Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു എസ്‌ :- ലോകത്തിലെ മറ്റു രാജ്യങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഫൈസർ വാക്സിന്റെ 500 മില്യൺ ഡോസുകൾ വാങ്ങാനുള്ള തീരുമാനവുമായി യു എസ്. ഈ ആഴ്ച അവസാനം യുകെയിൽ വച്ച് നടക്കുന്ന ജി7 ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഈ തീരുമാനം പ്രഖ്യാപിക്കും. ലോകരാജ്യങ്ങളിലുള്ള വാക്സിൻ വിതരണത്തിൽ സഹായിക്കുവാൻ യുഎസ് ഉൾപ്പെടെയുള്ള സമ്പന്ന രാജ്യങ്ങൾക്ക് മേൽ സമ്മർദ്ദം ഏറി വരുന്നതിനാലാണ് ഇത്തരമൊരു തീരുമാനം. പ്രസിഡണ്ട് ആയതിനുശേഷമുള്ള ജോ ബൈഡന്റെ ആദ്യത്തെ വിദേശ യാത്രയ്ക്കായി പുറപ്പെടുന്നതിനു മുൻപ് മാധ്യമ പ്രവർത്തകർക്ക് നൽകിയ അഭിമുഖത്തിൽ, യു എസിനു ആഗോള വാക്സിൻ വിതരണത്തിനായി പദ്ധതിയുണ്ടെന്നും അത് ഉടൻതന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ബ്രിട്ടനിലെ കോൺ‌വാളിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി ജോ ബൈഡൻ ബുധനാഴ്ച ഉച്ചയോടുകൂടി ബ്രിട്ടണിൽ എത്തിച്ചേർന്നു.


വാക്സിൻ വിതരണം, കാലാവസ്ഥ പ്രതിസന്ധികൾ, വ്യാപാരം, വികസ്വര രാജ്യങ്ങളിലെ അടിസ്ഥാനസൗകര്യ വികസനം എന്നിവയാണ് ജി7 ഉച്ചകോടിയുടെ മുഖ്യ ചർച്ചാ വിഷയങ്ങൾ. ഉച്ചകോടിക്ക് ശേഷം ബൈഡനും ഭാര്യയും വിൻസർ കാസ്റ്റിലിൽ വെച്ച് എലിസബത്ത് രാജ്ഞിയെ സന്ദർശിക്കും. പിന്നീട് നാറ്റോ രാജ്യങ്ങളുടെ നേതാക്കന്മാരുമായിയുള്ള സന്ദർശനത്തിനായി ബ്രസൽസിലേക്ക് ബൈഡൻ യാത്രതിരിക്കും. അതിനുശേഷം റഷ്യൻ പ്രസിഡന്റ്‌ വ്ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കായി ജനീവയിലേക്ക് അമേരിക്കൻ പ്രസിഡന്റ് യാത്ര തിരിക്കും.

വാക്സിൻ എടുത്താലും വൈറസ് ബാധയിൽ നിന്ന് രക്ഷ നേടുന്നതിന് കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻെറ കോവിഡ് വിദഗ്ധനായ ഡോ. ഡേവിഡ് നബാരോ. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിച്ചാലും ഫെയ്സ് മാസ്ക്കും സാമൂഹിക അകലം പാലിക്കലും തുടർന്നാൽ മാത്രമേ കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാനാവൂ.

