Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് പ്രതിസന്ധി നേരിടാൻ രാജ്യം പരിശ്രമിക്കുമ്പോൾ മുൻനിരയിലുള്ള ഹെൽത്ത്‌ സെക്രട്ടറി മാറ്റ് ഹാൻകോക്ക് തന്റെ സഹായിയുമായി പ്രണയത്തിലാണെന്ന് റിപ്പോർട്ട്‌. 42കാരനായ ഹാൻകോക്കിന് ഒലിവർ ബോണസ് സ്ഥാപകന്റെ ഭാര്യ ലോബിയിസ്റ്റ് ഗിന കൊളഡാഞ്ചലോയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നു. 2021 മെയ് 6 ന് വൈറ്റ്ഹാളിൽ വച്ച് ഹെൽത്ത്‌ സെക്രട്ടറി, ഗിനയെ ചുംബിക്കുന്ന സിസിടിവി രംഗങ്ങൾ പുറത്തു വന്നിരുന്നു. 15 വർഷമായി ഭാര്യ മാർത്തയുമായി കുടുംബജീവിതം നയിക്കുന്ന ഹാൻകോക്കിന് മൂന്ന് മക്കളുണ്ട്. ആരോപണവിധേയനായ ഹെൽത്ത്‌ സെക്രട്ടറിയെ പുറത്താക്കണമെന്ന് ലേബറും ലിബറൽ ഡെമോക്രാറ്റുകളും ബോറിസ് ജോൺസനോട്‌ ആവശ്യപ്പെടുന്നു. കോവിഡ് നിയന്ത്രണങ്ങൾ കാരണം പ്രിയപെട്ടവരെ ആലിംഗനം ചെയ്യാനും ചുംബിക്കാനും അനുവാദമില്ലെന്നിരിക്കെ ഹാൻകോക്കിന്റെ ഈ പ്രവൃത്തി പരക്കെ വിമർശിക്കപ്പെടുകയാണ്.

ഹാൻ‌കോക്ക് തന്റെ രാഷ്ട്രീയ ജീവിതത്തിനായി പോരാടുമ്പോൾ, ലേബറും ലിബറൽ ഡെമോക്രാറ്റുകളും അദ്ദേഹത്തെ കപടനാട്യക്കാരനായി മുദ്രകുത്തി. “ഈ സാഹചര്യങ്ങളിൽ ഞാൻ സാമൂഹിക അകലം പാലിക്കുന്ന മാർഗ്ഗനിർദ്ദേശം ലംഘിച്ചുവെന്ന് അംഗീകരിക്കുന്നു. ഞാൻ ആളുകളെ നിരാശപ്പെടുത്തി. ക്ഷമിക്കണം. ഈ മഹാമാരിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ വ്യക്തിപരമായ വിഷയത്തിൽ എന്റെ കുടുംബത്തിന്റെ സ്വകാര്യതയ്ക്ക് നന്ദിയുണ്ട്.” ഹാൻകോക്ക് പ്രതികരിച്ചു. അദ്ദേഹത്തെ പിന്തുണച്ച് ബോറിസ് ജോൺസന്റെ വക്താവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു: “നിങ്ങൾ ഹെൽത്ത്‌ സെക്രട്ടറിയുടെ പ്രസ്താവന കേട്ടു. അതിൽ കൂടുതലായി ഒന്നും പറയാനില്ല. സാമൂഹിക അകലം പാലിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതായി അദ്ദേഹം അംഗീകരിക്കുന്നു. പ്രധാനമന്ത്രി ആരോഗ്യ സെക്രട്ടറിയുടെ ക്ഷമാപണം സ്വീകരിച്ചു. ”

