ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇംഗ്ലണ്ടിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. രണ്ട് ഡോസ് വാക്സിൻ എടുത്തവരും, 18 വയസ്സിൽ താഴെയുള്ളവരും ഇനിമുതൽ കോവിഡ് രോഗികളുമായി സമ്പർക്കം ഉണ്ടായാലും ക്വാറന്റൈനിൽ കഴിയേണ്ടതില്ല എന്നതാണ് പുതിയ നിയമം. സാധാരണ ജീവിതത്തിലേക്കുള്ള മറ്റൊരു ചുവടുവെപ്പായാണ് ഈ നീക്കത്തെ വിദഗ്ധർ വിലയിരുത്തുന്നത്. ഇത്തരത്തിൽ കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടാൽ, ആവശ്യമെങ്കിൽ പി സി ആർ ടെസ്റ്റ് നടത്താം. എന്നാൽ ടെസ്റ്റിന്റെ റിസൾറ്റിനായി കാത്തിരിക്കുന്ന സമയത്തും ക്വാറന്റൈൻ ആവശ്യമില്ല. എന്നാൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ സെൽഫ് ഐസൊലേഷനിൽ കഴിയണമെന്ന് ഗവൺമെന്റ് കർശനമായി നിർദേശിക്കുന്നുണ്ട്. ഇത്തരത്തിലുള്ളവർ എത്രയും വേഗം പിസിആർ ടെസ്റ്റ് നടത്തേണ്ടതാണെന്നും പുതിയതായി നിലവിൽ വന്ന മാർഗ്ഗരേഖ വ്യക്തമാക്കുന്നു.


കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നതിന് 14 ദിവസം മുൻപെങ്കിലും രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമാണ് പുതിയ നിയമം ബാധകം. പോസിറ്റീവ് ആകുന്നവർ കർശനമായും സെൽഫ് ഐസൊലേഷനിൽ കഴിയണം. എന്നാൽ രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും കോവിഡ് ബാധയുണ്ടാകാമെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നുണ്ട്. അതിനാൽ തന്നെ മാസ്ക്കുകൾ കൃത്യമായി ധരിക്കേണ്ടതും, സാമൂഹ്യ അകലം പാലിക്കേണ്ടതുമെല്ലാം ജനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ആരോഗ്യവിദഗ്ധർ ഓർമിപ്പിക്കുന്നു. ബ്രിട്ടണിലെ ജനങ്ങൾ തങ്ങളാലാവും വിധം നിയന്ത്രണങ്ങൾ പാലിക്കുവാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ടെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ് പറഞ്ഞു.

സാധാരണ ജീവിതത്തിലേക്കുള്ള ചുവടുവെപ്പുകൾ ആണ് ഇത്തരം ഇളവുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. അതിനാൽ ജനങ്ങൾ തുടർന്നും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വാക്സിൻ കൊണ്ട് മാത്രമേ കോവിഡിനെ പ്രതിരോധിക്കാനാകൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അതിനാൽ ജനങ്ങൾ എല്ലാവരും സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കുമായി വാക്സിൻ എടുക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വെയിൽസിലും ഓഗസ്റ്റ് 7 മുതൽ ഇളവുകൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ആശുപത്രികളിലും കെയർഹോമുകളിലും പത്ത് ദിവസത്തേക്ക് സന്ദർശനം നടത്തരുതെന്ന് കർശനനിർദേശം വെയിൽസിലെ ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. സ്കോട്ട്‌ലൻഡിലും നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയിട്ടുണ്ട്.