ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് പ്രതിസന്ധി മൂലം നിർത്തിവച്ചിരുന്ന ഷെഡ്യൂൾഡ് ഇന്റർനാഷണൽ ഫ്ലൈറ്റ് സർവീസുകൾ ഡിസംബർ 15 മുതൽ പുനരാരംഭിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യ. സിവിൽ ഏവിയേഷൻ മിനിസ്ട്രി പുറത്തിറക്കിയ വാർത്താകുറിപ്പിൽ ആണ് പുതിയ തീരുമാനം വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞവർഷം മാർച്ച് 23 മുതൽ തന്നെ ഇത്തരം സർവീസുകൾ ഇന്ത്യ നിർത്തിവെച്ചിരുന്നു. എന്നാൽ ജൂലൈ മുതൽ സ്പെഷ്യൽ പാസഞ്ചർ ഫ്ലൈറ്റുകൾ ഇരുപത്തിയെട്ടോളം രാജ്യങ്ങളിലേയ്ക്ക് ഇന്ത്യയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയിരുന്നു. സിവിൽ ഏവിയേഷൻ മന്ത്രാലയം ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന് അയച്ച കത്തിലാണ് ഷെഡ്യൂൾഡ് ഫ്ലൈറ്റ് സർവീസുകൾ ഉടൻതന്നെ പുനരാരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ആഭ്യന്തരമന്ത്രാലയം, വിദേശകാര്യ മന്ത്രാലയം തുടങ്ങിയവയെല്ലാമായി ചർച്ചകൾ നടത്തിയതിനുശേഷമാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിൽ സിവിൽ ഏവിയേഷൻ മിനിസ്ട്രി എത്തിച്ചേർന്നിരിക്കുന്നത്.


എല്ലാ സർവീസുകളും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന പ്രോട്ടോകോൾ പ്രകാരം മാത്രമേ നടത്താനാകൂ എന്ന കർശന നിർദേശമുണ്ട്. എന്നാൽ സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ പുതിയ വേരിയന്റ് എത്രത്തോളം ഈ തീരുമാനത്തെ ബാധിക്കുമെന്ന ആശങ്ക ഇപ്പോൾ നിലവിലുണ്ട്. ബ്രിട്ടൻ, ഇറ്റലി, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള എല്ലാ ഫ്ലൈറ്റുകളും നിരോധിച്ചിട്ടുണ്ട്.