കമ്മ്യൂണിക്കേഷൻ ഡയറക്ടറായ കൊളഡാഞ്ചലോ മൂന്നു മക്കളുടെ അമ്മയാണ്. കൊളഡാഞ്ചലോയുമായുള്ള ഹാൻ‌കോക്കിന്റെ ചുംബനം തിരഞ്ഞെടുപ്പ് ദിനമായ മെയ്‌ 6 ഉച്ചകഴിഞ്ഞ് 3 മണിയോടെ സെൻട്രൽ ലണ്ടനിലെ ആരോഗ്യവകുപ്പിന്റെ ആസ്ഥാനത്തെ ഓഫീസിനു പുറത്തുള്ള ഇടനാഴിയിൽ നടന്നതായി ആരോപണമുണ്ട്. കഴിഞ്ഞ വർഷം മാർച്ചിലാണ് ഹെൽത്ത്‌ ഡിപ്പാർട്മെന്റിൽ ഉപദേശകയായി കൊളഡാഞ്ചലോയെ നിയമിക്കുന്നത്. അവിഹിതബന്ധകഥ കൂടി തെളിവ് സഹിതം പുറത്ത് വന്നതോടെ രോഗ പ്രതിസന്ധി കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുന്ന സെക്രട്ടറി കൂടുതൽ വെട്ടിലായിരിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പുതിയ ആരോഗ്യ പദ്ധതികളുടെ ഭാഗമായി, പുകവലി ശീലമുള്ള ഗർഭിണികളായ സ്ത്രീകൾക്ക് 400 പൗണ്ട് വീതമുള്ള ഷോപ്പിങ് വൗച്ചറുകൾ നൽകുവാൻ തീരുമാനിച്ച് എൻഎച്ച്എസ്. ഇത്തരത്തിൽ സാമ്പത്തികമായ ഉത്തേജനങ്ങൾ നൽകുന്നത് കൂടുതൽ ഫലപ്രദം എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നടപടി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത്‌ ആൻഡ് കെയർ എക്സലൻസും പബ്ലിക് ഹെൽത്ത്‌ ഇംഗ്ലണ്ടുമാണ് ഇത്തരത്തിൽ വൗച്ചറുകൾ നൽകുന്നത് ഗുണപ്രദം ആകുമെന്ന് വ്യക്തമാക്കിയത്. എന്നാൽ വൗച്ചറുകൾ സ്വീകരിക്കുന്നതിനു മുൻപായി സ്ത്രീകൾ ബയോകെമിക്കൽ ടെസ്റ്റുകൾക്ക് വിധേയമായി പുകവലിക്കുന്നില്ല എന്ന് തെളിയിക്കേണ്ടതാണ്. എന്നിരുന്നാൽ തന്നെയും ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തിൽ ടെസ്റ്റുകൾ ബുദ്ധിമുട്ടായതിനാൽ, വൗച്ചറുകൾ എല്ലാവർക്കും നൽകണമെന്നാണ് പുതിയ നിർദ്ദേശങ്ങൾ.


പുകവലിക്കുന്ന 1000 ഗർഭിണികളിൽ ഇത്തരത്തിൽ വൗച്ചറുകൾ നൽകിയപ്പോൾ, 177 പേർ പുകവലി പൂർണമായും നിർത്തി എന്നാണ് ഗവേഷണങ്ങൾ തെളിയിക്കുന്നത്. പുതിയ ആരോഗ്യ നിർദ്ദേശങ്ങൾ അനുസരിച്ച്, ഹെൽത്ത് കെയർ സ്റ്റാഫുകൾ ഇ-സിഗരറ്റുകളെ സംബന്ധിച്ച് ആളുകളിൽ കൂടുതൽ ബോധവൽക്കരണം നടത്തണമെന്നും വ്യക്തമാക്കുന്നു. എന്നാൽ ഇത്തരം ഇ -സിഗരറ്റുകളുടെ ദീർഘകാല ആഘാതങ്ങൾ നിലവിൽ ഇതുവരെയും വ്യക്തമല്ല.


രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഏറ്റവും വലിയ ഒരു ഘടകമായി പുകവലി ഇന്നും നിലനിൽക്കുന്നുവെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. അതിനാൽ തന്നെ പുകവലി തടയേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. ഗർഭിണികളായ സ്ത്രീകളിൽ 10 ശതമാനത്തോളം പേർ പുകവലിക്കുന്ന വരാണ്. ഇത് ജനിക്കുന്ന കുഞ്ഞുങ്ങളോടൊപ്പം തന്നെ അമ്മമാരിലും കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. അതിനാൽ തന്നെ ഗർഭിണികളിലെ പുകവലി ശീലം നിർത്താൻ എല്ലാ മാർഗങ്ങളും സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രി​​​​​ട്ടീ​​​​​ഷ് രാ​​​​​ജ​​​​​കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പ്ര​​​ത്യേ​​​ക പ​​​ദ​​​വി​​​ക​​​ൾ ഉപേക്ഷിച്ചു പടിയിറങ്ങിയ ഹാരിയുടെയും മേഗന്റെയും വാദങ്ങൾ പൊളിയുന്നു. യുഎസിലേക്കുള്ള താമസം മാറ്റിയതിനെ തുടർന്ന് രാജകുടുംബം തന്റെയും ഭാര്യയുടെയും സാമ്പത്തിക സ്രോതസ്സുകൾ വെട്ടിക്കുറച്ചതായി ഹാരി രാജകുമാരൻ ഓപ്ര വിൻഫ്രെയോട് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് വരവ് ചെലവ് കണക്കുകൾ കൊട്ടാരം പരസ്യമാക്കിയത്. കൊട്ടാരം പുറത്തുവിട്ട കണക്കനുസരിച്ച് കഴിഞ്ഞ വേനൽക്കാലം വരെ ചാൾസ് രാജകുമാരൻ മകനെ സഹായിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ചാൾസ് രാജകുമാരൻ 4.5 മില്യൺ പൗണ്ട്, തന്റെ രണ്ടു മക്കൾക്കുമായി നൽകിയിരുന്നു. 2020 മാർച്ചിൽ രാജകീയ സ്ഥാനമൊഴിഞ്ഞതിന് ശേഷമുള്ള മാസങ്ങളിൽ ചാൾസ് രാജകുമാരൻ അവർക്ക് സാമ്പത്തിക പിന്തുണ നൽകിയെന്നും ഗണ്യമായ തുകയാണ് നൽകിയതെന്നും ക്ലാരൻസ് ഹൗസ് വക്താവ് അറിയിച്ചു. ഇപ്പോൾ ദമ്പതികൾ സാമ്പത്തികമായി സ്വതന്ത്രരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വേനൽക്കാലം വരെ ചാൾസിന്റെ രണ്ട് ആൺമക്കളും അദ്ദേഹത്തിന്റെ പ്രൈവറ്റ് ഡച്ചി ഓഫ് കോൺ‌വാൾ എസ്റ്റേറ്റിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് പണം സ്വീകരിച്ചിരുന്നു. 21 കൗണ്ടികളിലായി 52,000 ഹെക്ടറിലധികം ഭൂമി ഉൾക്കൊള്ളുന്ന സ്വത്താണിത്. കൂടുതലും ഇംഗ്ലണ്ടിന്റെ തെക്ക് പടിഞ്ഞാറ് മേഖലയിലാണ്. ഡച്ചി ഓഫ് കോൺവാൾ വെബ്സൈറ്റ് പ്രകാരം കന്നുകാലി ഫാമുകളും, വാസയോഗ്യവും കൃഷിയോഗ്യവും വാണിജ്യപരവുമായ സ്വത്തുക്കൾ, വനങ്ങൾ, നദികൾ, ക്വാറികൾ, തീരപ്രദേശങ്ങൾ എന്നിവയുൾപ്പെടുന്നു. ചാൾസ് രാജാവാകുമ്പോൾ വില്യം കോൺ‌വാൾ ഡ്യൂക്ക് ആയിത്തീരുകയും ഡച്ചി ഓഫ് കോൺ‌വാൾ എസ്റ്റേറ്റിന്റെ അവകാശിയാവുകയും ചെയ്യും. ഹാരിയും മേഗനും തങ്ങളുടെ പദവികൾ ഉപേക്ഷിക്കുന്നതിനുമുമ്പ്, വരുമാനത്തിന്റെ 95 ശതമാനവും ചാൾസിന്റെ സ്വകാര്യ എസ്റ്റേറ്റിൽ നിന്നായിരുന്നു ലഭിച്ചിരുന്നത്.

ചാൾസ് രാജാവാകുമ്പോൾ വില്യം കോൺ‌വാൾ ഡ്യൂക്ക് ആയിത്തീരുകയും ഡച്ചി ഓഫ് കോൺ‌വാൾ എസ്റ്റേറ്റിന്റെ അവകാശിയാവുകയും ചെയ്യും.

