Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഫാസ്റ്റ് ഫുഡ് മേഖലയില്‍ ലോകത്തെല്ലായിടത്തും ഒരുപോലെ അജയ്യരാണ് ബര്‍ഗര്‍ കിംഗ്. ബർഗർ പ്രേമികൾക്ക് ഈ ആഴ്ച ബർഗർ കിംഗിൽ നിന്നും സൗജന്യമായി ഒരു വോപ്പർ ബർഗർ നേടാൻ അവസരം ഒരുങ്ങുകയാണ്. ബർഗർ കിംഗിലെ ഒരു വോപ്പറിന്റെ വില രാജ്യമെമ്പാടും വ്യത്യാസപ്പെട്ടിരിക്കുന്നു. സാധാരണയായി 4.49 പൗണ്ട് നൽകേണ്ടി വരും. സെൻട്രൽ ലണ്ടനിൽ 6 പൗണ്ട് വരെ നൽകേണ്ടി വരും. ഫ്ലേം-ഗ്രിൽഡ് ബർഗർ ആണ് ബർഗർ കിംഗിലെ പ്രധാന വിഭവം. ഇത് 1957 മുതൽ നൽകി വരുന്നുണ്ട്. സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ബർഗർ കിംഗ് ആപ്ലിക്കേഷൻ വഴിയാണ് ഇത്തവണ സൗജന്യ വോപ്പർ ഓഫർ ലഭിക്കുക.

ഐഫോൺ ആണെങ്കിൽ ആപ്പിൾ സ്റ്റോർ വഴിയും ആൻഡ്രോയ്ഡ് ഫോൺ ആണെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോർ വഴിയും ഈ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പേര്, ഇമെയിൽ പോലുള്ള സ്വകാര്യ വിവരങ്ങൾ പങ്കിട്ട് ബർഗർ കിംഗ് അപ്ലിക്കേഷനിൽ സൈൻ അപ്പ് ചെയ്യുക. ജൂൺ 23 ബുധനാഴ്ച രാവിലെ 6 മണി മുതൽ ആപ്ലിക്കേഷന്റെ ഓഫർ സെക്ഷനിൽ ‘ഫ്രീ വോപ്പർ വൗച്ചർ’ ലഭ്യമാകും. ഒരു ദിവസം മാത്രമേ ഇത് ഉപയോഗിക്കാൻ സാധിക്കൂ. വൗച്ചർ ഉപയോഗിക്കുന്നതിനായി ഒരു ബർഗർ കിംഗ് ബ്രാഞ്ചിൽ എത്തി കൗണ്ടറിൽ ഓർഡർ ചെയ്യുകയോ ആപ്പിലെ ക്ലിക്ക് & കണക്ട് പ്രയോജനപ്പെടുത്തുകയോ ചെയ്യാം. പ്ലാന്റ് ബേസ്ഡ് ബർഗറും ഓഫറിൽ ഉൾപ്പെട്ടിട്ടുണ്ട് .

നിർഭാഗ്യവശാൽ ഈ ഓഫറിന് ഹോം ഡെലിവറി ഇല്ല. ഈ ഓഫർ എല്ലാ സ്റ്റോറുകളിലും ലഭ്യമല്ല. അതിനാൽ ആദ്യം നിങ്ങളുടെ പ്രാദേശിക സ്റ്റോറിൽ ലഭ്യമാണോയെന്ന് പരിശോധിക്കുക. മോട്ടോർവേ സർവീസ് സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, ട്രെയിൻ സ്റ്റേഷനുകൾ, ഹോളിഡേ പാർക്കുകൾ എന്നിവിടങ്ങളിലുള്ള ബർഗർ കിംഗിൽ നിങ്ങൾക്ക് ഈ ഓഫർ ഉപയോഗിക്കാൻ കഴിയില്ല. അതേസമയം, ബുധനാഴ്ച വരെ കാത്തിരിക്കാനാകുന്നില്ലെങ്കിൽ, ഇപ്പോൾ ഒരു പ്രത്യേക ഡീൽ ലഭ്യമാണ്. ആപ്പിലെ പുതിയ ഉപയോക്താക്കൾക്ക് വെറും 1.59 പൗണ്ടിന് ഒരു വോപ്പർ ലഭിക്കും. ബർഗർ കിംഗ് സൗജന്യ വോപ്പറുകൾ നൽകുന്നത് ഇതാദ്യമല്ല. 15 പൗണ്ടിന് മുകളിൽ ചിലവഴിക്കുന്ന ഡെലിവറൂ ഉപയോക്താക്കൾക്ക് ഫ്രീ ബർഗർ നൽകുന്ന ഓഫർ കഴിഞ്ഞ മാസം നടപ്പിലാക്കിയിരുന്നു.

