Main News

ന്യൂസ് ഡെസ്ക് , മലയാളം യുകെ

യുകെയിൽ കൊറോണാ വൈറസ് വ്യാപനം ക്രമാതീതമായി ഉയരുന്നതായി ആരോഗ്യവകുപ്പിൻെറ കണക്കുകൾ വ്യക്തമാക്കുന്നു. അടിയന്തിര സാഹചര്യത്തെ നേരിടുന്നതിനായി ആറു ദശലക്ഷത്തിലധികം ആൾക്കാർ കൂടി ടയർ -4 നിയന്ത്രണ പരിധിയുടെ കീഴിൽ ആകുമെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു. ഇംഗ്ളണ്ടിൻെറ കിഴക്കും തെക്ക് കിഴക്കുഭാഗത്തുമാണ് ബോക്സിങ് ദിനത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർബന്ധിതമായിരിക്കുന്നത് . പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സ്ഥലങ്ങളിൽ കർശനമായി വീടുകളിൽ തന്നെ കഴിയണമെന്ന നിർദ്ദേശമാണ് നൽകപ്പെട്ടിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള പുതിയ വൈറസ് വകഭേദത്തെ കൂടി യുകെയിൽ കണ്ടെത്തിയതായി ഹെൽത്ത് സെക്രട്ടറി വെളിപ്പെടുത്തി . കഴിഞ്ഞ രണ്ടാഴ്ചകളിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് യുകെയിൽ എത്തിച്ചേർന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഉടൻ തന്നെ ക്വാറന്റൈന് വിധേയമാകണമെന്ന നിർദ്ദേശവും അദ്ദേഹം നൽകി.

ഇതിനിടെ വീണ്ടും ദേശീയ ലോക്ക് ഡൗണിലേയ്ക്ക് പോകാനുള്ള സാധ്യതകളെ പൂർണ്ണമായി തള്ളിക്കളയാൻ ആഭ്യന്തരസെക്രട്ടറി പ്രീതി പട്ടേൽ തയാറായില്ല. ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്നുള്ളതാണ് ഗവൺമെൻറിൻറെ ലക്ഷ്യമെന്ന് അവർ കൂട്ടിച്ചേർത്തു. രാജ്യത്തൊട്ടാകെയുള്ള കേസുകളിൽ 57 ശതമാനം വർധനവാണ് കഴിഞ്ഞ ആഴ്ചയിൽ ഉണ്ടായിട്ടുള്ളത് . ഏപ്രിൽ തൊട്ടുള്ള കണക്കുകൾ വെച്ച് നോക്കുമ്പോൾ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന രോഗികളുടെ എണ്ണം ഇപ്പോൾ ഏറ്റവും കൂടുതലാണ്.

സ്വന്തം ലേഖകൻ

യു കെ :- രണ്ടാം മഹായുദ്ധകാലത്തേതെന്ന് കരുതുന്ന ബോംബ് കടലിൽ വെച്ച് പൊട്ടി ഉണ്ടായ സ്ഫോടനത്തിൽ, ബോട്ടിലുണ്ടായിരുന്ന ഏഴു മത്സ്യതൊഴിലാളികൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച നോർഫോക്കിന് 25 കിലോമീറ്റർ വടക്കായാണ് അപകടം സംഭവിച്ചത്. വെള്ളത്തിനടിയിലാണ് ബോംബ് സ്ഫോടനം നടന്നത്. ഇത് ബോട്ടിനെ വളരെ ശക്തമായ രീതിയിൽ ബാധിച്ചു. ബോട്ടിലേക്ക് വെള്ളം കടന്നു അപകടം സംഭവിക്കുകയായിരുന്നു. അപകടത്തിൽ ഏറ്റവും കൂടുതൽ പരിക്കേറ്റ മൂന്ന് പേരെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ ഉപയോഗിച്ച് പെട്ടെന്ന് തന്നെ അപകടസ്ഥലത്തു നിന്നും മാറ്റി.

അപകട സ്ഥലത്ത് വച്ച് തന്നെ പരിക്കേറ്റവരെ പാരാമെഡിക്കൽ സംഘവും മറ്റും പരിശോധിക്കുകയും ആവശ്യമായ അടിസ്ഥാന സഹായങ്ങൾ ചെയ്യുകയും ചെയ്തു. അപകടം തികച്ചും അപ്രതീക്ഷിതമായിരുന്നു എന്ന് ബോട്ടിൽ ഉണ്ടായിരുന്നവരും വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് വളരെ ശക്തമായ രീതിയിൽ അന്വേഷണങ്ങൾ പുരോഗമിക്കുന്നുണ്ട്. ബോട്ടിന്റെ വീൽ ഹൗസിനും, ഇൻഡോർ കമ്പാർട്ട്മെന്റുകൾക്കും എല്ലാം തന്നെ തകരാറ് സംഭവിച്ചിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന എല്ലാവരെയും ഉടൻതന്നെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുവാൻ കോസ്റ്റ് ഗാർഡ് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

