ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പെന്‍സില്‍വാനിയ: വംശീയ വിദ്വേഷികളെ കാറിൽ നിന്നും പുറത്താക്കിയ ടാക്സി ഡ്രൈവറാണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ താരം. ജെയിംസ് ഡബ്ല്യു ബോഡ് എന്നയാളാണ് വർണവിവേചനത്തിനെതിരെ പ്രതിഷേധിച്ച് ഹീറോയായത്. അമേരിക്കയിലെ പെന്‍സില്‍വാനിയയിൽ മെയ് 13നായിരുന്നു സംഭവം. പെന്‍സില്‍വാനിയയിലെ ഫോസില്‍സ് ലാസ്റ്റ് സ്റ്റാന്റ് ബാറിനടുത്ത് നിന്നാണ് ജാക്കി എന്ന സ്ത്രീ ജെയിംസിന്റെ കാറില്‍ കയറിയത്. കാറിൽ കയറിയ ഉടൻ ജാക്കി പറഞ്ഞത് ഇങ്ങനെയാണ് – ‘കൊള്ളാം, നിങ്ങള്‍ ഒരു വെള്ളക്കാരനെപ്പോലെയാണ്’. ഇതിനോട് അപ്പോള്‍ തന്നെ അനിഷ്ടഭാവത്തില്‍ ജെയിംസ് പ്രതികരിച്ചിരുന്നു. എന്താണ് ഉദ്ദേശിച്ചതെന്ന ചോദ്യത്തിന് ജെയിംസിന്റെ തോളില്‍ തട്ടി, നീ ഒരു സാധാരണക്കാരനെപ്പോലെയാണോ? നീ ഇംഗ്ലീഷ് സംസാരിക്കുന്നു? എന്ന് പറഞ്ഞായിരുന്നു സ്ത്രീയുടെ പ്രതികരണം.

‘നിങ്ങൾക്ക് പുറത്തിറങ്ങാം. ഞാൻ യാത്ര റദ്ദാക്കുകയാണ്.’ എന്ന മറുപടി പറയാൻ ജെയിംസിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇത് തികച്ചും അനുചിതമാണെന്ന് ജെയിംസ് ആവർത്തിച്ചു. വെളുത്തവരല്ലെങ്കില്‍ ഈ സീറ്റില്‍ ഇരുന്നാല്‍ എന്താണ് കുഴപ്പം എന്നും ജെയിംസ് ചോദിച്ചു.
കാറിൽ നിന്നിറങ്ങാൻ ആവശ്യപ്പെട്ടതോടെ ജാക്കിയുടെ കൂടെയുണ്ടായിരുന്ന ആൾ ജെയിംസിനെ അസഭ്യം പറയാന്‍ തുടങ്ങി. ശാരീരികമായി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി. കാറിന്റെ ഡാഷ്ബോർഡ് ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ മെയ് 14 ന് ജെയിംസ് ഫേസ്ബുക്കിൽ പങ്കിട്ടു. വംശീയവാദികളായ യാത്രക്കാര്‍ക്കെതിരെ പ്രതിഷേധിച്ച ക്യാബ് ഡ്രൈവറെ സമൂഹ മാധ്യമങ്ങളിലൂടെ ഒട്ടേറെ പേരാണ് അഭിനന്ദിച്ചത്. യാത്രക്കാരുടെ ഭീഷണിയെത്തുടർന്ന് ജെയിംസ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കടപ്പാട് – nowthisnews