ഭർത്താവിൻെറ വീട്ടിൽ തൂങ്ങി മരിച്ച യുവതി നേരിട്ടത് ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കൾ. നിലമേല്‍ കൈതത്തോട് സ്വദേശിനിയായ വിസ്മയയുടെ മരണത്തിന് പിന്നാലെയാണ് ബന്ധുക്കൾ ആരോപണവുമായി മുന്നോട്ട് വന്നത്. സ്ത്രീധനത്തിന്റെ പേരിൽ പലപ്പോഴും വിസ്മയ നേരിട്ടത് ക്രൂര പീഡനമായിരുന്നുവെന്ന് അവർ പറഞ്ഞു. ആത്മഹത്യയ്ക്ക് മുൻപ് ഭര്‍ത്താവ് തന്നെ മർദിച്ചതായുള്ള സന്ദേശം വിസ്മയ സഹോദരന് അയച്ചിരുന്നു.

വിവാഹസമയത്ത് സ്ത്രീധനമായി നൽകിയ കാറിനെ ചൊല്ലി ഭര്‍ത്താവ് കിരണ്‍കുമാര്‍ തന്നെ മർദിച്ചതായി വിസ്മയ പറഞ്ഞിരുന്നു. താൻ നേരിട്ട പീഡനങ്ങൾ വിശദീകരിച്ച സന്ദേശങ്ങള്‍ അയച്ച് മണിക്കൂറുകള്‍ക്കകം വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തന്നെയും അച്ഛനേയും അസഭ്യം പറയുന്നതായും കാറിൻെറ കണ്ണാടി പൊട്ടിച്ചതായും വിസ്മയയുടെ സന്ദേശത്തിൽ ഉണ്ട്.

കഴിഞ്ഞ വർഷമാണ് വിസ്മയയുടെ വിവാഹം അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണ്‍കുമാറുമായി നടന്നത്. വിവാഹശേഷം പലപ്പോഴായി ഉണ്ടായ വഴക്കുകളെ തുടർന്ന് സ്വന്തം വീട്ടിലായിരുന്ന വിസ്മയ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കിയതിനെ തുടർന്ന് തിരിച്ചുവരുകയായിരുന്നു. എന്നാൽ ഇതിനുശേഷവും ഭർത്താവിൽ നിന്ന് സ്ത്രീധനത്തിൻെറ പേരിൽ പലപ്പോഴായി മർദ്ദനമേറ്റിരുന്നതായി സന്ദേശത്തിൽ പറയുന്നു.

വിസ്മയയെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ഭർത്താവിൽ നിന്ന് നേരിട്ട ക്രൂര മർദനങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നും അവർ ആരോപിച്ചു. അതേസമയം സംഭവശേഷം വിസ്മയയുടെ ഭർത്താവ് ഒളിവിൽ പോയിരിക്കുകയാണ്. സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്.പിയുടെ റിപ്പോര്‍ട്ട് തേടിയതായി വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- ബ്രിട്ടനെ ശാസ്ത്ര ശക്തിയായി വളർത്തുക എന്ന ലക്ഷ്യത്തോടെ കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഗവേഷണങ്ങൾക്ക് കൂടുതൽ ബഡ് ജറ്റ് തുക നീക്കി വയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം തന്നെ പുതിയതായി രൂപപ്പെടുത്തുന്ന നാഷണൽ സയൻസ് ആൻഡ് ടെക്നോളജി കൗൺസിലിന് അദ്ദേഹം നേതൃത്വം വഹിക്കുകയും ചെയ്യും. ജനനന്മയ്ക്ക് പ്രയോജനപ്പെടുത്തുന്നതിനായി ഗവേഷണങ്ങൾക്ക് ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൗൺസിൽ രൂപപ്പെടുത്തിയിരിക്കുന്നത്. നിലവിലെ ചീഫ് സയന്റിഫിക് അഡ്വൈസർ ആയിരിക്കുന്ന സർ പാട്രിക് വാലൻസ്, ഇനിമുതൽ നാഷണൽ ടെക്നോളജി അഡ്വൈസർ എന്ന നിലയിലും സേവനമനുഷ്ഠിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