1992 മാർച്ച് 27 കോട്ടയം ബി സി എം കോളേജ് രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർഥിനിയും ഉഴവൂർ അരീക്കര കുന്നേൽ തോമസ് ലീലാമ്മ ദമ്പതികളുടെ മകളുമായ സിസ്റ്റർ അഭയ കോട്ടയം പയസ് ടെൻത് കോൺവെൻറ് വളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് ഇന്ന് കൃത്യം 28 വർഷവും എട്ടുമാസവും 26 ദിവസവും പിന്നിടുമ്പോൾ കേസിലെ ദുരൂഹത അവസാനിച്ചോ? ഇത്രമാത്രം വഴിത്തിരിവുകളെ നേരിട്ട ഒരു കേസ് അപൂർവ്വമായിരിക്കും.

അഭയകേസിലെ തുടക്കത്തിൽ റാന്നി സ്വദേശികളായ രണ്ട് യുവാക്കൾ സംശയത്തിലായിരുന്നു. ഇവർ രണ്ടുപേരും തിരുവല്ലയിലെ ഒരു ലോഡ്ജിൽ ആത്മഹത്യാശ്രമം നടത്തിയത് അന്ന് വാർത്തയായിരുന്നു. എന്തിനാണ് അവർ ആത്മഹത്യക്ക് ശ്രമിച്ചത്? ഒരാളെ കേസുമായി ബന്ധമില്ലെന്ന് കണ്ട് അന്വേഷണസംഘം വിട്ടയച്ചിരുന്നു. എന്നാൽ ഇവരിൽ ഒരാൾ വർഷങ്ങളായി എവിടെയാണെന്ന് ആർക്കും അറിയില്ല. അഭയകേസിലെ ദുരൂഹതയുടെ ആഴംകൂട്ടി അപ്രത്യക്ഷനായ രണ്ടാമന് എന്തുസംഭവിച്ചു? രണ്ടു പേരും നിരപരാധികളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുമ്പോഴും അതിൽ ഒരാളുടെ തിരോധാനം ഇന്നും ഉയർത്തുന്ന ചോദ്യങ്ങൾ നിരവധിയാണ്.

28 വർഷങ്ങൾക്ക് ശേഷം ഇന്ന് ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും ശിക്ഷിക്കപ്പെടുമ്പോഴും കേസിൻെറ നാൾവഴികൾ അവസാനിക്കുന്നില്ല എന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നു. കോടതി പ്രതി ചേർക്കാത്ത ഫാ. തോമസ് പുതൃക്കയിലിനെ വിചാരണ ചെയ്യണമെന്ന ആവശ്യവുമായി മേൽക്കോടതിയെ സമീപിക്കുമെന്ന് സിബിഐ വ്യക്തമാക്കി കഴിഞ്ഞു. വിധിയെ ചോദ്യം ചെയ്ത് പ്രതികളും മേൽക്കോടതിയെ സമീപിക്കുമെന്ന് തീർച്ചയാണ് .  നീണ്ട കാലയളവിൽ 48 സാക്ഷികളിൽ 8 പേർ കൂറുമാറിയിരുന്നു. പ്രതി ഭാഗത്തുനിന്നും ഒരു സാക്ഷിയെ പോലും വിസ്തരിച്ചില്ല എന്ന പ്രത്യേകതയും അഭയാ കേസിൽ ഉണ്ട്. കോടതി മുറികളിലും മാധ്യമങ്ങളിലും ജനങ്ങളുടെ ഇടയ്ക്കും വളരെയേറെ ചർച്ച ചെയ്യപ്പെട്ട അഭയ കേസിലെ നാൾവഴികൾ ഇവിടെ അവസാനിക്കുന്നില്ല.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

യുകെയിൽ നിന്നുള്ള യാത്ര, ചരക്ക് നീക്കങ്ങൾ പുനരാരംഭിക്കാൻ ഫ്രാൻസ് തീരുമാനിച്ചു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ളവരും ലോറി ഡ്രൈവർമാരും ഉൾപ്പെടെയുള്ളവർക്ക് കോവിഡ് നെഗറ്റീവ് ആണെങ്കിൽ യുകെയിൽ നിന്ന് ഫ്രാൻസിലേക്ക് മടങ്ങാൻ സാധിക്കും. നിർത്തിവച്ചിരുന്ന വിമാന സർവീസുകളും ബോട്ടുകളും യൂറോ സ്റ്റാർ ട്രെയിൻ സർവീസുകളും ഇന്ന് രാവിലെ മുതൽ പുനരാരംഭിക്കും. എന്നാൽ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ താഴെയുള്ള നെഗറ്റീവ് പരിശോധനാഫലം നിർബന്ധമാണ്. 30 മിനിറ്റിനുള്ളിൽ ഫലം നൽകുന്ന പി‌സി‌ആർ ടെസ്റ്റുകൾ ചരക്കുനീക്കം നടത്തുന്ന ഡ്രൈവർമാർക്ക് നടത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഡ്രൈവർമാർക്ക് പരിശോധനാഫലം മെസ്സേജ് ആയി അവരുടെ ഫോണിലേക്ക് കിട്ടുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ സന്ദേശം ഉപയോഗിച്ച് അവർക്ക് ഫ്രാൻസിലേക്ക് യാത്ര ചെയ്യാൻ സാധിക്കും. എന്നാൽ കോവിഡ് പോസിറ്റീവ് ആകുന്ന ഡ്രൈവർമാരുടെ കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുന്നതായി ഗവൺമെൻറ് വക്താവ് പറഞ്ഞു.