ബ്രിട്ടനിൽ ജൂൺ 21 -ന് കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനേ കുറിച്ച് ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് ഡോ. ഡേവിഡിൻെറ വെളിപ്പെടുത്തൽ. നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനപ്പുറം കോവിഡ് പ്രതിരോധത്തിനായുള്ള ജീവിതരീതി സ്വീകരിക്കേണ്ടതായി വരും. വാക്സിനേഷൻ വൈറസിനെ പ്രതിരോധിക്കും എന്നിരുന്നാലും ജനിതക മാറ്റം വന്ന വൈറസിൻെറ വ്യാപനത്തെ പ്രതിരോധിക്കാൻ പ്രതിരോധ കുത്തിവെയ്പ്പുകൾക്ക് മാത്രമായി സാധിക്കില്ല. വൈറസ് എല്ലായ്പ്പോഴും നിലനിൽക്കുന്ന ഭീഷണിയാണെന്ന രീതിയിൽ നമ്മൾ തുടർന്ന് ജീവിച്ചേ മതിയാകൂ. കൊറോണവൈറസ് ഇപ്പോഴും വളരെ അപകടകരമാണെന്നും ആളുകൾ വിവേകപൂർവ്വം പെരുമാറണമെന്നും ഡോ. നബാരോ മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള 37കാരി ഒറ്റപ്രസവത്തിൽ 10 കുട്ടികൾക്ക് ജന്മം നൽകി. 7 ആണും 3 പെണ്ണും. നേരത്തെ തന്നെ ഇരട്ട കുട്ടികളുടെ അമ്മയായ ഗോസിയമെ തമാര സിതോളാണ് അപൂർവ നേട്ടത്തിന് ഉടമയായിരിക്കുന്നത്. അമ്മയും കുഞ്ഞുങ്ങളും സുഖമായി ഇരിക്കുന്നു എന്ന് കുട്ടികളുടെ പിതാവ് ടെബോഗോ സോറ്റെറ്റ്സി പറഞ്ഞു. ആറ് കുട്ടികളെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോക്ടർമാർ ആദ്യം പറഞ്ഞിരുന്നു. പിന്നീട് സ്കാനിങ് നടത്തിയപ്പോൾ കുട്ടികളുടെ എണ്ണം എട്ടാണെന്നാണ് തെറ്റായി കണ്ടുപിടിക്കപ്പെട്ടത്.

കഴിഞ്ഞ മാസം ഒമ്പത് കുട്ടികൾക്ക് ജന്മം നൽകിയ മാലി സ്വദേശി ഇരുപത്തിയഞ്ചു വയസ്സുകാരിയായ ഹാലിമ സിസ്സെയുടെ റിക്കോർഡാണ് ഗോസിയമെ തമാര സിതോളാണ് 10 കുട്ടികൾക്ക് ജന്മം നൽകി മറികടന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ റെഡ്ഡിച്ചിൽ അകാലത്തിൽ മരണമടഞ്ഞ ഷീജ കൃഷ്ണൻറെ മൃതസംസ്കാര ശുശ്രൂഷകൾ ജൂൺ പത്താം തീയതി ഉച്ച കഴിഞ്ഞ് നടത്തപ്പെടും. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും ചടങ്ങുകൾ നടത്തപ്പെടുക. ഉച്ച കഴിഞ്ഞ് 1.30 മുതൽ 3.30 വരെ ഹെഡ്‌ലെസ് ക്രോസിലെ റോക്ക്‌ലാന്റ്സ് സോഷ്യൽ ക്ലബിൽ മൃതശരീരം പൊതുദർശനത്തിന് വയ്ക്കും. അതിനുശേഷം റെഡ്ഡിച്ച് ക്രെമറ്റോറിയത്തിൽ അന്ത്യകർമ്മങ്ങൾ നടത്തപ്പെടും. പൊതുദർശനത്തിൻെറയും അന്ത്യകർമ്മങ്ങളുടെയും തത്സമയ സംപ്രേക്ഷണം കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

YOUTUBE:

FACEBOOK:

https://www.facebook.com/858008897619423/posts/4080403762046571/?d=n

കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ 30 പേർക്ക് മാത്രമേ ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.

കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

ബിൻജു : 07947 216843
ബിബിൻ ദാസ് : +44 7412 004117
സജീഷ് ദാമോദരൻ : 07912178127
ജിജോ : +44 7800 712680

ചിറക്കടവ് ഓലിക്കൽ കൃഷ്ണൻകുട്ടിയുടെയും ശ്യാമളയുടെയും മകളായ ഷീജ കൃഷ്ണ (43) മെയ് 22 ശനിയാഴ്ച രാത്രിയാണ് മരണമടഞ്ഞത്. അമനകര സ്വദേശി ബൈജുവാണ് ഷീജയുടെ ഭർത്താവ്. മക്കൾ : ആയുഷ്‌, ധനുഷ്. 18 വർഷമായി ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്ന ഷീജ കുടുംബമായി ഇംഗ്ലണ്ടിൽ താമസിക്കുകയായിരുന്നു.

