ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡിൽ നിന്ന് രാജ്യം കര കയറിയോ ? ഇനി ഒരു ലോക് ഡൗൺ ഭീഷണി രാജ്യം നേരിടേണ്ടി വരുമോ? കഴിഞ്ഞ കുറേ ദിവസങ്ങളിലായി ആരോഗ്യ വിദഗ്ധരുടെ ഇടയിലെ മുഖ്യ ചർച്ചാവിഷയമാണ് മേൽപ്പറഞ്ഞ ചോദ്യങ്ങൾ. ജൂലൈ -19 ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് ആത്മഹത്യാപരമാണെന്ന അഭിപ്രായമായിരുന്നു നേരത്തെ ഒട്ടുമിക്ക ആരോഗ്യപ്രവർത്തകരും ശാസ്ത്രജ്ഞരും പ്രകടിപ്പിച്ചിരുന്നത്. ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിൽ രാഷ്ട്രീയനേതൃത്വവും ശാസ്ത്രലോകവും രണ്ടുതട്ടിൽ ആയിരുന്നു എന്ന കാര്യം പരസ്യമായ രഹസ്യമായിരുന്നു. നിയന്ത്രണങ്ങൾ പിൻവലിച്ചാൽ 5 ആഴ്ചയ്ക്കുള്ളിൽ രാജ്യം വീണ്ടും അടച്ചിടേണ്ടി വരുമെന്നാണ് ഗവൺമെൻറിൻറെ ശാസ്ത്ര ഉപദേഷ്ടാവ് ക്രിസ് വിറ്റി നേരത്തെ അഭിപ്രായപ്പെട്ടത്. നിയന്ത്രണങ്ങളുടെ അഭാവത്തിൽ പ്രതിദിന രോഗവ്യാപനം രണ്ടു ലക്ഷം വരെ ആകുമെന്ന അഭിപ്രായവും ആരോഗ്യവിദഗ്ധരുടെ ഭാഗത്തുനിന്നും ഉണ്ടായി .
എന്നാൽ നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടും തുടർച്ചയായ ഏഴാം ദിവസവും രോഗവ്യാപനം കുറഞ്ഞതിൻ്റെ അതിശയത്തിലാണ് ആരോഗ്യ വിദഗ്ധരും ശാസ്ത്രലോകവും . ഇന്നലെ രേഖപ്പെടുത്തിയ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 23,511 ആണ്. തിങ്കളാഴ്ച ഇത് 24,950 ആയിരുന്നു . അതായത് കഴിഞ്ഞ ഏഴ് ദിവസമായി പ്രതിദിന രോഗ വ്യാപനത്തിൽ തുടർച്ചയായ കുറവാണ് യുകെയിൽ കാണിക്കുന്നത്. യു കെയിലെ കോവിഡ് തരംഗം അവസാനിച്ചോ? ഇനി സാധാരണ ജീവിതത്തിലേയ്ക്ക് ജനങ്ങൾക്ക് മടങ്ങിവരാമോ ? പൊതുസമൂഹത്തിൽ ഉയർന്നുവരുന്ന ചോദ്യങ്ങളാണിവ. പ്രതിദിന രോഗവ്യാപനം കുറയുന്നത് ആശ്വാസകരമാണെങ്കിലും സത്യാവസ്ഥ എന്താണെന്ന് നാം മനസ്സിലാക്കണമെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രൊഫസർ ക്രിസ്റ്റൽ ഡൊണല്ലി പറഞ്ഞു. നിലവിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ചില അവ്യക്തതകൾ ഉണ്ടെന്നാണ് വിദഗ്ധാഭിപ്രായം. വിവരങ്ങൾ വിശകലനം ചെയ്ത് നമുക്ക് കിട്ടുന്ന അറിവുകളും ശരിക്കും സംഭവിക്കുന്ന കാര്യങ്ങളും തമ്മിൽ ചിലപ്പോൾ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. പ്രതിദിന രോഗവ്യാപനത്തിനും അപ്പുറം ഹോസ്പിറ്റലുകളിൽ അഡ്മിറ്റ് ചെയ്യുന്നവരുടെ എണ്ണം ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ്സിൽ നിന്നുള്ള വിവരങ്ങൾ തുടങ്ങി പല കോണുകളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താലെ ശരിയായ നിഗമനത്തിലേയ്ക്ക് എത്തിച്ചേരാൻ സാധിക്കുകയുള്ളൂ എന്ന് യൂണിവേഴ്സിറ്റി ഓഫ് വാർവിക് -ലെ ഡോ. മൈക്ക് ടിൽഡെസ്ലി അഭിപ്രായപ്പെട്ടു.