നിലവിലെ വാക്സിനേഷൻ പ്രോഗ്രാമിൽ ബ്രിട്ടൻ നേടിയിരിക്കുന്ന വിജയം മറ്റു മേഖലകളിലും എത്രത്തോളം ബ്രിട്ടന് മുന്നേറാൻ സാധിക്കും എന്നതിന് തെളിവാണ് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ബ്രിട്ടനിലെയും അതോടൊപ്പം തന്നെ ലോകമെമ്പാടുമുള്ള ജനങ്ങളുടെയും ജീവിതത്തിൽ കൂടുതൽ പ്രയോജനപ്പെടുത്തുന്ന ശാസ്ത്ര സാങ്കേതിക കണ്ടുപിടുത്തങ്ങൾ നടത്തുവാൻ ബ്രിട്ടനു സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ശരിയായ ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കൗൺസിലുകളും മറ്റും രൂപപ്പെടുത്തിയിരിക്കുന്നത്. ലോക ശാസ്ത്ര ശക്തി എന്ന നിലയിലുള്ള ബ്രിട്ടന്റെ സ്ഥാനത്തെ കൂടുതൽ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികൾ തീരുമാനിച്ചിരിക്കുന്നത്. 2025 ഓടുകൂടി ഗവേഷണ മേഖലയ്ക്കായി 22 ബില്യൺ പൗണ്ട് തുകയോളം വകയിരുത്തും. കാലാവസ്ഥാവ്യതിയാനം തരണം ചെയ്യുന്നതിനുള്ള മാർഗങ്ങളും മറ്റും ആലോചിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പുതിയതായി രൂപപ്പെടുത്തിയ ഓഫീസ് ഫോർ സയൻസ് ആൻഡ് ടെക്നോളജി സ്ട്രാറ്റജി പുതിയ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : യു കെയിൽ നിന്ന് ഐഎസിൽ ചേരാൻ പോകുന്നതിന് മുമ്പ് തങ്ങളോട് കൂടെ വരാൻ ഷമീമ ബീഗം അവശ്യപ്പെട്ടിരുന്നതായി സഹപാഠികൾ. വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനായി തന്റെ പുറങ്കുപ്പായത്തിൽ ഒരു ഐഎസ് ബാഡ് ജ് ധരിച്ചിട്ടുണ്ടായിരുന്നുവെനും ഷമീമ ബീഗത്തിന്റെ മുൻ സഹപാഠികൾ പറഞ്ഞു. ബെത്‌നാൽ ഗ്രീൻ അക്കാദമിയിലെ മുൻ വിദ്യാർത്ഥികൾ, തങ്ങളുടെ കൂടെ പഠിച്ച ഷമീമയെക്കുറിച്ച് ഇതാദ്യമായാണ് ഒരു മാധ്യമത്തോട് സംസാരിക്കുന്നത്. ഷമീമ ബീഗവും അമീറ അബാസും അവരുടെ പുറങ്കുപ്പായത്തിൽ ഒരു കറുത്ത തുണി കുത്തി വച്ചിരുന്നെന്നും അതിൽ വെളുത്ത നിറത്തിൽ അറബിക് എഴുതപ്പെട്ടിരുന്നെന്നും സഹപാഠിയായ യുവാവ് വെളിപ്പെടുത്തി. നിരന്തരം സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് മൂവരും സിറിയയിലേക്ക് പോയത്. മൂന്നു പെൺകുട്ടികൾ ഐഎസിൽ ചേരാൻ പോയതോടെ, മറ്റ് വിദ്യാർത്ഥികളെ തടയാനായി സ്കൂൾ അധികൃതർ കർശനമായ ഒരു നിയമം ഏർപ്പെടുത്തുകയും എല്ലാ ദിവസവും രാവിലെ പോലീസ് രജിസ്റ്ററിൽ ഒപ്പുവയ്ക്കണമെന്ന നിയമം നിലവിൽ വരികയും ചെയ്തു.