അമ്പതിൽ താഴെ മലയാളി കുടുംബങ്ങൾ മാത്രമേ ഉള്ളൂ റെഡ്ഡിച്ചിൽ. അതിനാൽ തന്നെ എല്ലാവരും തമ്മിൽ വളരെ സൗഹൃദവും അടുപ്പവും വച്ചു പുലർത്തിയിരുന്നതിനാൽ ഷീജയുടെ മരണം അവിടെയുള്ള എല്ലാ മലയാളി ഭവനങ്ങളും വളരെ ദുഃഖത്തോടെയാണ് ഏറ്റുവാങ്ങിയത്. എല്ലാവരുമായി സന്തോഷത്തോടെയും പുഞ്ചിരിയോടും ഇടപെടുന്ന ഷീജയും ഭർത്താവും റെഡ്ഡിച്ചിലുള്ള എല്ലാ മലയാളികൾക്കും സുപരിചിതരായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ് കോട്ട്‌ലൻഡ് : യുകെയിൽ പര്യടനം നടത്തുന്ന ക്രൂയിസ് കപ്പലിലെ യാത്രക്കാർക്ക് സ് കോട്ട്‌ലൻഡിൽ ഇറങ്ങാൻ അനുവാദമില്ല. നിലനിൽക്കുന്ന കോവിഡ് നിയന്ത്രണങ്ങൾ കാരണം ഗ്രീനോക്ക് തുറമുഖത്ത് പ്രവേശിക്കുന്നത് സ്കോട്ടിഷ് ഗവൺമെന്റ് തടയുന്നുവെന്ന് എം‌എസ്‌സി വിർ‌ച് വോസയുടെ ഓപ്പറേറ്റർ അറിയിച്ചു. ഏഴ് ദിവസത്തെ യുകെ പര്യടനത്തിനായി ഈ ആഴ്ച ആദ്യം ലിവർപൂളിൽ നിന്ന് പുറപ്പെട്ട കപ്പലാണ് ഇത്. സ്‌ കോട്ട്‌ലൻഡിലെ എല്ലാ നിയന്ത്രണങ്ങളും ഫസ്റ്റ് ലെവലിൽ എത്തുമ്പോൾ മാത്രമേ ആഭ്യന്തര യാത്രകൾ പുനരാരംഭിക്കാൻ കഴിയൂ എന്ന് സർക്കാർ വ്യക്തമാക്കി. യാത്രകളുടെ അപകടസാധ്യത അടിസ്ഥാനമാക്കിയാണ് ഈ തീരുമാനം സ്വീകരിച്ചത്. 6,000 ൽ അധികം യാത്രക്കാരെ വഹിക്കാൻ കഴിയുമെങ്കിലും നിലവിൽ സാമൂഹിക അകലം പാലിച്ച് 900 ൽ താഴെ യാത്രക്കാർ മാത്രമാണ് കപ്പലിൽ ഉള്ളത്.

ഗ്രീനോക്കിൽ ബുധനാഴ്ച നിശ്ചയിച്ച സ്റ്റോപ്പ് റദ്ദാക്കേണ്ടതുണ്ടെന്ന് സ് കോട്ടിഷ് പാസഞ്ചർ ഏജന്റ്സ് അസോസിയേഷൻ സ്ഥിരീകരിച്ചു. കപ്പലിൽ ഉണ്ടായിരുന്ന സ് കോട്ടുകാർക്ക് സ്വന്തം രാജ്യത്തേക്ക് കാലെടുത്തുവെക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയതായി വ്യവസായ സംഘം പറഞ്ഞു. ഗ്രീനോക്കിൽ വച്ച് യാത്രക്കാർക്ക് കപ്പലിൽ കയറാനും കഴിയില്ല. കപ്പലിലുള്ള എല്ലാവരും യുകെയിലെ താമസക്കാരാണെന്നും പൂർണ്ണമായും വാക്സിനേഷൻ സ്വീകരിച്ചവരാണെന്നും ടെസ്റ്റ്‌ റിസൾട്ട്‌ നെഗറ്റീവ് ആണെന്നും എസ്‌പി‌എ‌എ പറഞ്ഞു.

