക്കിൽ മെച്ചപ്പെട്ട സൗകര്യങ്ങളോടെ ഒരു യാത്ര എന്നത് പലരുടെയും സ്വപ്നം ആയിരിക്കും. ടിക്കറ്റ് ബുക്ക്‌ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയും മികച്ച ഫ്ലൈറ്റ് ഡീലുകളെ പറ്റിയും വിസ് എയർ പറയുന്നു.
ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ;

കറൻസികൾ മാറ്റി നോക്കുക

ബുക്കിംഗ് സമയത്ത് വിവിധ കറൻസികളുടെ മൂല്യം നോക്കാൻ വിസ് എയർ പറയുന്നു. കാരണം, നിലവിലെ കറൻസിക്ക് പകരം ലക്ഷ്യസ്ഥാനത്തെ കറൻസിയിൽ നിങ്ങളുടെ ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നതിലൂടെ കുറഞ്ഞ ഡീൽ ലഭിച്ചേക്കാം.

‘ഫ്ലെക്‌സിബിൾ വിത്ത് ഡേറ്റ്സ്‌’ ഓപ്‌ഷൻ

എന്തെങ്കിലും ബുക്ക് ചെയ്യുമ്പോൾ, തിരക്കേറിയ സമയങ്ങൾ സാധാരണയായി ചെലവ് കൂടുന്നതായി കാണാം. അതിനാൽ യാത്ര ചെയ്യാനുള്ള തീയതിയും സമയവും മാറ്റി പണം ലാഭിക്കാം. സെർച്ച് ഫംഗ്‌ഷനിൽ പലപ്പോഴും എയർലൈനുകൾ ‘ഫ്ലെക്‌സിബിൾ വിത്ത് ഡേറ്റ്സ്‌’ ഓപ്‌ഷൻ നൽകും. അതിനാൽ നിങ്ങൾക്ക് വ്യത്യസ്ത ഫ്ലൈറ്റുകളുടെ വില താരതമ്യം ചെയ്യാം. പലപ്പോഴും രാത്രി ഫ്ലൈറ്റുകൾ പകൽ സമയത്തേക്കാൾ വിലകുറഞ്ഞതാണെന്ന് വിസ് എയർ ചൂണ്ടിക്കാട്ടുന്നു.

ബുക്കിംഗ് സമയത്ത് മികച്ച ഡീലുകൾ തിരയുക.

ഒരു റിട്ടേൺ ട്രിപ്പിന് പകരം രണ്ട് വ്യത്യസ്ത ബുക്കിംഗ് നടത്തുന്നത് ചിലപ്പോൾ ചെലവ് കുറച്ചേക്കാം. എന്നാൽ ഇത് എപ്പോഴും ലഭിക്കണമെന്നില്ല. ബുക്കിംഗ് സമയത്ത് രണ്ട് രീതിയും പരിശോധിക്കുക എന്നതാണ് മികച്ച മാർഗം.

ബുക്കിംഗ് നേരത്തെ തന്നെ

അവസാന നിമിഷ ഡീലുകൾ നിലവിലുണ്ടെങ്കിലും, മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതാണ് ഉചിതം. എട്ടാഴ്ച മുൻപ് തന്നെ ടിക്കറ്റ് ബുക്ക്‌ ചെയ്യുന്നത് പണം ലാഭിക്കാനുള്ള മാർഗ്ഗമാണെന്ന് എയർലൈൻ നിർദേശിക്കുന്നു.

വ്യക്തിഗതമായി ബുക്ക് ചെയ്യുക

ആളുകൾ ഒരു ഗ്രൂപ്പായി യാത്ര ചെയ്യുമ്പോൾ ചെലവേറുമെന്ന് വിസ് എയർ ടീം പറയുന്നു. അതിനാൽ നിങ്ങൾക്ക് സമയമുണ്ടെങ്കിൽ വ്യക്തിഗതമായി ബുക്ക് ചെയ്യുന്നതാണ് ചെലവ് ചുരുക്കാനുള്ള മാർഗം.