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : കുതിച്ചുയരുന്ന ജീവിതച്ചെലവ് പ്രതിസന്ധിയിൽ ദുരിതത്തിലായ കുടുംബങ്ങൾക്ക് താത്കാലിക ആശ്വാസമേകാനുള്ള പദ്ധതികളുമായി ചാൻസലർ റിഷി സുനക്. വാം ഹോം ഡിസ്‌കൗണ്ട് പദ്ധതിയിൽ വർധന വരുത്തി കുടുംബങ്ങളെ പിന്തുണയ്ക്കാനാണ് ചാൻസലർ ശ്രമിക്കുന്നത്. ശരത്കാലത്തിലെ പൊതുവായ നികുതിയിളവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുമ്പ് ജൂലൈയിൽ എനർജി ബില്ലുകളെ നേരിടാൻ ഒരു പ്രത്യേക പാക്കേജ് ചാൻസലർ അവതരിപ്പിക്കുമെന്ന് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും സാധാരണക്കാരായ മൂന്ന് മില്ല്യണ്‍ ജനങ്ങള്‍ക്ക് ഒക്ടോബറിലെ ബില്ലുകളില്‍ 150 പൗണ്ട് കിഴിവ് നല്‍കുന്നുണ്ട്. ഇതിന് പുറമെയാണ് ഒറ്റത്തവണ കിഴിവായി 300 പൗണ്ട്, 500 പൗണ്ട്, 600 പൗണ്ട് എന്നിങ്ങനെ കുറയ്ക്കാന്‍ ട്രഷറി ഉദ്യോഗസ്ഥര്‍ ഒരുങ്ങുന്നത്.

1 ബില്ല്യണ്‍ പൗണ്ടിലേറെ അധിക ചെലവ് വരുന്നത് സര്‍ക്കാര്‍ നേരിട്ട് ഫണ്ട് ചെയ്യും. ഇത് എനര്‍ജി ബില്ലുകള്‍ വഴി തിരിച്ചുപിടിക്കില്ല. വാം ഹോം ഡിസ്‌കൗണ്ട് പദ്ധതി ഒക്ടോബറിൽ പുനരാരംഭിക്കും. ബില്ലുകളില്‍ നൽകുന്ന കിഴിവ് 140 പൗണ്ടിൽ നിന്നും 150 പൗണ്ട് ആയി ജൂലൈയിൽ ഉയർത്തും. എനർജി റെഗുലേറ്റർ ഓഫ്‌ജെം കഴിഞ്ഞ മാസം വില പരിധി 700 പൗണ്ട് വർദ്ധിപ്പിച്ചതിന് ശേഷമാണ് വാം ഹോം ഡിസ്‌കൗണ്ട് സ്കീമിൽ വർധന വരുത്താൻ തീരുമാനമുണ്ടായത്.
ഏപ്രില്‍ മാസത്തില്‍ പണപ്പെരുപ്പം 9.1 ശതമാനത്തിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഘട്ടത്തില്‍ ജനങ്ങളെ സഹായിക്കാന്‍ ചാന്‍സലര്‍ ഇടപെടണമെന്ന ആവശ്യം ടോറി എംപിമാര്‍ ശക്തമാക്കിയിരുന്നു.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- 45 മുതൽ 70 വയസ്സ് വരെയുള്ള ജോലിക്കാർക്ക് തങ്ങളുടെ സ്റ്റേറ്റ് പെൻഷൻ 800 പൗണ്ടിൽ നിന്നും 5500 പൗണ്ടിലേക്ക് എപ്രകാരം വർദ്ധിപ്പിക്കാമെന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ബ്രിട്ടീഷ് ധനകാര്യ വിദഗ്ധനും മാധ്യമപ്രവർത്തകനുമായ മാർട്ടിൻ ലൂയിസ് നൽകിയിരിക്കുകയാണ്. നിലവിൽ 2016 ഏപ്രിൽ ആറിനു മുൻപ് പെൻഷൻ പ്രായമായ ഒരാൾക്ക് ലഭിക്കുന്നത് ഒരാഴ്ചയിൽ 185.15 പൗണ്ട് എന്ന തരത്തിലാണ്. അതിനാൽ ഈ തുക പൂർണമായും ലഭിക്കണമെങ്കിൽ, 35 വർഷത്തോളം നീണ്ട നാഷണൽ ഇൻഷുറൻസ് കോൺട്രിബ്യൂഷൻ ഒരു വ്യക്തിയ്ക്ക് ഉണ്ടായിരിക്കണം എന്നതാണ് നിയമം. എന്നാൽ ഈ കാലാവധി 35 വർഷത്തിൽ കുറവായാൽ, ലഭിക്കുന്ന പെൻഷൻ തുകയും കുറയും. ഭൂരിഭാഗം ആളുകളും ജോലി ചെയ്യുന്ന സമയത്ത് തന്നെ നാഷണൽ ഇൻഷുറൻസ് ക്രെഡിറ്റുകൾ വർധിപ്പിക്കാനുള്ള എല്ലാ മാർഗങ്ങളും ചെയ്യാറാണ് സാധാരണയായി പതിവ്. എന്തെങ്കിലും കാരണത്താൽ ജോലിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ അത് റെക്കോർഡിൽ വിടവുകൾ സൃഷ്ടിക്കുകയും, പെൻഷൻ തുകയെ കാര്യമായി ബാധിക്കുകയും ചെയ്യും. നിലവിലെ സാഹചര്യത്തിൽ ഇത്തരത്തിലുള്ള വിടവുകൾ നികത്തുവാൻ, ജനങ്ങൾക്ക് സാധിക്കും. എന്നാൽ ഈ സാഹചര്യം 2023 ഏപ്രിൽ അഞ്ചു വരെ മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് മാർട്ടിൻ ലൂയിസ് മുന്നറിയിപ്പ് നൽകുന്നു.

പുതിയ മാറ്റങ്ങൾ നിലവിൽ വരുമ്പോൾ വിടവുകൾ നികത്താനായി ജനങ്ങൾക്ക് പണം മൂലം വാങ്ങാവുന്ന വർഷങ്ങളുടെ എണ്ണം കുറയുമെന്ന് മണി സേവിങ് എക്സ്പേർട്ട് ന്യൂസ് ലെറ്ററിൽ മാർട്ടിൻ വ്യക്തമാക്കി. നിലവിൽ ഒരു മുഴുവൻ വർഷത്തിന് 800 പൗണ്ട് എന്ന കണക്കിൽ ആണ് തുക അടക്കേണ്ടതെങ്കിൽ, ഇത് ഒരു വർഷം ഉള്ള സ്റ്റേറ്റ് പെൻഷനോടൊപ്പം 275 പൗണ്ട് കൂടെ വർധിപ്പിക്കുന്നതിന് ഇടയാക്കും. ഇത്തരത്തിൽ കുറഞ്ഞ തുക ചെലവാക്കി നാഷണൽ ഇൻഷുറൻസ് റെക്കോർഡിൽ ഉള്ള വിടവുകൾ നികത്തിയാൽ വാർദ്ധക്യകാലത്ത് വളരെ നല്ല തുക സ്റ്റേറ്റ് പെൻഷനായി ലഭിക്കുമെന്ന ഉറപ്പാണ് മാർട്ടിൻ ലൂയിസ് ജനങ്ങൾക്ക് നൽകുന്നത്. എന്നാൽ ഇത് കൃത്യ സമയത്ത് എല്ലാവരും ചെയ്യണമെന്ന നിർദ്ദേശമാണ് അദ്ദേഹം തന്റെ ന്യൂസ് ലെറ്ററിലൂടെ വ്യക്തമാക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഗെയിൻസ്ബറോ: യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി മറ്റൊരു മരണം. ലിങ്കൺഷയറിലെ ഗെയിൻസ്ബറോയിൽ താമസിക്കുന്ന മലയാളി നേഴ്സാണ് മരണമടഞ്ഞത്. ചെങ്ങന്നൂർ മുളക്കുഴ കോട്ട ശ്രീശൈലം വീട്ടിൽ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ വേണുഗോപാലിൻ്റെ ഭാര്യ റിട്ട. നേഴ്സിംഗ് സൂപ്രണ്ട് സതി വേണുഗോപാലാണ് അന്തരിച്ചത്. 63 വയസ്സായിരുന്നു.
