Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് വ്യാപനം തടയാനായി ഏർപ്പെടുത്തിയ യാത്രാനിരോധനം വെയിൽസ് പിൻവലിച്ചു. എന്നാൽ ഏപ്രിൽ 12 -ന് സ്ഥിതി വിലയിരുത്തുന്നതുവരെ വെയിൽസിന് പുറത്തേയ്ക്കുള്ള യാത്ര അനുവദനീയമല്ല. ഇളവുകളുടെ ഭാഗമായി രണ്ട് വീടുകളിൽ നിന്നുള്ള ആറ് പേർക്ക് പുറത്ത് ഒത്തു ചേരാൻ കഴിയും. ഇത് നേരത്തേ നാല് പേർക്കായിരുന്നു. ഈസ്റ്റർ ദിനങ്ങളിൽ തങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരലുകൾക്ക് അനുവദിച്ചിരിക്കുന്ന യാത്രാ ഇളവ് അവസരമൊരുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിനിടെ ഒരു നിർണായക തീരുമാനത്തിൽ സെപ്റ്റംബർ മാസം മുതൽ 70 വയസ് കഴിഞ്ഞവർക്ക് പ്രതിരോധവാക്‌സിൻെറ ബൂസ്റ്റർ ഡോസുകൾ രാജ്യമെങ്ങും നൽകാൻ തീരുമാനമായതായി വാക്‌സിൻ വിതരണത്തിൻെറ ചുമതലയുള്ള മന്ത്രി നാദിം സഹാവി വെളിപ്പെടുത്തി. വാക്‌സിൻെറ രണ്ട് ഡോസ് സ്വീകരിച്ച വയോധികർക്ക് ജനിതക മാറ്റം വന്ന കൊറോണ വൈറസിൽ നിന്ന് സംരക്ഷണം നൽകാനാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജനിതകമാറ്റം വന്ന കൊറോണ വൈറസുകളെ പ്രതിരോധിക്കാനുള്ള വാക്സിനു വേണ്ടിയുള്ള പരീക്ഷണങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം യുകെയിൽ നിലവിൽ 29 ദശലക്ഷം പേർക്കാണ് വാക്സിൻെറ ആദ്യ ഡോസ് ലഭിച്ചിരിക്കുന്നത്.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ കമ്പനിയുടെ മേധാവി എന്ന ഒറ്റ വിശേഷണം മാത്രം മതി സെറം ഇൻസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി ഇ ഒ അദർ പൂനവല്ലയുടെ പ്രാധാന്യം മനസ്സിലാക്കാൻ . ഈ ഇന്ത്യക്കാരൻ ലണ്ടനിലെ 25000 ചതുരശ്ര അടിയുള്ള കൊട്ടാരം രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന വാടകയ്ക്ക് കരാർ ഒപ്പിടുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. പോളിഷ് കോടീശ്വരനായ ഡൊമിനിക്ക കുൽ‌സിക്കിൽ നിന്നാണ് വീട് വാടകയ്ക്ക് എടുത്തിരിക്കുന്നത്. ആഴ്ചയിൽ 50,000 പൗണ്ട് നിരക്കിലാണ് 40കാരനായ പൂനവല്ല വീട് കരസ്ഥമാക്കിയത്.

പൂനൈ സ്വദേശിയായ പൂനവല്ല ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ബിസിനസ് കുടുംബത്തിലെ അംഗമാണ്. 15 ബില്യൺ പൗണ്ട് ആസ്തിയുള്ള കുടുംബത്തിൻെറ ബിസിനസ് സാമ്രാജ്യത്തിൻെറ ഭൂരിഭാഗവും 1996 -ൽ പൂനവല്ലയുടെ പിതാവ് സ്ഥാപിച്ച വാക്സിൻ നിർമാണ സ്ഥാപനത്തിൽ നിന്നാണ്. ഓക്സ്ഫോർഡ് അസ്ട്രാസെനെക കോവിഡ് വാക്‌സിൻ ഓരോ മാസവും 50 ദശലക്ഷം ഡോസുകൾ ഉത്പാദിപ്പിക്കാൻ കമ്പനി തീരുമാനിച്ചതിനെ തുടർന്നാണ് യുകെയിൽ കൂടുതൽ സമയം ചെലവഴിക്കാൻ പൂനവല്ല തീരുമാനിച്ചതെന്നാണ് കരുതപ്പെടുന്നത് . ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ സർവകലാശാലയിൽ പഠിച്ച പൂനവല്ല ലണ്ടനെ തൻെറ രണ്ടാമത്തെ ഭവനമായാണ് കരുതുന്നത് . സെറം ഇൻസ്റ്റ്യൂട്ട് നിർമ്മിക്കുന്ന ഓക്സ്ഫോർഡ് വാക്‌സിൻ യൂകെയിലേയ്ക്ക് കയറ്റുമതി ചെയ്യുന്നതിൽ ഇന്ത്യാ ഗവൺമെൻറ് നിയന്ത്രണം ഏർപ്പെടുത്തിയത് ബ്രിട്ടനിലെങ്ങും വൻ ചർച്ചാവിഷയമായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിൻെറ ഭാഗമായി ഏപ്രിൽ 12 മുതൽ പബ്ബുകളും ഹെയർ കട്ടിംഗ് സലൂണുകളും ഉൾപ്പെടെ യുകെയിൽ തുറന്നു പ്രവർത്തിക്കും. ജനുവരി 5 -നാണ് രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. കർശനമായ നിയന്ത്രണങ്ങളാലും യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധകുത്തിവെയ്പ്പുകൾ നൽകിയും രോഗ വ്യാപനവും മരണനിരക്കും കുറച്ചതിൻറെ ആശ്വാസത്തിലാണ് രാജ്യം. ലോക് ഡൗൺ ഏർപ്പെടുത്തി അധികം നാളുകൾ പിന്നിടുന്നതിന് മുൻപ് തന്നെ പ്രതിപക്ഷത്തുനിന്നും സ്വന്തം മന്ത്രിസഭയിൽ നിന്നുൾപ്പെടെ കടുത്ത വിമർശനങ്ങളാണ് ബോറിസ് ഗവൺമെൻറ് നേരിട്ടത്.

കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി രാജ്യത്തിനായി അവതരിപ്പിച്ച രൂപരേഖയിൽ പല ഇളവുകളും പ്രഖ്യാപിച്ചിരുന്നു. ഇതിൻറെ ഭാഗമായാണ് ഏപ്രിൽ -12 മുതൽ പബ്ബുകളും ഹെയർ കട്ടിങ് സലൂണുകളും തുറക്കുന്നതുൾപ്പെടെയുള്ള ഇളവുകൾ പ്രഖ്യാപിക്കപ്പെട്ടത്. ഇളവുകൾ തുടങ്ങുന്ന ദിവസം തന്നെ പബ്ബിൽ പോകാൻ ബുക്ക് ചെയ് തതായി വെളിപ്പെടുത്തി ജനങ്ങളുടെ സന്തോഷത്തിൽ പങ്കു ചേരുന്നതിൻെറ ആഹ്ളാദം പ്രധാനമന്ത്രി മറച്ചുവെച്ചില്ല. എങ്കിലും തൻെറ നീണ്ടുവളർന്ന തലമുടി വെട്ടാൻ ഉടനെയെങ്ങും ഹെയർ കട്ടിങ് സലൂണിൽ പോകുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജനിതകമാറ്റം വന്ന വൈറസുകളുടെ വ്യാപനത്തെ കുറിച്ചുള്ള ആശങ്കയാണ് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവരുത്തുന്നത് നീണ്ടു പോകാൻ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സ്റ്റാമ്പ്‌ ഡ്യൂട്ടി ഹോളിഡേ പ്രയോജനപ്പെടുത്താൻ ജനങ്ങൾ ഒരുങ്ങിയതോടെ ലണ്ടനിലെ ഭവന വില ജനുവരിയിൽ എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. കഴിഞ്ഞ വർഷം ആദ്യത്തെ ലോക്ക്ഡൗണിനുശേഷം വിപണി വീണ്ടും തുറന്നപ്പോൾ മുതൽ വിലകൾ ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വീടിന്റെ ശരാശരി വില മാസത്തിൽ 0.1 ശതമാനം ഉയർന്ന് 501,320 പൗണ്ടിലെത്തി. വാർഷിക നിരക്ക് 5.3 ശതമാനം വർധിച്ചു. ഏതൊരു ഇടപാടിന്റെയും ആദ്യത്തെ 500,000 പൗണ്ടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കാനുള്ള ചാൻസലർ റിഷി സുനക്കിന്റെ തീരുമാനമാണ് വീട് വിപണിക്ക് ഊർജം പകർന്നത്. ബജറ്റിന് ശേഷം വിൽപ്പന വില 99.4 ശതമാനമായി ഉയർന്നുവെന്നും ഈ വർഷത്തെ ആദ്യ രണ്ട് മാസങ്ങളിൽ ഇത് 97.6 ശതമാനമായിരുന്നുവെന്നും ലണ്ടൻ എസ്റ്റേറ്റ് ഏജന്റുമാരുടെ മാനേജിംഗ് ഡയറക്ടർ ജെയിംസ് പെൻഡെൽട്ടൺ പറഞ്ഞു.

