ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് മഹാമാരി ഏറ്റവും മോശമായി ബാധിച്ച മേഖലകളിൽ ഒന്നാണ് വിദ്യാഭ്യാസം. കോവിഡ് ഭീതി മൂലം ലോകമെമ്പാടും ക്ലാസുകൾ ഡിജിറ്റൽ ഫ്ലാറ്റ് ഫോമിലേയ്ക്ക് മാറിയിരുന്നു . യുകെയിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല . പരീക്ഷകൾക്ക് പകരം അധ്യാപകർ നിർണയിച്ച ഗ്രേഡുകളിലെ അപാകത കടുത്ത വിമർശനം വിളിച്ചുവരുത്തിയിരുന്നു. എന്നാൽ ഈ പ്രതികൂല സാഹചര്യത്തിലും യുകെയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലേയ്ക്ക് ബ്രിട്ടനിലെ കൂടുതൽ വിദ്യാർത്ഥികൾ ഒഴുകിയെത്തുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

യുകെയിലെ യൂണിവേഴ്സിറ്റികളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനം കൂടുതൽ കുട്ടികളാണ് പ്രവേശനം നേടിയിരിക്കുന്നത്. എന്നാൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് യുകെയിലെ യൂണിവേഴ്സിറ്റികളിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട് . ഇതുമൂലം യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ മൊത്തത്തിൽ കുറവ് രേഖപ്പെടുത്തിയേക്കാം എന്നാണ് കരുതപ്പെടുന്നത് . ഫ്രാൻസ്, ജർമനി , ഇറ്റലി തുടങ്ങിയ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ 56 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നും ഒട്ടേറെ കുട്ടികൾ ബ്രിട്ടണിലെ സർവകലാശാലകളിൽ പ്രവേശനം നേടിയിട്ടുണ്ടെങ്കിലും കൂടുതൽ കുട്ടികൾ എത്തുന്നത് ബിരുദാനന്തര ബിരുദ കോഴ്സുകൾക്കാണ്.