ഫോളോ, ലൈക്ക്, സബ്സ്ക്രൈബ്

നിങ്ങൾ സോഷ്യൽ മീഡിയയിൽ എയർലൈൻ കമ്പനികളെ പിന്തുടരുന്നുണ്ടെന്നും മാർക്കറ്റിംഗ് ഇമെയിലുകൾക്കായി സൈൻ അപ്പ് ചെയ്‌തിട്ടുണ്ടെന്നും ഉറപ്പാക്കുക. ഏറ്റവും പുതിയ ഡീലുകളെയും ഡിസ്കൗണ്ടുകളെയും കുറിച്ച് ആദ്യം അറിയാൻ ശ്രമിക്കുക. പല എയർലൈനുകളും അവരുടെ ഫോളോവേഴ്സിന് എക്സ്ക്ലൂസീവ് ഡീലുകൾ വാഗ്‌ദാനം ചെയ്യുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിലെ സ്കൂൾ കുട്ടികൾക്ക് പ്രത്യേകിച്ച് താഴ്ന്ന ക്ലാസുകളിൽ പഠിക്കുന്നവരുടെ ഇടയിൽ അഞ്ചാംപനി പടർന്നുപിടിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. അഞ്ചാംപനിക്കെതിരെയുള്ള വാക്സിനേഷൻ നിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേയ്ക്ക് താഴ്ന്നതാണ് ആരോഗ്യ പ്രവർത്തകരിൽ ആശങ്കയുളവാക്കുന്നത്. അഞ്ചു വയസ്സിനുള്ളിൽ എടുക്കുന്ന രണ്ട് ഡോസ് എംഎംആർ വാക്സിൻ ആണ് അഞ്ചാം പനിയെ തടയുന്നത്.

രോഗമുള്ളവരുമായി സമ്പർക്കത്തിൽ വരുന്ന പത്തിൽ ഒൻപതു പേർക്ക് വരാൻ സാധ്യതയുള്ള അഞ്ചാംപനി കോവിഡിനേക്കാൾ വ്യാപന ശേഷിയുള്ളതും കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതുമാണ്. എന്നാൽ രണ്ട് ഡോസ് എം എം ആർ വാക്സിൻ അഞ്ചാംപനി, റുബെല്ലെയ്ക്കെതിരെ 99 ശതമാനവും മുണ്ടിനീരിനെതിരെ 88 ശതമാനവും സംരക്ഷണം നൽകും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് കാലത്ത് ബ്രിട്ടനിൽ ഭൂരിഭാഗം പ്രൈവറ്റ് സ്കൂളുകളും ഗ്രേഡിങ് സംവിധാനം ദുരുപയോഗം ചെയ്തതായി സൺഡേ ടൈംസ് നടത്തിയ അന്വേഷണത്തിൽ പുറത്തുവന്നിരിക്കുകയാണ്. അവസാനമായി ഇത്തരം സ്കൂളുകളിൽ വിദ്യാർഥികൾക്കായി പബ്ലിക് പരീക്ഷ നടത്തിയത് 2019 ലാണ്. അതിനുശേഷം ലോക്ക്ഡൗൺ മൂലം പബ്ലിക് പരീക്ഷകൾ നടക്കാതെ വരികയും, ഈ സാഹചര്യം സ്കൂൾ മാനേജ്മെന്റുകൾ മുതലെടുക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഈ കാലഘട്ടത്തിൽ എ -സ്റ്റാർ ഗ്രേഡുകൾ നേടിയ വിദ്യാർത്ഥികളുടെ എണ്ണം 2019 -നെ അപേക്ഷിച്ച് ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. 2019 -ൽ 16.1 ശതമാനം വിദ്യാർത്ഥികൾക്ക് മാത്രമായിരുന്നു എ – ലെവൽ പരീക്ഷകളിൽ എ- സ്റ്റാർ ഗ്രേഡെങ്കിൽ, പബ്ലിക് പരീക്ഷ ഇല്ലാതിരുന്ന സമയങ്ങളിൽ ഇതു 39.5 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടീച്ചർമാർ തന്നെ കുട്ടികൾക്ക് മാർക്ക് നൽകുന്ന രീതി ആയിരുന്നു ഈ സമയം നടപ്പിലാക്കിയിരുന്നത്.