ഇതിനിടെ ആവശ്യസാധനങ്ങൾക്ക് റേഷനിങ് ഏർപ്പെടുത്താൻ ടെസ്‌കോ തീരുമാനിച്ചു.
മുട്ട ,അരി ,സോപ്പ്, ടോയ്‌ലറ്റ് റോൾ തുടങ്ങിയ സാധനങ്ങൾ മേടിക്കുന്നതിന് പരിധി ഏർപ്പെടുത്താനാണ് ഇപ്പോൾ തീരുമാനമെടുത്തിരുക്കുന്നത്. മൂവായിരത്തിൽപ്പരം ലോറികൾ യുകെ ഫ്രാൻസ് അതിർത്തിയിൽ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ഓരോ കുടുംബത്തിനും അനുവദിക്കപ്പെട്ടിരിക്കുന്ന ആവശ്യ സാധനങ്ങളുടെ പട്ടികയ്ക്ക് പരിധി ഏർപെടുത്താനുമുള്ള നീക്കവുമായി ബ്രിട്ടനിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ശൃംഖലയായ ടെസ്‌കോ മുന്നോട്ടുവന്നിരിക്കുന്നത് . അതോടൊപ്പം തിക്കുംതിരക്കും ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും ഒറ്റയ്ക്കൊറ്റയ്ക്ക് ഷോപ്പുകളിൽ വരുന്നതാണ് ഉചിതം എന്നുള്ള സന്ദേശം ടെസ്‌കോ നൽകി കഴിഞ്ഞു. ആവശ്യ സാധനങ്ങളുടെ സ്റ്റോക്ക് ഉണ്ടെന്നും അനാവശ്യമായിട്ടുള്ളവ വാങ്ങിക്കൂട്ടൽ ഒഴിവാക്കാനാണ് റേഷനിങ് ഏർപ്പെടുത്തിയിരിക്കുന്നത് എന്നുംടെസ്‌കോ അറിയിച്ചു.

ജനിതക മാറ്റം വന്ന വൈറസിനെ യുകെയിൽ കണ്ടെത്തിയത് രാജ്യത്തെ മുൻപെങ്ങുമില്ലാത്ത വിധം വൻ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത് . കൂടുതൽ വ്യാപന ശേഷിയുള്ളതും അപകടകാരിയുമാണ് പുതിയ വൈറസ് എന്ന വാർത്തകളെ തുടർന്ന് ഫ്രാൻസ് ഉൾപ്പെടെയുള്ള 40 -ൽ പരം രാജ്യങ്ങളാണ് ബ്രിട്ടന് യാത്രാവിലക്കുമായി മുന്നോട്ടുവന്നത്. ഇതിൽ ഫ്രാൻസിൽ നിന്നുള്ള ചരക്ക് നീക്കം നിലച്ചത് യുകെയെ വൻ ഭക്ഷ്യക്ഷാമത്തിലേയ്ക്ക് തള്ളി വിടുമോ എന്ന ഭയാശങ്കകൾക്കിടയിലാണ് ഗതാഗതം പുനരാരംഭിക്കാൻ തീരുമാനം ആയിരിക്കുന്നത് .

സ്വന്തം ലേഖകൻ

സ്കോട് ലൻഡിന്റെ ഫസ്റ്റ് മിനിസ്റ്റർ ആയ നിക്കോള സ്റ്റർജിയോൺ പൊതുചടങ്ങിൽ വെച്ച് ഫെയ്സ് മാസ്ക് മാറ്റി. “അശ്രദ്ധമൂലം സംഭവിച്ചതാണെന്നും, തന്റെ കയ്യിൽ നിന്നും ഉണ്ടായ ഏറ്റവും വലിയ പിഴവ് എന്നും പിന്നീട് മന്ത്രി പൊതുജനത്തോട് മാപ്പ് പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ച സിവിൽ സർവന്റിന്റെ മോർട്ടൺ ഹാൾ ക്രിമിറ്റോറിയത്തിലെ ശവസംസ്കാരത്തിന് ശേഷം എഡിൻബർഗിലെ
സ്ടേബിൾ ബാർ ആൻഡ് റസ്റ്റോറന്റിൽ വെച്ച് നടന്ന അനുശോചന യോഗത്തിൽ ആണ് മന്ത്രിക്ക് അബദ്ധം പിണഞ്ഞത്. മറ്റ് മൂന്ന് വ്യക്തികളോടൊപ്പം സാമൂഹ്യ അകലം പാലിച്ച് സംസാരിച്ചു കൊണ്ടിരിക്കെയാണ് മന്ത്രി മുഖാവരണം മാറ്റിയത്. നിക്കോള സ്റ്റർജിയോൺ പതിവായി പൊതുജനങ്ങളോട് കൊറോണവൈറസ് പടരാതിരിക്കാനുള്ള നിർദ്ദേശങ്ങൾ നൽകിയിരുന്നു.