യുകെയിൽ കഴിഞ്ഞ 17 വർഷമായി ജോലി ചെയ്ത് വരികയായിരുന്നു. ഇന്നലെ രാവിലെ ഹൾ കാസിൽ ഹിൽ ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. മകൻ വിപിൻ കുമാറിനും ഭാര്യ പാർവ്വതി വിപിനും കൊച്ചുമകൻ അവതീഷിനുമൊപ്പം ഗെയിൻസ്ബറോയിൽ ആണ് താമസിച്ചിരുന്നത്. പരേതനായ വിശാൽ മറ്റൊരു മകനാണ്.
മൃതദേഹം കേരളത്തിലേയ്ക്ക് കൊണ്ടുപോവാനുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്. കുടുംബത്തിന് എല്ലാവിധ പിന്തുണയുമായി ഗെയിൻസ്ബറോ മലയാളി സമൂഹം ഒപ്പമുണ്ട്.
സതി വേണുഗോപാലിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
വാഷിംഗ്ടൺ: ചൈനയിൽ നടന്ന ഈസ്റ്റേൺ എയർലൈൻസ് വിമാനാപകടം മനഃപൂർവ്വം സൃഷ്ടിച്ചതാണെന്ന് യുഎസ് റിപ്പോർട്ടുകൾ. വിമാനത്തിന്‍റെ ബ്ലാക്ക് ബോക്‌സിൽ നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് അപകടം മനഃപൂർവം സൃഷ്ടിച്ചതാണെന്ന് യുഎസ് ഉദ്യോഗസ്ഥർ വിലയിരുത്തിയത്. വാൾ സ്ട്രീറ്റ് ജേണലാണ് ഇത് റിപ്പോർട്ട് ചെയ്തത്. കോക്‌പിറ്റിലുണ്ടായിരുന്ന ആരോ ഒരാളാണ് അപകടത്തിന് പിന്നിലെന്ന് റിപ്പോർട്ടിൽ പറയുന്നു. പൈലറ്റുമാരുടെ പങ്കും സംശയിക്കുന്നു.

ഈസ്റ്റേൺ എയർലൈൻസ് കമ്പനിയുടെ ബോയിങ് 737–800 വിമാനമായിരുന്നു തകര്‍ന്നത്. ചൈനയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ യുനാന്റെ തലസ്ഥാനമായ കുൻമിങ്ങിൽനിന്ന് ഹോങ്കോങ്ങിനടത്തുള്ള ഗ്വാങ്ചൗ നഗരത്തിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. 2022 മാർച്ച് 21 ഉച്ചയ്ക്ക് 1.11നാണ് അപകടമുണ്ടായത്. 132 പേരായിരുന്നു ഈ അപകടത്തിൽ മരണപ്പെട്ടത്. കുന്‍മിങ്ങില്‍ നിന്നും പറന്നുയര്‍ന്ന വിമാനം ഗ്വാങ്ഷുവില്‍ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍, ഇടക്ക് വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. ചൈനയുടെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഗുവാങ്സിയില്‍ ഗ്രാമപ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്.