കാണാതായ സഹപാഠികളെക്കുറിച്ച് സംസാരിക്കുന്നതിൽ നിന്നും അവരെ വിലക്കി. “ഇതിനെക്കുറിച്ച് ഒരു വാക്ക് പറഞ്ഞാൽ ഞങ്ങൾ തടങ്കലിലാകുമെന്ന് ഭയപ്പെട്ടു.” അദ്ദേഹം വെളിപ്പെടുത്തി. “അവളെ വീണ്ടും കണ്ടാൽ ഞാൻ ആദ്യം ആലിംഗനം ചെയ്യും. കാരണം ആളുകൾ തെറ്റുകൾ വരുത്തുന്നു. അത് ക്ഷമിച്ചു അവർക്ക് വീണ്ടും അവസരം നൽകുക എന്നതാണ് പ്രധാനം.” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപ്പോൾ 21 വയസുള്ള ഷമീമയെ അൽ-റോജ് ജയിൽ ക്യാമ്പിൽ പാർപ്പിച്ചിരിക്കുകയാണ്. യുകെയിലേക്ക് മടങ്ങാനുള്ള അവസരത്തിനായി അവർ ഇപ്പോഴും പ്രചാരണം നടത്തുന്നുണ്ട്. രാജ്യം വിട്ട് ഐഎസിൽ ചേരാനുള്ള തന്റെ തീരുമാനം തെറ്റായിരുന്നെന്നും രാജ്യത്തേക്ക് തിരികെ വരാൻ താല്പര്യമുണ്ടെന്നും കഴിഞ്ഞ ദിവസം ഷമീമ അറിയിച്ചിരുന്നു. 2019 ഫെബ്രുവരിയിൽ സിറിയൻ അഭയാർഥി ക്യാമ്പിൽ കഴിയവേ ഷമീമ ഒമ്പത് മാസം ഗർഭിണിയാണെന്ന വാർത്ത വന്നപ്പോൾ മുൻ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് ദേശീയ സുരക്ഷാ കാരണങ്ങളാൽ അവളുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയിരുന്നു. ഗർഭിണിയായിരിക്കുമ്പോൾ താൻ അനുഭവിച്ച ബുദ്ധിമുട്ടുകളും ഐഎസിൽ നിന്ന് ഓടി രക്ഷപെട്ട സാഹചര്യവും വിവരിക്കുന്ന പുതിയ ഡോക്യുമെന്ററി ‘ദി റിട്ടേൺ: ലൈഫ് ആഫ്റ്റർ ഐഎസ്ഐഎസ്’, കഴിഞ്ഞാഴ്ച്ച പുറത്തിറങ്ങിയിരുന്നു. പൗരത്വം തിരിച്ചുകിട്ടാനായി നിയമവഴികളിൽ ഷമീമ ഇറങ്ങിത്തിരിച്ചെങ്കിലും യുകെ സുപ്രീം കോടതി അവരുടെ ഹർജി തള്ളി. ബംഗ്ലാദേശും അവളെ കയ്യൊഴിഞ്ഞു. 2013 നും 2018 നും ഇടയിൽ ഐഎസിൽ ചേരാനായി സിറിയയിലേക്കും ഇറാക്കിലേക്കും പോയവരിൽ മറ്റു രാജ്യങ്ങളുടെ 52,808 പൗരന്മാരുണ്ടെന്നാണു ബിബിസി റിപ്പോർട്ട് ചെയ്തത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്‌ കോട്ട്‌ലൻഡും മാഞ്ചസ്റ്ററും സാൽഫോർഡും തമ്മിൽ ഇന്നുമുതൽ യാത്ര വിലക്ക് ഏർപ്പെടുത്തുന്നതിനെതിരെ കടുത്ത വിമർശനവുമായി ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബർൺഹാം രംഗത്തുവന്നു. സ് കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ ആണ് യാത്രാ വിലക്ക് ഏർപ്പെടുത്തുന്ന കാര്യം അറിയിച്ചത്. എന്നാൽ ഇത് നീതീകരിക്കാൻ കഴിയുന്നതല്ല എന്ന് ആൻഡി ബർൺഹാം മാധ്യമങ്ങളോട് പറഞ്ഞു.