അതേസമയം ഒരു പൊതു ജനപ്രതിനിധി എന്ന നിലയിലും, മന്ത്രി എന്ന നിലയിലും നിക്കോള കൂടുതൽ ശ്രദ്ധിക്കണമായിരുന്നു എന്നും, പൊതുജനങ്ങൾക്ക് മാതൃകയാകേണ്ട വ്യക്തികൾ അശ്രദ്ധമായി പെരുമാറുന്നതിനെ ന്യായീകരിക്കാൻ ആവില്ലെന്നും സ്കോട്ടിഷ് കൺസർവേറ്റീവ് വക്താവ് അഭിപ്രായപ്പെട്ടു. നിക്കോള നിയമം തെറ്റിച്ചത് തന്നെയാണ്, പൊതുജനങ്ങൾക്ക് ഒരു നിയമം മന്ത്രിക്ക് മറ്റൊരു നിയമം എന്നത് അംഗീകരിക്കാനാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുസ്ഥലത്ത് വെച്ച് മുഖത്ത് നിന്നും മാസ്ക് മാറുന്നവർക്ക് 60 പൗണ്ടാണ് പിഴ.


നിക്കോള സ്റ്റർജിയോൺ സമൂഹത്തോട് നിരുപാധികം മാപ്പ് പറഞ്ഞിരിക്കുകയാണ്. തന്റെ ഏറ്റവും വലിയ പിഴവാണ് ഇതെന്നും ഇനി ആവർത്തിക്കില്ലെന്നും അവർ അറിയിച്ചു.

” കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുൻനിരയിൽ നിന്ന വ്യക്തിയാണ് നിക്കോള സ്റ്റർജിയോൺ, അവർ മനപ്പൂർവ്വം ഇങ്ങനെ ചെയ്യില്ല എന്ന് ഉറപ്പുണ്ട്. തനിക്ക് സംഭവിച്ച അബദ്ധത്തിന് അവർ മാപ്പ് പറയുകയും ചെയ്തു. (ഒമ്പതു മാസത്തിനിടയിൽ ഒരിക്കലെങ്കിലും നമ്മളിൽ എല്ലാവർക്കും സംഭവിച്ച അബദ്ധം ആണിത് എന്ന് ഉറപ്പാണ്). വിമർശകർ സംഭവത്തിൻെറ നല്ല വശം കൂടി കണക്കാക്കണം ” സ്കോട്ട്ലാൻഡിന്റെ ജസ്റ്റിസ് സെക്രട്ടറി യൂസഫ് ഹംസ പറഞ്ഞു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ടൊറന്റോ: ബലൂചിസ്ഥാനിലെ പാകിസ്ഥാൻ അതിക്രമങ്ങളെക്കുറിച്ച് വർഷങ്ങളായി ശബ്ദമുയർത്തിയിരുന്ന പ്രമുഖ ബലൂചിസ്ഥാൻ ആക്ടിവിസ്റ്റ് കരിമ ബലൂച്ചിനെ കാനഡയിലെ ടൊറന്റോയിൽ മരിച്ച നിലയിൽ കണ്ടെത്തി. 2015 ൽ പാകിസ്ഥാനിൽ നിന്ന് പലായനം ചെയ്ത 37കാരിയായ മുൻ വിദ്യാർത്ഥി നേതാവും പ്രവർത്തകയുമായ ബലൂച്ചിനെ ഞായറാഴ്ച ടൊറന്റോയിൽ നിന്ന് കാണാതായിരുന്നു. ടൊറന്റോയിലെ ലേക്‌ഷോറിനടുത്തുള്ള ഒരു ദ്വീപിൽ നിന്ന് മുങ്ങിമരിച്ച നിലയിലാണ് അവരുടെ മൃതദേഹം കണ്ടെത്തിയത്. പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐ‌എസ്‌ഐയ്ക്ക് ബലൂച്ചിന്‍റെ മരണത്തിൽ പങ്കുണ്ടെന്ന് സൂചനയുണ്ട്. പാകിസ്ഥാൻ സൈന്യത്തെയും ഭരണകൂടത്തെയും നിശിതമായി വിമർശിച്ചിച്ചതിലൂടെ ജനശ്രദ്ധ നേടിയ വ്യക്തിയാണ് ബലൂച്ച്.