യുകെയിൽ നല്ലൊരു ശതമാനം ജനങ്ങൾക്കും വൈറസിനെതിരെ പ്രതിരോധശേഷി ആർജിച്ചു എന്നത് രോഗവ്യാപനം കുറയുന്നതിനുള്ള ഒരു കാരണമായി പ്രൊഫ. ഡൊണല്ലി ചൂണ്ടികാണിച്ചു. 70% മുതിർന്നവർ 2ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തു കഴിഞ്ഞു. കുറെയേറെ ആൾക്കാർക്ക് കോവിഡ് വന്നത് മൂലമുള്ള ആർജ്ജിത പ്രതിരോധശേഷിയും കിട്ടി കഴിഞ്ഞു . ഇത് പ്രതിദിന രോഗവ്യാപനം കുറയുന്നതിൻ്റെ ഒരു കാരണമാണെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു .
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- സൗത്ത് ലണ്ടൻ നഗരമായ ലാംബെത്ത് കൗൺസിലിന്റെ കീഴിലുള്ള ചൈൽഡ് ഹോമുകളിൽ വർഷങ്ങളായി കുട്ടികൾ ശാരീരിക പീഡനവും ലൈംഗിക ക്രൂരതകളും മറ്റും അനുഭവിക്കുന്നതായി പുതിയ റിപ്പോർട്ടുകൾ പുറത്ത്. ഏകദേശം 700 ഓളം കുട്ടികളാണ് ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെട്ടതെന്നാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളെ സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം നടത്തുന്ന കമ്മീഷനാണ് ഇപ്പോൾ വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. നിരവധി ദശാബ്ദങ്ങളായി നടന്നുവരുന്ന ഈ കുറ്റകൃത്യങ്ങൾക്കെതിരെ നടപടിയെടുക്കാത്തതിൽ നഗര കൗൺസിലിന് എതിരെ ശക്തമായ വിമർശനം ആണ് കമ്മീഷൻ ഉന്നയിച്ചിരിക്കുന്നത്. 2020-ൽ നടന്ന അന്വേഷണത്തിൽ എയ്ഞ്ചൽ റോഡ്, സൗത്ത് വെയിൽ അസസ്മെന്റ് സെന്റർ , ഷർലി ഓക്സ് കോംപ്ലക്സ്, ഐവി ഹൗസ്, മോങ്ക്ടൺ സ്ട്രീറ്റ് എന്നീ 5 ഹോമുകളെയാണ് അന്വേഷണ പരിധിയിൽ കമ്മീഷൻ ഉൾപ്പെടുത്തിയത്. 1960-കൾ മുതലുള്ള കേസുകളെ സംബന്ധിച്ച് കമ്മീഷൻ അന്വേഷണം നടത്തി.
ഒരു ഹോമുകളിലും കുട്ടികൾക്ക് ആവശ്യമായ സൗകര്യങ്ങളും, ശ്രദ്ധയും ലഭിച്ചിരുന്നില്ല എന്ന് കമ്മീഷൻ വിലയിരുത്തി. ഇതുമൂലം കുട്ടികളെ ദുരുപയോഗം ചെയ്യുന്നവർക്ക് കുട്ടികളിലേയ്ക്ക് എത്തപ്പെടാനുള്ള സാഹചര്യങ്ങൾ വളരെയധികം ആയിരുന്നു. മുൻപ് താമസിച്ചിരുന്ന കുട്ടികളിൽ നിന്നായി ലഭിച്ച 705 കംപ്ലെയിന്റുകളിൽ, ഒരു സീനിയർ സ്റ്റാഫിനെതിരെ മാത്രമാണ് നഗര കൗൺസിൽ നടപടിയെടുത്തത്.
ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടു എന്ന് കംപ്ലൈന്റ് നൽകിയ ശേഷം പിന്നീട് ഷർലി ഓക്സ് ഹോമിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ കുട്ടിയെ സംബന്ധിച്ച് പോലീസ് അന്വേഷണം വേണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾ പോലും ഇത്തരം ഹോമുകളിൽ ശാരീരിക ക്രൂരതകൾക്കും, ലൈംഗിക ദുരുപയോഗത്തിനും ഇരയായിട്ടുണ്ട്. 1983 ൽ പൂട്ടിയ ഷർലി ഓക്സ് ഹോമിൽ മാത്രമായി 529 കുട്ടികളാണ് ദുരുപയോഗത്തിന് ഇരയായത് എന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. 177 സ്റ്റാഫ് മെമ്പർമാർക്കെതിരെ കംപ്ലെയിന്റുകൾ ലഭിച്ചിട്ടുണ്ടെങ്കിലും നടപടി ഒന്നും തന്നെ ഉണ്ടായില്ല.