അമ്മ ഡയാന രാജകുമാരി തനിക്കായി നീക്കിവച്ച സമ്പാദ്യത്തിൽ നിന്നുമാണ് താനും മേഗനും ബ്രിട്ടൻ വിട്ട നാളുകളിൽ കഴിഞ്ഞിരുന്നതെന്ന് ഹാരി അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിനെ പൂർണമായും തള്ളികളയാൻ പാകത്തിലുള്ള കണക്കാണ് കൊട്ടാരം പുറത്ത് വിട്ടിരിക്കുന്നത്. കോൺവാൾ ലാഭത്തിൽ നിന്നുള്ള ചാൾസിന്റെ വരുമാനം കഴിഞ്ഞ വർഷം എട്ടു ശതമാനത്തോളം കുറഞ്ഞിരുന്നു. ഫ്രോഗ്‌മോർ കോട്ടേജ് നവീകരിക്കുന്നതിനായി 2.4 മില്യൺ പൗണ്ട് ഹാരി നൽകിയതായും കണക്കിൽ പറയുന്നുണ്ട്. ഹാരിയും മേഗനും കഴിഞ്ഞ വർഷം മെയ് വരെയുള്ള അഞ്ച് മാസത്തേയ്ക്ക് വാടക അടച്ചതായും പിന്നീട് 2.4 മില്യൺ പൗണ്ട് നവീകരണ ബിൽ അടച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിലെ കോവിഡ് വ്യാപനത്തിൻെറ കുതിപ്പ് തുടരുന്നു. ഇന്നലെ മാത്രം രാജ്യത്ത് രേഖപ്പെടുത്തിയത് 16703 കോവിഡ് കേസുകളാണ്. 21 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റാ വേരിയന്റ് മൂലം രോഗബാധിതരുടെ എണ്ണം വർധിച്ചതിനെ തുടർന്ന് ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് ജൂൺ 21 -ൽ നിന്ന് ജൂലൈ 19 ലേയ്ക്ക് മാറ്റി വെച്ചിരുന്നു. രാജ്യത്തിൻറെ എല്ലാഭാഗത്തും കോവിഡ് കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി. എന്നിരുന്നാലും ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് ഇനി നീട്ടി വയ്ക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.


ഇതിനിടെ ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കപ്പെട്ടാൽ ഫെയ്സ് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കില്ലന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ബ്രിട്ടനിൽ രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ചവർക്ക് യഥേഷ്ടം വിദേശയാത്രയ്ക്ക് അവസരം നൽകുന്ന കാര്യം പരിഗണനയിലാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിരുന്നു. ആമ്പർ ലിസ്റ്റിൽപ്പെട്ട രാജ്യങ്ങൾ സന്ദർശിച്ച് തിരിച്ചുവരുന്നവർക്ക് നിർബന്ധിത ഹോട്ടൽ ക്വാറന്റീന് യുകെയിൽ വിധേയമാകണം. എന്നാൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഇത് ഒഴിവാക്കുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കുകയാണെന്നാണ് പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനത്തിൽ കൂടുതൽ ആൾക്കാർക്ക് രണ്ട് ഡോസ് വാക്‌സിനും നൽകിയിട്ടുണ്ട്. 83% ആൾക്കാർക്ക് നിലവിൽ ഒരു ഡോസ് വാക്സിനും ലഭ്യമായിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചവർ നിങ്ങളുടെ രണ്ടാമത്തെ ഡോസ് കൂടി സ്വീകരിക്കുക എന്നുള്ളതാണെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു.

യുകെയിലെ ബ്രാഡ് ഫോർഡിൽ താമസിക്കുന്ന നെവിൻ മാത്യുവിന്റെ ഭാര്യ അമൃത നിര്യാതയായി. റയൻ ഏകമകനാണ്. നെവിൻ യുകെയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി നോക്കുകയാണ്. സൗത്ത് ഇന്ത്യൻ ബാങ്കിൽ അസിസ്റ്റൻറ് മാനേജറായി ജോലി ചെയ്തിരുന്ന അമൃത കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് കഴിഞ്ഞദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരു ദിവസത്തെ ആശുപത്രി വാസത്തിന്റെ അന്ത്യത്തിൽ മരണമടയുകയായിരുന്നു .