21000 പൗണ്ട് ഒരുവർഷം ഫീസായി വിദ്യാർഥികളിൽനിന്ന് ഈടാക്കുന്ന ലണ്ടനിലെ എഡ്ഗ്വെയറിലെ ഗേൾസ് സ്കൂളിലാണ് ഏറ്റവും കൂടുതൽ എ-സ്റ്റാർ ഗ്രേഡ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. 2019 -ൽ ഈ സ്കൂളിൽ 33.8 ശതമാനം വിദ്യാർഥികൾക്കായിരുന്നു എ-സ്റ്റാർ ഗ്രേഡെങ്കിൽ, കോവിഡ് കാലത്ത് 90.2 ശതമാനം വിദ്യാർഥികൾക്ക് ഈ ഗ്രേഡ് ലഭിച്ചു. ഇതുമൂലം സ്റ്റേറ്റ് സ്കൂളുകളിൽ പഠിച്ച വിദ്യാർഥികൾക്ക് യൂണിവേഴ്സിറ്റികളിലും മറ്റും അഡ്മിഷൻ ലഭിക്കുവാൻ ബുദ്ധിമുട്ടേണ്ടതായി വരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നും ഇത് സംബന്ധിച്ച് വ്യക്തമായ അന്വേഷണം വേണമെന്ന ആവശ്യം വിവിധ ഭാഗങ്ങളിൽ നിന്നും ഉയർന്നു വന്നിട്ടുണ്ട്.

സ്റ്റേറ്റ് സ്കൂളുകളിൽ ചെറിയതോതിലുള്ള ഗ്രേഡ് വർദ്ധനവ് മാത്രമാണ് ഉണ്ടായിരിക്കുന്നതെന്ന് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഈ സമ്മറിൽ എ – ലെവൽ പരീക്ഷകളും മറ്റും ഉണ്ടാകുമോ എന്നത് സംബന്ധിച്ച് ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഇനിയും തീരുമാനമായിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടീഷ് ഡ്രൈവർമാരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിട്ടുകൊണ്ട് രാജ്യത്ത് ഇന്ധന വില വീണ്ടും ഉയരുന്നു. ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയിലാണ് എണ്ണ വ്യാപാരം നടക്കുന്നതെന്നും മൊത്ത ഇന്ധനച്ചെലവ് വീണ്ടും വർദ്ധിക്കുകയാണെന്നും ആർഎസി ഇന്ധന വക്താവ് സൈമൺ വില്യംസ് മുന്നറിയിപ്പ് നൽകി. രാജ്യത്ത് പണപെരുപ്പം കുതിച്ചുയരുകയാണ്. ഇതിനു സമാനമായി വിലക്കയറ്റം രൂക്ഷമായതോടെ മലയാളികൾ അടക്കമുള്ള കുടുംബങ്ങൾ ജീവിക്കാൻ ബുദ്ധിമുട്ടുകയാണ്. ലോകമാകെ ഇന്ധന വിതരണത്തില്‍ ഉണ്ടായ കുറവ് മൂലം യുകെയില്‍ ഉല്‍പ്പന്ന വിതരണത്തിലും ചെലവ് ഉയര്‍ന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കപ്പല്‍ ഗതാഗത ചിലവില്‍ ഉണ്ടായ ഭീമമായ വര്‍ധനയും വിലക്കയറ്റത്തിന് കാരണമായി.