ലാംബെത്ത് കൗൺസിലിന്റെ ഭാഗത്തു നിന്നും തികച്ചും നിസ്സഹകരണമായ നടപടിയാണ് ഉണ്ടാകുന്നത്. ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെട്ടവരോട് ക്ഷമ ചോദിക്കുന്ന ഒരു കുറിപ്പ് മാത്രമാണ് കൗൺസിൽ ആദ്യം പുറത്തിറക്കിയത്. എന്നാൽ പിന്നീട് ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെട്ട കുട്ടികൾക്കായി 71.5 മില്യൺ പൗണ്ട് നഷ്ട പരിഹാരം തുക നൽകുവാൻ കൗൺസിൽ നിർബന്ധിതമായി. അന്വേഷണം തുടർന്ന് പുരോഗമിക്കും എന്നാണ് റിപ്പോർട്ടുകൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥ അതിവേഗം വളരുകയാണെന്നും കോവിഡിന് മുമ്പുള്ള നിലയിലേയ്ക്ക് ഈ വർഷം അവസാനത്തോടെ രാജ്യത്തിന് എത്താൻ സാധിക്കുമെന്നും പ്രമുഖ സാമ്പത്തിക വിദഗ്ദർ പറഞ്ഞു. എൺപത് വർഷത്തിനിടയിലെ ഏറ്റവും വലിയ വളർച്ചയാണിത്. വാക്സിൻ വിതരണവും ഉപഭോക്തൃ ചെലവിലെ കുതിച്ചുചാട്ടവും മൂലം ജിഡിപി 7.6 ശതമാനം വളർച്ച നേടുമെന്ന് ഇവൈ ഐറ്റം ക്ലബ് പറഞ്ഞു. ദേശീയ വരുമാനത്തിൽ 1941 ന് ശേഷമുള്ള ഏറ്റവും വേഗതയേറിയ വാർഷിക വളർച്ചയായിരിക്കും. 2020 ൽ യുകെ സമ്പദ്വ്യവസ്ഥ 9.8 ശതമാനം കുറഞ്ഞിരുന്നു. എൻഎച്ച്എസ് ടെസ്റ്റ് & ട്രെയ്സ് മൂലം തൊഴിലാളികൾ കൂട്ടത്തോടെ ഒറ്റപ്പെടുന്നതിനാൽ ജീവനക്കാരുടെ കുറവ് തൊഴിൽ മേഖലയെ വ്യാപകമായി ബാധിച്ചിരുന്നു.
പകർച്ചവ്യാധിയുടെ ഭാവി രീതിയും പുതുക്കിയ നിയന്ത്രണങ്ങളും ഈ വളർച്ചയെ സ്വാധീനിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. വിനോദം, ഒഴിവുസമയ പ്രവർത്തനങ്ങൾ തുടങ്ങിയ സേവനങ്ങളിലെ ഉപഭോക്തൃ ചെലവുകളെയാണ് യുകെ സമ്പദ്വ്യവസ്ഥ കൂടുതൽ ആശ്രയിക്കുന്നത്. ഇത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് യുകെ ലോക്ക്ഡൗണിൽ വലിയ സാമ്പത്തിക സ്വാധീനം ചെലുത്തിയെന്ന് ഈവൈ ഐറ്റം ക്ലബിന്റെ മുതിർന്ന സാമ്പത്തിക ഉപദേഷ്ടാവ് മാർട്ടിൻ ബെക്ക് പറഞ്ഞു. “സമ്പദ്വ്യവസ്ഥയുടെ സുപ്രധാന മേഖലകൾ വീണ്ടും തുറക്കുന്നതിലൂടെ യുകെ വേഗതയേറിയ സാമ്പത്തിക വീണ്ടെടുക്കൽ ഉറപ്പാക്കും.” അദ്ദേഹം പറഞ്ഞു.
