ഡോ. ഐഷ വി

CAD/CAM ക്ലാസ്സെടുത്തു കൊണ്ടിരിക്കുന്നതിനിടയിൽ ശിവപ്രസാദ് സർ , സാറിന്റെ ചില ജീവിതാനുഭവങ്ങൾ അയവിറക്കി. താഴ്ന്ന ക്ലാസ്സുകൾ മുതൽ ക്ലാസ്സിൽ ഒന്നാമൻ .ബിടെക്ക് മെക്കാനിക്കൽ എഞ്ചിനീയറിംഗ് റാങ്ക് ഹോൾഡർ ആയിരുന്നു. ക്യാമ്പസ് പ്ലേസ്മെന്റും കിട്ടി. ആ ജോലിയ്ക്ക് ജോയിൻ ചെയ്തു. കടലുമായി ബന്ധപ്പെട്ട് ചെയ്യേണ്ട ചില അസൈൻമെന്റുകളുണ്ടായിരുന്നു. അങ്ങനെ ജോലിയ്ക്കിടയിൽ പ്ലാറ്റ് ഫോം തകർന്ന് സാറും സഹപ്രവർത്തകരും കടലിൽ വീണു. ഏതോ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചതുകൊണ്ട്. നീന്തൽ വശമില്ലാത്ത സാറിനും സഹപ്രവർത്തകർക്കും ജീവൻ തിരിച്ചു കിട്ടി. എന്നാൽ കടലിൽ വീണതിന്റെ ഭയത്തിൽ നിന്നും സാറിന് മോചിതനാകാൻ ആ കാലഘട്ടത്തിൽ കഴിഞ്ഞില്ല. അതിനാൽ ആദ്യം കിട്ടിയ നല്ല ശമ്പളമുള്ള ജോലി രാജി വയ്ക്കേണ്ടി വന്നു. പിന്നെ എംടെക്കിന് ചേർന്നു. അതിനും റാങ്ക് ഹോൾഡർ ആയി. അതു കഴിഞ്ഞ് പി എച്ച് ഡി. അതും വിജയകരമായി പൂർത്തിയാക്കി.

ആഹ്ളാദം നൽകിയ വിജയങ്ങളെക്കാൾ വേദനപ്പിക്കുന്നതായിരുന്നു പിന്നീടുള്ള ഏതാനും വർഷങ്ങൾ. വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് ഒരു ജോലിയും ലഭിച്ചില്ല. ആകെ നിരാശ ബാധിച്ച കാലം. സ്കൂളിലും കോളേജിലും സാറിനേക്കാൾ മാർക്ക് കുറഞ്ഞയാൾ ഐ എ എസുകാരനായി. നിരന്തരമായ ശ്രമവും അവസാന നിമിഷം വരെയും പ്രതീക്ഷ കൈവിടാതെ മുന്നോട്ട് പോകാനുള്ള തന്റേടവുമായിരുന്നു അദ്ദേഹത്തിന് തുണയായത്. സാറിന്റെ മറ്റൊരു കൂട്ടുകാരൻ മാർക്ക് സ്കോർ ചെയ്യുന്ന കാര്യത്തിൽ പുറകോട്ടായിരുന്നെങ്കിലും ഒരു മെട്രോപോളിറ്റൻ സിറ്റിയിൽ ഒന്നാന്തരമൊരു ഷോപ്പിംഗ് കോംപ്ലെക്സിന്റേയും സൂപ്പർ മാർക്കറ്റിന്റേയും ഉടമയായി കഴിഞ്ഞിരുന്നു. പിന്നെയും വളരെ കാലം കഴിഞ്ഞാണ് സാറിന് ആർ ഇ സിയിൽ സ്ഥിരമായി ലക്ചറർ പോസ്റ്റ് ലഭിച്ചത്. അദ്ദേഹം അന്ന് പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയാണ്. ഫുൾ സ്കോറർ ആയി മുന്നേറുമ്പോൾ നമ്മളാണ് മിടുക്കരെന്നും വിജയിച്ചവരെന്നും നമ്മൾ ചിന്തിക്കും. എന്നാൽ ജീവിത വിജയം മറ്റു ചില നൈപുണ്യങ്ങൾ ( സ്കിൽ) കൂടിയുള്ളവർക്കായിരിക്കും.

ഇപ്പോൾ റിസൾട്ടുകളുടെ സീസൺ ആണ്. പത്താം ക്ലാസ്സിലും പ്ലസ് ടുവിനും ഫുൾ എപ്ലസ് നേടിയവർ ധാരാളം. ഫുൾ എപ്ലസുകാർക്ക് അഭിനന്ദന പ്രവാഹമായിരിക്കും. അവർക്ക് ഫ്ലക്സ് , അനുമോദന യോഗങ്ങൾ, ട്യൂഷൻ സെന്ററുകാരുടെ നോട്ടീസിൽ ഫോട്ടോ എല്ലാം ഉണ്ടാകും. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങൾ കൊണ്ട് ഒന്നോ രണ്ടോ എ പ്ലസ്സുകൾ നഷ്ടപ്പെട്ട ഡിസ്റ്റിംഗ്ഷൻ നേടിയ , നല്ല കഴിവും നൈപുണ്യമുള്ള ധാരാളം വിദ്യാർത്ഥികൾ റിസൾട്ടു വന്നവരുടെ കൂട്ടത്തിലുണ്ടാകും. അവർ പലപ്പോഴും ശ്രദ്ധാകേന്ദ്രങ്ങൾ ആകാറില്ല. അവർക്ക് ചിലപ്പോൾ വീട്ടിൽ നിന്ന് പോലും അനുമോദനങ്ങൾ ലഭിച്ചെന്ന് വരില്ല. രക്ഷിതാക്കൾ ചിലപ്പോൾ ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥിയെ നോക്കി പഠിക്കാൻ അവരെ ഉപദേശിച്ചേക്കാം. അവർക്ക് വേണ്ടിയാണ് എന്റെ ഈ കുറിപ്പ്. ഒന്നോ രണ്ടോ റിസൾട്ടുകൊണ്ട് ഒന്നും അവസാനിക്കുന്നില്ല.

മക്കൾക്ക് കുറച്ച് മാർക്ക് കുറഞ്ഞതിന്റെ പേരിൽ അവരെ ശകാരിക്കുകയോ രക്ഷിതാക്കൾ മനോവിഷമപ്പെടുകയോ ചെയ്യേണ്ട കാര്യമില്ല. കാരണം പലവിധത്തിലുള്ള കഴിവുകളുള്ള ബഹുമുഖ പ്രതിഭകളായിരിക്കും അവർ. ചിലർ കര കൗശല വിദഗ്ദരാകാം. ചിലർ ദീനാനുകമ്പയുള്ളവരാകാം , ചിലർ സാഹിത്യത്തിലോ ശാസ്ത്രത്തിലോ കൃഷിയിലോ ഒക്കെ മിടുക്കരാകാം. അവരാരും മോശക്കാർ അല്ല. നാളെ കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും ഉതകുന്നവർ ആയിരിക്കും അവർ. രക്ഷിതാക്കളും സമൂഹവും അധ്യാപകരും അവരെയും പ്രോത്സാഹിപ്പിക്കണം. അടുത്ത ഘട്ടത്തിലെ വിജയത്തിലേയ്ക്ക് കുതിക്കാൻ അവരെ സഹായിക്കണം. ആദ്യ ഘട്ടത്തിൽ സ്കോർ കുറഞ്ഞ കുട്ടിയാണെങ്കിലും വിജയിക്കാനുള്ള മനസുണ്ടായിരുന്നാൽ ശുഭപ്രതീക്ഷയുണ്ടായിരുന്നാൽ നിരന്തര ശ്രമമുണ്ടായിരുന്നാൽ തീർച്ചയായും പിന്നീട് അവർക്ക് ഉയരങ്ങളിൽ എത്താൻ സാധിക്കും. ഒരോരുത്തരും അവരവരിൽ ഉറങ്ങിക്കിടക്കുന്ന നൈപുണ്യവും വാസനയും തിരിച്ചറിയണം. അവനവനെ തന്നെ തിരിച്ചറിഞ്ഞ് കഴിവുകൾ തേച്ചുമിനുക്കിയെടുക്കുമ്പോഴേ യഥാർത്ഥ വിജയമാകുന്നുള്ളൂ. അവരവർക്ക് ഇഷ്ടപ്പെട്ട കോഴ്സുകൾ എടുത്ത് പഠിക്കുമ്പോൾ അവർക്കത് നന്നായി പൂർത്തിയാക്കാൻ സാധിക്കുന്നു.

കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായിരുന്ന മൈക്കിൾ തരകൻ സാർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. സ്കൂൾ വിദ്യാഭ്യാസ കാലത്ത് അദ്ദേഹത്തിന് കണക്കിലും സയൻസിലും സ്കിൽ കുറവായിരുന്നു. എന്നാൽ ഉന്നതവിദ്യാഭ്യാസ കാലഘട്ടത്തിൽ അദ്ദേഹത്തിനേറെ ഇഷ്ടപ്പെട്ട സോഷ്യൽ സയൻസ് ഐശ്ചിക വിഷയമായെടുത്ത് പഠിച്ചപ്പോൾ റാങ്ക് നേടാനും ഉന്നത പദവിയിൽ എത്താനും സാധിച്ചു. അതിനാൽ എല്ലാ വിദ്യാർത്ഥികളും ഒരാത്മ പരിശോധന നടത്തി അവരവരുടെ നൈപുണ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുക. ഭാവിയിൽ ഉന്നത വിജയം സുനിശ്ചിതം . എല്ലാ കൊച്ചു കൂട്ടുകാർക്കും സ്വയം തിരിച്ചറിയാനുള്ള കഴിവുണ്ടാകട്ടെയെന്ന് ആശംസിച്ചു കൊണ്ട് തത്ക്കാലം നിർത്തുന്നു.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.