ഇപ്പോൾ ആഴ്ചയിൽ 90 പൗണ്ടിന് (£66) മുകളിലാണ് എണ്ണ വ്യാപാരം നടക്കുന്നത്. ഏഴു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. ഇത് കാരണം ഫോർകോർട്ട് വില ഉയർത്താൻ ചില്ലറ വ്യാപാരികൾ നിർബന്ധിതരാകുന്നു. ഊർജപ്രതിസന്ധിയിൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടേക്കാമെന്ന് സ്കോട്ടിഷ് എനർജി സെക്രട്ടറി മൈക്കൽ മാതസൻ പറഞ്ഞിരുന്നു. പല കുടുംബങ്ങളും അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യാൻ യുകെ സർക്കാർ നിർദ്ദേശിച്ച നടപടി അപര്യാപ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വിലക്കയറ്റം നേരിടാൻ സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നാണ് ഊർജ മന്ത്രി ഗ്രെഗ് ഹാൻഡ്‌സിന്റെ വാദം. എന്നാൽ സർക്കാർ എണ്ണ, വാതക കമ്പനികളുമായി ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിദിനം ജീവിക്കാനായി ബുദ്ധിമുട്ടുന്നവരെ വലിയ ദുരിതത്തിലേക്ക് തള്ളിവിടുന്നതാണ് ഇന്ധന വില വർധനവും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടീഷ് രാജസിംഹാസനത്തിൽ എഴുപത് വർഷം പൂർത്തിയാക്കിയെന്ന അത്യപൂർവ നേട്ടത്തിന് ഉടമയാണ് എലിസബത്ത് രാജ്‍ഞി. ഇന്നാണ് ആ ദിനം. പിതാവിന്റെ മരണത്തെ തുടർന്ന് 1952 ഫെബ്രുവരി ആറിനാണ് എലിസബത്ത് രാജ്‍ഞി രാജസിംഹാസനത്തിന് ഉടമയായത്. പിതാവ് ജോർജ് ആറാമന്റെ ചരമദിനം കൂടിയായതിനാൽ ഇന്ന് 70–ാം വാർഷികാഘോഷങ്ങളില്ല. പകരം ജൂണിൽ 4 ദിവസം നീളുന്ന ആഘോഷചടങ്ങുകൾ ഉണ്ട്. ജൂൺ രണ്ട് മുതൽ അഞ്ച് വരെ നാല് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. വാർഷികത്തോടനുബന്ധിച്ച് രാജ്യവ്യാപക പുഡിങ്​ മത്സരങ്ങൾ, സൈനിക പരേഡുകൾ, പാർട്ടികൾ എന്നിവ സംഘടിപ്പിക്കും. ഏറ്റവും കൂടുതൽ കാലം ബ്രിട്ടിഷ് രാജസിംഹാനത്തിലിരുന്ന വ്യക്തിയെന്ന റെക്കോർഡ് ഏഴു വർഷം മുൻപ് 95കാരിയായ എലിസബത്ത് മറികടന്നു.