എന്നാൽ വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും തൊഴിലില്ലായ്മയും വളർച്ചയെ ബാധിക്കുമെന്ന് ഈവൈ ഐറ്റം ക്ലബ് റിപ്പോർട്ട് മുന്നറിയിപ്പ് നൽകി. ഉപഭോക്തൃ വിലക്കയറ്റം 2021 അവസാനത്തോടെ 3.5 ശതമാനത്തിലെത്തുമെന്ന് ഗ്രൂപ്പ് കരുതുന്നു. 2022 ൽ വീണ്ടും കുറയുന്നതിന് മുമ്പ്, തൊഴിലില്ലായ്മ ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ ഉയരും. 2022 ൽ ഇത് 4.6 ശതമാനമായി കുറയുന്നതിന് മുമ്പ് 5.1 ശതമാനമായി ഉയരുമെന്ന് ഗ്രൂപ്പ് കരുതുന്നു. സമ്പദ്വ്യവസ്ഥ വീണ്ടെടുക്കുന്നതിൽ യുകെയുടെ വിജയകരമായ വാക്സിൻ പ്രോഗ്രാം ഒരു പ്രധാന ഘടകമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു എസ് :- സെൻട്രൽ ന്യൂയോർക്കിലെ നഗരമായ വെസ്റ്റ് ഫോർഡിൽ സ്കൈഡൈവിംഗ് നടത്തിയ വനിത പാരച്യൂട്ട് പ്രവർത്തനരഹിതമായതിനെത്തുടർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ടു. ഫ്ലോറിഡയിലെ വൈൽഡ്വു ഡിൽ നിന്നുള്ള അമ്പത്തിയൊൻപതുകാരിയായ കാരെൻ ബെർണാർഡ് ആണ് അപകടത്തിൽ മരിച്ചത്. ജൂലൈ 24 ശനിയാഴ്ച രാവിലെ 9 മണിയോടുകൂടി ആണ് അപകടം നടന്നതെന്ന് പോലീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ രേഖപ്പെടുത്തുന്നു. മരിച്ച വനിതയുടെ സഹോദരൻ ടെറിയും ഫെയ്സ്ബുക്കിലൂടെ കാരെൻെറ മരണവാർത്ത സുഹൃത്തുക്കളോട് അറിയിച്ചു. തന്റെ സഹോദരി ശനിയാഴ്ച സ്കൈഡൈവിംഗ് നടത്തിയപ്പോൾ ഉണ്ടായ അപകടത്തിൽ മരണപ്പെട്ടു എന്ന് ടെറി തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചു. കാരെൻെറ മരണത്തിൽ കുടുംബാംഗങ്ങൾക്ക് അതിയായ ദുഃഖം ഉണ്ടെന്നും ടെറി പറഞ്ഞു.
കാരെൻെറ സുഹൃത്തുക്കൾ എല്ലാവരും തന്നെ തങ്ങളുടെ ദുഃഖം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. വളരെ വ്യത്യസ്തമായ ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു കാരെനെന്ന് ഫേയ് സ്ബുക്കിൽ എഴുതിയ കുറിപ്പിൽ ഒരു സുഹൃത്ത് വ്യക്തമാക്കി. പുതിയ കാര്യങ്ങൾ ചെയ്യുന്നതിന് എപ്പോഴും താല്പര്യമുള്ള ആളായിരുന്നു കാരെനെന്നും അവർ പറഞ്ഞു.
സംഭവത്തിൽ പ്രാഥമ അന്വേഷണം പോലീസിന്റെ ഭാഗത്തുനിന്നും പുരോഗമിക്കുകയാണ്. പ്ലെയിനിൽ നിന്നും സ്കൈഡൈവിംഗിന്റെ ഭാഗമായി കാരെൻ ചാടിയതായും, എന്നാൽ കൃത്യസമയത്ത് പാരച്യൂട്ട് തുറക്കാതെ ഇരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പോലീസിന്റെ ഭാഗത്തുനിന്നും നടന്നുകൊണ്ടിരിക്കുകയാണ്. അപകടത്തിൽ മരണപ്പെട്ട കാരൻെറ കുടുംബാംഗങ്ങളോട് ഉള്ള ദുഃഖം അധികൃതർ അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
തുടർച്ചയായ ആറാം ദിവസവും ബ്രിട്ടനിൽ കോവിഡ് കേസുകൾ കുറഞ്ഞു. ഇന്നലെ രേഖപ്പെടുത്തിയ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 24, 950 ആണ് . എന്നാൽ ജാഗ്രതയോടെ സന്തോഷിക്കാൻ ഇമ്യൂണോളജിസ്റ്റ് പ്രൊഫ. പീറ്റർ ഓപ്പൺഷോ മുന്നറിയിപ്പ് നൽകി. പ്രതിദിന രോഗവ്യാപനം കുറയുന്നത് സന്തോഷകരമാണെങ്കിലും പ്രതിദിന രോഗവ്യാപന കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ചില കാലതാമസങ്ങൾ ഉണ്ടായതായി സംശയിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ സുരക്ഷാ മുൻകരുതലുകൾ അവഗണിക്കരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ച ജൂലൈ 19 -ന് ശേഷമുള്ള രോഗവ്യാപനത്തിൻെറ തോത് നിലവിലെ പ്രതിദിന രോഗവ്യാപന കണക്കുകളിൽ പ്രതിഫലിച്ചിട്ടില്ല എന്നാണ് പല ആരോഗ്യ വിദഗ്ധരും കരുതുന്നത്.