മൂവാറ്റുപുഴ നിർമല കോളേജ് ബ്രാഞ്ചിൽ നിന്ന് സമീപകാലത്താണ് കുന്നംകുളത്തേയ്ക്ക് ട്രാൻസ്ഫർ ആയത്. തൃശ്ശൂർ അക്കര പരേതനായ ആന്റോ – ഷീല ദമ്പതികളുടെ മകളാണ് അമൃത. അമൃതയുടെ മരണവിവരം അറിഞ്ഞ് ഭർത്താവ് നെവിൻ ഇന്നലെ ഇന്ത്യയിലേക്ക് പുറപ്പെട്ടു. അമൃതയുടെ മൃത സംസ്കാര ചടങ്ങുകൾ പെരിങ്ങഴ സെൻറ് ജോസഫ് ദേവാലയത്തിൽ നടത്തപ്പെടുന്നതാണ്.

നെവിൻ മാത്യുവിന്റെ ഭാര്യയുടെ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ചവർക്ക് യഥേഷ്ടം വിദേശയാത്രയ്ക്ക് അവസരം നൽകുന്ന കാര്യം പരിഗണനയിലാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. ആമ്പർ ലിസ്റ്റിൽപ്പെട്ട രാജ്യങ്ങൾ സന്ദർശിച്ച് തിരിച്ചുവരുന്നവർക്ക് നിർബന്ധിത ഹോട്ടൽ ക്വാറന്റീന് യുകെയിൽ വിധേയമാകണം. എന്നാൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഇത് ഒഴിവാക്കുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കുകയാണെന്നാണ് പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനത്തിൽ കൂടുതൽ ആൾക്കാർക്ക് രണ്ട് ഡോസ് വാക്‌സിനും നൽകിയിട്ടുണ്ട്. 83% ആൾക്കാർക്ക് നിലവിൽ ഒരു ഡോസ് വാക്സിനും ലഭ്യമായിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചവർ നിങ്ങളുടെ രണ്ടാമത്തെ ഡോസ് കൂടി സ്വീകരിക്കുക എന്നുള്ളതാണെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു.

നിലവിൽ ആമ്പർ ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽ നിന്നും മടങ്ങുന്ന ബ്രിട്ടീഷുകാർക്ക് മൂന്ന് കോവിഡ് ടെസ്റ്റുകളും 10 ദിവസം വരെ സ്വയം ഒറ്റപ്പെടലിനും വിധേയരാവണം. രണ്ട് ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിച്ചവർക്ക് ബ്രിട്ടനിൽ യാത്ര ഇളവുകൾ അവതരിപ്പിച്ചാലും മറ്റുള്ള രാജ്യങ്ങളുടെ നയപരമായ തീരുമാനം പ്രധാനഘടകമാണ്. ഇറ്റലി യുകെയിൽ നിന്ന് എത്തുന്ന എല്ലാവർക്കും കോവിഡ് പരിശോധനയും ക്വാറന്റീനും നിർബന്ധമാക്കിയിരുന്നു. എന്നാൽ പോർച്ചുഗൽ, സ്പെയിൻ, ഗ്രീസ് എന്നിവ ഇപ്പോഴും യുകെ പൗരന്മാരെ കോവിഡ് നെഗറ്റീവ് ആണെങ്കിൽ സന്ദർശനത്തിന് അനുമതി നൽകുന്നുണ്ട്.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലോസ് ഏഞ്ചൽസ്‌ : ലോസ് ഏഞ്ചൽസിലെ വിചാരണ വേളയിൽ തന്റെ രക്ഷകർത്തൃത്വ ( കൺസർവേറ്റർഷിപ്പ് )ത്തിനെതിരെ തുറന്ന് സംസാരിച്ച് അമേരിക്കൻ പോപ്പ് ഗായിക ബ്രിട്നി സ്പിയേഴ്സ്. തന്റെ പിതാവ് തന്നെ “100,000%” നിയന്ത്രിക്കുകയാണെന്നും ഈയൊരു ക്രമീകരണം അവസാനിപ്പിക്കണമെന്ന് അവൾ വെളിപ്പെടുത്തി. “ഞാൻ പരിഭ്രാന്തയായി. എനിക്ക് എന്റെ ജീവിതം തിരികെ വേണം.” ബ്രിട്നി കൂട്ടിച്ചേർത്തു. 2008 ൽ കോടതി ഉത്തരവിട്ട കൺസർവേറ്റർഷിപ്പിൽ മകളുടെ സ്വകാര്യ, ബിസിനസ് കാര്യങ്ങളിൽ പിതാവ് ജാമി സ്പിയേഴ്‌സിന് നിയന്ത്രണം ലഭിച്ചിരുന്നു. മാനസികാരോഗ്യത്തെച്ചൊല്ലി താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് ഈ ഉത്തരവ് ഉണ്ടായത്. “ഈ കൺസർവേറ്റർഷിപ്പ് അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” 20 മിനിറ്റ് നീണ്ട വെളിപ്പെടുത്തലിൽ ബ്രിട്നി വികാരാധീനയായി ഇപ്രകാരം പറഞ്ഞു.