ഏറ്റവും പുതിയ രോഗവ്യാപനതോതിൻെറ അവലോകനത്തെ തുടർന്നാണ് യാത്രാനിരോധനം പോലുള്ള കാര്യങ്ങളിൽ തീരുമാനം കൈക്കൊള്ളുന്നതെന്ന് സ് കോട്ടിഷ് സർക്കാരിൻെറ പ്രതിനിധി അറിയിച്ചു. നിലവിൽ മാഞ്ചസ്റ്ററിലെയും സാൽഫോർഡിലെയും കോവിഡ് നിരക്കുകൾ വളരെ ഉയർന്നതാണെന്നും അതിനാൽ തന്നെ അവിടേയ്ക്കുള്ള യാത്ര കൂടുതൽ രോഗവ്യാപനം വരുത്തി വയ്ക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നിരോധനം ഏർപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ 9284 പേർക്കാണ് യുകെയിൽ രോഗം ബാധിച്ചത്. കോവിഡ് ബാധിച്ച് ഇന്നലെ 6 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 43 ദശലക്ഷം പേർക്ക് യുകെയിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകി കഴിഞ്ഞു. 31.3 ദശലക്ഷം ആൾക്കാർക്ക് രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്പ്പും ലഭിച്ചത്.

അഞ്ജു റ്റി , മലയാളം യുകെ ന്യൂസ് ടീം

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കാണ് തങ്ങളുടെ സഹപാഠികളേക്കാൾ പഠനം നഷ്ടമായതെന്നും അതിനാൽ തന്നെ സർവകലാശാലാ പ്രവേശനത്തിന് ആവശ്യമായ ഗ്രേഡുകൾ ഇവർക്ക് നേടാൻ കഴിയുകയെന്നത് സംശയകരമാണെന്നും എസ്‌എം‌എഫിൻെറ ഗവേഷണ റിപ്പോർട്ട് പുറത്തുവന്നു. പകർച്ചവ്യാധി ഏറ്റവും കൂടുതൽ ബാധിക്കുന്നത് ദരിദ്രരായ കുട്ടികളെ ആണെന്നും പലരും തങ്ങളുടെ സർവകലാശാല പ്രവേശനത്തെ കുറിച്ച് ആശങ്കാകുലരാണെന്നും ലണ്ടനിലെ സൗത്തോളിൽ നിന്നുള്ള ഇസ് മീത് ശർമ പറഞ്ഞു. സോഷ്യൽ മൊബിലിറ്റി ഫൗഡേഷൻ നടത്തിയ സർവ്വേ പ്രകാരം കഴിഞ്ഞ രണ്ടു വർഷമായി പരീക്ഷാ സമ്പ്രദായത്തിലുള്ള മാറ്റങ്ങൾ നിരവധി കുട്ടികൾക്ക് തങ്ങളുടെ സഹപാഠികളോടൊപ്പം ഓടി എത്താൻ പ്രയാസകരമാക്കി. പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികളിലാണ് എസ്‌എം‌എഫ് സർവ്വേ നടത്തിയത്.

സർവ്വേയിൽ പങ്കെടുത്ത 1500 പേരിൽ മൂന്നിലൊന്ന് പേരും സർവകലാശാലയിലേയ്ക്ക് പ്രവേശിക്കാൻ ആവശ്യമായ ഗ്രേഡ് തങ്ങൾക്കു ലഭിക്കുമോ എന്ന കാര്യത്തിൽ ആശങ്കാകുലരാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കാണ് ലാപ്‌ടോപ്പുകൾ, ഇന്റർനെറ്റ്, ശരിയായ പഠനാന്തരീക്ഷം എന്നിവയുടെ അഭാവം മൂലം തങ്ങളുടെ സമ്പന്നരായ സഹപാഠികളേക്കാൾ വിദ്യാഭ്യാസം നഷ്ടമായത്. ഈ വർഷം അവതരിപ്പിച്ച പുതിയ നിയമങ്ങൾപ്രകാരം യുകെയിലുള്ള എല്ലാ വിദ്യാർത്ഥികളുടെയും ഫലം അതാത് സ്കൂൾ തലത്തിൽ തന്നെയായിരിയ്ക്കും നിർണയിക്കുക.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടണിലെ ജനങ്ങളുടെ ജീവിത ശൈലിയുടെ ഭാഗമാണ് ആഴ്ചയിൽ ഒരിക്കലെങ്കിലും ടെയ്ക്ക് എവേ ഭക്ഷണം വാങ്ങുക എന്നത്. അതുകൊണ്ടുതന്നെ കോവിഡ് -19 നെ തുടർന്നുണ്ടായ ലോക്ഡൗൺ സമയത്ത് തഴച്ചുവളർന്ന വ്യവസായമാണ് ഫുഡ് ഡെലിവറി ആപ്പുകളുടേത്. എന്നാൽ ഉപഭോക്താക്കളുടെ ഭാഗത്തുനിന്നുള്ള ആവശ്യം വർധിച്ചപ്പോൾ ഫുഡ് ഡെലിവറി ആപ്പുകൾ ജനങ്ങളുടെ കൈയ്യിൽ നിന്ന് അമിത ലാഭം കൊയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

