ന്യൂസ് ഡെസ്ക് മലയാളം യുകെ

ബെൽഫാസ്റ്റ് : ഒരാഴ്ചയ്ക്ക് മുമ്പാണ് കാണാതായ ജാമി-ലീ വിൽസന്റെ (25) കാറും വസ്തുക്കളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഓഗസ്റ്റ് 10ന് ഉച്ചയോടെ ബെൽഫാസ്റ്റിലെ ടർഫ് ലോഡ്ജ് ഏരിയയിൽ വച്ചാണ് ജാമിയെ അവസാനമായി കണ്ടത്. പോലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും വ്യക്തമായ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിൽ ജാമി-ലീ വിൽസന്റെ ഫോണും ബാങ്ക് കാർഡും ഉണ്ടായിരുന്നതായി സഹോദരി വെളിപ്പെടുത്തി. “ബീച്ച് മൗണ്ടിലെ ഒരു സുഹൃത്തിന്റെ വീട്ടിലാണ് ജാമി ലീ അവസാനമായി താമസിച്ചത്. ഞങ്ങൾ എല്ലാവരും ആശങ്കാകുലരാണ്. അവളെ ഞങ്ങൾ വളരെയധികം സ്നേഹിക്കുന്നു. അവളുടെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ഞങ്ങൾ. ആർക്കെങ്കിലും അവളെപ്പറ്റിയുള്ള വിവരം ലഭിക്കുകയാണെങ്കിൽ ഞങ്ങളെ ബന്ധപ്പെടുക.” സഹോദരി അറിയിച്ചു.

നീളമുള്ള മുടിയും നീലക്കണ്ണുകളുമുള്ള മെലിഞ്ഞ ശരീരം. 5 അടി 4 ഇഞ്ച് ഉയരം. കാണാതാവുന്ന സമയത്ത് നീല ജീൻസും പിങ്ക് ജാക്കറ്റുമാണ് ധരിച്ചിരുന്നത്. “ബെൽഫാസ്റ്റിലെ ഗോർട്ട്നാമോണ മേഖലയിൽ നിന്ന് കാണാതായ ജാമി- ലീക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അവളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വുഡ്‌ബോൺ പോലീസിനെ 101 എന്ന നമ്പറിൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു.” ഈസ്റ്റ് ബെൽഫാസ്റ്റ് പോലീസിന്റെ വക്താവ് പറഞ്ഞു.