സിംഹാസനാരോഹണത്തിന്റെ രജത ജൂബിലി ആഘോഷ വേളയിൽ ഏറെ സന്തോഷവതിയായാണ് രാജ്ഞി സന്ദേശം നൽകിയത്. സന്ദേശത്തിന്റെ ഉള്ളടക്കം ഇങ്ങനെ ; ‘സിംഹാസനാരോഹണത്തിന്റെ വാർഷികം എന്ന പോലെ എന്റെ പിതാവ് ജോർജ്ജ് ആറാമന്റെ മരണത്തെ കുറിച്ച് ഞാൻ ഓർക്കുന്ന ഒരു ദിവസമാണിത്. കഴിഞ്ഞ ഏഴു പതിറ്റാണ്ടുകൾ സാമൂഹികമായും സാങ്കേതികമായും സാംസ്കാരികമായും അസാധാരണമായ പുരോഗതി നാം കൈവരിച്ചു. എന്റെ കുടുംബത്തിന്റെ സ്‌നേഹനിർഭരമായ പിന്തുണ ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്. എപ്പോഴും എന്നോട് ചേർന്ന് നിന്ന് നിസ്വാർത്ഥമായി പ്രവർത്തിച്ച ഫിലിപ്പ് രാജകുമാരൻ എന്റെ ഭാഗ്യമായിരുന്നു. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ എനിക്ക് തുടർന്നും നൽകുന്ന വിശ്വസ്തതയ്ക്കും വാത്സല്യത്തിനും ഞാൻ നന്ദിയുള്ളവളായിരിക്കും. എന്റെ മകൻ ചാൾസ് രാജാവാകുമ്പോൾ, നിങ്ങൾ എനിക്ക് നൽകിയ അതേ പിന്തുണ അവനും അവന്റെ ഭാര്യ കാമിലയ്ക്കും നൽകുമെന്നറിയാം. കാമില തന്റെ വിശ്വസ്ത സേവനം തുടരുന്നതിനാൽ അവൾ ‘ക്വീൻ കൺസോർട്ട്’ ( Queen Consort- പട്ടമഹിഷി) എന്ന് അറിയപ്പെടണമെന്നാണ് എന്റെ ആത്മാർത്ഥമായ ആഗ്രഹം. (ഈ പദവി നൽകുന്നതിലൂടെ കാമില ഭാവിയിൽ രാജ്ഞി എന്നറിയപ്പെടും) അതിനാൽ, പൂർണ്ണഹൃദയത്തോടെ നിങ്ങളെ സേവിക്കുന്നത് തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ജൂബിലി കുടുംബങ്ങളെയും സുഹൃത്തുക്കളെയും അയൽക്കാരെയും സമൂഹത്തെയും കൂട്ടിയോജിപ്പിക്കുന്നതാകണം.’

ബ്രിട്ടിഷ് രാജ പദവിയിലെത്തിയ നാൽപതാമത്തെ വ്യക്തിയാണ് എലിസബത്ത് രാജ്ഞി. എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് വിൻസ്റ്റൺ ചർച്ചിൽ മുതൽ 14 പേർ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരായി. ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ പടമുള്ള ഭരണാധികാരിയെന്ന നിലയിൽ ഗിന്നസ് ബുക്കിൽ രാജ്ഞി ഇടം നേടിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഡൗണിങ് സ്ട്രീറ്റിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുടെയെല്ലാം കാരണം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഭാര്യ ക്യാരി ആണെന്ന വെളിപ്പെടുത്തലാണ് ലോർഡ് ആഷ്ക്രോഫ്റ്റിന്റെ പുതുതായി പുറത്തിറക്കുന്ന പുസ്തകത്തിലുള്ളത്. ക്യാരിയും അവരുടെ സുഹൃത്തുക്കളും നിയന്ത്രിക്കുന്ന ഒരു വ്യക്തി മാത്രമാണ് ബോറിസ് ജോൺസൻ എന്ന് പുസ്തകം കുറ്റപ്പെടുത്തുന്നു. തന്റെ ഔദ്യോഗിക ഉപദേശകരുടെ അഭിപ്രായത്തെക്കാൾ, ബോറിസ് ജോൺസൻ തന്റെ ഭാര്യയുടേയും സുഹൃത്തുക്കളുടെയും അഭിപ്രായങ്ങൾക്കാണ് വില കൊടുക്കുന്നത്. എന്നാൽ പുസ്തകത്തിലുള്ളത് വെറും അടിസ്ഥാനരഹിതമായ കുറ്റപ്പെടുത്തലുകൾ മാത്രമാണെന്നും, ഇത് വളരെ ആസൂത്രിതമായ നീക്കമാണെന്നും ക്യാരിയുടെ വക്താവ് വ്യക്തമാക്കി. ” ഫസ്റ്റ് ലേഡി : ഇൻട്രിഗ് അറ്റ് ദി കോർട്ട് ഓഫ് ക്യാരി & ബോറിസ് ജോൺസൻ ‘ എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകം പ്രധാനമന്ത്രിക്കെതിരെയും ഭാര്യക്കെതിരെയും ശക്തമായ കുറ്റപ്പെടുത്തലുകൾ ആണ് മുന്നോട്ടു വയ്ക്കുന്നത്.