അപകടത്തിനു തൊട്ടുമുൻപ് എയർ ട്രാഫിക് കൺട്രോൾ റൂമുകളിൽനിന്നുള്ള കോളുകളോട് പൈലറ്റുമാർ പ്രതികരിച്ചില്ലെന്നും വിമാനാപകടം ബോധപൂർവമാണോയെന്നു പരിശോധിക്കുകയാണെന്നും ചൈനീസ് അധികൃതരെ ഉദ്ധരിച്ച് നേരത്തെ തന്നെ റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാനത്തിന് യന്ത്രത്തകരാറില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതാണ്. വിമാനം റാഞ്ചപ്പെട്ടോ എന്ന കാര്യങ്ങള്‍ അടക്കം ഇനി കൂടുതല്‍ അന്വേഷിക്കേണ്ടി വരും. അതേ സമയം പുതിയ വെളിപ്പെടുത്തലിനോട് ചൈന പ്രതികരിച്ചിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് ടോറി എംപിയെ അറസ്റ്റ് ചെയ്ത് പോലീസ്. 2002 നും 2009 നും ഇടയിലുള്ള പീഡന ആരോപണങ്ങളുടെ പേരിൽ ഒരാളെ കസ്റ്റഡിയിലെടുത്തെന്ന് മെട്രോപൊളിറ്റൻ പോലീസ് സ്ഥിരീകരിച്ചു. എന്നാൽ ഇദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണം നടക്കുമ്പോൾ പാർലമെന്റിൽ ഹാജരാകരുതെന്ന് ചീഫ് വിപ്പ് അദ്ദേഹത്തോട് ആവശ്യപ്പെട്ടതായി കൺസർവേറ്റീവ് പാർട്ടി പറഞ്ഞു. ലൈംഗികാതിക്രമം, ബലാത്സംഗം, വിശ്വാസ ദുരുപയോഗം, ഓഫീസിലെ മോശം പെരുമാറ്റം തുടങ്ങിയ ആരോപണങ്ങൾ എംപിക്ക് നേരെ ഉയർന്നിട്ടുണ്ട്. അന്വേഷണത്തിനിടെ പാർലമെന്റിൽ നിന്ന് വിട്ടുനിൽക്കാൻ എംപിയോട് ആവശ്യപ്പെട്ടു.

അന്വേഷണം പൂർത്തിയാകും വരെ പ്രതികരിക്കുന്നില്ലെന്ന് കൺസർവേറ്റീവ് വിപ്‌സ് ഓഫീസ് വക്താവ് പറഞ്ഞു. സെൻട്രൽ സ്‌പെഷ്യലിസ്റ്റ് ക്രൈം യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ, എംപിയുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നുള്ള കൺസർവേറ്റീവ് പാർട്ടി തീരുമാനം മറ്റ് എംപിമാരെ സംശയനിഴലിൽ ആക്കുന്നെന്ന ആശങ്കയും ഉയർന്നു.
2002-നും 2009-നും ഇടയിൽ ലണ്ടനിൽ നടന്ന ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 2020 ജനുവരിയിൽ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ലഭിച്ചതായി മെട്രോപൊളിറ്റൻ പോലീസ് വെളിപ്പെടുത്തി. ഇതേ തുടർന്നാണ് അന്വേഷണവും അറസ്റ്റും.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ട്രാൻസ് ജെൻഡർ ചിന്താഗതികളെ വിമർശിച്ചു എന്ന ആരോപണത്തിൽ 18 വയസ്സുകാരി പെൺകുട്ടിയെ സ്കൂളിൽ നിന്നും അതിക്രൂരമായ രീതിയിൽ പുറത്താക്കിയതായി പരാതി . സ്കൂളിൽ പ്രഭാഷണത്തിന് എത്തിയ ഒരു പ്രഭാഷകയുടെ വാക്കുകളെ കുറ്റപ്പെടുത്തിയതിനാണ് തന്നെ ഇത്തരത്തിൽ അപമാനിച്ചതെന്ന് പെൺകുട്ടി കുറ്റപ്പെടുത്തുന്നു. എന്നാൽ പ്രഭാഷകയുമായി വളരെ സൗമ്യമായ രീതിയിൽ പിരിഞ്ഞ പെൺകുട്ടിക്ക് സ്കൂളിൽ എത്തിയപ്പോൾ ദുരനുഭവം ആണ് നേരിടേണ്ടതായി വന്നത്. അറുപതോളം പെൺകുട്ടികൾ തനിക്ക് ചുറ്റും കൂടി നിന്ന് തനിക്ക് നേരെ നിലവിളിക്കുകയും തന്റെ മേൽ തുപ്പുകയും മറ്റും ചെയ്തതായി പെൺകുട്ടി വ്യക്തമാക്കുന്നു. അവസാനം ശ്വാസം എടുക്കാൻ പോലും സാധിക്കാതെ താൻ ബോധരഹിതയായെന്നും പെൺകുട്ടി പറഞ്ഞു. താൻ പറഞ്ഞ വാക്കുകളുടെ അർത്ഥത്തിലല്ല മറ്റുള്ളവർ അത് കൈക്കൊണ്ടതെന്ന് പെൺകുട്ടി ടൈംസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ജീവശാസ്ത്രപരമായ പ്രക്രിയകളെക്കാൾ കൂടുതൽ , എഴുതപ്പെട്ട തിയറികളാണ് ഇപ്പോൾ സ്ത്രീകളെ നിർവചിക്കുന്നത് എന്നാണ് താൻ പറയാൻ ഉദ്ദേശിച്ചത് എന്നും പെൺകുട്ടി വ്യക്തമാക്കി.