തീവ്രവാദ ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്നാണ് 2015 ലാണ് അവർ പാകിസ്ഥാൻ വിട്ടത്. എങ്കിലും ബലൂചിസ്ഥാനിലെ ജനങ്ങളുടെ അവകാശങ്ങൾക്കായി സോഷ്യൽ മീഡിയയിലൂടെയും വ്യക്തിപരമായും അവർ പ്രചാരണം തുടർന്നു. കരിമയുടെ മരണം കുടുംബത്തിന് മാത്രമല്ല, ബലൂച്ച് ദേശീയ പ്രസ്ഥാനത്തിനും ഒരു തീരാദുഃഖമാണെന്ന് സഹോദരി അറിയിച്ചു. 2016 ൽ ബിബിസിയുടെ ഏറ്റവും സ്വാധീനമുള്ള മികച്ച 100 വനിതകളിൽ ഒരാളായി അവർ തിരഞ്ഞെടുക്കപ്പെട്ടു. പാകിസ്ഥാനെതിരെ രൂക്ഷമായ വിമർശനം നടത്തിയത് അന്താരാഷ്ട്ര പ്രശംസ നേടിയപ്പോൾ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്, രക്ഷാ ബന്ധനോടനുബന്ധിച്ച് ബലൂചിസ്ഥാൻ ദേശീയവാദികളെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചതോടെ ഇന്ത്യക്കാർക്കും കരിമ പ്രിയപ്പെട്ടവളായി.

പാകിസ്ഥാനിലെ ഏറ്റവും വൈരുദ്ധ്യമുള്ള പ്രദേശങ്ങളിലൊന്നായ ബലൂചിസ്ഥാനിലെ വനിതാ ആക്ടിവിസത്തിന്റെ തുടക്കക്കാരിയാണ് കരിമ. ബലൂചിസ്ഥാൻ നിർബന്ധിതവും നിയമവിരുദ്ധവുമായ അധിനിവേശമാണെന്ന് 2018 ൽ ടൊറന്റോയിൽ നടന്ന പരിപാടിയിൽ കരിമ വെളിപ്പെടുത്തിയിരുന്നു. ടൊറന്റോയിൽ എത്തിയ ശേഷം ഹമാൽ ബലൂച് എന്ന സഹപ്രവർത്തകനെ കരിമ വിവാഹം ചെയ്തു. തുടർന്നും സോഷ്യൽ മീഡിയയിലും കാനഡയിലെയും യൂറോപ്പിലെയും മനുഷ്യാവകാശ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തു. കരിമയുടെ മരണവാർത്തയറിഞ്ഞ ബലൂചിസ്ഥാൻ ദേശീയ പ്രസ്ഥാനം (ബി‌എൻ‌എം) 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

യു കെ :- എൻഎച്ച്എസ് നേഴ്സും രണ്ടു വയസ്സുകാരി മകളും മരണപ്പെട്ടത് ജോലിസ്ഥലത്തു നിന്നും എടുത്ത മരുന്ന് ഉപയോഗിച്ചെന്ന് പ്രാഥമിക നിഗമനം. ഡിസംബർ 14നാണ് ശിവാംഗിയെയും, രണ്ടു വയസ്സുകാരി മകൾ സിയാനയെയും വെസ്റ്റ് ലണ്ടനിലെ വീട്ടിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. മരുന്ന് കുത്തി വയ്ക്കുവാൻ ഉപയോഗിച്ച സിറിഞ്ചും, കാനുലകളും മറ്റും ശിവംഗിയുടെ മുറിയിൽ നിന്നു തന്നെ കണ്ടെത്തിയിട്ടുണ്ട്. വെസ്റ്റ് ലണ്ടനിലെ കോടതിയിൽ നടന്ന പ്രാഥമിക വിചാരണയിൽ, മരുന്ന് കുത്തിവെച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് അഡ്വക്കേറ്റ് ലിഡിയ ബ്രൗൺ രേഖപ്പെടുത്തി.

എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നാൽ മാത്രമേ യഥാർത്ഥ മരണകാരണം എന്താണെന്ന് ഉറപ്പിക്കാൻ സാധിക്കുകയുള്ളൂ എന്ന് അവർ വ്യക്തമാക്കി. അന്വേഷണങ്ങൾ പോലീസിന്റെ ഭാഗത്തുനിന്ന് നടക്കുന്നുണ്ടെങ്കിലും, മറ്റാരും തന്നെ ഉൾപ്പെട്ടിട്ടില്ല എന്നതാണ് പ്രാഥമിക കണ്ടെത്തൽ. എൻ എച്ച് എസിന്റെ കീഴിലുള്ള യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ ഹോസ്‌പിറ്റലിൽ അനസ്തറ്റിസ്റ്റിന്റെ അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു ശിവാംഗി. ശിവാംഗിയുടെ മരണത്തിൽ ആശുപത്രി അധികൃതർ തങ്ങളുടെ ദുഃഖം രേഖപ്പെടുത്തി. ഇരുവർക്കും പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ആരും ഇതുവരെ അധികൃതരെ അറിയിച്ചിട്ടില്ല. സംഭവത്തിൽ വ്യക്തമായ അന്വേഷണം പോലീസിന്റെ ഭാഗത്തുനിന്ന് നടന്നുകൊണ്ടിരിക്കുകയാണ്.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കൊറോണ വൈറസിൻെറ പുതിയ വകഭേദം ബ്രിട്ടനെ വളരെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. വൈറസ് വ്യാപന ഭീതിയിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഉൾപ്പെടെ യുകെയുമായുള്ള ഗതാഗതമാർഗങ്ങൾ അടച്ചു കഴിഞ്ഞു . ഫ്രാൻസിൽ നിന്നുള്ള ചരക്ക് നീക്കങ്ങളും നിലച്ചിരിക്കുകയാണ്. ഇതു കൂടാതെ യാത്രാവിലക്ക് ഡിസംബർ 31ന് ശേഷവും തുടരുമോ എന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്.