ഗ്ലാസ്ഗോ ആസ്ഥാനമായുള്ള ഗ്ലെൻ ട്രാവലിൽ ജോലി ചെയ്യുന്ന മിഷേൽ ലിസ്റ്റർ ലിവർപൂളിൽ നിന്ന് കപ്പലിൽ കയറിയിരുന്നു. “നാളെ രാവിലെ ഗ്രീനോക്കിലേക്ക് പോകാമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ സ്വന്തം രാജ്യത്തേക്ക് പോകാൻ ഞങ്ങളെ അനുവദിക്കുന്നില്ല. ഇത് ശരിക്കും നിരാശാജനകമാണ്.” അവൾ തുറന്നുപറഞ്ഞു. കഴിഞ്ഞ 18 മാസമായി കപ്പൽയാത്രാ വ്യവസായം വളരെ വലിയ പ്രതിസന്ധി നേരിടുകയാണെന്ന് വെസ്റ്റ് കിൽബ്രൈഡിലെ എൽഎഎച്ച് ട്രാവൽ ഉടമയായ ലിൻഡ ഹിൽ അറിയിച്ചു. എന്നാൽ നിലവിലുള്ള നിയന്ത്രണങ്ങളുടെ ആഘാതം പൂർണ്ണമായി മനസ്സിലാക്കിയതായി സ്‌ കോട്ടിഷ് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. ദുരിതബാധിതരായ യാത്രക്കാർക്ക് കൂടുതൽ വിവരങ്ങൾക്ക് ഓപ്പറേറ്ററുമായി ബന്ധപ്പെടാൻ നിർദ്ദേശമുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യ :- ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിന് കാരണമായ ഡെൽറ്റ വേരിയന്റ് കണ്ടെത്തിയ രോഗികളിൽ ഗാങ്റിനും, അതോടൊപ്പം തന്നെ കേൾവി ശേഷി നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകുന്നതായി ഇന്ത്യൻ ഡോക്ടർമാർ. മുൻപ് കണ്ടെത്തിയ കോവിഡ് വൈറസ് വേരിയന്റ് ഇത്തരത്തിലുള്ള അവസ്ഥകൾ ഒന്നുംതന്നെ ഉണ്ടാക്കിയിരുന്നില്ല. ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും കൂടുതൽ തീവ്രത ഉള്ളതാണ് ഡെൽറ്റാ വേരിയന്റ്. സാധാരണയായുള്ള കോവിഡ് ലക്ഷണങ്ങളോടൊപ്പം തന്നെ, ഈ വേരിയന്റ് കണ്ടെത്തുന്ന രോഗികളിൽ ചിലരിൽ കേൾവി ശേഷി നഷ്ടപ്പെടുന്ന അവസ്ഥയും, രക്തയോട്ടം ഇല്ലാതെ ശരീരത്തിലെ ചില ഭാഗങ്ങളിൽ ഗാങ്റിനുകൾ രൂപപ്പെടുന്ന അവസ്ഥയും ഉണ്ടാകുന്നതായി ഡോക്ടർമാർ വ്യക്തമാക്കി. ബ്രിട്ടനിലെ ആരോഗ്യ വിദഗ്ധർ നേരത്തെ തന്നെ ഈ വേരിയന്റിനെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യയിൽ കഴിഞ്ഞ ഇടയ്ക്ക് കണ്ട ക്രമാതീതമായ രോഗ വർദ്ധനവിന് ഈ വേരിയന്റാണ് കാരണം. എന്നാൽ ഈ വേരിയന്റ് കണ്ടെത്തിയ ബ്രിട്ടണിലെ രോഗികളിൽ ഇത്തരത്തിലുള്ള അവസ്ഥകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിരുന്നില്ല.