ഇതിനിടെ സേവന മേഖലകളിൽ ജോലിചെയ്യുന്ന കൂടുതൽ ജീവനക്കാരെ ഒറ്റപ്പെടൽ നിർദേശത്തിൽ നിന്ന് ഒഴിവാക്കി ഗവൺമെൻറ് ഉത്തരവിറക്കി. ശുചീകരണ തൊഴിലാളികൾ, സൈനികർ, ജയിൽ തൊഴിലാളികൾ ഇന്നിവരെയാണ് പുതിയതായി ഒറ്റപ്പെടൽ നിർദേശത്തിൽ നിന്ന് ഒഴിവാക്കിയത്. നേരത്തെ തന്നെ എൻ എച്ച് എസ് ജീവനക്കാർ , ഭക്ഷ്യോല്പാദനവും വിതരണവും, ജലം, വെറ്റിനറി മരുന്നുകൾ, അവശ്യ രാസവസ്തുക്കൾ, അത്യാവശ്യ ഗതാഗതം , മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, ക്ലിനിക്കൽ ഉപഭോഗ സപ്ലൈസ്, അടിയന്തര സേവനങ്ങൾ, അതിർത്തി നിയന്ത്രണം, ഊർജം, സിവിൽ ന്യൂക്ലിയർ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, വേസ്റ്റ്, ആവശ്യമായ പ്രതിരോധ പ്രവർത്തനം, പ്രാദേശിക ഗവൺമെന്റ് എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവരെ ഒറ്റപ്പെടലിൽ നിന്ന് ഒഴിവാക്കിയിരുന്നു . ഈ മേഖലകളിലെ ജോലിക്കാർക്ക് ഐസൊലേഷൻ ഉപേക്ഷിച്ച് ജോലിസ്ഥലത്തേക്ക് പോകാനും ദൈനംദിന പരിശോധനയ്ക്ക് ശേഷം ജോലി ചെയ്യാനും കഴിയും. പക്ഷേ പരിശോധന ഫലം പോസിറ്റീവ് ആണെങ്കിൽ നേരിട്ട് വീട്ടിലേക്ക് തന്നെ പോകുകയും ക്വാറന്റീനിൽ പ്രവേശിക്കുകയും വേണം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ടോക്കിയോ : ഒളിമ്പിക്സിൽ തന്റെ സ്വർണം നിലനിർത്തി നീന്തൽ സൂപ്പർ സ്റ്റാർ ആദം പീറ്റി. പുരുഷന്മാരുടെ 100 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ ലോക റെക്കോർഡ് ജേതാവ് ആയ പീറ്റി 57.37 സെക്കന്റിൽ നീന്തിക്കയറിയാണ് തന്റെ സ്വർണ മെഡൽ നിലനിർത്തിയത്. ഇതോടെ ഒളിമ്പിക് സ്വർണം നിലനിർത്തുന്ന ആദ്യ ബ്രിട്ടീഷ് താരമായി ആദം പീറ്റി. ഡച്ച് താരം അർണോ കമിംഗ ഈ ഇനത്തിൽ വെള്ളി നേടിയപ്പോൾ ഇറ്റാലിയൻ താരം നിക്കോള മാർട്ടിനെഗി വെങ്കലം നേടി. ടോക്കിയോയിൽ സ്വന്തം ലോക റെക്കോർഡ് 56.88 സെക്കൻഡിൽ തകർക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിലും, നെതർലൻഡിന്റെ വെള്ളി മെഡൽ ജേതാവായ അർനോ കമ്മിംഗയേക്കാൾ അതിവേഗമാണ് പിറ്റി ഫിനിഷ് ചെയ്തത്. കഴിഞ്ഞ മൂന്ന് ലോക ചാമ്പ്യൻഷിപ്പുകളിൽ 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് ചാമ്പ്യനായ വ്യക്തിയാണ് പിറ്റി. അഞ്ചു തവണ ലോക റെക്കോർഡ് തകർത്തു.