ഒരിക്കലും ട്രാന്സ്ജെന്ഡേഴ്സിനെ അപമാനിക്കുന്ന തരത്തിൽ യാതൊരുവിധ വാക്കുകളും താൻ പറഞ്ഞിട്ടില്ലെന്നും പെൺകുട്ടി വ്യക്തമാക്കി. തുടക്കത്തിൽ അദ്ധ്യാപകർ പെൺകുട്ടിയെ പിന്താങ്ങിയെങ്കിലും പിന്നീട് കുട്ടികളുടെ പ്രതികരണം അറിഞ്ഞപ്പോൾ അവരും കൈയൊഴിഞ്ഞതായി പെൺകുട്ടി വ്യക്തമാക്കി. പിന്നീട് പലതവണ സ്കൂളിൽ എത്തിയെങ്കിലും ദുരനുഭവങ്ങൾ ആണ് തനിക്ക് ഉണ്ടായതെന്നും അതിനാൽ തന്നെ പിന്നീട് സ്കൂൾ താൻ ഉപേക്ഷിക്കുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബ്രെക്സിറ്റിനു ശേഷമുള്ള യൂറോപ്യൻ യൂണിയനുമായുള്ള നോർത്തേൺ അയർലൻഡ് പ്രോട്ടോകോളിൽ തിരുത്തലുകൾ വരുത്തുവാൻ നീങ്ങുന്ന ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറി ലിസ് ട്രെസ്സിന്റെ നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ. ഇത്തരത്തിൽ നീക്കങ്ങൾ മുന്നോട്ടു പോയാൽ ഉടൻ തന്നെ ബ്രിട്ടനെതിരെ വ്യാപാരയുദ്ധം ഉണ്ടാകുമെന്ന് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. നിലവിലുള്ള പ്രോട്ടോകോൾ മറികടക്കാൻ യുകെ ശ്രമിച്ചാൽ, തങ്ങളുടെ പക്കലുള്ള എല്ലാ വഴികളും ഉപയോഗിച്ച് പ്രതികരിക്കുമെന്ന് യൂറോപ്യൻ യൂണിയൻ വൈസ് പ്രസിഡന്റ് മാറോസ് സെഫ്കോവിക് വ്യക്തമാക്കി. നിലവിലുള്ള പ്രോട്ടോകോൾ ബ്രിട്ടനും നോർത്തേൺ അയർലൻഡും തമ്മിൽ വിഭാഗീയത ഉളവാക്കുന്നതാണെന്നും അതിനാൽ തന്നെ മാറ്റങ്ങൾ അത്യാവശ്യമാണെന്നും ലിസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. നിലവിൽ നോർത്തേൺ അയർലൻഡിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം ഈ പ്രോട്ടോകോൾ മാത്രമാണെന്നും ഫോറിൻ സെക്രട്ടറി പറഞ്ഞു. പുതിയതായി ഉണ്ടാകുന്ന മാറ്റങ്ങൾ ഒരിക്കലും ഡീലിനെ തകർക്കുകയില്ല മറിച്ച്, ആവേശകരമായ മാറ്റങ്ങൾ വരുത്തുക മാത്രമാണ് ചെയ്യുന്നതെന്നും ഫോറിൻ സെക്രട്ടറി വ്യക്തമാക്കി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ബ്രിട്ടനിൽ നിന്നുള്ള സാധനങ്ങൾക്ക് യൂറോപ്പ്യൻ യൂണിയൻ ഏർപ്പെടുത്തിയിരിക്കുന്ന ചെക്കിങ്ങുകൾ ഇല്ലാതാക്കുക എന്നതാണെന്നും അവർ ഓർമ്മിപ്പിച്ചു.