തന്റെ പിതാവ് രക്ഷകർത്തൃത്വം ദുരുപയോഗം ചെയ്യുകയാണെന്ന് ഗായിക അറിയിച്ചു. “എനിക്ക് നല്ലൊരു ജീവിതം ജീവിക്കാൻ അർഹതയുണ്ട്. എന്റെ ഇത്രയും ജീവിതകാലം മുഴുവൻ ഞാൻ പ്രവർത്തിച്ചു. രണ്ട് മൂന്ന് വർഷം ഇടവേള എടുക്കാൻ ഞാൻ അർഹയാണ്.” കാമുകനെ വിവാഹം ചെയ്ത് ഒരു കുഞ്ഞിന് ജന്മം നൽകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും കൺസർവേറ്റർഷിപ്പ് അതിന് അനുവദിക്കില്ലെന്ന് സ്പിയേഴ്സ് പറഞ്ഞു. തനിക്ക് ഗർഭനിരോധന ഉപകരണം (ഐയുഡി) ഘടിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ ഇത് നീക്കംചെയ്യാൻ തന്റെ രക്ഷകർത്താവ് അനുവദിക്കില്ലെന്നും അവൾ അവകാശപ്പെട്ടു.

ആരോഗ്യപരമായ കാരണങ്ങളാൽ ബ്രിട്നിയുടെ പിതാവ് 2019 ൽ മകളുടെ സ്വകാര്യ കൺസർവേറ്റർ സ്ഥാനത്ത് നിന്ന് താൽക്കാലികമായി സ്ഥാനമൊഴിഞ്ഞിരുന്നു. മകളുടെ സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പിതാവ് മികവ് പുലർത്തുന്നുണ്ടെന്ന വാദമാണ് ജാക്കിന്റെ അഭിഭാഷകർ മുന്നോട്ടു വച്ചത്. # ഫ്രീബ്രിറ്റ്നി മൂവ്മെന്റുമായി സഹകരിച്ച് നിരവധി ആരാധകർ കോടതിക്ക് പുറത്ത് പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ബ്രിട്നിയെ സ്വതന്ത്രമാക്കുക എന്ന മുദ്രാവാക്യം മുഴക്കിയാണ് അവർ പ്രതിഷേധ പ്രകടനം നടത്തിയത്. ഡിമെൻഷ്യയോ മറ്റ് മാനസികരോഗങ്ങളോ ഉള്ള, സ്വന്തം തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത വ്യക്തികൾക്ക് ഒരു സംരക്ഷകനെ അനുവദിച്ച് നൽകുന്ന കോടതി നടപടിയാണ് കൺസർവേറ്റർഷിപ്പ്.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് രാജ്യമെമ്പാടും ശക്തമായ സമരങ്ങൾ നടത്തിയിരിക്കുകയാണ് ട്രാവൽ ഇൻഡസ്ട്രിയിലെ ജീവനക്കാർ. നിലവിലുള്ള കടുത്ത നിയന്ത്രണങ്ങൾ തങ്ങളുടെ മേഖലയെ മുഴുവനായി തകർത്തുകളഞ്ഞുവെന്ന് എയർലൈൻ കമ്പനികളും, ട്രാവൽ കമ്പനികളും ആരോപിച്ചു. എന്നാൽ ജനങ്ങൾക്ക് സുരക്ഷിതമായ രീതിയിൽ അന്താരാഷ്ട്ര യാത്രകൾ നടത്തുവാൻ ഉള്ള മാർഗ്ഗങ്ങൾ ഉടൻ നടപ്പിലാക്കുമെന്ന് ഗവൺമെന്റ് വൃത്തങ്ങൾ അറിയിച്ചു. ഇതോടൊപ്പംതന്നെ രാജ്യങ്ങളെ ട്രാഫിക് ലൈറ്റിലെ നിറങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ കാറ്റഗറിയിലേക്ക് തിരിച്ച ലിസ്റ്റിലും ഉടനടി മാറ്റങ്ങൾ ഉണ്ടാകും. നിലവിൽ പ്രധാന അവധിക്കാല ഡെസ്റ്റിനേഷനുകളായ സ്പെയിൻ, ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങൾ ആംബർ ലിസ്റ്റിലാണ് ഉൾപ്പെട്ടിരിക്കുന്നത്. അതിനാൽ തന്നെ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത് തിരിച്ചെത്തുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമാണ്. ഇതുമൂലം യാത്ര ചെയ്യുവാനായി പലരും മടിക്കുന്നു. ഇത് ട്രാവൽ ഇൻഡസ്ട്രിയെ വളരെ സാരമായ രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ട്.