ഇത്തരമൊരു സാഹചര്യത്തിൽ ലോക്ഡൗൺ ജൂൺ 21 ന് ശേഷം വീണ്ടും നീട്ടേണ്ടി വരുമെന്ന ആലോചനയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കൂടുതൽ പരീക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഈ വേരിയന്റിനെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കാൻ സാധിക്കുകയുള്ളൂ എന്ന് ചെന്നൈ അപ്പോളോ ഹോസ്പിറ്റലിലെ ഡോക്ടർ അബ് ദുൽ ഗഫൂർ വ്യക്തമാക്കി. ചില ആളുകളിൽ രക്തയോട്ടം ഇല്ലാതെ കാലിന്റെ ചില ഭാഗങ്ങളും മറ്റു മുറിച്ചു മാറ്റേണ്ട അവസ്ഥയും ഉണ്ടാകുന്നുണ്ട്. ഈ വേരിയന്റ് ജനങ്ങളിൽ മാത്രമല്ല ആരോഗ്യ വിദഗ്ധരിലും കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്കൂൾ സെർവറിൽ കടന്നുകയറി ഹാക്കർമാർ വിവരങ്ങൾ ചോർത്തുകയും വിദ്യാർത്ഥികളുടെ ഡാറ്റ എൻക്രിപ്റ്റ് ചെയ്യുകയും ചെയ്തതിനെ തുടർന്ന് കെന്റിൽ രണ്ട് സ്കൂളുകൾ അടച്ചു . എന്തൊക്കെ വിവരങ്ങളാണ് ഹാക്കർമാർ കൈക്കലാക്കിയതെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് കെന്റ് അക്കാദമിയിലെയും സ്‌കിന്നേഴ്‌സ് കെന്റ് പ്രൈമറി സ്‌കൂളിലെയും ഉദ്യോഗസ്ഥർ പറഞ്ഞു.

ഇതിനിടെ ടൺബ്രിഡ്ജ് വെൽസ് സ്കൂളുകൾ മാതാപിതാക്കളോട് അത്യാവശ്യമായി തങ്ങളുടെ ബാങ്കുകളുമായി ബന്ധപ്പെടാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. അക്കൗണ്ട് സംബന്ധമായ വിവരങ്ങൾ ഹാക്കർമാർ കൈക്കലാക്കിയെങ്കിൽ സാമ്പത്തിക തട്ടിപ്പിന് വഴിവെച്ചേക്കാം എന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രണ്ട് സ്കൂളിലെയും സെർവറിലെ മുഴുവൻ വിവരങ്ങളും ഹാക്കർമാർ എൻക്രിപ്റ്റ് ചെയ്തതിനാൽ രണ്ട് സ്കൂളുകളിലെയും കുട്ടികളെ കുറിച്ച് ഒരു വിവരവും അധികാരികൾക്ക് നിലവിൽ ഉപയോഗിക്കാൻ സാധിക്കുന്നില്ല. പോലീസ് സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : എൻ‌എച്ച്‌എസും സോഷ്യൽ കെയർ സ്റ്റാഫുകളും നേരിടുന്നത് ഗുരുതര പ്രതിസന്ധിയെന്ന് റിപ്പോർട്ട്‌. ജീവനക്കാരുടെ അഭാവവും ജോലിഭാരവും ആരോഗ്യ സേവനത്തിന്റെ ഭാവി അപകടത്തിലാക്കുമെന്ന് എം‌പിമാർ മുന്നറിയിപ്പ് നൽകി. ജീവനക്കാരുടെ കുറവ് കാരണം ഇപ്പോൾ ജോലി ചെയ്യുന്ന സ്റ്റാഫുകൾ പ്രതിസന്ധിയിലാണെന്ന് വിമർശനാത്മകമായ ഒരു റിപ്പോർട്ടിൽ പറയുന്നു. കോവിഡ് പ്രതിസന്ധി ഈ സമ്മർദ്ദം വഷളാക്കിയിട്ടുണ്ടെങ്കിലും പകർച്ചവ്യാധിക്ക് മുമ്പ് തന്നെ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഡോക്ടർമാരും നഴ്സിംഗ് യൂണിയനുകളും റിപ്പോർട്ടിനെ സ്വാഗതം ചെയ്തു. ഇത് ഉദ്യോഗസ്ഥർ നേരിടുന്ന സമ്മർദ്ദവും ഉത്കണ്ഠയും ഉയർത്തിക്കാട്ടുന്നുവെന്ന് അവർ പ്രതികരിച്ചു. എൻ‌എച്ച്‌എസിന് ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്ന് ഇതിനകം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ മുൻ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടിന്റെ അധ്യക്ഷതയിൽ രൂപം കൊണ്ട ആരോഗ്യ-സാമൂഹിക പരിപാലന സമിതി എൻ എച്ച് എസ് ജീവനക്കാരുടെ അവസ്ഥ എത്രത്തോളം കഠിനമാണെന്ന് അന്വേഷിക്കുകയുണ്ടായി.