ഭവന വിപണി ഈ വർഷം ശക്തമായ നിലയിലാണ് ആരംഭിച്ചിരിക്കുന്നത്. പ്രധാനമായും വിലകൾ ഇപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലണ്ടനിൽ ആവശ്യം ഏറുന്നതിനാൽ തന്നെ വിൽപ്പന വിലകൾ പ്രതീക്ഷകൾക്കും മീതെയാണ്. വാങ്ങുന്നവർ മാർച്ച് അവസാനിക്കുന്നതിനുമുമ്പ് നടപടികൾ പൂർത്തിയാക്കാനുള്ള തിരക്കിലായിരിക്കുന്നതിനാൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കണ്ട നിലയിൽ നിന്ന് ത്വരിതപ്പെടുകയുണ്ടായി.

ആശയം. ഷിബു മാത്യൂ
അവതരണം. ആന്റണി ജോസഫ്
വോട്ട് കുത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. കോവിഡിനെ നാണിപ്പിച്ച് നടക്കാതെപോയ ഉത്സവങ്ങള്‍ ഒരുമിച്ചാഘോഷിക്കാനൊരുങ്ങുകയാണ് മല്ലൂസ്. ഇടത്തോട്ടും വലത്തോട്ടുമായി ആടിയും കുണുങ്ങിയും വിരിയാന്‍ പോകുന്ന താമര കാണാന്‍ വെമ്പല്‍ കൊള്ളുകയാണ് പ്രവാസി സമൂഹം. പ്രവാസി മലയാളികള്‍ക്കായി മലയാളം യുകെ ന്യൂസ് ടീം ഒരുക്കുന്ന പ്രത്യേക പംക്തിയാണ് ഇലക്ഷന്‍ ട്രോളും തള്ളും.
വോട്ടവകാശമില്ലാത്ത പ്രവാസി മലയാളികള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച് മലയാളം യുകെ ന്യൂസിന്റെ ഇലക്ഷന്‍ ട്രോളും.. തള്ളും.. എന്ന ആക്ഷേപഹാസ്യ പംക്തി മുന്നേറുകയാണ്. ലോകത്തെമ്പാടുമുള്ള നിരവധി വായനക്കാര്‍ ആസ്വാദന രസമുള്ള നിരവധി ട്രോളുകള്‍ പ്രസിദ്ധീകരിക്കുന്നതിനായി മലയാളം യുകെ ന്യൂസിന് ആയ്ച്ചുകൊണ്ടിരിക്കുകയാണ്.

ഇന്നത്തെ പ്രധാന ട്രോളിലോട്ടും തള്ളിലോട്ടും..
ഏറ്റവും ആഴമുള്ള കടല്‍ അറബിക്കടലാണെന്ന് കേരളം അമേരിക്കയോട്.. അമേരിക്കന്‍ മല്ലൂസ് തിരിച്ചടിച്ചു. പ്രഷര്‍ കൂടിയ കുട്ടിയമ്മ മാധ്യമങ്ങളോട് രണ്ടെണ്ണം പറഞ്ഞ് നോമ്പുകാലത്തെ ഇടയന്റെ ലേഖനം വലിച്ച് കീറി ആഴക്കടലില്‍ തള്ളി. തള്ളിയ ലേഖനം വലയില്‍ പിടിക്കുമെന്ന് കൊല്ലം രൂപതാധ്യക്ഷന്‍.
ഇതിനിടയില്‍ ക്രൈം ബ്രാഞ്ച് കയ്യാലപ്പുറത്തിരിക്കുന്ന പാവം പി സിക്കിട്ട് നൈസായി ഒരു പണി കൊടുത്തു. പണ്ടെവിടെയോ എന്തോ കണ്ടു എന്ന് അബദ്ധത്തിലൊന്നു പറഞ്ഞു പോയീ പാവം പി സി!! ഉമ്മച്ചന് പ്രായമായതുകൊണ്ട് വേറെ തെളിവുകളുടെ ആവശ്യമില്ല, സോറി.. തെളിവുകള്‍ ഒന്നും ഇല്ല. അതുകൊണ്ട് ഉമ്മനെ വെറുതെ വിട്ടിരിക്കുന്നു എന്ന്. കേട്ടപാതി കേള്‍ക്കാത്ത പാതി, നടക്കാതെ പോയ ആറ്റുകാല്‍ പൊങ്കാലയ്ക്ക് പൂഞ്ഞാറ്റില്‍ ഒരു തീരുമാനമായി. ഇതു കണ്ട ജോസ്‌മോന്‍ ആദ്യമൊന്നുഞെട്ടിയെങ്കിലും പുത്തൂരന്‍ വീട്ടിലെ ഇരട്ടച്ചങ്കില്‍ ധൈര്യം കൈവരിച്ചു. പക്ഷേ, വേണുഗീതം പാടിയവര്‍ക്കെല്ലാം ഞെട്ടലുണ്ടായെന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്.
അബദ്ധത്തിലാണെങ്കിലും അധികാരം കൈയ്യില്‍ കിട്ടുന്ന(ശിങ്കാരി ശംബുവിനെ ഓര്‍മ്മയില്ലേ???)കുമ്മനത്തിനും കണക്കിനു കിട്ടി. അല്ലേലും നല്ല വസ്ത്രം അഴിച്ചു വെക്കുന്നതാണല്ലോ കുമ്മന്‍ജിയുടെ ശീലം! ഗവര്‍ണ്ണറുടെ കുപ്പായം തെളിവാണ് താനും.
കുമ്മനം ആഗ്രഹിച്ച വസ്ത്രധാരണം നമ്മുടെ ട്രോളര്‍മാര്‍ പങ്കുവെച്ചു.
അട്ടയേ പിടിച്ച് മെത്തയില്‍ കിടത്തിയാല്‍…
പോത്തിന് ഏത്തവാഴയുടെ ഗുണം അറിയുമോ..?.
ഈ പഴംചൊല്ലുകള്‍ എല്ലാം ഈ കാലഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്നു.