ബുധനാഴ്ച ട്രാവൽ ഇൻഡസ്ട്രിയിലെ ജീവനക്കാരായ വിമാനത്തിലെ ക്യാബിൻ ക്രൂ, പൈലറ്റുകൾ, ട്രാവൽ ഏജന്റുമാർ, എയർപോർട്ട് സ്റ്റാഫുകൾ എന്നിവർ ശക്തമായ രീതിയിൽ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചു. കാലിയായ റൺവേകളിൽ എയർപോർട്ട് സ്റ്റാഫുകൾ പ്ലക്കാർഡുകളും മറ്റുമായി പ്രതിഷേധിച്ചു.
ഇതോടൊപ്പംതന്നെ വെസ്റ്റ്മിനിസ്റ്റർ, ഹോളിറൂഡ്, സ്റ്റോർമോണ്ട് എന്നിവിടങ്ങളിലും പ്രതിഷേധ സമരങ്ങൾ നടന്നു. ട്രാവൽ മേഖലയ്ക്ക് കൂടുതൽ ധനസഹായങ്ങൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ഇവർ ആവശ്യപ്പെട്ടു.ഇതോടൊപ്പം തന്നെ കൂടുതൽ രാജ്യങ്ങളെ ഗ്രീൻ ലിസ്റ്റിലേക്ക് മാറ്റണമെന്ന ആവശ്യവും ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.

സാധാരണയായി അവധി കാലങ്ങളിലാണ് തങ്ങൾക്ക് കൂടുതൽ വരുമാനം ലഭിച്ചിരുന്നത്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ മൂലം അതും ഇല്ലാതെ ആയിരിക്കുകയാണെന്ന് ട്രാവൽ അസോസിയേഷന്റെ മുഖ്യ സംഘടനകളിൽ ഒന്നായ അബ്റ്റയുടെ ചീഫ് എക്സിക്യൂട്ടീവ് മാർക്ക്‌ താൻസിർ ബിബിസി ന്യൂസിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. അതിനാൽ തന്നെ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ധനസഹായങ്ങൾ ഉണ്ടാകണമെന്ന് അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു.

എന്നാൽ ജനങ്ങളുടെ സുരക്ഷയെ കരുതി ആണ് ഇത്തരത്തിലുള്ള യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് എന്നാണ് ഗവൺമെന്റ് വിശദീകരിക്കുന്നത്.എന്നാൽ നിലവിലെ നിയമങ്ങളിൽ ഉടൻതന്നെ മാറ്റങ്ങൾ ഉണ്ടാകുമെന്നും ഗവൺമെന്റ് വൃത്തങ്ങൾ അറിയിച്ചു. രണ്ടു ഡോസ് വാക്സിനേഷൻ എടുത്തവർക്ക് അന്താരാഷ്ട്ര യാത്രകൾക്കുള്ള അനുമതി ഉടനുണ്ടാകുമെന്ന് ട്രാവൽ സെക്രട്ടറി അറിയിച്ചു.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ 2014 ൽ ഉക്രെയ്ൻ പിടിച്ചടക്കിയതിനുശേഷവും യു‌കെയും സഖ്യകക്ഷികളും റഷ്യൻ പ്രദേശമായി അംഗീകരിക്കാത്ത ക്രിമിയയിലെ സെവാസ്റ്റോപോൾ നാവിക താവളത്തിന് തെക്ക് ഭാഗത്തുള്ള കേപ് ഫിയോലന്റിലാണ് ബുധനാഴ്ച ഏറ്റുമുട്ടൽ നടന്നതെന്ന് മോസ്കോയിലെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുടിനും യുഎസും തമ്മിൽ ബന്ധം സ്ഥാപിക്കാൻ ഒരുങ്ങുമ്പോഴും യു‌കെയും റഷ്യയും തമ്മിലുള്ള പോര് മുറുകുകയാണ്.