യൂറോപ്യൻ യൂണിയനുമായി ഒരു വ്യാപാരയുദ്ധം ഉണ്ടാകുമെന്ന ഭയത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പൂർണമായും തള്ളിക്കളഞ്ഞു. ബ്രസൽസുമായി ഒരു യുദ്ധത്തിന് ഇല്ലെന്നും മറിച്ച്, സമാധാനപരമായ ചർച്ചയിലൂടെ കാര്യങ്ങൾ മുന്നോട്ടു നീക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. എന്നാൽ ബ്രിട്ടന്റെ ഭാഗത്തുനിന്നും മാത്രമുള്ള ഈ നീക്കം വിശ്വാസ്യത തകർക്കുമെന്ന് അയർലൻഡ് വിദേശകാര്യ മന്ത്രി സൈമൺ കോവ്നി വ്യക്തമാക്കി. യൂറോപ്യൻ യൂണിയനുമായി ചേർന്ന് തീരുമാനങ്ങൾ ഉണ്ടാകണമെന്ന് ലേബർ പാർട്ടിയും ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ബ്രിട്ടീഷ് മലയാളികൾക്ക് അഭിമാനിക്കാം. ബ്രിട്ടീഷ് പ്രാദേശിക കൗൺസിലിൽ മേയറായി മറ്റൊരു മലയാളികൂടി തിരഞ്ഞെടുക്കപ്പെട്ടു. ബോംബെ മലയാളിയായ മേരി റോബിനാണ് റോയിസ്റ്റണ്‍ കൗണ്‍സിലിന്റെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്.കൊച്ചി പെരുമ്പടപ്പിൽ ജനിച്ച മേരി, ബോംബെയിലും ബറോഡയിലും അധ്യാപികയായിരുന്നു. ഒപ്പം കേരളത്തില്‍ ഒരു സ്‌കൂളിന്റെ പ്രിന്‍സിപ്പളായി രണ്ടുവര്‍ഷം സൗജന്യ സേവനമനുഷ്ഠിച്ചിട്ടുണ്ട്. റോയിസ്റ്റണ്‍ ടൗണിന്റെ ആദ്യത്തെ ഏഷ്യന്‍ മേയര്‍ എന്ന പദവിയും ഇനി മേരി റോബിന് സ്വന്തം.

കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ സജീവ അംഗവും മുന്‍കാല സെക്രട്ടറിയും ആയിരുന്ന ഡോക്ടര്‍ റോബിന്‍ ആന്റണിയാണ് ഭർത്താവ്. റിയ റോബിന്‍, റീവ് റോബിന്‍ എന്നിവർ മക്കൾ. പ്രാദേശിക സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായ റോയിസ്റ്റണ്‍ ടൗണ്‍ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ലീഡര്‍ കൂടിയാണ് മേരി. സാമൂഹ്യരംഗത്തും നിറസാന്നിധ്യം.