 

ഈ സാഹചര്യത്തിൽ ക്രിസ്മസ് കാലത്തെ ഭക്ഷ്യക്ഷാമം ഒഴിവാക്കാനായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടിയന്തര ചർച്ചകൾ ആരംഭിച്ചു . ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കൾ രണ്ടാഴ്ചയ്ക്കുള്ളിൽ തീർന്നുപോകും എന്ന ആശങ്കക്കിടയിലാണ് മുതിർന്ന മന്ത്രിമാരും ഉദ്യോഗസ്ഥരുമായി അടിയന്തര യോഗത്തിന് പ്രധാനമന്ത്രി നേതൃത്വം നൽകുന്നത്. യാത്രാവിലക്ക് ഭക്ഷ്യവസ്തുക്കളുടെ ദൗർലഭ്യത്തിന് മാത്രമല്ല കോവിഡ് വാക്സിൻെറ വിതരണത്തെ പോലും ബാധിക്കുമോ എന്ന ആശങ്കയിലാണ് യു.കെ ഭരണകൂടം. യാത്രാവിലക്കിനെ തുടർന്ന് ഇന്നലെ പൗണ്ടിൻെറ വില കുത്തനെ ഇടിഞ്ഞിരുന്നു. രണ്ട് ദിവസത്തേക്കാൾ കൂടുതൽ ചരക്കുനീക്കം നിലച്ചാൽ എന്ത് ചെയ്യണമെന്ന കാര്യത്തിൽ ചർച്ചകൾ ഉന്നതതലത്തിൽ പുരോഗമിക്കുകയാണ് . ഇതിനോടനുബന്ധിച്ച് സൂപ്പർ മാർക്കറ്റുകളിൽ എത്രത്തോളം ഭക്ഷ്യ വസ്തുക്കൾ ഉണ്ട് എന്നതിൻെറ കണക്കുകൾ ഗവൺമെന്റിൻെറ ഭാഗത്ത് നിന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അവശ്യമെങ്കിൽ ഫൈസർ വാക്‌സിനുകൾ ബെൽജിയത്തിൽ നിന്ന് സൈനിക വിമാനത്തിൽ കൊണ്ടുവരാനുള്ള ആലോചനകളും പുരോഗമിക്കുന്നുണ്ട്.

 

നവംബറിൽ ആരംഭിച്ച് ഡിസംബർ 2 -ന് അവസാനിച്ച ലോക്ക്ഡൗണോടെ വൈറസ് വ്യാപനത്തെ പിടിച്ചുനിർത്താം എന്നായിരുന്നു ഗവൺമെന്റിൻെറയും ആരോഗ്യ വിദഗ്ധരുടെയും പ്രത്യാശ. അതിൻറെ അടിസ്ഥാനത്തിലാണ് ഗവൺമെൻറ് 5 ദിവസത്തെ ക്രിസ്മസ് കാല ഇളവുകളുമായി മുന്നോട്ടു പോയത്. എന്നാൽ യുകെയിലെ സ്ഥിതി അനുദിനം വഷളായി കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസിൻെറ പുതിയ വകഭേദം കൂടുതൽ വേഗത്തിൽ വ്യാപിക്കുന്നതും അപകടകരവുമാണെന്ന വെളിപ്പെടുത്തലുകൾക്ക് പുറമെ പലസ്ഥലങ്ങളിലും ടയർ 4 നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഗവൺമെൻറ് നിർബന്ധമാക്കപ്പെട്ടിരിക്കുകയാണ്. ഇതിനെ തുടർന്നാണ് യൂറോപ്യൻ രാജ്യങ്ങൾക്ക് പിന്നാലെ ഇന്ത്യയും യുകെയിൽ നിന്നും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. യാത്രാവിലക്കിനെ തുടർന്ന് ലണ്ടനിൽ നിന്ന് എയർഇന്ത്യയുടെ സർവീസ് ഉപയോഗിച്ച് നാട്ടിൽ പോകാനുള്ള പരിമിതമായ അവസരങ്ങൾ നഷ്ടപ്പെട്ട ആശങ്കയിലാണ് പ്രവാസി മലയാളികൾ.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : വാക്സിൻ കണ്ടെത്തിയതിലൂടെ മനുഷ്യരാശിയുടെ മുന്നോട്ടുള്ള പ്രയാണം എളുപ്പമാകുമെന്ന ആത്മവിശ്വാസത്തിലാണ് ലോകജനത. എന്നാൽ ഇതിനിടയിലാണ്​ ലോകത്തെ വീണ്ടും ഭീതിയിലാക്കി ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച കോവിഡ് പടർന്നുപിടിക്കുന്നത്. നിലവിലെ വൈറസിനെ അപേക്ഷിച്ച്​ (ഡി-614) വളരെവേഗം വ്യാപിക്കാനുള്ള ശേഷി പുതിയതിന്​ (ജി-614) ഉണ്ടെന്നാണ്​ വിലയിരുത്തൽ. മുൻ വൈറസിനെക്കാൾ 70 ശതമാനം വേഗത്തിലാണ് പുതിയത് വ്യാപിക്കുന്നത്. ഇതോടെ മുൻകരുതൽ നടപടിയെന്ന നിലയിൽ പല രാജ്യങ്ങളും ബ്രിട്ടനിലേക്കുള്ള വിമാന സർവീസ് അനിശ്ചിതമായി നിർത്തിവെച്ചു. വകഭേദം വന്ന കൊറോണയിൽ നിന്നുള്ള കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് സ്വീഡൻ ഡെൻമാർക്കിൽ നിന്നുള്ള വിദേശ യാത്രക്കാരെ വിലക്കി. പുതിയ സ്‌ട്രെയിനുകൾ മഹാമാരിയുടെ പരിണാമത്തിന്റെ ഒരു സാധാരണ ഭാഗമാണെന്നും ഇത് നിയന്ത്രണാതീതമല്ലെന്നും ലോകാരോഗ്യ സംഘടനയുടെ അത്യാഹിത വിഭാഗം മേധാവി മൈക്ക് റയാൻ പറഞ്ഞു.