അടുത്ത അഞ്ച് മുതൽ 10 വർഷത്തേക്ക് എൻ‌എച്ച്എസിന് എത്ര ഉദ്യോഗസ്ഥർ ആവശ്യമാണെന്ന് കൃത്യമായി പ്രവചിക്കാൻ കഴിയുന്നില്ലെന്നതാണ് പ്രധാന പ്രതിസന്ധി. ഇതിനെ “വർക്ക്ഫോഴ്സ് പ്ലാനിംഗ്” എന്ന് വിളിക്കുന്നു. “അടുത്ത 5 , 10, 20 വർഷങ്ങളിൽ എൻ‌എച്ച്എസിന് എത്ര ജീവനക്കാർ ആവശ്യമാണെന്ന് വാർഷിക റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കണം. ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നത് എങ്ങനെയാണെന്ന് എൻ എച്ച് എസ് സ്റ്റാഫുകൾ അറിയേണ്ടതുണ്ട്.” റിപ്പോർട്ടിൽ വിവരിക്കുന്നു. ജോലിയിൽ നിന്ന് നിരവധി നേഴ്സുമാർ പിരിഞ്ഞുപോകുന്നുണ്ടെന്ന് തീവ്രപരിചരണ നേഴ്‌സായ ലിസ് സ്റ്റാവാക്രെ വെളിപ്പെടുത്തി. “ഇത് വളരെ പ്രയാസകരമായ വർഷമാണ്. ഞങ്ങൾ വളരെ ക്ഷീണിതരാണ് – ശാരീരികമായും മാനസികമായും.” അവർ കൂട്ടിച്ചേർത്തു.