അതേസമയം പുരുഷന്മാരുടെ ഡൈവിംഗ് 10 മീറ്റർ സിൻക്രോനൈസ്ഡ് പ്ലാറ്റ് ഫോം ഫൈനലിൽ ടോം ഡെയ്ലി, മാറ്റി ലീയ്ക്കൊപ്പം ഗ്രേറ്റ് ബ്രിട്ടനായി ഒളിമ്പിക് സ്വർണം നേടി. നാലാമത്തെ ഒളിമ്പിക് ഗെയിംസിലാണ് തന്റെ ആദ്യ സ്വർണ്ണ മെഡൽ ഡെയ് ലി നേടിയെടുക്കുന്നത്. “എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.” സ്വർണ നേട്ടത്തിന് ശേഷം അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ രണ്ട് ഒളിമ്പിക്സിലും വെങ്കല മെഡൽ ജേതാവായിരുന്നു ഡെയ്ലി. ഒളിമ്പിക്സിൽ പങ്കെടുക്കാനും സ്വർണ്ണ മെഡൽ നേടാനും ഞാൻ ആഗ്രഹിക്കുന്നുവെന്ന് ഡെയ്ലി ബിബിസിയോട് പറഞ്ഞപ്പോൾ വെറും 11 വയസ്സ്. പതിനാറ് വർഷം കഴിഞ്ഞപ്പോൾ ആ സ്വപ്നം യാഥാർത്ഥ്യമായി. 471.81 എന്ന സ്കോർ നിലയിലാണ് അവർ ഫിനിഷ് ചെയ്തത്.
ഡെയ് ലിയുടെയും ലീയുടെയും നേട്ടത്തിന് ശേഷം അരമണിക്കൂറിനുള്ളിൽതന്നെ സൈക്ലിസ്റ്റ് പിഡ്കോക്ക് ബ്രിട്ടന് മൂന്നാമത്തെ സ്വർണം സമ്മാനിച്ചു. പുരുഷന്മാരുടെ ക്രോസ്-കൺട്രി മൗണ്ടൻ ബൈക്കിംഗിൽ തന്റെ ആധിപത്യം സ്ഥാപിച്ച പിഡ്കോക്ക് സ്വർണം കരസ്ഥമാക്കി. തായ്ക്വോണ്ടോയിൽ , ലോറൻ വില്യംസ് വനിതകളുടെ 67 കിലോഗ്രാം ഫൈനലിലേക്ക് യോഗ്യത നേടി. ക്രൊയേഷ്യയുടെ മാറ്റിയ ജെലിക്കിനെയാണ് ഫൈനലിൽ നേരിടുന്നത്. പുരുഷ ഹോക്കി ടീമും കാനഡയെ 3-1 ന് പരാജയപ്പെടുത്തി. ഉഷ്ണമേഖലാ കൊടുങ്കാറ്റ് നാളെ ടോക്കിയോയിൽ വീശുമെന്ന് ഒളിമ്പിക് സംഘാടകർ പറയുന്നെങ്കിലും ഇത് ഗെയിംസിന് വലിയ തടസ്സമുണ്ടാക്കുമെന്ന് കരുതുന്നില്ല. റോയിംഗ്, ആർച്ചറി ഇവന്റുകൾ ഇതിനകം മാറ്റിവച്ചിട്ടുണ്ട്.
സ്റ്റോക്ക് ഓൺ ട്രെന്റ്: നാടകീയ സംഭവവികാസങ്ങൾ അരങ്ങേറി സ്റ്റോക്ക് ഓൺ ട്രെന്റ് ഹോസ്പിറ്റൽ. ഇന്ന് രാവിലെ ആറരയോടെ ഒരാളുടെ അറസ്റ് പോലീസ് രേഖപ്പെടുത്തിയതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ ആക്സിഡന്റ് ആൻഡ് എമർജൻസി വിഭാഗത്തിൽ എത്തിയ ആൾ ഞാൻ ബോംബറാണ് എന്ന് സ്വയം വെളിപ്പെടുത്തുകയായിരുന്നു എന്നാണ് അറിയുവാൻ കഴിയുന്നത്. ഒരു ചുവന്ന കാറിലെത്തി ആശുപത്രിക്ക് മുൻപിൽ പാർക്ക് ചെയ്തശേഷമാണ് ആശുപത്രി റിസപ്ഷനിൽ എത്തി ഇത്തരത്തിൽ ഭീഷണി മുഴക്കിയത് എന്നാണ് അറിയുവാൻ കഴിയുന്നത്.