ഇന്നത്തെ പ്രധാന ട്രോളുകള്‍..

 

 

 

 

 

സ്റ്റോക്ക് ഓൺ ട്രെന്റ്: യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം അത്ര സുഖമുള്ള വാർത്തയല്ല ഇനി കേൾക്കാൻ പോകുന്നത്. ഇതുവരെ യുകെമലയാളികളെ തട്ടിപ്പിൽ നിന്നും രക്ഷിക്കുന്നതിന് ഉതകുന്ന ഒരുപിടി വാർത്തകൾ മലയാളം യുകെ പുറത്തുവിട്ടിട്ടുണ്ട്. എങ്കിലും എന്താണ്, എങ്ങനെയാണ് ഇത് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുന്നവർ വളരെ കുറവ്. ഒരുപക്ഷെ എനിക്ക് ഒന്നും നഷ്ടപ്പെട്ടില്ല എന്ന ചിന്തയായിരിക്കാം. ഇനി ചതിക്കപ്പെട്ട ചിലരാകട്ടെ എന്തോ അപമാനം സംഭവിച്ചതുപോലെ ഒരാളോടും പറയാതെ മൂടി വയ്ക്കുന്നു. എന്നാൽ നാം അത് കൂട്ടുകാരോടുപോലും പങ്കുവെക്കാതെ പോകുമ്പോൾ ഒരു പരിധിവരെ ഇത്തരം തട്ടിപ്പുകൾക്ക് സഹായം ആണ് ചെയ്യുന്നത് എന്ന് തിരിച്ചറിയുക.

ഇനി സംഭവത്തിലേക്ക്..

തട്ടിപ്പ് നടക്കുന്നത് കഴിഞ്ഞ ഇരുപത്തിമൂന്നാം തിയതി ഉച്ചക്ക് രണ്ട് മണിയോടെ ബാസിൽട്ടൻ, സൗത്ത് എൻഡ് ഓൺ സീക്ക് അടുത്തായി… ഈ മലയാളി നേഴ്സ് യുകെയിൽ എത്തിയത് കഴിഞ്ഞ 2020 ആഗസ്റ്റിൽ. ഇംഗ്ലീഷ് പരീക്ഷകൾ എല്ലാം പാസ്സായി ഇവിടെയെത്തി, പിന്നീട് NHS ( Natioanl Health Service) വർക്ക് പെർമിറ്റ് ലഭിച്ചത്. യുകെയിൽ എത്തി കടമ്പകൾ എല്ലാം കടന്ന് പിൻ നമ്പറും ലഭിച്ചു. ഏതൊരാളെപോലെയും എത്രയും പെട്ടെന്ന് ഭർത്താവിനെയും കുഞ്ഞിനേയും യുകെയിൽ എത്തിക്കുക എന്ന ചിന്തയോടെ അതിനുവേണ്ടുന്ന കാര്യങ്ങൾ ചെയ്യുന്നതിനിടയിൽ ആണ് ചതിയന്മാരുടെ ഫോൺ എത്തുന്നത്.

നാട്ടിലേക്കുള്ള എല്ലാ പേപ്പർ വർക്കുകളൂം സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു ഈ NHS മലയാളി നേഴ്സ്. അക്കൗണ്ടിൽ ആവശ്യത്തിന് പണം വേണം ഭർത്താവിനും കുട്ടിക്കും യുകെയിലേക്ക് വിസ ലഭിക്കുവാൻ. ഒരു കാരണവശാലും അക്കൗണ്ടിൽ പണം ഇല്ലാത്തതുകൊണ്ട് വിസ കിട്ടാതെപോവരുത് എന്ന തീരുമാനത്തോടെ ചിലവുകൾ ക്രമീകരിച്ചു. ഈ മാസത്തെ ബാങ്ക് സ്‌റ്റേറ്റ് മെന്റ് ലഭിക്കുന്നതോടെ വിസക്കുള്ള പേപ്പറുകൾ കേരളത്തേക്ക് അയക്കാം. വന്ന സമയത്തു ലോക്ക് ഡൗൺ ആയിരുന്നതിനാൽ പ്രമുഖ ബാങ്കുകളിൽ അക്കൗണ്ട് എടുക്കാൻ സാധിച്ചില്ല. ഓൺലൈൻ ബാങ്കിങ് മാത്രമുള്ള ബാങ്കിലാണ് അക്കൗണ്ട് തുറന്നത്.