യുകെയിൽ നിന്നുള്ള യാത്രക്കാർക്കും ചരക്കുനീക്കത്തിനും ഫ്രാൻസ് വിലക്ക് ഏർപ്പെടുത്തി. വ്യാപാരം പുനരാരംഭിക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം പ്രവർത്തിക്കുകയാണെന്നും പ്രശ്‌നം എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ഫ്രാൻസ് ബ്രിട്ടനുമായുള്ള അതിർത്തി 48 മണിക്കൂർ അടച്ചതിനെത്തുടർന്ന് ആയിരക്കണക്കിനു ട്രക്കുകൾ വഴിയിൽ കുടുങ്ങികിടന്നു. ചരക്കുനീക്കം നിലച്ചതുമൂലം ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാനുള്ള നടപടികൾക്കായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടിയന്തര യോഗം വിളിച്ചു. അതേസമയം യൂറോപ്യൻ യൂണിയന്റെ മെഡിസിൻ റെഗുലേറ്റർ ഫൈസർ-ബയോൺടെക് കൊറോണ വൈറസ് വാക്സിൻ അംഗീകരിച്ചു. ഇന്ത്യ മുതൽ ഇറാൻ , കാനഡ വരെയുള്ള മറ്റു പല രാജ്യങ്ങളും യുകെയിൽ നിന്നുള്ള യാത്ര നിരോധിച്ചിട്ടുണ്ട്.

യുഎസ് ഇതുവരെയും ഈ തീരുമാനം കൈക്കൊണ്ടിട്ടില്ല. എന്നാൽ ബ്രിട്ടീഷ് എയർവേയ്‌സ്, ഡെൽറ്റ എന്നീ രണ്ട് എയർലൈനുകൾ വൈറസ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആകുന്ന യാത്രക്കാരെ മാത്രമേ ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിലേക്ക് പറക്കാൻ അനുവദിക്കൂ. സൗദി അറേബ്യ , കുവൈറ്റ് , ഒമാൻ എന്നീ രാജ്യങ്ങൾ അതിർത്തികൾ പൂർണ്ണമായും അടച്ചു യാത്രാവിലക്ക് ഏർപ്പെടുത്തി. ഡെൻമാർക്കിനൊപ്പം ഓസ്‌ട്രേലിയ, ഇറ്റലി, നെതർലാൻഡ്‌സ് എന്നിവിടങ്ങളിലും ജനിതകമാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയിട്ടുണ്ട്. “വരും ദിവസങ്ങളിൽ മറ്റ് പല രാജ്യങ്ങളും ഇത് കണ്ടെത്തുമെന്ന് ഞങ്ങൾ കരുതുന്നു.” ബെൽജിയത്തിലെ റെഗ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ റിസർച്ചിലെ വൈറോളജിസ്റ്റ് മാർക്ക് വാൻ റാൻസ്റ്റ് മുന്നറിയിപ്പ് നൽകി.