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. അറസ്റ്റ് നടന്നതായി മാത്രമാണ് ഇപ്പോൾ പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്തെങ്കിലും തരത്തിലുള്ള മാനസിക വിഭ്രാന്തിയുള്ളയാളോ മറ്റോ ആണോ എന്നും ബോംബ് ഭീഷണി വ്യാജമായിരുന്നോ എന്നും പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടണിൽ സ്കൂളുകൾ അടയ്ക്കുകയും അവധിക്കാല യാത്രക്കാരുടെ എണ്ണം പെരുകുകയും ചെയ്തുതോടുകൂടി യുകെയിലെ എയർപോർട്ടുകളിൽ അതിഭയങ്കരമായ തിരക്കാണ് അനുഭവപ്പെടുന്നത്. എയർപോർട്ടുകളിൽ തിരക്ക് വർദ്ധിക്കുന്നതിനനുസരിച്ച് ജീവനക്കാരില്ലാത്തതുമൂലം യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണുള്ളത്. യുകെയിലേയ്ക്ക് ആദ്യമായി കൈ കുഞ്ഞ് ഉൾപ്പെടെ നാല് കുട്ടികളുമായി വരുകയായിരുന്ന ആലപ്പുഴ സ്വദേശി ഹീത്രു എയർപോർട്ടിൽ അഞ്ച് മണിക്കൂറോളം കുടുങ്ങി കിടന്നത് വളരെ ഭീകരമായ അനുഭവമായിരുന്നു. ഇത്തരത്തിൽ കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന നിരവധി പേരാണ് ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തത് മൂലവും യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനാവാത്തതു മൂലവും വളരെ അധികം ദുരിതങ്ങൾ അനുഭവിച്ചത്.
യുകെയിൽ വേനൽക്കാല അവധി തുടങ്ങിയതിനെ തുടർന്ന് എയർപോർട്ടിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. എല്ലായിടത്തും വൻ ക്യൂവാണ് യാത്രക്കാർ നേരിട്ടത്. സമൂഹമാധ്യമങ്ങളിൽ നീണ്ട ക്യൂവിന്റെ ഒട്ടേറെ ഫോട്ടോ ആണ് യാത്രക്കാർ പോസ്റ്റ് ചെയ്തത്. യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ മന്ത്രി കിറ്റ് മാൽറ്റ്ഹൗസ് ഖേദ പ്രകടനം നടത്തി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇറ്റലി :- ഡയാന രാജകുമാരിയുടെ സഹോദരന്റെ മകൾ ലേഡി കിറ്റി സ്പെൻസറും, പ്രമുഖ ബിസിനസുകാരനായ മൈക്കിൾ ലൂയിസും തമ്മിലുള്ള വിവാഹം ഇറ്റലിയിൽ വെച്ച് നടത്തപ്പെട്ടു. മുപ്പതുകാരിയായ ലേഡി കിറ്റി തന്റെ വിവാഹത്തിനുള്ള തയ്യാറെടുപ്പുകളുമായി ഒരാഴ്ചയായി സുഹൃത്തുക്കളോടൊപ്പം ഇറ്റലിയിൽ ആയിരുന്നു. ലേഡി കിറ്റിയുടെ പിതാവ് ചാൾസ് സ്പെൻസറിനേക്കാളും അഞ്ചു വയസ്സ് മുതിർന്നതാണ് ഭർത്താവ് മൈക്കിൾ ലൂയിസ്. ഡയാന രാജകുമാരിയുടെ ഏറ്റവും ഇളയ സഹോദരനായ ചാൾസ് സ്പെൻസറുടെ മകളാണ് ലേഡി കിറ്റി. ശനിയാഴ്ച ഇറ്റലിയിലെ ഫ്രാസ്കറ്റിയിൽ വച്ചാണ് ചടങ്ങ് നടന്നത്.