കോവിഡ് ഒരു വഴിക്ക് ഭയപ്പെടുത്തുന്നുണ്ടെകിലും, പലപ്പോഴും വഴിമുടക്കിയായി മുന്നിൽ എത്തി. കാരണം തന്റെ ഭർത്താവും കുഞ്ഞും വരുന്നതിന് മുൻപ് വീട് തരപ്പെടുത്തണം. RIGHT MOVE എന്ന പ്രസിദ്ധമായ സൈറ്റിലൂടെ അപ്പോയ്ന്റ്മെന്റ് തരപ്പെടുത്തി. പല വീടുകൾ കണ്ടശേഷം തിരിച്ചു താമസ സ്ഥലത്തേക്ക് നടന്നു പോകവെയാണ് ഈ നഴ്സിന്റെ കൊച്ചു ജീവിതത്തിലെ സന്തോഷങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയ ഫോൺ എത്തുന്നത്.

യുകെയിലെ നിയമങ്ങളെക്കുറിച്ചു വലിയ പിടുത്തമില്ലാത്ത ഈ മലയാളി നഴ്‌സിനെ കെണിയിൽ പെടുത്താൻ ഉതകുന്ന ഫോൺ കാൾ. വിളിക്കുന്നത് HMRC യിൽ നിന്നും ആണെന്ന് വെളിപ്പെടുത്തിയ ഈ വ്യക്തി, മലയാളി നഴ്‌സിന്റെ പേര്, അഡ്രസ്, എന്നുവേണ്ട തന്നെ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഒന്നിന് പിറകെ ഒന്നായി ചെവിയിൽ എത്തിയപ്പോൾ സംശയിക്കാൻ ഇടമില്ലായിരുന്നു.

ഇതുവരെ ഈ ടാക്‌സ് നൽകിയിട്ടില്ലെന്നും ഉടൻ അറസ്റ്റിലേക്ക് നീങ്ങുകയാണെന്നും പറഞ്ഞപ്പോൾ കണ്ണിൽ ഇരുട്ടുകയരുന്ന അവസ്ഥ. ഓർമ്മയിൽ തെളിഞ്ഞത് ഭർത്താവിനെയും കുഞ്ഞിനെയും.. ജീവിതം ഇരുൾ അടയുകയാണെല്ലോ എന്ന ചിന്തയിൽ ഒരിക്കൽ പോലും തന്റെ കുടുംബത്തെ കാണാൻ ഒരു അവസരം പോലും ഇല്ല എന്ന ചിന്ത…  മലയാളി നഴ്‌സിന്റെ വാക്കുകൾ പുറത്തേക്ക് വരുന്നത് ബ്രേക്ക് ആവുന്ന സാഹചര്യം… മലയാളം യുകെയോട് ഈ നേഴ്സ് തുടർന്നു. റോഡിനരുകിൽ നിന്നുകൊണ്ടാണ് ഈ ഫോൺ അറ്റൻഡ് ചെയ്‌തത്‌. വണ്ടി പോകുന്ന ശബ്ദം കേൾവിയെ തടസപ്പെടുത്തി എങ്കിലും അവർ ഭീഷണികൾ തുടന്നു. നിൽക്കുന്ന സ്ഥലത്തുനിന്നും നിന്നെ അറസ്റ്റുചെയ്യാൻ പോകുന്നു എന്ന് കൂടി അറിയിച്ചു. പകച്ചുപോയ ഈ മലയാളി നഴ്സിനോട് പ്രശ്‌നം പരിഹരിക്കാൻ സാധിക്കുമെന്നും അതിന് നാല് ക്രൈറ്റീരിയ ആണ് ഉള്ളതെന്നും ഇവർ അറിയിച്ചു.

ഈ മലയാളി നേഴ്സ് വന്നത് കോവിഡ് ലോക്ക് ഡൗൺ കാലത്തു ആയതുകൊണ്ട് ടാക്‌സ് കോഡ് ലഭിച്ചിരുന്നില്ല. ഈ കഴിഞ്ഞ മാസമാണ് ടാക്സ് കോഡ് ലഭിച്ചത്. സ്വാഭാവികമായും ഈ ഫോൺ കാൾ സത്യമാണ് എന്ന് വിശ്വസിക്കാൻ ഇടവന്നതിന്റെ കാരണം എന്നും ഈ മലയാളി നേഴ്സ് മലയാളം യുകെയോട് വെളിപ്പെടുത്തി.