ജീവനക്കാരുടെ അഭാവമാണ് ഏറ്റവും വലിയ പ്രശ്‌നമെന്ന് ഡോ. റോസ്മേരി ലിയോനാർഡ് അഭിപ്രായപ്പെട്ടു. പ്രൈമറി കെയറിലുള്ള എല്ലാവരും തുടർച്ചയായ ദിവസങ്ങൾ ജോലി ചെയ്യുന്നുണ്ടെന്നും അവർ വലിയ സമ്മർദ്ദത്തിലാണെന്നും അവർ പറഞ്ഞു. കോവിഡ് ആരംഭിക്കുന്നതിനുമുമ്പ്, എൻ‌എച്ച്എസിന് 12 സ്റ്റാഫുകളിൽ ഒരാളുടെ കുറവ് നേരിടേണ്ടി വന്നിട്ടുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. യുകെയിൽ 50,000 നേഴ്സിംഗ് തസ്തികകളിൽ നിയമനം നടന്നിട്ടില്ല. അതേസമയം, അടൾട്ട് സോഷ്യൽ കെയറിൽ 2019-20 സാമ്പത്തിക വർഷത്തിൽ 7.3 ശതമാനത്തിന്റെ ഒഴിവുണ്ടായിരുന്നു. ഇത് 112,000 ഒഴിവുകൾക്ക് തുല്യമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2020 ലെ എൻ‌എച്ച്‌എസ് സ്റ്റാഫ് സർവേ പ്രകാരം, 44% ജീവനക്കാർക്ക് കഴിഞ്ഞ വർഷത്തെ ജോലി സംബന്ധമായ സമ്മർദ്ദത്തിന്റെ ഫലമായി രോഗം ഉണ്ടായതായി റിപ്പോർട്ടു ചെയ്‌തു. ആരോഗ്യ സേവനരംഗം നേരിടുന്ന ഈ കടുത്ത പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്ന ആവശ്യം ഉയരുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെയിൽ ഭവന വില കുതിച്ചുയരുന്നു. മെയ് മാസത്തിൽ വില റെക്കോർഡ് ഉയരത്തിലെത്തിയിട്ടും വീടിന്റെ വില ഇനിയും ഉയരുമെന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ മോർട്ട്ഗേജ് വായ് പക്കാരിൽ ഒരാൾ പറഞ്ഞു. സ്റ്റാമ്പ് ഡ്യൂട്ടി സമയപരിധി അടുക്കുമ്പോൾ മെയ് മാസത്തിൽ ശരാശരി വിൽപ്പന വില ഏകദേശം 22,000 പൗണ്ട് ഉയർന്നതായി ഹാലിഫാക് സ് പറഞ്ഞു. ഹാലിഫാക് സിൽ നിന്നുള്ള പ്രോപ്പർട്ടി മാർക്കറ്റിന്റെ പ്രതിമാസ വിവരണത്തിൽ, മെയ് മാസത്തിൽ ഒരു വീടിന്റെ വില 1.3% ഉയർന്നതായി കാണുന്നു. 2020 മെയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ആദ്യമായി ലഘൂകരിച്ചതിന് ശേഷം ഭവന വിപണി വീണ്ടും സജീവമായിരുന്നു. ശരാശരി ഭവന വിലയിൽ ഏകദേശം 22,000 പൗണ്ട് ചേർത്തിട്ടുണ്ടെന്ന് ഹാലിഫാക്സ് ചൂണ്ടിക്കാട്ടി. ഇത് 9.5% വാർഷിക വർദ്ധനവ് അടയാളപ്പെടുത്തുന്നു. ഏഴ് വർഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ വളർച്ചാ നിരക്കാണിത്.

കഴിഞ്ഞയാഴ്ച നാഷണൽ‌വൈഡ് നടത്തിയ ഒരു സർവേയിലും സമാനമായ കണ്ടെത്തലുകളാണ് ഉണ്ടായത്. വിലയിൽ വർഷം തോറും 10.9 ശതമാനം ഉയരുന്നുവെന്നും 2014 ഓഗസ്റ്റിനുശേഷം ഏറ്റവും വേഗതയേറിയ നിരക്കാണെന്നും അവർ അറിയിച്ചു. ലോക്ക്ഡൗൺ സമയത്ത് ചില ബ്രിട്ടീഷുകാർ പല രീതിയിൽ സമ്പാദ്യം സൃഷ്ടിച്ചതിനാൽ ജൂൺ അവസാനത്തോടെ വിലകൾ ഇനിയും ഉയരുമെന്ന് ഹാലിഫാക്സ് മാനേജിംഗ് ഡയറക്ടർ റസ്സൽ ഗാലി പറഞ്ഞു. പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ വാങ്ങുന്ന വീടുകളുടെ ഘടനയും മാറിക്കഴിഞ്ഞു. നഗരങ്ങൾക്ക് പുറത്ത് പൂന്തോട്ടങ്ങളുള്ള വലിയ വീടുകളിൽ താൽപ്പര്യം തോന്നി എത്തുന്നവരുടെ എണ്ണവും ഉയർന്നു.

നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത് തുടരുകയാണെങ്കിൽ സാമ്പത്തിക പ്രവർത്തനങ്ങളിൽ കൂടുതൽ വേഗത്തിൽ വീണ്ടെടുക്കാമെന്ന ആത്മവിശ്വാസം, വരാനിരിക്കുന്ന കുറച്ചു കാലത്തേയ്ക്ക് വീടിന്റെ വില ഉയരുന്നതിന് കാരണമാകുമെന്ന് ഗാലി കൂട്ടിച്ചേർത്തു. ഏറ്റവും ശക്തമായ വളർച്ച രേഖപ്പെടുത്തിയത് വെയിൽസിലാണ്. കഴിഞ്ഞ വർഷം വീടുകളുടെ വില 11.9 ശതമാനം വർദ്ധിച്ച് ശരാശരി 190,345 പൗണ്ടിലെത്തി. 2005 ഏപ്രിലിനു ശേഷമുള്ള ഏറ്റവും വലിയ വർധന. “ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ലണ്ടൻ പ്രോപ്പർട്ടി വില ഇതിനകം തന്നെ വളരെ ചെലവേറിയതാണെന്ന കാര്യം വിസ്മരിക്കരുത്. ” ഗാലി വെളിപ്പെടുത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടണിലെ സൈക്കിൾ ലെയ് നുകളും മറ്റും കാര്യക്ഷമമായി ഉപയോഗിക്കുവാൻ ലോക്കൽ കൗൺസിലുകൾക്ക് കൂടുതൽ അധികാരം നൽകി പുതിയ ബിൽ. സൈക്കിൾ ലെയ് നുകളിൽ അനധികൃതമായി കാറുകളും മറ്റും പാർക്ക് ചെയ്യുന്നവരെ സിസിടിവി യിലൂടെ കണ്ടെത്തി ഇവർക്ക് തക്കതായ പിഴ ഈടാക്കാൻ ഉള്ള അധികാരവും മറ്റും ലോക്കൽ കൗൺസിലർക്ക് നൽകുന്നതാണ് ഈ ബില്ല്. സൈക്കിൾ ലെയ് നുകളിൽ പാർക്ക് ചെയ്യുന്ന കാറുകൾ സൈക്കിൾ യാത്രക്കാർക്ക് വളരെയധികം അപകടങ്ങൾ ആണ് ഉണ്ടാക്കുന്നത്. ഇനിമുതൽ ഇത്തരത്തിൽ പാർക്ക് ചെയ്യുന്നവർക്കെതിരെ കർശനമായ നടപടി എടുക്കാൻ ഉള്ള അധികാരം ലോക്കൽ കൗൺസിലുകൾക്കു ലഭിച്ചിരിക്കുകയാണ്. പ്രകൃതിക്കിണങ്ങുന്ന തരത്തിലുള്ള ട്രാൻസ്പോർട്ട് സംവിധാനങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗവൺമെന്റ് ഇത്തരത്തിലുള്ള പദ്ധതികൾ പ്രഖ്യാപിക്കുന്നത്. സൈക്ലിങ് മിനിസ്റ്റർ ക്രിസ് ഹിട്ടൻ ഹാരിസ് ആണ് ഈ പ്രധാനപ്പെട്ട പ്രസ്താവനകൾ എല്ലാം തന്നെ പുറപ്പെടുവിച്ചത്.

ഈയിടെയായി സൈക്കിളുകളും മറ്റും ഉപയോഗിക്കുന്നവരുടെയും, കാൽനടയാത്രക്കാരുടെയും എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇത്തരത്തിലുള്ള യാത്രക്കാരെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ ആരോഗ്യപ്രദമായ, പ്രകൃതിയോട് ഇണങ്ങുന്ന തരത്തിലുള്ള യാത്രാ സംവിധാനങ്ങൾ തെരഞ്ഞെടുക്കുവാൻ കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞമാസം ട്രാൻസ്പോർട്ട് സെക്രട്ടറി 2 ബില്യൺ പൗണ്ടിന്റെ പാക്കേജ് ആണ് ഇത്തരത്തിലുള്ള യാത്രക്കാർക്കായി അനുവദിച്ചത്. സൈക്കിൾ ലെയ്‌നുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഈ തുക ചിലവാകും.

RECENT POSTS
Copyright © . All rights reserved