ചടങ്ങിൽ ലേഡി കിറ്റി ധരിച്ചിരുന്ന ഡോൾസി ആൻഡ് ഗബ്ബാനയുടെ ഗൗൺ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങും പ്രസിദ്ധമാണ്. ചടങ്ങിന് കിറ്റിയോടൊപ്പം ഇരട്ട സഹോദരിമാരായ എലിസയും അമീലിയയും ഉണ്ടായിരുന്നു.ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും എല്ലാവരും തന്നെ ചടങ്ങിൽ പങ്കെടുത്തു. മൈക്കിൾ ലൂയിസിന്റെ മുൻ വിവാഹത്തിലുള്ള മൂന്നു കുട്ടികളും ചടങ്ങിൽ പങ്കെടുത്തു. എന്നാൽ വില്യം രാജകുമാരനും, ഹാരി രാജകുമാരനും ചടങ്ങിൽ പങ്കെടുത്തിട്ടില്ല. സൗത്ത് ആഫ്രിക്കയിലെ ഏറ്റവും പ്രമുഖ ബിസിനസുകാരിൽ ഒരാളാണ് മൈക്കിൾ ലൂയിസ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- മൃഗാശുപത്രികളിൽ നിരവധി നായകൾ ഒരേ രോഗലക്ഷണത്തോടെ എത്തിയതിനെ തുടർന്ന്, പുതിയ തരത്തിലുള്ള രോഗം നായകൾക്കിടയിൽ പടരുന്നതായി കണ്ടെത്തൽ.അമിത തോതിലുള്ള വയറിളക്കം, ശരീരതാപനിലയിലുള്ള വർദ്ധന, ക്ഷീണം എന്നിവ കണ്ടതിനെ തുടർന്നാണ് തന്റെ നായയെ മൃഗാശുപത്രിയിൽ എത്തിച്ചതെന്ന് ഉടമ ജിസൽ ആൺഡൽ വ്യക്തമാക്കി. പിന്നീട് നായയ്ക്ക് കുറഞ്ഞ തോതിലുള്ള ബ്ലഡ് ഷുഗർ ലെവലും, കുറഞ്ഞ ബ്ലഡ് പ്രഷറുമെല്ലാം കാണിച്ചതായി മൃഗാശുപത്രി അധികൃതർ പറഞ്ഞു . നായയ്ക്ക് ഐസിയു ട്രീറ്റ് മെന്റ് ലഭിച്ചതിനെ തുടർന്ന് രോഗലക്ഷണങ്ങളും മറ്റും കുറയുകയും, എഴുന്നേറ്റ് നടക്കാൻ പറ്റുന്ന സാഹചര്യത്തിൽ എത്തുകയും ചെയ്തു. എന്നാൽ ചികിത്സയ്ക്കിടയിൽ നായ രക്ഷപ്പെടാനുള്ള സാഹചര്യം 50 മുതൽ 70 ശതമാനം വരെ മാത്രമാണ് ഉണ്ടായിരുന്നതെന്ന് വെറ്റിനറി ഡോക്ടർമാർ വ്യക്തമാക്കി.
കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഇതേ രോഗലക്ഷണങ്ങളോട് കൂടി മറ്റ് നാല് നായകൾ കൂടി മൃഗാശുപത്രിയിൽ എത്തിയതായി ഡോക്ടർമാർ വ്യക്തമാക്കുന്നു. അതിനാൽ തന്നെ പുതിയ തരത്തിലുള്ള രോഗം നായകൾക്കിടയിൽ പടരുന്നതായാണ് വെറ്റിനറി ഡോക്ടർമാർ സംശയിക്കുന്നത്. എന്നാൽ രോഗത്തിന്റെ ഉറവിടം ഇതുവരെയും വ്യക്തമല്ല. അതിനാൽ തന്നെ വളർത്തുന്ന നായ്ക്കളെ വീടിനു പുറത്തേക്ക് ഇറക്കരുത് എന്ന നിർദ്ദേശമാണ് ഡോക്ടർമാർ നൽകുന്നത്. ഇത്തരത്തിൽ കൂടുതൽ നായ്ക്കൾ എത്തുകയാണെങ്കിൽ, ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തതകൾ വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. നായ ഉടമകൾ തങ്ങളുടെ വളർത്തു നായകളുടെ ആരോഗ്യ അവസ്ഥ സംബന്ധിച്ച് കൂടുതൽ ബോധവാന്മാർ ആയിരിക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെടുന്നു.