ആദ്യ ക്രൈറ്റീരിയ അവർ പറഞ്ഞു. കിട്ടിയ വരുമാനത്തിന്റെ ടാക്‌സ് അധികമായി നൽകേണ്ട തുക £779.50 ഇപ്പോൾ തന്നെ കൊടുക്കണം. ഇതിനോടകം ഈ മലയാളിയുടെ ഫോൺ ഹാക്ക് ചെയ്‌തിരുന്നു. രണ്ടാമത്തെ ക്രൈറ്റീരിയ വന്നു. പണമിടപാട് നടന്നു എന്ന് തിരിച്ചറിയാൻ 2400 പൗണ്ട് കൊടുക്കണം. 45 മിനിറ്റുകൾക്കുള്ളിൽ ഈ തുക തിരിച്ചു നിങ്ങളുടെ അക്കൗണ്ടിൽ ഇടുമെന്നും ഉള്ള ഒരു ഉറപ്പും ലഭിച്ചു. അതും  രണ്ട് ട്രാൻസാക്ഷൻ ആയിട്ട് നൽകണമെന്നും. ആദ്യ തുക £999.00. തുടർന്ന് ബാക്കിയായ £1401.൦൦.

എന്നാൽ £999.00 ന്റെ ഇടപാട് പരാജയപ്പെട്ടു എന്നും വീണ്ടും ചെയ്യണമെന്നും നിർദ്ദേശം. പണമിടപാട് പരാജയപ്പെട്ടു എന്ന് കാണിക്കുന്ന ഒരു ഫേക്ക് വെബ് പേജ് ഈ നഴ്സിന്റെ ഫോണിൽ ഹാക്കർമാർ എത്തിക്കുകയായിരുന്നു. വീണ്ടും £999.00

മൂന്നാമത്തെ ക്രൈറ്റീരിയ എത്തി.. അത് സോളിസിറ്റർ.. ഈ കേസുമായി ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു സോളിസിറ്റർ വീട്ടിൽ പിറ്റേന് തന്നെ എത്തുമെന്നും അവർ കൊണ്ടുവരുന്ന പേപ്പറുകളിൽ ഒപ്പിട്ടാൽ ഈ വിഷയം തീരുമെന്നും അറിയിച്ചു. അതിനായി വക്കീൽ ഫീസ് ആയി കൊടുക്കേണ്ടത് £998.32. അങ്ങനെ ഹാക്കർമാർ പറ്റിച്ചു മേടിച്ച ആകെ തുക £5186.00. (അതായത് Rs. 5,18,600). പണം നഷ്ട്ടപ്പെട്ടതിൽ ദുഃഖം ഉണ്ടെങ്കിലും പ്രതീക്ഷിച്ച സമയത്തു ഭർത്താവിനെയും കുഞ്ഞിനേയും എത്തിക്കുവാൻ സാധിക്കുമോ എന്നതിൽ ആണ് താൻ കൂടുതൽ വിഷമിക്കുന്നത് എന്നും അവർ വെളിപ്പെടുത്തി.

ഇനി യുകെയിൽ എത്തുന്ന മലയാളി നഴ്സുമാർ അറിയാൻ..

താഴെ കാണുന്ന HMRC യുടെ വെബ്സൈറ്റ് കാണുക.. കൂട്ടുകാരുമായി ഷെയർ ചെയ്യുക വഴി മറ്റൊരാൾക്ക് സംഭവിക്കാതെയിരിക്കട്ടെ.

https://www.gov.uk/government/publications/phishing-and-bogus-emails-hm-revenue-and-customs-examples/phishing-emails-and-bogus-contact-hm-revenue-and-customs-examples

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബെയ്​ജിങ്​: ചൈനീസ്​ പ്രവിശ്യയായ സിൻജിയാങ്ങിലെ ഉയ്​ഗൂ​ർ വംശഹത്യയിൽ പ്രതിഷേധിച്ച്​ നടപടി സ്വീകരിച്ച ബ്രിട്ടനെതിരെ പ്രതികാരവുമായി ചൈന. ബ്രിട്ടനിലെ 4 സംഘടനകൾക്കും 9 വ്യക്​തികൾക്കും ഉപരോധമേർപ്പെടുത്തിയാണ് ചൈന തിരിച്ചടിച്ചത്. കൺസർവേറ്റീവ്​ പാർട്ടി മുൻ നേതാവ്​ ഇയാൻ ഡങ്കൻ സ്​മിത്ത് ഉൾപ്പെടെ ഉള്ള രാഷ്ട്രീയ നേതാക്കൾ ഉപരോധ പട്ടികയിലുണ്ട്. എംപിമാരായ ടോം തുഗെൻ‌ഹാത്ത്, ലോർഡ് ആൾട്ടൺ, നീൽ ഓബ്രിയൻ, ടിം ലോഫ്റ്റൻ, നുസ്രത്ത് ഘാനി എന്നീ പ്രമുഖരും പട്ടികയിലുണ്ട്. നാലു ചൈനീസ്​ ഉദ്യോഗസ്​ഥരെ രാജ്യത്ത് വിലക്കിയ ബ്രിട്ടീഷ് നടപടിക്ക് പകരമായാണ് ചൈനയുടെ ഈ നീക്കം.

മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള സത്യം പരിശോധിക്കാൻ സിൻജിയാങ്ങിലേക്ക് അന്താരാഷ്ട്ര പ്രവേശനം അനുവദിക്കണമെന്ന് ബ്രിട്ടൻ ആവശ്യപ്പെട്ടു. സിൻജിയാങ്ങിലുടനീളം സ്​ഥാപിച്ച തടവറകളിൽ 10 ലക്ഷത്തിലേറെ ഉയ്​ഗൂർ മുസ്​ലിംകളെ താമസിപ്പിച്ചിട്ടുണ്ടെന്നാണ് കണക്ക്. തടവറയിലെ വനിതകൾ കൂട്ട ബലാൽസംഗത്തിനിരയാകുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. എന്നാൽ തീവ്രവാദികൾക്ക്​ പുനർവിദ്യാഭ്യാസമാണ്​ ഈ കേ​ന്ദ്രങ്ങളിൽ നടക്കുന്നതെന്നാണ് ചൈനയുടെ വിശദീകരണം.

 

ഈ വർഷം ഇതുവരെ, യുഎസ്, കാനഡ, നെതർലാന്റ്സ് എന്നിവർ സിൻജിയാങ്ങിലെ നടപടികൾ വംശഹത്യയ്ക്ക് തുല്യമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഉപരോധ പട്ടികയിൽ ഉൾപ്പെട്ട വ്യക്തികളെയും അവരുടെ അടുത്ത കുടുംബാംഗങ്ങളെയും ചൈനയിലേക്ക് പ്രവേശിപ്പിക്കില്ല. ചൈനയിലെ അവരുടെ ആസ്തികളെല്ലാം മരവിപ്പിക്കും. ചൈനീസ് പൗരന്മാർക്കും സ്ഥാപനങ്ങൾക്കും അവരുമായി ബിസിനസ്സ് നടത്തുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രാജ്യത്തെ മുതിർന്ന പൗരന്മാർക്കെല്ലാം വാക്സിൻ നൽകി കഴിഞ്ഞാൽ ബ്രിട്ടൻ വാക്സിൻ പാസ്പോർട്ട് നടപ്പിലാക്കാനുള്ള സാധ്യതയെക്കുറിച്ച് പ്രധാനമന്ത്രി ബോറിസൺ സൂചന നൽകി. വാക്സിൻ പാസ്പോർട്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്ത മാസം തന്നെ ജനങ്ങളുമായി പങ്കുവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്ക് വാക്സിൻ പാസ്പോർട്ട് ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ ഉയർന്നുവരുന്ന പ്രായോഗികവും ധാർമ്മികവുമായ പ്രശ്നങ്ങളെക്കുറിച്ച് ചർച്ചകൾ നടക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എങ്കിലും ഏപ്രിൽ 12 മുതൽ ഇംഗ്ലണ്ടിലെ പബ്ബുകൾ തുറക്കുമ്പോൾ വാക്സിൻ എടുത്തെന്ന് തെളിയിക്കേണ്ട ആവശ്യമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇതിനിടെ കോവിഡ് വ്യാപനം തടയാനുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അടുത്ത ആറുമാസം കൂടി ഗവൺമെന്റിന് അധികാരം നൽകാൻ പാർലമെൻറ് തീരുമാനിച്ചു. 408 പേർ അനുകൂലിച്ചപ്പോൾ 76 പേർ മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്. ഇന്നലെ രാജ്യത്ത് പുതിയതായി 6397 പേരാണ് കോവിഡ് പോസിറ്റീവ് ആയത്. ഇന്നലെ യുകെയിൽ 63 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത് . ഒരാഴ്ച മുമ്പത്തെ അപേക്ഷിച്ച് മരണ നിരക്കിലും കുറവുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 29 ദശലക്ഷം ആളുകൾക്ക് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കെയ്റോ : ലോകത്തിലെ ഏറ്റവും തിരക്കേറിയ ജലപാതകളിലൊന്നായ സൂയസ് കനാലിൽ വൻ ട്രാഫിക് ബ്ലോക്ക്‌. വമ്പന്‍ കണ്ടെയ്‌നര്‍ കപ്പല്‍ നിയന്ത്രണം വിട്ട് ജലപാതയില്‍ കുറുകെ നിന്നതോടെയാണ് പാത പൂർണമായും അടഞ്ഞത്. 1312 അടി നീളവും 59 മീറ്റര്‍ വീതിയുമുള്ള ഈ കപ്പലിനെ നിരവധി ടഗ് ബോട്ടുകള്‍ കൊണ്ട് വലിച്ചുനീക്കാന്‍ ശ്രമം നടത്തിവരികയാണ്. എന്നാൽ ഈ കപ്പൽ ദിവസങ്ങളോളം ഇവിടെ കുടുങ്ങികിടക്കാൻ സാധ്യതയുണ്ട്. കപ്പലിനെ തിരിച്ചെടുക്കാൻ ഒൻപത് ടഗ് ബോട്ടുകൾ വരെ വിന്യസിച്ചിട്ടുണ്ടെന്ന് കപ്പൽ യാത്ര കൈകാര്യം ചെയ്യുന്ന കമ്പനിയായ ബെർ‌ണാർഡ് ഷുൾട്ട് ഷിപ്പ്മാനേജ്മെന്റ് (ബി‌എസ്‌എം) പറഞ്ഞു. ഇന്നലെ രാവിലെ കപ്പൽ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടതായും എന്നാൽ ഉടൻ തന്നെ വീണ്ടും ശ്രമിക്കുന്നതായും ബിഎസ്എം അറിയിച്ചു.