നേരിട്ടു വാങ്ങുന്നതിനേക്കാൾ 50 ശതമാനത്തോളം അധികനിരക്കാണ് പലപ്പോഴും ഫുഡ് ഡെലിവറി ആപ്പ് വഴി വാങ്ങുമ്പോൾ നൽകേണ്ടത് . ഡെലിവറി നടത്തുന്ന ജീവനക്കാരന് നൽകേണ്ട പ്രതിഫലവും, കമ്പനിയുടെ കമ്മീഷന് പുറമേ സർവീസ് ചാർജ്ജും നൽകേണ്ടി വരുമ്പോൾ കാലിയാകുന്നത് ഉപഭോക്താവിന്റെ കീഴെയാണ് . പ്രമുഖ ഫുഡ് ഡെലിവറി ആപ്പുകളിൽ ഏറ്റവും ചിലവേറിയത് ഡെലിവെറോ ആണ്. രണ്ടാം സ്ഥാനത്ത് യൂബർ ഈറ്റ് വരുമ്പോൾ താരതമ്യേന ചിലവ് കുറഞ്ഞത് ജസ്റ്റ് ഈറ്റ് ആണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ ഏറ്റവും കൂടുതൽകാലം കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 49 കാരനായ ജേസൺ കെൽക്ക് മരണത്തിന് കീഴടങ്ങിയത് സ്വയം നിശ്ചയപ്രകാരമാണെന്ന വാർത്ത പുറത്തുവന്നു. ചികിത്സ മതിയാക്കരുതെന്ന ഭാര്യയുടെ അപേക്ഷ നിരസിച്ചാണ് ജേസൺ കെൽക്ക് മരണം തിരഞ്ഞെടുത്തത്. വെള്ളിയാഴ്ച രാവിലെ വെൻറിലേറ്റർ സ്വിച്ച് ഓഫ് ചെയ്തതിനുശേഷം 90 മിനിറ്റിനുള്ളിൽ അദ്ദേഹം മരിച്ചുവെന്ന് ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. മരണസമയത്ത് മിസ്സിസ് കെൽക്കും മാതാപിതാക്കളും സഹോദരിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ജേസൺ കെൽക്ക് 2020 മാർച്ചിലാണ് കൊറോണ വൈറസ് ബാധിച്ച് ലീഡ്സിലെ സെൻറ് ജെയിംസ് ഹോസ്പിറ്റലിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടത്. കോവിഡ് ബാധിതനായതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ മാസം മുതൽ അദ്ദേഹം വെൻറിലേറ്റർ ഉപയോഗിച്ചിരുന്നു. പ്രൈമറി സ്കൂൾ ഐടി ജീവനക്കാരനായ ജേസൺ കോവിഡ് പിടിപ്പെട്ടതിനുശേഷം ഒരിക്കലും അതിൻറെ ആഘാതത്തിൽ നിന്ന് മോചനം നേടാനായില്ല. രണ്ടാഴ്ച മുമ്പേ തൻറെ ഭർത്താവ് ചികിത്സ അവസാനിപ്പിക്കാൻ തീരുമാനം എടുത്തിരുന്നതായി അദ്ദേഹത്തിൻറെ ഭാര്യ മിസ്സിസ് കെൽക്ക് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- എക്സ്ബോക്സ് ഗെയിമിംഗിലൂടെ പരിചയപ്പെട്ട കൗമാരക്കാരനെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ച 31 കാരിയായ യുവതിക്ക് ജയിൽശിക്ഷ. എസ്സെക്കെസിൽ നിന്നുള്ള കെൽസി നേവ് എന്ന യുവതിക്കാണ് ഇത്തരത്തിൽ ശിക്ഷ ലഭിച്ചത്. 2019 ഫെബ്രുവരി മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ പരിചയപ്പെട്ട കുട്ടിയുമായി ഇവർ ലൈംഗിക കാര്യങ്ങൾ സംസാരിക്കുകയും, കുട്ടിയെ ഇതിലേക്ക് നയിക്കുകയും ചെയ്തു. തുടക്കത്തിൽ ഗെയിമിങ് ആപ്പിലൂടെ തുടങ്ങിയ പരിചയം, പിന്നീട് വാട്സാപ്പ് ചാറ്റിങ്ങിൽ എത്തി. കുട്ടിയുടെ അമ്മയ്ക്ക് ഉണ്ടായ സംശയത്തിൽ നിന്നാണ് യുവതിയുടെ ചാറ്റും മറ്റും കണ്ടുപിടിക്കുന്നത്.

