ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ടൈം ഔട്ട് പ്രസിദ്ധപ്പെടുത്തിയ ലോകത്തിലെ ഏറ്റവും മികച്ച 37 രാജ്യങ്ങളുടെ പട്ടികയിൽ, മൂന്നാംസ്ഥാനം നേടിയിരിക്കുകയാണ് മാഞ്ചസ്റ്റർ നഗരം. ലോകത്തിലെ ഏറ്റവും മികച്ച നഗരമായി തിരഞ്ഞെടുത്തിരിക്കുന്നത് സാൻഫ്രാൻസിസ്കോയും, രണ്ടാം സ്ഥാനത്ത് ആംസ്റ്റർഡാമുമാണ്. നഗരങ്ങളുടെ പുരോഗമന നിലവാരവും, സ്വീകാര്യതയും, സുസ്ഥിരതയും എല്ലാം കണക്കിലെടുത്താണ് ടൈം ഔട്ട് പട്ടിക പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ നൂറോളം നഗരങ്ങളിൽ നിന്നായി പങ്കെടുത്ത ഇരുപത്തിയേഴായിരത്തോളം ആളുകളിൽ നിന്നുള്ള സർവേയിലൂടെ ആണ് ഈ റാങ്കിംഗ് നിലവാരം ടൈം ഔട്ട് കണ്ടെത്തിയത്. നഗരങ്ങളിലെ രാത്രികാല ജീവിതവും, റസ്റ്റോറന്റുകളും, സാംസ്കാരികതയും എല്ലാം ഈ പട്ടികയ്ക്കായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പംതന്നെ നഗരങ്ങളുടെ പരിസ്ഥിതി സൗഹൃദ നടപടികളെയും മുൻനിർത്തിയാണ് ഈ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്ന് ടൈം ഔട്ട് അറിയിച്ചു.


ഏറ്റവും മികച്ച സാമൂഹ്യ ബന്ധങ്ങൾ ഉണ്ടാക്കാൻ ഏറ്റവും ഇണങ്ങിയ നഗരമായാണ് മാഞ്ചസ്റ്ററിനെ ടൈം ഔട്ട് വിലയിരുത്തിയത്. ഇതോടൊപ്പംതന്നെ നഗരത്തിലെ രാത്രികാല ജീവിതവും ഏറ്റവും മികച്ചതാണെന്ന് സർവേയിൽ വിലയിരുത്തപ്പെട്ടു. ഏതു പ്രതിസന്ധിയിലും ഈ നഗരം ഒന്നിച്ച് നിന്നിട്ടുണ്ടെന്നും, ഈ ഊർജ്ജമാണ് നഗരത്തെ മുന്നോട്ടുകൊണ്ടുപോകുന്നത് എന്നും മേയർ ആൻഡി ബൺഹാം പറഞ്ഞു. കോപ്പൻഹേഗൻ, ന്യൂയോർക്ക് എന്നീ നഗരങ്ങൾ നാലും അഞ്ചും സ്ഥാനങ്ങൾ നേടി. പട്ടികയിൽ ലണ്ടൻ നഗരം പതിമൂന്നാം സ്ഥാനത്താണ്.