ഡൗണിങ് സ്ട്രീറ്റ് പാർട്ടി വിവാദവും, പണപ്പെരുപ്പവുമെല്ലാമായി ശക്തമായ പ്രതിസന്ധികൾ നേരിടുന്ന പ്രധാനമന്ത്രിക്ക് മേൽ ഏറ്റിരിക്കുന്ന ശക്തമായ തിരിച്ചടിയാണ് ലോർഡ് ആഷ്ക്രോഫ്റ്റിൻെറ പുസ്തകം. പുസ്തകം യുകെയിലെ പ്രമുഖ പത്രമായ ഡെയ്‌ലി മെയിൽ വിവിധ പംക്തികളായി പ്രസിദ്ധീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പാർട്ടി വിവാദത്തിലും ക്യാരിക്ക് പങ്കുണ്ടെന്നാണ് ആഷ്ക്രോഫ്റ്റ് ആരോപിക്കുന്നത്. തന്റെ ഉദ്ദേശം ഒരുതരത്തിലും പ്രധാനമന്ത്രിയെ അപമാനിക്കുകയല്ലെന്നും, മറിച്ച് അദ്ദേഹത്തിന്റെ പൂർണ്ണ കഴിവ് ഉപയോഗിച്ച് രാജ്യത്തിന്റെ ഭരണചക്രം നിയന്ത്രിക്കുവാൻ പ്രേരിപ്പിക്കുകയാണെന്നും ആഷ്ക്രോഫ്റ്റ് പറഞ്ഞു.

മിനു നെയ്‌സൺ പള്ളിവാതുക്കൽ

ചേരുവകൾ

¾ കപ്പ് മൈദ
½ കപ്പ് പാൽ
½ കപ്പ് പഞ്ചസാര
1 മുട്ട
40 ഗ്രാം വെണ്ണ
¼ ടീസ്പൂൺ വാനില എസ്സെൻസ്
1 ടീസ്പൂൺ ബേക്കിംഗ് പൗഡർ
1 ടേബിൾസ്പൂൺ പൊടിച്ച പഞ്ചസാര
3 ടേബിൾസ്പൂൺ + 1½ ടേബിൾസ്പൂൺ ജാം ( Mixed Fruit )
3 ടേബിൾസ്പൂൺ ഉണങ്ങിയ തേങ്ങ
1 നുള്ള് ഉപ്പ്


പാചകം ചെയ്യുന്ന വിധം

ഓവൻ 180°C യിൽ പ്രീ ഹീറ്റ് ചെയ്യുക

ബേക്കിംഗ് ട്രേയിൽ ബേക്കിംഗ് പേപ്പർ നിരത്തി മാറ്റി വയ്ക്കുക

വെണ്ണയും പാലും തിളപ്പിക്കുക. മിക്‌സർ ജാറിൽ പഞ്ചസാരയും മുട്ടയും നല്ലതു പോലെ ബ്ലെൻഡ് ചെയ്യുക.

ഇതിലേക്ക് മൈദ, പാൽപ്പൊടി, ബേക്കിംഗ് പൗഡർ, ഉപ്പ് എന്നിവ ചേർക്കുക

ഇനി ചെറുചൂടുള്ള വെണ്ണയും പാലും ചേർത്ത് മിക്സർ ജാറിൽ ബ്ലെൻഡ് ചെയ്യുക. (ബാറ്റർ അമിതമായി ബ്ലെൻഡ് ചെയ്യരുത്.)

തയ്യാറാക്കിയ ബേക്കിംഗ് ട്രേയിൽ ബാറ്റർ പരത്തി, ഓവനിൽ 8-10 മിനിറ്റ് ബേക്ക് ചെയ്യുക

അതിനുശേഷം 2 മിനിറ്റ് തണുപ്പിക്കുക.

കൗണ്ടർ ടോപ്പിൽ ഒരു ബേക്കിംഗ് പേപ്പർ വിരിച്ച് പൊടിച്ച പഞ്ചസാര വിതറുക .