ജന്മദിനത്തിന് ഈ കുട്ടിക്ക് ആശംസകൾ അറിയിച്ചു കെൽസി കാർഡ് അയച്ചതായും കുട്ടിയുടെ മാതാവ് വ്യക്തമാക്കുന്നു. കുടുംബത്തോടൊപ്പം ടൂർ പോയ സമയത്തും, തന്റെ മകൻ വളരെയധികം സമയം ഫോണിൽ ചിലവഴിക്കുന്നതാണ് മാതാവിന് സംശയത്തിന് ഇടയാക്കിയത്. തന്റെ മകൻ ഇവർക്കായി ഒരു മോതിരം വാങ്ങിയതായും മാതാവ് വ്യക്തമാക്കുന്നു. പിന്നീട് ഈ ബന്ധം നിർത്തുവാൻ ഇരുവരോടും ആവശ്യപ്പെടുകയായിരുന്നു. ജനുവരി 2020 ലാണ് കെൽസിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇരുവരും തമ്മിൽ നിരവധി തവണ ലൈംഗികമായ സംഭാഷണങ്ങൾ നടന്നതായി പൊലീസ് കണ്ടെത്തി. തന്റെ കുടുംബജീവിതത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് യുവതിയെ ഇത്തരത്തിൽ മറ്റ് ബന്ധങ്ങളിലേക്ക് നയിച്ചതെന്ന് പോലീസ് വിലയിരുത്തുന്നു. ഒരു വർഷവും 7 മാസവുമാണ് യുവതിക്ക് കോടതി ജയിൽ ശിക്ഷ വിധിച്ചത്.

 ബേസിൽ ജോസഫ്

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ആണ് ഫാദേഴ്‌സ് ഡേ ആഘോഷിക്കാൻ തുടങ്ങിയത് . അമ്മയുടെ വാത്സല്യത്തിന് ഒപ്പം തന്നെ അപ്പന്റെ കരുതലിനായും ഒരു ദിനം . അമേരിക്കയിൽ ആണ് ഇതിനു തുടക്കം കുറിച്ചതെങ്കിലും പിന്നീട് കാലക്രമേണ ഈ ദിവസം ലോകമെമ്പാടും ആഘോഷിച്ചു തുടങ്ങി . സെനോറ സ്മാർട്ട് ഡോഡ്ഡ് എന്ന അമേരിക്കൻ വനിതയാണ് ഫാദേർസ് ഡേ എന്ന ആശയത്തിന് പിന്നിൽ എന്നാണ് ചരിത്രം. അമ്മയുടെ മരണശേഷം തന്നെയും തന്റെ അഞ്ചു സഹോദരങ്ങളെയും വളർത്തി വലുതാക്കിയ അച്ഛനായ വില്യം സ്മാർട്ടിന്റെ സ്വാധീനമാണ് സെനോറയെ ഈ ആശയത്തിലെത്തിച്ചത്. ഓരോ രാജ്യങ്ങളിലും പല ദിവസങ്ങളിലായി അതാതു രാജ്യങ്ങളുടെ തനിമയിൽ ആണ് ആഘോഷിക്കുന്നത് ഫാദേഴ്‌സ് ഡേ പാശ്ചാത്യ ആശയമാണെങ്കിലും ഇന്ന് ഇന്ത്യ ഉൾപ്പെടെ പല ഏഷ്യൻ രാജ്യങ്ങളിലും ഫാദേഴ്‌സ് ഡേ വലിയ രീതിയില്‍ ആഘോഷിക്കപ്പടുന്നുണ്ട്. ജൂൺ മാസത്തിലെ മൂന്നാം ഞായർ ആണ് പൊതുവെ ഫാദേഴ്‌സ് ഡേ ആയി ആഘോഷിക്കപ്പെടുന്നത് .യൂകെയിലും,ഇന്ത്യയിലും ജൂണിലെ മൂന്നാം ഞായർ ആണ് ആഘോഷിക്കുന്നത്. മലയാളം യു കെയുടെ എല്ലാ വായനക്കാർക്കും ടീം വീക്ക് ഏൻഡ് കുക്കിങ്ങിന്റെ ഫാദേഴ്‌സ് ഡേ ആശംസകൾ ഒപ്പം ഒരു അടിപൊളി റെസിപ്പിയും