കരിങ്കടൽ സംഭവം അരമണിക്കൂറോളം നീണ്ടുനിന്നു. മൂന്ന് കിലോമീറ്റർ (2 മൈൽ) ദൂരം റേഡിയോ മുന്നറിയിപ്പുകൾ അവഗണിച്ചതായും എച്ച്എംഎസ് ഡിഫെൻഡർ മോസ്‌കോ അവകാശപ്പെടുന്ന മേഖലയിൽ കയറിയതായും റഷ്യ പറഞ്ഞു. റഷ്യൻ അതിർത്തി പട്രോളിംഗ് യുദ്ധക്കപ്പൽ പീരങ്കി പ്രയോഗിച്ചു. റഷ്യയുടേത് വെറും ഗണ്ണറി എക്സസൈസ് മാത്രമാണെന്ന് യുകെ പ്രതികരിച്ചു.

തങ്ങളുടെ പാതയിൽ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഒരു ബോംബും പതിച്ചിട്ടില്ല എന്നാണ് യുകെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്. യുക്രെയിനും അടുത്ത ലക്ഷ്യസ്ഥാനമായ ജോർജിയയും തമ്മിലുള്ള ഏറ്റവും നേരിട്ടുള്ള പാതയിലൂടെയാണ് ബുധനാഴ്ച കപ്പൽ സഞ്ചരിച്ചതെന്നും യു.കെ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മറ്റ് വൈറസ് വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ വ്യാപന ശേഷിയുള്ള ഡെൽറ്റാ പ്ലസ് വൈറസ് വകഭേദത്തെ ഇന്ത്യയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു . ജനിതക മാറ്റം വന്ന ഇന്ത്യൻ വൈറസ് വകഭേദമായ ഡെൽറ്റാ വേരിയന്റിനേക്കാളും കൂടുതൽ വ്യാപന ശേഷിയുള്ളതാണ് ഡെൽറ്റ പ്ലസ്. കഴിഞ്ഞ വർഷം ഡിസംബറിൽ ആദ്യമായി കണ്ടെത്തിയ കെന്റ് വേരിയന്റിനേക്കാളും 60 ശതമാനം കൂടുതൽ ഗുരുതര സ്വഭാവമുള്ളതാണ് പുതിയ വൈറസ് വകഭേദമെന്ന് പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു.

കേരളത്തിൽ അപ്പർ കുട്ടനാട്ടിലെ 4 വയസുകാരന് ഡെൽറ്റാ പ്ലസ് കണ്ടെത്തിയിരുന്നു. രോഗവ്യാപന ശേഷി കൂടുതലുള്ള ഈ വകഭേദം നിയന്ത്രിക്കുന്നതിനായി പ്രദേശത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇത് കൂടാതെ ഡെൽറ്റാ പ്ലസ് ബാധിച്ച രണ്ട് കേസുകൾ പാലക്കാടും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാരക ശേഷി കൂടുതലുള്ള ഈ വകഭേദത്തിൻെറ 16 കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഡെൽറ്റാ വേരിയന്റിൻെറ നേപ്പാൾ വകഭേദം പടർന്നു പിടിച്ചതിനെ തുടർന്നാണ് പോർച്ചുഗലിനെ ഗ്രീൻ ലിസ്റ്റിൽനിന്ന് ആമ്പർ യാത്രാ പട്ടികയിലേയ്ക്ക് ബ്രിട്ടൻ മാറ്റാനുള്ള കാരണം. വൈറസ് നിരന്തരമായി ജനിതക മാറ്റം വന്ന് പുതിയ വകഭേദങ്ങൾ സൃഷ്ടിക്കുന്നത് രോഗ പ്രതിരോധ സംവിധാനത്തിന് വൻ ഭീഷണിയാണെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.

RECENT POSTS
Copyright © . All rights reserved