പൊടിച്ച പഞ്ചസാരയുടെ മേൽ കേക്ക് ശ്രദ്ധാപൂർവ്വം ഫ്ലിപ്പുചെയ്യുക, ബേക്കിംഗ് പേപ്പർ പൊളിച്ചെടുക്കുക.

അതിനുശേഷം ജാം ഒരു സ്പൂൺ ഉപയോഗിച്ച് ഇളക്കി സ്മൂത്ത് ആക്കി (3 ടേബിൾസ്പൂൺ ) കേക്കിൽ പരത്തുക.

ചൂടുള്ളപ്പോൾ തന്നെ ഒരു സിലിണ്ടർ രൂപത്തിൽ കേക്ക് ശ്രദ്ധാപൂർവ്വം ചുരുട്ടുക.
(കേക്ക് പൂർണ്ണമായും തണുക്കുന്നതിന് മുമ്പ് കേക്ക് ഉരുട്ടുന്നത് പൂർത്തിയാക്കിയെന്ന് ഉറപ്പാക്കുക)

അതേ ബേക്കിംഗ് പേപ്പർ ഉപയോഗിച്ച് ജാംറോൾ പൊതിഞ്ഞ് കുറഞ്ഞത് 30 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക.

ജാംറോൾ പുറത്തെടുത്ത് ബാക്കിയുള്ള ജാം (1½ ടേബിൾസ്പൂൺ ) പരത്തി, അതിനുമുകളിൽ ഡെസിക്കേറ്റഡ് കോക്കനട്ട് വിതറുക

അതിനുശേഷം ജാംറോൾ, കഷണങ്ങളായി മുറിക്കുക.

രുചികരമായ ബേക്കറി സ്റ്റൈൽ ജാംറോൾ തയ്യാർ

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

 

എച്ച്ഐവിയുടെ കൂടുതൽ മാരകമായ ജനിതക വകഭേദം കണ്ടെത്തി. നിലവിലുള്ള വൈറസിൻ്റെ ഇരട്ടി വേഗത്തിൽ പടരുകയും വ്യക്തികളെ രോഗിയാക്കുകയും ചെയ്യുന്ന പുതിയ വൈറസ് വകഭേദം കണ്ടെത്തിയത് നെതർലാൻഡിലാണ് . വിബി വേരിയൻ്റ് എന്നാണ് പുതിയ വകഭേദത്തിന് നൽകിയിരിക്കുന്ന പേര്.

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ പഠനം അനുസരിച്ച് പുതിയ വേരിയൻ്റ് ഇതുവരെ 109 പേരെയെങ്കിലും ബാധിച്ചിട്ടുണ്ട്. വൈറസിൻ്റെ പുതിയ ജനിതക വകഭേദം രോഗപ്രതിരോധ സംവിധാനത്തെ നശിപ്പിക്കുകയും എച്ച്ഐവിയുടെ പഴയ രൂപത്തേക്കാൾ പെട്ടെന്ന് മനുഷ്യശരീരത്തിൻ്റെ അണുബാധകളെയും രോഗങ്ങളെയും ചെറുക്കാനുള്ള പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും ചെയ്യും . ഇതിൻറെ ഫലമായി പുതിയ വൈറസ് വകഭേദം പിടിപെടുന്നവർ കൂടുതൽ ഗുരുതരമായ എയ്ഡ്സ് രോഗികളാകാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ബ്രിട്ടീഷുകാർ വർഷത്തിലൊരിക്കലെങ്കിലും എച്ച്ഐവി ടെസ്റ്റ് നടത്തണമെന്നാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത് . സ്വവർഗ്ഗ അനുരാഗികളായവർ മൂന്നു മാസത്തിലൊരിക്കൽ പരിശോധന നടത്തേണ്ടതാണ്. നിലവിൽ ഒരു ലക്ഷം ബ്രിട്ടീഷുകാരും ഒരു ദശലക്ഷത്തിലധികം അമേരിക്കക്കാരും എച്ച്ഐവി ബാധിതരാണെന്നാണ് കരുതപ്പെടുന്നത്.

RECENT POSTS
Copyright © . All rights reserved