ഇരു കരകളിലും തട്ടി നിൽക്കുന്നതിനാൽ അതിവേഗമുള്ള ഒരു തിരിച്ചുപിടിക്കൽ അസാധ്യമാണ്. സൂയസ് കനാലിന്റെ വടക്കന്‍ മേഖലയിലുള്ള തുറമുഖത്തിന് സമീപമായാണ് ചൊവ്വാഴ്ച സംഭവമുണ്ടായത്. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത എവര്‍ ഗിവൻ എന്ന കപ്പലാണ് ബ്ലോക്കുണ്ടാക്കിയത്. നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ടതാണ് കപ്പല്‍.

പെട്ടെന്നുണ്ടായ കാറ്റില്‍ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് എവര്‍ ഗ്രീൻ മറൈന്‍ അധികൃതര്‍ പറയുന്നത്. വശത്തേയ്ക്ക് ചരിഞ്ഞതോടെ കപ്പലിന്റെ ഭാഗം കനാലിന്റെ ഒരുഭാഗത്ത് ഇടിക്കുകയും ചെയ്തു. കപ്പലിലെ ചരക്ക് ഇറക്കിയ ശേഷം മാത്രമാവും കപ്പലിനെ നീക്കാനാവുക. കപ്പൽ ഉറച്ചിരിക്കുന്ന കനാലിലെ മണലും നീക്കം ചെയ്യേണ്ടതുണ്ട്. ഇതിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. 150 ഓളം മറ്റ് കപ്പലുകളാണ് കനാലിലൂടെ കടന്നുപോകാൻ ഇപ്പോൾ കാത്തുകിടക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ്-19 മൂലമുള്ള ലോക്ഡൗണിനെ തുടർന്ന് യുകെ സമ്പദ് വ്യവസ്ഥ നീങ്ങുന്നത് വൻ പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സമ്പദ് രംഗത്തെ ഇപ്പോൾ താങ്ങിനിർത്തുന്നത് ഗവൺമെൻറിൻറെ ഭാഗത്തുനിന്നുള്ള പദ്ധതികളാണ്. പക്ഷെ ഗവൺമെൻറ് പദ്ധതികളുടെ പിൻബലത്തിലുള്ള സമ്പദ് രംഗം ഊതി വീർപ്പിച്ച കുമിള പോലെയെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സമ്പദ് രംഗത്തിന് പ്രധാന വെല്ലുവിളിയായിരിക്കുന്നത് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ നിരക്കാണ്.

2.2 മില്യൺ ആൾക്കാരോളം യു.കെയിൽ തൊഴിൽരഹിതരായി ഉണ്ടെന്നാണ് ഏറ്റവും അടുത്ത് പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് മൊത്തം വർക്ക് ഫോഴ്സിന്റെ 6.5 ശതമാനം വരും. ഇതിൽ പലരും കോവിഡ് -19 നെ തുടർന്നുള്ള ലോക്ഡൗൺ കാരണം ജോലി നഷ്ടപ്പെട്ടവരാണ്. 300ലേറെ അപേക്ഷകൾ അയച്ചിട്ടും ഒരു ജോലി ലഭിക്കാതെ നിരാശരായവരുടെ അനുഭവങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് തൊഴിലില്ലായ്മയുടെ ഭീകരത വരച്ചു കാട്ടുന്നു. കോവിഡ് – 19 നെ തുടർന്ന് ഏറ്റവും കൂടുതൽ ജോലികൾ നഷ്ടപ്പെട്ടത്, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, എന്റർറ്റെയ്ൻമെന്റ് മേഖലകളിൽ ജോലി ചെയ്യുന്നവർക്കാണ്.

RECENT POSTS
Copyright © . All rights reserved