ബ്രിട്ടീഷ് പ്രാദേശിക കൗൺസിലുകളിൽ ഇതിനു മുമ്പും നിരവധി മലയാളികൾ മേയർമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രമുഖ സാഹിത്യകാരികൂടിയായ ഓമന ഗംഗാധരൻ ന്യൂഹാമിലും, തിരുവന്തപുരം സ്വദേശിയായ മഞ്ജു ഷാഹുൽ ഹമീദ് ക്രോയിഡണിലും, ഫിലിപ്പ് ഏബ്രഹാം ലൌട്ടൺ സിറ്റി കൗൺസിലിലും, കാഞ്ഞിരപ്പള്ളി സ്വദേശിയായ ടോം ആദിത്യ ബ്രിസ്റ്റോളിലെ ബ്രാഡ്‌ലി സ്റ്റോക്കിലും മുൻകാലങ്ങളിൽ മേയർമാരായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : കുതിച്ചുയരുന്ന ഭക്ഷ്യവില വലിയ ആശങ്ക സൃഷ്ടിക്കുന്നെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചീഫ് ആൻഡ്രൂ ബെയ്‌ലി. ഹൗസ് ഓഫ് കോമൺസിന്റെ ട്രഷറി കമ്മിറ്റിക്ക് മുൻപിലാണ് ബെയ്‌ലി തന്റെ ആശങ്ക തുറന്നുപറഞ്ഞത്. യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പണപെരുപ്പം വർധിക്കുകയാണെന്നും താൻ നിസ്സഹായനാണെന്നും ബെയ്‌ലി വ്യക്തമാക്കി. 30 വർഷത്തിനിടയിലെ ഏറ്റവും വേഗമേറിയ നിരക്കിൽ വിലകൾ കുതിച്ചുയരുകയാണ്. ലക്ഷകണക്കിന് ആളുകൾ ദാരിദ്ര്യത്തിലേക്ക് വീഴുന്നു. ഈ വർഷം കടുത്ത പ്രതിസന്ധിയാണ് ബ്രിട്ടീഷ് കുടുംബങ്ങളെ കാത്തിരിക്കുന്നത് – ബെയ്ലി വെളിപ്പെടുത്തി.

പണപ്പെരുപ്പ വർധന ഗാർഹിക ചെലവുകളെ ബാധിക്കുകയും തൊഴിലില്ലായ്മ വർദ്ധിക്കുകയും ചെയ്യും. ഗോതമ്പ്, പാചക എണ്ണ എന്നീ ഉത്പന്നങ്ങളുടെ ലഭ്യതയിലാണ് പ്രധാന ആശങ്ക. റഷ്യയുടെ ആക്രമണം തുടരുന്നതിനാൽ ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യോത്പാദന രാജ്യങ്ങളിലൊന്നായ യുക്രെയ്നിൽ നിന്ന് സാധനങ്ങൾ കയറ്റി അയക്കുന്നതിൽ പ്രശ്നങ്ങളുണ്ടെന്ന് കീവിലെ ധനമന്ത്രി വിശദീകരിച്ചു. ആഗോളതലത്തിൽ ഗോതമ്പിന്റെ 10 ശതമാനവും യുക്രെയ്‌ൻ വിതരണം ചെയ്യുന്നതായി കണക്കാക്കപ്പെടുന്നു. കൂടാതെ സൂര്യകാന്തി എണ്ണയുടെ പ്രധാന ഉത്പാദകരും യുക്രെയ്നാണ്.

അതേസമയം, ജീവിതച്ചെലവ് പ്രതിസന്ധിക്കിടയിലും തൊഴിലാളികൾ വലിയ ശമ്പള വർദ്ധനവ് ആവശ്യപ്പെടരുതെന്ന വാദം ബെയ്ലി ആവർത്തിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് ഒരു ശതമാനമായി ഉയർത്തിയിരുന്നു. ഈ വർഷം പണപെരുപ്പം പത്തു ശതമാനത്തിന് മുകളിൽ എത്തുമെന്നാണ് പ്രവചനം.