ബിയർ ബാറ്റേർഡ് പ്രോൺസ്

ചേരുവകൾ

കൊഞ്ച് / ചെമ്മീൻ – 12 എണ്ണം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ
പെപ്പർ പൗഡർ 1 ടീസ്പൂൺ

ചില്ലി പൗഡർ 1 ടീസ്പൂൺ

റെഡ് ചില്ലി പേസ്റ്റ് -1/ 2 ടീസ്പൂൺ

നാരങ്ങാ നീര് -1 നാരങ്ങയുടെ

ഉപ്പ് -ആവശ്യത്തിന്

കൊഞ്ച് /ചെമ്മീൻ നന്നായി വൃത്തിയാക്കി വയ്ക്കുക . ഒരു മിക്സിങ്ങ് ബൗളിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പെപ്പർപൗഡർ ,ചില്ലി പൗഡർ, റെഡ് ചില്ലി പേസ്റ്റ് നാരങ്ങാനീര് , ഉപ്പ് എന്നിവ എടുത്തു നന്നായി മിക്സ് ചെയ്തു പേസ്റ്റ് പരുവത്തിൽ ആക്കി എടുക്കുക . ഇതിലേയ്ക്കു വൃത്തിയാക്കി വച്ചിരിക്കുന്ന കൊഞ്ച് /ചെമ്മീൻ ചേർത്ത് നന്നായി യോജിപ്പിച്ചു അര മണിക്കൂർ മസാല പിടിക്കാൻ വയ്ക്കുക .

ബാറ്ററിനു വേണ്ട ചേരുവകൾ

കടല മാവ് – 100 ഗ്രാം

കോൺ ഫ്ലോർ -50 ഗ്രാം

മുട്ട – 1 എണ്ണം

ടൊമാറ്റോ സോസ് – 2 ടീസ്പൂൺ
പെപ്പർപൗഡർ – 1 ടീസ്പൂൺ

തണുത്ത ബിയർ – 1 ക്യാൻ (330 എംൽ )

ഉപ്പ് – ആവശ്യത്തിന്

ഒരു മിക്സിങ് ബൗളിൽ കടല മാവ് ,കോൺ ഫ്ലോർ ,ടോമോറ്റോ സോസ് ,പെപ്പർ പൗഡർ, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ചെടുക്കുക . ഇതിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിച്ചു മിക്സ് ചെയ്യുക .ഈ മിശ്രിതത്തിലേക്ക് തണുത്ത ബിയറും കൂടി ചേർത്ത് മിക്സ് ചെയ്തു നല്ല കട്ടിയുള്ള ഒരു ബാറ്റർ തയാറാക്കുക . ഒരു പാനിൽ ഓയിൽ ചൂടാക്കി മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന കൊഞ്ച് /ചെമ്മീൻ ഓരോന്നായി ഈ ബാറ്ററിൽ മുക്കി ചെറിയ തീയിൽ ഗോൾഡൻ നിറമാകുന്നതു വരെ വറക്കുക . ഒരു കിച്ചൻ ടവലിലേയ്ക്ക് വറുത്ത കൊഞ്ച് /ചെമ്മീൻ മാറ്റി അധികം ഉള്ള ഓയിൽ വലിച്ചു കളഞ്ഞു സെർവിങ് ഡിഷിലേയ്ക്ക് മാറ്റി മിക്സഡ് ഗ്രീൻ ലീവ്‌സ് സലാഡിനൊപ്പം ചൂടോടെ വിളമ്പുക .

ബേസിൽ ജോസഫ്

RECENT POSTS
Copyright © . All rights reserved