സ്വന്തം ലേഖകൻ

ഗവൺമെന്റിന്റെ ‘റൂൾ ഓഫ് സിക്സ്’ നിയമം തെറ്റിച്ചതിന് രാജകുടുംബത്തിലെ കേംബ്രിഡ്ജസിനും വെസെക്സിനും രൂക്ഷവിമർശനം. വില്യത്തിന്റെയും കേറ്റിന്റെയും മൂന്നു കുട്ടികളും എഡ്വേഡ് സോഫി രാജദമ്പതിമാരും രണ്ടു കുട്ടികളും സൻഡിംഗ്ഗ്രാമിലെ ക്രിസ്മസ് തീമിലുള്ള ലൂമിനേറ്റ് വുഡ് ലാൻഡിൽ ഒരേ സമയത്ത് വൈകുന്നേരം ആസ്വദിക്കാൻ എത്തിയിരുന്നു. ഇരുകുടുംബങ്ങളും ഇടവേളകളിൽ ഇടകലർന്ന് നടക്കുന്നതും കൈകൾ കോർത്തു പിടിക്കുന്നതുമായ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രിൻസ് ജോർജ്(7) പ്രിൻസസ് ചാർലറ്റ് (5) പ്രിൻസ് ലൂയിസ്(2), മാതാപിതാക്കൾക്കും അങ്കിളിനും ആന്റിക്കും, മക്കളായ ലേഡി ലൂയിസ് വിൻസർ (17) ജെയിംസ് വിസ്കൗണ്ട് സെവേൺ (13) എന്നിവർക്കും ഒപ്പം പൊതു സ്ഥലത്ത് സമയം ചെലവഴിച്ചത് പൊതുജന ശ്രദ്ധ ആകർഷിച്ചു.

ഞായറാഴ്ച വൈകുന്നേരം രാജ്ഞിയുടെ നോർഫോക് റസിഡൻസിന് സമീപം പൊതു ജനങ്ങൾക്കൊപ്പം ആണ്, നടക്കാൻ ഇറങ്ങിയത്. ഇരുകുടുംബങ്ങളും ഒരുമിച്ചല്ല എത്തിച്ചേർന്നത് എന്നും, ഒമ്പത് പേരടങ്ങുന്ന ഒരു പാർട്ടിയായി കറങ്ങി നടക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഒരു മൈലോളം നീളമുള്ള ഒറ്റ വരി പാതയിൽ ഇരുകുടുംബങ്ങളും പലസ്ഥലത്തും ഒരുമിക്കുന്നതും സംസാരിക്കുന്നതും കൈകോർത്തു നടക്കുന്നതും കാണാമായിരുന്നു. ടയർ 2 നിയമപ്രകാരം വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ള ആറ് പേരിൽ കൂടുതൽ പരസ്പരം സന്ദർശനം നടത്താൻ പാടില്ല, അല്ലെങ്കിൽ അവർ ഒരേ വീട്ടിൽ നിന്നുള്ളവരോ, ഒരേ സപ്പോർട്ട് ബബിളിൽ നിന്നുള്ളവരോ ആയിരിക്കണം. കുട്ടികൾ ഉൾപ്പെടെ ആറ് പേർക്കുമാത്രമാണ് പുറത്ത് കണ്ടുമുട്ടാനുള്ള അവസരം. നിയമം തെറ്റിക്കുന്നവർക്ക് 200 പൗണ്ട് പെനാൽറ്റിയുണ്ട്, വീണ്ടും നിയമം തെറ്റിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പിഴ 64,00 പൗണ്ട് വരെ വർദ്ധിക്കാം.

9 അംഗങ്ങളടങ്ങിയ ഇരുകുടുംബങ്ങളും വൈകുന്നേരം ആസ്വദിക്കുന്നതിന്റെ ചിത്രങ്ങൾ പകർത്തിയ വ്യക്തി രാജകുടുംബത്തിന്റെ അശ്രദ്ധയിൽ കടുത്ത അമർഷം രേഖപ്പെടുത്തി. “രാജകുടുംബത്തിലെ കുട്ടികളുൾപ്പെടെ പുറത്ത് സമയം ചെലവഴിച്ചത് അവർക്ക് അങ്ങേയറ്റം സന്തോഷം നൽകി എന്ന് വിശ്വസിക്കുന്നു, എന്നാൽ പൊതുജനങ്ങൾ മാതൃകയാക്കുന്ന ഒരു കുടുംബപശ്ചാത്തലത്തിൽ നിന്നുള്ളവർ ഇത്തരത്തിൽ അശ്രദ്ധമായി പെരുമാറാൻ പാടില്ലായിരുന്നു” എന്നും ” അംഗരക്ഷകരോടൊപ്പമെത്തിയ കുടുംബം കോവിഡ് നിയമങ്ങൾ പ്രത്യക്ഷമായി ലംഘിക്കുകയായിരുന്നു എന്നും വുഡ് ലാൻഡിൽ ഉണ്ടായിരുന്ന വ്യക്തി അഭിപ്രായപ്പെട്ടു.

അതേസമയം ഇരുകുടുംബങ്ങളും വ്യത്യസ്ത സമയങ്ങളിൽ ആണ് എത്തിച്ചേർന്നത് എന്നും നിയമം ലംഘിക്കാൻ ഒരു വിധത്തിലും ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ സംഭവത്തോട് പ്രതികരിച്ചത്.

Copyright © . All rights reserved